Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 09

3113

1440 ദുല്‍ഹജ്ജ് 07

പ്രത്യയശാസ്ത്ര ഭദ്രതയുള്ള ഇസ്‌ലാമിന്റെ അനുയായികള്‍ എങ്ങനെ ദുര്‍ബലരായി?

സയ്യിദ് സആദത്തുല്ലാ ഹുസൈനി

(ഇസ്‌ലാമിക പ്രസ്ഥാനവും സമുദായ ഉത്ഥാനവും)

ഇന്ത്യന്‍ മുസ്‌ലിംകളുടെ ഇപ്പോഴത്തെ ഒരു പ്രധാന പ്രശ്‌നം അവര്‍ സാമൂഹികമായി  അങ്ങേയറ്റം ദുര്‍ബലരും പിന്നാക്കവുമാണെന്നതാണ്. കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ മുസ്‌ലിംകളുടെ സാമൂഹികമായ ദുര്‍ബലാവസ്ഥ രാജ്യത്തുടനീളം വലിയ ചര്‍ച്ചയാവുകയും മുസ്‌ലിം ബുദ്ധിജീവികള്‍ അതിന്റെ പരിഹാരത്തിനായി പലതരം നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുകയും ചെയ്തിരുന്നു. ഈ ചര്‍ച്ചയിലൂടെ പൊതുവായി മനസ്സിലാക്കപ്പെട്ടത് മുസ്‌ലിംകള്‍ വിദ്യാഭ്യാസരംഗത്ത് മുന്നേറുകയോ അവരുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുകയോ അധികാര മണ്ഡലത്തില്‍ സ്വാധീനം നേടുകയോ ചെയ്താല്‍ അവര്‍ക്ക് ഈ ദുര്‍ബലാവസ്ഥ മറികടക്കാനാകുമെന്നാണ്. പുരോഗതിക്ക് ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം ആവശ്യമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ അതുകൊണ്ടുമാത്രം പുരോഗതിയുണ്ടാവുകയില്ല. ഏതായാലും പുരോഗതിയുടെ  അടിത്തറ ഒരിക്കലും  ഈ ഭൗതിക കാര്യങ്ങളല്ല. മുസ്‌ലിംകള്‍ എന്തിന് പുരോഗമിക്കണമെന്നും പ്രസ്തുത പുരോഗതിക്ക് അനിവാര്യമായ പ്രേരകങ്ങള്‍ എന്തെല്ലാമാണെന്നുമാണ് ഈ ലേഖനത്തില്‍ പരിശോധിക്കുന്നത്.

മുസ്‌ലിംകളുടെ പുരോഗതിയും ഇഖാമത്തുദ്ദീനും 

മുസ്‌ലിംകളുടെ പുരോഗതിക്ക്  ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ലക്ഷ്യമായ ഇഖാമത്തുദ്ദീനുമായി അഗാധമായ ബന്ധമുണ്ട്. കാരണം ഈ രാജ്യത്തെ ഇസ്‌ലാമിന്റെ വക്താക്കള്‍ മുസ്‌ലിംകള്‍ തന്നെയാണ്. ഇസ്‌ലാമിന്റെ ഭൗതിക സാന്നിധ്യവും അതിന്റെ പ്രതിനിധാനവും മുസ്‌ലിംകളിലൂടെയാണ് അനുഭവിക്കാനാവുക. പുറത്തുള്ളവര്‍ പൊതുവെ മുസ്‌ലിം സമുദായത്തെ നോക്കിയാണ് ഇസ്‌ലാമിനെ മനസ്സിലാക്കുന്നത്. പുതിയ കാലത്ത് വൈജ്ഞാനികമായി  ഇസ്‌ലാമിനെ അറിയാനും മനസ്സിലാക്കാനുമുള്ള ഒരു രീതി (അത് ശരിയല്ലെങ്കിലും) മുസ്‌ലിംകളുടെ പ്രായോഗിക നിലപാടുകളിലൂടെ ഇസ്‌ലാമിനെ മനസ്സിലാക്കുക എന്നാണ്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രയോഗ ശക്തിയുടെ ഉറവിടവും ഉമ്മത്ത് തന്നെയാണ്. നമ്മള്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഉമ്മത്തിന്റെ അവസ്ഥ  ഇസ്‌ലാമിനെ സ്വാധീനിക്കുകയും  അതിന്റെ പ്രബോധനത്തെയും പ്രസ്ഥാനത്തെയും ബാധിക്കുകയും ചെയ്യും. സമുദായം ഒന്നടങ്കം ദുര്‍ബലവും  പ്രസ്ഥാനം മാത്രം ശക്തവും എന്ന അവസ്ഥ ഒരിക്കലും ഉണ്ടാവുകയില്ല. പ്രസ്ഥാനത്തിന് സഹായം ലഭിക്കുന്നത് ഉമ്മത്തില്‍നിന്നാണ്. അതിന് പ്രവര്‍ത്തകരെയും ഗുണകാംക്ഷികളെയും ലഭിക്കുന്നതും ഉമ്മത്തില്‍നിന്നല്ലാതെ മറ്റെവിടെ നിന്നുമല്ല. ഉമ്മത്തില്‍ കഴിവുകളുടെ കുറവുണ്ടെങ്കില്‍ പ്രസ്ഥാനത്തിനും ആ കുറവുണ്ടാകും. ഉമ്മത്തിന്റെ ചിന്താലോകം പിന്നാക്കമാണെങ്കില്‍ അതിന്റെ സ്വാധീനം പ്രസ്ഥാനത്തിലെ വ്യക്തികളുടെ ചിന്താലോകത്തെയും ബാധിക്കും. ഉമ്മത്തില്‍ ധാര്‍മികമായ ദൗര്‍ബല്യങ്ങളുണ്ടെങ്കില്‍ ഉമ്മത്തില്‍നിന്ന് പ്രസ്ഥാനത്തിലേക്ക് വരുന്നവരും ആ ദൗര്‍ബല്യവുമായിട്ടാണ് വരുന്നത്. പ്രസ്ഥാനത്തിന് സ്വന്തമായ പരിശീലന പദ്ധതികളുണ്ടായാലും സമുദായത്തിന്റെ ദൗര്‍ബല്യങ്ങളില്‍നിന്ന് പ്രസ്ഥാനം പൂര്‍ണമായും മുക്തമാകില്ലെന്നര്‍ഥം.
ഇസ്‌ലാമിക പ്രസ്ഥാനം യഥാര്‍ഥത്തില്‍ മുഴുവന്‍ സമുദായത്തിന്റെയും പ്രസ്ഥാനമാണ്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സംഘടനാ ഘടന യഥാര്‍ഥ ജമാഅത്തിന്റേതോ അല്‍ജമാഅത്തിന്റേതോ അല്ലെന്ന് തുടക്കം മുതല്‍ക്കേ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് നല്ല ബോധ്യമുണ്ട്. നിര്‍ബന്ധിതാവസ്ഥയില്‍ താല്‍ക്കാലികമായി ഉണ്ടായ ഒരു ഘടന മാത്രമാണ് ജമാഅത്തിന്റേത്. മുഴുവന്‍ സമുദായവും അല്ലാഹുവിന്റെ പാര്‍ട്ടിയാവുക  എന്നതാണ് നമ്മുടെ യഥാര്‍ഥ ലക്ഷ്യം. അതിനാല്‍ മുഴുവന്‍ മില്ലത്തിനെയും ഇഖാമത്തുദ്ദീനിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കുക എന്നത് പ്രസ്ഥാനത്തിന്റെ പ്രധാന ആവശ്യമാണ്. ഈ ആവശ്യം മറ്റു കാര്യങ്ങളോടൊപ്പം സമുദായത്തിന്റെ പുരോഗതിയും താല്‍പര്യപ്പെടുന്നുണ്ട്.
ഓരോ സാമൂഹിക വിഭാഗവും പുരോഗതിയും ഉന്നതിയും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം അവര്‍ കേവലം ഒരു സാമൂഹിക വിഭാഗമോ പരസ്പരം മത്സരിക്കുന്ന വര്‍ഗ വിഭാഗങ്ങളില്‍ ഒന്നോ അല്ല. ഒരു ലക്ഷ്യവും മിഷനും വഹിക്കുന്ന ഒരു പ്രബോധക സംഘമാണത്. അവരുടെ ലക്ഷ്യവും പദ്ധതിയും ഇസ്‌ലാമിന്റെ വീക്ഷണത്തില്‍ മനുഷ്യരുടെ ക്ഷേമവും വിജയവും നീതിയുടെ സംസ്ഥാപനവുമാണ്. ദീന്‍ സ്ഥാപിക്കാനുള്ള ഈ മഹത്തായ പദ്ധതിയുടെ  താല്‍പര്യമാണ്, അതിന്റെ വക്താക്കള്‍ ശക്തിയും ശേഷിയും കൈവരിച്ചവരായിരിക്കുക എന്നത്. അല്ലാഹുവിന്റെ കല്‍പ്പന ഇങ്ങനെയാണ്: ''അവരെ നേരിടാന്‍ നിങ്ങള്‍ക്കാവുന്നത്ര ശക്തി സംഭരിക്കുക. കുതിരപ്പടയെ തയാറാക്കി നിര്‍ത്തുക. അതിലൂടെ അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുക്കളെ നിങ്ങള്‍ക്ക് ഭയപ്പെടുത്താം. അവര്‍ക്കു പുറമെ നിങ്ങള്‍ക്ക് അറിയാത്തവരും അല്ലാഹുവിന് അറിയുന്നവരുമായ മറ്റു ചിലരെയും.''1 ഇപ്രകാരം  ഓരോ  കാലഘട്ടത്തിലും എന്താണ് ഏറ്റവും വലിയ ശക്തിയായി ഗണിക്കപ്പെടുന്നത് അക്കാര്യത്തില്‍ കൂടുതല്‍ മുന്നോട്ടു പോവുകയും പുരോഗതി നേടുകയും ചെയ്യുക എന്നത് തനിയെ തന്നെ  നമ്മുടെ  പദവി നമ്മില്‍ ഏല്‍പ്പിക്കുന്ന ബാധ്യതകളില്‍പെട്ടതാണ്. വ്യക്തികളുടെ എണ്ണത്തിലും സമ്പത്തിലും മറ്റു വിഭവങ്ങളിലും കുറവും, വിദ്യാഭ്യാസപരവും  സാമ്പത്തികവുമായ ദൗര്‍ബല്യങ്ങളും ഉണ്ടായിട്ടും, ചിലര്‍ ലോകത്ത് പ്രഭാവം നേടിയെടുക്കുകയും പ്രത്യക്ഷത്തില്‍ ശക്തിയുള്ളവരെന്ന് കരുതപ്പെടുന്നവരെ അതിജയിച്ച് മുന്നോട്ടു പോവുകയും അവരില്‍ തങ്ങളുടെ സ്വാധീനം  ഉറപ്പിക്കുകയും ചെയ്തതിനു ചരിത്രം പലപ്പോഴും സാക്ഷിയായിട്ടുണ്ട്. പ്രവാചകനും  സ്വഹാബികളുടെ സംഘവും അവരുടെ  പ്രതിയോഗികളുമായുള്ള  സംഘര്‍ഷത്തില്‍ മേല്‍പറഞ്ഞ കാര്യത്തിലെല്ലാം ദുര്‍ബലരായിരുന്നു. എന്നിട്ടും കുറഞ്ഞ ദശാബ്ദങ്ങള്‍ക്കുള്ളില്‍തന്നെ ലോകത്തിന്റെ  പകുതി ഭാഗത്ത് അവര്‍  പരക്കുകയുണ്ടായി. അപ്പോള്‍  മനുഷ്യ കൂട്ടായ്മകളെ വിജയതീരത്തോട് അടുപ്പിക്കുന്ന ആ ശക്തി എന്താണ്? ഇത്  സാമൂഹിക മനഃശാസ്ത്രത്തിലും സാമൂഹിക ശാസ്ത്രത്തിലും ചരിത്രത്തിലും ചരിത്ര ദര്‍ശനത്തിലുമെല്ലാം  ഒരു പ്രധാന  ചോദ്യമാണ്. ഖുര്‍ആന്‍ ഈ ചോദ്യം സ്വയം  ഉയര്‍ത്തുകയും അതിന് മറുപടി പറയുകയും ചെയ്തിട്ടുണ്ട്. ''എത്രയെത്ര ചെറിയ വിഭാഗങ്ങളാണ് അല്ലാഹുവിന്റെ ഇഛ പ്രകാരം വലിയ വിഭാഗത്തെ അതിജയിച്ചിരിക്കുന്നത്! അല്ലാഹു ക്ഷമാശീലരുടെ കൂടെയാണ്.''2
സമൂഹങ്ങളുടെയും സംഘങ്ങളുടെയും  ശക്തിയുടെ രഹസ്യം സാമൂഹിക ശക്തിയാണ്. സാമ്പത്തിക ശക്തിയിലും വിദ്യാഭ്യാസപരവും രാഷ്ട്രീയവുമായ ശക്തിയിലും കുറവുണ്ടായിട്ടും നിസ്സംശയം സമൂഹങ്ങള്‍ പുരോഗതി നേടിയിട്ടുണ്ട്. എന്നാല്‍ സാമൂഹിക ശക്തി തടയപ്പെട്ട ഒരു സമൂഹവും മുന്നോട്ടു പോയ ചരിത്രമില്ല. സാമൂഹിക ശക്തിയാണ് സമൂഹങ്ങള്‍ക്ക് പുരോഗതിയിലേക്ക് വഴി കാണിക്കുന്നത്. അവരാണ് നേതൃപദവിയില്‍ എത്തുന്നതും. സാമൂഹിക ശക്തിയുണ്ടെങ്കില്‍  ചെറു സംഘങ്ങള്‍ക്കും  മറ്റു ദൗര്‍ബല്യങ്ങളുണ്ടെങ്കിലും ഭൂരിപക്ഷത്തെ സ്വാധീനിക്കാനും  അവരില്‍ അധീശത്വം നേടിയെടുക്കാനും കഴിയും. അപ്പോള്‍ ഉയരുന്ന ചോദ്യം; എന്താണ് സാമൂഹിക ശക്തി, അതെങ്ങനെ സൃഷ്ടിക്കപ്പെടും എന്നതാണ്.

പുരോഗതിയും സാമൂഹിക ശക്തിയും 
സമൂഹങ്ങളുടെ ശക്തി ഏതെല്ലാം കാര്യങ്ങളെയാണ് ആശ്രയിച്ചുനില്‍ക്കുന്നത്? ഏതെങ്കിലും സാമൂഹിക വിഭാഗം എങ്ങനെയാണ് സ്വാധീനം  ചെലുത്താവുന്ന നിലയിലെത്തുന്നത്? എങ്ങനെയാണ് ഒരു ചെറിയ സാമൂഹിക വിഭാഗം മുഴുവന്‍ ജനതയെയും സ്വാധീനിക്കുന്നത്? അവര്‍ പൊതു ജനാഭിപ്രായത്തെ രൂപപ്പെടുത്തുന്നതും ജനങ്ങളുടെ സംസ്‌കാരത്തെയും അഭിരുചികളെയും സ്വാധീനിക്കുന്നതും  എങ്ങനെയാണ്? ഇതെല്ലാം ആധുനിക സാമൂഹിക ശാസ്ത്രത്തിലെയും സാമൂഹിക മനഃശാസ്ത്രത്തിലെയും പ്രധാന ചോദ്യങ്ങളാണ്. ഖുര്‍ആന്‍ ഇതിന് വിശദമായി മറുപടി പറഞ്ഞിട്ടുണ്ട്. പുതിയ വൈജ്ഞാനിക പഠനങ്ങളും ഖുര്‍ആനിക കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്.
ന്യൂനപക്ഷ സ്വാധീനം പുതിയ സാമൂഹിക മനഃശാസ്ത്രത്തിലെ ഒരു പ്രധാന വിഷയമാണ്. മുഴുവന്‍ സമൂഹത്തെയും സ്വാധീനിക്കാന്‍ ന്യൂനപക്ഷത്തെ പ്രാപ്തമാക്കുന്ന ഡൈനാമിക്‌സിനെ കുറിച്ചാണ് അതില്‍ ചര്‍ച്ച ചെയ്യുന്നത്. ഈ ഡൈനാമിക്‌സുകളുടെ സാകല്യത്തിന്റെ പേരാണ് സാമൂഹിക ശക്തി.
സാമൂഹിക ശക്തിക്ക് താഴെ പറയുന്ന ഘടകങ്ങളുണ്ട്:

1. പ്രത്യയശാസ്ത്ര ശക്തി (Ideological Power)
2. ധാര്‍മിക ശക്തി (Power of Values)
3. സാമൂഹിക മനോഭാവത്തിന്റെ ശക്തി (Attitude)
4. പ്രയോജനകാരിതയും വിനിമയം  ചെയ്യാനുള്ള ശേഷിയും (Beneficial Role and Exchange Power)

പ്രത്യയശാസ്ത്ര ശക്തി

പ്രത്യയശാസ്ത്ര ശക്തിയെന്ന് പറയുന്നത് യഥാര്‍ഥത്തില്‍ ഏതെങ്കിലും സാമൂഹിക വിഭാഗത്തിന്റെ കൈവശമുള്ള, തങ്ങളുടെ  ക്ഷേമത്തിന് പര്യാപ്തമെന്ന് രാജ്യത്തെ ജനതയെ മുഴുവന്‍ വിശ്വസിപ്പിക്കാന്‍  കഴിയുമെന്ന്  അവര്‍ കരുതുന്ന  ആശയങ്ങളുടെ പേരാണ്. ചരിത്ര വായനയിലൂടെ മനസ്സിലാകുന്നത് ചെറു സംഘങ്ങള്‍ വലിയ സംഘങ്ങളെ  സ്വാധീനിക്കാനുള്ള പ്രധാന കാരണം പ്രത്യയശാസ്ത്ര ശക്തിയാണെന്നാണ്. പ്രത്യയശാസ്ത്രമാണ് സംസ്‌കാരങ്ങളുടെ ഉത്ഥാനങ്ങള്‍ക്ക്  അടിസ്ഥാന പ്രേരണയാകുന്നത് എന്നാണ് ചരിത്രഗവേഷകനായ ആര്‍ണോള്‍ഡ് ടോയന്‍ബിയുടെ വാദം. ടോയന്‍ബിയുടെ അഭിപ്രായത്തില്‍ ഏതെങ്കിലും സംസ്‌കാരത്തിന്റെ ഉത്ഥാനം ആരംഭിക്കുന്നത് നൈസര്‍ഗിക സിദ്ധിയുള്ള ഒരു സര്‍ഗാത്മക ന്യൂനപക്ഷം ഏതെങ്കിലും പ്രശ്‌നത്തിന് പരിഹാരം നിര്‍ദേശിക്കുകയും പിന്നീട് ഭൂരിപക്ഷം പ്രസ്തുത പരിഹാരം അംഗീകരിക്കാന്‍  നിര്‍ബന്ധിതാവുകയും ചെയ്യുമ്പോഴാണ്.3

പ്രവാചകന്റെയും സ്വഹാബികളുടെ സംഘത്തിന്റെയും യഥാര്‍ഥ ശക്തി  ഇസ്‌ലാമികാദര്‍ശമായിരുന്നുവല്ലോ. ഇംഗ്ലണ്ടിലെയും ജര്‍മനിയിലെയും ലൈബ്രറിയില്‍ ഇരുന്ന് രണ്ട് ദാര്‍ശനികര്‍ മാര്‍ക്‌സിസത്തിന്റെ തത്ത്വങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ ആരെങ്കിലും കരുതിയിരുന്നോ കുറഞ്ഞ കാലമാണെങ്കിലും മൂന്നിലൊന്ന്  ലോകത്തെ അത് കൈയടക്കുമെന്ന്? അല്ലെങ്കില്‍ ഫ്രാന്‍സിലെ ചില തത്ത്വചിന്തകര്‍ ചര്‍ച്ചിനെതിരെ പ്രസ്ഥാനം ആരംഭിക്കുമ്പോള്‍  ഭാവിയില്‍ കുറേ നൂറ്റാണ്ടുകള്‍ ആധുനിക ലോകത്ത് അത് ആധിപത്യം വാഴുമെന്ന് ആരെങ്കിലും സങ്കല്‍പ്പിച്ചിരുന്നുവോ? പ്രത്യയശാസ്ത്രം ശരിയോ തെറ്റോ എന്നത് ഇവിടെ വിഷയമല്ല. യഥാര്‍ഥത്തില്‍ നമ്മുടെ ശ്രദ്ധ പതിയേണ്ടത്, കുറച്ചാളുകള്‍  ഒരു പുതിയ വീക്ഷണം അവതരിപ്പിക്കുകയും അവര്‍ അതില്‍ നിശ്ചയദാര്‍ഢ്യത്തോടെ ഉറച്ചുനില്‍ക്കുകയും അതിനനുകൂലമായി പൊതു ജനാഭിപ്രായത്തെ രൂപപ്പെടുത്താന്‍ പരിശ്രമിക്കുകയും ചെയ്താല്‍ ഒടുവില്‍ ജനങ്ങള്‍  അത് സ്വീകരിക്കുകയും ലോകത്ത്  വലിയ മാറ്റങ്ങളുണ്ടാവുകയും ഇപ്രകാരം ഒരു ചെറിയ വിഭാഗം മുഴുവന്‍ ജനതയെയും സ്വാധീനിക്കുകയും ചെയ്യുമെന്ന   വസ്തുതയിലാണ്.
സാമൂഹിക ഗ്രൂപ്പുകളുടെ ശക്തി എന്ന ആശയത്തെ വലിയ രീതിയില്‍ വികസിപ്പിച്ചിട്ടു് ബ്രിട്ടീഷ് സാമൂഹിക ശാസ്ത്ര ചിന്തകനായ മൈക്കല്‍ മാന്‍. നാല് വാള്യങ്ങളുള്ള അദ്ദേഹത്തിന്റെ The Sources of Social Power എന്ന കൃതി ഇവ്വിഷയകമായി രചിക്കപ്പെട്ട പുതിയ കാലത്തെ ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രശസ്തമാണ്. അദ്ദേഹത്തിന്റെയും  അഭിപ്രായത്തില്‍ സാമൂഹിക ശക്തികളില്‍ ഏറ്റവും പ്രബലം പ്രത്യയശാസ്ത്രമാണ്.4

ഇസ്‌ലാമിനെ പോലെയുള്ള ഒരു മഹത്തായ അനുഗ്രഹം ഇന്ന് മുസ്‌ലിംകളുടെ കൈവശമുണ്ട്. ഇസ്‌ലാമിന്റെ ദാര്‍ശനിക ശക്തിയാകട്ടെ ഇന്ന് മുഴുലോകത്തും അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്. ലോകത്തിന്റെ സങ്കീര്‍ണ പ്രശ്‌നങ്ങളുടെ പരിഹാരത്തിന്  ഈ വ്യതിരിക്ത ദര്‍ശനം ലോകത്തിന്റെ പൊതു ചിന്താഗതിയില്‍നിന്നും വര്‍ത്തമാനകാല അനുഭവങ്ങളില്‍നിന്നും വ്യത്യസ്തമായ ഒരു പുതിയ വീക്ഷണകോണ്‍ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. വിജ്ഞാനവും ചിന്തയും മുതല്‍ ധാര്‍മികതയും സംസ്‌കാരവും വരെ, രാഷ്ട്രീയവും സാമ്പത്തികവും മുതല്‍ സാമൂഹികതയും ആത്മീയതയും വരെ മുഴു ജീവിതത്തെയും വ്യവസ്ഥപ്പെടുത്തുന്ന ഒരു പുതിയ പാരഡൈമാണ് ആ വീക്ഷണകോണ്‍. ചിന്താശേഷിയുള്ള ഒരു ന്യൂനപക്ഷത്തെയെങ്കിലും ഈ പാരഡൈമിനെ  ശ്രദ്ധിക്കാന്‍ പ്രേരിപ്പിക്കുന്ന പല സംഭവങ്ങളും പ്രശ്‌നങ്ങളും ലോകതലത്തില്‍തന്നെ വര്‍ത്തമാനകാല ചരിത്രത്തില്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്. ഇപ്രകാരം ശക്തമായ ഒരു പ്രത്യയശാസ്ത്ര ശക്തിയായി മാറാനുള്ള ആന്തരികമായ എല്ലാ ശേഷിയും  ഇസ്‌ലാമിന്റെ കൈവശമുണ്ട്.5 പക്ഷേ ചോദ്യമിതാണ്: ഇതെല്ലാം ഉണ്ടായിട്ടും എന്തുകൊണ്ട് ഇസ്‌ലാമിന്റെ അനുയായികള്‍ ഇന്ന് ദുര്‍ബലരും സമൂഹത്തെ സ്വാധീനിക്കാന്‍ കഴിവില്ലാത്തവരുമായി?
ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ മനസ്സിലാക്കേണ്ട കാര്യം, പ്രത്യയശാസ്ത്ര ശക്തി കേവലം അതിന്റെ ദര്‍ശന ശേഷി കൊണ്ട് മാത്രം പൂര്‍ണമായും ഫലപ്രദമാവുകയില്ല എന്നതാണ്. ഈ ദര്‍ശനത്തിന്റെ വക്താക്കള്‍ അതിനോട് ഏതു തരത്തിലുള്ള  ബന്ധം  പുലര്‍ത്തുന്നു എന്നതിനെ കൂടി ആശ്രയിച്ചാണ് അതിന്റെ ഫലപ്രാപ്തി. അതല്ലെങ്കില്‍ ടോയന്‍ബിയുടെ ഭാഷയില്‍ പറഞ്ഞാല്‍, ക്രിയാത്മക യോഗ്യതകള്‍ ഉള്ള സര്‍ഗാത്മക ന്യൂനപക്ഷം  ആ പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിക്കുകയെന്ന ബാധ്യത എങ്ങനെ നിര്‍വഹിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അതിന്റെ ഫലപ്രാപ്തി. ഈ ബന്ധം ശരിയായ രീതിയിലല്ലെങ്കില്‍ പ്രത്യയശാസ്ത്രം ശക്തമാണെങ്കിലും അതിന്റെ വക്താക്കള്‍ക്ക് അത് യാതൊരു ശക്തിയും പ്രദാനം ചെയ്യില്ല. എന്റെ അഭിപ്രായത്തില്‍ പ്രത്യയശാസ്ത്രത്തിന്റെ ശക്തി നാല് 'അലിഫു'കളെ ആശ്രയിച്ചാണ്.

അതില്‍ ഒന്നാമത്തെ 'അലിഫ്' ഈമാന്‍ അഥവാ വിശ്വാസം, ഇസ്തിഖാമത്ത് അഥവാ നിശ്ചയ ദാര്‍ഢ്യം, ഇസ്തിഖ്‌ലാല്‍ അഥവാ സ്ഥൈര്യം ആണ്. പ്രത്യയശാസ്ത്ര ഗ്രൂപ്പിന് തങ്ങളുടെ ആദര്‍ശത്തില്‍ അടിയുറച്ച വിശ്വാസം വേണം. പ്രസ്തുത ആദര്‍ശത്തില്‍ തങ്ങളുടെയും ലോകത്തിന്റെയും നന്മയുടെ രഹസ്യം ഒളിഞ്ഞിരിക്കുന്നുവെന്നും, ആ ആദര്‍ശത്തില്‍നിന്നുള്ള വ്യതിചലനം സകല നാശത്തിനും  കാരണമാകുമെന്നുമുള്ള ഉറച്ച ബോധ്യവും ഉാവണം. ഇതാണ് ഒന്നാമത്തെ അലിഫിന്റെ താല്‍പര്യം. ഈ വിശ്വാസം അങ്ങേയറ്റം ശക്തമല്ലെങ്കില്‍ പ്രത്യയശാസ്ത്രം എത്ര അസാധാരണമായിട്ടും കാര്യമില്ല, അത് ഒരു ശക്തിയായി ഒരിക്കലും മാറുകയില്ല. ഖുര്‍ആന്‍ ശക്തിയായി വിശ്വാസത്തിന് ഊന്നല്‍ നല്‍കുകയും അതിനെ സമൂഹങ്ങളുടെ പുരോഗതിയുടെയും ഉത്ഥാനത്തിന്റെയും  പ്രഥമോപാധിയാക്കുകയും ചെയ്തത് അതുകൊണ്ടാണ്: ''നിങ്ങളില്‍നിന്ന് സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു, അവന്‍ അവരെ ഭൂമിയിലെ പ്രതിനിധികളാക്കും. അവരുടെ മുമ്പുള്ളവരെ പ്രതിനിധികളാക്കിയ പോലെ തന്നെ. അവര്‍ക്കായി അല്ലാഹു തൃപ്തിപ്പെട്ടേകിയ അവരുടെ ജീവിത വ്യവസ്ഥ സ്ഥാപിച്ചുകൊടുക്കും. നിലവിലുള്ള അവരുടെ ഭയാവസ്ഥക്കു പകരം നിര്‍ഭയാവസ്ഥ ഉണ്ടാക്കിക്കൊടുക്കും.''6
ഈ ഖുര്‍ആന്‍ സൂക്തത്തില്‍നിന്ന് വ്യക്തമാകുന്ന കാര്യം പരലോക വിജയത്തോടൊപ്പം ലോകത്തെ ഉന്നതിയും സമാധാനവും നിര്‍ഭയത്വവും ഈമാനിക ശക്തിയെ ആശ്രയിച്ചുനില്‍ക്കുന്നുവെന്നാണ്. വിശ്വാസം ഇഹലോകത്തും പരലോകത്തും സ്ഥൈര്യം പ്രദാനം ചെയ്യും എന്നും ഖുര്‍ആന്‍ പറയുന്നുണ്ട്: ''സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക് അല്ലാഹു സുസ്ഥിരമായ വചനത്താല്‍ സ്ഥൈര്യം നല്‍കുന്നു. ഇഹലോക ജീവിതത്തിലും അക്രമികളെ അല്ലാഹു വഴികേടിലാക്കുന്നു. അല്ലാഹു  അവനിഛിക്കുന്നത് എന്തും ചെയ്യുന്നു.''7

ഈമാനും ദൃഢനിശ്ചയവും സ്വയം തന്നെ ഒരു ശക്തിയാണെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. അതിനു വിരുദ്ധമായ കാപട്യം ദൗര്‍ബല്യവുമാണ്. വിശ്വാസം വ്യക്തിക്കും സമൂഹങ്ങള്‍ക്കും ഫോക്കസ് പ്രദാനം ചെയ്യുന്നു. അവന്റെ /അവരുടെ മാനസികവും കര്‍മപരവുമായ ശക്തി കേന്ദ്രീകരിക്കപ്പെടുന്നു. ഈ കേന്ദ്രീകരണം അല്ലെങ്കില്‍ ഫോക്കസ് എല്ലാ  ശക്തികളെയും കൂടുതല്‍ സ്വാധീനമുള്ളതാക്കിത്തീര്‍ക്കുന്നു. അതിനു വിരുദ്ധമായ  കാപട്യവും വൈരുധ്യവും നമ്മുടെ ബോധമണ്ഡലത്തെ ആശയക്കുഴപ്പത്തില്‍ ചാടിക്കുകയും ശക്തിയെ ശിഥിലമാക്കുകയും പ്രവര്‍ത്തിക്കാനുള്ള എല്ലാ പ്രചോദനവും ഇല്ലാതാക്കുകയും ചെയ്യുന്ന ദൗര്‍ബല്യമാണ്. അടുത്ത കാലത്ത് വ്യത്യസ്ത വിഭാഗങ്ങളുടെ പലതരം അനുഭവങ്ങള്‍ വിശ്വാസത്തിന്റെയും ഉറച്ച ബോധ്യത്തിന്റെയും ഈ ശക്തിയെ എടുത്തുകാട്ടിയിട്ടുണ്ട്. വിദ്യാഭ്യാസ മനഃശാസ്ത്രത്തില്‍  Pygmalion  Effect എന്നത് ഒരു പ്രധാന വീക്ഷണമാണ്. താന്‍ മികച്ച  പ്രവര്‍ത്തനം കാഴ്ചവെക്കുമെന്ന് ഒരു വിദ്യാര്‍ഥിക്ക് സ്വയം ആത്മവിശ്വാസമുണ്ടായാല്‍ തന്നെ അവന്റെ പ്രവര്‍ത്തനം അത്ഭുതകരമായ രീതിയില്‍ മെച്ചപ്പെടും. ഇന്നാലിന്ന  വിദ്യാര്‍ഥിയുടെ ബുദ്ധിശക്തിയെ കുറിച്ച്  അധ്യാപകന് ആത്മവിശ്വാസമുണ്ടായാലും അതിന്റെ സ്വാധീനം പ്രസ്തുത വിദ്യാര്‍ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുകയും അവന്റെ വിദ്യാഭ്യാസ നിലവാരം അസാധാരണമായ രീതിയില്‍ മെച്ചപ്പെടുകയും ചെയ്യും.8 അതുപോലെ വൈദ്യ പരിശീലനത്തില്‍  Placebo Effect‑  ഒരു തിയറിയായി ഉപയോഗിക്കപ്പെടുന്നുണ്ട്. അതായത് രോഗം മാറുമെന്ന ഉറച്ച ബോധ്യം രോഗിയിലുണ്ടാക്കാനായാല്‍ കേവല പഞ്ചാര ഗുളിക രോഗിയെ കഴിപ്പിച്ചുകൊണ്ടും പല ഘട്ടങ്ങളിലും  ഈ ആത്മവിശ്വാസം കൊണ്ടു  മാത്രം യാതൊരു ഫലപ്രാപ്തിയുമില്ലാത്ത ഗുളികയിലൂടെയും  പല രോഗങ്ങളും സുഖപ്പെടാം.9 കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആസ്‌ത്രേലിയന്‍ ഗ്രന്ഥകാരനായ റോന്‍ദ ബൈറന്റെ (Rhonda Byrne) The Secret  എന്ന കൃതി വളരെയധികം ശ്രദ്ധനേടുകയുണ്ടായി. അമ്പതു ഭാഷകളില്‍ ഇതിനകം അത് വിവര്‍ത്തനം ചെയ്യപ്പെടുകയും ഇംഗ്ലീഷില്‍ മാത്രം അതിന്റെ അഞ്ച് ലക്ഷം കോപ്പികള്‍ വിറ്റഴിക്കപ്പെടുകയും ചെയ്തുവെന്നാണ് കണക്ക്. ഏതെങ്കിലും കാര്യത്തില്‍ ഒരാള്‍ക്ക് ആത്മവിശ്വാസമുണ്ടായാല്‍ അത് തന്നെ ഒരു ശക്തിയായി മാറുമെന്നും ആ ആത്മവിശ്വാസം യഥാര്‍ഥ അനുപാതത്തിലാണെങ്കില്‍ ഏതൊരു കാര്യത്തിലാണോ ആ ആത്മവിശ്വാസം പുലര്‍ത്തിയത് അത് സാക്ഷാല്‍ക്കരിക്കപ്പെടുകയും ചെയ്യുമെന്നുള്ള  തിയറിയാണ് ഈ പുസ്തകം മുന്നോട്ടു വെക്കുന്നത്.10
ഈ ചര്‍ച്ചയില്‍നിന്ന് നമ്മുടെ ദൗര്‍ബല്യത്തിന്റെ യഥാര്‍ഥ കാരണം മനസ്സിലാക്കാവുന്നതാണ്. നാം ഇസ്‌ലാം അംഗീകരിക്കുന്നുവെന്നത് ശരിതന്നെ. എന്നാല്‍ അതോടാപ്പം അതിനോട് ഏറ്റുമുട്ടുന്ന ചിന്തകളുടെ സ്വാധീനവും നമ്മിലുണ്ട്. അല്ലെങ്കില്‍ ഇസ്‌ലാം സത്യമാണെന്ന കാര്യത്തില്‍ നമുക്ക് സംശയമൊന്നുമില്ല. എന്നാലോ  പുതിയ കാലത്തും ലോകത്തും അത് പ്രയോഗക്ഷമമാണോ എന്ന കാര്യത്തില്‍ നാം ആശയക്കുഴപ്പത്തിലാണ്. അതുമല്ലെങ്കില്‍ ഇസ്‌ലാമിലോ അതിന്റെ പ്രായോഗികതയിലോ നമുക്ക് സംശയമില്ല. പക്ഷേ  നമ്മുടെ നിലപാടും പ്രവര്‍ത്തനവും അതിനോട് യോജിക്കുന്ന വിധത്തിലല്ല. ഈ നിറപ്പകര്‍ച്ചകളും വൈരുധ്യങ്ങളും ദൗര്‍ബല്യത്തെയല്ലാതെ ഉല്‍പാദിപ്പിക്കുകയില്ല. ഈ ദൗര്‍ബല്യമാകട്ടെ സര്‍വ മണ്ഡലത്തിലും പുരോഗതിക്ക് തടസ്സമായി വര്‍ത്തിക്കുന്നു. ഈമാനികമായ ഈ ദൗര്‍ബല്യം പരലോകത്തോടൊപ്പം ഇഹലോകത്തും നഷ്ടങ്ങളുണ്ടാക്കുകയും അതിന്റെ സ്വാധീനം ഉമ്മത്തിന്റെ സാമൂഹിക മനഃശാസ്ത്രത്തെ ദോഷകരമായി ബാധിക്കുകയും  അത്   വ്യക്തികളെ ദുര്‍ബലമാക്കുകയും ചെയ്യുന്നു. തല്‍ഫലമായി  വിദ്യാഭ്യാസപരമായി നാം പിന്നാക്കം പോവുകയും നമ്മുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പ്രയോജനരഹിതമാവുകയും  രാഷ്ട്രീയമായി നാം വിലയില്ലാത്തവരായി മാറുകയും ചെയ്യുന്നു. ഒടുവില്‍ ഒരു ദുര്‍ബല ഗ്രൂപ്പായി നാം അക്രമത്തിനും ചൂഷണത്തിനും ഇരയാകുന്നു. യൂറോപ്യന്‍ ചിന്തകളും വീക്ഷണങ്ങളും സ്വീകരിച്ച് ഇസ്‌ലാമിക സമൂഹത്തിന് പുരോഗതി പ്രാപിക്കാനാവില്ലെന്ന്  ഇസ്‌ലാമിക പ്രസ്ഥാനത്തിലെ ചിന്തകന്മാര്‍ വളരെ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭൗതിക മതേതര ചിന്തകളാണ് അമേരിക്കയിലെയും യൂറോപ്പിലെയും ജനതയുടെ മതം. അതിലുള്ള അവരുടെ  ആത്മവിശ്വാസവും പൂര്‍ണമാണ്. ഈ ആത്മവിശ്വാസം, തെറ്റായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണെന്നത് ശരി തന്നെ. എന്നിരുന്നാലും അതവരുടെ വലിയ ശക്തിയായി  മാറി എന്നത് വസ്തുതയാണ്. എന്നാല്‍ ഇസ്‌ലാമിക സമൂഹത്തിലേക്ക് അവര്‍ ഇറക്കുമതി ചെയ്ത അന്യചിന്തകളും കാഴ്ചപ്പാടുകളും മുസ്‌ലിംകളുടെ വിശ്വാസത്തോടും ദൃഢബോധത്തോടും ഏറ്റുമുട്ടിയതിന്റെ ഫലമായി നിങ്ങള്‍ക്ക് ഒന്നിലും  പൂര്‍ണമായ ആത്മവിശ്വാസവും സമാധാനവും നേടിയെടുക്കാനാകാതെ വന്നു.
ഈ അവസ്ഥയാണ് സാമൂഹിക ദൗര്‍ബല്യത്തിന്റെ എന്നല്ല ഒട്ടേറെ ദൗര്‍ബല്യങ്ങളുടെ യഥാര്‍ഥ ഉറവിടമായ കാപട്യത്തിനും വൈരുധ്യത്തിനും ജന്മം നല്‍കിയത്. തുര്‍ക്കിയെ പോലെ രണശൂരരായ ഒരു സമൂഹം മതേതര ജീവിത വ്യവസ്ഥക്കു കീഴില്‍ പൂര്‍ണമായും സ്വാധീനമറ്റതായത് അനുഭവങ്ങളില്‍നിന്ന് നാം മനസ്സിലാക്കിയതാണ്. അവരുടെ സാമൂഹിക ജീവിതത്തിന്റെ ചരട് രണ്ടാമതും ഇസ്‌ലാമുമായി ചേര്‍ത്തു കെട്ടിയപ്പോള്‍ വിദ്യാഭ്യാസപരവും സാമൂഹികവും സാമ്പത്തികവും വാണിജ്യപരവും സാംസ്‌കാരികവും രാഷ്ട്രീയവും സൈനികവുമായ എല്ലാ തലങ്ങളിലും ഉത്ഥാനത്തിന്  അവിടെ തുടക്കം കുറിച്ചതും നമ്മുടെ അനുഭവമാണ്.
ഈമാന്റെ അനിവാര്യ താല്‍പര്യമാണ് സ്ഥൈര്യവും  ഇഛാശക്തിയും. അതായത് ഏതൊരു കാര്യത്തില്‍ നമുക്ക് ഉറച്ച ബോധ്യമുണ്ടോ സാഹചര്യത്തിന്റെ പ്രതികൂലാവസ്ഥ പ്രസ്തുത ബോധ്യത്തെ ഒട്ടും ബാധിക്കാതെ പൂര്‍ണമായ സ്ഥൈര്യത്തോടും ഇഛാശക്തിയോടും കൂടി തങ്ങളുടെ ചിന്തയിലും നിലപാടുകളിലും ഉറച്ചു നില്‍ക്കുക. ഏതൊരു ആശയത്തിനും ചിന്തക്കും എതിര്‍പ്പുകളെ നേരിടേണ്ടിവരുമെന്നത് നിസ്തര്‍ക്കമാണ്. അതിനെ നേരിട്ടുകൊണ്ട് പ്രസ്തുത ആശയത്തിന്റെ വക്താക്കള്‍ സ്ഥൈര്യത്തോടും ഇഛാശക്തിയോടും കൂടി പ്രസ്തുത ആശയത്തിന്റെ സത്യസന്ധത പൊതുജനങ്ങളെ ബോധ്യപ്പെടുത്തുമ്പോഴാണ് ആശയത്തിന് കരുത്ത് കൈവരാന്‍ തുടങ്ങുന്നത്. ആശയത്തിന് കരുത്ത് കൈവരാനുള്ള സ്വാഭാവിക രീതി ഇതു മാത്രമാണ്. സാഹചര്യത്തിന്റെ പ്രതികൂലാവസ്ഥയെ നേരിടുന്നതില്‍ ആദര്‍ശത്തിന്റെ വക്താക്കള്‍ ഭയാശങ്കകള്‍ക്ക് ഇരയായാല്‍ അത് ആദര്‍ശത്തെ സ്വാധീനമറ്റതാക്കി മാറ്റുകയും അതിന്റെ കരുത്ത്  ചോര്‍ന്നുപോവുകയും ചെയ്യും.
രണ്ടാമത്തെ അലിഫ് ഇത്തിഫാഖ് അഥവാ ഐക്യമാണ്. ഒരാശയത്തിന്റെ വക്താക്കളായ സാമൂഹിക വിഭാഗം തങ്ങളുടെ ആദര്‍ശത്തില്‍ പൂര്‍ണമായ യോജിപ്പ് പ്രകടമാക്കണം. അവര്‍ക്കിടയില്‍ അടിസ്ഥാന വീക്ഷണത്തില്‍ തന്നെ ശൈഥില്യവും ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുകയാണെങ്കില്‍ പിന്നെ ആശയം ശക്തിയായി രൂപാന്തരപ്പെടുകയില്ല. ഏതൊരാശയവും ശക്തിയായി മാറണമെങ്കില്‍ അതിന്റെ വക്താക്കള്‍ക്കിടയില്‍ ചുരുങ്ങിയത് അടിസ്ഥാനത്തിലെങ്കിലും പൂര്‍ണമായ അഭിപ്രായ ഐക്യം ഉണ്ടാവുകയും അവര്‍ ഒറ്റ ശബ്ദത്തില്‍ പ്രസ്തുത ആശയത്തെ പ്രതിനിധീകരിച്ച് മുന്നോട്ടു പോവുകയും വേണം. ഖുര്‍ആനില്‍ എവിടെയെല്ലാം ഐക്യത്തെയും യോജിപ്പിനെയും ഊന്നിപ്പറഞ്ഞിട്ടുണ്ടോ അവിടെയെല്ലാം  ഐക്യത്തിന്റെയും യോജിപ്പിന്റെയും അടിത്തറ ഇസ്‌ലാമികാദര്‍ശവും  പ്രസ്തുത ആദര്‍ശത്തിന്റെ ഫലമായി ഉണ്ടാകുന്ന മിഷനും ലക്ഷ്യവും ആണെന്ന്  ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തുന്നുണ്ട്. ഏതെങ്കിലും താല്‍ക്കാലികമായ അപകടങ്ങളെയോ പൊതുവായ താല്‍പര്യത്തെയോ ഒരിക്കലും അതിന്റെ അടിത്തറയാക്കിയിട്ടുമില്ല.  ''നിങ്ങളൊന്നായി അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുക. ഭിന്നിക്കരുത്. അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങളോര്‍ക്കുക. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നു. പിന്നെ അവന്‍ നിങ്ങളുടെ മനസ്സുകളെ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായി.''11
ഈ സൂക്തത്തില്‍ അല്ലാഹുവിന്റെ പാശം അതായത് ഖുര്‍ആനെയാണ് ഐക്യത്തിന്റെ അടിത്തറയാക്കിയിരിക്കുന്നത്. ''നൂഹിനോട് കല്‍പിച്ചതും നിനക്ക് നാം ദിവ്യബോധനമായി നല്‍കിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോട് അനുശാസിച്ചതുമായ കാര്യം തന്നെ അവന്‍ നിങ്ങള്‍ക്ക് നിയമമായി നിശ്ചയിച്ചുതന്നിരിക്കുന്നു. നിങ്ങള്‍ ഈ ജീവിത വ്യവസ്ഥ സ്ഥാപിക്കുക, അതില്‍ ഭിന്നിക്കാതിരിക്കുക എന്നതാണത്.''12 ഈ സൂക്തത്തിലും ദീനിനെയും അത് സംസ്ഥാപിക്കുന്നതിനെയും ഐക്യത്തിന്റെ അടിത്തറയാക്കിയിരിക്കുകയാണ്. ഇതില്‍നിന്നെല്ലാം മനസ്സിലാകുന്നത് ആദര്‍ശ ശക്തി പ്രവര്‍ത്തനക്ഷമമാകണമെങ്കില്‍ ആദര്‍ശാടിത്തറയില്‍ ഐക്യം അനിവാര്യമാണെന്നാണ്.
മൂന്നാമത്തെ അലിഫ് ഇസ്തിദ്‌ലാല്‍ അഥവാ തെളിവാണ്. അതിന്റെ താല്‍പര്യം, ആശയത്തിന്റെ സത്യസന്ധതക്ക് ശക്തമായ തെളിവുണ്ടാവുകയും അതിന്റെ അടിത്തറയില്‍ ശക്തമായ ഒരു ഡിസ്‌കോഴ്‌സ് അഥവാ വ്യവഹാരം ഉണ്ടാവുകയും മനുഷ്യരുടെ ശ്രദ്ധ ആകര്‍ഷിക്കാനും  സ്വാധീനിക്കാനും അതിനു ശേഷി ഉണ്ടാവുകയും പുതിയ ചിന്തകളുയര്‍ത്തുന്ന ഏതൊരു  ചോദ്യത്തിനും അതില്‍  ഉത്തരമുണ്ടാവുകയും അത്  മുന്നോട്ടു വെക്കുന്ന തെളിവുകള്‍ പുതിയ ചിന്തകളോട് താദാത്മ്യപ്പെടുന്നത് ആവുകയുമാണ്. ഏതൊരാദര്‍ശവും എത്ര ശക്തമാണെങ്കിലും മനുഷ്യമനസ്സുകളെയും ചിന്തകളെയും സ്വാധീനിക്കണമെങ്കില്‍ അതിന് തെളിവ് ആവശ്യമാണ്.
ഖുര്‍ആനും പൂര്‍വ പ്രവാചകന്മാരും  ശക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് അവരുടെ പ്രബോധനം അവതരിപ്പിച്ചത്. ഖുര്‍ആന്‍ മക്കയിലെ ഖുറൈശികളെ സംബോധന ചെയ്തപ്പോള്‍  ബൗദ്ധികവും പ്രകൃതിപരവുമായ പൊതുവായ തെളിവുകളെ തന്റെ വ്യവഹാരത്തിന്റെ അടിത്തറയാക്കി. ഏതൊരു പ്രകൃതി പ്രതിഭാസത്തെയാണോ എല്ലാവരും ദിനേന കണ്ടുകൊണ്ടിരിക്കുകയും പ്രകൃതി സാക്ഷ്യം വഹിക്കുകയും ചെയ്യുന്നത് അതിനെയാണ് ഖുര്‍ആന്‍ തെളിവിന്റെ അടിത്തറയാക്കിയത്. ''നീ കാണുന്നില്ലേ, കടലില്‍ സഞ്ചരിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹത്താലാണെന്ന്. അവന്റെ ദൃഷ്ടാന്തങ്ങളില്‍ ചിലത് നിങ്ങളെ കാണിക്കാനാണിത്. നന്നായി ക്ഷമിക്കുകയും നന്ദി കാണിക്കുകയും ചെയ്യുന്ന ഏവര്‍ക്കും ഇതില്‍ ധാരാളം തെളിവുകളുണ്ട്. മലകള്‍ സമാനം തിരമാലകള്‍ അവരെ മൂടിയാല്‍ തങ്ങളുടെ വിധേയത്വം തീര്‍ത്തും അല്ലാഹുവിനു മാത്രം സമര്‍പ്പിച്ച് അവനോട് അവര്‍ പ്രാര്‍ഥിക്കുന്നു. എന്നാല്‍ അവരെയവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയാലോ അവരില്‍ ചിലര്‍ മര്യാദ പുലര്‍ത്തുന്നവരായിരിക്കും. കൊടും ചതിയന്മാരും നന്ദികെട്ടവരുമല്ലാതെ നമ്മുടെ തെളിവുകള്‍ തള്ളിപ്പറയുകയില്ല.''13
ഏതൊരു ചരിത്ര യാഥാര്‍ഥ്യത്തെയാണോ ഖുറൈശികള്‍ക്ക് പരിചയമുള്ളതും അവര്‍ കണ്ണ് കൊണ്ട് കണ്ടുകൊണ്ടിരിക്കുന്നതും അതിനെയും ഖുര്‍ആന്റെ തെളിവുകളുടെ അടിത്തറയാക്കിയിരിക്കുന്നു:
''ഇക്കൂട്ടര്‍ ഭൂമിയില്‍ സഞ്ചരിച്ച് തങ്ങള്‍ക്ക് മുമ്പുണ്ടായിരുന്നവരുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന് കണ്ട് മനസ്സിലാക്കിയിട്ടില്ലേ? അവര്‍ കരുത്തു കൊണ്ടും ഭൂമിയില്‍ ബാക്കിവെച്ച പ്രൗഢമായ പാരമ്പര്യം കൊണ്ടും ഇവരേക്കാളേറെ പ്രബലന്മാരായിരുന്നു. നിങ്ങളെ കാണിക്കാനാണിത്. അങ്ങനെ അവരുടെ തെറ്റുകുറ്റങ്ങള്‍ കാരണം അല്ലാഹു അവരെ പിടികൂടി. അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് രക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല.''14
അതു കൂടാതെ ഏതൊരു കാര്യത്തിലാണോ  ഇബ്‌റാഹീം പാരമ്പര്യത്തെ പോലെ ഖുറൈശികള്‍ അവകാശവാദമുന്നയിച്ചിരുന്നത് അതിനെയും ഖുര്‍ആന്‍ തെളിവിന്റെ അസ്തിവാരമാക്കുകയുണ്ടായി. പിന്നീട് മദീനയിലേക്കുള്ള ഹിജ്‌റക്കു ശേഷം വേദക്കാരെ അഭിസംബോധന ചെയ്യേണ്ടി വന്നപ്പോള്‍ അവരുടെ വിശ്വാസങ്ങളുടെയും അവകാശവാദങ്ങളുടെയും അടിത്തറയെ തന്നെ ഖുര്‍ആന്‍ അതിന്റെ പ്രബോധനത്തിന്റെ തെളിവാക്കുകയുണ്ടായി. ''പറയുക, വേദവിശ്വാസികളെ ഞങ്ങളും നിങ്ങളും ഒന്നുപോലെ അംഗീകരിക്കുന്ന തത്ത്വത്തിലേക്ക് വരിക. അതിതാണ്; 'അല്ലാഹു അല്ലാത്ത ആര്‍ക്കും നാം വഴിപ്പെടാതിരിക്കുക. അവനില്‍ ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക. അല്ലാഹുവെ അല്ലാതെ നമ്മില്‍  ചിലര്‍ ചിലരെ രക്ഷാധികാരികളാക്കാതിരിക്കുക.' ഇനിയും അവര്‍ പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍ പറയുക; ഞങ്ങള്‍  മുസ്‌ലിംകളാണ്. നിങ്ങളതിന് സാക്ഷികളാവുക. വേദക്കാരേ, ഇബ്‌റാഹീമിന്റെ കാര്യത്തില്‍ നിങ്ങളെന്തിന് തര്‍ക്കിക്കുന്നു. തൗറാത്തും ഇഞ്ചീലും അവതരിച്ചത് അദ്ദേഹത്തിന് ശേഷമാണല്ലോ. നിങ്ങള്‍ ഒട്ടും ആലോചിക്കാത്തതെന്ത്?''15 
ഈ തെളിവുകളെല്ലാം  പ്രചാരത്തിലുള്ള ഭാഷക്കും ശൈലിക്കും യോജിച്ച വിധത്തിലാണ് അവതരിപ്പിക്കപ്പെട്ടത്. അറബികളുടെ ആസ്വാദനശേഷിയെയും പ്രകൃതത്തെയും പരിഗണിച്ച് വ്യക്തവും വശ്യവും ഹൃദയാവര്‍ജകവുമായ ഗദ്യത്തെ ഖുര്‍ആന്‍ അതിന്റെ പ്രബോധനത്തിന് ഉപയോഗിക്കുകയും അതിന്റെ അതിശയകരമായ സ്വാധീനശക്തിയെ ഖുര്‍ആന്റെ അമാനുഷികതക്കും ദൈവിക വചനമാണെന്നതിനും തെളിവാക്കുകയും ചെയ്തു. ഖുര്‍ആന്‍ ദൈവിക വചനമാണെന്നതില്‍ വല്ല സംശയവുമുണ്ടെങ്കില്‍ അതിന് തത്തുല്യമായ ഒരു സൂക്തമെങ്കിലും കൊണ്ടുവരാന്‍ ഖുര്‍ആന്‍ പല സ്ഥലത്തും വെല്ലുവിളിക്കുന്നുണ്ട്.   
പില്‍ക്കാലത്ത് വന്ന എല്ലാ പരിഷ്‌കര്‍ത്താക്കളും  തങ്ങളുടെ കാലഘട്ടത്തിന്റെ ഭാഷയിലും ശൈലിയിലുമാണ് ഇസ്‌ലാമിക പ്രബോധനം ആവിഷ്‌കരിച്ചത്. കാലം ഉയര്‍ത്തിയ ധൈഷണിക വെല്ലുവിളിയെ അവര്‍ അഭിമുഖീകരിച്ചതും കാലഘട്ടത്തിന്റെ ഭാഷയില്‍തന്നെയാണ്. അതിനാല്‍ ഇസ്‌ലാമിന്റെ  പ്രത്യയശാസ്ത്ര ശക്തി പ്രയോജനപ്പെടണമെങ്കില്‍  ഇസ്‌ലാമിന്റെ അനുയായികള്‍ കാലഘട്ടത്തിന്റെ ശൈലിയില്‍ ഇസ്‌ലാമിനു വേണ്ടി  തെളിവ് അവതരിപ്പിക്കുകയും പൂര്‍ണമായ ഒരു വ്യവഹാരം രൂപപ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
നാലാമത്തെ അലിഫ് ഇബ്‌ലാഗ് അഥവാ ആശയവിനിമയമാണ്. അതായത് പ്രത്യയശാസ്ത്രം  ഉയര്‍ത്തിപ്പിടിക്കുന്ന വിഭാഗം ശക്തിയോടു കൂടി തങ്ങളുടെ ആദര്‍ശം പ്രകാശിപ്പിക്കുകയും തങ്ങള്‍ പറയുന്നത്   കേള്‍ക്കാനും  ശ്രദ്ധിക്കാനും ആളുകളെ നിര്‍ബന്ധിക്കുന്ന രീതിയില്‍ ആകര്‍ഷകമായി അവതരിപ്പിക്കുകയും തങ്ങളുടെ ചിന്തകളും ആശയങ്ങളും ആളുകളിലേക്ക് എത്തിക്കാന്‍ നാഗരികത സമ്മാനിച്ച സ്വാധീനശക്തിയുള്ള സകല  മാധ്യമങ്ങളെയും ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും വേണം. ആശയപ്രകാശനത്തിന്റെയും വിനിമയത്തിന്റെയും സാധ്യമായ എല്ലാ മാധ്യമങ്ങളും ഉപയോഗപ്പെടുത്തുക മാത്രമല്ല, അവയെ തങ്ങളുടെ വരുതിയിലും നിയന്ത്രണത്തിലുമാക്കി അവ ഉപയോഗിച്ച് എങ്ങനെ പൊതുബോധത്തെ രൂപപ്പെടുത്താം എന്ന വിദ്യ അറിഞ്ഞിരിക്കുകയും വേണം. ഇതാണ് ആശയവിനിമയം എന്നതിന്റെ താല്‍പര്യം.
എഴുതുകയും വായിക്കുകയും ചെയ്യുന്ന സമ്പ്രദായം ഇല്ലാത്ത കാലത്ത് പ്രവാചകന്മാര്‍ നാവിലൂടെയാണ് പ്രബോധന, സംസ്‌കരണ പ്രവര്‍ത്തനം നടത്തിയത്. എഴുത്തിലേക്ക് നാഗരികത വികസിച്ചപ്പോള്‍  അല്ലാഹുവിന്റെ സന്ദേശം ലിഖിത രൂപത്തില്‍ അവതരിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തു. മൂസാ നബിക്ക് തൗറാത്തിലെ വിധികള്‍ ഫലകങ്ങളില്‍ എഴുതി നല്‍കിയെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്: ''സകല സംഗതികളെയും സംബന്ധിച്ച സദുപദേശങ്ങളും കാര്യങ്ങളുടെ വിശദാംശങ്ങളും നാം മൂസാക്ക്  ഫലകങ്ങളില്‍ രേഖപ്പെടുത്തിക്കൊടുത്തു. എന്നിട്ടിങ്ങനെ പറഞ്ഞു: അവയെ മുറുകെ പിടിക്കുക. അവയിലെ ഏറ്റവും നല്ല കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നിന്റെ ജനതയോട് കല്‍പിക്കുകയും ചെയ്യുക. അധര്‍മകാരികളുടെ താമസസ്ഥലം വൈകാതെ തന്നെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നതാണ്.''16
ആശയപ്രകാശനത്തിന് തന്റെ കാലത്ത് ലഭ്യമായ എല്ലാ വഴികളും മാധ്യമങ്ങളും പ്രവാചകന്‍ ഉപയോഗപ്പെടുത്തിയിരുന്നുവെന്ന് പ്രവാചക ചരിത്ര ഗ്രന്ഥങ്ങളില്‍നിന്ന് മനസ്സിലാക്കാം. ഒരു ആശയത്തിന് ശക്തി കൈവരണമെങ്കില്‍ അതിന്റെ വാഹകര്‍  തങ്ങളുടെ  കാലഘട്ടത്തില്‍ ലഭ്യമായ എല്ലാ മാധ്യമങ്ങളും ഉപയോഗപ്പെടുത്തി അതിനെ  ജനങ്ങളിലേക്കെത്തിക്കുന്നതിനെ കുറിച്ച് ആലോചിച്ചേ തീരൂ.
പ്രത്യയശാസ്ത്രമെന്ന ഈ ശക്തിയുടെ നാല് വശങ്ങളെയും വിശകലനം ചെയ്തതില്‍നിന്നു തന്നെ എന്തുകൊണ്ടാണ് ഇസ്‌ലാമിന് ആദര്‍ശപരമായ സ്വാധീനശക്തി ഉണ്ടായിട്ടും അത് നമ്മുടെ കാലഘട്ടത്തെ സ്വാധീനിക്കുന്ന ഒരു സാമൂഹിക ശക്തിയായി മാറാത്തത് എന്ന കാര്യം നമുക്ക് വ്യക്തമാവും.
ഉമ്മത്ത് മുസ്‌ലിമയുടെ  പരോഗതിക്കുള്ള ഏതൊരു പദ്ധതിയും മേല്‍പറഞ്ഞ കാര്യങ്ങളെ കുറിച്ച് ശ്രദ്ധിക്കാതെ പൂര്‍ണമാവുകയില്ല. സമുദായത്തിന്റെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പുരോഗതി, നിസ്സംശയം പ്രാധാന്യമുള്ള കാര്യം തന്നെ. നാം അതിനെ കുറിച്ചും ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ ഉമ്മത്ത് മുസ്‌ലിമയുടെ  നവോത്ഥാനത്തിന്റെയും ഉത്ഥാനത്തിന്റെയും  അടിത്തറ മുസ്‌ലിംകള്‍ ആദര്‍ശപരമായ കരുത്തു നേടുക എന്നതു തന്നെയാണ്. ഇസ്‌ലാമിന്റെ അനുയായികളുടെ സവിശേഷതയും വ്യതിരിക്തതയും ലോകശ്രദ്ധയിലേക്ക് കൊുവരുന്നതും ഈ ആദര്‍ശപരമായ കരുത്ത് തന്നെ. അതാണ് അവരുടെ യഥാര്‍ഥ ശക്തി. അവര്‍ക്ക്  വിജയിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍  അവരുടെ സാമുദായിക പ്രവര്‍ത്തന പദ്ധതിയും പരിപാടികളും  ഈ ആദര്‍ശ ശക്തിയുടെ  അടിത്തറയില്‍ രൂപപ്പെടുത്തണം. ഇസ്‌ലാമിന്റെ  അടിസ്ഥാനങ്ങളില്‍ ദൃഢബോധ്യം വളര്‍ത്തുകയും എല്ലാ തരം മാലിന്യങ്ങളില്‍നിന്നും തങ്ങളുടെ  ജീവിതത്തെ  ശുദ്ധീകരിക്കുകയും ഇസ്‌ലാമിന്റെ  അടിസ്ഥാന  കാര്യങ്ങളില്‍ സമുദായത്തിലെ എല്ലാവരും ഒരേ ചിന്താഗതി പുലര്‍ത്തുകയും ആത്മവിശ്വാസത്തോടു  കൂടി  അതില്‍ ഉറച്ചുനില്‍ക്കുകയും അക്കാര്യത്തില്‍ ഐക്യം ഉണ്ടാവുകയും വേണം. അതോടൊപ്പം ഇസ്‌ലാമിന്റെ  പക്ഷത്തു നിന്നുകൊണ്ട് ശക്തമായ വ്യവഹാരം ഉയര്‍ത്തിക്കൊണ്ടുവരികയും ആശയവിനിമയത്തിന്റെ എല്ലാ മാധ്യമങ്ങളും വഴികളും സ്വീകരിച്ച് കൂടുതല്‍  ആളുകളിലേക്ക് അതിനെ  എത്തിക്കുകയും വേണം. അങ്ങനെയാകുന്ന പക്ഷം സാമൂഹികശക്തിയുടെ  ഏറ്റവും പ്രധാന ഭാഗമായ പ്രത്യയശാസ്ത്ര ശക്തി അവര്‍ക്ക് കൈവരുമെന്നുറപ്പിക്കാം. തല്‍ഫലമായി ഉത്ഥാനത്തിലേക്കും ഉയര്‍ച്ചയിലേക്കുമുള്ള യാത്ര എളുപ്പമായിത്തീരുകയും ചെയ്യും. 

(തുടരും)

 

കുറിപ്പുകള്‍ 

1. അല്‍അന്‍ഫാല്‍ 60
2. അല്‍ബഖറ 249
3. Arnold  J. Toyanbee, A Study of History, Volume 1, Oxford University Press 1935 London pages 183-334
4-. Michael Mann, The  Sources of Social Power, Volume 1,  A History of Power from the beginning to AD  1760, Cambridge, 1986
5. വിശദാംശങ്ങള്‍ക്ക് എന്റെ ബദല്‍തി ഹുയി ദുന്‍യാ ഔര്‍ ഇസ്‌ലാമീ ഫിക്ര്‍ എന്ന ഗ്രന്ഥം  നോക്കുക (ഹിദായത്ത് പബ്ലിഷേഴ്‌സ് ന്യൂദല്‍ഹി 2018). ഇതിന്റെ മലയാള പരിഭാഷ 'മാറുന്ന ലോകവും  ഇസ്‌ലാമിക ചിന്തയും' എന്ന പേരില്‍ ഐ.പി.എച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട് (വിവര്‍ത്തകന്‍)
6. സൂറത്തുന്നൂര്‍ 55
7. സൂറത്തു ഇബ്‌റാഹീം 27 
8.  Robert Rosenthal and Lenore Jacobson, Pygmalion in the Classroom, Crown Publishing, Wales UK  2003
9. Anne Harrington, The Placebo Effect, an Interdisciplinary Exploration, Harvard University  Press, Cambridge MA USA, 2000 
10. Rhonda Byrne, The Secret. Atria Books New York 2006
11. ആലുഇംറാന്‍ 103
12. അശ്ശൂറാ 13
13. ലുഖ്മാന്‍ 31,32
14. അല്‍മുഅ്മിനൂന്‍ -21
15. ആലു ഇംറാന്‍ 64,65
16. അല്‍അഅ്‌റാഫ് 145

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (5-6)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജിനു ശേഷം പുതിയൊരു ജീവിതം
സുബൈര്‍ കുന്ദമംഗലം