Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 25

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വഴിയും വര്‍ത്തമാനവും

സദ്‌റുദ്ദീന്‍ വാഴക്കാട്

ആശയപരമായ വിയോജിപ്പുകള്‍ക്കും കാലിക വിഷയങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുകളിലെ വ്യത്യാസങ്ങള്‍ക്കും സംഘടനാപരമായ താല്‍പര്യങ്ങള്‍ക്കുമപ്പുറം പരസ്പര സഹകരണത്തിന്റെയും ആദരവിന്റെയും ഭൂമിക കണ്ടെത്താന്‍ മത സംഘടനകള്‍ക്ക് കഴിയണം. അപ്പോഴാണ് ഐക്യത്തിന്റെ അനിവാര്യതയെക്കുറിച്ച ഖുര്‍ആനിക ആഹ്വാനത്തിന് ചെവികൊടുക്കുന്നവരായി മുസ്‌ലിം ഉമ്മത്തിന് മാറാന്‍ കഴിയുക. വിയോജിപ്പിന്റെ പല തലങ്ങളുമുണ്ടെങ്കിലും യോജിപ്പിന്റെ മറ്റനേകം മേഖലകളുണ്ടെന്ന് തിരിച്ചറിയുകയും അവ കണ്ടെത്തുകയും ചെയ്യുമ്പോഴാണ് ഛിദ്രതയുടെ ദുരന്തങ്ങളെക്കുറിച്ച താക്കീത് ഉള്‍ക്കൊണ്ടുവെന്ന് പറയാനാവുക. എല്ലാവരിലും നന്മകളുണ്ട്; വീഴ്ചകളും പോരായ്മകളും ഉണ്ട്. മറ്റുള്ളവരിലെ നന്മകള്‍ കാണുക, അംഗീകരിക്കുക. വീഴ്ചകളും പോരായ്മകളും ക്ഷമിക്കുക. വിട്ടുവീഴ്ചയെക്കുറിച്ച് ജനങ്ങള്‍ക്ക് നല്‍കുന്ന ഉപദേശങ്ങള്‍ നേതാക്കളും സംഘടനകളും സ്വയം പാലിക്കുക. ഗൗരവ സ്വഭാവത്തിലുള്ള തെറ്റുകള്‍ ആശയത്തിലും ആചാരങ്ങളിലും സ്വീകരിക്കുന്നവരെ പ്രതിപക്ഷ ബഹുമാനത്തോടെയും മാന്യമായ ഭാഷയിലും തിരുത്താന്‍ ശ്രമിക്കുക. വിമര്‍ശനങ്ങളില്‍ ഉയര്‍ന്ന സാംസ്‌കാരിക നിലവാരവും സര്‍വോപരി പരലോകബോധവും പുലര്‍ത്തുക. ഒരുമിച്ച് പ്രവര്‍ത്തിക്കാവുന്ന കാര്യങ്ങള്‍ കൂട്ടായി തന്നെ നിര്‍വഹിക്കുക. ഐക്യത്തിന്റെ പ്രായോഗിക വഴികളില്‍ ചിലതു മാത്രമാണിവ.
എന്നാല്‍, കഴിഞ്ഞകാലത്തെ അബദ്ധങ്ങളും തെറ്റുകളും തുറന്നുപറഞ്ഞ് തിരുത്താനുള്ള സാഹചര്യം പൊതുവെ നമ്മുടെ മതവൃത്തങ്ങളിലില്ല. അത്തരം ശ്രമങ്ങളെ പരിഹാസോക്തികളോടെയും 'ഞങ്ങള്‍ ഇതുവരെ പറഞ്ഞതിലേക്ക് നിങ്ങള്‍ വന്നു' എന്ന വിമര്‍ശനത്തോടെയുമായിരിക്കും മറ്റുള്ളവര്‍ സ്വീകരിക്കുക. ഇനി, പ്രയോഗതലത്തില്‍ തിരുത്താനുള്ള ശ്രമത്തെ പഴയ ഉദ്ധരണികളും നിലപാടുകളും ഉയര്‍ത്തിപ്പിടിച്ച് തടസ്സപ്പെടുത്താനും അതില്‍ വൈരുധ്യങ്ങള്‍ ദര്‍ശിക്കാനുമാണ് മതസംഘടനകള്‍ തുനിയാറുള്ളത്. ഒന്നുകില്‍ ഭൂതകാലത്തിന്റെ തടവറകളില്‍ കുടുങ്ങിക്കിടക്കാനോ, അല്ലെങ്കില്‍  പഴയതിന്റെ പേരില്‍ പഴികേള്‍ക്കാനോ ആണ് മാറ്റം ആഗ്രഹിക്കുന്നവരും മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നവരും വിധിക്കപ്പെട്ടിരിക്കുന്നത്. സ്ത്രീ പള്ളിപ്രവേശം, ഇംഗ്ലീഷ് വിദ്യാഭ്യാസം, സ്ത്രീവിദ്യാഭ്യാസം, ഇബാദത്തിന്റെ വിവക്ഷ തുടങ്ങിയ വിഷയങ്ങള്‍ ഉദാഹരണം. ഇക്കാര്യത്തില്‍ ഒരു വീണ്ടുവിചാരം പ്രസക്തമാണെന്ന് തോന്നുന്നു.
'സത്യസാക്ഷികളാവുക' എന്ന തലക്കെട്ടില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംഘടിപ്പിക്കുന്ന 85-ാം വാര്‍ഷിക സമ്മേളനമാണ്, പലപ്പോഴും ചിന്തിക്കാറുള്ള ഈ വിഷയം വീണ്ടും മനസ്സിലെത്തിച്ചത്.

'സമസ്ത'യുടെ വഴികള്‍
1926-ല്‍ നിന്ന് 2012ലെത്തുമ്പോള്‍ ആള്‍ബലത്തില്‍ കേരളത്തിലെ ഏറ്റവും വലിയ മുസ്‌ലിം സംഘടനയായ 'സമസ്ത' പല മേഖലകളിലും വളരുകയും മുന്നേറുകയും ചെയ്തിട്ടുണ്ട്. ഭൂതകാല സ്ഖലിതങ്ങളില്‍ ചിലത്, പ്രമേയത്തിലൂടെ അല്ലെങ്കിലും പ്രയോഗത്തില്‍ തിരുത്താന്‍ 'സമസ്ത' മനസ്സു വെച്ചിട്ടുണ്ട്. വിശ്വാസ-ആചാരപരമായ വ്യതിയാനങ്ങളില്‍ പലതും പഴയതുപോലെയോ ഏറ്റകുറച്ചിലുകളോടെയോ തുടരുന്നുമുണ്ട്. ഇതില്‍ വിശ്വാസപരമായി ഗൗരവമുള്ള വിഷയങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കൈകാര്യം ചെയ്യപ്പെടണം; ഇസ്തിഗാസ ഉദാഹരണം. മഖ്ബറകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ആത്മീയ വാണിഭവും അനുബന്ധമായുണ്ട്. ഇജ്തിഹാദിയായ വിഷയങ്ങളാണ് മറ്റു ചിലത്. ഇജ്തിഹാദില്‍ തെറ്റിയാലും പ്രതിഫലമുണ്ടെന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലാവണം അത്തരം വിഷയങ്ങളെ സമീപിക്കേണ്ടത്. പൊതുവെ മുസ്‌ലിം ലീഗിനോട് പ്രകടിപ്പിക്കുന്ന രാഷ്ട്രീയ വിധേയത്വവും വിശകലനം ചെയ്യപ്പെടേണ്ടതാണ്.
മുസ്‌ലിം ഐക്യസംഘവും കേരള ജംഇയ്യത്തുല്‍ ഉലമയും മുന്നോട്ടുവെച്ച പരിഷ്‌കരണ ശ്രമങ്ങളോടു വിയോജിപ്പുള്ള പണ്ഡിതന്മാര്‍ ചേര്‍ന്ന് 1926-ല്‍ കോഴിക്കോട്ടാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരിച്ചത്. മര്‍ഹൂം വരയ്ക്കല്‍ മുല്ലക്കോയ തങ്ങളായിരുന്നു ഇതിന് വേണ്ടി പ്രവര്‍ത്തിച്ച പ്രധാനി. അദ്ദേഹം തന്നെയായിരുന്നു പ്രഥമ പ്രസിഡന്റ്. പണ്ഡിത സംഘടനയായി നിലവില്‍വന്ന സമസ്ത വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍, സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് (1951), സുന്നി യുവജന സംഘം- എസ്.വൈ.എസ് (1956), സുന്നി മഹല്ല് ഫെഡറേഷന്‍ (1976), സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍- എസ്.കെ.എസ്.എസ്.എഫ് (1989) തുടങ്ങിയ സംഘടനകള്‍ക്ക് രൂപം നല്‍കുകയുണ്ടായി.
സംഘടനയുടെ വഴിയും വര്‍ത്തമാനവും വിലയിരുത്തുമ്പോള്‍ സമസ്തയുടെ പ്രയാണത്തെ മൂന്ന് ഘട്ടങ്ങളായി തിരിക്കാം.
ഒന്ന്, 1926 മുതല്‍ 1970-കള്‍ വരെയുള്ള കാലം. മുസ്‌ലിം ഐക്യസംഘം, കേരള ജംഇയ്യത്തുല്‍ ഉലമ, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ തുടങ്ങിയ സംഘടനകളോടും കൂട്ടത്തില്‍ ജമാഅത്തെ ഇസ്‌ലാമിയോടും രൂക്ഷമായ എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുകയും പാരമ്പര്യ വിശ്വാസാചാരങ്ങളുടെ സംരക്ഷണത്തിന് ഏറെ പണിപ്പെടുകയും ചെയ്തതാണ് ഒന്നാം ഘട്ടം. കേരളത്തിലെ മുസ്‌ലിം പരിസരത്ത് രൂക്ഷമായ മതതര്‍ക്കങ്ങള്‍ തന്നെ ഇക്കാലത്ത് നടക്കുകയുണ്ടായി. പരിഷ്‌കരണ പ്രസ്ഥാനങ്ങളോട് കടുത്ത നിലപാടാണ് ഈ ഘട്ടത്തില്‍ സ്വീകരിച്ചത്. മുജാഹിദ് പക്ഷത്തിന്റെ സമീപനരീതികളും വിമര്‍ശനശൈലികളും സമസ്തയുടെ കാര്‍ക്കശ്യത്തിന് കാരണമായിട്ടുണ്ട്. 'വഹാബികള്‍' എന്ന പരിഹാസോക്തിയിലേക്ക് 'മൗദൂദി'കള്‍ എന്ന പേരില്‍ ജമാഅത്തെ ഇസ്‌ലാമിയെയും ചേര്‍ത്തുനിര്‍ത്തുകയുണ്ടായി.  സമസ്ത മദ്‌റസാ സംവിധാനത്തെ വ്യവസ്ഥാപിതമാക്കിയതും ഈ ഘട്ടത്തിലാണ്.
രണ്ട്, 1980 മുതല്‍ '90കളുടെ അവസാനം വരെയുള്ള കാലം. മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ വലിയ അളവില്‍ മഞ്ഞുരുക്കമുണ്ടായ  ഘട്ടം. നിലപാടുകളിലെ പഴയ കാര്‍ക്കശ്യം ശരീഅത്ത് വിവാദത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ ഒരു പരിധിവരെ ലഘൂകരിക്കപ്പെട്ടുതുടങ്ങി. ബിദ്ഈ പ്രസ്ഥാനങ്ങള്‍ എന്ന് ആക്ഷേപിച്ചിരുന്നവരുമായി പൊതുവിഷയങ്ങളില്‍ സഹകരിക്കുന്ന സമീപനമുണ്ടായി. എന്നാല്‍, എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഒരു സംഘം സമസ്ത വിട്ടുപോയതും അനന്തര സംഭവങ്ങളും മറ്റൊരു ദുരന്തമായിരുന്നു. ഈ വിഭാഗം പഴയ കാര്‍ക്കശ്യത്തെ പൂര്‍വോപരി ശക്തിയോടെ മുറുകെ പിടിച്ചപ്പോള്‍ സമസ്തക്കും കുറെയൊക്കെ ആ വഴിയിലേക്കിറങ്ങുകയല്ലാതെ നിവൃത്തിയില്ലെന്ന് വന്നു.
മൂന്ന്, 1990കളുടെ അവസാനത്തില്‍ ആരംഭിക്കുന്ന മൂന്നാം ഘട്ടത്തില്‍ ഉന്നത ദീനീ വിദ്യാഭ്യാസ മേഖലയിലും മത-ഭൗതിക വിഷയങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള
'സമന്വയ' വിദ്യാഭ്യാസ രംഗത്തും സമസ്ത കൂടുതല്‍ ശ്രദ്ധിക്കുകയും ആശാവഹമായ വളര്‍ച്ച നേടുകയും ചെയ്തു. പുറംലോകത്തെക്കുറിച്ച് നല്ല ധാരണയുള്ള പുതിയൊരു തലമുറയുടെ രംഗപ്രവേശം ഇതിന് കാരണമായിട്ടുണ്ട്. വളാഞ്ചേരി മര്‍കസും 'വാഫി' കോഴ്‌സും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയും മറ്റും ഇതിന്റെ ഉദാഹരണങ്ങളാണ്. സമസ്തയുടെ വഴിയും വര്‍ത്തമാനവും വിശകലനം ചെയ്യുമ്പോള്‍ രണ്ട് വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യേണ്ടത്. 1. സമുദായ ഐക്യത്തിന്റെ കാര്യത്തില്‍ സമസ്ത പൊതുവെ പ്രകടിപ്പിക്കുന്ന സഹകരണ മനസ്സ്. 2. വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റവും മഹല്ല് സംവിധാനങ്ങളും.

സഹകരണ മനസ്സ്
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സമുദായത്തിനകത്ത് പൊതുവെ വിശാല മനസ്സും സഹകരണ സമീപനവും പ്രകടിപ്പിക്കുന്നതായാണ് അനുഭവം. അന്ധമായ വിമര്‍ശനങ്ങളും തെരുവിലെ തമ്മിലടിയും ഒഴിവാക്കി താരതമ്യേന ക്രിയാത്മകമായ പ്രവര്‍ത്തന ശൈലി സ്വീകരിക്കാന്‍ സമസ്ത പില്‍ക്കാലത്ത് സന്നദ്ധമായിട്ടുണ്ട്. പൊതു വിഷയങ്ങളില്‍ ഒരുമിച്ച് നില്‍ക്കാനും മുസ്‌ലിം കൂട്ടായ്മകളില്‍ ഭാഗഭാക്കാകാനും 'സമസ്ത' മുന്നോട്ടുവന്നത് നിഷേധിക്കാനാവില്ല. 'സമസ്ത'യില്‍ നിന്ന് പുറത്തുപോയ തീവ്ര യാഥാസ്ഥിതിക ഗ്രൂപ്പും പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ വഴിമാറി 'നവയാഥാസ്ഥിതിക'ത്വത്തിലേക്ക് കൂപ്പുകുത്തിയ ഇസ്‌ലാഹി സംഘടനയും സ്വീകരിക്കുന്ന ഉഗ്രവാദി ശൈലി സമസ്തക്കില്ല. ഈ യാഥാസ്ഥിതിക-പുരോഗമന വിഭാഗങ്ങള്‍ ഒരുതരം 'പുറംതള്ളല്‍' സമീപനം സമുദായത്തിലെ ഇതര വിഭാഗങ്ങളോട് പുലര്‍ത്തുമ്പോള്‍, സമസ്ത കുറേയൊക്കെ 'ഉള്‍ക്കൊള്ളല്‍ നയം' സ്വീകരിക്കുന്നുവെന്നും പറയാം. സമസ്തയുടെ മഹല്ല് കമ്മിറ്റികളുമായും പള്ളി ഇമാം ഖത്വീബുമാരുമായും ബന്ധപ്പെടാന്‍ പൊതുവെ അത്ര വലിയ പ്രയാസം അനുഭവപ്പെടാറില്ല. മറ്റു സംഘടനകളുമായി ആശയപരമായ ഭിന്നതകളും സംഘടനാപരമായ എതിര്‍പ്പുകളും ഉള്ളതോടൊപ്പം തന്നെ, സഹകരണ മനസ്സ് സൂക്ഷിക്കാനും സന്ദര്‍ഭാനുസാരം അത് പ്രയോഗവത്കരിക്കാനും സമസ്തക്ക് സാധിച്ചിട്ടുണ്ട്. 'പുത്തന്‍ വാദികളോട് മൃദു സമീപനം പുലര്‍ത്തുന്നു'വെന്ന് തുടങ്ങി മറുപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനങ്ങളാകാം ഈ സഹകരണത്തിന് ഗതിവേഗം വര്‍ധിപ്പിക്കാന്‍ 'സമസ്ത'ക്കു മുമ്പിലുള്ള തടസ്സങ്ങളിലൊന്ന്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ലക്ഷ്യങ്ങളില്‍ മുസ്‌ലിം ഐക്യവും സമുദായത്തിന്റെ പൊതു ക്ഷേമവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലക്ഷ്യങ്ങളില്‍ അഞ്ചാമത്തേത്, ''അന്ധവിശ്വാസങ്ങള്‍, അരാജകത്വം, അധാര്‍മികത, അനൈക്യം എന്നിവ തുടച്ചുനീക്കി മൊത്തത്തില്‍ മുസ്‌ലിം സമുദായത്തിന്റെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുക'' എന്നതാണ് (സമസ്ത പ്രധാന ലക്ഷ്യങ്ങള്‍-www.samstha.net). ഇതിന് സഹായകമാകുന്ന നിലപാടുകള്‍ പലപ്പോഴും സമസ്ത സ്വീകരിക്കാറുണ്ട്. മറ്റു സംഘടനകളോടും പണ്ഡിതന്മാരോടുമുള്ള സമീപനത്തില്‍ ആദ്യഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി രണ്ടാം ഘട്ടത്തില്‍ പ്രയോഗതലത്തില്‍ ചില വികാസങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഇബ്‌നു തൈമിയ്യ, ഇബ്‌നുല്‍ ഖയ്യിം, ഇമാം ശൗകാനി, മുഹമ്മദ്ബ്‌നു അബ്ദില്‍ വഹാബ് തുടങ്ങിയ പണ്ഡിതന്മാരോട് ആദ്യകാലത്തേതില്‍ നിന്ന് വ്യത്യസ്തമായി പിന്നീടുണ്ടായ സമീപനം ഉദാഹരണം. ഈ പണ്ഡിതന്മാരുടെ പല വീക്ഷണങ്ങളും തള്ളിപ്പറയുമ്പോഴും അവരില്‍ അംഗീകരിക്കേണ്ട ഒരു വശമുണ്ടെന്ന് 'സമസ്ത'യിലെ പണ്ഡിതന്മാര്‍ പില്‍ക്കാലത്ത് തുറന്നുപറയുകയുണ്ടായി. സമസ്തയുടെ പ്രസിദ്ധീകരണമായ 'സുന്നി അഫ്കാറി'ല്‍ 1998-ല്‍ ഉന്നയിക്കപ്പെട്ട ഒരു സംശയത്തിന് എം.പി മുസ്ത്വഫല്‍ ഫൈസി നല്‍കിയ മറുപടി ശ്രദ്ധേയമാണ്. ''ഇബ്‌നു തൈമിയ്യ, ഇബ്‌നുല്‍ ഖയ്യിം, മുഹമ്മദുബ്‌നു അബ്ദില്‍ വഹാബ് തുടങ്ങിയവര്‍ക്ക് രണ്ട് മുഖങ്ങളുണ്ട്. ബിദ്ഈ ആശയങ്ങള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത് മുസ്‌ലിം സമൂഹത്തില്‍ നല്ലൊരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സഹായകമായി. ഇതാണ് ഒരു മുഖം. അതേ സമയം നിരീശ്വര-നിര്‍മത-ഭൗതികവാദികള്‍ക്കും ഇസ്‌ലാമിന്റെ ശത്രു വിഭാഗങ്ങള്‍ക്കുമെതിരെ ഉന്നതമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയും ഫലപ്രദമായ ഗ്രന്ഥങ്ങള്‍ രചിച്ചും ഇസ്‌ലാമിക ലോകത്തിന്റെ വൈജ്ഞാനിക മണ്ഡലം വികസിപ്പിച്ചും ഇവര്‍ വമ്പിച്ച സേവനങ്ങള്‍ ചെയ്തിട്ടുണ്ട്. രണ്ടാം മുഖം ഇതാണ്....
''ഈ സാഹചര്യത്തില്‍ മേല്‍പറഞ്ഞ ബിദ്ഈ നേതാക്കളുടെ രണ്ടാം മുഖം കാണാനോ അംഗീകരിക്കാനോ സുന്നീ കേരളത്തിന് പൊതുവെ സാധ്യമായില്ല. ലോക മുസ്‌ലിം രാഷ്ട്രങ്ങളില്‍ ഇതായിരുന്നില്ല സ്ഥിതി. മദ്ഹബ്പരമായ അഭിപ്രായ വ്യത്യാസങ്ങള്‍ നേരത്തെത്തന്നെ അവിടങ്ങളില്‍ ഉണ്ടായിരുന്നു. ഭിന്ന ആശയക്കാര്‍ തമ്മില്‍ ജീവിത രംഗത്ത് പൊരുത്തപ്പെട്ടുപോരുന്ന അവസ്ഥയാണ് അവിടെ ഉണ്ടായിരുന്നത്. തെറ്റ് ചൂണ്ടിക്കാണിക്കുകയും ശരിയെ പുകഴ്ത്തുകയും ചെയ്യുന്ന സ്വഭാവമാണ് അവിടെ നിലനിന്നത്. അതിനാല്‍ ബിദ്ഈ പ്രസ്ഥാനങ്ങളും സുന്നികളും തമ്മില്‍ പ്രത്യേക ശത്രുതയോ വ്യക്തമായ വിരോധമോ നിരൂപാധിക വിമര്‍ശനമോ തൊഴിലാക്കിയില്ല.  ഇത് ജീവിതോപാധിയായി സ്വീകരിച്ചുമില്ല. ചിലതില്‍ പരസ്പരം ഭിന്നിച്ചും എന്നാല്‍ മറ്റു ചിലതില്‍ പരസ്പരം ബഹുമാനിച്ചും പെരുമാറി. മേല്‍ പറഞ്ഞവര്‍ക്ക് കേരള മുസ്‌ലിംകള്‍ പൊതുവെ തര്‍ളിയത്തും തറഹ്ഹുമും (റളിയല്ലാഹു അന്‍ഹു, റഹിമഹുല്ലാഹ്) ചൊല്ലാത്തതും മുസ്‌ലിം രാഷ്ട്രങ്ങളില്‍ പലരും അത് ചൊല്ലുന്നതും ഈ പശ്ചാത്തലത്തിലാണ്. അഥവാ കേരള മുസ്‌ലിം ഇവരുടെ ഒന്നാം മുഖം മാത്രമാണ് പരിഗണിച്ചത്. മറ്റു ലോക മുസ്‌ലിംകള്‍ രണ്ടാം മുഖവും. മുസ്‌ലിം ലോകത്ത് കഴിഞ്ഞുപോയ പല പണ്ഡിതന്മാരും ഈ പറഞ്ഞ രണ്ടാം മുഖം പരിഗണിച്ചവരാണ്.....''
മറ്റൊരു ഉദാഹരണമാണ് ബിദ്ഈ സംഘടനകളിലുള്ളവരോട് സഹകരിക്കുകയും സലാം പറയുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ ചര്‍ച്ചകള്‍. 1953-ല്‍ സമസ്തയിലെ പണ്ഡിതന്മാര്‍ നല്‍കിയ ഒരു ഫത്‌വയില്‍, മുജാഹിദ്-ജമാഅത്തെ ഇസ്‌ലാമി സംഘടനകള്‍ ബിദ്ഈ പ്രസ്ഥാനങ്ങളാണെന്ന് വ്യക്തമാക്കുകയും സലാം പറയരുത് തുടങ്ങിയ അഞ്ച് വിലക്കുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാകണം സമസ്തയുടെ നാലാം ക്ലാസ്സിലെ അഖ്‌ലാഖ് പാഠപുസ്തകത്തില്‍ മുബ്തദിഉകളോട് സലാം ചൊല്ലുന്നത് വിലക്കുന്നിടത്ത് 'വഹാബി-മൗദൂദികള്‍' എന്ന പരാമര്‍ശമുണ്ടായത്. ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ ജനറല്‍ സെക്രട്ടറിയായിരിക്കെ, ആ പരാമര്‍ശം നീക്കം ചെയ്യണമെന്ന് സമസ്ത മുശാവറയില്‍ ആവശ്യപ്പെട്ടു. എ.പി വിഭാഗം ഇതിന്റെ പേരില്‍ മര്‍ഹൂം ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരെ കഠിനമായി ആക്ഷേപിക്കുകയും സമസ്തയില്‍നിന്ന് പുറത്തുപോകാനുള്ള കാരണങ്ങളിലൊന്നായി ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. പ്രമേയത്തിലും ഫത്‌വയിലും മാറ്റം വരുത്താതെതന്നെ, പ്രയോഗത്തില്‍ അല്‍പം ഉയര്‍ന്ന നിലപാട് സ്വീകരിക്കാനുള്ള ശ്രമമായി ഇതിനെ വിലയിരുത്താവുന്നതാണ്.
