Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 09

3113

1440 ദുല്‍ഹജ്ജ് 07

വിഗ്രഹം ഇബ്‌റാഹീം നബിയുടെ സമൂഹത്തില്‍ ഒരു വിഗ്രഹം മാത്രമായിരുന്നില്ല

ടി. മുഹമ്മദ് വേളം

ഇബ്‌റാഹീം നബിയുടെ പ്രവര്‍ത്തനത്തിന്റെ നാട്ടക്കുറി വിഗ്രഹമായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിഗ്രഹധ്വംസകനായിരുന്നു ഇബ്‌റാഹീം. അക്ഷരാര്‍ഥത്തിലെ വിഗ്രഹധ്വംസകന്‍. ഇബ്‌റാഹീം നബിയുടെ ഇത്രയും ശക്തമായ വിഗ്രഹവിരുദ്ധതക്ക്, വിഗ്രഹാരാധനക്ക് എതിരായ പ്രബോധനത്തിനപ്പുറമുള്ള പ്രായോഗിക നടപടിക്ക് വ്യത്യസ്ത കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒന്നിനെ അനാവരണം ചെയ്യാനുള്ള ശ്രമമാണീ ലേഖനം.

വിഗ്രഹം ഇബ്‌റാഹീം നബിയുടെ സമൂഹത്തിന്റെ അടിത്തറയായിരുന്നു. അല്ലാഹു പറയുന്നു: ''ഇബ്റാഹീം പറഞ്ഞു. നിങ്ങള്‍ ഐഹിക ജീവിതത്തില്‍ അല്ലാഹുവിനെ വെടിഞ്ഞ് വിഗ്രഹങ്ങളെ നിങ്ങള്‍ക്കിടയിലെ സ്നേഹത്തിന്റെ അടിത്തറയാക്കിയിരിക്കുന്നുവല്ലോ? എന്നാല്‍ പുനരുത്ഥാന നാളില്‍ നിങ്ങള്‍ പരസ്പരം നിഷേധിക്കും. തമ്മില്‍ തമ്മില്‍ ശപിക്കുകയും ചെയ്യും. അഗ്നിയായിരിക്കും നിങ്ങളുടെ സങ്കേതം. നിങ്ങള്‍ക്ക് സഹായികളാരെയും ലഭിക്കുകയില്ല'' (അല്‍അന്‍കബൂത്ത് 25). അബുല്‍ അഅ്ലാ മൗദൂദി വിശദീകരിക്കുന്നു. ''അതായത് ദൈവാരാധനക്ക് പകരം വിഗ്രഹാരാധനയുടെ അടിത്തറയിലാണ് നിങ്ങള്‍ സാമൂഹിക ജീവിതവും സാമൂഹിക ബന്ധങ്ങളും കെട്ടിപ്പടുക്കുന്നത്. തെറ്റാവട്ടെ, ശരിയാവട്ടെ ഏതൊരാദര്‍ശത്തെ അടിസ്ഥാനപ്പെടുത്തിയും ജനങ്ങള്‍ക്ക് സംഘടിക്കാന്‍ കഴിയുമെന്നതുകൊണ്ടാണിത്. തെറ്റായ ആദര്‍ശത്തിന്റെ അടിസ്ഥാനത്തിലും യോജിപ്പും സംഘാടനവും ഉണ്ടാവും. അവയെ സൗഹൃദവും സാഹോദര്യവും മത-നാഗരിക-രാഷ്ട്രീയ-സാമൂഹിക ബന്ധങ്ങളും സ്ഥാപിക്കാനുള്ള ഉപകരണമാക്കുകയും ചെയ്യാം'' (തഫ്ഹീമുല്‍ ഖുര്‍ആന്‍ - സൂറ: അല്‍അന്‍കബൂത്ത് വ്യാഖ്യാനക്കുറിപ്പ് -42).
വിഗ്രഹത്തെ അടിത്തറയാക്കിയ നാഗരികതയായിരുന്നു നംറൂദ് ഭരിച്ച, ഇബ്റാഹീം ജനിച്ച ഇറാഖ്. രാഷ്ട്രീയത്തെയും സമ്പദ്‌വ്യവസ്ഥയെയും സംസ്‌കാരത്തെയും എല്ലാം നിയന്ത്രിച്ചിരുന്നത് വിഗ്രഹമായിരുന്നു. അഥവാ വിഗ്രഹത്തിന്റെ നാമധേയങ്ങളിലായിരുന്നു. ആ സമൂഹത്തിലെ മുഖ്യ ദൈവമായ നന്നാറിനെക്കുറിച്ച് സര്‍. ലിയോനാള്‍ഡ് വുള്ളി എന്ന പുരാവസ്തു ഗവേഷകന്റെ 'അബ്രഹാം' എന്ന കൃതിയെ അവലംബിച്ച് അബുല്‍ അഅ്ലാ മൗദൂദി എഴുതുന്നു. ''നന്നാര്‍ ഒരു ദേവന്‍ മാത്രമായിരുന്നില്ല. നാട്ടിലെ ഏറ്റവും വലിയ ജന്മിയും ഏറ്റവും വലിയ വ്യാപാരിയും വ്യവസായിയുമായിരുന്നു. നാട്ടിലെ രാഷ്ട്രീയ ജീവിതത്തില്‍ മഹാധിപനും അദ്ദേഹം തന്നെയായിരുന്നു. ഒട്ടുമുക്കാലും ഭൂമി ദേവസ്വം വകയായിരുന്നു. തോട്ടം, കെട്ടിടങ്ങള്‍, ഭൂസ്വത്തുക്കള്‍ അങ്ങനെ ധാരാളം സമ്പത്ത് നന്നാറിന്റെ പേരില്‍ 'വഖ്ഫാ'യി ഉണ്ടായിരുന്നു. ഇവയില്‍നിന്നുള്ള ആദായത്തിനു പുറമെ കൃഷിക്കാരും ജന്മിമാരും കച്ചവടക്കാരുമെല്ലാം പലതരം ധാന്യങ്ങള്‍, പാല്‍, സ്വര്‍ണം, വസ്ത്രം തുടങ്ങിയ സാധനങ്ങളും ക്ഷേത്രത്തില്‍ വഴിപാടു കൊടുത്തിരുന്നു. അവയെല്ലാം കൈയേല്‍ക്കാന്‍ ക്ഷേത്രത്തില്‍ പുരോഹിതന്മാരുള്‍ക്കൊള്ളുന്ന വലിയൊരു സ്റ്റാഫുണ്ടായിരുന്നു. ക്ഷേത്രംവക ധാരാളം തൊഴിലാളികളും വലിയ വ്യാപാര സ്ഥാപനങ്ങളും ഉണ്ടായിരുന്നു. ദൈവത്തെ പ്രതിനിധീകരിച്ചുകൊണ്ട് പൂജാരിമാരാണ് അതെല്ലാം നടത്തിയിരുന്നത്. നാട്ടിലെ ഏറ്റവും വലിയ കോടതിയും ക്ഷേത്രമായിരുന്നു. പുരോഹിതനാണ് ജഡ്ജി. അദ്ദേഹത്തിന്റെ വിധി ദൈവവിധിയായി കരുതപ്പെട്ടു. രാജകുടുംബത്തിന്റെ ആധിപത്യം തന്നെയും നന്നാറില്‍നിന്ന് ലഭിച്ചതായിരുന്നു. സാക്ഷാല്‍ രാജാവ് നന്നാറാണ്. അദ്ദേഹത്തന്റെ നിയമനം കൊണ്ടാണ് ഭരണകര്‍ത്താക്കള്‍ക്ക് അധികാരം കിട്ടുന്നത്. ഇക്കാരണത്താല്‍ രാജാവും ആരാധ്യരില്‍ ഒരാളായിരുന്നു. ദൈവത്തെയെന്നോണം രാജാവിനെയും ആരാധിച്ചിരുന്നു.........................

''ഇതുവരെയുള്ള പുരാവസ്തു ഗവേഷണ ഫലങ്ങള്‍ ശരിയാണെങ്കില്‍ ബഹുദൈവത്വം ഇബ്റാഹീം നബി(അ)യുടെ സമുദായത്തില്‍ ഒരു മതാദര്‍ശമോ വിഗ്രഹാരാധനാപരമായ ചടങ്ങുകളുടെ സമാഹാരമോ മാത്രമായിരുന്നില്ലെന്ന് വളരെ വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. പ്രത്യുത ആ ജനതയുടെ സാമ്പത്തികവും നാഗരികവും രാഷ്ട്രീയവും സാമൂഹികവുമായ ജീവിത വ്യവസ്ഥകളെല്ലാം അതേ ബഹുദൈവ വിശ്വാസത്തില്‍ അധിഷ്ഠിതമായിരുന്നു. ഇതിനെതിരെ ഇബ്‌റാഹീം നബി (അ) ഉന്നയിച്ച തൗഹീദിന്റെ സ്വാധീനം വിഗ്രഹാരാധനയെ മാത്രമല്ല രാജകുടുംബത്തിന്റെ ആരാധ്യതയെയും ആധിപത്യത്തെയും പുരോഹിതന്മാരുടെയും ഉയര്‍ന്ന ജാതിക്കാരുടെയും രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക നിലപാടിനെയും നാട്ടിലെ പൊതു ജീവിതത്തെത്തന്നെയും മാറ്റുന്നതായിരുന്നു. അദ്ദേഹത്തിന്റെ പ്രബോധനം സ്വീകരിക്കുകയെന്നാല്‍ സമുദായസൗധത്തെ കീഴ്മേല്‍ മറിച്ച് ഏകദൈവത്വത്തിന്റെ അടിത്തറയില്‍ പുനഃസംവിധാനം ചെയ്യുക എന്നതായിരുന്നു. അതുകൊണ്ടാണ് ഇബ്റാഹീം നബി(അ)യുടെ ശബ്ദം ഉയര്‍ന്നതോടെ പണ്ഡിതന്മാരും സാധാരണക്കാരും പ്രത്യേകക്കാരും പൂജാരിമാരും നംറൂദുമെല്ലാം ഒരേസമയത്ത് ഒറ്റക്കെട്ടായി ആ ശബ്ദം അടിച്ചമര്‍ത്താന്‍ മുന്നോട്ടു വന്നത്'' (തഫ്ഹീമുല്‍ ഖുര്‍ആന്‍ സൂറ അല്‍അന്‍ആം വ്യാഖ്യാനക്കുറിപ്പ് 52-ല്‍നിന്ന്).

ഈ വിഗ്രഹാധിഷ്ഠിത വിശ്വാസം വെറും വിശ്വാസമായി, മതകാര്യം മാത്രമായി നിലനില്‍ക്കുകയല്ല ചെയ്തത്. സമൂഹത്തെ അടിമുടി സ്വാധീനിച്ച സാമൂഹികാടിത്തറയായിരുന്നു അത്. സ്ത്രീകളുടെ പദവി, സദാചാര സമീപനം, വര്‍ഗ ഘടന എന്നിവയെല്ലാം നിര്‍ണയിച്ചത് വിഗ്രഹാധിഷ്ഠിത മതമായിരുന്നു. അബുല്‍ അഅ്ലാ മൗദൂദി തുടരുന്നു. ''ഊറിലെ ശിലാരേഖകളില്‍നിന്ന് ഏതാണ്ട് 5000 ദേവന്മാരുടെ പേര് ലഭിക്കുന്നുണ്ട്. നാട്ടിലെ വിവിധ പട്ടണങ്ങള്‍ക്ക് വേറെവേറെ ദേവന്മാരുണ്ടായിരുന്നു. ഓരോ പട്ടണത്തിനും കാവല്‍ക്കാരനായ ഓരോ പ്രത്യേക ദേവന്‍ ഉണ്ടായിരുന്നു. അയാള്‍ നഗരദേവനായും മഹാ ദേവനായും ഗണിക്കപ്പെട്ടിരുന്നു. ഇതര ദൈവങ്ങളെ അപേക്ഷിച്ച് അയാള്‍ കൂടുതല്‍ ആദരിക്കപ്പെട്ടിരുന്നു. ഊര്‍ നഗരദേവന്റെ നാമം നന്നാര്‍ (ചന്ദ്രദേവന്‍). പ്രസ്തുത നഗരത്തിന് പിന്നീട് ഖമരീന എന്ന് പേരു കൊടുക്കാന്‍ കാരണം അതായിരിക്കാം. ഊര്‍ പട്ടണം കഴിച്ചാല്‍ പിന്നത്തെ പ്രധാന നഗരം ലര്‍സയായിരുന്നു. അതുതന്നെയായിരുന്നു പിന്നത്തെ തലസ്ഥാനം. അവിടത്തെ നഗരദേവന്‍ ശമ്മാസ് (സൂര്യദേവന്‍) ആയിരുന്നു. ഈ മഹാ ദേവന്മാരുടെ കീഴിലായി ഒട്ടുവളരെ ചെറു ദൈവങ്ങളുണ്ടായിരുന്നു. ദേവന്മാര്‍ അധികവും ആകാശത്തിലെ ഗോളങ്ങളില്‍നിന്നും ചിലര്‍ ഭൂമിയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. ചില്ലറ ആവശ്യങ്ങള്‍ക്ക് ഈ കുട്ടി ദൈവങ്ങളെയായിരുന്നു ജനങ്ങള്‍ സമീപിച്ചിരുന്നത്. മണ്ണിന്റെയും വിണ്ണിന്റെയും പേരുകളിലുള്ള ഈ ദേവീദേവന്മാരുടെ പ്രതിമകള്‍ നിര്‍മിച്ചു. അവയുടെ മുന്നില്‍ എല്ലാ ആരാധനാ ചടങ്ങുകളും നിര്‍വഹിച്ചിരുന്നു.... 
''ഉയര്‍ന്നൊരു കുന്നിന്‍മുകളില്‍ അതിഗംഭീരമായ ഒരു ക്ഷേത്രമുണ്ടാക്കി അതിലാണ് നന്നാറിന്റെ പ്രതിമ സ്ഥാപിച്ചിരുന്നത്. തൊട്ടടുത്തായി നന്നാറിന്റെ ദേവി നിന്‍ഗലിന്റെ ക്ഷേത്രമുണ്ടായിരുന്നു. ഒരു രാജകൊട്ടാരത്തിന് തുല്യമായിരുന്നു നന്നാര്‍ ക്ഷേത്രം. അവന്റെ ഉറക്കറയില്‍ നിത്യേന രാത്രി ഒരു പൂജാരിണി നന്നാറിനു വേണ്ടി വധു ചമയുക പതിവായിരുന്നു. ക്ഷേത്രത്തില്‍ സ്ത്രീകള്‍ ധാരാളമായി ദേവന്മാര്‍ക്കുഴിഞ്ഞുവെക്കപ്പെട്ടിരുന്നു. അവരുടെ നിലപാട് ദേവദാസികള്‍ക്ക് തുല്യമായിരുന്നു. തന്റെ കന്യകാത്വം ദേവനാമത്തില്‍ ബലികൊടുക്കുന്ന യുവതി വളരെ മാന്യയായി വിചാരിക്കപ്പെട്ടിരുന്നു. ചുരുങ്ങിയത് ഒരിക്കലെങ്കിലും തന്റെ ചാരിത്ര്യം ദൈവമാര്‍ഗത്തില്‍ പരപുരുഷന് ആഹൂതി ചെയ്യുന്നത് സ്ത്രീകളെ സംബന്ധിച്ചേടത്തോളം മോക്ഷമാര്‍ഗമായി കണക്കാക്കപ്പെട്ടിരുന്നു. ഈ മത വേശ്യാവൃത്തിയില്‍നിന്ന് മുതലെടുത്തിരുന്നത് അധികവും പുരോഹിതന്മാരാണെന്ന് പറയേണ്ടതില്ലല്ലോ'' (അതേ കുറിപ്പ്).

ദൈവത്തിന്റെ പ്രതിനിധി വിഗ്രഹം, വിഗ്രഹത്തിന്റെ പ്രതിനിധി പുരോഹിതന്‍ എന്ന നിലക്കാണ് ഈ സ്ത്രീചൂഷണങ്ങള്‍ അവര്‍ നടത്തിയത്. ആ സമൂഹത്തിന്റെ വര്‍ഗ ഘടനയെക്കുറിച്ച് പുരാവസ്തു രേഖകളുടെ അടിസ്ഥാനത്തില്‍ മൗദൂദി എഴുതുന്നു: ''ജനങ്ങള്‍ പ്രധാനമായും മൂന്ന് വര്‍ഗങ്ങളായിരുന്നു. ഒന്ന്, അമേലു. ഇവരായിരുന്നു ഏറ്റവും ഉന്നത വര്‍ഗം. പുരോഹിതന്മാര്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാര്‍, സൈനിക ഓഫീസര്‍മാര്‍ മുതലായവര്‍ ഈ വര്‍ഗത്തില്‍പെട്ടവരായിരുന്നു. രണ്ട്, മുഷ്‌കമ്മു. ഇവര്‍ വ്യാപാരികളും വ്യവസായികളും കര്‍ഷകരുമായിരുന്നു. മൂന്ന്, അര്‍ദു. അതായത് അടിമകള്‍. ഇവരില്‍ ആദ്യത്തെ വര്‍ഗം അഥവാ അമേലു പ്രത്യേക പരിഗണനയുള്ളവരാണ്. അവരുടെ സിവിലും ക്രിമിനലുമായ അവകാശങ്ങള്‍ മറ്റുള്ളവരുടേതില്‍നിന്നും വ്യത്യസ്തമായിരുന്നു. അവരുടെ ധനത്തിനും ജീവന്നും കൂടുതല്‍ വില കല്‍പ്പിക്കപ്പെട്ടിരുന്നു'' (അതേ കുറിപ്പ്).

ഈ വര്‍ഗഘടനയുടെയും അടിത്തറ വിഗ്രഹാധിഷ്ഠിത ദൈവവിശ്വാസമായിരുന്നു. ജന്മം കൊണ്ടുതന്നെ ദൈവത്താല്‍ പ്രത്യേകമാക്കപ്പെട്ടവരും അനുഗ്രഹിക്കപ്പെട്ടവരും എന്നതായിരുന്നു ആഭിജാത വര്‍ഗത്തിന്റെ ആഭിജാത്യത്തിന്റെ അടിത്തറ. വിഗ്രഹം ഉടയുമ്പോള്‍ രാജാവിന്റെ അധികാരം കൂടിയാണ് ഉടയുന്നത്. കാരണം, രാജാവ് വെറും രാജാവല്ല. വിഗ്രഹത്തിന്റെ പ്രതിനിധിയാണ്. വിഗ്രഹം ഉടയുമ്പോള്‍ കുലീനരാക്കപ്പെട്ടവരുടെ പ്രത്യേകാവകാശങ്ങള്‍ കൂടിയാണ് ഉടയുന്നത്. കാരണം, ആ പ്രത്യേകാവകാശങ്ങള്‍ സ്വയംഭുവായതോ പ്രകൃതിനിയമമോ അല്ല. വിഗ്രഹാധിഷ്ഠിത മതം ഉണ്ടാക്കിയതാണ്. ഇബ്‌റാഹീം നബിയുടെ പ്രബോധനം വിഗ്രഹങ്ങള്‍ക്കെതിരെ കേന്ദ്രീകരിച്ചതിന്റെ ഒരു കാരണമിതാണ്. ആ സാമൂഹിക ഘടന വിഗ്രഹാധിഷ്ഠിതമായ സാമൂഹിക ഘടനയായിരുന്നു. ആ സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കണമെങ്കില്‍ ആ വിഗ്രഹം പ്രതിനിധീകരിക്കുന്ന ആശയത്തിനുമേല്‍ തന്നെയായിരുന്നു കൈവെക്കേണ്ടിയിരുന്നത്. 

മൂസാ നബിയുടെ സമൂഹത്തിലും വിഗ്രഹങ്ങളുണ്ടായിരുന്നു. സൂറഃ അല്‍അഅ്റാഫിലെ 137-ാം വചനം ഇങ്ങനെ: ''ഫറോവാന്റെ ജനത്തിലെ പ്രമാണിമാര്‍ അദ്ദേഹത്തോട് ചോദിച്ചു; അങ്ങ് മൂസായെയും അവന്റെ ജനതയെയും നാട്ടില്‍ കുഴപ്പമുണ്ടാക്കുന്നതിനും അങ്ങയെയും അങ്ങയുടെ ദൈവങ്ങളെയും ഉപേക്ഷിക്കുന്നതിനും വിടുകയാണോ? ഫറോവ മറുപടിയായി പറഞ്ഞു: നാം അവരുടെ ആണ്‍സന്തതികളെ കൊന്നുകളയുകയും സ്ത്രീകളെ മാത്രം ജീവിക്കാന്‍ വിടുകയും ചെയ്യും. അവരുടെ മേല്‍ നമ്മുടെ അധികാരം ഭദ്രമാണല്ലോ.'' ഫറോവ സ്വയം ദൈവമാണ്. പക്ഷേ, ഫറോവയും ആരാധിച്ചിരുന്ന വേറെ ദൈവങ്ങള്‍ അഥവാ വിഗ്രഹങ്ങള്‍ അവിടെ ഉണ്ടായിരുന്നു. മൂസാ(അ)യുടെ പ്രബോധനം കേന്ദ്രീകരിച്ചത് വിഗ്രഹത്തിനെതിരായിരുന്നില്ല. അഥവാ ഫറോവയും ആരാധിച്ചിരുന്ന ദൈവങ്ങള്‍ക്കെതിരായിരുന്നില്ല. ഫറോവക്കെതിരെയായിരുന്നു. കാരണം ആ സമൂഹത്തിന്റെ അടിത്തറ വിഗ്രഹമായിരുന്നില്ല, ഫറോവയായിരുന്നു. ദൈവവും വിഗ്രഹവും ഫറോവയെ പിന്തുണക്കുന്നുണ്ട്. പക്ഷേ, ഫറോവ എന്നതു തന്നെയായിരുന്നു സാമൂഹികാടിത്തറയായി വര്‍ത്തിച്ചിരുന്ന കേന്ദ്രാശയം. ഒരു സമൂഹത്തിലെ പ്രബോധനത്തിന്റെ നാട്ടക്കുറി നിശ്ചയിക്കപ്പെടേണ്ടത് ആ സമൂഹത്തിന്റെ അടിത്തറയെന്ത് എന്ന് മനസ്സിലാക്കിയാണ്. സമൂഹത്തിന്റെ അടിത്തറ മനസ്സിലാക്കി നാട്ടക്കുറി അല്ലെങ്കില്‍ നാട്ടക്കുറികള്‍ നിശ്ചയിക്കപ്പെടാത്ത പ്രബോധനങ്ങള്‍ക്ക് ശരിയായ സാമൂഹിക പരിവര്‍ത്തന ശേഷി കൈവരിക്കാനാവില്ല.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (5-6)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജിനു ശേഷം പുതിയൊരു ജീവിതം
സുബൈര്‍ കുന്ദമംഗലം