Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 25

തൊഴില്‍ പ്രശ്‌നവും പരിഹാരവും

മൗലാനാ മൗദൂദി

സ്‌ലാമിന്റെ സാമൂഹിക നീതി പുലരുന്ന ഒരു സംവിധാനം നിലവില്‍ വന്നിട്ടില്ലെങ്കിലും, അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന പീഡിത തൊഴിലാളി വര്‍ഗത്തിന്റെ നില മെച്ചപ്പെടുത്താനുള്ള പരമാവധി ശ്രമങ്ങള്‍ നാം നടത്തേണ്ടതുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളോ മറ്റുള്ളവരോ അവരെ ചൂഷണം ചെയ്യാന്‍ ഇടവരരുത്.
നാം വര്‍ഗസമരത്തില്‍ വിശ്വസിക്കുന്നില്ല. വര്‍ഗബോധവും വര്‍ഗ വ്യത്യാസവും ഇല്ലാതാക്കാനാണ് നമ്മുടെ ശ്രമം. ദുഷിച്ച വ്യവസ്ഥിതിയാണ് സമൂഹത്തില്‍ വര്‍ഗവ്യത്യാസങ്ങള്‍ ഉണ്ടാക്കുന്നത്. ധാര്‍മിക ജീര്‍ണതയാണ് സമൂഹത്തില്‍ തരം തിരിവുകള്‍ സൃഷ്ടിക്കുന്നതെങ്കില്‍, അനീതിയാണ് വര്‍ഗബോധത്തിന് കാരണമായിത്തീരുന്നത്. ഈ വര്‍ഗബോധത്തെ ശക്തിപ്പെടുത്തി വിവിധ വര്‍ഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കുക എന്നതാണ് കമ്യൂണിസ്റ്റ് രീതിശാസ്ത്രം. സ്വേഛാധിപത്യപരമായ മുതലാളിത്ത-നാടുവാഴി വ്യവസ്ഥിതികളെ തകിടം മറിക്കാനും അതിനേക്കാള്‍ സ്വേഛാധിപത്യപരമായ കമ്യൂണിസ്റ്റ് വ്യവസ്ഥിതി പകരം വെക്കാനും അവര്‍ ശ്രമിക്കുന്നു.
എന്നാല്‍ നാം മനുഷ്യസമൂഹത്തെ കാണുന്നത് അവിഭാജ്യമായ ഏകകമായിട്ടാണ്. അതൊരു ശരീരം പോലെയാണ്. ശരീരത്തില്‍ നിരവധി അവയവങ്ങളും അവയോരോന്നിനും അതിന്റേതായ സ്ഥാനക്രമവും ചുമതലയും ഉണ്ട്. ഈ അവയവങ്ങളൊന്നും പരസ്പരം സംഘര്‍ഷത്തിലേര്‍പ്പെട്ടല്ല പ്രവര്‍ത്തിക്കുന്നത്. മനസ്സും കരളും പരസ്പരം സംഘര്‍ഷത്തിലാണെന്ന് പറയാന്‍ പറ്റുമോ? ശരീരത്തിലെ ഓരോ അവയവവും അതിന് നിശ്ചയിക്കപ്പെട്ട ജോലി ടീം വര്‍ക്ക് പോലെ നിര്‍വഹിക്കുന്നത് കൊണ്ട് മാത്രമാണ് ശരീരം ജീവനോടെ ഇരിക്കുന്നത്. ഇതുപോലെ, സമൂഹമാകുന്ന ശരീരത്തിലെ ഓരോ വിഭാഗവും അവയുടെ കഴിവും യോഗ്യതയും അഭിരുചിയും അനുസരിച്ച് അവക്ക് നിശ്ചയിക്കപ്പെട്ട ജോലി പരസ്പരം സഹായിച്ചും സഹകരിച്ചും നിര്‍വഹിക്കണമെന്നാണ് നമ്മുടെ കാഴ്ചപ്പാട്. അപ്പോള്‍ വര്‍ഗസമരം പോയിട്ട്, വര്‍ഗബോധമോ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ചേരിതിരിവ് പോലുമോ ഉണ്ടാവില്ല.
അവകാശങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ് ഓരോ തൊഴിലാളിയും തൊഴില്‍ ദായകനും സ്വന്തം ചുമതലകളെക്കുറിച്ച് ചിന്തിക്കട്ടെ; അതെങ്ങനെ ഭംഗിയായി നിര്‍വഹിക്കാനാവുമെന്നും. വ്യക്തികള്‍ക്ക് ചുമതലാബോധമുണ്ടെങ്കില്‍ സംഘര്‍ഷത്തെ ഇല്ലായ്മ ചെയ്യാനും പ്രശ്‌നങ്ങള്‍ ഉണ്ടാവാതെ നോക്കാനും കഴിയും. മനുഷ്യന്റെ ധാര്‍മികതയെ ഉണര്‍ത്തുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്. 'ധാര്‍മിക ജീവി'യായ മനുഷ്യനെ 'അധാര്‍മികനായ മൃഗ'ത്തില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ കഴിയണം. വ്യക്തിയിലെ ഈ 'ധാര്‍മിക മനുഷ്യനെ' അവനില്‍ ആഴത്തില്‍ നഖമാഴ്ത്തിയ 'അധാര്‍മിക മൃഗ'ത്തിന്റെ പിടുത്തത്തില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിയുമ്പോള്‍ തിന്മയുടെ ഉറവകള്‍ താനേ വറ്റിവരണ്ടുപോകുന്നതായി നിങ്ങള്‍ക്ക് കാണാന്‍ കഴിയും.
നവോത്ഥാനത്തിന് ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും രാജ്യത്തിന്റെ സാമ്പത്തിക സംവിധാനവും പുതുക്കിപ്പണിയാന്‍ യത്‌നിക്കേണ്ടതുണ്ട്. തൊഴിലാളിയെയും തൊഴില്‍ ദായകനെയും സത്യമാര്‍ഗത്തിലേക്ക് കൊണ്ടുവരാന്‍ അവര്‍ക്ക് കഴിയണം.
നാം തൊഴില്‍ ദായകരോട് (employers) പറയുന്നു: നിങ്ങള്‍ക്ക് നിങ്ങളുടെ കച്ചവട താല്‍പര്യങ്ങള്‍ സംരക്ഷിക്കണമെന്നുണ്ടെങ്കില്‍, സ്വയം വിനാശത്തിന്റെ കുഴി തോണ്ടരുത് എന്നുണ്ടെങ്കില്‍ പണം കുന്നുകൂട്ടാനുള്ള ഈ അന്ധമായ പരക്കം പാച്ചില്‍ നിങ്ങള്‍ അവസാനിപ്പിക്കുക. കൃത്രിമങ്ങളും അമിത ലാഭേഛയും ഉപേക്ഷിക്കുക. നിങ്ങളുടെ തൊഴിലാളികളുടെ നിയമാനുസൃത അവകാശങ്ങള്‍ യഥാസമയം നല്‍കുക. രാജ്യത്തിന്റെ സാമ്പത്തിക വികാസം തനിക്ക് മാത്രം പ്രയോജനപ്പെടട്ടെ എന്ന് കരുതാതിരിക്കുക. അധ്വാനിക്കുന്ന ജനവിഭാഗമാണ് സാമ്പത്തിക വികസനത്തിന്റെ യഥാര്‍ഥ സ്രഷ്ടാക്കള്‍. അതിന്റെ ഗുണഫലം അവര്‍ക്കും ലഭ്യമാവട്ടെ എന്ന വിശാല മനസ്സ് വളര്‍ത്തിയെടുക്കുക. സമ്പത്ത് ഉണ്ടാവുന്നത് മൂലധനം കൊണ്ട് മാത്രമല്ല. മൂലധനം, സംഘാടനം, സാങ്കേതിക വൈദഗ്ധ്യം, ശാരീരികാധ്വാനം ഇതെല്ലാം ചേര്‍ന്ന് ഉല്‍പാദിപ്പിക്കുന്ന മൂല്യത്തെയാണ് സമ്പത്ത് എന്ന് വിളിക്കുന്നത്. രാഷ്ട്രം എന്ന് വിളിക്കപ്പെടുന്ന മുഴുവന്‍ സാമൂഹിക സംവിധാനങ്ങളുടെയും സഹായത്തോടെ മാത്രമേ സമ്പത്തിന്റെ ഉല്‍പാദനം സാധ്യമാവൂ. അപ്പോള്‍ ഈ എല്ലാ ഉല്‍പാദനോപകരണങ്ങള്‍ക്കും ന്യായമായ രീതിയില്‍ സമ്പത്ത് വീതിച്ച് നല്‍കേണ്ടതാണ്. അക്കാര്യത്തില്‍ അസമത്വവും അസന്തുലിതത്വവും ഉണ്ടാക്കുന്ന പ്രവൃത്തികള്‍ ഉണ്ടാകരുതെന്ന് ഇസ്‌ലാം വിലക്കുന്നത് അതുകൊണ്ടാണ്. കാര്യങ്ങള്‍ ഇങ്ങനെ നേര്‍ദിശയില്‍ നീങ്ങിയാല്‍ പിന്നെ വിനാശകരമായ അരാജക പ്രവണതകള്‍ക്ക്- അവ നിങ്ങളെയും കൊണ്ടേ പോകൂ- കാലുറപ്പിക്കാന്‍ അവസരമുണ്ടാവുകയില്ല.
തൊഴിലാളികളോട് നാം പറയുന്നു: നിങ്ങളുടെ ന്യായമായ അവകാശങ്ങള്‍ എന്തൊക്കെയെന്ന് നിങ്ങള്‍ സ്വയം വിലയിരുത്തുക. മൂലധനം, സംഘാടനം, സാങ്കേതികവിദ്യ തുടങ്ങിയവക്കും ഉല്‍പാദനത്തില്‍ എത്രത്തോളം പങ്കുണ്ടെന്ന് കണ്ടെത്തുക. ഈ ഘടകങ്ങളും നിങ്ങളുടെ അധ്വാനവും ചേരുമ്പോഴാണല്ലോ ഒരു ഉല്‍പന്നം ഉണ്ടാവുന്നത്. നിങ്ങളൊരു പ്രസ്ഥാനത്തിന് തുടക്കമിടുമ്പോള്‍ അത് നിങ്ങളുടെ ന്യായമായ അവകാശങ്ങള്‍ ചോദിക്കാനായിരിക്കണം. വര്‍ഗ സമരത്തിന്റെ വക്താക്കള്‍ നിങ്ങള്‍ക്ക് മുമ്പാകെ വെച്ചുകാട്ടുന്ന അവകാശങ്ങളെ കുറിച്ച പൊലിപ്പിച്ച ധാരണകള്‍ നിങ്ങള്‍ കൈയൊഴിക്കേണ്ടതുണ്ട്. നിയമപരമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ നിയമപരമായ വഴികള്‍ തന്നെ നിങ്ങള്‍ തേടണം. അങ്ങനെയാവുമ്പോള്‍ നേരെ ചിന്തിക്കുന്ന ഏതൊരാളും നിങ്ങളുടെ കാര്യത്തിന് വേണ്ടി രംഗത്തുണ്ടാവും.
ഒരു കാര്യം നാം എപ്പോഴും ഓര്‍ക്കണം. മനുഷ്യന്റെ യഥാര്‍ഥ പ്രശ്‌നം സാമ്പത്തികമല്ല. അത് ജീവിത പ്രശ്‌നങ്ങളിലെ ഒരു പ്രശ്‌നം മാത്രം. ധാര്‍മിക, വിദ്യാഭ്യാസ, രാഷ്ട്രീയ, നിയമ, ഭരണ മേഖലകളിലെല്ലാം തന്നെ ഇസ്‌ലാമിക തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സമഗ്ര പരിഷ്‌കരണം നടക്കുമ്പോള്‍ മാത്രമേ സാമ്പത്തിക രംഗവും നേരെയാവുകയുള്ളൂ. കേവല സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ഫലപ്രദമോ ലക്ഷ്യത്തിലെത്തുന്നതോ ആയിരിക്കില്ല.

(അവസാനിച്ചു)

(1957-ല്‍ പാകിസ്താന്‍ ലേബര്‍ വെല്‍ഫെയര്‍ കമ്മിറ്റി സമ്മേളനത്തില്‍ ചെയ്ത പ്രസംഗത്തിന്റെ സംഗ്രഹം)

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം