Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 25

അവയവദാനം അനുവദനീയമോ?

ഇല്യാസ് മൗലവി

മസ്തിഷ്കമരണം സംഭവിച്ചുവെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ അരുര്‍ ജോര്‍ജി(ബി.ടെക് വിദ്യാര്‍ഥി)ന്റെ കരള്‍, വൃക്ക, കണ്ണുകള്‍ മറ്റൊരാള്‍ക്ക് ദാനം നല്‍കിയതായി പത്രവാര്‍ത്ത (മാധ്യമം ജനു. 9, 2012). പടച്ചതമ്പുരാന്‍ നല്‍കിയ ജീവന്‍ തിരിച്ചെടുക്കുന്നത് ഏത് അര്‍ഥത്തിലാണ് വിശദീകരിക്കുക. അവയവം എടുക്കുന്നതിലൂടെ രോഗി ദയാവധത്തിന് വിധേയമാവുകയല്ലേ ചെയ്യുന്നത്?

മസ്തിഷ്ക മരണം സംഭവിച്ചു കഴിഞ്ഞു എന്ന് വിദഗ്ധരായ ഡോക്ടര്‍മാര്‍ വിധിയെഴുതിയ വ്യക്തി ഇസ്ലാമിക ദൃഷ്ട്യാ മരണപ്പെട്ടവരുടെ ഗണത്തില്‍പ്പെടുമെന്നും അതിനാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ മരണാനന്തര ക്രിയകള്‍ താമസിയാതെ ചെയ്യേണ്ടതാണെന്നുമാണ് ആധുനിക പണ്ഡിതന്മാര്‍ എത്തിച്ചേര്‍ന്ന വീക്ഷണം. അത്തരം സന്ദര്‍ഭങ്ങളില്‍ ഉപകരണങ്ങളുടെ മാത്രം സഹായത്തോടെ യാന്ത്രികമായി ജീവന്‍ ഉണ്ടെന്ന് വരുത്തി നിലനിര്‍ത്തുന്നതും അതിനുവേണ്ടി പണം ചെലവാക്കുന്നതും ഒഴിവാക്കേണ്ടതാണെന്ന് കൂടി ശൈഖ് ഖറദാവി അഭിപ്രായപ്പെട്ടിട്ടുണ്ട്. വസ്തുത ഇതായിരിക്കെ പടച്ചതമ്പുരാന്‍ നല്‍കിയ ജീവന്‍ തിരിച്ചെടുക്കുക എന്നത് ഇത്തരം ഘട്ടങ്ങളില്‍ സംഭവിക്കുന്നില്ല.
അത്തരം വ്യക്തികളുടെ വൃക്ക, കണ്ണുകള്‍ തുടങ്ങിയ അവയവങ്ങള്‍ ദാനം ചെയ്യുന്നത് (വില്‍ക്കാന്‍ പാടില്ല) മറ്റൊരു ജീവന്‍ രക്ഷിക്കാന്‍ ഉപകരിക്കുമെങ്കില്‍ അനുവദനീയമാണെന്നു മാത്രമല്ല പുണ്യകരം കൂടിയാണ്. ദാനം ചെയ്യുന്ന വ്യക്തിയുടെയോ അടുത്ത ബന്ധുക്കളുടെയോ അനുവാദം ഉണ്ടായിരിക്കണം എന്നുമാത്രം. ദയാവധത്തിന്റെ ഗണത്തിലും ഇത് പെടുകയില്ല. എന്നാല്‍ രോഗശമനത്തില്‍ പ്രതീക്ഷയില്ല എന്ന ന്യായം പറഞ്ഞ് എത്ര മാരകമായ രോഗമായാലും അത്തരം രോഗികളെ ദയാവധത്തിന് വിധേയമാക്കുന്നത് ഇസ്ലാം ഒട്ടും അനുവദിക്കുന്നില്ല.

ഡി.എന്‍.എ ടെസ്റിലൂടെ സ്ഥാപിക്കപ്പെടുന്ന പിതൃത്വം/ബന്ധുത്വം ഇസ്ലാമിക ശരീഅത്ത് അംഗീകരിക്കുമോ?

ഡി.എന്‍.എ ടെസ്റുകളുടെ പ്രാമാണികത 2002 ജനുവരിയില്‍ മക്കയില്‍ സമ്മേളിച്ച ലോക പണ്ഡിത സമിതി വിശദമായി ചര്‍ച്ച ചെയ്തിരുന്നു. കര്‍മശാസ്ത്ര പണ്ഡിതന്മാരും ഡോക്ടര്‍മാരും ഈ വിഷയത്തില്‍ പ്രാഗത്ഭ്യമുള്ളവരുമൊക്കെ പങ്കെടുത്ത ആ സമ്മേളനത്തില്‍ തദ്വിഷയകമായി നിരവധി പ്രബന്ധങ്ങളും സര്‍വേകളും റിപ്പോര്‍ട്ടുകളും ചര്‍ച്ചചെയ്യപ്പെടുകയുണ്ടായി. തുടര്‍ന്ന് കൈക്കൊണ്ട പ്രധാനപ്പെട്ട തീരുമാനങ്ങള്‍:
1. കുറ്റകൃത്യങ്ങളില്‍ പ്രതിയാരാണെന്ന് നിര്‍ണയിക്കുന്നതിന് ഡി.എന്‍.എ ടെസ്റുകളെ അവലംബിക്കാം.
2. പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ ടെസ്റുകളെ ആശ്രയിക്കുന്നതില്‍ സൂക്ഷ്മതയും അതീവജാഗ്രതയും കൈകൊള്ളേണ്ടതുണ്ട്.
3. പിതൃത്വം നിഷേധിക്കാന്‍ ഒരിക്കലും തന്നെ ഡി.എന്‍.എ ടെസ്റുകളെ ഉപയോഗിച്ചു കൂടാ.
4. സ്ഥാപിതമായിക്കഴിഞ്ഞ പിതൃത്വം കൂടുതല്‍ ഉറപ്പുവരുത്തുക എന്ന ഉദ്ദേശ്യത്തോടെ ഡി.എന്‍.എ ടെസ്റുകള്‍ ഉപയോഗപ്പെടുത്തുന്നത് അനുവദനീയമല്ല. ബന്ധപ്പെട്ടവര്‍ അത് നിയമം മൂലം തടയുകയും അതിനു മുതിരുന്നവര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതാണ്. വ്യക്തികളുടെ അഭിമാനവും പാരമ്പര്യവും സംരക്ഷിക്കുക എന്ന ശരീഅത്തിന്റെ മുഖ്യ താല്‍പര്യം പരിഗണിച്ച് താഴെപ്പറയുന്ന സാഹചര്യങ്ങളില്‍ ഡി.എന്‍.എ ടെസ്റുകള്‍ പിതൃത്വം തെളിയിക്കുന്നതില്‍ അവലംബിക്കാവുന്നതാണ്.
* പിതാവ് ആരാണെന്ന് നിശ്ചയമില്ലാത്ത കേസുകളില്‍ യഥാര്‍ഥ പിതാവ് ആരാണെന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുമ്പോള്‍.
* ആശുപത്രികളിലും ശിശുകേന്ദ്രങ്ങളിലും മറ്റും വെച്ച് കുഞ്ഞുങ്ങള്‍ കൂടിക്കലര്‍ന്നു പോവുക, ടെസ്റ്യൂബ് ശിശുക്കളാവുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ സംശയം നേരിട്ടാല്‍.
* പ്രകൃതി ദുരന്തങ്ങള്‍, കലാപങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ കുട്ടികള്‍ ആരുടേതാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍.
5. ടെസ്റ് നടത്താന്‍ സര്‍ക്കാറിന്റെയും നീതിപീഠത്തിന്റെയും അംഗീകാരവും മേല്‍നോട്ടവുമുള്ള ലാബുകള്‍ക്ക് മാത്രം അനുവാദം നല്‍കുക. ലാഭേഛയോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് ഇതിനുള്ള അനുവാദം നിയമം മൂലം തടയുക.
6. ഓരോ നാട്ടിലും പ്രഗത്ഭരും വിശ്വസ്തരുമായവര്‍ ഉള്‍ക്കൊള്ളുന്ന ഒരു സമിതി രൂപീകരിക്കുകയും പരിശോധനകള്‍ക്ക് അവരുടെ അംഗീകാരം വേണമെന്ന് വ്യവസ്ഥ വെക്കുകയും ചെയ്യുക.
7. ചതിയോ വഞ്ചനയോ പരിശോധനാ ഫലങ്ങളില്‍ തിരിമറിയോ സംഭവിക്കാതിരിക്കാന്‍ കര്‍ശനമായ നിയമങ്ങളും വ്യവസ്ഥകളും ഉണ്ടാക്കുകയും ലാബുകള്‍ അവ പാലിക്കുന്നുണ്ടോ എന്ന് സദാ നിരീക്ഷിക്കുകയും ചെയ്യുക.
സാമ്പത്തികമോ രാഷ്ട്രീയമോ ഒക്കെയായ പലതരം സ്വാധീനങ്ങളുടെയും സമ്മര്‍ദങ്ങളുടെയും ഫലമായി സത്യം മറച്ചുവെക്കുകയും റിപ്പോര്‍ട്ടുകളില്‍ കൃത്രിമം കാണിക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ഇങ്ങനെയുള്ള ടെസ്റുകളെ എത്രത്തോളം ആശ്രയിക്കാമെന്നത് കൂടുതല്‍ ചര്‍ച്ച ആവശ്യപ്പെടുന്നുണ്ട്.

ദീപങ്ങള്‍, നിലവിളക്ക്, പ്രതിമകള്‍, വിവിധ മതദൈവങ്ങളുടെ ചിത്രങ്ങള്‍ തുടങ്ങിയവയൊക്കെ വില്‍ക്കുന്നതിനെ സംബന്ധിച്ച് ഇസ്ലാമിക വിധി എന്താണ്?

ഇസ്ലാമിക ദര്‍ശനത്തിന്റെ ഒരടിസ്ഥാന തത്വമാണ് അത് ഏതൊരു കാര്യം നിഷിദ്ധമാക്കിയോ അതിലേക്ക് നയിക്കുന്നതും അതിന് സഹായകരമാവുന്നതുമെല്ലാം നിഷിദ്ധമാകും എന്നുള്ളത്. മദ്യം ഇസ്ലാം നിഷിദ്ധമാക്കി. അതുപോലെ മദ്യം വാറ്റുമെന്ന് കണ്ടാല്‍ അത്തരക്കാര്‍ക്ക് മുന്തിരിവില്‍ക്കുന്നത് പ്രവാചകന്‍ വിലക്കി. പന്നിമാംസം വിലക്കി. അത് വില്‍പന നടത്തുന്നതും അതിന്റെ വില കൈപ്പറ്റുന്നതുമെല്ലാം നിഷിദ്ധമാക്കി. ഇങ്ങനെയുള്ള വിലക്കുകള്‍ ഉള്ള ധാരാളം ഹദീസുകള്‍ കാണാവുന്നതാണ്.
ഇസ്ലാമിക ദൃഷ്ട്യാ ഏറ്റവും വലിയ പാപമാണ് ബഹുദൈവവിശ്വാസം അഥവാ ശിര്‍ക്ക്. പ്രവാചകന്മാര്‍ പ്രബോധനം ചെയ്തതും വേദഗ്രന്ഥങ്ങള്‍ ഉല്‍ബോധിപ്പിച്ചിട്ടുള്ളതും പ്രധാനമായും ബഹുദൈവവിശ്വാസം വെടിഞ്ഞ് ഏകദൈവവിശ്വാസം സ്വീകരിക്കണമെന്നാണ്. അതിനാല്‍ തികച്ചും ബഹുദൈവാരാധനയുമായി ബന്ധപ്പെട്ട വസ്തുക്കള്‍ വില്‍ക്കുന്നതും അത്തരം വരുമാനമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതും ഒഴിവാക്കുക എന്നതാണ് ഒരു മുസ്ലിമിനെ സംബന്ധിച്ചേടത്തോളം ഈമാന്റെ താല്‍പര്യം. ഇമാം മുസ്ലിം ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെ കാണാം. ജാബിറുബ്നു അബ്ദുല്ല പറയുന്നു. മക്കാ വിജയദിവസം അല്ലാഹുവിന്റെ ദൂതന്‍ പറയുന്നത് ഞാന്‍ കേട്ടു. അല്ലാഹുവും അവന്റെ ദൂതനും മദ്യം, ശവം, പന്നിമാംസം, പ്രതിമകള്‍ തുടങ്ങിയവ വില്‍ക്കുന്നത് ഹറാമാക്കിയിരിക്കുന്നു. അപ്പോള്‍ ശവത്തിന്റെ കൊഴുപ്പിനെക്കുറിച്ച് ആരോ ചോദിച്ചു: അതുകൊണ്ട് കപ്പലുകള്‍ പോളിഷ് ചെയ്യാറുണ്ട്, തൊലിയില്‍ ലേപനമായി ഉപയോഗിക്കാറുണ്ട്, വിളക്ക് കത്തിക്കാന്‍ എടുക്കാറുണ്ട്. അതൊക്കെ പറ്റുമോ? അവിടുന്ന് പറഞ്ഞു: ഇല്ല. ഹറാമാണത്. എന്നിട്ട് തിരുമേനി പറഞ്ഞു: അല്ലാഹു ജൂതരെ ശപിച്ചു. കാരണം, അല്ലാഹു അവര്‍ക്ക് ശവത്തിന്റെ കൊഴുപ്പ് നിഷിദ്ധമാക്കിയിരുന്നു. അവരത് മോഡികൂട്ടി വിറ്റു. എന്നിട്ടതിന്റെ വിലവാങ്ങി ഭക്ഷിക്കുകയും ചെയ്തു (ബുഖാരി, മുസ്ലിം)

