Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 25

ഒന്നും വെറുതെ കാണരുത്‌

ജമീല്‍ അഹ്മദ്‌

ഒരു വാക്കും വെറും വാക്കല്ല. എന്നതുപോലെ ഒരു കാഴ്ചയും വെറും കാഴ്ചയല്ല. ഓരോ നുണയും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഒരു വലിയ സത്യമാക്കാമെന്നതിന് ചരിത്രം സാക്ഷിയാണ്. ആദ്യമായി ആ നുണ പറയപ്പെട്ടത് വെറും തമാശക്കായിരിക്കാം. തമാശവിട്ട് കാര്യത്തിലേക്ക് കടന്നതാണ് 'ലൗജിഹാദ്' വിവാദത്തില്‍ നാം കണ്ടത്. ചിലര്‍ ഒരു തമാശപോലും വെറുതെ പറയില്ല. വെറും ആനന്ദത്തിനപ്പുറം കണിശമായ ലക്ഷ്യങ്ങള്‍ അതിനുണ്ടാകും. ഒരു സമുദായത്തെ മുഴുവന്‍ കുരുക്കിലിടാവുന്ന വെടിക്കോപ്പുകള്‍ അതിലവര്‍ ഒരുക്കിവെച്ചിട്ടുണ്ടാകും. മട്ടാഞ്ചേരി എന്ന കോളനി മലയാള സിനിമയില്‍ ഇപ്പോള്‍ കളിയെവിട്ട് കാര്യമായിക്കൊണ്ടിരിക്കുന്നത് അങ്ങനെയാണ്. അതിലൊളിപ്പിച്ചു വെച്ച മുന്‍വിധികളുടെ സ്‌ഫോടകവസ്തുക്കള്‍ പുറത്തെടുത്തു കാണിക്കുകയാണ്' 'ഫിലിമിക് ഗട്ടോസ് ഓഫ് മട്ടാഞ്ചേരി' എന്ന ഡോക്യുമെന്ററി.
കൊച്ചി നഗരത്തിന്റെ പടിഞ്ഞാറേ തീരത്തുള്ള പുരാതന സ്ഥലമാണ് മട്ടാഞ്ചേരി. 'അഞ്ചേരി മഠം' എന്ന നമ്പൂതിരിയില്ലത്തിന്റെ പേരില്‍ നിന്നാണത്രേ ആ സ്ഥലനാമമുണ്ടായത്. പ്രാചീനകാലത്തേ ദക്ഷിണേന്ത്യയുടെ ഭൂപടത്തില്‍ അടയാളപ്പെടുത്തപ്പെട്ട തുറമുഖമാണത്. ജൂതരും ജൈനരുമടക്കം പല മതക്കാര്‍ക്കും വേരും വര്‍ത്തമാനവുമുള്ള മണ്ണ്. അത്രയും സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സുഗന്ധദ്രവ്യങ്ങള്‍ ഈ കടലോരത്തുനിന്ന് കയറ്റുമതിയും ഇറക്കുമതിയും ചെയ്യപ്പെട്ടിട്ടുണ്ടായിരിക്കണം. ഇന്ന് ഈ പ്രദേശം മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള കോളനിയാണ്. 'അറബിക്കടലിന്റെ മണവാട്ടി' എന്നു പുകള്‍കൊണ്ട ഈ നഗരം മട്ടാഞ്ചേരിക്കാരെ ഓരങ്ങളിലേക്കു തള്ളി വിസ്താരപ്പെട്ടുകൊണ്ടിരുന്നു. ഇത്തിരിവിസ്താരമുള്ള ചാളകളില്‍ മട്ടാഞ്ചേരിയുടെ പഴയകാല പ്രതാപം തിങ്ങിപ്പാര്‍ത്തു. അങ്ങനെ ഇന്നത്തെ മട്ടാഞ്ചേരി എന്ന കോളനിയുണ്ടായി.
കോളനിവാസികള്‍, ന്യൂനപക്ഷങ്ങള്‍, ദരിദ്രര്‍ തുടങ്ങിയവര്‍ എന്നും വരേണ്യ സൗന്ദര്യത്തിന്റെ സാമാന്യ വ്യവഹാരങ്ങള്‍ക്ക് പുറത്തായിരുന്നു. എല്ലാ ഗുണ്ടകളും കീഴ്ജാതിക്കാരോ കറുത്തവരോ വിരൂപരോ ആകുന്ന പൊതു സൗന്ദര്യബോധംതന്നെയാണ് അവിടെയും പ്രവര്‍ത്തിച്ചത്. വെളുത്ത നായകനെതിരെ കറുത്ത വില്ലന്‍ എന്നതുപോലെ സുന്ദരമായ നഗരത്തിനെതിരെ അസുന്ദരമായ കോളനികള്‍ സിനിമയില്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്നു. പാളയം, ബീമാപള്ളി, ബംഗ്ലാദേശ് കോളനി, ചാള മാര്‍ക്കറ്റ് തുടങ്ങി കേരളത്തിലെ ചില പ്രദേശങ്ങള്‍ ഇങ്ങനെ ഗുണ്ടകളുടെയും വില്ലന്മാരുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും വളര്‍ത്തു കേന്ദ്രമായി മുദ്രകുത്തപ്പെട്ടു. അവിടെനിന്ന് തീവ്രവാദികളുണ്ടാകുന്നുണ്ടെന്നും ഭീകരവാദികള്‍ക്ക് അവിടെ ഒളിത്താവളങ്ങളുണ്ടെന്നും വിശ്വസിക്കപ്പെട്ടു. സ്വാഭാവികമായും ആ ചാപ്പ പതിച്ചത് ന്യൂനപക്ഷങ്ങളുടെയും കീഴാളവിഭാഗത്തിന്റെയും മുതുകുകളിലാണ്. പറഞ്ഞു പറഞ്ഞ് ആട് പട്ടിയായിപ്പോകുന്ന വസ്തുത ധീരമായി തുറന്നുകാണിക്കുന്നു ഈ ഡോക്യുമെന്ററി.
കോളനികളുടെ ഇരുണ്ട വഴികളും അരണ്ട അകങ്ങളും അത്തരം രംഗങ്ങളുടെ ദുരൂഹമായ അന്തരീക്ഷത്തിനുതകുമെന്ന് സമാധാനിപ്പിക്കും പലരും. വെറും സൗന്ദര്യത്തിനായാണ് ഇല്ലവും നിലവിളക്കും ക്ഷേത്രങ്ങളും നിരന്തരം കാണിക്കുന്നത് എന്ന 'നിഷ്‌കളങ്കമായ' സമാധാനവും നാം കേട്ടിട്ടുണ്ടല്ലോ. വെളിച്ചവും സമ്പത്തും ഉള്ളിടത്തല്ല കുറ്റകൃത്യത്തിന്റെ അകത്തളങ്ങള്‍ എന്ന സവര്‍ണതീരുമാനമാണ് ഈ സമാധാനങ്ങള്‍ പടച്ചുവിടുന്നത്. തന്റെ മൂന്നു സിനിമകളില്‍ വെളുത്ത നടികളെ കറുത്ത നിറം പൂശി 'കീഴാള'രാക്കിയ കമല്‍ എന്ന സംവിധായകനെക്കുറിച്ച് ഡോക്യുമെന്ററി പരാമര്‍ശിക്കുന്നുണ്ട്. കറുത്ത നടികള്‍ കൊള്ളില്ല എന്നോ വെളുപ്പ് കീഴാളര്‍ക്ക് പറ്റില്ല എന്നോ ഉള്ള ഉറച്ച മട്ടാണല്ലോ അത്. ഇത് അതിവായനയാണെന്ന് ആരോപിക്കാം. എന്നാല്‍ ഗൗരവതരമായ അതിവായനകള്‍ ഇനി സാധ്യമാണെന്നു മാത്രമല്ല പുതിയൊരു സാമൂഹിക വിശകലന മേഖലയില്‍ അത് അനിവാര്യമായിക്കൊണ്ടിരിക്കുകയുമാണ്. ഒരു സമുദായത്തിന്റെ സ്വകാര്യ സന്ദേശങ്ങള്‍ രഹസ്യമായി പരിശോധിക്കാന്‍ ഉത്തരവിടുന്ന മേലധികാരികളുടെ പോലും പൊതുബോധം, സിനിമകളടക്കമുള്ള സാംസ്‌കാരിക ചിഹ്നങ്ങള്‍ പടച്ചെടുത്തതാണ് എന്നു മറന്നുകൂട.
ജനപ്രിയ സിനിമകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഈ പൊതുബോധം ദൂരവ്യാപക ഫലങ്ങള്‍ സൃഷ്ടിക്കുന്നവയുമാണ്. സൗന്ദര്യം, ശാന്തി, സ്‌നേഹം തുടങ്ങിയ മൂല്യങ്ങള്‍ വരെ സിനിമ പുനര്‍നിര്‍ണയിക്കും. നിലനില്‍ക്കുന്ന അധികാരവര്‍ഗത്തിന്റെ താല്‍പര്യങ്ങളെ പൊതുസമ്മതമാക്കിത്തീര്‍ക്കാനും പൊതുസമ്മതങ്ങളെ വിറ്റുകാശാക്കാനും സിനിമയെ ആയുധമാക്കാം. തീവ്രവാദി എന്നാല്‍ ജുബ്ബയും തൊപ്പിയും താടിയും വിചിത്രമായ പേരുമുള്ള മുസ്‌ലിമായിരിക്കണം എന്ന് ഇങ്ങനെ നിര്‍മിച്ചുവെച്ച തോന്നലാണ്. ആ തോന്നലിനെമാത്രം അടിസ്ഥാനമാക്കി എത്ര തിരക്കഥകളാണ് മലയാളത്തില്‍ എടുക്കപ്പെട്ടത്. സിനിമ കാണുന്നവര്‍ ഒന്നും വെറുതെ കാണുന്നില്ല എന്ന യാഥാര്‍ഥ്യം വലുതാണ്. അതിനാല്‍ ഇതുപോലുള്ള ചാപ്പക്കുത്തലുകളെ തുറന്നുകാണിക്കുന്ന സംരംഭങ്ങള്‍ പ്രശംസിക്കപ്പെടേണ്ടതുതന്നെ.
ഗെട്ടോകളുടെ സാംസ്‌കാരികമായ സമ്പന്നത പോലും ജനപ്രിയ സിനിമകള്‍ അപനിര്‍മിക്കുന്നു. പെണ്ണുങ്ങളുടെയും ആണുങ്ങളുടെയും 'അപരിഷ്‌കൃതമായ' കുത്തുപാട്ടും ഐറ്റം ഡാന്‍സുമായി അതിനെ വിളമ്പിവെക്കുകയാണ് മുഖ്യധാരാ സംവിധായകര്‍ ചെയ്തത്. അംഗനമാര്‍ നാലുകെട്ടിന്റെ മുറ്റത്തു നടത്തുന്ന തിരുവാതിരക്കളിയും ചേരിപ്പെണ്ണുങ്ങള്‍ ആഹ്ലാദം പ്രകടിപ്പിക്കാന്‍ നടത്തുന്ന നൃത്തരംഗങ്ങളും പരിചരിക്കുന്നതിലെ വ്യത്യാസം ശ്രദ്ധിച്ചാല്‍ കീഴാളസ്ഥലികളോട് സിനിമക്കാര്‍ പുലര്‍ത്തുന്ന സമീപനത്തിലെ ഭേദം ബോധ്യപ്പെടും. കോളനികളിലെ ആണുങ്ങള്‍ സംസ്‌കാര ശൂന്യരായ ഗുണ്ടകളാണെന്നും പെണ്ണുങ്ങള്‍ വൃത്തികെട്ട കറുമ്പികളാണെന്നും അവര്‍ കാണിച്ചുറപ്പിച്ചിരിക്കുന്നു. എന്നാല്‍ മഹബൂബ് മുതല്‍ ഉമ്പായി വരെയുള്ള കേമന്മാരായ പാട്ടുകാരെ വളര്‍ത്തിയെടുത്ത സംഗീതപാരമ്പര്യം മട്ടാഞ്ചേരിക്കുണ്ട്. ആ നാടിനെ മാന്യമായി പുറത്തു പറയാന്‍ കൊള്ളാത്ത പേരാക്കി മാറ്റിയതിന് നമ്മുടെ സിനിമക്കാര്‍ എന്തു പശ്ചാത്താപം ചെയ്താലാണ് മതിയാവുക?
ജാഗരൂകമായ ആസ്വാദന സംസ്‌കാരം വളര്‍ത്തിയെടുത്തേ മതിയാകൂ. സിനിമയിലെ ചെറിയ അനക്കങ്ങള്‍ വലിയ അര്‍ഥസാധ്യത നല്‍കുന്ന ചിഹ്നങ്ങളാണ്. ഒരു ദൃശ്യത്തിന്റെ കാണാ കോണിലുള്ള ചെറിയ വസ്തുവെപ്പോലും ഒട്ടേറെ ആലോചിച്ചുമാത്രമേ സാമാന്യ ബുദ്ധിയുള്ള ഒരു സംവിധായകന്‍ പകര്‍ത്തൂ. തീവ്രവാദത്തിന്റെ പേരില്‍ പിടിക്കപ്പെട്ട ചെറുപ്പക്കാരന് അറബിത്തട്ടം പുതപ്പിക്കുന്നതും മട്ടാഞ്ചേരിക്കാരനായ വില്ലന്‍ ബാബുസേട്ട് പച്ച ബോട്ടില്‍ വന്നിറങ്ങുന്നതും ഒരേ ചിഹ്നവത്കരണത്തിന്റെ വാര്‍ത്തയും കലയുമാണ്. അതിനാല്‍ സിനിമയിലെ ചിഹ്നങ്ങളെ മുഴുവന്‍ ശരിക്കും കാണാനും അതിന്റെ അര്‍ഥസാധ്യതകളെക്കുറിച്ച് ആരായാനും കാഴ്ചക്കാര്‍ക്ക് അവകാശമുണ്ട്. ഒരു സിനിമയിലെ ഡയലോഗിനിടയിലെ ചെറിയൊരു വാക്കുപോലും വെറുതെ കേട്ടൊഴിവാക്കേണ്ടതല്ല എന്ന് പുതിയ സംസ്‌കാര പഠനമേഖലകള്‍ ചൂണ്ടിക്കാണിക്കുന്നു. പിന്നണി പ്രവര്‍ത്തകരുടെ അറിവും മുന്‍വിധിയും നിലപാടുമെല്ലാം അവയിലുണ്ട്. അത്തരം നിലപാടുകളെ പരിശോധിക്കുകയും പരാമര്‍ശിക്കുകയും ചെയ്യുന്നു എന്നത് ആരോഗ്യമുള്ള ദൃശ്യ സംസ്‌കാരത്തിന്റെ കൂടി തെളിവാണ്. നടേ പരാമര്‍ശിച്ച ഇമെയില്‍ പട്ടിക പുറത്തുവിട്ടപ്പോള്‍ ഒരു വാരികക്കും അതിന്റെ പിന്നണിപ്രവര്‍ത്തകര്‍ക്കുമെതിരെയുണ്ടായ ഔദ്യോഗിക ഭീഷണികള്‍ ഓര്‍ത്തുനോക്കുക. ചിലര്‍ ശ്രദ്ധിക്കുന്നുണ്ട് എന്നതുമാത്രമല്ല, അവര്‍ കണ്ടത് വിളിച്ചു പറയുന്നുമുണ്ട് എന്നതുകൂടിയാണ് പലരെയും അസ്വസ്ഥമാക്കുന്നത്. അതുകൊണ്ടുതന്നെ ഉറക്കെയുറക്കെയുള്ള ഇത്തരം വിളംബരങ്ങള്‍ക്ക് ചരിത്രപരമായ പ്രസക്തിയുണ്ട്.
പിന്‍വാതില്‍ - എസ്.ഐ.ഒ 'സംവേദന വേദി' തയാറാക്കിയ ഈ ഡോക്യുമെന്ററിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് കെ. ഹാഷിറിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം വിദ്യാര്‍ഥികളാണ്. ഒരു കാമറ കൈയില്‍ കിട്ടിയാല്‍ ഇക്കിളി ഗാനങ്ങള്‍ക്കും ആട്ടക്കാരികള്‍ക്കുമൊപ്പം ആല്‍ബം പിടിക്കുന്ന മുസ്‌ലിം ചെറുപ്പത്തിന്റെ കാലമാണിത്. കാമറകൊണ്ട് ഇതുപോലുള്ള ചില കരുതിവെക്കലുകളും ആകാമെന്നുകൂടി ഈ ചെറുപ്പക്കാര്‍ കാലത്തോട് ആഹ്വാനം ചെയ്യുന്നുണ്ട്. പാട്ടിനും കഥക്കുമപ്പുറം ഡോക്യുമെന്ററികള്‍ ശക്തമായ പ്രതികരണ കലയായി മാറിയിരിക്കുന്നു. സത്യം പകര്‍ത്തിവെക്കാന്‍ നട്ടെല്ലും ചങ്കുറപ്പും വേണം.
പലരും കണ്ടില്ലെന്നു നടിക്കുന്നത് കണ്ണുതുറന്ന് കാണാനും സഹജീവികളെ കാണിക്കാനുമുള്ള ആ ധീരതകൊണ്ട് മറ്റെല്ലാ കുറവുകള്‍ക്കുമിടയിലും ഈ ശ്രമം ജയിച്ചുനില്‍ക്കുന്നു.
9895437056

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം