Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 09

3113

1440 ദുല്‍ഹജ്ജ് 07

ഖുര്‍ആനിലെ മുഹ്കമും മുതശാബിഹും

ഇമാം ഇബ്‌നുതൈമിയ്യ

'പൈശാചിക ദുര്‍ബോധനം' എന്നതിന്റെ എതിര്‍ശബ്ദമായി ചിലപ്പോള്‍ ഖുര്‍ആനില്‍ 'ഇഹ്കാം' എന്ന വാക്ക് പ്രയോഗിച്ചിട്ടുണ്ട്. ഈ അര്‍ഥകല്‍പനപ്രകാരം, 'മുഹ്കം' എന്നാല്‍ ദൈവം വെളിപാടായി അവതരിപ്പിച്ച സുവ്യക്ത വചനങ്ങളാണ്. അവ്യക്തതയുള്ളതും ആശയക്കുഴപ്പമുണ്ടാക്കുന്നതും ഇതില്‍ പെടില്ല. പുതുതായി ചേര്‍ത്തതിനെയും അത് മാറ്റിനിര്‍ത്തും. അപ്പോള്‍ ഇഹ്കാം എന്നു പറയുന്നത്, മറ്റെല്ലാറ്റില്‍നിന്നും വേര്‍തിരിച്ച് വകതിരിച്ച് കൃത്യമായി നിര്‍വചിക്കാനും നിര്‍ണയിക്കാനും പറ്റുന്നതും ആശയ വ്യക്തതയുള്ളതുമാകണം. ഇഹ്കാമില്‍ നിഷേധാത്മക വശമുണ്ട്; ധനാത്മക വശവുമുണ്ട്. ആ വാക്കിന്റെ മൊത്തം പൊരുളിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ് അതിന്റെ നിഷേധാത്മക വശം. ഖുര്‍ആനിലെ ഒരു ഉത്തരവ് റദ്ദ് (നസ്ഖ്) ചെയ്തിട്ടില്ല എന്ന് ഉറപ്പിക്കാനും ചിലപ്പോള്‍ 'ഇഹ്കാം' എന്ന പദം പ്രയോഗിക്കും.
മറ്റു ചിലപ്പോള്‍, വ്യാഖ്യാനവുമായി ബന്ധപ്പെടുത്തിയാണ് ഈ വാക്കിന്റെ പ്രയോഗമുണ്ടാവുക. ഒരു ഖുര്‍ആനിക സൂക്തത്തിന്റെ പൊരുള്‍ എന്തെന്ന്, അതിന് ഉണ്ടെന്ന് ഒരാള്‍ക്ക് സങ്കല്‍പിക്കാവുന്ന മറ്റു അര്‍ഥങ്ങളില്‍നിന്ന് കൃത്യമായി വേര്‍തിരിക്കാന്‍ കഴിയുമെങ്കില്‍ അത് മുഹ്കമാണ്. ഇതിന്റെ വിപരീത ശബ്ദമാണ് മുതശാബിഹ്. അതായത്, അവ്യക്തതയും ആശയക്കുഴപ്പവുമുണ്ടാക്കുന്നത്. ഒരു ഖുര്‍ആനിക സൂക്തം ഒന്നിലധികം ആശയങ്ങള്‍ ധ്വനിപ്പിക്കുകയും അതില്‍ ഏതെങ്കിലുമൊന്നായിരിക്കാം അതിന്റെ വിവക്ഷ എന്ന് വന്നുചേരുകയും  ചെയ്താല്‍ അതാണ് മുതശാബിഹ്. ഇമാം ഇബ്‌നു ഹമ്പല്‍ നിര്‍വചിച്ചത് ഇപ്രകാരമാണ്: ഭ'ിന്നത അനുവദിക്കാത്തതാണ് മുഹ്കം, ഒരു സ്ഥലത്ത് ഒരര്‍ഥവും മറ്റൊരു സ്ഥലത്ത് മറ്റൊരു അര്‍ഥവുമാണെങ്കില്‍ അതാണ് മുതശാബിഹ്.' വ്യാഖ്യാനവും അര്‍ഥവും (അത്തഫ്‌സീര്‍ വല്‍ മഅ്‌നാ) ഒരാള്‍ക്കും അറിഞ്ഞുകൂടാത്തത് എന്ന നിലക്കല്ല അദ്ദേഹം മുതശാബിഹിനെ നിര്‍വചിച്ചിട്ടുള്ളത് എന്ന് ഇവിടെ ഓര്‍ക്കണം. ഖുര്‍ആനില്‍ പറഞ്ഞത്, 'അതിന്റെ തഅ്‌വീല്‍ (ആത്യന്തിക വ്യാഖ്യാനം) അല്ലാഹുവിനല്ലാതെ അറിയില്ല' (3:7) എന്നാണല്ലോ. ഇബ്‌നു ഹമ്പല്‍ പറഞ്ഞതാണ് ശരി. അത്തരം സൂക്തങ്ങളുടെ 'തഅ്‌വീല്‍' അല്ലാഹുവിനേ അറിയൂ. മേല്‍സൂക്തത്തിന്റെ വാക്യഘടന അനുസരിച്ച്, ആ സൂക്തത്തില്‍ തന്നെ പരാമര്‍ശിക്കപ്പെടുന്ന 'ആഴത്തില്‍ ജ്ഞാനം നേടിയവര്‍'ക്കും തഅ്‌വീല്‍ കണ്ടെത്താന്‍ സാധിക്കുകയില്ല. ഇതാണ് പ്രവാചകാനുചരന്മാരുടെ (സ്വഹാബഃ) അഭിപ്രായം; പില്‍ക്കാലക്കാരായ രണ്ട് തലമുറകളിലെ ബഹുഭൂരിപക്ഷവും ഈ അഭിപ്രായത്തെ തന്നെയാണ് പിന്താങ്ങുന്നത്.
മുതശാബിഹായ ഖുര്‍ആനിക സൂക്തങ്ങള്‍ മനസ്സിലാവുകയില്ലെന്നോ വ്യാഖ്യാനത്തിന് വഴങ്ങുകയില്ലെന്നോ അല്ലാഹു പറഞ്ഞിട്ടില്ല. ഖുര്‍ആനില്‍ ഇങ്ങനെയാണല്ലോ പറഞ്ഞിട്ടുള്ളത്; ''താങ്കള്‍ക്ക് ഇറക്കിത്തന്ന അനുഗൃഹീതമായ വേദഗ്രന്ഥമാണിത്. ഇതിലെ വചനങ്ങള്‍ അവര്‍ ചിന്തിച്ചു മനസ്സിലാക്കാനും ബുദ്ധിയുള്ളവര്‍ ഉദ്ബുദ്ധരാകാനും വേണ്ടി'' (38:29). ഇത് മൊത്തം ഖുര്‍ആനെപ്പറ്റിയുള്ള പരാമര്‍ശമാണല്ലോ. ഖുര്‍ആനിലാണെങ്കില്‍ മുഹ്കമായ സൂക്തങ്ങളുണ്ട്, മുതശാബിഹായ സൂക്തങ്ങളുമുണ്ട്. ഖുര്‍ആനിലെ സൂക്തങ്ങള്‍ മനസ്സിലായില്ലെങ്കില്‍ നാം എങ്ങനെയാണ് അവ മനനം ചെയ്യുക? 'അവര്‍ ഖുര്‍ആന്‍ മനനം ചെയ്യുന്നില്ലേ?' (4:82) എന്ന് ഖുര്‍ആന്‍ തന്നെയല്ലേ ചോദിക്കുന്നത്? മുഴു ഖുര്‍ആനെയും സംബന്ധിക്കുന്ന പരാമര്‍ശമാണിത്. കുറച്ച് സൂക്തങ്ങളെ അതില്‍നിന്ന് ഒഴിച്ചുനിര്‍ത്താനാവില്ല. മുതശാബിഹായ സൂക്തങ്ങളുടെ പിന്നാലെ കൂടി, അവയുടെ തഅ്‌വീല്‍, അഥവാ ആത്യന്തികമായ അര്‍ഥം ഇന്നതാണെന്നു പറഞ്ഞ് സമൂഹത്തില്‍ ആശയക്കുഴപ്പവും ഛിദ്രതയും സൃഷ്ടിക്കുക-ഇതിനെയാണ് അല്ലാഹുവും പ്രവാചകനും വിലക്കിയത് എന്ന് കണ്ടെത്താവുന്നതേയുള്ളൂ. മുഹ്കമായാലും മുതശാബിഹായാലും എല്ലാ സൂക്തങ്ങളും പഠിക്കണം. അവയുടെ ആശയങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം. ആലോചന പരിധി വിടരുതെന്നു മാത്രം. മുഴുവന്‍ ഖുര്‍ആനിക സൂക്തങ്ങളെക്കുറിച്ചും ചിന്തിക്കണമെന്നു തന്നെയാണ് നിര്‍ദേശം. അത്തരക്കാരെ പ്രശംസിക്കുകയും ചെയ്തിരിക്കുന്നു (ഫതാവാ 13:274,275).

എന്താണ് തഅ്‌വീല്‍?
പില്‍ക്കാല എഴുത്തുകാരുടെയും നിയമജ്ഞരുടെയും ദൈവശാസ്ത്രകാരന്മാരുടെയും പാരമ്പര്യവാദികളുടെയും സൂഫികളുടെയുമൊക്കെ ബൗദ്ധിക സംവാദങ്ങളില്‍ തഅ്‌വീല്‍ എന്നു പറഞ്ഞാല്‍ ഇതാണ്: കൂടുതല്‍ പ്രത്യക്ഷമായ അര്‍ഥമെന്തോ അതിനെ ആ വാക്യവുമായി ബന്ധപ്പെട്ട വേറെ ചില കാരണങ്ങളില്‍ ഉപേക്ഷിക്കുക. ഫിഖ്ഹ് നിദാന തത്ത്വങ്ങളിലും നിയമാവിഷ്‌കാരത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളിലുമൊക്കെ കടന്നുവരുന്ന തഅ്‌വീല്‍ ഈ അര്‍ഥത്തിലുള്ളതാണ്. ഈ ഹദീസ് അല്ലെങ്കില്‍ ആ പരാമര്‍ശം തഅ്‌വീലിനു വിധേയമാണ് എന്നൊരാള്‍ പറയുമ്പോള്‍, അല്ലെങ്കില്‍ അത് ഇങ്ങനെയാണ് വ്യാഖ്യാനിക്കേണ്ടത്, അങ്ങനെയല്ല എന്ന് വാദിക്കുമ്പോള്‍ അങ്ങനെ വ്യാഖ്യാനിക്കാനുള്ള കാരണമെന്താണ് എന്ന് മറ്റുള്ളവര്‍ ചോദിക്കും. അപ്പോള്‍ തഅ്‌വീല്‍ നടത്തുന്നവര്‍ രണ്ട് കാര്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി കൊടുക്കേണ്ടി വരും: ഒന്ന്, താന്‍ ഉദ്ദേശിക്കുന്ന അര്‍ഥവും ആ വാക്യത്തിനുണ്ട് എന്ന് അയാള്‍ക്ക് സമര്‍ഥിക്കേണ്ടിവരും. രണ്ട്, കൂടുതല്‍ പ്രത്യക്ഷമായ ഒരു അര്‍ഥത്തില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്ന അര്‍ഥത്തിലേക്ക് മാറാനുള്ള കാരണവും വിശദീകരിക്കേണ്ടിവരും. ദൈവിക ഗുണങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചകളിലൊക്കെ കടന്നുവരുന്ന തഅ്‌വീല്‍ ഈ അര്‍ഥത്തിലുള്ളതാണ്.
എന്നാല്‍ മുന്‍കാലക്കാരുടെ ചര്‍ച്ചകളില്‍ തഅ്‌വീല്‍ എന്ന വാക്കിന് രണ്ട് അര്‍ഥങ്ങളാണുള്ളത്. ഒന്ന്, വ്യാഖ്യാനം. തഫ്‌സീര്‍ എന്ന വാക്കിന്റെ അതേ അര്‍ഥം തന്നെ. ഒരു നിര്‍ണിത വാക്യത്തിന്റെയോ ഖണ്ഡികയുടെയോ ആശയം വിശദീകരിക്കുക. പ്രസ്തുത ഖണ്ഡിക/വാക്യവുമായി ആ വിശദീകരണം ഒത്തുപോകുന്നുണ്ടോ ഇല്ലേ എന്നിവിടെ നോട്ടമില്ല. 'ഈ വാക്യത്തിന്റെ തഅ്‌വീല്‍ പണ്ഡിതന്മാര്‍ക്ക് അറിയാം' എന്ന് മുജാഹിദ് പറയുമ്പോഴും, 'ഈ വാക്കിന്റെ തഅ്‌വീലിനെ സംബന്ധിച്ച പണ്ഡിതാഭിപ്രായങ്ങള്‍ ഇപ്രകാരമാണ്....' എന്ന് മുഹമ്മദു ബ്‌നു ജരീര്‍ ത്വബരി1 തന്റെ ഖുര്‍ആന്‍ വ്യാഖ്യാന കൃതിയില്‍ എഴുതുമ്പോഴും, 'ഈ വാക്യത്തിന്റെ തഅ്‌വീലിനെ സംബന്ധിച്ച അഭിപ്രായം...' എന്ന് കാണുമ്പോഴും വ്യാഖ്യാനം എന്നേ അവിടെ ഉദ്ദേശിക്കുന്നുള്ളൂ എന്ന് മനസ്സിലാക്കണം. അതായത് തഫ്‌സീര്‍ എന്ന വാക്കിന്റെ പര്യായപദമാണ് ഇവിടെ തഅ്‌വീല്‍. മുന്‍കാലക്കാര്‍ തഅ്‌വീലിന് കൊടുക്കുന്ന രണ്ടാമത്തെ അര്‍ഥം (മൊത്തത്തിലെടുത്താല്‍ തഅ്‌വീലിന്റെ മൂന്നാമത്തെ വ്യാഖ്യാനം), വാക്കു കൊണ്ട് എന്താണോ അര്‍ഥമാക്കുന്നത് അത് മാത്രം ഉദ്ദേശിക്കുക എന്നതാണ്. വാക്യത്തിലുള്ളത് ആജ്ഞാ സ്വരമാണെങ്കില്‍, തഅ്‌വീലും ആജ്ഞാ സ്വരത്തിലുള്ളതായിരിക്കും. വിവരമറിയിക്കലാണ് ഉദ്ദേശ്യമെങ്കില്‍, തഅ്‌വീലിലും അത് അങ്ങനെത്തന്നെയായിരിക്കും.
ഈ മൂന്നാം അര്‍ഥത്തിലുള്ള തഅ്‌വീല്‍ ഖുര്‍ആനിലെ ഒരു ഭാഷാ പ്രയോഗം തന്നെയാണ്. യൂസുഫ് അധ്യായത്തില്‍ യഅ്ഖൂബ് തന്റെ മകന്‍ യൂസുഫിനോട് പറയുന്നു: ''ഇപ്രകാരം നിന്റെ നാഥന്‍ നിന്നെ തെരഞ്ഞെടുക്കുകയും സംഭവങ്ങളുടെ വ്യാഖ്യാനം (തഅ്‌വീലല്‍ അഹാദീസ്) നിനക്ക് പഠിപ്പിച്ചുതരികയും അവന്റെ അനുഗ്രഹം നിനക്ക് പൂര്‍ത്തിയാക്കിത്തരികയും ചെയ്യും'' (12:6).
തന്റെ മാതാപിതാക്കളും സഹോദരന്മാരും ഒന്നിച്ച് ഈജിപ്തിലെത്തിയ സന്ദര്‍ഭത്തില്‍ യൂസുഫ് നബി പറഞ്ഞ വാക്കുകള്‍ ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്: ''അങ്ങനെ യൂസുഫിനടുത്തേക്ക് അവര്‍ കടന്നുവന്നപ്പോള്‍ അദ്ദേഹം തന്റെ മാതാപിതാക്കളെ തന്നിലേക്ക് അണച്ചു ചേര്‍ത്തു; എന്നിട്ട് പറഞ്ഞു: 'അല്ലാഹുവിന്റെ ഇഛയാല്‍ നിര്‍ഭയരായി നിന്ന് ഈജിപ്തിലേക്ക് കടക്കുവിന്‍.' അദ്ദേഹം തന്റെ മാതാപിതാക്കളെ സിംഹാസനത്തില്‍ ഇരുത്തി. അവര്‍ (സഹോദരന്മാര്‍) അദ്ദേഹത്തിനു മുമ്പില്‍ സാഷ്ടാംഗം വീണു. അപ്പോള്‍ യൂസുഫ് പറഞ്ഞു: എന്റെ പിതാവേ, ഞാന്‍ മുമ്പ് കണ്ട സ്വപ്‌നത്തിന്റെ പുലര്‍ച്ച(തഅ്‌വീല്‍)യാണിത്. എന്റെ നാഥന്‍ അതിനെ സത്യമാക്കിത്തീര്‍ത്തിരിക്കുന്നു'' (12:99-100). ഇവിടെ, യഅ്ഖൂബ് നബിയുടെ പരാമര്‍ശത്തില 'അഹാദീസ്' എന്നാല്‍ സ്വപ്‌നത്തില്‍ കണ്ട സംഭവങ്ങളാണ്. പിന്നെ സംഭവിച്ചത് അതിന്റെ 'തഅ്‌വീല്‍' ആണെന്ന് യൂസുഫ് നബി തന്നെ വ്യക്തമാക്കുന്നുണ്ടല്ലോ.
ഖുര്‍ആനില്‍ മറ്റൊരിടത്ത് ഇങ്ങനെ കാണാം: ''നിങ്ങള്‍ അന്യോന്യം ഭിന്നിച്ചാല്‍ അല്ലാഹുവിലേക്കും റസൂലിലേക്കും അക്കാര്യം മടക്കുവിന്‍; നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നരാണെങ്കില്‍. ഏറ്റവും ഉത്തമമായ 'തഅ്‌വീല്‍' അത്രെ അത്'' (4:59). 'ഏറ്റവും മികച്ച അന്ത്യഫലം' എന്ന അര്‍ഥത്തിലാണ് ഇവിടെ തഅ്‌വീല്‍ പ്രയോഗിച്ചിട്ടുള്ളത്. ഖുര്‍ആനിലെ ആലുഇംറാന്‍, യൂനുസ് അധ്യായങ്ങളില്‍ വന്നിട്ടുള്ള 'തഅ്‌വീല്‍' എന്ന പ്രയോഗത്തിനും വ്യാഖ്യാനം എന്നാണ് അര്‍ഥം.
ചുരുക്കിപ്പറഞ്ഞാല്‍, വാക്കുകള്‍ ഏതൊന്നിലേക്കാണോ ഉന്നം വെക്കുന്നത്, ഏതൊന്നിനെയാണോ സൂചിപ്പിക്കുന്നത് അതാണ് തഅ്‌വീല്‍. മറ്റൊരു വാക്കില്‍, ഏതൊന്നിലേക്കാണോ നയിക്കുന്നത് (മുസ്തഖര്‍റ്) അത്. അതായത് ഒരു കാര്യത്തിന്റെ യാഥാര്‍ഥ്യമെന്തോ അത്. 'ഓരോ വാര്‍ത്തക്കും അതിന്റേതായ മുസ്തഖര്‍റ് ഉണ്ട്' (6:67) എന്ന ഖുര്‍ആന്‍ വാക്യത്തെ ആദ്യകാലക്കാര്‍ അങ്ങനെയാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. വാര്‍ത്തയുടെ നിജഃസ്ഥിതി, യാഥാര്‍ഥ്യം എന്നര്‍ഥം. വാക്യം ഒരു വിവരം അറിയിക്കുകയാണെങ്കില്‍, ഏതൊന്നാണോ സൂചിപ്പിക്കപ്പെടുന്നത് അതുതന്നെയായിരിക്കും അതിന്റെ ആശയം. ഒരു വാക്യം ഒന്നിലേക്കും സൂചന നല്‍കുന്നില്ലെങ്കില്‍ ശൂന്യത മാത്രമല്ലേ ബാക്കിയാവുക!
ഇനി വാക്യസൂചന ഒരു ആജ്ഞയാണെങ്കില്‍ എന്താണോ ആജ്ഞാപിച്ചിരിക്കുന്നത് അതിലേക്ക് നയിക്കുന്നതാവണം തഅ്‌വീല്‍; പറയപ്പെട്ട കാര്യം നേരത്തേ പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ലെങ്കില്‍. ഇനി വരാനിരിക്കുന്ന ഒന്നിനെക്കുറിച്ച വാഗ്ദാനമോ താക്കീതോ ആണ് വിവക്ഷയെങ്കില്‍, അതിന്റെ തഅ്‌വീലും ആ നിലക്കു തന്നെയായിരിക്കണം. ഒരിക്കല്‍ പ്രവാചകന്‍ ഈ സൂക്തം പാരായണം ചെയ്തു: ''പറയുക: നിങ്ങളുടെ മുകള്‍ ഭാഗത്തുനിന്നോ കാലുകള്‍ക്കിടയില്‍നിന്നോ നിങ്ങളുടെ നേരെ ശിക്ഷ അയക്കാന്‍ കഴിവുള്ളവനാണ് അവന്‍. നിങ്ങളെ പല കക്ഷികളാക്കി ഭിന്നിപ്പിച്ച് പരസ്പരം പ്രതികാരം ചെയ്യുന്നതിന്റെ രുചി ആസ്വദിപ്പിക്കാന്‍ കഴിവുറ്റവനുമാണ് അവന്‍'' (6:65). തുടര്‍ന്ന് അവിടുന്ന് ഇങ്ങനെ പറഞ്ഞു: ''ഇതില്‍ എന്താണോ പറഞ്ഞത് അത് -തഅ്‌വീല്‍- സംഭവിക്കും. ഇതുവരെയും അത് സംഭവിച്ചിട്ടില്ലല്ലോ.''2  (ഫതാവാ 13: 288-94)

 

കുറിപ്പുകള്‍
1.    അബൂജഅ്ഫര്‍ മുഹമ്മദു ബ്‌നു ജരീര്‍ അത്ത്വബ്‌രി (224/839-310/923). പ്രമുഖ ചരിത്രകാരന്‍, മുജദ്ദിദിന്റെ പദവിയുള്ള ഫഖീഹ്, പ്രശസ്തനായ ഖുര്‍ആന്‍ വ്യാഖ്യാതാവ്. ത്വബ്‌രിസ്ഥാനില്‍ ജനനം. ബഗ്ദാദില്‍ സ്ഥിരതാമസം. അവിടെ വെച്ചായിരുന്നു മരണവും. സലഫ് മാതൃകയില്‍ രചിക്കപ്പെട്ട ഏറ്റവും വിഖ്യാതമായ ഖുര്‍ആന്‍ വ്യാഖ്യാനമാണ് അദ്ദേഹത്തിന്റെ ജാമിഉല്‍ ബയാന്‍ ഫി തഫ്‌സീരില്‍ ഖുര്‍ആന്‍. അദ്ദേഹത്തിന്റെ താരീഖുല്‍ ഉമം വല്‍ മുലൂക്ക് എന്ന ചരിത്ര കൃതിക്ക് ഏഴ് ബൃഹദ് വാള്യങ്ങളുണ്ട്. തഹ്ദീബുല്‍ അസര്‍ (ഹദീസ്), ഇഖ്തിലാഫുല്‍ ഫുഖഹാഅ് (ഫിഖ്ഹ്), അദബുല്‍ ഖുദാത്ത് (ജുഡീഷ്യറി പെരുമാറ്റ മര്യാദകള്‍) എന്നിവയാണ് മറ്റു പ്രധാന കൃതികള്‍.
2.    സ്വഹീഹ് ബുഖാരി, തഫ്‌സീര്‍ 6:2, സുനന്‍ തിര്‍മിദി, തഫ്‌സീര്‍ 6:2, മുസ്‌നദ് അഹ്മദ് 111:29, ഇബ്‌നു കസീര്‍ - തഫ്‌സീറുല്‍ ഖുര്‍ആന്‍ കക:140

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (5-6)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജിനു ശേഷം പുതിയൊരു ജീവിതം
സുബൈര്‍ കുന്ദമംഗലം