ഞാന്‍ ഒരു ഡോക്ടറാണ്. കൈമുട്ടിന് വേദനയുള്ള ചില മുസ്ലിം സുഹൃത്തുക്കള്‍ ചികിത്സക്കായി എന്നെ സമീപിച്ചു. ഞാന്‍ അവരോട് നമസ്കരിക്കുമ്പോള്‍ ബെഡില്‍ മുസല്ലവെച്ച് നമസ്കരിക്കാനാവശ്യപ്പെട്ടു. കൈമുട്ടിന്റെ പ്രഷര്‍ കുറക്കുവാന്‍ വേണ്ടിയാണ് ഇങ്ങനെ പറഞ്ഞത്. പക്ഷേ, ഈയിടെ ഇത്തരത്തില്‍ നമസ്കരിക്കുന്നത് ശരിയാവുകയില്ലെന്ന് ഞാന്‍ വായിക്കുകയുണ്ടായി. പൂര്‍ണമായ രീതിയില്‍ നമസ്കരിക്കാന്‍ സാധിക്കാത്തവന്‍ ഇരുന്ന് നമസ്കരിച്ചാല്‍ മതിയെന്നാണ് അതില്‍ പറയുന്നത്. എന്താണ് ഈ വിഷയത്തിലെ ശരിയായ നിലപാട്?

