Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 25

ബംഗ്ലാദേശിന്റെ ഭരണകൂട തേര്‍വാഴ്ചകള്‍

കവര്‍‌സ്റ്റോറി - വി.പി ശൗക്കത്തലി

ഏകാധിപതികളെ പുറംതള്ളി അറബ്-മുസ്ലിം നാടുകള്‍ സ്വാതന്ത്യ്രത്തിന്റെ സുപ്രഭാതങ്ങള്‍ ആഘോഷിക്കുമ്പോള്‍, 90 ശതമാനത്തോളം മുസ്ലിംകള്‍ അധിവസിക്കുന്ന മുസ്ലിം ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്തുള്ള ബംഗ്ളാദേശില്‍നിന്ന് കേള്‍ക്കുന്നത് തികച്ചും വിരുദ്ധമായ വര്‍ത്തമാനങ്ങള്‍.
രാഷ്ട്രത്തിന്റെ ഭരണഘടന തീര്‍ത്തും മതമുക്തമാക്കാനും നിലവിലുള്ള ഇസ്ലാമികമുഖം മായ്ച്ചു കളയാനുമാണ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ നേതൃത്വത്തില്‍ മതേതര കക്ഷിയായ ബംഗ്ളാദേശ് അവാമി ലീഗ് തീവ്രശ്രമം നടത്തുന്നത്. അവാമി ലീഗിന്റെ നിയമമന്ത്രി ശഫീഖ് അഹ്മദ്, രാഷ്ട്രം 1972ലെ മതേതര-കമ്യൂണിസ്റ് ഭരണഘടനയിലേക്ക് തിരിച്ചു പോകണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരിക്കുന്നു. ബംഗ്ളാദേശ് വിദേശകാര്യ മന്ത്രി ദിബൂമുനി നവാസ്, രാഷ്ട്രത്തെ മതമുക്തമാക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും ബംഗ്ളാദേശ് ഒരു മുസ്ലിം രാജ്യമല്ലെന്നും തുറന്നടിക്കുന്നു. മുസ്ലിം രാജ്യവുമായുള്ള ബന്ധങ്ങളെയും ഇവര്‍ വെറുക്കുന്നു.
2008 ഡിസംബറില്‍ പട്ടാള ഭരണാധികാരി ജനറല്‍ ഇര്‍ശാദിന്റെ ജാതീയ പാര്‍ട്ടിയെയും മറ്റു ഇടത് പാര്‍ട്ടികളെയും കൂട്ടുപിടിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷമൊപ്പിച്ച് അധികാരത്തിലെത്തിയ ശൈഖ് ഹസീനയുടെ അവാമി ലീഗ്, തുടക്കം മുതല്‍തന്നെ അതിന്റെ ഇസ്ലാമിക വിരുദ്ധത പ്രകടമാക്കിയിരുന്നു. രാജ്യത്തെ സര്‍വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മതമുക്തമായ സിലബസ്സ് നടപ്പാക്കാന്‍ നിര്‍ബന്ധിതമായി. ഒട്ടേറെ മത-ജീവകാരുണ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ബാക്കിയുള്ളവ കടുത്ത സമ്മര്‍ദങ്ങള്‍ നേരിടുന്നു. ഉന്നത പണ്ഡിതസംഘം ഹസീനയെ സന്ദര്‍ശിച്ച് ഇത്തരം നീക്കങ്ങളില്‍നിന്ന് പിന്തിരിയാന്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
1971ല്‍ സ്വാതന്ത്യ്രം നേടിയ ബംഗ്ളാദേശില്‍ പിറ്റേ വര്‍ഷം ശൈഖ് മുജീബുര്‍റഹ്മാന്റെ നേതൃത്വത്തില്‍ പിറന്ന് വീണ 'അവാമി ലീഗ്' അന്നുമുതല്‍ സോവിയറ്റ് ബ്ളോക്കിലാണ് സഞ്ചരിച്ചു തുടങ്ങിയത്. 1975ല്‍ പാര്‍ലമെന്ററി രീതിയില്‍നിന്ന് രാജ്യത്തെ പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് മാറ്റിയ അദ്ദേഹം, ഒട്ടേറെ മതപണ്ഡിതന്മാരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും വധിച്ചുകളഞ്ഞിട്ടുണ്ട്. 1981ല്‍ വധിക്കപ്പെട്ട മുന്‍ പ്രസിഡന്റ് സിയാഉര്‍റഹ്മാന്റെ കാലത്താണ് ബംഗ്ളാദേശിന്റെ ഔദ്യോഗിക മതമായി ഇസ്ലാം അംഗീകരിക്കപ്പെട്ടത്. ഇതിനെതിരെയാണ് ഇപ്പോള്‍ ശൈഖ് മുജീബുര്‍റഹ്മാന്റെ പുത്രി പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. 1971-75ലും 1996-2001 ഭരണകാലത്തും അവാമിലീഗ് അവരുടെ ഇസ്ലാം വിരുദ്ധത പ്രകടമാക്കിയിട്ടുണ്ട്. 'ഇസ്ലാമോഫോബിയ'യുടെ വക്താക്കളും ഇസ്രയേലും ഇത്തരം നീക്കങ്ങള്‍ക്ക് സര്‍വപിന്തുണയും നല്‍കുന്നു.
രാഷ്ട്രത്തിന്റെ ഭരണഘടന അട്ടിമറിക്കാനും ഇസ്ലാമിക ചിഹ്നങ്ങളെ മായ്ച്ചു കളയാനുമുള്ള ഹസീന സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്ക് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമിക്കാണ്. ഇത്തരം കുല്‍സിത നീക്കങ്ങള്‍ സുഗമമാക്കാനും രാജ്യം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി തുടങ്ങിയവക്കെതിരെ ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാക്കാനും ജമാഅത്ത് നേതാക്കളെയും പ്രവര്‍ത്തകരെയും കൂട്ടത്തോടെ അറസ്റു ചെയ്യുകയാണ് ഹസീനയുടെ സര്‍ക്കാര്‍. ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമി അമീര്‍ മുത്വീഉര്‍റഹ്മാന്‍ നിസാമി, അസി. അമീര്‍ ദില്‍വാര്‍ ഹുസൈന്‍ സഈദി, ജനറല്‍ സെക്രട്ടറി അലി അഹ്സന്‍ മുഹമ്മദ് മുജാഹിദ്, അസി. സെക്രട്ടറി ഖമറുസ്സമാന്‍ തുടങ്ങിയ കേന്ദ്രനേതാക്കള്‍ മാസങ്ങളായി വിവിധ ജയിലുകളിലാണ്. യുദ്ധക്കുറ്റവിചാരണകളാണ് അവര്‍ക്കുമേല്‍ അടിച്ചേല്‍പിച്ചിരിക്കുന്നത്. 1971ലെ സ്വാതന്ത്യ്ര സമരത്തില്‍ പങ്കെടുത്തുകൊണ്ട് വ്യാപകമായ കൊലയും കൊള്ളയും ബലാല്‍സംഗവും നടത്തി എന്നാണ് മതപണ്ഡിതരും നേതാക്കളുമായ ഇവര്‍ക്കെതിരെ ഉന്നയിക്കുന്നത്! സാക്ഷികള്‍ക്ക് സുഖമില്ലെന്ന് പറഞ്ഞും കുറ്റപത്രങ്ങള്‍ തയാറാക്കാന്‍  സമയമെടുക്കുമെന്നു പറഞ്ഞും സ്റേറ്റ് പ്രോസിക്യൂട്ടര്‍ റാണ ഗുപ്തയും സംഘവും കേസും വിചാരണയും നീട്ടിക്കൊണ്ടുപോവുകയാണ്. പാകിസ്താന്‍ ആര്‍മിയെ 71-ലെ സ്വാതന്ത്യ്രയുദ്ധക്കാലത്ത് സഹായിച്ചു എന്ന കുറ്റം