1980-കളിലെ പ്രമാദമായ ശരീഅത്ത് വിവാദത്തെത്തുടര്‍ന്ന് രൂപം കൊണ്ട മുസ്‌ലിം കൂട്ടായ്മ, പിന്നീട് വന്ന മുസ്‌ലിം സൗഹൃദവേദി, പ്രാദേശിക മഹല്ല് സംയുക്ത സമിതികള്‍ തുടങ്ങിയവയിലെ 'സമസ്ത'യുടെ  പങ്കാളിത്തം ശ്ലാഘനീയമാണ്. സംഘടനകള്‍ക്കിടയിലെ അഭിപ്രായ ഭിന്നതകള്‍ ദീനീ മാര്‍ഗത്തിലെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകരുതെന്ന ബോധത്തില്‍ നിന്നാണ് ഈ സഹകരണ മനസ്സ് ഉണ്ടായിട്ടുള്ളതെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് സമസ്ത നേതൃത്വം ഇതു സംബന്ധിച്ച് നടത്തിയിട്ടുള്ള പ്രസ്താവനകള്‍. ശരീഅത്ത് വിവാദത്തില്‍ മറ്റു സംഘടനകളോടൊപ്പം ചേര്‍ന്ന് സമസ്ത നടത്തിയ പോരാട്ടത്തെക്കുറിച്ച് മര്‍ഹൂം ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയവും മത സംഘടനാ നേതാക്കള്‍ പകര്‍ത്തേണ്ടതുമാണ്. ''ശരീഅത്ത് എന്നത് ഒരു ചുമരാണ്. ഈ ചുമരില്‍ ഏതു ചിത്രം വരക്കണമെന്നതാണ് മുസ്‌ലിംകള്‍ക്കിടയിലെ തര്‍ക്കം. അതിനിടക്കാണ് ചുമരുതന്നെ പൊളിച്ചു കളയണമെന്ന് പറഞ്ഞ് ഫാഷിസ്റ്റ്-കമ്യൂണിസ്റ്റുകള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. അതുകൊണ്ട് ഏത് ചിത്രം എന്ന തര്‍ക്കം തല്‍ക്കാലം മാറ്റിവെച്ച് ശരീഅത്താകുന്ന ചുമര്‍ സംരക്ഷിക്കാന്‍ നാം തയാറാവുക. ഇതാണെന്റെ നിലപാട്'' (മുസ്‌ലിം നവോത്ഥാനം, പി.എ സാദിഖ് ഫൈസി, ശിഫാ ബുക്സ്റ്റാള്‍, കോഴിക്കോട്). ഇ.കെയുടെ ഈ വാക്കുകളെ അന്വര്‍ഥമാക്കുന്നതായിരുന്നു സമസ്തയുടെ സജീവമായ പങ്കാളിത്തം.
1985-'86 കാലത്താണ് ശരീഅത്ത് വിവാദം നടക്കുന്നത്. ശാബാനു ബീഗം കേസില്‍, വിവാഹമുക്തയായ മുസ്‌ലിം സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ച സുപ്രീം കോടതി വിധിയും കേരളത്തിലുണ്ടായ മറ്റു ചില സംഭവങ്ങളും മുന്‍നിര്‍ത്തി, മുസ്‌ലിം പേഴ്‌സണല്‍ ലോക്കും ഇസ്‌ലാമിക ശരീഅത്തിനുമെതിരെ തല്‍പരകക്ഷികള്‍ വന്‍ പ്രചാരണം അഴിച്ചുവിട്ടു. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കമ്യൂണിസ്റ്റുകളും യുക്തിവാദികളും മുസ്‌ലിം സെക്യുലരിസ്റ്റുകളും ഫാഷിസ്റ്റുകളുമൊക്കെ ശരീഅത്ത്‌വിരുദ്ധ പക്ഷത്ത് അണിനിരന്നപ്പോള്‍, മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായി അതിനെതിരെ രംഗത്തുവന്നു. കേരളത്തില്‍ അന്ന് രൂപംകൊണ്ട മുസ്‌ലിം കൂട്ടായ്മയില്‍ ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ്, തബ്‌ലീഗ് ജമാഅത്ത് തുടങ്ങിയ സംഘടനകളോടൊപ്പം സമസ്തയും ഉണ്ടായിരുന്നു. കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ തമ്മിലെ ബന്ധത്തില്‍ ഗുണകരമായ ഒട്ടേറെ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചു ഈ സംഭവം. പിളര്‍ന്നു പോരടിച്ചുനിന്ന സര്‍വേന്ത്യാ ലീഗും യൂനിയന്‍ ലീഗും ഒരുമിച്ചതും ഇതിനെത്തുടര്‍ന്നാണല്ലോ.
ഈ പശ്ചാത്തലത്തില്‍ 1985-ല്‍ നിലവില്‍ വന്ന ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണനല്‍ ലോ ബോര്‍ഡിന്റെ കേരള ഘടകം രൂപീകരിക്കുന്നതിലും  വിശദീകരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിലും സമസ്തയുടെ പങ്കാളിത്തമുണ്ടായിരുന്നു.
1985 ജൂണ്‍ എട്ടിന് ഇബ്‌റാഹീം സുലൈമാന്‍ സേട്ട് കോഴിക്കോട്ട് വിളിച്ചു ചേര്‍ത്ത മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ കേരള ഘടകം രൂപീകരണ യോഗത്തില്‍ കെ.സി അബ്ദുല്ല മൗലവി, ടി.കെ അബ്ദുല്ല, പി. സെയ്തു മൗലവി, കെ.പി മുഹമ്മദ് മൗലവി എന്നീ ജമാഅത്ത്-മുജാഹിദ് നേതാക്കളോടൊപ്പം സമസ്തയുടെ അന്നത്തെ പ്രമുഖ നേതാക്കളും പങ്കെടുത്തിരുന്നു. ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ചെയര്‍മാനും ഇബ്‌റാഹീം സുലൈമാന്‍ സേട്ട് ജനറല്‍ സെക്രട്ടറിയുമായ 17 അംഗ കമ്മിറ്റിയില്‍  സമസ്ത നേതാവ് കോട്ടുമല ബാപ്പു മുസ്‌ലിയാരും മുസ്‌ലിം യുവജന വേദി ചെയര്‍മാന്‍ വി.പി സെയ്തു മുഹമ്മദ് നിസാമിയും അംഗങ്ങളായിരുന്നു. ജൂണ്‍ 14 വെള്ളിയാഴ്ച ശരീഅത്ത് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു കൊണ്ടുള്ള സംയുക്ത പ്രമേയത്തില്‍ ജമാഅത്ത്-മുജാഹിദ്- തബ്‌ലീഗ് നേതാക്കളോടൊപ്പം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മര്‍ഹൂം കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരും കോഴിക്കോട് വലിയ ഖാദി ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങളും ഒപ്പുവെച്ചിരുന്നു.
തുടര്‍ന്ന് ഇതു സംബന്ധിച്ച് നടന്ന ചര്‍ച്ചകളിലും സമ്മേളനങ്ങളിലും സമസ്ത-ജമാഅത്ത്-മുജാഹിദ് നേതാക്കള്‍ ഒരുമിച്ച് യാത്ര ചെയ്യുകയും ഒരേ സ്റ്റേജ് പങ്കിടുകയും ചെയ്തു. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ പേഴ്‌സണല്‍ ലോ ബോര്‍ഡ് സംഘടിപ്പിച്ച വിശദീകരണ സമ്മേളനമാണ് അതിലേറ്റവും പ്രധാനം. മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി, ഖാദി മുജാഹിദുല്‍ ഇസ്‌ലാം ഖാസിമി, ഇബ്‌റാഹീം സുലൈമാന്‍ സേട്ട്, ജമാഅത്ത്-മുജാഹിദ് നേതാക്കള്‍ തുടങ്ങിയവര്‍ക്കൊപ്പം സമസ്ത ജനറല്‍ സെക്രട്ടറി ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരും പങ്കെടുത്ത് പ്രസംഗിച്ചു. അലിമിയാന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ സ്വീകരിക്കാന്‍ ഇ.കെ ഉള്‍പ്പെടെയുള്ള നേതാക്കള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു. എ.പി അബൂബക്കര്‍ മുസ്‌ലിയാരും സംഘവും ഇ.കെക്കെതിരെ വന്‍ വിമര്‍ശനമുന്നയിച്ചത് ഈ ഐക്യത്തിന്റെ പേരിലായിരുന്നു.
ഒരു പള്ളി തര്‍ക്കം ഒത്തുതീര്‍പ്പിലെത്തിക്കുന്നതിന്റെ ഭാഗമായി വടകരക്കടുത്ത് പൈങ്ങോട്ടായിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അന്ന് ജമാഅത്ത് അമീറായിരുന്ന ടി.കെ അബ്ദുല്ല സാഹിബ്, മുജാഹിദ് നേതാവ് എ.വി അബ്ദുര്‍റഹ്മാന്‍ ഹാജി എന്നിവര്‍ക്കൊപ്പം ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരും ഉമര്‍ ബാഫഖി തങ്ങളും മാത്രമല്ല സാക്ഷാല്‍ എ.പി അബൂബക്കര്‍ മുസ്‌ലിയാരും പങ്കെടുത്തിരുന്നു. ചില ഘട്ടങ്ങളില്‍ ശിര്‍ക്കിനേക്കാള്‍ ഗൗരവപ്പെട്ടതാണ് സമുദായത്തിന്റെ ഭിന്നിപ്പ് എന്ന് സമര്‍ഥിച്ചുകൊണ്ടുള്ളതായിരുന്നു ഇ.കെയുടെ പ്രസംഗം. മൂസാ നബി (അ)തൗറാത്ത് ഏറ്റുവാങ്ങാന്‍ പോയപ്പോള്‍, സാമിരി പശുക്കുട്ടിയെ ഉണ്ടാക്കിയ സംഭവത്തില്‍ ഹാറൂന്‍ നബി(അ) മൂസാ നബിയോട് പറഞ്ഞ വാക്കുകളാണ് തെളിവായി അദ്ദേഹം ഉദ്ധരിച്ചത്. ഇസ്രയേല്‍ സമുദായത്തില്‍ പിളര്‍പ്പുണ്ടാക്കിയെന്ന കുറ്റാരോപണം വരാതിരിക്കാനാണ് സാമിരി പശുക്കുട്ടിയുടെ വിഗ്രഹം ഉണ്ടാക്കിയ ശിര്‍ക്കന്‍ നടപടിയോട് അവ്വിധം താന്‍ പ്രതികരിക്കാതിരുന്നത് എന്ന വശമാണ് ഇ.കെ സൂചിപ്പിച്ചത്.
'മുസ്‌ലിം സൗഹൃദവേദി'യിലും സമസ്തയുടെ ക്രിയാത്മകമായ പങ്കാളിത്തം ഉണ്ടായി. ചിലര്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ വേദിയില്‍ നിരീക്ഷകരായി പ്രതിനിധികളെ അയക്കുകയായിരുന്നു പതിവെങ്കില്‍ സമസ്തയുടെ സമുന്നത നേതാക്കളായിരുന്ന മര്‍ഹൂം നാട്ടിക വി. മൂസ മൗലവിയും കെ. മമ്മദ് ഫൈസി തിരൂര്‍ക്കാടും സൗഹൃദ വേദിയില്‍ സജീവമായിരുന്നു. 'സൗഹൃദവേദി'യിലുണ്ടായിരുന്ന ജമാഅത്ത് നേതാവ് ടി.കെ അബ്ദുല്ല സാഹിബിന്റെ ക്ഷണം സ്വീകരിച്ച് കുറ്റിയാടി സന്ദര്‍ശിക്കാന്‍ നാട്ടിക മൂസ മൗലവി താല്‍പര്യം പ്രകടിപ്പിക്കുകയുണ്ടായി. '80കളോടെ നേതൃതലത്തിലുണ്ടായ ഈ വികാസം സമസ്തയുടെ പ്രാദേശിക ഘടകങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഏറെ ഗുണം ചെയ്‌തേനെ. ചില സ്ഥലങ്ങളിലെങ്കിലും '80കള്‍ക്ക് മുമ്പുള്ള അവസ്ഥ തന്നെ തുടരുകയാണ്.
ചില പ്രദേശങ്ങളില്‍ രൂപംകൊണ്ട മഹല്ല് സംയുക്ത സമിതികളില്‍ നേതൃപരമായ പങ്ക് വഹിക്കാനും സുന്നി മഹല്ല് ഫെഡറേഷന്റെ കീഴിലുള്ള മഹല്ല് കമ്മിറ്റികള്‍ മുന്നോട്ടു വരാറുണ്ട്. ജമാഅത്ത്-മുജാഹിദ് സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പള്ളിക്കമ്മിറ്റികളുമായി സാമൂഹിക പ്രധാന്യമുള്ള വിഷയങ്ങളില്‍ സഹകരിക്കുകയും വ്യത്യസ്ത പള്ളി ഭാരവാഹികളും ഖത്വീബുമാരും വേദി പങ്കിടുകയും ചെയ്ത സംഭവങ്ങള്‍ പല പ്രദേശങ്ങളിലുമുണ്ട്. വാഴക്കാട്ട് ഈയിടെ രൂപീകരിച്ച ഇത്തരമൊരു സംയുക്ത സമിതി ഉദാഹരണം. പ്രാദേശികമായി ചില അപവാദങ്ങള്‍ ഉണ്ടാകാമെങ്കിലും ഇത്തരം അനുഭവങ്ങള്‍ പലയിടങ്ങളിലുമുണ്ട്.
നവയാഥാസ്ഥിതികരും തീവ്ര യാഥാസ്ഥിതികരും ഇസ്‌ലാമിനെ തന്നെ പരിഹസിക്കുന്ന തരത്തിലും  അമാന്യമായ ഭാഷയിലും തെരുവുകളില്‍ നടത്തുന്ന വാദപ്രതിവാദ കോലാഹലങ്ങളില്‍, അതേ സ്വഭാവത്തില്‍ സമസ്ത പങ്കെടുക്കാറില്ല എന്നതും ശ്രദ്ധേയമാണ്. പുത്തന്‍ പ്രസ്ഥാനങ്ങളുടെ പേടി സ്വപ്നങ്ങളായ ബ്രാന്റ് പ്രസംഗകര്‍ക്കു വേണ്ടി നാടുമുഴുക്കെ സ്റ്റേജ് കെട്ടിയിരുന്ന പഴയ അവസ്ഥയില്‍ നിന്ന് മാറി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും മറ്റും മുഖ്യ അജണ്ടയായി ഏറ്റെടുത്ത് സമസ്ത മുന്നോട്ട് പോയി. ലീഗ് രാഷ്ട്രീയത്തിന്റെ ഓരം ചേര്‍ന്നുകൊണ്ടോ സംഘടനാ താല്‍പര്യത്താലോ ഉള്ള വിമര്‍ശന പ്രസംഗങ്ങളും ലേഖനങ്ങളും സമസ്തയുടെ ഭാഗത്തുനിന്ന് ഉണ്ടാകാറുണ്ടെങ്കിലും മേല്‍ സൂചിപ്പിച്ച രണ്ടു വിഭാഗങ്ങളെപോലെ അതൊരു സ്ഥിരം തൊഴിലായി സമസ്ത കൊണ്ടുനടക്കുന്നില്ല. മറുപക്ഷം ഇതിനെ അഹ്‌ലുസുന്നത്തിന്റെ നയങ്ങളില്‍നിന്നുള്ള പിന്നോട്ടടിയും പുത്തന്‍ പ്രസ്ഥാനക്കാരോടുള്ള മൃദു സമീപനവുമെന്നൊക്കെ വിമര്‍ശിക്കാമെങ്കിലും സമുദായ മനസ്സ് 'സമസ്ത'യുടെ ഈ മാറ്റത്തെ ഉയര്‍ന്ന നിലപാടായി തന്നെയാണ് കാണുന്നത്.
(തുടരും)
[email protected]


Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം