Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 09

3113

1440 ദുല്‍ഹജ്ജ് 07

ബലിമാംസം എല്ലാ മതസ്ഥര്‍ക്കും 

മുശീര്‍

ഈദുല്‍ അദ്ഹായോടനുബന്ധിച്ചുളള ബലിമാംസം ഇതര മതസ്ഥര്‍ക്ക് നല്‍കുന്നതിന്റെ ഇസ്‌ലാമിക വിധി എന്താണ്?
ബലിപെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായ ബലിമാംസം അമുസ്‌ലിംകള്‍ക്ക് നല്‍കുന്നത് അനുവദനീയമാണെന്നാണ് പണ്ഡിതന്മാരില്‍ ഭൂരിപക്ഷത്തിന്റെയും നിലപാട്, അതാണ് പ്രബലവും. അമുസ്‌ലിംകള്‍ക്ക് ബലിമാംസം നല്‍കരുതെന്ന് പറയുന്ന ഖുര്‍ആന്‍ സൂക്തമോ നബിവചനമോ ഇല്ല. പ്രമാണങ്ങള്‍ വ്യക്തമായി വിലക്കാത്ത ഒന്ന് അടിസ്ഥാനപരമായി ദീനില്‍ അനുവദനീയമാണ്. ഒരു കാര്യം പാടില്ലെന്നോ നിഷിദ്ധമാണെന്നോ പറയാന്‍ ഇസ്‌ലാമിക നിയമപ്രകാരം വ്യക്തമായ തെളിവുകള്‍ ഉണ്ടായിരിക്കണം. അബ്ദുല്ലാഹിബ്‌നു ഉമര്‍ തുടങ്ങിയവരുടെ നടപടിക്രമങ്ങളും ശൈഖ് ഇബ്‌നു ബാസ് ഉള്‍പ്പെടെയുള്ള പണ്ഡിതരുടെ നിലപാടുകളും ഇതിന് അനുകൂലമാണ്. അയല്‍വാസികള്‍, കുടുംബ ബന്ധുക്കള്‍, അടുപ്പക്കാര്‍, ദരിദ്രര്‍ തുടങ്ങിയവര്‍ക്ക് വിശേഷിച്ചും ബലിമാംസം നല്‍കാവുന്നതാണ്.
യുദ്ധശത്രുക്കളല്ലാത്തവര്‍ക്ക് നന്മ (ബിര്‍റ്) ചെയ്യുന്നത് വിലക്കപ്പെട്ടതല്ല എന്ന ഖുര്‍ആന്‍ വചനമാണ് പണ്ഡിതന്മാര്‍ ഉദ്ധരിക്കുന്ന ഒന്നാമത്തെ തെളിവ്. ''ദീനില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയോ, നിങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്ന് നിങ്ങളെ പുറത്താക്കുകയോ ചെയ്തിട്ടില്ലാത്തവര്‍ക്ക് നിങ്ങള്‍  നന്മ ചെയ്യുകയും അവരോട് നീതി പാലിക്കുകയും ചെയ്യുന്നത് അല്ലാഹു നിങ്ങളോട് വിരോധിക്കുന്നില്ല. നിശ്ചയമായും നീതി പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു'' (അല്‍ മുംതഹിന 8). ഉദ്ഹിയ്യത്തിന്റെ മാംസം അയല്‍വാസികളും അടുപ്പക്കാരും ദരിദ്രരുമൊക്കെയായ അമുസ്‌ലിംകള്‍ക്ക് നല്‍കുന്നത് ഖുര്‍ആന്‍ അംഗീകരിക്കുന്ന നന്മയിലും പുണ്യത്തിലും (ബിര്‍റ്) ഉള്‍പ്പെടുന്നു. പ്രമുഖ താബിഈ പണ്ഡിതന്‍ മുജാഹിദ് ഉദ്ധരിക്കുന്നു: സ്വഹാബിവര്യനായ അബ്ദുല്ലാഹിബ്‌നു ഉമറിന്റെ വീട്ടില്‍ ഒരു ആടിനെ അറുത്തു. ഇതു കണ്ട അദ്ദേഹം, 'നിങ്ങള്‍ അയല്‍വാസിയായ ജൂതന് നല്‍കിയോ' എന്ന് അന്വേഷിച്ചു. ശേഷം അദ്ദേഹം പറഞ്ഞു: 'നബി (സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്; അനന്തര സ്വത്തില്‍ അയല്‍വാസിക്കും അവകാശം നല്‍കുമെന്ന് തോന്നുവോളം അയല്‍വാസിയുടെ വിഷയത്തില്‍ ജിബ്‌രീല്‍ എന്നെ ഉപദേശിക്കുകയുണ്ടായി' (തിര്‍മിദി, 1943. ഇത് പ്രബലമാണെന്ന് അല്‍ബാനി രേഖപ്പെടുത്തുന്നു). മുസ്‌ലിംകള്‍ അറുത്തതിന്റെ മാംസവും ഐഛിക ദാനവും അമുസ്‌ലിംകള്‍ക്ക് നല്‍കാം എന്നതിന് ഈ സംഭവം തെളിവാണ്. ബഹുദൈവാരാധികയായ മാതാവിന് പണം നല്‍കാന്‍ അസ്മാഅ് ബിന്‍ത് അബൂബക്‌റിനോട് നബി(സ) കല്‍പിച്ചിട്ടുണ്ട് (ബുഖാരി, 2946). ബന്ധങ്ങള്‍ ചേര്‍ക്കാനായി അമുസ്‌ലിംകള്‍ക്ക് ദാനം ചെയ്യാമെന്ന് ഈ ഹദീസ് സൂചിപ്പിക്കുന്നു. ജൂത വനിതക്ക് ആഇശ (റ) ദാനം ചെയ്തതും ഹദീസുകളില്‍ കാണാം (മുസ്‌നദ് അഹ്മദ്, 24815). ഇതെല്ലാം ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ ഉദ്ധരിച്ചിട്ടുള്ള തെളിവുകളാണ്.
ബലിമാംസം അമുസ്‌ലിംകള്‍ക്ക് നല്‍കാന്‍ പാടില്ല എന്ന്  ഇമാം ശാഫിഈ അഭിപ്രായപ്പെട്ടതായി മദ്ഹബ് ഗ്രന്ഥങ്ങളില്‍ കാണാം (തുഹ്ഫ, ഹാശിയത്തു ഇബ്‌നു ഖാസിം). എന്നാല്‍ ഈ നിലപാടിന് ഖുര്‍ആനിന്‍നിന്നും സുന്നത്തില്‍നിന്നും തെളിവുകളൊന്നും ഉദ്ധരിച്ചിട്ടില്ല. അതുകൊണ്ട് ഈ വാദം നിലനില്‍ക്കുന്നതല്ല. അതേസമയം, നിര്‍ബന്ധമല്ലാത്ത ദാനം അമുസ്‌ലിംകള്‍ക്ക് നല്‍കാമെന്ന് ഇമാം ശാഫിഈ പറഞ്ഞിട്ടുണ്ട്. അഗതികള്‍ക്ക് ഭക്ഷണം നല്‍കുന്നവരെ അല്ലാഹു പ്രശംസിച്ച ഖുര്‍ആന്‍ വചനവും ഇമാം ശാഫിഈ തെളിവായി ഉദ്ധരിക്കുന്നു (കിതാബുല്‍ ഉമ്മ്). എന്നാല്‍ ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതന്‍ ഇമാം നവവി ബലിമാംസം അമുസ്‌ലിംകള്‍ക്ക് നല്‍കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശാഫിഈ മദ്ഹബിലെ ആധികാരിക കൃതികളിലൊന്നായ ശറഹുല്‍ മുഹദ്ദബില്‍ ഇങ്ങനെ കാണാം: 'ഇമാം ഹസനുല്‍ ബസ്വരി, ഇമാം അബൂഹനീഫ തുടങ്ങിയവര്‍ ബലിമാംസം അമുസ്‌ലിംകള്‍ക്കും നല്‍കാം എന്ന് പറഞ്ഞിട്ടുണ്ട്. മുസ്‌ലിംകള്‍ക്കാണ് മുഖ്യ പരിഗണന എന്നാണ് ഇമാം മാലികിന്റെ വീക്ഷണം. ശാഫിഈ മദ്ഹബില്‍ പ്രസ്താവ്യമായ ഒരഭിപ്രായവും ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍, ശാഫിഈ മദ്ഹബിന്റെ മൊത്തം അഭിപ്രായങ്ങള്‍ മുന്‍നിര്‍ത്തി ചിന്തിച്ചാല്‍, ഐഛികമായ ബലിമാംസം അമുസ്‌ലിംകള്‍ക്കു നല്‍കല്‍ അനുവദനീയമാണെന്നാണ് മനസ്സിലാകുന്നത്. നേര്‍ച്ച വഴിയോ മറ്റോ നിര്‍ബന്ധമാകുന്ന ബലിമാംസം നല്‍കാവതല്ല' (ശറഹുല്‍ മുഹദ്ദബ് 8/316). ശാഫിഈ മദ്ഹബില്‍ ഈദുല്‍ അദ്ഹായിലെ ബലി നിര്‍ബന്ധം (വാജിബ്) അല്ല, പ്രബലമായ സുന്നത്ത് മാത്രമാണ്. അതുകൊണ്ട് അമുസ്‌ലിംകള്‍ക്കും നല്‍കാം എന്നാണ് ഇമാം നവവിയുടെ നിലപാട്. ബലിമാംസം ഐഛിക ദാനത്തില്‍ ഉള്‍പ്പെടുന്നതാണ്. അഗതികളുടെ ആഹാരവും ബന്ധങ്ങള്‍ ദൃഢീകരിക്കാനുള്ള വഴിയുമായി അത് പരിഗണിക്കാം. അതു കൊണ്ടാണ് പണ്ഡിതശ്രേഷ്ഠനായ ഇബ്‌നു ഖുദാമ അമുസ്‌ലിംകള്‍ക്കും ബലിമാംസം നല്‍കാമെന്ന് പറഞ്ഞത്: 'അതില്‍നിന്ന് സത്യനിഷേധിയെയും ഭക്ഷിപ്പിക്കുന്നത് അനുവദനീയമാണ്. ഹസന്‍ അബൂ സൗറും, ഹനഫീ പണ്ഡിതന്മാരും ഇതേ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. കാരണം അത് ഐഛിക ദാനമാണ്. സംരക്ഷിത പൗരനും തടവുകാരനും അത് നല്‍കാം, മറ്റെല്ലാ ഐഛിക ദാനങ്ങളും പോലെ' (ഇബ്‌നു ഖുദാമ, അല്‍ മുഗ്‌നി 21/482). 
ആധുനിക സലഫി പണ്ഡിതരില്‍ പ്രമുഖനായ ശൈഖ് ഇബ്‌നു ബാസ് യുദ്ധശത്രുവല്ലാത്ത അമുസ്‌ലിമിന്, സമാധാനത്തിലും പരസ്പര കരാറിലും ഒന്നിച്ചു കഴിയുന്നവര്‍ക്ക്, ബലിമാംസവും ദാനധര്‍മങ്ങളും നല്‍കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട് (മജ്മൂഉ ഫാതാവാ ഇബ്‌നു ബാസ് 18/48). സുഊദിയിലെ ലജ്‌നത്തുദ്ദാഇമയുടെ ഫത്‌വയും ഇത് അനുവദനീയമാണെന്ന് പറയുന്നു; 'പരസ്പര കരാറോടെ ജീവിക്കുന്ന അമുസ്‌ലിമിനും ബന്ദിക്കും ഉദ്ഹിയ്യത്തിന്റെ മാംസം നല്‍കാം. അവരുടെ ദാരിദ്ര്യം, കുടുംബ ബന്ധം, അയല്‍പക്ക ബന്ധം തുടങ്ങിയ കാരണങ്ങളാലും മനസ്സില്‍ മമതയുണ്ടാക്കാനും വേണ്ടി അമുസ്‌ലിമിന് ബലിമാംസം നല്‍കല്‍ അനുവദനീയമാണ്. അല്‍മുംതഹിന അധ്യായത്തിലെ എട്ടാം സൂക്തത്തിന്റെ താല്‍പര്യത്തില്‍ ഇതും ഉള്‍ക്കൊള്ളുന്നുണ്ട്' (ഫത്‌വ നമ്പര്‍ 11/424). മുസ്‌ലിംകളെ കൊല്ലുന്ന യുദ്ധശത്രുക്കളല്ലാത്ത അമുസ്‌ലിംകള്‍ക്കും ഉദ്ഹിയ്യത്തിന്റെ മാംസം നല്‍കാമെന്ന് സ്വാലിഹുബ്‌നു ഉസൈമീനും വ്യക്തമാക്കിയിട്ടുണ്ട് (ഫതാവാ ഇബ്‌നു ഉസൈമീന്‍). 
ദരിദ്രര്‍ക്കും അഗതികള്‍ക്കുമുള്ള ഐഛിക ദാനധര്‍മങ്ങള്‍, ഭക്ഷണ വിതരണം, മറ്റു സഹായങ്ങള്‍, അയല്‍പക്ക ബന്ധങ്ങള്‍ തുടങ്ങിയവയിലൊന്നും മതപരമായ വിവേചനം ഖുര്‍ആന്‍ വചനങ്ങളില്‍ കാണുക സാധ്യമല്ല. വിവിധ മതക്കാര്‍ അടുത്തടുത്ത വീടുകളില്‍ ഇടകലര്‍ന്ന് ജീവിക്കുന്ന സാമൂഹികാന്തരീക്ഷത്തില്‍ മാംസ വിതരണം തുടങ്ങിയവയില്‍ പ്രയാസമുണ്ടാക്കുന്ന വിധത്തിലുള്ള വേര്‍തിരിവ് കാണിക്കുന്നത് ഇസ്‌ലാമിക തത്ത്വങ്ങള്‍ക്ക് നിരക്കുന്നതോ, മുസ്‌ലിം സമൂഹത്തിന്റെ ഉത്തമ താല്‍പര്യങ്ങള്‍ക്ക് ഗുണകരമോ അല്ല. ആ അര്‍ഥത്തില്‍, ഐഛിക ദാനമെന്ന നിലയില്‍ ഉദ്ഹിയ്യത്തിന്റെ മാംസം അമുസ്‌ലിംകള്‍ക്കും നല്‍കാമെന്നാണ് പ്രമാണങ്ങളും ഇബ്‌നു ഖുദാമ മുതല്‍ ഇബ്‌നു ബാസ് വരെയുള്ള പണ്ഡിതരുടെ അഭിപ്രായങ്ങളും മുന്നില്‍വെച്ചു കൊണ്ട് പറയാന്‍ കഴിയുക.

 

അമുസ്‌ലിംകള്‍ക്ക് ഈദ്ഗാഹില്‍ വരാമോ?

പള്ളിയിലും ഈദ്ഗാഹിലും പെരുന്നാള്‍ നമസ്‌കാരം വീക്ഷിക്കാനും പ്രസംഗം (ഖുത്വ്ബ) ശ്രവിക്കാനും വേണ്ടി അമുസ്‌ലിംകള്‍ സന്നിഹിതരാകുന്നതിന്റെ ഇസ്‌ലാമിക വിധി എന്താണ്?
പള്ളിയിലും ഈദ്ഗാഹിലും മുസ്‌ലിംകളല്ലാത്തവര്‍ പ്രവേശിക്കുന്നത് അനുവദനീയമാണ്. ഇതര മതസ്ഥര്‍ പള്ളിയിലും ഈദ്ഗാഹിലും സന്നിഹിതരാകുന്നതോ, നമസ്‌കാരം വീക്ഷിക്കുകയും ഖുത്വ്ബ കേള്‍ക്കുകയും ചെയ്യുന്നതോ തടയുന്ന പ്രമാണങ്ങളൊന്നും ഇല്ല. വിശുദ്ധ ഖുര്‍ആന്‍ അമുസ്‌ലിംകള്‍ പള്ളിയിലോ മുസ്വല്ലയിലോ വരുന്നത് വിലക്കിയിട്ടില്ല. മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ ബഹുദൈവാരാധകര്‍ പ്രവേശിക്കരുതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്; 'അതിനാല്‍, ഈ വര്‍ഷത്തിനു ശേഷം അവര്‍ മസ്ജിദുല്‍ ഹറാമിന്റെ  അടുത്ത് വരരുത്' (അത്തൗബ 28). മറ്റു പള്ളികളിലൊന്നും അമുസ്‌ലിംകള്‍ക്ക് പ്രവേശനം തടഞ്ഞിട്ടില്ല. അത് പാടില്ലായിരുന്നെങ്കില്‍ മസ്ജിദുല്‍ ഹറാമിനോടൊപ്പം അതും പറയുമായിരുന്നു. ഇതേ അധ്യായത്തില്‍ പള്ളിയുടെ പരിപാലനം അവിശ്വാസികളെ ഏല്‍പ്പിക്കരുതെന്നും അത് ദൈവഭക്തരായ സത്യവിശ്വാസികള്‍ നിര്‍വഹിക്കേണ്ടതാണെന്നും പറയുന്നുണ്ട് (അത്തൗബ 17, 18 ). ഇവിടെയും പ്രവേശനം വിലക്കിയിട്ടില്ല, പരിപാലനമേ തടഞ്ഞിട്ടുള്ളൂ.
മുഹമ്മദ് നബി(സ)യുടെ ചര്യയില്‍ ഇതര മതസ്ഥര്‍ക്കും പള്ളിപ്രവേശം അനുവദിച്ചതിന്റെ പ്രായോഗിക അനുഭവങ്ങള്‍ കാണാം. നബി(സ) അമുസ്‌ലിം ദൗത്യസംഘങ്ങളെ പള്ളിക്കകത്ത് സ്വീകരിച്ചതും യഹൂദരും മറ്റും മസ്ജിദുന്നബവിയില്‍ വന്നതും ഉദാഹരണം. അനസുബ്‌നു മാലിക് നിവേദനം ചെയ്ത ഒരു ഹദീസില്‍, അവര്‍ മസ്ജിദുന്നബവിയില്‍ ഇരിക്കുമ്പോള്‍ ഒരാള്‍ ഒട്ടകപ്പുറത്ത്  പള്ളിയില്‍ വന്ന്, ഒട്ടകത്തെ മുട്ടു കുത്തിച്ച്, ആരാണ് മുഹമ്മദ് എന്ന് ചോദിച്ച സംഭവം  വിവരിക്കുന്നുണ്ട്. അപ്പോള്‍ നബി(സ) അവിടെ ഇരിക്കുന്നുണ്ടായിരുന്നു (സ്വഹീഹു ഇബ്‌നുഹിബ്ബാന്‍, 154). തങ്ങളില്‍പെട്ട വ്യഭിചാരികളുടെ വിഷയത്തില്‍ വിധി തേടി യഹൂദര്‍ നബിയുടെ പള്ളിക്കകത്ത് വന്ന് നബിയെ കണ്ട സംഭവം ഹദീസുകളിലുണ്ട് (അബൂഹുറയ്‌റ നിവേദനം ചെയ്തത്, അല്‍ബിദായത്തു വന്നിഹായ 6/183). നജ്‌റാനില്‍നിന്ന് വന്ന ക്രൈസ്തവര്‍ മസ്ജിദുന്നബവിയില്‍ നബിയെ സന്ദര്‍ശിച്ച സംഭവം പ്രസിദ്ധവും പ്രബലവുമാണ് (ഇബ്‌നുല്‍ ഖയ്യിം, അഹ്കാമു അഹ്‌ലുദ്ദിമ്മ 1/397, ഹദീസ് സ്വഹീഹാണ്. ഇമാം സുയൂത്വി, സാദുല്‍ മആദ് 3/550).
ശാഫിഈ, ഹനഫി, ഹമ്പലി മദ്ഹബുകളില്‍ അമുസ്‌ലിംകളുടെ പള്ളിപ്രവേശം അനുവദനീയമാണ്. ഹനഫീ മദ്ഹബ് നിരുപാധികം പള്ളിയില്‍ പ്രവേശനം അനുവദിക്കുന്നു. മുസ്‌ലിംകളുടെ അനുവാദത്തോടെ പ്രവേശിക്കാമെന്നാണ് ഹമ്പലികളുടെ നിലപാട്. ശാഫിഈ മദ്ഹബില്‍ ഒരു വിഭാഗവും പ്രവേശനം അനുവദിക്കുന്നു. മാലികീ മദ്ഹബും ശാഫിഈകളില്‍ ഒരു വിഭാഗവും അനുവദനീയമല്ല എന്ന നിലപാടുകാരാണ്. ഇമാം അബൂബക്ര്‍ ജസ്സാസ്, ഇമാം സര്‍ഖശി, ഇബ്‌നു നുജൈം, മൂസ്വിലി, ഇബ്‌നുല്‍ ഹുമ്മാം, കാസാനി തുടങ്ങിയ ഹനഫീ പണ്ഡിതര്‍ തങ്ങളുടെ കൃതികളില്‍ ഇതിന്റെ ന്യായങ്ങളും തെളിവുകളും അവതരിപ്പിച്ചിട്ടുണ്ട് (അഹ്കാമുല്‍ ഖുര്‍ആന്‍ 4/279. അല്‍ ഇഖ്തിയാറു ഫീ തഅ്‌ലീലില്‍ മുഖ്താര്‍ 4/166. ഹാശിയതു ഇബ്‌നു ആബിദീന്‍ 4/209. അല്‍ അശ്ബാഹു വന്നളാഇര്‍ 280). മുസ്‌ലിമിന്റെ അനുവാദത്തോടെ ഇതര മതസ്ഥര്‍ക്ക് പള്ളിയില്‍ പ്രവേശിക്കാമെന്നും ഖുര്‍ആനും വൈജ്ഞാനിക കാര്യങ്ങളും ശ്രവിക്കാമെന്നും ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ഇമാം നവവി രേഖപ്പെടുത്തിയിട്ടുണ്ട് (റൗളത്തുത്ത്വാലിബീന്‍ 1 / 403). പ്രഗത്ഭ ശാഫിഈ പണ്ഡിതരായ റംലി, ശര്‍വാനി, ശര്‍ബീനി, ജുവൈനി തുടങ്ങിയവരും ഇതേ നിലപാടുള്ളവര്‍ തന്നെ (നിഹായത്തുല്‍ മുഹ്താജ് 1/218, തുഹ്ഫത്തുല്‍ മുഹ്താജ് 2/168, മുഗ്‌നി അല്‍ മുഹ്താജ് 1/71, അല്‍ ഇഖ്‌നാഅ് 67).
ശൈഖ് ഇബ്‌നു ബാസ് ഉള്‍പ്പെടെയുള്ള ആധുനിക പണ്ഡിതരും അമുസ്‌ലിംകളുടെ പള്ളി പ്രവേശം അനുവദനീയമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 'ഇസ്‌ലാമികമായ ലക്ഷ്യങ്ങള്‍ക്കും അനുവദനീയമായ കാര്യങ്ങള്‍ക്കും വേണ്ടി അമുസ്‌ലിംകള്‍ പള്ളിയില്‍ പ്രവേശിക്കുന്നതില്‍ തെറ്റൊന്നുമില്ല. പ്രഭാഷണങ്ങള്‍ കേള്‍ക്കുക, വെള്ളം കുടിക്കുക തുടങ്ങിയവ ഉദാഹരണം. നബി(സ) ചില അമുസ്‌ലിം ദൗത്യസംഘങ്ങളെ പള്ളിക്കകത്തു തന്നെ അതിഥികളായി സ്വീകരിച്ചിരുന്നു. അവര്‍ നമസ്‌കാരത്തിന് സാക്ഷികളാകുന്നതിനും നബിയുടെ ഖുത്വ്ബയും ഖുര്‍ആന്‍ പാരായണവും കേള്‍ക്കുന്നതിനും വേണ്ടിയായിരുന്നു ഇത്. അവരുമായി അടുപ്പം സ്ഥാപിച്ചുകൊണ്ട് ഇസ്‌ലാമിക പ്രബോധനം നിര്‍വഹിക്കലും നബിയുടെ ലക്ഷ്യമായിരുന്നു. തടവുകാരനായി വന്ന സമാമത്തുബ്‌നു അസാലുല്‍ ഹനഫിയെ  പാര്‍പ്പിച്ചിരുന്നതും പള്ളിക്കകത്തായിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അദ്ദേഹത്തിന് സന്മാര്‍ഗം ലഭിക്കുകയുണ്ടായി' (മജ്മൂഉല്‍ ഫതാവാ വമഖാലാത്തില്‍ മുതനവ്വിഅ, അബ്ദുല്‍ അസീസ് ഇബ്‌നു ബാസ്, 8/356). മസ്ജിദുന്നബവിയിലും അമുസ്‌ലിംകള്‍ക്ക് പ്രവേശിക്കാമെന്നും ഈ വിഷയത്തില്‍ മറ്റു പള്ളികളുടെ വിധി തന്നെയാണ് മദീനയിലെ പള്ളിക്ക് ഉള്ളതെന്നും ഇബ്‌നു ബാസ് മറ്റൊരു ഫത്‌വയില്‍ പറയുന്നുണ്ട് (ഫത്‌വ നമ്പര്‍, 4886). ഇതേ നിലപാടുളള മറ്റനവധി ആധുനിക പണ്ഡിതരെയും കാണാം. 
ഈ പ്രമാണങ്ങളും പണ്ഡിതാഭിപ്രായങ്ങളും അമുസ്‌ലിം സഹോദരങ്ങളുടെ പള്ളിപ്രവേശെത്ത തീര്‍ച്ചയായും അംഗീകരിക്കുന്നുണ്ട്. ഖുര്‍ആനും ഖുത്വ്ബ ഉള്‍പ്പെടെയുള്ള  പ്രഭാഷണങ്ങളും കേള്‍ക്കാനും ഇസ്‌ലാമിനെ അറിയാനും വേണ്ടിയുള്ള പള്ളി പ്രവേശത്തെക്കുറിച്ച് ഇമാം നവവി മുതല്‍ ഇബ്‌നു ബാസ് വരെയുള്ളവര്‍ പറയുന്നത് വര്‍ത്തമാനകാലത്ത് വളരെ പ്രസക്തമാണ്. പള്ളി വാതിലുകള്‍ ഈ സ്വഭാവത്തില്‍ തുറന്നുവെക്കുന്നത് ഇതര മതസ്ഥര്‍ക്ക് ഇസ്‌ലാമിനെക്കുറിച്ച് അറിയാന്‍ പ്രയോജനപ്പെടും. പല തെറ്റിദ്ധാരണകളും ഇല്ലാതാക്കാനും അത് സഹായിക്കും. അമേരിക്കയിലും യൂറോപ്പിലും മറ്റും അമുസ്‌ലിംകള്‍ പള്ളികളില്‍ വരികയും നമസ്‌കാരം വീക്ഷിക്കുകയും ഖുത്വ്ബ കേള്‍ക്കുകയും ഇമാമിനോട് സംശയങ്ങള്‍ ചോദിക്കുകയും ചെയ്യുന്ന രീതി വ്യാപകമാണ്. 'പള്ളികള്‍ സന്ദര്‍ശിക്കു' കാമ്പയിന്‍ തന്നെ ചിലയിടങ്ങളില്‍ നടക്കാറുണ്ട്. ഇസ്‌ലാം പേടിയുടെ പ്രചാരണകാലത്ത് ഇത് വലിയ തോതില്‍ പ്രയോജനപ്പെടുന്നതാണ്. നമ്മുടെ രാജ്യത്തും ഇത്തരം മാതൃകകള്‍ പിന്തുടരുന്നത് ഉത്തമമത്രെ. വര്‍ഗീയത പടര്‍ത്തി മനുഷ്യരെ അകറ്റാന്‍ ശ്രമിക്കുന്ന സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷത്തില്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ പോലുള്ള സന്ദര്‍ഭങ്ങളില്‍ അമുസ്‌ലിംകള്‍ പള്ളിയിലും ഈദ്ഗാഹിലും വരുന്നതും നമസ്‌കാരം വീക്ഷിക്കുന്നതും പ്രഭാഷണം കേള്‍ക്കുന്നതും തെറ്റല്ല, ഉത്തമം തന്നെയാണ്. പ്രബോധനത്തിന്റെ ഭാഗമായാണ് അതിനെ മനസ്സിലാക്കേണ്ടത്. ലക്ഷ്യബോധത്തോടെയും സൂക്ഷ്മതയോടെയും നിര്‍വഹിക്കണമെന്നു മാത്രം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (5-6)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജിനു ശേഷം പുതിയൊരു ജീവിതം
സുബൈര്‍ കുന്ദമംഗലം