Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 09

3113

1440 ദുല്‍ഹജ്ജ് 07

ബലിപെരുന്നാള്‍ വിശ്വാസിസമൂഹത്തെ ഓര്‍മിപ്പിക്കുന്നത്

എം.ഐ അബ്ദുല്‍ അസീസ്

ആഗോള മുസ്‌ലിം സമൂഹം ഒരിക്കല്‍കൂടി ഈദുല്‍ അദ്ഹാ ആഘോഷിക്കുകയാണ്. അല്ലാഹു അക്ബര്‍, വലില്ലാഹില്‍ ഹംദ്. ലോകത്തിന്റെ നാനാമേഖലകളില്‍നിന്നും വിശ്വാസികളുടെ പ്രതിനിധികള്‍ വിശുദ്ധ ഭൂമിയില്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനായി സമ്മേളിച്ചിരിക്കുന്നു. ഹജ്ജ് കര്‍മം മബ്‌റൂറും മഖ്ബൂലുമായി (പുണ്യകരവും സ്വീകാര്യവുമായ വിധത്തില്‍) നിര്‍വഹിക്കാന്‍ അല്ലാഹു അവര്‍ക്ക് തൗഫീഖ് നല്‍കുമാറാകട്ടെ.
ഇസ്‌ലാമിലെ ആരാധനാകര്‍മങ്ങളും ആഘോഷങ്ങളും സവിശേഷമായ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. സഹസ്രാബ്ദങ്ങളായി ലോകം ഓര്‍ത്തുകൊണ്ടിരിക്കുന്ന മഹാപുരുഷന്‍ ഇബ്‌റാഹീ(അ)മിന്റെ ജീവിത സന്ദേശം തന്നെയാണ് ബലിപെരുന്നാളും ഹജ്ജും പങ്കുവെക്കുന്ന പാഠം. മനുഷ്യമനസ്സുകള്‍ക്ക് ഊഹിച്ചെടുക്കാന്‍ പോലും പ്രയാസമായ കഠിന പരീക്ഷണങ്ങള്‍ക്കാണ് ഇബ്‌റാഹീം (അ) വിധേയനായത്. ഒന്നില്‍പോലും പരാജയപ്പെടാന്‍ അദ്ദേഹം സന്നദ്ധമായിരുന്നില്ല. സ്വന്തം ആദര്‍ശത്തിലും നിലപാടിലും ഉറച്ചുനിന്നുകൊണ്ട് ത്യാഗത്തിന്റെ ഏതറ്റം വരെ പോകാനും ഇബ്‌റാഹീം തയാറായിരുന്നു. ആ സന്നദ്ധതക്കുള്ള അംഗീകാരമായിട്ടാണ് മാനവരാശിയുടെ നേതൃത്വം എന്ന സ്ഥാനം അദ്ദേഹത്തെ തേടിയെത്തിയത്. ''ഇബ്‌റാഹീമിനെ അദ്ദേഹത്തിന്റെ നാഥന്‍ ചില വചനങ്ങളാല്‍ പരീക്ഷിച്ചതോര്‍ക്കുക. അദ്ദേഹം അവയിലെല്ലാം പൂര്‍ണമായി വിജയിച്ചു. അപ്പോള്‍ അവന്‍ പ്രഖ്യാപിച്ചു: നാം നിന്നെ സകല ജനത്തിനും നേതാവായി നിശ്ചയിക്കുന്നതാകുന്നു'' (2:124).

തന്റെ സുഹൃത്ത് എന്ന സ്ഥാനം അല്ലാഹു തന്നെയാണ് ഇബ്‌റാഹീമിന് നല്‍കിയത്; ഇബ്‌റാഹീം അവകാശപ്പെട്ടതോ ജനം പതിച്ചുനല്‍കിയതോ ആയിരുന്നില്ല അത്. അല്ലാഹുവിന്റെ കൂട്ടുകാരനായിരിക്കെ തന്നെ അദ്ദേഹം ജനമധ്യത്തില്‍ നിലകൊണ്ടു. ദൈവസാമീപ്യം സിദ്ധിച്ച് ദന്തഗോപുരങ്ങളുടെ കുളിരും ഗിരിമടക്കുകളുടെ സ്വഛതയുമല്ല ഇബ്‌റാഹീം തെരഞ്ഞെടുത്തത്; ഭരണകൂടവും പൊതുസമൂഹവുമൊരുക്കിയ അഗ്നികുണ്ഡമായിരുന്നു.

നാട്ടിലെ സാധാരണക്കാരനോ പതിതനോ കീഴാളനോ ഒന്നുമായിരുന്നില്ല  ഇബ്‌റാഹീം.  വരേണ്യ കുടുംബത്തിലെ അംഗമായിരുന്നു. ബഹുദൈവത്വത്തെ ജീവിതദര്‍ശനമായി സ്വീകരിച്ച ഭരണകൂടത്തെ താങ്ങിനിര്‍ത്താന്‍ മതവ്യാഖ്യാനങ്ങള്‍ നല്‍കിക്കൊിരുന്ന പുരോഹിതന്റെ പുത്രന്‍. അംഗീകാരങ്ങളും ബഹുമതികളും ആശീര്‍വാദങ്ങളും തേടിയെത്തിയിരുന്ന, ശിപാര്‍ശക്കായി ആളുകള്‍ താണുവണങ്ങാന്‍ വന്നിരുന്ന ഗൃഹാന്തരീക്ഷം. താന്‍ മനസ്സിലാക്കിയ സത്യത്തിനു വേണ്ടി, ഈ സുഖസൗകര്യങ്ങളത്രയും കൈയൊഴിഞ്ഞ്, പ്രലോഭനങ്ങളെ വെടിഞ്ഞ്, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഉറച്ചുനിന്നു എന്നതാണ് ഇബ്‌റാഹീമിനെ ചരിത്രപുരുഷനാക്കി മാറ്റിയത്. സ്ഥാനങ്ങളെയും അംഗീകാരങ്ങളെയും സംബന്ധിച്ച ഭൗതിക ധാരണകള്‍ കീഴ്‌മേല്‍ മറിയുകയാണിവിടെ.

പ്രപഞ്ചസ്രഷ്ടാവായ അല്ലാഹു ഏകനാണ് എന്നത് മാത്രമായിരുന്നില്ല ഇബ്‌റാഹീമിന്റെ തൗഹീദ്.  ആ നാഥന് ജീവിതത്തെ സമൂലം സമര്‍പ്പിക്കലും അതിന്റെ ഭാഗമാണ്. ''നാഥന്‍ അദ്ദേഹത്തോട് നീ മുസ്‌ലിമാവുക എന്നാജ്ഞാപിച്ചപ്പോള്‍ ഉടനെ ബോധിപ്പിച്ചു, ഞാന്‍ പ്രപഞ്ചനാഥനു മുസ്‌ലിമായിരിക്കുന്നു'' (2.131). ഈ യാഥാര്‍ഥ്യം തന്റെ ജനതയെ പഠിപ്പിക്കാന്‍ അദ്ദേഹം തീവ്രയത്‌നം നടത്തി. അതിനു വേണ്ടി പിതാവിനോടും സമൂഹത്തോടും ഭരണകൂടത്തോടു തന്നെയും പൊരുതി നിന്നു. എതിര്‍പക്ഷത്ത് നിലയുറപ്പിച്ചത് ഭരണകൂടം തന്നെയായിരുന്നു. അനന്തവിശാലമായ പ്രപഞ്ചത്തിന്റെ ഇത്തിരിവട്ടത്തില്‍ അധികാരം കിട്ടിയപ്പോഴേക്കും ദൈവം ചമഞ്ഞ നംറൂദിനെ പ്രകൃതിശാസ്ത്രത്തിന്റെ ബാലപാഠങ്ങളഭ്യസിപ്പിച്ച് തൗഹീദ് എന്തെന്ന് ബോധ്യപ്പെടുത്തി. പിറകില്‍ ആരവങ്ങളുണ്ടോ എന്ന് അദ്ദേഹം തിരിഞ്ഞുനോക്കിയില്ല.

പില്‍ക്കാലത്തെ കുറിച്ച് ഇബ്‌റാഹീമിനൊരു സ്വപ്‌നമുണ്ടായിരുന്നു. തന്റെ പിന്‍തലമുറ എങ്ങനെ വളരണമെന്ന് അദ്ദേഹം നിശ്ചയിച്ചുറപ്പിച്ചുകഴിഞ്ഞിരുന്നു. താന്‍ ഏകനായ പോരാളിയായി കടന്നുപോവും, കുടുംബം യാതൊന്നുമറിയാതെ ആര്‍ത്തുല്ലസിക്കട്ടെ എന്ന് തീരുമാനിക്കുകയല്ല അദ്ദേഹം ചെയ്തത്. ''ഇതേ മാര്‍ഗത്തില്‍ തന്നെ സഞ്ചരിക്കാന്‍ ഇബ്‌റാഹീം തന്റെ സന്തതികളെ ഉപദേശിച്ചിട്ടുണ്ടായിരുന്നു'' (2:132). ആ ആഗ്രഹത്തെ കുടുംബം അര്‍ഥവത്താക്കുകയും ചെയ്തു. ചരിത്രത്തിന്റെ താളുകളിലും ഭാവിയുടെ കര്‍മപുസ്തകത്തിലും താനെങ്ങനെ രേഖപ്പെടണമെന്നും ഇബ്‌റാഹീം കിനാവ് കണ്ടു. ''പിന്‍ഗാമികളില്‍ എനിക്ക് സല്‍ക്കീര്‍ത്തിയുണ്ടാക്കേണമേ, എന്നെ അനുഗൃഹീതമായ സ്വര്‍ഗത്തിന്റെ അവകാശികളില്‍ ഉള്‍പ്പെടുത്തേണമേ'' (26:83,84).
ദേശം ആട്ടിപ്പുറത്താക്കിയപ്പോഴും പ്രതീക്ഷ വറ്റിയ കണ്ണുകളുമായല്ല ഇബ്‌റാഹീം  പലായനം ചെയ്തത്. ''ഇബ്‌റാഹീം പറഞ്ഞു: ഞാന്‍ എന്റെ റബ്ബിങ്കലേക്ക് പോകുന്നു. അവന്‍ എനിക്ക് മാര്‍ഗദര്‍ശനമരുളും'' (37:99). 'പോകരുത്, ആരുമില്ലെനിക്ക്' എന്ന പതിവു പരിഭവങ്ങളില്‍ ഹാജറ കുരുങ്ങിയില്ല. കാരണം, ഭൗതികമായ അളവുകോല്‍ വെച്ചല്ല ഇബ്‌റാഹീമിന്റെ പത്‌നി ഹാജറ അതിജീവനവഴികള്‍  കണ്ടെത്തിയത്. ദൈവകല്‍പനയനുസരിച്ച് പുറപ്പെടാമെങ്കില്‍, അതേ ദൈവനിശ്ചയം തന്നെ മതി തലമുറകളുടെ ദാഹം ശമിപ്പിക്കുന്നതിനും എന്ന് ഹാജറക്ക് നല്ല നിശ്ചയമുണ്ടായിരുന്നു.
ദൈവധിക്കാരത്തിന്റെ നാട്ടില്‍നിന്നുമാണ് ഇബ്‌റാഹീം ഇറങ്ങിനടന്നത്. ദൈവാനുസരണത്തിന്റെ കേന്ദ്രഭവനം പടുത്തുയര്‍ത്തുന്നിടത്താണ് ആ യാത്ര അവസാനിക്കുന്നത്. വിജനതയുടെ ഭീകര ചുറ്റുപാടില്‍ കഅ്ബ കെട്ടിയൊരുക്കിയ ശേഷം വിയര്‍പ്പടങ്ങും മുമ്പേ, ഇബ്‌റാഹീമും ഇസ്മാഈലും നടത്തുന്ന പ്രാര്‍ഥനയുണ്ട്. മനുഷ്യസ്‌നേഹത്തിന്റെ ദീപ്തമായ മാതൃകയാണത്. അല്ലാഹുവിനോടുള്ള വിധേയത്വം മനുഷ്യനെ എത്രമേല്‍ അഭിമാനിയാക്കുന്നു എന്ന് അതില്‍നിന്ന് പഠിക്കാം.''ഓര്‍ക്കുക,  ഈ മന്ദിരത്തിന്റെ ഭിത്തികള്‍ പടുത്തുയര്‍ത്തവെ ഇബ്‌റാഹീമും ഇസ്മാഈലും പ്രാര്‍ഥിച്ചിരുന്നു: ഞങ്ങളുടെ നാഥാ, ഞങ്ങളില്‍നിന്ന് ഈ എളിയ കര്‍മം കൈക്കൊള്ളേണമേ!.....നാഥാ, ഞങ്ങളിരുവരെയും നിനക്ക് മുസ്‌ലിം ആയ ദൈവദാസന്മാരാക്കേണമേ'' (2:127,128). കിതപ്പ് മാറും മുമ്പേ കഅ്ബക്കരികിലിരുന്ന് ഇബ്‌റാഹീം നടത്തുന്ന ഒരാഹ്വനവുമുണ്ട്; യുഗാന്തരങ്ങളിലൂടെ പരകോടി ജനങ്ങളെ തുടിക്കുന്ന ഹൃദയവുമായി മക്കയിലേക്ക് വഴിനടത്തുന്ന ആഹ്വാനം. അക്കാര്യം ഖുര്‍ആന്‍ ഇങ്ങനെ വിവരിക്കുന്നു: ''തീര്‍ഥാടനം ചെയ്യാന്‍ ജനങ്ങളില്‍ പൊതുവിളംബരം ചെയ്യുക. ദൂരദിക്കുകളില്‍നിന്നൊക്കെയും  കാല്‍നടക്കാരായും ഒട്ടകങ്ങളില്‍ സവാരി ചെയ്തും അവര്‍ നിന്റെ അടുക്കല്‍ എത്തിച്ചേരുന്നതാകുന്നു'' (22:27).
ദേശാതിര്‍ത്തികളും വര്‍ണ, ലിംഗ, ഭാഷാ ഭേദങ്ങളും അപ്രസക്തമാകുന്ന മാനവരാശിയുടെ പ്രവാഹമാണത്. ഇബ്‌റാഹീമിന്റെ ജീവിതത്തെ അനുസ്മരിച്ചും അനുകരിച്ചും സഞ്ചാരപഥങ്ങളെ അനുഗമിച്ചും ഓര്‍ത്തെടുത്തും ഹജ്ജ് നിര്‍വഹിച്ച് ജന്മഗൃഹം പുല്‍കുന്നവന്‍ കുഞ്ഞിളം പൈതലിന്റെ നിഷ്‌കളങ്കത സ്വന്തമാക്കുകയാണെന്ന് അന്ത്യ പ്രവാചകന്‍ (സ). സകല വൈജാത്യങ്ങള്‍ക്കുമതീതമായി മനുഷ്യനെ കാണാനും കേള്‍ക്കാനും അനുഭവിക്കാനും സാധിക്കുമ്പോഴേ സമാധാനം സാധ്യമാകൂ എന്ന് ചുരുക്കം.

വെറുതെ അപശബ്ദമുയര്‍ത്തുകയായിരുന്നില്ല ഇബ്‌റാഹീം (അ). സമാധാനം കെടുത്തുകയുമായിരുന്നില്ല. നല്ലൊരു നാളെ പുലരണമെന്ന്, നല്ലൊരു ലോകം പണിയണമെന്ന് അദ്ദേഹം കൊതിച്ചു. തന്റെ ശത്രുപക്ഷത്ത് നില്‍ക്കുന്നവര്‍ പോലും സുഖസുഭിക്ഷതകളോടെ ജീവിക്കണമെന്ന് ആഗ്രഹിച്ചു; പ്രാര്‍ഥിച്ചു. ''ഇബ്‌റാഹീം പ്രാര്‍ഥിച്ചതോര്‍ക്കുക: എന്റെ നാഥാ, ഇതിനെ നിര്‍ഭയമായ പട്ടണമാക്കേണമേ, അതിലെ വാസികള്‍ക്ക് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചവര്‍ക്ക് നീ നാനാവിധ ഫലങ്ങള്‍ അന്നമായി നല്‍കേണമേ. മറുപടിയായി നാഥന്‍ അരുളി: അവിശ്വാസികള്‍ക്കും ഞാന്‍ ഈ ലോകത്തെ ക്ഷണികജീവിതത്തിനുള്ള വിഭവങ്ങള്‍ നല്‍കും'' (2:126). അതിനെ അപകടപ്പെടുത്തുന്ന ഭരണകൂടത്തോടും നിയമത്തോടും സാമൂഹികാവസ്ഥയോടുമാണ് അദ്ദേഹം കലഹിച്ചത്. പിതാവിന്റെയും നാട്ടുകാരുടെയും യുക്തിരഹിതമായ നിലപാടുകളോട്, സ്‌നേഹസമൃദ്ധമായ ഹൃദയത്തോടും അത്യസാധാരണമായ ബുദ്ധിവൈഭവത്തോടും കൂടി കലഹിച്ച ഇബ്‌റാഹീം നംറൂദിന്റെ കൊട്ടാരത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ആ സാമൂഹികാവസ്ഥയില്‍ നംറൂദും വിഗ്രഹാരാധകനാകാനേ തരമുള്ളൂ. പക്ഷേ, പൗരന്റെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി വീറോടെ വാദിക്കുന്ന, ഭരണകൂടത്തോട് ഇഞ്ചോടിഞ്ച് പൊരുതുന്ന, മുഖാമുഖം നില്‍ക്കുന്ന പ്രക്ഷോഭകാരിയെയാണ് നമുക്ക് ഇബ്‌റാഹീമില്‍ ദര്‍ശിക്കാനാവുക. മനുഷ്യര്‍ക്ക് ലഭ്യമാകേണ്ട നീതിയെ സംബന്ധിച്ചാണ് അദ്ദേഹം ചോദ്യമുന്നയിച്ചത്. ''അയാള്‍ (നംറൂദ്) പറഞ്ഞു; ജീവിപ്പിക്കാനും മരിപ്പിക്കാനും എനിക്ക് അവകാശമുണ്ട്'' (2:258). ഒരു മുസ്‌ലിമിന്റെ സോഷ്യല്‍ ആക്ടിവിസത്തിന്റെ രണ്ടറ്റങ്ങളെ സംശയമേതുമില്ലാതെ ഇബ്‌റാഹീമില്‍ ദര്‍ശിക്കാനാവും.

ഒന്നിനുപിറകെ മറ്റൊന്നായി പരീക്ഷണങ്ങളെ മറികടന്നെത്തിയ ഇബ്‌റാഹീമിന് ജീവിതസായന്തനത്തില്‍ വീണ്ടുമൊരു കൊടുംപരീക്ഷണം. തനിക്കുശേഷം തന്റെ വഴിയെ സഞ്ചരിക്കാന്‍ പിന്‍ഗാമികളെ വേണമെന്ന പ്രാര്‍ഥനക്ക് ഉത്തരമായിരുന്നു ഇസ്മാഈല്‍. കുഞ്ഞുകുസൃതിയുടെ പാരമ്യത്തിലെത്തി നില്‍ക്കുന്ന പ്രായത്തില്‍ ഇസ്മാഈലിനെ ബലിയറുക്കണമെന്ന്! ഏതൊരു പിതാവും പതറുന്ന നിമിഷം. പാഴ്ക്കിനാവ് എന്നു പറഞ്ഞ് സൗകര്യപൂര്‍വം തമാശയാക്കാവുന്ന കാര്യം. പക്ഷേ ഇബ്‌റാഹീം ചഞ്ചലനായില്ല. അല്ലാഹുവിന്റെ കല്‍പന നിറവേറ്റാനായി അദ്ദേഹം ഒരുങ്ങി. സന്നദ്ധതയറിയിച്ച് ദൃഢനിശ്ചയത്തോടെ മകന്‍ ഇസ്മാഈലും. അല്ലാഹുവിനോടുള്ള വിധേയത്വത്തില്‍ ഒരുപ്പയും മകനും മത്സരിക്കുക!
മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായിരുന്നു ഇബ്‌റാഹീം. തന്നെ ആട്ടിയകറ്റിയവരോട്, ഉപദ്രവിച്ചവരോട് ഒക്കെയും ഇബ്‌റാഹീം അലിവുള്ളവനായിരുന്നു. ഗുണകാംക്ഷയുടെ ആ മഹിത മാതൃക ആരെയും അത്ഭുതപ്പെടുത്താതിരിക്കില്ല. തന്റെ പിതൃസഹോദരപുത്രന്‍ ലൂത്വിന്റെ ധിക്കാരികളായ ജനതയെ നശിപ്പിക്കാനായി അല്ലാഹു അയച്ച മലക്കുകള്‍ എത്തുന്ന സന്ദര്‍ഭത്തില്‍ ഇബ്‌റാഹീമിന്റെ വിചാരവികാരങ്ങളെ ഖുര്‍ആന്‍ വര്‍ണിക്കുന്നുണ്ട്. ഇസ്ഹാഖിന്റെ ജനനത്തെ സംബന്ധിച്ച സന്തോഷവാര്‍ത്തക്കിടയിലും ആ ജനതയോടുള്ള അപരിമേയമായ സ്‌നേഹത്താല്‍ ആ ഹൃദയം മഥിക്കുകയായിരുന്നു. ''തുടര്‍ന്ന് സംഭ്രമമകലുകയും (സന്താന ലബ്ധിയുടെ സുവാര്‍ത്തയാല്‍) സന്തുഷ്ടനാവുകയും ചെയ്തപ്പോള്‍ ഇബ്‌റാഹീം ലൂത്വിന്റെ ജനതയുടെ കാര്യത്തില്‍ നമ്മോട് തര്‍ക്കിച്ചു തുടങ്ങി'' (11:74). കാരണം ''തീര്‍ച്ചയായും ഇബ്‌റാഹീം വളരെ സ്ഥൈര്യമുള്ളവനും ദയാലുവും സദാ പശ്ചാത്തപിച്ചു മടങ്ങന്നവനുമായിരുന്നു'' (11:75).

ഇവയൊന്നും ഐതിഹ്യമോ കെട്ടുകഥകളോ അല്ല. പച്ചയായ ഒരു മനുഷ്യന്‍ കടന്നുപോയ നാള്‍വഴിക്കുറിപ്പുകളാണ്. പ്രബോധകന്റെ സംസ്‌കാരമാണ്. ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ എന്നതിന്റെ ഭൂമിയിലെ സാക്ഷാല്‍ക്കാരമായിരുന്നു ആ ജീവിതം. ഇതൊക്കെ മുന്‍നിര്‍ത്തി ഖുര്‍ആന്‍ പറയുന്നത് 'നിങ്ങള്‍ ഇബ്‌റാഹീമിന്റെ മാര്‍ഗം പിന്തുടരുക' (3:95) എന്നാണ്. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ സമുദായമാവട്ടെ  ഇബ്‌റാഹീമീ മില്ലത്തുമാണ്. സമകാലിക ലോകത്ത് വിശ്വാസി അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍, പ്രലോഭനങ്ങള്‍, സൗകര്യങ്ങള്‍ അവയിലൂടെയെല്ലാം അവയുടെ തീവ്രതയില്‍ ഇബ്‌റാഹീം (അ) കടന്നുപോയിട്ടുണ്ട്. അവയെ അതിജയിക്കേണ്ട വഴികള്‍ സന്ദേഹമില്ലാതെ ആ മഹാനുഭാവന്‍ വരച്ചുവെക്കുകയും ചെയ്തിട്ടുണ്ട്. അവയെ അനന്തരമെടുക്കാനാണ് ഹജ്ജും പെരുന്നാളും നമ്മോട് ആവശ്യപ്പെടുന്നത്. അപ്പോള്‍ ആരാധനയും ആഘോഷവും നമുക്ക് നിലപാട് ഉറപ്പിക്കല്‍ കൂടിയാണ്, മുന്നോട്ടു കുതിക്കാനുള്ള ഊര്‍ജസ്രോതസ്സാണ്, സമരസന്നദ്ധരാകാനുള്ള ആഹ്വാനമാണ്. ഈ സുമോഹന ദൗത്യത്തിന് അവന്‍ നമ്മെ തെരഞ്ഞെടുത്തിരിക്കുന്നു- വലില്ലാഹില്‍ ഹംദ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (5-6)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജിനു ശേഷം പുതിയൊരു ജീവിതം
സുബൈര്‍ കുന്ദമംഗലം