Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 09

3113

1440 ദുല്‍ഹജ്ജ് 07

മാപ്പു തേടുന്നവരോട് 

സലാം കരുവമ്പൊയില്‍

വിശുദ്ധ ഹജ്ജിനു വേണ്ടി പതിനായിരങ്ങള്‍ മക്കയിലെത്തിക്കഴിഞ്ഞു. ഈ യാത്രയുടെ മുന്നോടിയായി പരിചയക്കാരോടും ബന്ധുജനങ്ങളോടും തെറ്റുകുറ്റങ്ങളൊക്കെ വിട്ടു പൊറുത്തു മാപ്പാക്കിക്കൊടുക്കാനുള്ള അഭ്യര്‍ഥനകളും തകൃതിയായി നടന്നു. 
വിട്ടുവീഴ്ചയും വിടുതലുമൊക്കെ സത്യവിശ്വാസികളായ സഹോദരങ്ങളെന്ന അര്‍ഥതലത്തില്‍ അനുപേക്ഷണീയമാണ്. 'മാപ്പു നല്‍കുകയും വിട്ടുവീഴ്ച നല്‍കുകയും ചെയ്യുക. അല്ലാഹു പൊറുത്തുതരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ?' (അന്നൂര്‍: 22) എന്ന ഖുര്‍ആന്‍ വാക്യം ഇതിന് അടിവരയിടുന്നു.
പക്ഷേ, യാത്രയുടെ നാഴിക-വിനാഴിക മുമ്പോ വിളിപ്പാടകലെ വെച്ചോ മാത്രം മാപ്പപേക്ഷക്ക് വാതില്‍ക്കല്‍ മുട്ടുന്നതില്‍ ശരികേടില്ലേ? യാത്രാമൊഴിയുമായി വരുന്നവന്‍ ഒരുവേള അപരനോട് അക്രമം പ്രവര്‍ത്തിച്ചവനായിരിക്കും. അവന്റെ വികാരം വ്രണപ്പെടുത്തിയിരിക്കും. ഇടപാടുകളിലോ ഇടപഴകലിലോ മറക്കാനും പൊറുക്കാനും പ്രയാസമുള്ള അപരാധങ്ങള്‍ ചെയ്തിരിക്കും. കാലങ്ങളായി നീതി ലഭിക്കാതെ മനസ്സ് വിങ്ങിപ്പൊട്ടിയിരിക്കും. എതിരാളി പ്രബലനായതുകൊണ്ട് നിസ്സഹായനായി നീറിപ്പുകഞ്ഞിരിക്കും. മര്‍ദിതനായ ഈ വ്യക്തിയോട് മാപ്പപേക്ഷിക്കാന്‍ ഒരു തീര്‍ഥാടനത്തിന്റെ ഹേതു ഭൂതം വേണ്ടി വന്നു! ഇക്കാലമത്രയും തദ്വിഷയകമായി പരിഹാരത്തിന്റെയോ സമവായത്തിന്റെയോ തുരുത്തിലേക്കിറങ്ങി വരാനോ വിക്ഷുബ്ധ മനസ്സിന് സമാശ്വാസം നല്‍കാനോ അവന്‍ ഒരുമ്പെട്ടില്ല. 
അത്തരം ഗൗരവപ്പെട്ട ഒരാലോചനക്കും മുതിരാതെ ഒരു സുപ്രഭാതത്തില്‍ വീടുകളില്‍ വന്ന് മനസ്താപം നടത്തുന്നവന്റെ നിലപാട് ആത്മാര്‍ഥതയുടേതാണ് എന്ന് പറയുക വയ്യ. യാത്ര പറച്ചിലിന്റെ വൈകാരിക മുഹൂര്‍ത്തത്തില്‍ നടക്കുന്ന സഹതാപാടിസ്ഥാനത്തിലുള്ള എടുക്കല്‍ കൊടുക്കലിന്റെ വില കുറഞ്ഞ പ്രകടനം മത്രമായി ഇത് മാറുന്നു.
ഇത്തരമൊരു ചിത്രം മരണവുമായി ബന്ധപ്പെട്ടും കാണാം. മയ്യിത്തിന്റെ മുമ്പില്‍ നിന്ന് പരേതന് പൊറുത്തുകൊടുക്കാനുള്ള അപേക്ഷ നാം കേള്‍ക്കുന്നു.  ഈയൊരു വിളംബരം വേണ്ടതു തന്നെ. പക്ഷേ, മനുഷ്യരോട് ചെയ്ത തെറ്റുകള്‍ കഴുകിക്കളയാനുള്ള അവസരങ്ങള്‍ അവന് അതിനുമുമ്പേ ഉണ്ടായിരുന്നല്ലോ. കുറ്റബോധവും പ്രായശ്ചിത്ത ചിന്തയും ഇക്കാലമത്രയും അവനെ എന്തുകൊണ്ട് മഥിച്ചില്ല? പണത്തിന്റെയോ പ്രതാപത്തിന്റെയോ പിത്തലാട്ടത്തില്‍ അവനത് കഴിയാതെ പോവുകയായിരുന്നോ?
ഇവിടെ പരേതന്റെ ബന്ധുമിത്രാദികള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടി വരും. മാരകമായ രോഗത്തിനടിപ്പെട്ട് മാസങ്ങള്‍ ശയ്യാവലംബിയായി കഴിയുന്ന മനുഷ്യനോട് അയാള്‍ ചെയ്ത അരുതായ്മകളെക്കുറിച്ചും അതിന്റെ പ്രതിവിധിയെക്കുറിച്ചും ആശ്രിതര്‍ക്ക് ബോധവല്‍ക്കരിക്കാന്‍ സാധിക്കേണ്ടതായിരുന്നു. ചോരത്തിളപ്പുള്ള കാലത്ത് അയാള്‍ കുടുംബ ബന്ധങ്ങള്‍ തകര്‍ത്തിരിക്കും. അയല്‍വാസിക്ക് കടുത്ത  അലോസരം സൃഷ്ടിച്ചിരിക്കും. വ്യക്തികളെ തേജോവധം ചെയ്തിരിക്കും. സ്വത്ത് അന്യായമായി കൈക്കലാക്കിയിരിക്കും. വേറെയുമൊരുപാടു മേഖലകളില്‍ അവകാശ - നീതി ധ്വംസനം നടത്തിയിരിക്കും. ആരോഗ്യവും ആവതുമുള്ള കാലത്ത് ഈ പാപക്കറ മായ്ക്കാന്‍ മനസ്സുവെക്കാത്തവന്‍ മരണാനന്തരം മാപ്പപേക്ഷിക്കുന്നതില്‍ എന്ത് ഔചിത്യമാണുള്ളത്?
ചുരുക്കത്തില്‍, ഇരയുടെ അന്തഃസംഘര്‍ഷവും അണയാ ഉമിത്തീയും ആത്മരോദനവും അണയ്ക്കാതെ,  കേവല -ഉപരിതല - വൈകാരിക പറച്ചിലുകളില്‍ പരിമിതമോ പര്യാപ്തമോ അല്ല മാപ്പു ചോദിക്കലിന്റെ സ്‌കോപ്പ്! അഥവാ, ഒരു ഹജ്ജ് യാത്രക്കോ ജീവിതത്തിന്റെ ആറിത്തണുക്കലിനോ കാത്തുനില്‍ക്കേണ്ടതില്ല വിട്ടു പൊറുക്കാനുള്ള മൊഴിവഴക്കങ്ങള്‍ക്കു വേണ്ടി!

 


ആത്മകഥകളുടെ പ്രളയം

പ്രബോധനം വാരികയില്‍ സമീപകാലത്ത് തുടരെത്തുടരെ പ്രത്യക്ഷപ്പെടുന്ന ആത്മകഥകള്‍ ശുഭലക്ഷണമായി തോന്നുന്നില്ല. ആത്മകഥകള്‍ വായനാ കൗതുകം ജനിപ്പിക്കുമെങ്കിലും പ്രബോധനത്തിന്റെ താളുകള്‍ നെഞ്ചേറ്റുന്നവര്‍ക്ക് അവ നല്‍കുന്ന അന്തിമഫലം എന്താണെന്ന് വാരികയുടെ അണിയറ ശില്‍പികള്‍ ആലോചിക്കണം. മിക്കവാറും ഒരേ പാറ്റേണിലാണ് ആത്മകഥകള്‍ തുടങ്ങുന്നതും ഒടുങ്ങുന്നതും. പ്രസ്ഥാന നേതാക്കളുടെ ജനനം, കുട്ടിക്കാലം, വിദ്യാഭ്യാസം, തൊഴിലിടങ്ങള്‍, പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍, പ്രബോധന മാര്‍ഗത്തില്‍ നേരിട്ട പ്രതിബന്ധങ്ങള്‍ അങ്ങനെയങ്ങനെ.... വാരികയുടെ പേജുകള്‍ നിറക്കാനും വായനക്കാരില്‍ ജിജ്ഞാസയും കൗതുകവും ജനിപ്പിക്കാനും ഇത്തരം കുറിപ്പുകള്‍ സഹായിച്ചേക്കാം. ആത്മകഥാകാരനുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് ഒരുപക്ഷേ, ഇതെല്ലാം ദഹിക്കുകയും ചെയ്‌തേക്കാം. എന്നാല്‍ ഒരു സാധാരണ വായനക്കാരന്‍ അന്വേഷിക്കുന്നത് ഇതുതന്നെയാണോ? പ്രബോധനം വാരിക ജമാഅത്ത് പ്രവര്‍ത്തകര്‍ മാത്രം വായിക്കുന്നതാണെന്ന ധാരണയുണ്ടെങ്കില്‍ തിരുത്തേണ്ടതാണ്. ഒരാളുടെ കുട്ടിക്കാലവും വളര്‍ച്ചയും പഠനമികവും മറ്റ് കേമത്തരങ്ങളും അറിഞ്ഞിട്ട് വായനക്കാരനെന്ത്? ആത്മകഥ എഴുതിത്തുടങ്ങുമ്പോഴുള്ള വിശാല താല്‍പര്യം മറന്ന് പലപ്പോഴും 'ഞാന്‍' 'അഹം' എന്നതിലേക്ക് കാര്യങ്ങള്‍ വഴുതുകയും ചെയ്‌തേക്കാം. അതിനാല്‍ ആത്മകഥാകാരന്റെ ജീവിതം കേരളീയ സമൂഹത്തിനും ഇസ്‌ലാമിക പ്രസ്ഥാനത്തിനും നല്‍കിയ സംഭാവനകളും ചെലുത്തിയ സ്വാധീനങ്ങളും സരള ശൈലിയില്‍ ആവിഷ്‌കരിക്കുന്നതാണ് അഭികാമ്യം. മറ്റു വിഷയങ്ങളെല്ലാം പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചാല്‍ ആവശ്യക്കാര്‍ക്ക് ഉപയോഗപ്പെടുത്താമല്ലോ. ഒപ്പം പ്രബോധനത്തിന്റെ വിലപ്പെട്ട താളുകള്‍ അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കു വേണ്ടി നീക്കിവെക്കുകയും ചെയ്യാം.

അബൂബാസില്‍, കുന്ദമംഗലം

 

ജാതിപ്പിശാചിന്റെ കരാള നൃത്തം!

മനുഷ്യവിരുദ്ധമായ അയിത്തമെന്ന ദുരാചാരത്തിനെതിരെ ശബ്ദിച്ച 'മഹാ അപരാധ'ത്തിന് തമിഴ്‌നാട്ടിലെ തിരുനല്‍വേലിയില്‍ ഒരു ചെറുപ്പക്കാരന്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട സം ഭവം പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. 'നരന് നരനശുദ്ധമാണ് പോലും' എന്ന് കുമാരനാശാന്‍ പാടിയ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും യാതൊരു മാറ്റവും കൂടാതെ ഇക്കാലത്തും തുടരുന്നു. ജാതിവെറിയുടെ പേരില്‍ അരുംകൊല നടത്താന്‍ ചിലര്‍ക്ക് അശേഷം മടിയില്ലെന്നു വരുമ്പോള്‍ നമ്മുടെ സാമൂഹികാവസ്ഥയുടെ നിലവാരമെന്താണ്? തിരുനല്‍വേലിയിലെ അയിത്ത നിര്‍മാര്‍ജന മുന്നണി പ്രവര്‍ത്തകനായ അശോകിനെ ജാതിഭ്രാന്തന്മാര്‍ ക്രൂരമായി കൊല ചെയ്ത സംഭവം രാജ്യത്തിന് എത്ര വലിയ നാണക്കേടാണ്! തമിഴ്‌നാട്ടില്‍ പലയിടത്തും ജാതിയുടെ പേരില്‍ ഇത്തരം അതിക്രമങ്ങള്‍ നടന്നുവരുന്നുണ്ട്.
ട്രേഡ് യൂനിയനുകളും സര്‍വീസ് സംഘടനകളും ജനാധിപത്യ മഹിളാ അസോസിയേഷന്‍ തുടങ്ങിയ ഇടതുപക്ഷ സംഘടനകളുമടക്കം 68-ഓളം ദലിത് സംഘടനകള്‍ ഉള്‍ക്കൊള്ളുന്ന വിശാല സഖ്യമാണ് അയിത്ത നിര്‍മാര്‍ജന മുന്നണി. 40 ലക്ഷത്തിലേറെ മനുഷ്യര്‍ ജാതിഭ്രാന്തിനെതിരെ അണിനിരന്നിട്ടുണ്ട്. ദലിതര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ 28- ഓളം ക്ഷേത്രങ്ങളിലേക്ക് ദളിതരുമായി പ്രവേശിച്ച് വിവേചനത്തിനെതിരെ പോരാട്ടം നടത്തിയിരുന്നു. കെട്ടിപ്പൊക്കിയ ജാതിമതില്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് പൊളിച്ചുനീക്കുകയുണ്ടായി. ദലിതര്‍ക്കെതിരെ ജാതി ഹിന്ദുക്കളുടെ ആക്രമണമുണ്ടാവുകയും രാജ്യത്തെങ്ങുമുള്ള അംബേദ്കര്‍ പ്രതിമകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യാ മഹാരാജ്യത്ത് ഓരോ 15 മിനിറ്റിലും ദലിതര്‍ക്കെതിരായി അതിക്രമങ്ങള്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജാതീയമായ ചൂഷണങ്ങള്‍ക്ക് വിധേയരായി കഴിയുന്ന ഒരു കോടിയിലധികം ദലിതര്‍ തമിഴ്‌നാട്ടിലുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. മൂന്ന് യുവാക്കള്‍ മനുഷ്യവിസര്‍ജ്യം ഭക്ഷിക്കാന്‍ നിര്‍ബന്ധിതരായ സംഭവം അല്‍പം മുമ്പ് തമിഴ്‌നാട്ടിലുണ്ടായിരുന്നു. ജാതി മാറി വിവാഹം നടത്തിയാല്‍ ദുരഭിമാന കൊലകളും ഇവിടെ പതിവാണ്.
വര്‍ഷങ്ങള്‍ക്കു മുമ്പ് തമിഴ്‌നാട്ടിലെ മീനാക്ഷിപുരത്ത് നടന്ന ജനശ്രദ്ധ പിടിച്ചു പറ്റിയ ഇസ്‌ലാമിലേക്കുള്ള കൂട്ട മതംമാറ്റത്തിന്റെ പ്രേരകം 'താഴ്ന്ന' ജാതിക്കാര്‍ക്ക് അനുഭവിക്കേണ്ടിവന്ന കടുത്ത ജാതിപീഡനങ്ങളായിരുന്നു. ഈ യാഥാര്‍ഥ്യം സംഘ്പരിവാറിന്റെ മുഖപത്രമായ കേസരി മുമ്പ് തന്നെ അംഗീകരിച്ചതാണ്. ''ഒരു പരിധിവരെ തമിഴ്‌നാട്ടില്‍ ഈയിടെയുണ്ടായ ഇസ്‌ലാമിലേക്കുള്ള മതപരിവര്‍ത്തനത്തിന് കാരണം ജാതീയമായി താഴ്ന്ന വിഭാഗങ്ങള്‍ അനുഭവിക്കേണ്ടിവന്ന കഷ്ടതകളാണെന്നത് ഒരു വസ്തുതയാണ്'' (കേസരി മുഖപ്രസംഗം 1982 ഫെബ്രുവരി 7).
കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട് താലൂക്കിലെ ഒരു ഗ്രാമത്തില്‍ പ്രതാപ് എന്ന ദലിതനെ നഗ്നനാക്കി നടത്തിച്ച ശേഷം, 'കീഴ്ജാതിയില്‍ പിറന്ന പുലയനായ നീ ക്ഷേത്രം അശുദ്ധമാക്കി' എന്നാക്രോശിച്ചുകൊണ്ട് ഗ്രാമവാസികള്‍ തെങ്ങില്‍ കെട്ടിയിട്ട് ഭീകരമായി മര്‍ദിക്കുകയും ഉടുതുണി വലിച്ചുകീറി പട്ടാപ്പകല്‍ ചാട്ട കൊണ്ടടിച്ച് മൈസൂരു ഹൈവേയിലൂടെ നടത്തിക്കുകയും ചെയ്ത സംഭവം നടന്നത് ഏതാനും ദിവസം മുമ്പാണ്. മഹാരാഷ്ട്രയില്‍ എട്ട് വയസ്സുകാരന്‍ വെള്ളം കുടിക്കാന്‍ ക്ഷേത്രത്തില്‍ ചെന്നതിന്റെ പേരില്‍ നഗ്നനാക്കി ചുട്ടുപഴുത്ത ഇഷ്ടിക മേല്‍ കിടത്തി ദേഹമാസകലം പൊള്ളിച്ച സംഭവം ഈയിടെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
സാക്ഷര പ്രബുദ്ധം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തില്‍, ജാതിഭ്രാന്ത് അത്ര രൂക്ഷമല്ലെങ്കിലും ജാതിചിന്തയില്‍ നിന്നുടലെടുക്കുന്ന വിഭാഗീയത വര്‍ധിച്ചുവരുന്നുണ്ട്. 'അയല്‍ക്കാരനെ ജാതിയുടെ അടിസ്ഥാനത്തില്‍ അടയാളപ്പെടുത്തുന്ന വിധത്തിലേക്ക് കേരളീയരുടെ സാമൂഹിക ബോധം മാറിയിരിക്കുന്നു'വെന്ന പ്രശസ്ത ചരിത്ര പണ്ഡിതന്‍ ഡോ. കെ.എന്‍ പണിക്കരുടെ നിരീക്ഷണം ഈ യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ജന്മനാ ബ്രാഹ്മണനായിരുന്നിട്ടു പോലും ഗുരുവായൂരമ്പലത്തില്‍ നമസ്‌കാരസദ്യയില്‍ പങ്കെടുക്കാന്‍ ചെന്ന ആനന്ദതീര്‍ഥനെ പൂണൂലില്ലാത്തതിന്റെ പേരില്‍ പിടിച്ചുതള്ളിയ സംഭവം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഒ.വി വിജയന്‍ നിരീക്ഷിക്കുന്നത് നോക്കൂ: 'വിപ്ലവ പാര്‍ട്ടിക്കാരും മിതവാദികളും പിന്തിരിപ്പന്മാരും എല്ലാവരും ജാതി മതങ്ങളുടെ കള്ളികള്‍ക്കകത്ത് പെണ്ണ് കെട്ടി അതേ കള്ളികള്‍ക്കകത്ത് അസഹിഷ്ണുതയുടെ പുതിയ തലമുറയെ ജനിപ്പിക്കുന്നു. മതേതരത്വത്തിന്റെയും ജാതിരാഹിത്യത്തിന്റെയും വാചാടോപത്തിനിടയില്‍ മനസ്സാക്ഷിക്കുത്തില്ലാതെ ജീവിക്കുന്നു' (ഒ.വി വിജയന്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 1988 ജൂലൈ 24-30).
'വൃത്തികെട്ട മൃഗത്തെ തൊടാന്‍ അനുവാദമുള്ള മനുഷ്യന്, മറ്റൊരു മനുഷ്യനെ സ്പര്‍ശിക്കാന്‍ അനുവാദം നല്‍കാത്ത മതം മതമല്ല; ഭ്രാന്താണ്' എന്ന ഡോ. അംബേദ്കറുടെ വാക്കുകള്‍ എന്തുമാത്രം ചിന്തോദ്ദീപകമല്ല! 'ജാതിവ്യവസ്ഥയെ പാടേ തകര്‍ക്കാതെ ഇന്ത്യയുടെ സ്വാതന്ത്ര്യവും ജനാധിപത്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനാവില്ലെന്ന, അംബേദ്കറുടെ നിരീക്ഷണം ((Thoughts on Linguistic States പേജ് 34) സമീപകാല ഇന്ത്യന്‍ യാഥാര്‍ഥ്യത്തെ സംബന്ധിച്ചേടത്തോളം എന്തുമാത്രം പ്രസക്തമല്ല!

റഹ്മാന്‍ മധുരക്കുഴി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (5-6)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജിനു ശേഷം പുതിയൊരു ജീവിതം
സുബൈര്‍ കുന്ദമംഗലം