Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 25

കത്തുകള്‍

ചിലര്‍ കൂടുതല്‍ സമന്മാരാണ്
കെ.ടി മുഫീദ മങ്കട

''എല്ലാവരും സമന്മാരാണ്. ചിലര്‍ ചിലരേക്കാള്‍ കൂടുതല്‍ സമന്മാരാണ്.'' ജോര്‍ജ് ഓര്‍വല്ലിന്റെ പ്രയോഗത്തിന് പഴക്കമേറിയെങ്കിലും ഈ അസമത്വം നമ്മുടെ സമൂഹത്തിലിന്നും പഴക്കമേല്‍ക്കാതെ നിലനില്‍ക്കുന്നു. ആഗോളവത്കരണത്തിന് വിധേയമായ സാമൂഹിക ഘടന അഴിമതിയെയും നീതിനിഷേധത്തെയും നിര്‍മാര്‍ജനം ചെയ്ത് കാര്യങ്ങള്‍ സുതാര്യമാക്കി വിശാലമായ ജനാധിപത്യം ജനങ്ങള്‍ക്ക് സമ്മാനിക്കുമെന്നത് വ്യാമോഹം മാത്രമാണെന്ന് നവലിബറല്‍ കാല അഴിമതിക്കഥകളും ബിനായക് സെന്നില്‍ തുടങ്ങി മഅ്ദനി വരെ നീണ്ടു നില്‍ക്കുന്ന നീതിനിഷേധത്തിന്റെ തുടര്‍ക്കഥകളും നമ്മെ പഠിപ്പിക്കുന്നു.
ഇറോം ശര്‍മിളയും ബാബാരാംദേവും ഭരണകൂടത്തിന് മുമ്പില്‍ സമന്മാരാണെന്നതില്‍ തര്‍ക്കമില്ല. പത്ത് വര്‍ഷത്തോളം സൈനിക ഭീകരതക്കെതിരെ നിരാഹാരമിരിക്കുന്ന മണിപ്പൂരിന്റെ ഉരുക്കു വനിതയെ കാണാതെയാണ് ഹൈടെക് സൗകര്യത്തോടെ നിരാഹാരത്തിന് തുനിഞ്ഞ രാംദേവിന് മുമ്പില്‍ കാബിനറ്റ് മന്ത്രിമാര്‍ അപേക്ഷകളുമായി എത്തിയത്.
------
ഇസ്‌ലാമിക പ്രബോധന രംഗത്തും ഇസ്‌ലാഹി രംഗത്തും മുതല്‍ക്കൂട്ടാവുന്ന വിധം കലാസംഘങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. മാര്‍ക്‌സിസം വളര്‍ത്താന്‍ നാടകങ്ങള്‍ ഉപയോഗപ്പെടുത്തിയ പോലെ കലയെ ഉപയോഗപ്പെടുത്താന്‍ ഇസ്‌ലാമിക സംഘടനകളും പ്രസ്ഥാനങ്ങളും ഇനിയും പുതിയ ചുവടുവെപ്പുകള്‍ നടത്തേണ്ടിയിരിക്കുന്നു.
എന്‍.പി അബ്ദുല്‍ കരീം/ ചേന്ദമംഗല്ലൂര്‍
-----

'ഇവിടെ ഈ ഭൂമിയില്‍ അവസാന വിധി പറയാന്‍ ആര്‍ക്കാണ് അധികാരം? ഈ ചോദ്യത്തിന്റെ ഉത്തരവും അതിന്റെ വ്യാഖ്യാനവുമാണ് വിശുദ്ധ ഖുര്‍ആന്‍'. കവിത പോല സുന്ദരവും സംക്ഷിപ്തവുമായിരുന്നു സി. രാധാകൃഷ്ണന്റെ ലേഖനം (ലക്കം 35). ദൈവത്തിന്റെ ഈ അധികാരം മനുഷ്യന്‍ കൈയിലെടുത്തപ്പോഴാണ് ലോകം ദുരിതപൂര്‍ണമായതെന്ന് സി. രാധാകൃഷ്ണന്‍ സമര്‍ഥിക്കുന്നു. ഖുര്‍ആന്റെ അനുയായികളെന്ന് അഭിമാനിക്കുന്ന പലര്‍ക്കും മനസ്സിലാവാത്ത ഒരു യാഥാര്‍ഥ്യമാണിത്.
എ.ടി മുഹമ്മദ് കുട്ടി/ പട്ടാമ്പി
-----
പൊതു വിദ്യാലയങ്ങള്‍ സംരക്ഷിക്കുക
സി.കെ മുനവ്വിര്‍ ഇരിക്കൂര്‍

പൊതു വിദ്യാലയങ്ങളുടെ കെടുകാര്യസ്ഥതയും അടിസ്ഥാന സൗകര്യമില്ലായ്മയുമാണ് ഒരുകാലത്ത് നമ്മുടെ നാട്ടിലെ മഹല്ല് കമ്മിറ്റികളെയും പുരോഗമന പ്രസ്ഥാനങ്ങളെയും സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ പ്രേരിപ്പിച്ചത്. പൊതു വിദ്യാലയത്തില്‍ മക്കളെ പറഞ്ഞയച്ചാല്‍ മത്സര പരീക്ഷകളില്‍ പുറംതള്ളപ്പെട്ടു പോകുമെന്ന തിരിച്ചറിവാണ് കടം വാങ്ങിയെങ്കിലും മക്കളെ സ്വകാര്യ സ്ഥാപനങ്ങളില്‍ പറഞ്ഞയക്കാന്‍ രക്ഷിതാക്കളെ നിര്‍ബന്ധിച്ചത്. പൊതു വിദ്യാലയങ്ങളുടെ കെടുകാര്യസ്ഥതക്കെതിരെ ബദല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിക്കൊണ്ടുള്ള സമരം കുറഞ്ഞ നാളുകള്‍ കൊണ്ട് ലക്ഷ്യം കണ്ടു. കൂട്ടത്തോടെയുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് അധ്യാപകരുടെയും എയ്ഡഡ് മാനേജ്‌മെന്റുകളുടെയും കണ്ണു തുറപ്പിച്ചു. അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും വിദ്യാഭ്യാസത്തെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയും ഗൗരവത്തില്‍ കാണാനും അവര്‍ നിര്‍ബന്ധിതരായി.
ഇന്ന് സ്ഥിതിയാകെ മാറി. സ്വകാര്യ സ്ഥാപനങ്ങളെ വെല്ലുന്ന അടിസ്ഥാന സൗകര്യങ്ങള്‍ പൊതു വിദ്യാലയങ്ങളില്‍ സജ്ജീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സ്‌കൂളുകളില്‍ പി.ടി.എ കമ്മിറ്റികള്‍ക്കും പഞ്ചായത്തുകള്‍ക്കും വലിയ അധികാരങ്ങള്‍ കൈവന്നിരിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ പൊതു വിദ്യാലയങ്ങളിലെ ഗുണപരമായ മാറ്റത്തെ അവഗണിച്ച് ബദല്‍ വിദ്യാലയങ്ങളെന്ന പഴയ മുദ്രാവാക്യം തന്നെയാണ് പല സ്ഥലങ്ങളിലും സ്വീകരിക്കുന്നത്. മുക്കിന് മുക്കിന് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ഇംഗ്ലീഷ് മീഡിയം സ്ഥാപനങ്ങള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. വീടു വീടാന്തരം കയറിയുള്ള സ്‌കോഡ് വര്‍ക്കുകളിലൂടെയും മഹല്ല് കമ്മിറ്റികളിലെ സ്വാധീനമുപയോഗിച്ചും കുട്ടികളെ അത്തരം സ്ഥാപനങ്ങളിലേക്ക് ചെല്ലാന്‍ നിര്‍ബന്ധിക്കുന്നു. സ്ഥാപനം നടത്തിക്കൊണ്ടുപോകാന്‍ കഴിയാതെ മാനേജ്‌മെന്റുകള്‍ കടബാധ്യത കൊണ്ട് വിയര്‍ക്കുന്നു. ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളുമുണ്ടായിട്ടും പഠിക്കാന്‍ വിദ്യാര്‍ഥികളെ കിട്ടാതെ പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടേണ്ടിവരുന്ന ദുരവസ്ഥ നിലനില്‍ക്കുമ്പോഴാണ് ആവശ്യമില്ലാത്ത ഒരു കാര്യത്തിനു വേണ്ടിയുള്ള അമിത ഭാരമേല്‍ക്കല്‍. തങ്ങളുടെ മഹല്ലിനും പ്രസ്ഥാനത്തിനും കീഴില്‍ ഇത്തരം പ്രൈമറി വിദ്യാലയങ്ങളുണ്ടെന്ന് പറയുന്നത് വലിയ കാര്യമൊന്നുമല്ല എന്ന് ബന്ധപ്പെട്ടവര്‍ തിരിച്ചറിയണം. പഴയ കാലത്ത് ബദല്‍ വിദ്യാലയങ്ങള്‍ സ്ഥാപിച്ച് സംരക്ഷിക്കാന്‍ ചെലവഴിച്ച ഊര്‍ജം പുതിയ കാലത്ത് പൊതു വിദ്യാലയങ്ങള്‍ സംരക്ഷിക്കാനും നിലനിര്‍ത്താനും ചെലവഴിക്കപ്പെടണം. അതാണ് കാലഘട്ടം ആവശ്യപ്പെടുന്ന വിദ്യാഭ്യാസ സംരക്ഷണ സമരം.
-----
വേണം ഒരു കേരള റൂദാദ്
കെ. ഇസ്മാഈല്‍ തിരൂരങ്ങാടി, ഷാര്‍ജ

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് എന്ന ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനത്തെ രാജ്യത്തെ ഇതര മുസ്‌ലിം സംഘടനകളില്‍ നിന്ന് വ്യതിരിക്തമാക്കുന്ന അനേകം ഘടകങ്ങളിലൊന്നാണല്ലോ അതിന്റെ ലിഖിത ഭരണഘടനയും പോയ കാല പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ (റൂദാദ്) ഗ്രന്ഥരൂപത്തില്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ് എന്നതും.
ഇതുമൂലം പൊതുസമൂഹത്തില്‍ പ്രത്യേകിച്ച് മുസ്‌ലിം ജനസമാന്യത്തിന് പ്രസ്ഥാനത്തിന്റെ ഇതഃപരന്ത്യമുള്ള പ്രവര്‍ത്തനങ്ങള്‍ നിരൂപണ-വിമര്‍ശനാത്മകമായി വിലയിരുത്താന്‍ സാധിക്കുന്നു. അതിന്റെ പ്രവര്‍ത്തകര്‍ പിന്നിട്ട പാതകള്‍ തൊട്ടറിയുകയും തുടര്‍ ചലനങ്ങള്‍ക്ക് ദിശാബോധം ലഭിക്കുകയും ചെയ്യുന്നു.
പ്രസ്ഥാനത്തിന്റെ മറ്റൊരു വ്യതിരിക്തത, അതിന്റെ ആനുകാലികമായ പ്രബോധനം വാരികയുടെ പൊതുജന സ്വീകാര്യതയാണ്. വാരിക പൊതുസമൂഹത്തിന് ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ 'റയ്യാന്‍' കവാടമാകുമ്പോള്‍ പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കത് മുന്നോട്ടുള്ള ഗമനത്തിനാവശ്യമായ പാഥേയ സംഭരണിയുമാണ്.
ഇത്തരത്തില്‍ മനസ്സിലൂറിയ ഒരാഗ്രഹം കുറിക്കട്ടെ; അഖിലേന്ത്യാ തലത്തിലെ റൂദാദിന്റെ ചുവടൊപ്പിച്ച് കേരള ഹല്‍ഖാ റൂദാദ് കൂടി ഉണ്ടായിരുന്നെങ്കില്‍, പ്രസ്ഥാനത്തിന്റെ പോളിസി പ്രോഗ്രാമുകള്‍ അതിന്റെ ഭരണഘടനാനുസൃതമായി കേരളീയ സാഹചര്യങ്ങളില്‍ ഇതഃപര്യന്തം എങ്ങനെ നടപ്പിലാക്കി എന്നതിന്റെ ആധികാരിക രേഖയാവുമായിരുന്നു അത്. പ്രവര്‍ത്തകര്‍ക്ക് മികച്ച പ്രാസ്ഥാനിക വിദ്യാഭ്യാസം നേടാനും മുന്നോട്ടുള്ള പ്രയാണം സുഗമമാക്കാനും പൊതുസമൂഹത്തിലെ ശുദ്ധ മനസ്‌കര്‍ക്ക് തെറ്റിദ്ധാരണകള്‍ അകറ്റാനും അത് അനല്‍പമായ പങ്ക് വഹിക്കുമായിരുന്നു.
-----
ഡോ. സുകുമാര്‍ അഴീക്കോട് 1983-ല്‍ ജമാഅത്ത് സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹം വായിച്ചു (ഫെബ്രുവരി 4). അദ്ദേഹത്തിന്റെ പ്രാഗത്ഭ്യത്തെ ചോദ്യം ചെയ്യുന്നില്ല. കേരളത്തില്‍ ഒരറ്റം തൊട്ട് മറ്റേ അറ്റം വരെ 35 വര്‍ഷമായി പ്രസംഗിച്ച പരിചയത്തെപ്പറ്റി അദ്ദേഹം 29 വര്‍ഷം മുമ്പ് (1983) പ്രതിപാദിക്കുന്നു. അതായത് 64 വര്‍ഷം മുമ്പ്. 21-ാമത്തെ വയസ് മുതല്‍ തന്നെ അദ്ദേഹം പ്രസംഗം തുടങ്ങി എന്നു വേണം കരുതാന്‍.
എല്ലാ മത വിഭാഗങ്ങളെയും സമ ഭാവനയോടെ കാണുന്ന, മതേതരത്വത്തോട് ജീവിതാവസാനം വരെ അദ്ദേഹം പുലര്‍ത്തിയ അചഞ്ചലമായ പ്രതിബദ്ധതയെപ്പറ്റി പ്രതിപാദിച്ചുകാണുന്നു. കമലാ സുറയ്യയുടെ മതംമാറ്റം അദ്ദേഹത്തിനിഷ്ടമായിരുന്നില്ല എന്നതും, മരണശേഷം അവര്‍ ജനിച്ച സ്ഥലത്ത് സംസ്‌കരിക്കാതെ പാളയം പള്ളിയില്‍ സംസ്‌കരിച്ചതിലെ 'അപാകത' അദ്ദേഹം ചൂണ്ടികാണിച്ചതും മറക്കാറായോ?
ഡോ. എം. ഹനീഫ്/ കോട്ടയം
-----

പ്രബോധനം പ്രവാചക സ്മൃതി പതിപ്പ് വേറിട്ടതായിരുന്നു. എങ്കിലും ആഴത്തിലുള്ള നബിവായനകള്‍ ഉണ്ടായില്ല. സാധാരണ മുസ്‌ലിം ആനുകാലികങ്ങളിലെ ആണ്ടറുതി ലേഖനങ്ങള്‍ക്കപ്പുറം നബി ജീവിതത്തിന്റെ വസന്തങ്ങളെ ഉണര്‍ത്തുന്നവ കണ്ടില്ല.
എ.വി ഫിര്‍ദൗസ്/ തൃശൂര്‍
-----
ഇ മെയില്‍ വേട്ട സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഫാഷിസം
അന്‍വര്‍ വടക്കാങ്ങര ജിദ്ദ
കേരളത്തിലെ ഒരു പ്രത്യേക സമുദായത്തെ ടാര്‍ഗറ്റു ചെയ്തുകൊണ്ട് സാധാരണക്കാരടക്കമുള്ള നൂറുകണക്കിന് പൗരന്മാരുടെ ഇമെയില്‍ സന്ദേശങ്ങള്‍ സംസ്ഥാന ഹൈടെക് െ്രെകം എന്‍ക്വയറി സെല്‍ നിരീക്ഷണത്തിനു വിധേയമാക്കിയ സംഭവം പ്രബുദ്ധ കേരളത്തിന് നാണക്കേടാണ്.
സ്വന്തം കുടുംബത്തെയും സമൂഹത്തെയും ഒരേപോലെ സംരക്ഷിക്കാന്‍ പാടുപെടുന്നതിലുപരി പിറന്നമണ്ണിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നതില്‍ മുഖ്യപങ്കു വഹിക്കുന്ന ഗള്‍ഫിലെ പ്രവാസികളില്‍പ്പെട്ട നല്ലൊരുവിഭാഗവും പ്രസ്തുത ലിസ്റ്റിലുണ്ട്. കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ ഗള്‍ഫിലെത്തിയ, തങ്ങളുടെ മതാചാരപ്രകാരം ജീവിതം നയിക്കുകയും ഒഴിവു സമയങ്ങള്‍ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവരെ തെരഞ്ഞുപിടിച്ച് ബ്രാന്‍ഡ് ചെയ്യാനും സമൂഹത്തിലും കുടുംബത്തിലും അനഭിമതരാക്കാനും നിശ്ശബ്ദരാക്കാനും ചില കേന്ദ്രങ്ങളുടെ ആസൂത്രിതമായ ശ്രമങ്ങള്‍ ഇതിന്റെ പിന്നിലുണ്ടെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
-----
സി.എന്‍ അഹ്മദ് മൗലവി പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു
ഇസ്‌ലാമിക വിഷയങ്ങളെക്കുറിച്ച് (മതം, ചരിത്രം, സംസ്‌കാരം, ദര്‍ശനം) രചിക്കപ്പെട്ട മൗലിക ഗ്രന്ഥങ്ങള്‍ക്കുള്ള സി.എന്‍ അഹ്മദ് മൗലവി എം.എസ്.എസ് പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. പതിനായിരം രൂപയാണ് അവാര്‍ഡ് തുക. 2010 ജനുവരി 1 മുതല്‍ 2011 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിച്ച മലയാളത്തിലെ മൗലിക കൃതികള്‍ക്കാണ് പുരസ്‌കാരം നല്‍കുക. കൃതികളുടെ രണ്ട് കോപ്പികള്‍ വീതം 2012 ഫെബ്രുവരി 28-ന് മുമ്പായി കണ്‍വീനര്‍, സി.എന്‍ അഹ്മദ് മൗലവി എന്‍ഡോവ്‌മെന്റ് കമ്മിറ്റി, മുസ്‌ലിം സര്‍വീസ് സൊസൈറ്റി, ചെറൂട്ടി റോഡ്, കോഴിക്കോട് എന്ന വിലാസത്തില്‍ അയച്ചുതരേണ്ടതാണ്. ഗ്രന്ഥകാരന്മാര്‍ക്കും പ്രസാധകര്‍ക്കും വായനക്കാര്‍ക്കും പുസ്തകങ്ങള്‍ അയക്കാവുന്നതാണ്.

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം