ചതിക്കുഴികള്‍ സൂക്ഷിക്കുക
കുറച്ചു നാളായി തീവ്രവാദി ആക്രമണങ്ങള്‍ ഇറാഖിലും അഫ്ഗാനിസ്താനിലും പാകിസ്താനിലും ഒതുങ്ങിക്കൂടുന്നു എന്നാശ്വസിച്ചു തുടങ്ങിയ ആഗോള സമൂഹത്തെ വീണ്ടും ഭീകര ഭീതിയുടെ മുള്‍മുനയിലേക്ക് തള്ളിനീക്കിയിരിക്കുകയാണ്, ഇന്ത്യന്‍ തലസ്ഥാനമായ ദല്‍ഹിയിലും ജോര്‍ജിയന്‍ തലസ്ഥാനമായ തിബ്‌ലീസിലും തായ്‌ലന്റ് തലസ്ഥാനമായ ബാങ്കോക്കിലും ഈയിടെ നടന്ന സ്‌ഫോടന പരമ്പരകള്‍. സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ദുഷ്ടശക്തികളെ പിടികൂടി വിചാരണ ചെയ്യേണ്ടത് ലോക സമൂഹത്തിന്റെ സൈ്വരജീവിതത്തിന് അനിവാര്യമാകുന്നു. തീവ്രവാദം, ഭീകരത എന്നൊക്കെ കേള്‍ക്കുന്ന മാത്രയില്‍ മുസ്‌ലിംകള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്ന ഒരു പൊതുബോധം ആധുനികലോകത്ത് രൂപപ്പെട്ടിട്ടുണ്ട്. കുത്സിതമായ പ്രചാരണങ്ങളിലൂടെ അങ്ങനെയൊരു സാമാന്യ ബോധം രൂപപ്പെടുത്തുന്നതില്‍ സാമ്രാജ്യത്വ ശക്തികള്‍ വിജയിച്ചിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. ഈ സാഹചര്യത്തില്‍ ഏത് ഭീകരാക്രമണങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിക്കു കൊണ്ടുവരേണ്ടത് മുസ്‌ലിം സമുദായത്തെ സംബന്ധിച്ചേടത്തോളം ഏറ്റം പ്രധാനമാകുന്നു. തങ്ങള്‍ക്ക് നിക്ഷിപ്ത താല്‍പര്യങ്ങളുള്ള ഇടങ്ങളില്‍ തീവ്രവാദം വളര്‍ത്തുകയും ഭീകര പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുക; തുടര്‍ന്ന് ഭീകരവിരുദ്ധ സമരത്തിന്റെ പേരില്‍ ആ രാജ്യത്ത് അധിനിവേശം നടത്തുകയോ ആ ജനവിഭാഗത്തെ വംശഹത്യക്കിരയാക്കുകയോ ചെയ്യുക. അന്തര്‍ദേശീയ തലത്തിലും ദേശീയതലത്തിലും സാമ്രാജ്യത്വ ശക്തികള്‍ വിജയകരമായി പ്രയോഗിച്ചുവരുന്ന കുടിലതന്ത്രമാണിത്. അമേരിക്കയും സംഖ്യകക്ഷികളുമാണ് അന്താരാഷ്ട്ര തലത്തില്‍ അതിന്റെ പ്രണേതാക്കള്‍. 9/11 വിധ്വംസകത്തിന്റെ യഥാര്‍ഥ ഉത്തരവാദികളാരെന്ന് ഇനിയും സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ല. പക്ഷേ, അമേരിക്കയും കൂട്ടരും അവരുദ്ദേശിച്ചവരില്‍ കുറ്റം ചാര്‍ത്തുകയും കൊടിയ ശിക്ഷ നടപ്പിലാക്കുകയും ചെയ്തു. ഇറാഖിലും അഫ്ഗാനിസ്താനിലും പാകിസ്താനിലും സൈനികാധിനിവേശം നടത്തി. സാമ്രാജ്യത്വം നേരിട്ടിടപെട്ട ഈ മൂന്നു രാജ്യങ്ങളും ഇന്ന് കൊടും ഭീകരതയുടെ കേദാരങ്ങളായി പരിലസിക്കുന്നുവെന്നത് അടിവരയിട്ട് വായിക്കേണ്ട വസ്തുതയാണ്. ഉപരിസൂചിത സാമ്രാജ്യത്വ തന്ത്രത്തിന്റെ ദേശീയ ഏജന്‍സിയാണ് ഇന്ത്യയിലെ തീവ്ര ഹിന്ദുത്വശക്തികള്‍. രാജ്യത്തെ ഭൂരിപക്ഷ മനസ്സ് മുസ്‌ലിം വംശഹത്യക്ക് പാകപ്പെടാന്‍ സഹായകമാകുന്ന നിരവധി വിധ്വംസക നടപടികള്‍ ഇവിടെ അരങ്ങേറുകയുണ്ടായി. അവയില്‍ പലതും മുസ്‌ലിംകളുടെ പേരില്‍ കുറ്റം ചാര്‍ത്താന്‍ ഹിന്ദുത്വ ശക്തികള്‍ ആസൂത്രണം ചെയ്തതാണെന്ന് പിന്നീട് തെളിഞ്ഞു. ഹൈദരാബാദ് മക്കാ മസ്ജിദ്, മാലേഗാവ് മസ്ജിദ്, അജ്മീര്‍ ദര്‍ഗ തുടങ്ങിയ സ്‌ഫോടനങ്ങള്‍ അക്കൂട്ടത്തില്‍ പെടുന്നു. 68 പേരുടെ മരണത്തിനിടയാക്കിയ, 2007-ലെ സംഝോതാ എക്‌സ്പ്രസ് സ്‌ഫോടനത്തിനുത്തരവാദി ആര്‍.എസ്.എസ്സുകാരനായിരുന്ന കമല്‍ ചൗഹാനാണെന്ന് കണ്ടെത്തിയതായി എന്‍.ഐ.എ വെളിപ്പെടുത്തിയത് ഫെബ്രുവരി 14-ാം തീയതിയാണ്. അഫ്ഗാന്‍-ഇറാഖ് അധിനിവേശങ്ങള്‍ക്ക് മുന്നോടിയായി അമേരിക്കയും ബ്രിട്ടനും നടത്തിയ പ്രസ്താവനകളെ അനുസ്മരിപ്പിക്കുന്നതാണ് ദല്‍ഹി-തിബ്‌ലീസ്-ബാങ്കോക്ക് സ്‌ഫോടനങ്ങളെത്തുടര്‍ന്ന് അമേരിക്കയില്‍ നിന്നും ഇസ്രയേലില്‍ നിന്നും വരുന്ന പ്രതികരണങ്ങള്‍. സംഭവം ഇറാനും ലബനാനിലെ ഹിസ്ബുല്ലയും ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന കാര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന് സംശയമേതുമില്ല. ഇറാഖിലെ രാസായുധവും അല്‍ഖാഇദാ സാന്നിധ്യവും പോലെ, ഇസ്രയേലിനെ മുമ്പില്‍ നിര്‍ത്തി അമേരിക്ക ആസൂത്രണം ചെയ്യുന്ന ഇറാന്‍ നശീകരണത്തിന് ലോകസമ്മതി നേടിയെടുക്കാനുള്ള തന്ത്രമാണിതെന്ന് വ്യക്തം. 'ഭീകരവിരുദ്ധ' യുദ്ധത്തിന് ഇന്ത്യയുടെ സൈനികവും നയതന്ത്രപരവുമായ സഹകരണം അമേരിക്കക്ക് ഏറെ ആവശ്യമുണ്ട്. ഇറാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഗ്യാസ് പൈപ്പ് തടഞ്ഞത് അമേരിക്കയാണ്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയും ഗണ്യമായി കുറക്കാനും അവര്‍ ഈയിടെ ഇന്ത്യയോടാവശ്യപ്പെട്ടിരിക്കുന്നു. ഇന്ത്യയെ ഇറാന്‍വിരുദ്ധ നിലപാടിലേക്ക് നയിക്കാന്‍ ഉപകരിക്കുന്ന തന്ത്രം എന്ന മാനവും ദല്‍ഹി സ്‌ഫോടനത്തിനുണ്ടാവാം. ജാഗ്രതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ രാജ്യം സാമ്രാജ്യത്വത്തിന്റെ ചതിക്കുഴിയില്‍ ചെന്നു ചാടാന്‍ ഇടയാകുന്ന പ്രശ്‌നമാണിത്. മൊസാദിന്റെയും സി.ഐ.എയുടെയും ദുര്‍മന്ത്രങ്ങള്‍ക്ക് വശംവദരാകാതെ നാം നമ്മുടെ സ്വന്തം അന്വേഷണ സംവിധാനങ്ങളിലൂടെ സത്യം കണ്ടെത്താന്‍ ശ്രമിക്കേണ്ടതുണ്ട്. ദല്‍ഹി സ്‌ഫോടനത്തിനു പിന്നില്‍ വിദേശകരങ്ങളുള്ളതായി സൂചന ലഭിച്ചിട്ടില്ല എന്ന ആഭ്യന്തരമന്ത്രി ചിദംബരത്തിന്റെ വെളിപ്പെടുത്തല്‍ നെതന്യാഹുവിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ശ്രദ്ധേയമാകുന്നു. പ്രതിരോധ-സുരക്ഷാ കാര്യങ്ങളില്‍ ഇസ്രയേലിന്റെ സഹായം തേടിത്തുടങ്ങിയ ശേഷമാണ് രാജ്യത്ത് ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചത് എന്ന വസ്തുത ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം അനുസ്മരണീയമാണ്.
Comments