അരുംകൊലക്ക് കൂട്ടുനില്‍ക്കുന്നവര്‍ നിയമനിര്‍മാണം നടത്തുമോ?
പ്രശസ്ത ഡോക്യുമെന്ററി സംവിധായകനായ ആനന്ദ് പട്‌വര്‍ധന്‍ ദ വയര്‍ ഡോട്ട് ഇന്നില്‍ ഒരു ലേഖനമെഴുതിയിട്ടുണ്ട്. ഇന്ത്യയില്‍ ശക്തിപ്പെടുന്ന തീവ്ര വലതുപക്ഷ ഫാഷിസത്തെ, അതേക്കുറിച്ച് അദ്ദേഹം പലപ്പോഴായി നിര്‍മിച്ചിട്ടുള്ള ഡോക്യുമെന്ററി ഫിലിമുകളില്‍നിന്നുള്ള ക്ലിപ്പുകള്‍ ചേര്‍ത്താണ് ആ ഓണ്‍ലൈന്‍ ലേഖനം. സംഘ് പരിവാര്‍ ശക്തികള്‍ തുടക്കം മുതലേ സമൂഹത്തില്‍ ധ്രുവീകരണമുണ്ടാക്കാന്‍ വെറുപ്പുല്‍പാദിപ്പിച്ചിട്ടുള്ളത് മുസ്‌ലിം സമൂഹത്തെ അപരസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടാണെന്ന് അദ്ദേഹം എഴുതുന്നു. ക്ഷേത്രങ്ങള്‍ തകര്‍ത്തവര്‍, ഭാരതീയ സ്ത്രീകളെ അപമാനിച്ചവര്‍, നാലു കെട്ടി ഭൂരിപക്ഷമാകാന്‍ ശ്രമിക്കുന്നവര്‍ തുടങ്ങിയ കള്ളപ്രചാരണങ്ങളിലൂടെ കുഞ്ഞുമനസ്സുകളില്‍ വരെ അവര്‍ വിദ്വേഷത്തിന്റെ വിത്ത് മുളപ്പിച്ചെടുക്കുന്നു. രാജ്യമൊട്ടുക്കും സമാന്തര വിദ്യാഭ്യാസ സംവിധാനമുള്ള സംഘ് പരിവാറിന് അതൊട്ടും പ്രയാസമുള്ള കാര്യമല്ല. പൊതു വിദ്യാഭ്യാസ സംവിധാനത്തെയും ആ നിലയിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു. വിദ്വേഷ കലുഷിതമായ ഈയൊരു ചുറ്റുപാടില്‍ വളര്‍ന്നു വരുന്നവര്‍, ഒരു മുസ്‌ലിം അങ്ങനെ ചെയ്തിരിക്കുന്നു എന്ന് കേട്ടാല്‍ മതി ആക്രോശങ്ങളുമായി ചാടിയിറങ്ങും. തങ്ങള്‍ കേട്ടത് ശരിയോ എന്ന് പരിശോധിക്കാനൊന്നും വിദ്വേഷം കൊണ്ട് അന്ധത ബാധിച്ച ഈ മനുഷ്യര്‍ക്ക് കഴിയില്ല. ഒന്നു കൊളുത്തി കൊടുത്താന്‍ മതി, പിന്നെ ജനക്കൂട്ടം നോക്കിക്കൊള്ളും.
വിദ്വേഷകലുഷമായ ഈ ആള്‍ക്കൂട്ട മനസ്സാണ് ഈയടുത്ത കാലത്ത് നടന്ന അടിച്ചുകൊല്ലലിന്റെയെല്ലാം പിന്നില്‍. വ്യാജവാര്‍ത്ത കേട്ടാണ് ഇത്തരം ആള്‍ക്കൂട്ടങ്ങള്‍ ഒരു പ്രത്യേക മതവിഭാഗത്തില്‍ പെടുന്നവരെ അടിച്ചു കൊന്നിരുന്നതെങ്കില്‍, ഇപ്പോള്‍ വ്യാജ വാര്‍ത്ത പോലും ആവശ്യമില്ല എന്ന് വന്നിരിക്കുന്നു. ആളുടെ ഐഡന്റിറ്റി തിരിച്ചറിഞ്ഞാല്‍ മതി, പ്രകോപനമൊന്നുമില്ലെങ്കിലും അവര്‍ കൃത്യം നടത്തിയിരിക്കും. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, ഉത്തര്‍ പ്രദേശിലെ ചാന്ദ്‌ലി ജില്ലയില്‍ ഖാലിദ് എന്ന പതിനഞ്ചു വയസ്സുകാരനെ കൈകാലുകള്‍ കെട്ടി തീവെച്ചു കൊന്നത്. മരിക്കുന്നതിനു മുമ്പ് ആ കുട്ടി നല്‍കിയ മൊഴിയില്‍, 'ജയ് ശ്രീറാം' ചൊല്ലാന്‍ വിസമ്മതിച്ചതിനാണ് തന്നെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത് എന്ന് വ്യക്തമായി പറയുന്നുണ്ട്. പക്ഷേ, ഇത്രയും ദാരുണവും ബീഭത്സവുമായ ഒരു സംഭവം നടന്നിട്ടും കുട്ടി നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് പറഞ്ഞ് അതിക്രമികള്‍ക്ക് സംരക്ഷണമൊരുക്കുന്ന നിലപാടാണ് പോലീസിന്റേത്. ഈ കേസിലെ നാല് പ്രതികള്‍ പിടിക്കപ്പെടുമെന്നോ പിടിക്കപ്പെട്ടാല്‍ തന്നെ ശിക്ഷിക്കപ്പെടുമെന്നോ ആരും പ്രതീക്ഷിക്കുന്നില്ല. സമാന കേസുകളിലെല്ലാം പ്രതികള്‍് രക്ഷപ്പെടുകയാണ് ചെയ്തത്. കേന്ദ്രത്തിലും സംസ്ഥാനത്തും അവര്‍ക്ക് ഭരണത്തിന്റെ പിന്‍ബലവും സംരക്ഷണ കവചവുമുണ്ട്. ഈ സംഭവം നടക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പാണ് അമേത്തിയിലെ ഒരു ഗ്രാമത്തില്‍ അറുപത്തിനാലുകാരനായ അമാനുല്ല എന്ന റിട്ടയേര്‍ഡ് പട്ടാളക്കാരനെ ഒരു സംഘം വീട്ടില്‍ കയറി അടിച്ചുകൊന്നത്.
മുസ്‌ലിംകളും ദലിത് വിഭാഗങ്ങളും ഇരകളാക്കപ്പെടുന്ന ആള്‍ക്കൂട്ടക്കൊലകള്‍ക്ക് അറുതിവരുത്താന്‍ കടുത്ത വ്യവസ്ഥകളോടെ നിയമനിര്‍മാണം നടത്തുകയല്ലാതെ വേറെ വഴിയില്ല. പിടിക്കപ്പെടുമെന്നും ശിക്ഷിക്കപ്പെടുമെന്നും പേടിയുണ്ടെങ്കിലേ ഇത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ. പക്ഷേ ഭരിക്കുന്നവരും അവരെ നയിക്കുന്ന പാര്‍ട്ടികളും രാജ്യത്തിന്റെ യശസ്സ് കെടുത്തുന്ന ഈ അരുംകൊലകള്‍ക്കെതിരെ ഇതുവരെ കാര്യമായി പ്രതികരിച്ചിട്ടു പോലുമില്ല. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്, ഇന്ത്യന്‍ സംസ്‌കാരത്തെ അവമതിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അവരെ കരുതിയിരിക്കണമെന്നും പ്രസ്താവിച്ചിട്ടുണ്ട്. പക്ഷേ കുറ്റവാളികളെ പിടികൂടണമെന്നോ ശിക്ഷിക്കണമെന്നോ പറഞ്ഞിട്ടില്ല. പ്രധാനമന്ത്രിയും പരിവാരങ്ങളും അര്‍ഥഗര്‍ഭമായ മൗനത്തിലും. ഇവരൊക്കെയല്ലേ നിയമനിര്‍മാണം നടത്തേണ്ടവര്‍?
Comments