ചുമത്തി 90 വയസുള്ള മുന്‍ ജമാഅത്ത് അമീര്‍ ഗുലാം അഅ്സമിനെ ഈയിടെ അറസ്റ് ചെയ്ത് ഡാക്ക സെന്‍ട്രല്‍ ജയിലിലേക്കയച്ചത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. റിട്ടയേര്‍ഡ് ബ്രിഗേഡിയര്‍ ജനറലായ അദ്ദേഹത്തിന്റെ മകന്‍ അബ്ദുല്ലാഹില്‍ അമാന്‍ അഅ്സമി ഈ ക്രൂരമായ അറസ്റിനോട് പ്രതികരിച്ചത്; 'അനങ്ങാന്‍ കഴിയാതെ മരണശയ്യയില്‍ കിടക്കുന്ന പിതാവിനോട് ഹസീന സര്‍ക്കാര്‍ ഒരിക്കലും ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല' എന്നാണ്. അങ്ങേയറ്റം അവശനായ അദ്ദേഹത്തെ ഇപ്പോള്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. ജമാഅത്ത് ആക്ടിംഗ് അമീര്‍ മഖ്ബൂല്‍ അഹ്മദ് 'മനുഷ്യത്വ രഹിതമായ കടുത്ത പ്രതികാര നടപടി' എന്നാണ് വന്ദ്യവയോധികനായ ഗുലാം അഅ്സമിന്റെ അറസ്റിനെ വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രകടനങ്ങളും പ്രതിരോധ ദിനാചരണവും നടക്കുകയാണ്.
ബംഗ്ളാദേശ് ജമാഅത്തിന്റെ സമ്മേളനങ്ങള്‍ കൈയേറുക, ഓഫീസുകള്‍ കൊള്ളചെയ്ത് തീവെച്ചു നശിപ്പിക്കുക, വാഹനങ്ങള്‍ തട്ടിയെടുക്കുക തുടങ്ങിയ പ്രതികാര നടപടികള്‍ രാജ്യത്തുടനീളം നടക്കുന്നു. ഉന്നത നേതാക്കള്‍ക്കു പുറമെ നിരവധി ജമാഅത്ത് പ്രവര്‍ത്തകരെയും അറസ്റ് ചെയ്തിട്ടുണ്ട്. അല്‍മുജ്തമഅ് വാരിക(കുവൈത്ത്) പുറത്തുവിട്ട കണക്കനുസരിച്ച് കഴിഞ്ഞ ഡിസംബര്‍ വരെ 6500 പ്രവര്‍ത്തകരെ അറസ്റ് ചെയ്തിട്ടുണ്ട്. പോലീസുകാരെ ആക്രമിച്ചു എന്ന കള്ളക്കേസുണ്ടാക്കി ഇക്കഴിഞ്ഞ ജനുവരി 12ന്  500 ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരെ കൂട്ടത്തോടെ അറസ്റ് ചെയ്തു. ചെറുതും വലുതുമായ അറസ്റുകള്‍ വേറെയും തുടരുകയാണ്.
അറസ്റും കള്ളക്കേസുകളും അതിക്രമങ്ങളും ജമാഅത്തിന് നേരെ മാത്രമല്ല നടക്കുന്നത്. അവാമി ലീഗിന്റെ മുഖ്യ എതിര്‍കക്ഷി, രണ്ട് തവണയായി 10 വര്‍ഷം ബംഗ്ളാദേശ് ഭരിച്ച ബീഗം ഖാലിദസിയയുടെ ബി.എന്‍.പി(ബംഗ്ളാദേശ് നാഷ്നലിസ്റ് പാര്‍ട്ടി)ക്കെതിരെയും പലതരം കൈയേറ്റങ്ങള്‍ നടക്കുന്നു. ബി.എന്‍.പിയുടെ ഉന്നത നേതാവ് സലാഹുദ്ദീന്‍ ചൌധരിക്കെതിരെ യുദ്ധക്കുറ്റം ചുമത്തി ഇന്റര്‍നാഷ്നല്‍ ക്രൈംസ് ട്രൈബ്യൂണലില്‍(ഐ.സി.ടി) കേസ് ചാര്‍ജ് ചെയ്തത് ഒടുവിലത്തെ ഉദാഹരണം. ജമാഅത്തും ബി.എന്‍.പിയും സഖ്യകക്ഷിയാണെന്നും 2001-2006 കാലയളവില്‍ ഒന്നിച്ചു  ബംഗ്ളാദേശ് ഭരിച്ചിട്ടുണ്ടെന്നും ഓര്‍ക്കുക.
അറസ്റിലും കള്ളക്കേസുകളിലും ഒതുങ്ങുന്നില്ല ശൈഖ് ഹസീനാ സര്‍ക്കാറിന്റെ പക. ഞെട്ടിക്കുന്ന വര്‍ത്തമാനങ്ങളാണ് ബംഗ്ളാദേശില്‍നിന്ന് പുറത്ത് വന്ന്കൊണ്ടിരിക്കുന്നത്. വ്യാപകമായി തട്ടിക്കൊണ്ട് പോകലും കസ്റഡി മരണങ്ങളും നടക്കുന്നതായി മനുഷ്യാവകാശ സംഘടനകളും സര്‍ക്കാറിതര ഏജന്‍സികളും പുറത്ത് വിടുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു(കഴിഞ്ഞ ജനുവരി 7ന് ജമാഅത്ത് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു). നിരവധി യൂനിവേഴ്സിറ്റി വിദ്യാര്‍ഥികള്‍, വക്കീലുമാര്‍, ബിസിനസ്സുകാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ കാണാതായിരിക്കുന്നു. മാര്‍ക്കറ്റുകളില്‍നിന്നും ഓഫീസുകളില്‍നിന്നും പൊതു റോഡുകളില്‍നിന്നും ഒട്ടേറെ പേരെയാണ് ഹസീനയുടെ പോലീസ് ബലമായി പിടിച്ചുകൊണ്ടുപോയത്. 2011-ല്‍ കസ്റഡി മരണങ്ങള്‍ ഗണ്യമായ തോതില്‍ വര്‍ധിച്ചതായി 'ഒദികാര്‍' വാച്ച് ഡോഗ് സംഘം റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്രിമിനല്‍ ഗാങുകളും  വാടകക്കൊലയാളി സംഘങ്ങളും രാജ്യത്ത് വിളയാടുകയാണെന്നും എന്നാല്‍ ഇതെല്ലാം അടച്ച് നിഷേധിക്കുന്ന സര്‍ക്കാര്‍ ഒരന്വേഷണത്തിനും തയാറാകാത്തത് നീതീകരിക്കാനാവില്ലെന്നും എ.എച്ച്.ആര്‍.സി(ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്സ് കമീഷന്‍) ഈയിടെ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. വികൃതമാക്കപ്പെട്ട മൃതശരീരങ്ങള്‍ അങ്ങിങ്ങായി കണ്ടുതുടങ്ങിയത് ജനങ്ങളില്‍ കടുത്ത ഭീതി വിതച്ചിട്ടുണ്ട്. യു.എന്‍.ഒക്കു കീഴിലുള്ള എച്ച്.ആര്‍.സിയും അന്താരാഷ്ട്ര സിവില്‍, പൊളിറ്റിക്കല്‍ റൈറ്റ്(ഐ.സി.സി.പി.ആര്‍)ലും ബംഗ്ളാദേശ് അംഗമാണെങ്കിലും ഭീതിതമായ ഈ അവസ്ഥക്കെതിരെ കാര്യമായ നീക്കങ്ങളൊന്നും നടക്കുന്നില്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും പരാതിപ്പെടുന്നു.
ഭരണകക്ഷിയായ അവാമി ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ ബംഗ്ളാദേശ് ഛാത്ര ലീഗി(ബി.സി.എല്‍)നും പോലീസിനുമെതിരെ വ്യാപകമായ പരാതികളാണ് ഉയരുന്നത്. ജഹാംഗിനഗര്‍ യൂനിവേഴ്സിറ്റി ഇംഗ്ളീഷ് ഡിപാര്‍ട്ട്മെന്റിലെ ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥി ജബ്ബാര്‍ അഹ്മദ് ക്രൂരമായി കൊലചെയ്യപ്പെട്ടത് ഈയടുത്താണ്. ഡവാസ് ഇനാം മെഡിക്കല്‍ കോളേജിലെ ഡോ. സുനൈല്‍ സാക്ഷ്യപ്പെടുത്തുന്നത്, രണ്ട് കാലുകളും വലതു കൈയും വേര്‍പ്പെട്ട നിലയിലാണ് ജബ്ബാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ്. ജേര്‍ണലിസ്റുകള്‍ക്ക് നേരെ നടക്കുന്ന മര്‍ദനങ്ങള്‍ക്കും വേട്ടയാടലിനുമെതിരെ കഴിഞ്ഞ ജനുവരി 16ന് നാഷനല്‍ പ്രസ് ക്ളബ് പരിസരത്ത് മാധ്യമ പ്രവര്‍ത്തക യൂനിയന്‍ നിരാഹാര സമരം നടത്തിയിരുന്നു. രാജ്യത്ത് നടക്കുന്ന കടുത്ത ജനാധിപത്യ ധ്വംസനത്തിനും  മനുഷ്യാവകാശ ലംഘനത്തിനുമെതിരെ സ്വതന്ത്ര വാര്‍ത്താ പത്രമായ ഡെയ്ലി സ്റാര്‍ എഡിറ്റോറിയലെഴുതി.
2009 ജനുവരിയില്‍ അധികാരമേറ്റെടുത്ത്കൊണ്ട് പ്രധാനമന്ത്രി ഹസീനാ വാജിദ് പ്രഖ്യാപിച്ചിരുന്നത് 'സോനാര്‍ ബംഗ്ളാ' അഥവാ ബംഗ്ളാദേശിനെ ഗോള്‍ഡന്‍ ബംഗ്ളാദേശ് ആക്കുമെന്നായിരുന്നു. അക്ഷരാര്‍ഥത്തില്‍ തന്നെ അത് പുലരുകയാണ് - സ്വര്‍ണ വര്‍ണം രക്തവര്‍ണമായിക്കൊണ്ട്! അസ്ഥിരത കൂടപ്പിറപ്പായ ബംഗ്ളാദേശില്‍ രണ്ടു പ്രസിഡന്റുമാര്‍ വധിക്കപ്പെടുകയും നിരവധി കൂട്ടക്കൊലകള്‍ നടക്കുകയും ചെയ്തിട്ടുണ്ട്. അധികാരമേറ്റ് ഒരു മാസം കഴിഞ്ഞ് 2009 ഫെബ്രുവരി 25ന് 50 പട്ടാള ഓഫീസര്‍മാരെ കൊന്നുതള്ളിയാണ് ശൈഖ് ഹസീന തന്റെ 'സോനാര്‍ ബംഗ്ള'ക്ക് തുടക്കം കുറിച്ചത് തന്നെ!
ഭരണമേറ്റെടുത്ത് രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ  മുമ്പ് തന്നെ സര്‍ക്കാറിന്റെ ജനപ്രീതി ഗണ്യമായി ഇടിഞ്ഞതും പിടിച്ചുനില്‍ക്കാനാവാത്ത പ്രതിസന്ധികള്‍ തുറിച്ചുനോക്കുന്നതുമാണ് ഹസീനയെയും കൂട്ടരെയും വിറളിപിടിപ്പിക്കുന്നത്. രൂക്ഷമായ അതിര്‍ത്തി പ്രശ്നങ്ങള്‍, ഊര്‍ജ പ്രതിസന്ധി, വസ്ത്ര വ്യവസായ രംഗത്തെ ഭീഷണികള്‍, സ്റോക്ക് മാര്‍ക്കറ്റിന്റെ കനത്ത പരാജയം തുടങ്ങിയവ അതില്‍ പ്രധാനമാണ്. അവശ്യ സാധനങ്ങളുടെയും കാര്‍ഷിക ഉപകരണങ്ങളുടെയും, ഓയില്‍, ഗ്യാസ്, ഇലക്ട്രിസിറ്റി തുടങ്ങിയവയുടെയും വില കുതിച്ചുയരുകയാണ്. തൊഴിലില്ലായ്മയും അഴിമതിയും വര്‍ധിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക നില അതീവ ദുര്‍ബലമാണെന്നും കനത്ത പണപ്പെരുപ്പത്തിലേക്കാണ് രാജ്യം കുതിക്കുന്നതെന്നും ഫൈനാന്‍സ് മന്ത്രാലയത്തിനു കീഴിലുള്ള പാര്‍ലമെന്ററി സ്റാന്റിംഗ് കമ്മിറ്റി ചീഫ് മുസ്ത്വഫ കമാല്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നു. ചെലവുകള്‍ ഗണ്യമായി വെട്ടിക്കുറക്കുക, വിദേശ പണം ആകര്‍ഷിക്കുക, പ്രാദേശിക ബാങ്കുകളെ ആശ്രയിക്കുന്നത് നിര്‍ത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് അവാമി ലീഗിന്റെ തന്നെ നിയമനിര്‍മാതാവ് കൂടിയായ മുസ്ത്വഫ മുന്നോട്ടു വെച്ചത്.
രൂക്ഷമായ പ്രതിസന്ധികളില്‍ ഗതികെട്ട് അണപൊട്ടിയൊഴുകുന്ന ജനരോഷം തടകെട്ടിനിര്‍ത്താനുള്ള ഹസീനയുടെ പാഴ്വേലയാണ് ജനകീയ പ്രസ്ഥാനമായ ജമാഅത്തിനെതിരെയുള്ള നീക്കങ്ങളും അറസ്റുകളും കിരാതമായ പീഡനങ്ങളും. ജനരോഷത്തെ രക്തത്തില്‍ മുക്കിക്കൊല്ലാമെന്ന് ധരിക്കേണ്ടതില്ലെന്നും അറസ്റ്-പീഡനങ്ങള്‍ കൊണ്ട് തളരില്ലെന്നും ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമി കൂടിയാലോചനാ സമിതിയംഗം നൂറുല്‍ ഇസ്ലാം ബുല്‍ബുല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
10 പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും അത്രതന്നെ ചെറുപാര്‍ട്ടികളുമുള്ള ബംഗ്ളാദേശില്‍, ജമാഅത്ത്, ബി.എന്‍.പി, ജാതീയ പാര്‍ട്ടി, ഖിലാഫത്ത് മജ്ലിസ് എന്നിവ ചേര്‍ന്ന സംഘമാണ് ഏറ്റവും ശക്തമായ പ്രതിപക്ഷം. ഖാലിദ സിയയും ജമാഅത്തും നേതൃത്വം നല്‍കുന്ന ശക്തമായ പ്രക്ഷോഭങ്ങള്‍ക്കാണ് ബംഗ്ളാദേശ് ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ജനുവരി 8,9 തീയതികളില്‍ അവര്‍ ചിറ്റഗോംഗിലേക്ക് നടത്തിയ റോഡ് മാര്‍ച്ചില്‍ ലക്ഷങ്ങളാണ് പങ്കെടുത്തത്. രാജ്യത്തിന്റെ പ്രസിഡന്റ് സില്ലുര്‍റഹ്മാനെക്കണ്ട് പ്രശ്നങ്ങളുടെ ഗുരുതരാവസ്ഥ അവര്‍ ബോധ്യപ്പെടുത്തിക്കഴിഞ്ഞു. ഹസീനാ സര്‍ക്കാര്‍ റദ്ദ് ചെയ്ത കെയര്‍ ടേക്കര്‍ ഗവണ്‍മെന്റ് വ്യവസ്ഥ പുനസ്ഥാപിച്ച് സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സഖ്യം പ്രധാനമായി ആവശ്യപ്പെട്ടത്.

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം