Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 09

3113

1440 ദുല്‍ഹജ്ജ് 07

വ്യക്തിയില്‍നിന്ന് സമൂഹമായി പടര്‍ന്ന പ്രവാചകന്‍ 

കെ.സി സലീം കരിങ്ങനാട്

ഒരു വ്യക്തി എങ്ങനെയാണ് സമൂഹമാവുക എന്ന് ആലോചിച്ചാല്‍ അതൊരു ഉട്ട്യോപ്യന്‍ ആശയമായിട്ടേ തോന്നൂ. ആലോചിച്ച് കാടു കയറുകയല്ലാതെ  എവിടെയുമെത്തില്ല. എന്നാല്‍ ഈ അത്ഭുതം സംഭവിച്ചിട്ടു്, സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ്. അല്ലാഹു തന്റെ അടിയാറുകള്‍ക്ക് നേര്‍വഴി കാണിക്കാനായി നിയോഗിച്ചയച്ച ലക്ഷക്കണക്കിന് ദൂതന്മാര്‍ വഴി. അവരെല്ലാവരും ഒരേ ലക്ഷ്യത്തിനു വേണ്ടി നിയോഗിക്കപ്പെട്ടവരാണെങ്കില്‍ പോലും, അവര്‍ക്കു മുന്നിലുള്ള പ്രബോധിത സമൂഹം ഉയര്‍ത്തിയ വെല്ലുവിളികള്‍ വ്യത്യസ്തമായിരുന്നു. പ്രതിബന്ധങ്ങളെ അതിജീവിച്ച് പലരും ലക്ഷ്യം കണ്ടു. ചിലരാവട്ടെ ലക്ഷ്യ സാക്ഷാത്കാരത്തിനു മുമ്പ് വിടപറഞ്ഞുപോവുകയും ചെയ്തു. എന്നാലോ, അവരാരും ലക്ഷ്യത്തില്‍നിന്നോ ദൗത്യത്തില്‍നിന്നോ ഒട്ടും പിന്നാക്കം പോയിരുന്നില്ല. ഈ പ്രവാചകന്മാര്‍ക്കിടയില്‍ വേറിട്ടു നില്‍ക്കുന്ന വ്യക്തിത്വമാണ് ഹസ്രത്ത് ഇബ്‌റാഹീം (അ).
അല്ലാഹുവിന്റെ ഉറ്റമിത്രം, മികവുറ്റവന്‍, അല്ലാഹുവിന് പൂര്‍ണമായും സമര്‍പ്പിച്ചവന്‍, ശുദ്ധമാനസന്‍, ഏറെ പശ്ചാത്തപിക്കുന്നവന്‍, സഹനശീലന്‍, സമൂഹം, പ്രസ്ഥാനം, അല്ലാഹുവിനു വഴങ്ങി ജീവിക്കുന്നവന്‍, അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കുന്നവന്‍, ജനങ്ങളുടെ നേതാവ് - ഖുര്‍ആന്‍ നല്‍കിയ ഇത്യാദി വിശേഷണങ്ങളാല്‍ സമ്പന്നമാണ് ഇബ്‌റാഹീം പ്രവാചകന്റെ വ്യക്തിത്വം. അല്ലാഹു പറയുന്നു: ''സദ്‌വൃത്തനായിക്കൊണ്ട് സര്‍വാത്മനാ അല്ലാഹുവിന് കീഴ്‌പ്പെടുകയും നിഷ്‌കളങ്കനായി ഇബ്‌റാഹീമിന്റെ മാര്‍ഗം പിന്തുടരുകയും ചെയ്തവനേക്കാള്‍ ഉത്കൃഷ്ടമായ ജീവിതരീതി കൈക്കൊണ്ടവന്‍ ആരുണ്ട്? ഇബ്‌റാഹീമിനെയാകട്ടെ അല്ലാഹു തന്റെ സുഹൃത്തായി വരിച്ചിരിക്കുന്നു '' (അന്നിസാഅ് 125). തന്റെ നാഥനു മുന്നില്‍ സര്‍വസ്വം സമര്‍പ്പിച്ച്, ത്യാഗസസമ്പന്നമായ ജീവിതം ജീവിച്ച് കാണിച്ചു തരികയായിരുന്നല്ലോ ഇബ്‌റാഹീം നബി. പ്രതിസന്ധികളുടെ പേമാരിപ്പെയ്ത്തുകളെ പുഞ്ചിരിയോടെ അദ്ദേഹം നേരിട്ടു. ജീവിതയാത്രയില്‍ എന്തൊക്കെ തടസ്സങ്ങളുായാലും നാഥന്റെ കാവലുണ്ടെന്ന ദൃഢവിശ്വാസം കൈമുതലാക്കിയായിരുന്നു ഇബ്‌റാഹീം പ്രവാചകന്റെ പുറപ്പാടുകളെല്ലാം. തന്റെ യജമാനന്‍  കല്‍പിക്കുന്നതെന്തും അകതാരില്‍ ഒട്ടും അരിശമോ പ്രതിഷേധമോ ഇല്ലാതെ അക്ഷരംപ്രതി ചെയ്തു തീര്‍ക്കുകയായിരുന്നല്ലോ ഇബ്‌റാഹീം. 'ദൈവത്തിന്റെ കൂട്ടുകാരന്‍' എന്നല്ലാതെ മറ്റെന്തു വിശേഷണമാണ് അത്തരമൊരു സമര്‍പ്പിത വ്യക്തിത്വത്തിന് നല്‍കാനാവുക! നാഥന്‍ നടത്തിയ എല്ലാ പരീക്ഷകളിലും പരീക്ഷണങ്ങളിലും സമ്പൂര്‍ണ വിജയം നേടിയാണ് അദ്ദേഹം മഹാനായ ഇബ്‌റാഹീം ആയിത്തീര്‍ന്നത്.
''ഇനിയും ആരാണ് ഇബ്‌റാഹീമിന്റെ മാര്‍ഗം വെറുക്കുക, സ്വയം അജ്ഞനും വിഡ്ഢിയുമായവനല്ലാതെ ആര്‍ക്കങ്ങനെ ചെയ്യാനാവും?! ഈ ലോകത്ത് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി നാം തെരഞ്ഞെടുത്ത മനുഷ്യനാകുന്നു ഇബ്‌റാഹീം. പരലോകത്തിലോ, അദ്ദേഹം സജ്ജനങ്ങളില്‍ തന്നെയായിരിക്കും. അദ്ദേഹത്തിന്റെ അവസ്ഥയിതായിരുന്നു: നാഥന്‍ അദ്ദേഹത്തോട് 'നീ മുസ്‌ലിമാവുക' എന്നാജ്ഞാപിച്ചപ്പോള്‍ ഉടനെ ബോധിപ്പിച്ചു; ഞാന്‍ പ്രപഞ്ചനാഥന് മുസ്‌ലിം ആയിരിക്കുന്നു'' (അല്‍ബഖറ 130,131). ഇബ്‌റാഹീമിന്റെ മാര്‍ഗം കളങ്കലേശമില്ലാത്ത സത്യദീനിന്റേതാണ്.  സുരക്ഷിതവും സുഭദ്രവുമായ ആ സത്യമാര്‍ഗത്തില്‍ ചരിക്കാന്‍ വിമുഖത കാണിക്കുന്നവരെല്ലാം വിഡ്ഢികളാണെന്നാണ് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. ഇബ്‌റാഹീമിനെ ജനങ്ങള്‍ക്കുള്ള മാര്‍ഗദര്‍ശകനായി തെരഞ്ഞെടുത്തതും നിയോഗിച്ചതും അല്ലാഹുവാണല്ലോ.
''ഇബ്‌റാഹീം സ്വയം തന്നെ ഒരു പൂര്‍ണസമുദായമായിരുന്നു. അല്ലാഹുവിനോട് വണക്കമുള്ളവനും ഏകാഗ്രചിത്തനും. അദ്ദേഹം ഒരിക്കലും ബഹുദൈവ വിശ്വാസിയായിരുന്നില്ല. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നവനായിരുന്നു. അല്ലാഹു  അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും നേര്‍മാര്‍ഗത്തിലേക്ക് നയിക്കുകയും ചെയ്തു. ഇഹലോകത്തില്‍നിന്ന് അദ്ദേഹത്തിന് നന്മ നല്‍കി. പരലോകത്ത് തീര്‍ച്ചയായും അദ്ദേഹം സജ്ജനഗണത്തിലാകുന്നു. ഇബ്‌റാഹീമിന്റെ മാര്‍ഗത്തെ നിഷ്‌കളങ്കമായി പിന്തുടര്‍ന്നുകൊള്ളണമെന്നും, അദ്ദേഹം ബഹുദൈവ വിശ്വാസികളില്‍ പെട്ടവനായിരുന്നില്ലെന്നും പിന്നീട് നാം നിനക്ക് ദിവ്യബോധനമയച്ചു'' (അന്നഹ്ല്‍ 120-123). അസാധ്യതകളെ സാധ്യതകളാക്കി മാറ്റുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിശേഷണങ്ങളില്‍ ഏറെ തിളങ്ങിനില്‍ക്കുന്ന ഒന്നാണ് അദ്ദേഹം കേവലം വ്യക്തിയായിരുന്നില്ല, ഒരു സമുദായമായിരുന്നു എന്നത്. ഒരു സമൂഹം ചെയ്യേണ്ട കാര്യങ്ങള്‍ ഒരു മനുഷ്യന്‍ ഒറ്റക്ക് ചെയ്യുമ്പോള്‍ ആ വ്യക്തിവൈഭവത്തിന്റെ ആഴവും പരപ്പും നമുക്ക് ബോധ്യമാവും.  നന്മയുടെ ഒരു തരി വെളിച്ചം പോലും അവശേഷിക്കാത്ത സമൂഹത്തിലേക്കാണ് ഇബ്‌റാഹീം (അ) പിറന്നുവീണത്. പക്ഷേ, പ്രതിയോഗികളെ സമര്‍ഥമായി പ്രതിരോധിച്ച് സ്വയം ഒരു വിളക്കുമരമാവാന്‍ അദ്ദേഹത്തിന് അധികകാലമൊന്നും വേണ്ടിവന്നില്ല.
ഭൂമിയില്‍ നിയോഗിതരായ എല്ലാ പ്രവാചകന്മാരും ഒരേ ലക്ഷ്യത്തിനു വേണ്ടി ഇറങ്ങിപ്പുറപ്പെട്ടവരായിരുന്നു. എത്രകണ്ട് പ്രതിബന്ധങ്ങള്‍ വന്നാലും അവരാരും പിന്നോട്ട് നടക്കാന്‍ ശ്രമിച്ചിട്ടില്ല. അവരുടെ പ്രബോധിതരായ പ്രതിയോഗികള്‍ പല തരക്കാരായിരുന്നു.  സംസ്‌കാരവും നാഗരികതയും അവര്‍ വികസിപ്പിച്ചെടുത്തിരുന്നു. പിന്‍ഗാമികള്‍ക്ക് പാഠമുള്‍കൊള്ളാന്‍ അവര്‍ ബാക്കിവെച്ചുപോയ ചരിത്രവും ചരിത്രപാഠവുമുണ്ട്. അതെല്ലാം ഏതെങ്കിലും സീസണില്‍ (ഉദാ: ഹജ്ജ്, ബലിപെരുന്നാള്‍....) മാത്രം പൊടിതട്ടിയെടുക്കേണ്ട ഒന്നല്ല. ഇതൊക്കെയും നമ്മുടെ ജീവിതത്തിന് വഴികാട്ടിയായി മാറുന്നുാേ എന്നതാണ് പ്രസക്തമായ ചോദ്യം.
ഓരോ ബലിപെരുന്നാളും ഹജ്ജും ആഗതമാവുമ്പോള്‍ ചരിത്രത്തെ ചര്‍വിതചര്‍വണം ചെയ്ത്  രോമാഞ്ചം കൊള്ളുന്നതിനു പകരം അതില്‍നിന്ന് ഉള്‍ക്കൊള്ളേ പാഠങ്ങള്‍ കത്തെുക. അനീതികളോടും അരാജകത്വ പ്രവണതകളോടും സന്ധിയില്ലാ സമരം ചെയ്തുകൊായിരുന്നല്ലോ ഹസ്രത്ത് ഇബ്‌റാഹീമിന്റെ ജീവിതം. അമിതാധികാരം അരങ്ങുവാഴുന്ന സമകാലിക ലോകത്ത് അഭിനവ നംറൂദുമാരെ നേരിടാന്‍ നവ ഇബ്‌റാഹീമായി മാറുകയെന്നതാണ് കാലഘട്ടത്തിന്റെ തേട്ടം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (5-6)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജിനു ശേഷം പുതിയൊരു ജീവിതം
സുബൈര്‍ കുന്ദമംഗലം