ഫലസ്തീന്‍ മുസ്‌ലിം സമൂഹത്തിന്റെ മുന്നിലെ വെല്ലുവിളി
അല്ലാഹു പറയുന്നു: ''അല്ലയോ പ്രവാചകാ, സാക്ഷിയായും സുവിശേഷകനായും മുന്നറിയിപ്പുകാരനായും അല്ലാഹുവിന്റെ ഹിതത്താല്‍ അവങ്കലേക്ക് ക്ഷണിക്കുന്നവനായും പ്രകാശിക്കുന്ന വിളക്കായും നാം നിന്നെ അയച്ചിരിക്കുന്നു. (നിന്നില്‍) വിശ്വസിച്ചവരെ സുവാര്‍ത്തയറിയിച്ചുകൊള്ളുക; എന്തെന്നാല്‍ അവര്‍ക്ക് അല്ലാഹുവിങ്കല്‍നിന്ന് മഹത്തായ അനുഗ്രഹമുണ്ട്. സത്യനിഷേധികള്‍ക്കും കപടവിശ്വാസികള്‍ക്കും അശേഷം വഴങ്ങിപ്പോകരുത്. അവരുടെ ദ്രോഹങ്ങളെ തെല്ലും സാരമാക്കയുമരുത്. അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊള്ളുക. കാര്യങ്ങള്‍ ഭരമേല്‍പിക്കാന്‍ എത്രയും മതിയായവനല്ലോ അല്ലാഹു'' (അല്‍അഹ്‌സാബ് 45).
പ്രിയ സത്യവിശ്വാസികളേ, അനുഗൃഹീതമായ ഫലസ്ത്വീന്റെ മണ്ണില്‍ നിന്നും ഖുദ്‌സിന്റെ നാട്ടില്‍ നിന്നുമാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. ഫലസ്ത്വീന്‍ നേരിട്ട കടുത്ത യുദ്ധത്തിന്റെയും ഉപരോധത്തിന്റെയും അതിന്റെ അനിവാര്യ ഫലമെന്നോണം പ്രത്യക്ഷീഭവിച്ച നാനാതരം ദുരിതങ്ങളുടെയും നാളുകളില്‍ ഞങ്ങളോടൊപ്പം നിന്ന ഖത്തറിന്റെ അമീറിനോടും ഭരണകൂടത്തോടും ഇവിടത്തെ ജനങ്ങളോടുമുള്ള അളവറ്റ കടപ്പാടുകളും ആത്മാര്‍ഥമായ സ്‌നേഹവുമായിട്ടാണ് ഞങ്ങള്‍ വന്നിട്ടുള്ളത്. ഉപരോധത്തിന്റെ നീണ്ട വര്‍ഷങ്ങളിലും 22 നാളുകളിലെ കൊടുമ്പിരികൊണ്ട യുദ്ധ സന്ദര്‍ഭ ത്തിലുമെല്ലാം ഖത്തര്‍ നല്‍കിയ നിര്‍ലോഭ സഹായം അനുസ്മരണീ യമാണ്.
സഹോദരങ്ങളേ, രണ്ടു സുപ്രധാന കാര്യങ്ങള്‍ അമാനത്തെന്നോണം ഞാന്‍ നിങ്ങളെ അറിയിക്കുകയാണ്. അത്, വിവിധ തലത്തിലും വിതാനത്തിലും നിന്നുകൊണ്ട്, ലക്ഷ്യ സാക്ഷാത്കാരത്തിന് വേണ്ടി നമുക്ക് ഒരുമിച്ചു ഒരേ മനസ്സോടുകൂടി നിര്‍വഹിക്കാവുന്നത് എന്ന നിലയിലാണ് നിങ്ങളുടെ മുമ്പില്‍ വെക്കുന്നത്. അതിലൊന്ന് ഖുദ്‌സും അഖ്‌സയുമാണ്. ഖുദ്‌സ് തകര്‍ന്നു കൊണ്ടിരിക്കുകയാണ്. ഒരു മാധ്യമ ശൈലിയിലുള്ള വര്‍ത്തമാനമല്ല ഇത്. അധിനിവേശത്തിന്റെ ആദ്യനാള്‍ തൊട്ടേ മൃഗീയമായ ആക്രമണ ങ്ങളിലൂടെ ഖുദ്‌സിനെ നശിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ സയണിസ്റ്റുകള്‍ നടത്തി വരുന്നുണ്ട്. കുടിയേറ്റക്കാരെ പട്ടും വളയും നല്‍കി സ്വീകരിച്ചു അവര്‍ക്ക് വേണ്ടി വന്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചു അധിനിവേശം അരക്കിട്ടുറപ്പിച്ചുകൊണ്ടും തെരഞ്ഞെടുക്കപ്പെട്ട ഖുദ്‌സിന്റെ മക്കളായ ജനപ്രതിനിധികളെയും മന്ത്രിമാരെ പോലും ഖുദ്‌സ് പട്ടണത്തില്‍ നിന്ന് ആട്ടിപ്പായിച്ചുമൊക്കെയാണ് അവര്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നത്.
ഇവിടെ ഒരുകാര്യം ഞാന്‍ അടിവരയിട്ടു പറയാന്‍ ആഗ്രഹിക്കുന്നു. ചോര നല്‍കി ഈ ഗൂഢനീക്കങ്ങളെ ഖുദ്‌സിന്റെ കാവല്‍ക്കാര്‍ ചെറുക്കുക തന്നെ ചെയ്യും. ഞങ്ങളുടെ ഖുദ്‌സ് ആര്‍ക്കും വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ല. കാരണം ഖുദ്‌സ് കേവലം കല്ലും മണ്ണുമല്ല. അത് ഒരു ആദര്‍ശവും ദീനും കൂടിയാണ്. അല്ലാഹുവിന്റെ ഒരു ദൃഷ്ടാന്തമാണ്, പ്രിയ പ്രവാചകന്‍ രാപ്രയാണം നടത്തിയ ഗേഹമാണ്. ഖുദ്‌സിന്റെ കാവല്‍ക്കാര്‍ക്ക് ഇന്ന്, പുതിയ രാഷ്ട്രീയ പരിതസ്ഥിതിയില്‍ മുസ്‌ലിം സമൂഹത്തിന്റെ ഏകീകൃത ശക്തി ആവശ്യമായിരിക്കുന്നു. ഖുദ്‌സു വിമോചനത്തിനായി തുറന്ന പോര്‍മുഖം ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. സ്വേഛാധിപതികളും അക്രമികളുമായ ഭരണാധികാരികളെ കശക്കിയെറിഞ്ഞ അറബ് വിപ്ലവം ഖുദ്‌സ് വീണ്ടെടുക്കുന്നതിന്റെ മുന്നോടിയായി അവതരിച്ച പുതുയുഗപ്പിറവിയാണ്. മുസ്‌ലിം ഉമ്മത്ത് അറബ് വിപ്ലവം വഴി ഖുദ്‌സ് വിമോചനത്തിനുള്ള ആവേശം വീണ്ടെടുത്തിരിക്കുകയാണ്.
രണ്ടാമത്തെ കാര്യം ഗസ്സയുടെ മേലുള്ള ഉപരോധമാണ്. അഞ്ചു വര്‍ഷത്തിലേറെയായി അത് അഭംഗുരം തുടരുകയാണ്. ഞങ്ങളുടെ ഇഛാശക്തിയെ ദുര്‍ബലമാക്കാനും ആന്തരിക വീര്യത്തെ കെടുത്താനും ഉദ്ദേശിച്ചുള്ളതാണ് ഈ ഉപരോധം. ഹമാസ് എന്ന ആദര്‍ശ പ്രസ്ഥാനത്തെ തെരഞ്ഞെടുത്ത ഒറ്റ കാരണ ത്താലാണ് ഗസ്സക്കാരെ ഉപരോധം വഴി പീഡിപ്പിക്കുന്നത്. 18 ലക്ഷം ഫലസ്ത്വീനികളാണ് ഗസ്സയില്‍ ഞെങ്ങി ഞെരുങ്ങി കഴിയേണ്ടിവരുന്നത്.
സഹോദരങ്ങളേ, പ്രിയ പ്രവാചക ശ്രേഷ്ഠന്‍ പിറന്ന മാസമാണിത്. പ്രവാചകാനുസ്മരണം സമൂഹത്തിനു നന്മയുടെയും വെളിച്ചത്തിന്റെയും മുസ്‌ലിം ഉമ്മത്തിന് പുത്തന്‍ ഉണര്‍വിന്റെയും പ്രചോദനമായി ഭവിക്കട്ടെ.
(3 /2 /2012 നു ദോഹയിലെ മുഹമ്മദ് ബ്‌നു അബ്ദില്‍ വഹാബ് 'ഗ്രാന്‍ഡ് മോസ്‌കി' ല്‍ ഗസ്സ പ്രധാനമന്ത്രി ഇസ്മായില്‍ ഹനിയ്യ ചെയ്ത ജുമുഅ പ്രഭാഷണത്തിന്റെ സംഗ്രഹം. ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംബന്ധിച്ചിരുന്നു )
തയാറാക്കിയത്:
ഫസ്‌ലുര്‍റഹ്മാന്‍ കൊടുവള്ളി
Comments