രോഗമോ മറ്റു ശാരീരിക പ്രയാസങ്ങളോ ഉള്ളപ്പോള്‍ നമസ്കാരം പൂര്‍ണമായ രീതിയില്‍ എല്ലാ നിബന്ധനകളും നിര്‍ബന്ധഘടകങ്ങളും പാലിച്ചുകൊണ്ട് നിര്‍വഹിക്കുക പലര്‍ക്കും അസാധ്യമായിരിക്കും. എന്നാല്‍ അത്തരം ന്യായങ്ങളൊന്നും നമസ്കാരം ഒഴിവാക്കാനുള്ള ഒഴികഴിവായി ഇസ്ലാം അംഗീകരിച്ചിട്ടില്ല. കാരണം ദൈവസ്മരണയുടെ ഏറ്റവും ഉന്നതമായ രൂപമാണ് നമസ്കാരം. അതേ സമയം മനുഷ്യന്റെ നിസ്സഹായതയും പ്രയാസങ്ങളുമെല്ലാം പരിഗണിച്ച് ഇസ്ലാം ധാരാളം ഇളവുകള്‍ ഇത്തരക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.
ഇംറാനുബ്നു ഹുസൈന്‍(റ) പറയുന്നു: ഞാന്‍ അര്‍ശ്ശസ് രോഗിയായിത്തീര്‍ന്നപ്പോള്‍ നമസ്കാരത്തെപ്പറ്റി ഞാന്‍ തിരുമേനിയോട് ചോദിച്ചു. അവിടുന്ന് പറഞ്ഞു: "നിന്നു നമസ്കരിക്കുക, അതിനു സാധ്യമായില്ലെങ്കില്‍ ഇരുന്നുകൊണ്ട്, അതിനും സാധ്യമായില്ലെങ്കില്‍ ചെരിഞ്ഞു കിടന്നുകൊണ്ട്.'' നസാഈ ഉദ്ധരിച്ച നിവേദനത്തില്‍, "അതും സാധ്യമായില്ലെങ്കില്‍ മലര്‍ന്നു കിടന്നുകൊണ്ട്, ഒരാളോടും അവന്റെ കഴിവിനപ്പുറം അല്ലാഹു അനുശാസിക്കുകയില്ല'' എന്നു കൂടിയുണ്ട്.
ശാരീരിക ക്ളേശമുണ്ടാവുകയോ രോഗം മൂര്‍ഛിക്കുമെന്നും ശമനം വൈകുമെന്നും തലചുറ്റുമെന്നുമൊക്കെ ഭയപ്പെടുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ നില്‍ക്കുന്നതിനു പകരം ചമ്രം പടിഞ്ഞിരുന്ന് നമസ്കരിക്കാം. തിരുമേനി അങ്ങനെ നമസ്കരിച്ചത് താന്‍ കാണുകയുണ്ടായി എന്ന് ആഇശ(റ) പറയുന്നു.
എന്നാല്‍ കൈകള്‍ നിലത്ത് ഊന്നുവാനോ റുകൂഇല്‍ ശരിയായി കൈതാങ്ങ് കൊടുത്ത് കുനിയാനോ തടസ്സമുള്ളവരും കൈമുട്ട് വേദനകൊണ്ട് റുകൂഉം സുജൂദും നിര്‍വഹിക്കാന്‍ കഴിയാത്തവരും അവര്‍ക്ക് ഏറ്റവും സൌകര്യപ്രദമേതാണോ ആ രൂപത്തിലോ, കസേരയിലോ മറ്റോ ഇരുന്നോ നമസ്കരിക്കുകയാണ് വേണ്ടത്. ഇവിടെ റുകൂഉം സുജൂദും ആംഗ്യരൂപത്തില്‍ ചെയ്താല്‍ മതിയാവും. റുകൂഇനേക്കാള്‍ അല്‍പം കൂടി കുനിഞ്ഞുകൊണ്ടായിരിക്കണം സുജൂദ്. ഇരിക്കുന്നവര്‍ സുജൂദ് ചെയ്യാന്‍ പാകത്തില്‍ മുമ്പില്‍ തലയണയോ മറ്റു ഉയരമുള്ള വല്ലതുമോ മുമ്പില്‍ വെക്കുന്നതും, ഉയരമുള്ളിടത്തേക്ക് നീങ്ങിയിരുന്ന് മുമ്പില്‍ സുജൂദിന് സൌകര്യപ്പെടുമാറ് മുസ്വല്ല വിരിക്കുന്നതും അഭികാമ്യമല്ല. ഇതു സംബന്ധമായി ഒരു ഹദീസ് ഇപ്രകാരമാണ്: ജാബിര്‍(റ) പറയുന്നു. റസൂല്‍(സ) തിരുമേനി ഒരു രോഗിയെ സന്ദര്‍ശിച്ചു. തദവസരം അയാള്‍ തലയണമേല്‍ സുജൂദ് ചെയ്ത് നമസ്കരിക്കുന്നതു കണ്ടു. തിരുമേനി അത് എടുത്ത് മാറ്റിക്കൊണ്ട് പറഞ്ഞു: "സാധിക്കുമെങ്കില്‍ നിലത്തു നമസ്കരിക്കുക. അതിന് സാധിക്കാത്ത പക്ഷം ആംഗ്യം കാണിക്കുക. നിന്റെ സുജൂദ് റുകൂഇനെക്കാള്‍ അധികം താഴ്ന്നതാക്കുകയും ചെയ്യുക.'' (ബൈഹഖി-ബുലൂഗുല്‍ മറാം).

[email protected]
9746456410

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം