Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 09

3113

1440 ദുല്‍ഹജ്ജ് 07

മുജാഹിദ് പ്രസ്ഥാനവും ജമാഅത്തെ ഇസ്‌ലാമിയും സഹകരണത്തിന്റെ ആ നല്ല കാലം

എം.വി മുഹമ്മദ് സലീം/സി.എസ് ഷാഹിന്‍

(ജീവിതം- ഭാഗം-4 )

ചില വിഷയങ്ങള്‍ പഠിപ്പിക്കാന്‍ അധ്യാപകരെ ലഭിക്കാത്ത കാലം. ശാന്തപുരത്ത് അധ്യാപനം നടത്തിക്കൊിരുന്ന എന്നോട് കേരള അമീര്‍ അടുത്ത വര്‍ഷം ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ കോളേജില്‍ അധ്യാപകനായി ചേരണമെന്ന് ആവശ്യപ്പെട്ടു. ആക്ടിവിസങ്ങളുടെ ലോകത്തുനിന്ന് വൈജ്ഞാനിക ലോകത്തിലേക്കുള്ള തിരിച്ചുനടത്തം. ബുദ്ധിപരമായ വിഷയങ്ങള്‍ പഠിപ്പിക്കുക താല്‍പര്യമാണ്. കണക്ക്, നഹ്വ്,  ഉസ്വൂലുല്‍ ഫിഖ്ഹ് തുടങ്ങിയവ 'ബൗദ്ധിക വ്യായാമ'ത്തിന് പറ്റിയ വിഷയങ്ങളാണ്. മന്‍ത്വിഖും ഫല്‍സഫയും   അങ്ങനെത്തന്നെ. മര്‍ഹൂം വി. അബ്ദുല്ല മൗലവിയായിരുന്നു കോളേജ് പ്രിന്‍സിപ്പല്‍. നാട്ടുകാരുമായി സൗഹൃദബന്ധം സ്ഥാപിക്കാന്‍ സാധിച്ചതിനാല്‍ അവിടെ കഴിച്ചുകൂട്ടിയ കാലത്ത് ഒരു തരത്തിലുള്ള വിരസതയും അനുഭവപ്പെട്ടില്ല.

ചേന്ദമംഗല്ലൂരില്‍ പഠിപ്പിച്ചുകൊണ്ടിരിക്കെ മറ്റൊരു ചുമതല മുന്നിലെത്തി. പ്രബോധനത്തിന്റെ ആരംഭം മുതല്‍ തഫ്ഹീമുല്‍ ഖുര്‍ആന്റെ പരിഭാഷ ടി. മുഹമ്മദ് സാഹിബ് തുടര്‍ച്ചയായി എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. അത് ക്രോഡീകരിച്ച് എഡിറ്റ് ചെയ്ത് ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ ജമാഅത്ത് തീരുമാനിച്ചു. എന്നാല്‍ ഈ തീരുമാനം നടപ്പാക്കാനാവാതെ അനന്തമായി നീണ്ടുപോയി. അങ്ങനെയിരിക്കെ ഒ. അബ്ദുല്ല സാഹിബ് അമീര്‍ കെ.സിയുടെ മുമ്പില്‍ ഒരു നിര്‍ദേശം വെച്ചു; ടി.കെ അബ്ദുല്ല സാഹിബ് പരിഭാഷ തയാറാക്കും. അദ്ദേഹത്തെ കര്‍മനിരതനാക്കാന്‍ ഒരാള്‍ കൂടെ ഉണ്ടാവണം. ആ ദൗത്യം എം. വിയെ ഏല്‍പിക്കാം. ഇതിനായി ടി. കെ അബ്ദുല്ല സാഹിബ് ഉള്ളേടത്ത് എം. വി പോകണം. പരിഭാഷ പൂര്‍ത്തിയാകുവോളം അവിടെ തങ്ങണം. അങ്ങനെ എന്റെ ജീവിതയാത്ര കുറ്റിയാടിയിലേക്ക് തിരിഞ്ഞു. കുറ്റിയാടി കാമ്പസില്‍ ക്യാമ്പ് ചെയ്തു. പുഴയുടെ അക്കരെയാണ് ടി. കെയുടെ വീട്. ഞങ്ങള്‍ രണ്ടു പേരും പണി തുടങ്ങി. പകല്‍ ടി.കെ വീട്ടില്‍നിന്ന് എത്തുന്നതു വരെ ഞാന്‍ കുറ്റിയാടി കോളേജില്‍ പഠിപ്പിക്കും.  മൂന്ന് മാസം കൊണ്ട് ദൗത്യം പൂര്‍ത്തിയായി. വന്ദ്യഗുരു ടി. ഇസ്ഹാഖലി മൗലവിയുടെ സൂക്ഷ്മ പരിശോധനക്കു ശേഷം ഞങ്ങള്‍ തയാറാക്കിയ പരിഭാഷ പ്രസിദ്ധീകരിച്ചു. അതിലെ അടിക്കുറിപ്പുകള്‍ പുനഃക്രോഡീകരിച്ചത് വി.കെ അലി സാഹിബായിരുന്നു. 

ഏല്‍പ്പിക്കപ്പെട്ട ചുമതല പൂര്‍ത്തീകരിച്ചു. പ്രബോധനത്തില്‍ തുടരണമെന്ന് ജമാഅത്ത് ആവശ്യപ്പെട്ടു. വെള്ളിമാടുകുന്നിലേക്ക് താവളം  മാറ്റി. പ്രബോധനത്തില്‍ ജോലി ഏറ്റെടുത്തു. 'ജമാഅത്തെ ഇസ്ലാമി: വിമര്‍ശകരും മറുപടിയും' എന്ന തലക്കെട്ടിലുള്ള പരമ്പര എഴുതി പൂര്‍ത്തീകരിച്ചത് ആ ഘട്ടത്തിലാണ്. ആയിടക്ക് റൗദത്തുല്‍ ഉലൂമില്‍ എന്നെ വിസിറ്റിംഗ് പ്രഫസറായി അയക്കണമെന്ന് അബുസ്സ്വബാഹ് മൗലവി അമീറിനോട് ആവശ്യപ്പെട്ടു. ആഴ്ചയില്‍ മൂന്നു ദിവസം റൗദത്തില്‍ അധ്യാപനത്തിന് പോകാന്‍ തുടങ്ങി. അബുസ്സ്വബാഹ് മൗലവിയുടെ ആവശ്യപ്രകാരം വിദ്യാര്‍ഥികള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ പാരായണ നിയമം പഠിപ്പിക്കുകയായിരുന്നു എന്റെ ദൗത്യം. ക്ലാസില്‍ കേരളീയര്‍ക്കു പുറമെ ലക്ഷദ്വീപുകാരും മലേഷ്യന്‍ വിദ്യാര്‍ഥികളും ഇന്തോനേഷ്യക്കാരും ഉണ്ടായിരുന്നു. നല്ല പാരായണശൈലിയുള്ള ചില വിദ്യാര്‍ഥികള്‍ കൂട്ടത്തിലുണ്ടായിരുന്നു. അറബി ഭാഷയിലായിരുന്നു ക്ലാസ്സുകള്‍. 

വിദ്യാര്‍ഥികളുടെ നിലവാരം വെച്ചു നോക്കിയപ്പോള്‍ ഗുരു കുറേക്കൂടി ഉയരണമെന്ന് മനസ്സിലായി. ഞാന്‍ ഒരു ടേപ്പ് റിക്കാര്‍ഡറും ശൈഖ് അബ്ദുല്‍ ബാസിത്വ് അബ്ദുസ്സ്വമദിന്റെ ഖിറാഅത്തിന്റെ കേസറ്റുമായി ക്ലാസ്സില്‍ ചെന്നു. അദ്ദേഹത്തിന്റെ പാരായണം അനുകരിക്കാന്‍ പഠിതാക്കളെ പരിശീലിപ്പിച്ചു. അന്ന് തജ്‌വീദ് പഠിച്ച പണ്ഡിതന്മാര്‍ പ്രസ്ഥാനത്തിന്റെ തജ്‌വീദ് പരിശീലന ഗുരുനാഥന്മാരാണിന്നും. 
അക്കാലത്ത് ജമാഅത്തെ ഇസ്ലാമിക്കും മുജാഹിദ് പ്രസ്ഥാനത്തിനുമിടയില്‍ അകല്‍ച്ചയോ വൈരമോ ഉണ്ടായിരുന്നില്ല. അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നിരുന്നു എന്നു മാത്രം. മുജാഹിദ് മിമ്പറുകളില്‍ ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് ഖുത്വ്ബ പറയുന്നതിന്  തടസ്സമുണ്ടായിരുന്നില്ല. കോഴിക്കോട് പട്ടാള പള്ളിയിലും മൊയ്തീന്‍ പള്ളിയിലും ഞാന്‍ ഖത്വീബായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് എങ്ങനെയാണ് ഇരു പ്രസ്ഥാനങ്ങള്‍ക്കുമിടയില്‍ അകല്‍ച്ചയും ശത്രുതയും രൂപപ്പെട്ടത്?

എഴുപതുകളുടെ അവസാനം.  ജമാഅത്തും മുജാഹിദും സംയുക്തമായി ഒരു കാമ്പയിന്‍ സംഘടിപ്പിച്ചു. 'ഇസ്ലാമിനെ പരിചയപ്പെടുക' എന്നതായിരുന്നു തലക്കെട്ട്. കാമ്പയിന്‍ കാലത്ത് ഇരു സംഘടനകളിലെയും പ്രശസ്തരായ പ്രഭാഷകര്‍ വിവിധ സ്ഥലങ്ങളില്‍ പ്രസംഗിച്ചു. ഞാനും ചിലയിടങ്ങളില്‍ സംസാരിച്ചിരുന്നു. എന്റെ കൂടെ പ്രസംഗിക്കാന്‍ അധികവും മര്‍ഹൂം എ.പി അബ്ദുല്‍ ഖാദിര്‍ മൗലവിയാണുണ്ടാവുക. കാമ്പയിന്‍ വമ്പിച്ച വിജയമായിരുന്നു. രണ്ടു കൂട്ടരും ഒരുമിച്ച് നടത്തിയതുകൊണ്ട് മുസ്ലിം സമൂഹം  നന്നായി വരവേറ്റ പരിപാടിയായിരുന്നു അത്. തൗഹീദിന്റെ സമഗ്ര ചിത്രം അതിലൂടെ ശ്രോതാക്കള്‍ക്ക് ലഭിച്ചു. അമുസ്ലിംകള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടാനും കാമ്പയിന്‍ നിമിത്തമായി.

കാമ്പയിന്‍ സമാപിച്ചു. പ്രശ്നങ്ങള്‍ അവിടെ തുടങ്ങുകയായിരുന്നു. കാമ്പയിന്‍ അവലോകനം ചെയ്യാന്‍ മുജാഹിദ് നേതാക്കള്‍ ഒത്തുകൂടി. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സെക്രട്ടറി മര്‍ഹൂം എ.കെ അബ്ദുലത്വീഫ് മൗലവി റിപ്പോര്‍ട്ട് ചെയ്തതാണ് ഞാന്‍ ഇവിടെ പങ്കുവെക്കുന്നത്. അവലോകനത്തിനിടയില്‍ മര്‍ഹൂം കെ. ഉമര്‍ മൗലവി വികാരാധീനനായി  പറഞ്ഞു; 'ഇനി നമുക്കിത് പിരിച്ചുവിടാം.' മറ്റുള്ളവര്‍ ചോദിച്ചു: 'ഏത്?' ഉമര്‍ മൗലവി: 'ഇസ്ലാഹി പ്രസ്ഥാനം.' കൂടെയുണ്ടായിരുന്നവര്‍ സ്തബ്ധരായി.  അവര്‍ ചോദിച്ചു: 'എന്താ പ്രശ്നം?' ഉമര്‍ മൗലവി: 'നമ്മള്‍ ഒരു കാമ്പയിന്‍ നടത്തിയില്ലേ?' മറ്റുള്ളവര്‍: 'അതേ, നടത്തി. നല്ല ഫലമുണ്ടാവുകയും ചെയ്തു.' ഉമര്‍ മൗലവി: 'ആര്‍ക്ക് ഫലമുണ്ടായി? അത് ആരുടെ പരിപാടിയായിരുന്നു എന്ന് നിങ്ങള്‍ ആരൊടെങ്കിലും ചോദിച്ചോ? 'ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച കാമ്പയിന്‍ നമ്പര്‍ വണ്‍' എന്നാണ് ആളുകളൊക്കെ പറയുന്നത്. അതുകൊണ്ട് നമ്മുടെ സംഘടന പിരിച്ചുവിടുകയല്ലേ നല്ലത്? ഒന്നുകില്‍ പിരിച്ചുവിടുക. അല്ലെങ്കില്‍, മേലില്‍ ജമാഅത്തെ ഇസ്ലാമിയുമായി സഹകരിച്ച് ഒരു പരിപാടിയും നടത്തുകയില്ല എന്ന് ഇവിടെ വെച്ച് തീരുമാനം എടുക്കുക.'

യോഗത്തിന്റെ ഒടുവില്‍ തീരുമാനമായത് ഇങ്ങനെ: 'ജമാഅത്തെ ഇസ്ലാമിയുമായി ഇനി ഒരു തരത്തിലും സഹകരിക്കേണ്ടതില്ല. ഇസ്ലാഹി പ്രസ്ഥാനത്തിന്റെ മിമ്പറില്‍ ജമാഅത്ത് പ്രവര്‍ത്തകരെ ഖുത്വ്ബ പറയാന്‍ അനുവദിക്കില്ല. ഇസ്ലാഹി പ്രസ്ഥാനം ജമാഅത്തുമായി പള്ളികളിലോ മദ്റസകളിലോ പൊതുവേദികളിലോ സഹകരിക്കുകയില്ല.' 
അങ്ങനെ സൗഹൃദത്തില്‍ കഴിഞ്ഞ രണ്ടു സംഘടനകള്‍ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ വഴിപിരിഞ്ഞു. ജമാഅത്തെ ഇസ്ലാമിയോട് ശത്രുതയും അകല്‍ച്ചയും മുജാഹിദ് സംഘടനയില്‍ രൂപപ്പെടുന്നത് അങ്ങനെയാണ്. പ്രവര്‍ത്തകര്‍ക്കിടയിലും ജമാഅത്ത് വിരുദ്ധത പ്രചരിപ്പിച്ചു. ഭിന്നതകള്‍ പര്‍വതീകരിച്ചും പൊലിപ്പിച്ചും കാണിച്ചു. സ്റ്റേജുകളും പേജുകളും ജമാഅത്തിനെതിരെയുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളാല്‍ നിറഞ്ഞു. പല വിഷയങ്ങളിലും സംവാദങ്ങളുായി. അതിലൊന്നാണ് ഇബാദത്ത്. ഒരു ഘട്ടത്തില്‍ ഞാനും അതില്‍ പങ്കാളിയാവുകയുായി.
ശാന്തപുരത്തെ സാഹിത്യസമാജങ്ങളില്‍ ഇബാദത്ത് ചര്‍ച്ചചെയ്തിരുന്നു. അവിടെ നിന്നാണ് എനിക്ക് വിഷയം പഠിക്കാനായത്. ഇസ്ഹാഖലി മൗലവിയുടെ നിര്‍ദേശ പ്രകാരം  ഇബാദത്തുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത വീക്ഷണങ്ങള്‍ സമാജങ്ങളില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യുകയുണ്ടായി.

കടന്നമണ്ണ കുഞ്ഞിമുഹമ്മദ് മൗലവി  ഇബാദത്തിനെക്കുറിച്ച ജമാഅത്ത് വീക്ഷണം അവതരിപ്പിച്ചു. അടുത്ത സമാജത്തില്‍ ഞാന്‍ മുജാഹിദ് വീക്ഷണവും. രണ്ടു പ്രബന്ധങ്ങളും അവലോകനം ചെയ്ത് ഇസ്ഹാഖലി മൗലവി സംസാരിച്ചു. മൗലവിയുടെ സംസാരം കേട്ടപ്പോള്‍ വിഷയം കൂടുതല്‍ പഠിക്കണം എന്നു തോന്നി. 
എം.സി അബ്ദുല്ല മൗലവി അന്ന് എന്റെ ജൂനിയറാണ്. ഞങ്ങള്‍ക്കിടയില്‍ ഒരു വൈജ്ഞാനിക കൂട്ടുകെട്ട് നിലനിന്നിരുന്നു. ഞാന്‍ എം.സിയോട് പറഞ്ഞു: 'ഇബാദത്തുമായി ബന്ധപ്പെട്ട് ലഭിക്കാവുന്ന മുഴുവന്‍ റഫറന്‍സും ഉദ്ധരണികളും നമുക്ക് ശേഖരിക്കാം. ഖുര്‍ആനിലെ ആദ്യ പതിനഞ്ച് ജുസ്അ്  ഞാന്‍ പരിശോധിക്കാം. ശേഷമുള്ള പതിനഞ്ച് ജുസ്അ് താങ്കളും.' ഞങ്ങള്‍ രണ്ടു പേരും പഠനം തുടങ്ങി. ആയത്തുകള്‍ കുറിച്ചുവെച്ചു. കുറിപ്പുകള്‍ തയാറാക്കി. അന്ന് ഖുര്‍ആന്‍ ഇന്‍ഡക്‌സുകള്‍  ശാന്തപുരം ഗ്രന്ഥാലയത്തില്‍ എത്തിയിരുന്നില്ല. ഖുര്‍ആനിലെ ഇബാദത്തുമായി ബന്ധപ്പെട്ട മുഴുവന്‍ പദങ്ങളുടെയും  ലിസ്റ്റ് ഉണ്ടാക്കി. ശേഷം തഫ്‌സീറുകളില്‍ പരിശോധന ആരംഭിച്ചു. അറബി നിഘണ്ടുക്കളിലും സസൂക്ഷ്മം പരതി. പിന്നെ ഗവേഷക സൂചിക തയാറാക്കി. ഇബാദത്ത് ഏതൊക്കെ സ്ഥലങ്ങളില്‍ ഏതെല്ലാം അര്‍ഥങ്ങളില്‍ പ്രയോഗിക്കപ്പെട്ടു എന്ന് ഞങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തി. 

വിഷയത്തിന്റെ എല്ലാ വശങ്ങളും വിശദമായി പഠിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്‍ ഒരു ആലോചന. ഖുര്‍ആനിലും ഹദീസിലും അറബി നിഘണ്ടുക്കളിലും  വ്യക്തമായി പറഞ്ഞിരിക്കുന്ന വിഷയമാണ് ഇബാദത്ത്. എന്നിട്ടും എങ്ങനെ അതില്‍  അഭിപ്രായ വ്യത്യാസവും തര്‍ക്കവും രൂപപ്പെട്ടു? മുജാഹിദുകളുടെ നിലപാട് എന്നെ അത്ഭുതപ്പെടുത്തി. ഒരു വിഷയത്തില്‍ നസ്സ്വ് (പ്രമാണം) ഉണ്ടെങ്കില്‍ മറ്റൊരു വിട്ടുവീഴ്ചക്കും തയാറാകാത്ത കൂട്ടരാണ് അവര്‍. അത്രമേല്‍ വൈജ്ഞാനിക ഭദ്രതയുള്ള ഒരു പ്രസ്ഥാനത്തില്‍ ഇതെങ്ങനെ സംഭവിച്ചു? 

എന്റെ കൈയിലുള്ള രേഖകളുമായി കെ.എം മൗലവിയുടെ വീട്ടില്‍ പോയി. അദ്ദേഹത്തിന്റെ വീട്ടില്‍ വിശാലമായ ലൈബ്രറി ഉണ്ടായിരുന്നു. അതില്‍ ധാരാളം തഫ്‌സീര്‍ ഗ്രന്ഥങ്ങള്‍. തഫ്‌സീറുകളുടെ പേജ് മറിച്ചുകൊണ്ടിരിക്കെ ഞാന്‍ മൗലവിയോട് ചോദിച്ചു: 'ഉസ്താദേ, ഇതിലെല്ലാം ഇബാദത്തിന് അനുസരണം എന്ന് അര്‍ഥം പറയുന്നുണ്ടല്ലോ'. അദ്ദേഹം മറുപടിയൊന്നും പറഞ്ഞില്ല. ഒരു പുസ്തകം എന്റെ നേരെ നീട്ടി. അറബിയില്‍ അദ്ദേഹം തയാറാക്കിയ കൈയെഴുത്തു പ്രതി. അതിന്റെ പേര്  ഞാനത് വായിച്ചു. ഇബാദത്തിന് അനുസരണം എന്ന അര്‍ഥം നല്‍കാന്‍ വകുപ്പില്ലെന്ന് അദ്ദേഹം അതില്‍ സമര്‍ഥിച്ചിരിക്കുന്നു. മുഖ്താര്‍, ഖാമൂസ് എന്നീ രണ്ട് നിഘണ്ടുക്കളാണ് അദ്ദേഹത്തിന്റെ അടുത്തുണ്ടായിരുന്നത്. അവ രണ്ടും ഇബാദത്തിന് അനുസരണം എന്ന അര്‍ഥം നല്‍കിയിട്ടുണ്ട്. അതിനെക്കുറിച്ച്  അദ്ദേഹത്തിന്റെ പ്രതികരണം: 'മഹാ അബദ്ധം അവയില്‍ സംഭവിച്ചിരിക്കുന്നു!' ഈ പുസ്തകത്തിന്റെ ഒരു കോപ്പി കൈപ്പടയില്‍ തയാറാക്കി അമീറിന്റെ ഓഫീസില്‍ ഏല്‍പിച്ചിരുന്നു. എങ്ങനെയോ അത് കൈമോശം വന്നതായാണ് പിന്നീടറിയാന്‍ കഴിഞ്ഞത്. അത്ഭുതമെന്നു പറയട്ടെ, കെ.എം മൗലവിയുടെ നിര്യാണ ശേഷം അദ്ദേഹത്തിന്റെ ഗ്രന്ഥാലയത്തില്‍നിന്നും ആ കൈയെഴുത്തുപ്രതി നഷ്ടപ്പെട്ടു.

പുളിക്കല്‍ പി.പി ഉണ്ണീന്‍കുട്ടി മൗലവി  എന്റെ ഗുരുവായിരുന്നു. അദ്ദേഹം എന്റെ ബന്ധു കൂടിയാണ്. എന്റെ ജ്യേഷ്ഠന്‍ വിവാഹം ചെയ്തത് അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മകളെ. എന്നോട് വലിയ വാത്സല്യമായിരുന്നു. ഇബാദത്ത് അദ്ദേഹത്തിനു മുന്നില്‍ ഞാന്‍ ചര്‍ച്ചക്ക് വെച്ചു. 'ഇബാദത്തിന് ആരാധന എന്ന് മാത്രം അര്‍ഥം നല്‍കിയാല്‍ തഫ്‌സീര്‍ റാസിയിലെ വിശദീകരണം നാം എങ്ങനെ ന്യായീകരിക്കും?' മുമ്പ് ഇക്കാര്യം ആലിക്കുട്ടി മൗലവിയോട് ഞാന്‍ ചോദിച്ചിരുന്നു. മൗലവിയുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്നു ഞാന്‍. പക്ഷേ ഈ ചോദ്യം അദ്ദേഹത്തെ ചൊടിപ്പിച്ചു. 'എന്നെ ഇബാദത്ത് പഠിപ്പിക്കാന്‍ വന്നതാണോ നീ'- അദ്ദേഹം കോപാകുലനായി ചോദിച്ചു. ആലിക്കുട്ടി മൗലവി അങ്ങനെ പ്രതികരിച്ചത് എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. എന്നാല്‍, ഉണ്ണീന്‍കുട്ടി മൗലവി ചോദ്യം സ്വാഗതം ചെയ്യുകയാണുായത്. ഞാന്‍ സൂറത്തു യാസീന് ഇമാം റാസി നല്‍കിയ വിശദീകരണം വായിച്ചു കേള്‍പ്പിച്ചു. അദ്ദേഹം അതിന്റെ അര്‍ഥം പറയാന്‍ തുടങ്ങി. അദ്ദേഹം പറഞ്ഞ അര്‍ഥം അതുപോലെ ഞാന്‍ എഴുതിയെടുത്തു. ഭക്ഷണം കഴിച്ച് ഞങ്ങള്‍ കിടന്നുറങ്ങി. സ്വുബ്ഹ് നമസ്‌കാരത്തിന് എഴുന്നേറ്റപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഇന്നലെ എഴുതിയ അര്‍ഥത്തില്‍ ഒരു തിരുത്തുണ്ട്. അനുസരിക്കുക എന്ന് എഴുതിയ സ്ഥലങ്ങളിലെല്ലാം ആരാധനാഭാവത്തോടെ എന്നുകൂടി ചേര്‍ക്കണം.' മണിക്കൂറുകളുടെ ഇടവേളയില്‍ സംഭവിച്ച മാറ്റം! എന്നെ വിഷമിപ്പിച്ചത് മറ്റൊരു കാര്യമായിരുന്നു. അദ്ദേഹം അന്ന് രാത്രി ഉറങ്ങിയിരുന്നില്ല. പുലര്‍ച്ചെ ആ മുഖം കണ്ടപ്പോള്‍ എനിക്കത് മനസ്സിലായി. ഈ വിഷയം ആലോചിച്ച് ഉറങ്ങാതെ കിടക്കുകയായിരുന്നു. ഇത്ര പ്രയാസം ഉണ്ടാകുമായിരുന്നെങ്കില്‍ ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി. ആരാധനാഭാവത്തോടെ  എന്ന് ചേര്‍ത്തില്ലെങ്കില്‍ ഇബാദത്തിന്റെ ജമാഅത്ത് വീക്ഷണം അംഗീകരിക്കേണ്ടിവരും. മുജാഹിദ് നേതാക്കള്‍ അതിനൊട്ടും സന്നദ്ധരായിരുന്നില്ല. 

ഇബാദത്തിനെക്കുറിച്ച ഉമര്‍  മൗലവിയുടെ മുഴുവന്‍ പഠനങ്ങളും ഞാന്‍ വായിച്ചു. അത് മുന്നില്‍ വെച്ച്  'ഇബാദത്ത് ഇസ്ലാമില്‍: സംശയങ്ങളും മറുപടിയും' എന്ന തലക്കെട്ടില്‍ അറുപതിലധികം പേജുള്ള ഒരു പ്രബന്ധം ഞാന്‍ തയാറാക്കി. സാഹിത്യസമാജത്തില്‍ അത് അവതരിപ്പിച്ചു. പഠനകാലത്തെ ഒരു ഗവേഷണ യത്‌നം. ഗവേഷണപ്രബന്ധം പ്രബോധനം മാസികയില്‍  പ്രസിദ്ധീകരിച്ചു. ഇബാദത്ത് വിഷയത്തില്‍ സംവാദങ്ങളുടെ ഒരു ചരിത്രമു്; അത് പിന്നീട് വിവരിക്കാം.

1970-ല്‍ ഞാന്‍ പ്രബോധനത്തിലുള്ള കാലം. കൊച്ചിയില്‍നിന്ന് ഏതാനും പ്രവര്‍ത്തകര്‍ ഓഫീസില്‍ വന്നു. അമീറിനെയും മറ്റും കണ്ട ശേഷമാണ് അവര്‍ എന്റെ അടുത്തെത്തിയത്. 'ജമാഅത്തെ ഇസ്‌ലാമി സംശയങ്ങളും മറുപടിയും' എന്ന എന്റെ ലഘു കൃതിയുടെ അടിസ്ഥാനത്തില്‍ കെ.സി അബൂബക്കര്‍ മൗലവി ജമാഅത്തിനെ വിമര്‍ശിച്ചുകൊണ്ട് ഒരു പ്രസംഗ പരമ്പര കൊച്ചിയില്‍ നടത്തിയെന്നും അതിന് മറുപടി പറയണമെന്നുമാണ് ആവശ്യം. 

1971 ആദ്യത്തിലാണെന്ന് തോന്നുന്നു, ഞാന്‍ മറുപടി പ്രസംഗം നടത്തി. വിവാദവിഷയമായതിനാല്‍ അഭൂതപൂര്‍വമായ സദസ്സായിരുന്നു. ഇബാദത്ത് എന്ന വിഷയത്തിലെ തര്‍ക്കം സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചു. പ്രസംഗത്തിന്റെ സമാപനം ഒരു വെല്ലുവിളിയോടെയായിരുന്നു (ഇതിനു മുമ്പ് കൊടുങ്ങല്ലൂരിലും മലപ്പുറത്തും ഖണ്ഡന പരിപാടികള്‍ നടത്തി പരിചയമുണ്ട്). മധ്യസ്ഥന്മാരുടെ സാന്നിധ്യത്തില്‍ ഇബാദത്തിനെക്കുറിച്ച് ഒരു സംവാദം സംഘടിപ്പിക്കാനുള്ള വെല്ലുവിളിയായിരുന്നു അത്. ഉടനെ ആരും രംഗത്തു വന്നില്ല. ആ വര്‍ഷം ഫെബ്രുവരി മാസത്തിലാണ് ഞാന്‍ ഉപരിപഠനാര്‍ഥം ഖത്തറിലേക്ക് യാത്ര തിരിച്ചത്. അതിനാല്‍ സംവാദം നടന്നപ്പോള്‍ ഞാന്‍ സ്ഥലത്തുണ്ടായില്ല. എന്നാല്‍ എന്നേക്കാള്‍ ഭംഗിയായി വിഷയം കൈകാര്യം ചെയ്യാന്‍ കെല്‍പുള്ള ഒരു സംഘമാണ് ജമാഅത്തിനെ പ്രതിനിധീകരിച്ചത്. ടി. ഇസ്ഹാഖലി മൗലവി മേല്‍നോട്ടം വഹിച്ചു. ഒ. അബ്ദുര്‍റഹ്മാന്‍, കെ. അബ്ദുല്ലാ ഹസന്‍, വി.കെ അലി എന്നിവര്‍ ലിഖിത രൂപത്തില്‍ തയാറാക്കിയ ഉപന്യാസങ്ങളിലൂടെയും ചോദ്യോത്തരങ്ങളിലൂടെയും വിഷയം ആകര്‍ഷകമായി അവതരിപ്പിച്ചു. മുജാഹിദ് സഹകാരിയായ അഡ്വക്കറ്റ്  കെ.എം സെയ്തു മുഹമ്മദ് സാഹിബായിരുന്നു മധ്യസ്ഥന്‍. അദ്ദേഹം വിഷയം പഠിച്ച് മുജാഹിദുകള്‍ക്ക് എതിരായി വിധിയെഴുതി. കെ. ഉമര്‍ മൗലവി, എ. അലവി മൗലവി, കെ.എസ്.കെ തങ്ങള്‍ എന്നീ പ്രഗത്ഭ മുജാഹിദ് പണ്ഡിതന്മാരായിരുന്നു മറുഭാഗത്ത്. ജാള്യം മറച്ചുവെക്കാന്‍ മാസങ്ങളോളം ഉമര്‍ മൗലവി സല്‍സബീല്‍ മാസികയില്‍ മറുപടി എഴുതിക്കൊണ്ടിരുന്നു. 

ഇപ്പോള്‍ ഞാന്‍ ആലോചിക്കുന്നു;  അങ്ങനെയൊരു ചര്‍ച്ച മുസ്ലിം സമൂഹത്തില്‍ നടക്കരുതായിരുന്നു. അതിനു വേണ്ടി ചെലവഴിക്കപ്പെട്ട സമയം, അധ്വാനം, സമ്പത്ത്! അതിനു വേണ്ടി എഴുതിയവര്‍, പ്രസംഗിച്ചവര്‍, ഓടി നടന്നവര്‍! പുരോഗമന ചിന്തകരില്‍ ഭിന്നിപ്പും സ്പര്‍ധയും വേരൂന്നാന്‍ ഇതെല്ലാം കാരണമായി. മുസ്ലിം സമൂഹത്തെ സംബന്ധിച്ചേടത്തോളം എത്ര വലിയ നഷ്ടമായിരുന്നു അത്! ഇസ്ലാമിന്റെ സമ്പൂര്‍ണത ഖുര്‍ആനിലൂടെയും സുന്നത്തിലൂടെയും ലളിതമായി സമര്‍പ്പിക്കാവുന്നതേയുള്ളൂ. അല്‍ ഇഖ്വാനുല്‍ മുസ്ലിമൂന്‍ അങ്ങനെയാണ് ചെയ്തത്. സാങ്കേതികപദങ്ങളില്‍ കെട്ടിപ്പിണഞ്ഞ് അവര്‍ സമയം പാഴാക്കിയില്ല. നമ്മളോ ഒരു സാങ്കേതികപദത്തില്‍ കുടുങ്ങിയത് കൊല്ലങ്ങള്‍! മധ്യസ്ഥനെ വെച്ച് ഇരുവിഭാഗവും ചര്‍ച്ച നടത്തി, പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. 

'ഇസ്ലാമിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍' മൗലാനാ മൗദൂദിയുടെ ഗവേഷണ രചനയാണ്. ഒരു വിഷയത്തില്‍ ഗവേഷണ പ്രബന്ധം എഴുതുന്നതും വാദപ്രതിവാദം നടത്തുന്നതും ഒന്നല്ല എന്ന വസ്തുത മുസ്ലിം സമൂഹം തിരിച്ചറിയണമായിരുന്നു. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (5-6)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജിനു ശേഷം പുതിയൊരു ജീവിതം
സുബൈര്‍ കുന്ദമംഗലം