അല്‍ ഉമ്മ, ഖിലാഫത്ത് പഴയ സംജ്ഞകളുടെ പുതിയ വായനകള്‍
ഇസ്‌ലാമിക ചരിത്രത്തിലും ഇസ്‌ലാമിന്റെ പ്രാമാണിക പാഠങ്ങളിലും കണ്ടുവരുന്ന സാങ്കേതിക സംജ്ഞകളെ പുതിയ കാലത്ത് എങ്ങനെ വായിക്കണമെന്നത് ഭിന്നാഭിപ്രായങ്ങള്‍ക്ക് വേണ്ടുവോളം ഇടമുള്ള ഒരു പഠനമേഖലയാണ്. സാങ്കേതിക പദാവലികള്‍ രണ്ട് തരമുണ്ട്. ഒന്ന്, ഖുര്‍ആനിലും ഹദീസിലും വന്നിട്ടുള്ളവ. അതിനെയാണ് ഇവിടെ പ്രാമാണിക പാഠങ്ങള്‍ എന്ന് വ്യവഹരിച്ചിരിക്കുന്നത്. ഇത്തരം സാങ്കേതിക ശബ്ദങ്ങളെയും പ്രയോഗങ്ങളെയും അവയുടെ അക്ഷരാര്‍ഥത്തില്‍ എടുക്കാതെ, നിയമദാതാവായ അല്ലാഹു എന്താണോ അവ കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത് അത് കണ്ടെത്തുക എന്നതാണ് വളരെ പ്രധാനം. എങ്കില്‍ ഏത് കാലത്തും അവയെ ശരിയായ അര്‍ഥത്തില്‍ വായിക്കാന്‍ പ്രയാസമുണ്ടാവുകയില്ല. ശരീഅത്തിന്റെ മഹോന്നത ലക്ഷ്യങ്ങള്‍ (മഖാസിദുശ്ശരീഅ) എന്ന പഠനശാഖയുടെ സഹായത്തോടെ ഇങ്ങനെ ഖുര്‍ആനിലെയും ഹദീസിലെയും സംജ്ഞകളെയും പ്രയോഗങ്ങളെയും പുതിയ കാലത്തിന്റെ ഭാഷയില്‍ നമുക്ക് വായിക്കാന്‍ കഴിയും.
അല്‍ഉമ്മ
ഖുര്‍ആനില്‍ ഉമ്മഃ എന്ന പദം 49 തവണ വന്നിട്ടുണ്ട്. ഇതില്‍ 43 തവണയും മക്കയില്‍ അവതരിച്ച സൂക്തങ്ങളിലാണ് വന്നിട്ടുള്ളത്. ഇതിന്റെ ബഹുവചനമായ ഉമമ് എന്ന് വാക്ക് പതിനൊന്ന് തവണ പരാമര്‍ശിക്കപ്പെടുന്നു. പത്ത് തവണയും മക്കീ സൂറകളില്‍. നിര്‍ണിത അര്‍ഥമുള്ള ഒരു സാങ്കേതിക സംജ്ഞയായി അല്ല ഖുര്‍ആന്‍ ഇത് പ്രയോഗിക്കുന്നത്. പലേടത്തും പല അര്‍ഥമാണ്. 'അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ നിങ്ങളെ ഒരേ ഉമ്മത്ത് ആക്കുമായിരുന്നു' (അന്നഹ്ല്‍ 93) എന്നിടത്ത് മതം, ആദര്‍ശം എന്നൊക്കെയാണ് അര്‍ഥം. ഇബ്‌റാഹീം നബി (അ)യെ ഉമ്മത്തായി വിശേഷിപ്പിച്ചത് നേതാവ് എന്ന അര്‍ഥത്തിലാവാം. യൂസുഫ് അധ്യായത്തില്‍ (45) സമയം എന്ന അര്‍ഥത്തില്‍ ഉമ്മത്ത് പ്രയോഗിച്ചിട്ടുണ്ട്. ഖസ്വസ്വ് അധ്യായത്തില്‍(23) വെള്ളമെടുക്കാന്‍ വരുന്ന ഒരു സംഘം എന്ന അര്‍ഥത്തിലും.
ഏറ്റവും കൂടുതല്‍ ഉമ്മത്ത് വന്നിട്ടുള്ളത് മക്കീ സൂറകളിലാണ് എന്ന് നാം കണ്ടു. മുന്‍ പ്രവാചകന്മാരെ ധിക്കരിച്ച സമൂഹങ്ങളെക്കുറിക്കാനാണ് അവയിലധികവും വന്നിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. അതിനാല്‍ ഖുര്‍ആനിക സൂക്തങ്ങള്‍ വെച്ച്, നിര്‍ണിത ഗുണഗണങ്ങളുള്ള ഏതെങ്കിലും സമൂഹമാണ് ഉമ്മത്ത് എന്ന് പറയാന്‍ കഴിയില്ല.
അതേസമയം മദനീ അധ്യായങ്ങളില്‍ വന്ന 'മധ്യമസമുദായം' (ഉമ്മത്തന്‍ വസത്വ്-അല്‍ബഖറ 143), 'ജനങ്ങള്‍ക്ക് വേണ്ടി ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെട്ട സമുദായം' (ഖൈറ ഉമ്മത്തിന്‍ ഉഖ്‌രിജത്ത് ലിന്നാസ്- ആലുഇംറാന്‍ 110), 'നന്മ കല്‍പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്ന ഉമ്മത്ത്' (ആലുഇംറാന്‍ 104) എന്നീ പ്രയോഗങ്ങള്‍ ഒരു ആദര്‍ശ സമൂഹത്തെയാണ് കുറിക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. അപ്പോള്‍ ഇസ്‌ലാമിനെ ആദര്‍ശമായി സ്വീകരിച്ച സമൂഹമാണ് 'അല്‍ ഉമ്മ അല്‍ ഇസ്‌ലാമിയ്യ' എന്നോ 'അല്‍ ഉമ്മ' എന്ന ചുരുക്കപ്പേരിലോ അറിയപ്പെടുന്നത്. ഇത് ഒരു ആദര്‍ശസമൂഹം എന്ന നിലക്കുള്ള വിവക്ഷയാണ്.
ഒരു രാഷ്ട്ര ഘടനയിലേക്ക് വരുമ്പോള്‍ അവിടെ നിവസിക്കുന്നവരെല്ലാം മത വംശ വ്യത്യാസമില്ലാതെ ഉമ്മ എന്ന പരികല്‍പനയില്‍ വരും. മദീനക്ക് വേണ്ടി പ്രവാചകന്‍(സ) തയാറാക്കിയ 'അസസ്വഹീഫ' എന്ന പേരിലറിയപ്പെടുന്ന ലിഖിത ഭരണഘടനയില്‍, 'ജൂതന്മാര്‍ ഒരു സമൂഹമാണ്, മുസ്‌ലിംകള്‍ ഒരു സമൂഹമാണ്' (അല്‍യഹൂദു ഉമ്മത്തുന്‍, വല്‍ മുസ്ലിമൂന ഉമ്മത്തുന്‍) എന്ന് വന്നിട്ടുണ്ട്. ആദര്‍ശപരമായി നോക്കിയാല്‍ ഇവര്‍ രണ്ടും രണ്ട് വിഭാഗമാണ് എന്നേ ഇതിന് അര്‍ഥമുള്ളൂ. തൊട്ടുടനെ 'മുസ്‌ലിംകളും ജൂതന്മാരും ഒരു സമൂഹമാണ്' (അല്‍ മുസ്‌ലിമൂന വല്‍ യഹൂദ് ഉമ്മത്തുന്‍) എന്നും കാണാം. രാഷ്ട്രത്തിലെ പൗരന്മാര്‍ എന്ന നിലക്ക് ഇവര്‍ ആദര്‍ശഭിന്നതകള്‍ക്കപ്പുറം ഒരേ സമൂഹമാണ് എന്നാണ് ഇതിനര്‍ഥം. പൗരത്വത്തെയാണ് ഇവിടെ നിര്‍വചിച്ചിരിക്കുന്നത്. ആദര്‍ശ വ്യതിരിക്തതക്കൊപ്പം ബഹുസ്വരതയെയും പൗരന്മാരുടെ തുല്യാവകാശങ്ങളെയും ഇതിനേക്കാള്‍ മനോഹരമായി എങ്ങനെയാണ് നിര്‍വചിക്കാനാവുക!
ഖിലാഫത്ത് ഖുര്‍ആനില്‍
ഖിലാഫത്ത് എന്നാല്‍ പ്രാതിനിധ്യം എന്നര്‍ഥം. ഖുര്‍ആനില്‍ ഒരു ഖിലാഫത്തിനെക്കുറിച്ച് പറയുന്നുണ്ട്. ഇസ്‌ലാമിക ചരിത്രത്തിലും ഒരു ഖിലാഫത്തുണ്ട്. ഇത് രണ്ടും ഒന്നാണെന്ന് ധരിച്ചുള്ള സാമാന്യവത്കരണങ്ങളും വിശദീകരണങ്ങളും വലിയ ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധി എന്നതാണ് ഖുര്‍ആന്‍ മനുഷ്യന് നല്‍കുന്ന പദവി. ഭൂമിയെ എല്ലാ അര്‍ഥത്തിലും കെട്ടിപ്പടുക്കുക എന്നാണ് (ഇഅ്മാറുല്‍ അര്‍ദ്) അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈയൊരു ദൗത്യനിര്‍വഹണമാണ് മലക്കുകളില്‍നിന്നും ജിന്നുകളില്‍നിന്നും സകല ജീവജാലങ്ങളില്‍നിന്നും മനുഷ്യനെ വേര്‍തിരിച്ചുനിര്‍ത്തുന്നത്. 'നിങ്ങളെ ഭൂമിയില്‍ പ്രതിനിധികള്‍ ആക്കിയത് അവനാണ്' (ഫാത്വിര്‍ 39), 'നാം നിങ്ങള്‍ക്ക് ഭൂമിയില്‍ അധീശാധികാരം നല്‍കി' (അല്‍ അഅ്‌റാഫ് 10), 'ഞാന്‍ ഭൂമിയില്‍ ഒരു പ്രതിനിധിയെ നിശ്ചയിക്കുന്നു' (അല്‍ബഖറ 30) എന്നീ സൂക്തങ്ങളിലും മനുഷ്യന്റെ നിയോഗ ലക്ഷ്യമായി ഖിലാഫത്തിനെ വിശേഷിപ്പിക്കുന്നു. ഈ അര്‍ഥത്തില്‍ എല്ലാ മനുഷ്യരും ഖലീഫമാരാണ്.
ഖുര്‍ആനില്‍ പറഞ്ഞ രണ്ടാമത്തെയിനം പ്രാതിനിധ്യം (ഇസ്തിഖ്‌ലാഫ്) ഒരു പ്രത്യേക വിഭാഗത്തിന് നല്‍കുന്നതാണ്. 'പാപികളായ ജനത്തിന് ശേഷം ഭൂമിയില്‍ നാം നിങ്ങളെ പ്രതിനിധികളാക്കിയിരിക്കുന്നു- നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കാണാന്‍' (യൂനുസ് 14), 'നിങ്ങള്‍ പിന്മാറുകയാണെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് പകരം മറ്റൊരു ജനത്തെ കൊണ്ടുവരുന്നതാകുന്നു' (മുഹമ്മദ് 38) തുടങ്ങിയ സൂക്തങ്ങളില്‍ നിര്‍ണിത ഗുണവിശേഷങ്ങള്‍ ആര്‍ജിച്ച ഒരു സമൂഹത്തെക്കുറിച്ചാണ് പറയുന്നത്.
ഇമാം എന്ന വാക്കും ഖുര്‍ആന്‍ ഏറെക്കുറെ ഖലീഫ എന്ന അര്‍ഥത്തില്‍ പ്രയോഗിച്ചിട്ടുണ്ട്. വഴികാട്ടിയായ പ്രവാചകനെയോ വേദഗ്രന്ഥത്തെയോ കുറിക്കാന്‍ ഇമാം എന്ന് പ്രയോഗിച്ചിരിക്കുന്നു (ഹൂദ് 17, ഹിജ്ര്‍ 78). ഇസ്ഹാഖ്, യഅ്ഖൂബ് പ്രവാചകന്മാരെ ഇമാമുമാര്‍ (അഇമ്മ) എന്നാണ് (അല്‍അമ്പിയാഅ് 73) വിശേഷിപ്പിച്ചിരിക്കുന്നത്.
ഇതാണ് ഖുര്‍ആനിലെ ഖിലാഫത്തും ഇമാമത്തും. സുന്നീ-ശീഈ രാഷ്ട്രീയ ധാരകളില്‍ പില്‍ക്കാലത്ത് സ്ഥാപനവത്കരിക്കപ്പെട്ട ഖിലാഫത്തിനും ഇമാമത്തിനും ഖുര്‍ആനിക സംജ്ഞകളുമായി ബന്ധമില്ല. ചരിത്രത്തില്‍ ഉരുത്തിരിഞ്ഞ് വന്ന ആധ്യാത്മിക-ഭൗതിക ഭരണക്രമങ്ങള്‍ക്ക് അവര്‍ ആ പേരുകള്‍ നല്‍കുക മാത്രമാണ് ചെയ്തത്. ഈ ചരിത്ര പ്രതിഭാസങ്ങളെ നിശിതമായ വിശകലനത്തിനും വിചാരണക്കും വിധേമാക്കുന്നതില്‍ ഖുര്‍ആനികമായ തടസ്സങ്ങളൊന്നും ഇല്ലെന്നര്‍ഥം.
ഖിലാഫത്തിനെപ്പോലെ തിരുത്താവുന്നതും മാറ്റി സ്ഥാപിക്കാവുന്നതുമായ ഒരു ഭരണക്രമമായല്ല ശീഈ ധാരയില്‍ ഇമാമത്ത് പരിചയപ്പെടുത്തപ്പെടുന്നത്. ഇമാമത്തിന്റെ നിര്‍വചനത്തില്‍ തന്നെ അത് നുബുവ്വത്തിന്റെ തുടര്‍ച്ചയാണെന്ന് വ്യക്തമാക്കുന്നുണ്ട്. നുബുവ്വത്തിന്റെ അപ്രമാദിത്വം (ഇസ്വ്മത്ത്) ഇമാമത്തിനും കല്‍പിച്ച് നല്‍കുകയാണ്. ഇമാം പാപസുരക്ഷിതനും തെറ്റുകുറ്റങ്ങളില്‍നിന്ന് മുക്തനുമാണെന്നാണ് വിശ്വാസം. ഇമാമും ഇമാമത്തും തിരുത്തലിനും ചോദ്യം ചെയ്യലിനും അതീതമാണ്. ഈയൊരു വിശ്വാസം രാഷ്ട്രീയ ചിന്തയില്‍ കൊണ്ടുവരുന്ന ഏങ്കോണിപ്പും രാഷ്ട്രഘടനയില്‍ വളര്‍ത്തുന്ന ഏകാധിപത്യ പ്രവണതകളും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.
ഖിലാഫത്തിന് മതകീയ അപ്രമാദിത്വം കല്‍പിച്ചുകൊടുക്കാത്തത് കൊണ്ട് ഭരണാധികാരി എല്ലാവിധ ജനകീയ വിചാരണകള്‍ക്കും ചോദ്യം ചെയ്യലുകള്‍ക്കും വിധേയനാണ്. ഈ അര്‍ഥത്തില്‍ ഇമാമത്തിനേക്കാള്‍ ഖിലാഫത്താണ് കൂടുതല്‍ ക്രിയാത്മകവും ആധുനിക ജനാധിപത്യ ബോധത്തിന് കൂടുതല്‍ ഇണങ്ങുന്നതും.
ചരിത്രത്തിലെ ഖിലാഫത്ത്
തനിക്ക് ശേഷം ആര് ഭരണാധികാരിയാകണമെന്നോ ഭരണക്രമം എങ്ങനെയായിരിക്കണമെന്നോ പ്രവാചകന്‍ നിര്‍ദേശിക്കുകയുണ്ടായില്ല. ഈ മൗനം ഇസ്‌ലാമിന്റെ സാര്‍വകാലികതക്കും സാര്‍വജനീനതക്കും ഉത്തമ ദൃഷ്ടാന്തമാണ്. ഇന്നയിന്ന രീതിയിലുള്ള ഭരണക്രമമാണ് തനിക്ക് ശേഷം വരേണ്ടതെന്ന് പ്രവാചകന്‍ പറഞ്ഞിരുന്നുവെങ്കില്‍ കാലത്തിനൊപ്പം ഇസ്‌ലാമിനെ കൊണ്ടുപോകാന്‍ പില്‍ക്കാലക്കാര്‍ വളരെ പ്രയാസപ്പെട്ടേനെ. മനുഷ്യ പ്രയാണം നാഗരികവികാസത്തിന്റെ ഏതൊക്കെ പടവുകള്‍ ചവിട്ടിക്കയറുമ്പോഴും ആ സന്ദര്‍ഭത്തിലേക്ക് വഴങ്ങുന്ന ഒരു ഭരണക്രമം രൂപപ്പെടുത്തിയെടുക്കാന്‍ ഇതുവഴി ഇസ്‌ലാമിന് സാധ്യമാകുന്നു. കാലത്തിന് യോജിച്ച ഭരണക്രമം എന്ന അന്വേഷണത്തിന്റെ ആദ്യത്തെ ഉത്തരമായിരുന്നു അല്‍ ഖിലാഫത്തുര്‍റാശിദ എന്നറിയപ്പെടുന്ന സച്ചരിതരായ ആദ്യ നാല് ഖലീഫമാരുടെ ഭരണക്രമം. അതിന്റെ ചട്ടക്കൂട് പോലെ, ഇസ്‌ലാമിക ഖിലാഫത്ത് എന്ന അതിന്റെ പേരും അന്വേഷണഫലമായി (ഇജ്തിഹാദ്) ഉരുത്തിരിഞ്ഞ് വന്നതായിരുന്നു. അതിനാല്‍ ഖിലാഫത്ത് ഒരു ചരിത്രാനുഭവ (historical experience)വും മനുഷ്യ പ്രയത്‌നവും (human endeavor) ആകുന്നു.
ഇസ്‌ലാമിക ശരീഅത്തില്‍ രണ്ട് തരത്തിലുള്ള നിയമവിധികളാണ് നമുക്ക് കാണാനാവുന്നത്. ഒന്നാമത്തേത് അടിസ്ഥാന തത്ത്വങ്ങളാണ്. അവയെ അടിസ്ഥാനപ്പെടുത്തിയാണ് എല്ലാം രൂപപ്പെടേണ്ടത്. അതിനാല്‍ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് ഒരു സന്ദര്‍ഭത്തിലും മാറ്റമുണ്ടാവില്ല. വേറെ ചില നിയമവിധികള്‍- അവ എണ്ണത്തില്‍ കുറവായിരിക്കും- കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പരിഷ്‌കരണവും ഭേദഗതികളും കൂട്ടിച്ചേര്‍ക്കലുകളും ആവശ്യമുള്ളവയായിരിക്കും. ആ നിയമവിധികളുടെ പദപ്രയോഗങ്ങളില്‍ തന്നെ സൂക്ഷ്മമായി നോക്കിയാല്‍ ആ ഇലാസ്തികത നമുക്ക് കാണാന്‍ കഴിയും. രാഷ്ട്രഘടന, ഭരണ മാതൃക പോലുള്ള കാര്യങ്ങള്‍ ഈ രണ്ടാം ഇനത്തിലാണ് വരിക. അതായത് ശരീഅത്തിന്റെ അടിസ്ഥാനങ്ങളില്‍ ഊന്നിക്കൊണ്ട് തന്നെ ബാഹ്യഘടനയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുക.
ഈ മാറ്റങ്ങള്‍ ഖിലാഫത്തുര്‍റാശിദയില്‍ തന്നെ വളരെ പ്രകടമാണ്. അവരില്‍ ഓരോരുത്തരും ഭരണാധികാരികളായി തെരഞ്ഞെടുക്കപ്പെട്ടത് ഓരോ രീതിയിലാണ്. ഭരണനിര്‍വഹണ സംവിധാനങ്ങള്‍, നയനിര്‍മാണ പ്രക്രിയ, രാഷ്ട്രീയ ബന്ധങ്ങളും തീരുമാനങ്ങളും ഇവയെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു ഇക്കാലയളവില്‍. മുപ്പതില്‍ കുറഞ്ഞ വര്‍ഷങ്ങള്‍ക്കകമാണ് ഈ മാറ്റങ്ങളൊക്കെയും. അതുപോലെ ഖലീഫ, ഖിലാഫത്ത് തുടങ്ങിയ പേരുകള്‍ക്കും മതപരമായ പവിത്രതകളില്ല. ഭരണാധികാരിക്കും ഭരണക്രമത്തിനും അക്കാലക്കാര്‍ ആ പേരുകള്‍ ഉപയോഗിച്ചു എന്നേയുള്ളൂ. ഇതിനെ ഖണ്ഡിക്കുന്നവരുണ്ട്. 'പ്രവാചകത്വത്തിന്റെ പാതയില്‍ ഖിലാഫത്ത് വരാന്‍ പോകുന്നു' എന്ന അഹ്മദ് ഉദ്ധരിച്ച പ്രവാചക വചനമാണ് അവര്‍ക്കതിന് തെളിവ്. ഈ നബിവചനം ദുര്‍ബല നിവേദക ശ്രേണിയോടെ ഉദ്ധരിക്കപ്പെട്ടതാണ്. ഇനി ഹദീസ് ദുര്‍ബലമല്ല എന്നു വെച്ചാല്‍ തന്നെ പ്രവാചകന്റെ കാലശേഷം അതേ നന്മകളോടെ ഭരണം നടത്തുന്ന തന്റെ ശിഷ്യന്മാരുടെ ഭരണം വരാന്‍പോകുന്നു എന്നേ അതിനര്‍ഥമുള്ളൂ. ഈ ഭരണക്രമത്തിന് ഖിലാഫത്ത് എന്ന് വിളിക്കണം എന്ന് അതുകൊണ്ട് വന്നുചേരുകയില്ല.
പരമ്പരാഗത സുന്നീ വീക്ഷണപ്രകാരം ആധ്യാത്മികവും ഭൗതികവുമായ അധികാരങ്ങള്‍ ഒരേ ഖലീഫയില്‍/ഭരണാധികാരിയില്‍ സമ്മേളിച്ചിരിക്കണം. സച്ചരിതരായ ഖലീഫമാരാണ് അതിനുള്ള മാതൃക. ഭരണക്രമത്തെക്കുറിച്ചുള്ള മാര്‍വദിയുടെ ക്ലാസിക്കല്‍ കൃതിയില്‍ (അല്‍ അഹ്കാമുസ്സുല്‍ത്വാനിയ്യ) ഇങ്ങനെയാണതിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. പക്ഷേ, മാവര്‍ദി ജീവിച്ച കാലത്തെ ഭരണക്രമവും അദ്ദേഹത്തിന്റെ കൃതിയില്‍ പരാമര്‍ശിച്ച ഭരണക്രമവും തമ്മില്‍ തീരെ പൊരുത്തമുണ്ടായിരുന്നില്ല. അബ്ബാസി ഭരണത്തിന്റെ അസ്തമയ കാലത്താണ് മാവര്‍ദിയും ഇമാം ഗസാലിയുമൊക്കെ ജീവിച്ചത്. അബ്ബാസികള്‍ പേരിന് മാത്രമായിരുന്നു ഭരണാധികാരികള്‍. യഥാര്‍ഥ അധികാരം പേര്‍ഷ്യക്കാരും തുര്‍ക്കികളുമായ സുല്‍ത്താന്മാരുടെ കൈകളിലായിരുന്നു. മാവര്‍ദിയുടെ താത്ത്വിക വിശകലനത്തില്‍ നിന്ന് ഭിന്നമായി, നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇസ്‌ലാമിക ശരീഅത്ത് എങ്ങനെ പ്രയോഗവത്കരിക്കാം എന്നാണ് ഇമാം ഗസാലി ചിന്തിച്ചത്. ഖിലാഫത്തുര്‍റാശിദ മാതൃകാ ഭരണമായിരുന്നെങ്കിലും അത് മാത്രമേ ഭരണത്തിന്റെ ചട്ടക്കൂട് ആകാവൂ എന്ന ചിന്താഗതിയെ ഗസാലി ചോദ്യം ചെയ്തു. ഭൗതികവും ആത്മീയവുമായ നേതൃത്വം ഒരാളില്‍ സംഗമിക്കുന്നത് തന്നെയാണ് ഏറ്റവും ഉചിതം. ഇനിയത് സാധ്യമായില്ലെങ്കില്‍ ശരീഅത്തിന്റെ പ്രയോഗവത്കരണത്തിന് പുതിയ സാധ്യതകള്‍ ആരായണം. ഖലീഫ-സുല്‍ത്താന്‍- ഉലമ ത്രയത്തെ ഒരു കണ്ണിയില്‍ കോര്‍ക്കുകയും അധികാര പങ്കാളിത്തത്തിന്റെയും സൗഹൃദത്തിന്റെയും പുതിയൊരു ഫോര്‍മുല അവതരിപ്പിക്കുകയുമായിരുന്നു ഗസാലി. ഖിലാഫത്തുര്‍റാശിദ ഭരണക്രമം മനുഷ്യന്റെ സൃഷ്ടിയാണെന്നും അത് അതേപോലെ അനുകരിക്കേണ്ടത് മത ബാധ്യത അല്ലെന്നുമാണ് ഗസാലി സമര്‍ഥിച്ചത്. ഇരു അധികാരങ്ങളും ഒരാളില്‍ മേളിക്കുക എന്നതും ആ ഭരണക്രമത്തിന്റെ പ്രത്യേകതയാണ്. അങ്ങനെയല്ലാത്ത ഭരണക്രമങ്ങളെ അനിസ്‌ലാമികം എന്ന് മുദ്രകുത്തരുത് എന്നര്‍ഥം.
പല ഖിലാഫത്തുകള്‍ ഒരേസമയം സമാന്തര ഭരണം നടത്തിയിരുന്ന കാലത്താണ് ഗസാലി ഉള്‍പ്പെടെയുള്ളവര്‍ ജീവിച്ചത്. അവര്‍ ഖിലാഫത്തിന്റെ ബഹുത്വത്തെ അംഗീകരിക്കുകയും ചെയ്തു. ഏക നേതൃത്വത്തിന് കീഴില്‍ ഏക ഖിലാഫത്ത് വേണമെന്ന് അവര്‍ വാശിപിടിച്ചില്ല. അങ്ങനെയാവണമെന്നത് ഇസ്‌ലാമിക പ്രമാണമല്ല എന്നതാണതിന് കാരണം. റോമാ-പേര്‍ഷ്യ സാമ്രാജ്യങ്ങളെപ്പോലെ ഒരുകാലത്ത് ഇസ്‌ലാമിക ഖിലാഫത്ത് ഭൂഖണ്ഡങ്ങളോളം പരന്നുകിടന്നിരുന്നു എന്നത് നേരാണ്. അത് ചരിത്രത്തിലെ ഒരു ആക്‌സമികത. അത് എക്കാലവും അങ്ങനെയാവണമെന്ന് തീരുമാനിക്കുന്നതാണ് പ്രശ്‌നം. ഓരോ കാലത്തെയും രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ക്കൊത്ത് സ്വന്തമായ ഇടം വികസിപ്പിക്കാന്‍ ഇസ്‌ലാമിന് പ്രാപ്തിയുണ്ട് എന്നാണ് ഇമാം ഗസാലിയെപ്പോലുള്ളവര്‍ തെളിയിച്ച് കാട്ടിയത്. റാശിദ് ഗനൂശിയെപ്പോലുള്ള സമകാലിക ചിന്തകര്‍ ദേശരാഷ്ട്രങ്ങള്‍ക്കകത്ത് ഇസ്‌ലാമിക രാഷ്ട്രമീമാംസ എങ്ങനെ പ്രയോഗവത്കരിക്കാം എന്ന ചിന്തയെ വളരെയേറെ മുന്നോട്ട് കൊണ്ടുപോയവരാണ്. ഈയൊരു പശ്ചാത്തലത്തില്‍ ആഗോള ഖിലാഫത്ത്, ഒറ്റ നേതൃത്വം എന്നൊക്കെ വാശിപിടിക്കുന്നത് ഉട്ടോപ്യന്‍ എന്നേ വിശേഷിപ്പിക്കാനാവൂ.
ഖിലാഫത്തിന്റെ തകര്‍ച്ച
1924-ല്‍ ഉസ്മാനി ഖിലാഫത്ത് തകര്‍ന്നപ്പോള്‍ അത് മുസ്‌ലിം ലോകത്ത് കാര്യമായ പ്രതികരണമൊന്നും ഉണ്ടാക്കാത്തതിന് പല കാരണങ്ങളുണ്ട്. അതു കാരണം മുസ്‌ലിം ലോകത്തിന് ഏക നേതൃത്വം നഷ്ടപ്പെട്ടു പോലുള്ള വിലയിരുത്തലുകള്‍ വൈകാരികത നിറഞ്ഞ അത്യുക്തികളാണ്. ജീര്‍ണിച്ച ഒരു സംവിധാനത്തിന്റെ സ്വാഭാവിക തകര്‍ച്ച മാത്രമായിരുന്നു അത്. എത്രയോ കാലം മുമ്പ് നഷ്ടപ്പെട്ടുപോയ അധികാരത്തിന്റെ കേവലം ഒരു ചിഹ്നം മാത്രമായിരുന്നു അത് (a mere symbol of a power which departed long ago) എന്നാണ് ഉഥ്മാനി ഖിലാഫത്തിന്റെ തകര്‍ച്ചയെ മഹാകവി അല്ലാമാ ഇഖ്ബാല്‍ വിലയിരുത്തിയത്.
ഈ കാലയളവില്‍ തന്നെയാണ് സയ്യിദ് റശീദ് രിദാ ഖിലാഫത്തിനെക്കുറിച്ച് പുസ്തകമെഴുതുന്നത് (അല്‍ ഖിലാഫത്തു അവില്‍ ഇമാമത്തുല്‍ ഉളമാ- 1922-23). തകര്‍ന്നുപോയത് പുനഃസ്ഥാപിക്കുകയല്ല, പുതിയ സംവിധാനത്തെക്കുറിച്ച് ആലോചിക്കുകയാണ് വേണ്ടതെന്ന ആശയമാണ് പുസ്തകം മുന്നോട്ടു വെക്കുന്നത്. ഇസ്‌ലാമിക ഭരണകൂടം (അല്‍ ഹുകൂമത്തുല്‍ ഇസ്‌ലാമിയ്യ) എന്നാണ് ആ പുതിയ സംവിധാനത്തിന് അദ്ദേഹം പേര് നല്‍കുന്നത്. പിന്നീട് ഈ പ്രയോഗം ഇസ്‌ലാമിസ്റ്റുകള്‍ ഏറ്റെടുക്കുകയുണ്ടായി.
ഇപ്പോള്‍ തീര്‍ത്തും ബഹുസ്വരവും തുല്യ പൗരത്വത്തില്‍ (മുവാത്വനഃ) അധിഷ്ഠിതവുമായ ഒരു രാഷ്ട്ര സങ്കല്‍പമാണ് ഇസ്‌ലാമിസ്റ്റുകള്‍ മുന്നോട്ട് വെക്കുന്നത്. ഇതിന്റെയെല്ലാം അടിസ്ഥാനമായി വര്‍ത്തിക്കുന്നത് മദീനക്ക് പ്രവാചകന്‍ തയാറാക്കിയ ലിഖിത ഭരണഘടനയാണ് എന്നതിനാല്‍ വളരെ ആധികാരികമാണ് പുതിയ വ്യാഖ്യാനങ്ങള്‍. ഇസ്‌ലാമിക ഭരണം നൂറ് ശതമാനം സിവില്‍ ഭരണമായിരിക്കുമെന്നും മധ്യ നൂറ്റാണ്ടിലെ മത രാഷ്ട്രവുമായി അതിനൊരു സാമ്യവുമില്ലെന്നും ഡോ. യൂസുഫുല്‍ ഖറദാവി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഒരു ദേശത്ത് വസിക്കുന്ന എല്ലാവരെയും അവരുടെ മതവും വംശവും നോക്കാതെ തുല്യ പൗരന്മാരായി കണ്ടുകൊണ്ടുള്ള സമീപനം പുതിയതല്ല. അത് ഖുര്‍ആന്‍ തന്നെ ഉയര്‍ത്തിപ്പിടിച്ചതാണ്. ''വിശ്വാസം കൈക്കൊള്ളുകയും പക്ഷേ (ഇസ്‌ലാമിക ഗേഹത്തിലേക്ക്) പലായനം ചെയ്യാതിരിക്കുകയും ചെയ്യുന്നവരോ, നിങ്ങള്‍ക്ക് അവരുടെ രക്ഷാകര്‍തൃത്വവുമായി യാതൊരു ബന്ധവുമില്ല- അവര്‍ സ്വദേശം വെടിഞ്ഞു വരുന്നതുവരെ'' (അല്‍ അന്‍ഫാല്‍ 72). വിശ്വാസാദര്‍ശങ്ങള്‍ക്കപ്പുറം ഒരേ സ്ഥലത്താവുക എന്നതാണ് ഇവിടെ പൗരത്വത്തിന്റെ നിദാനമായി പറഞ്ഞിട്ടുള്ളത്. ഒരേയിടത്ത് താമസിക്കുന്നത് ഏത് മതക്കാരനായിരുന്നാലും. അതിനാല്‍, 'വിശ്വാസിയുടെ പൗരത്വം അവന്റെ ആദര്‍ശമാണ്' (ജിന്‍സിയ്യത്തുല്‍ മുഅ്മിനി അഖീദത്തുഹു) എന്ന ശഹീദ് സയ്യിദ് ഖുത്വ്ബിന്റെ വാദം നമുക്ക് സ്വീകരിക്കാന്‍ നിവൃത്തിയില്ല. പ്രമാണപരമായും ചരിത്രപരമായും ഒരാള്‍ ജീവിക്കുന്ന പ്രദേശമാണ് അയാളുടെ പൗരത്വത്തെ തീരുമാനിക്കുന്നതെന്ന് കാണാന്‍ കഴിയും.
പൊതു പൗരത്വത്തിന് തടസ്സമായി വരുന്ന ഒന്ന് ദിമ്മി സമ്പ്രദായം തന്നെയായിരിക്കും. ഈ പദം രണ്ടാംതരം പൗരത്വത്തെക്കുറിക്കാനാണ് എല്ലാ ഭാഷകളിലും സാധാരണ ഉപയോഗിക്കപ്പെട്ട് കാണുന്നത്. യഥാര്‍ഥത്തിലിത്, ആ പദം തന്നെ സൂചിപ്പിക്കുന്നത് പോലെ, അല്ലാഹുവും പ്രവാചകനും മുസ്‌ലിം നേതൃത്വവും അമുസ്‌ലിം പൗരന്മാര്‍ക്ക് നല്‍കുന്ന പ്രത്യേക പരിഗണനയും പരിരക്ഷയുമാണ്. അമുസ്‌ലിം പൗരന്മാര്‍ക്ക് സൈനിക സേവനത്തിന് ഇളവ് ലഭിച്ചിരുന്നതിനാലാണ് ജിസ്‌യ എന്ന നികുതി ഈടാക്കിയിരുന്നത്. ഒരു ആധുനിക രാഷ്ട്രത്തില്‍ എല്ലാ പൗരന്മാരും സൈനിക സേവനം ചെയ്യുമെന്നതിനാല്‍ (അങ്ങനെയൊരു വ്യവസ്ഥയുണ്ടെങ്കില്‍) ഈ നികുതിയുടെ ആവശ്യമില്ല. നാം തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ ദിമ്മി എന്നത് ഇസ്‌ലാമിക സംജ്ഞ എന്നതിലുപരി, ചരിത്രത്തില്‍ പില്‍ക്കാലത്ത് പ്രചാരം നേടിയ ഒരു സംജ്ഞയാണ്. അത്തരം സമ്പ്രദായങ്ങള്‍ ഒഴിവാക്കുന്നത് കൊണ്ട് ഒരു പ്രശ്‌നവുമുണ്ടാകില്ലെന്ന് ഡോ. യൂസുഫുല്‍ ഖറദാവിയും അബ്ദുല്‍ കരീം സൈദാനും ചൂണ്ടിക്കാട്ടുന്നു. ഇത്തരം അന്വേഷണങ്ങളും പഠനങ്ങളും തുര്‍ക്കിയിലും തുനീഷ്യയിലും ഈജിപ്തിലുമൊക്കെ അനുകരണീയ മാതൃകകള്‍ സൃഷ്ടിക്കുന്ന ആഹ്ലാദകരമായ ചരിത്ര സന്ദര്‍ഭത്തിലാണ് നാമിപ്പോഴുള്ളത്.
(ശാന്തപുരത്ത് നടന്ന അക്കാദമിക് കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ സംഗ്രഹം)
Comments