Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 09

3113

1440 ദുല്‍ഹജ്ജ് 07

കരട് ദേശീയ വിദ്യാഭ്യാസ നയത്തിലെ രാഷ്ട്രീയ പ്രേരണകള്‍

സാലിഹ് കോട്ടപ്പള്ളി

2014-ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അടിസ്ഥാനപരമായ മാറ്റത്തിന് സംഘ്പരിവാര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആര്‍.എസ്.എസ് ബന്ധമുള്ളവരെ നിയമിക്കുക, പാഠപുസ്തകങ്ങള്‍ കാവിവല്‍ക്കരിക്കുക, വിയോജിപ്പിന്റെ വിദ്യാര്‍ഥി രാഷ്ട്രീയത്തെ നിശ്ശബ്ദമാക്കുക തുടങ്ങിയ ആസൂത്രിതമായ ഇടപെടലുകള്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് നിലവിലുള്ള വിദ്യാഭ്യാസ നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പുനര്‍വിചിന്തനങ്ങളെ വിലയിരുത്തേണ്ടത്. 2015 ജനുവരി മുതല്‍ പുതിയ വിദ്യാഭ്യാസ നയരൂപീകരണത്തിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. 2015 ഒക്‌ടോബറിലാണ് ടി.എസ്.ആര്‍ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ കമ്മിറ്റിയെ പുതിയ വിദ്യാഭ്യാസ കരടു രേഖയിലേക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് നിശ്ചയിക്കുന്നത്. 2016 ഏപ്രില്‍ മുപ്പതിന് പ്രസ്തുത കമ്മിറ്റി മാനവ വിഭവശേഷി വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അതിനെ സര്‍ക്കാര്‍ മുഖവിലക്കെടുത്തില്ല. പകരം പുതിയ വിദ്യാഭ്യാസ നയത്തിന് മുന്നോടിയായി ചില നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു. ഈ നിര്‍ദേശങ്ങളുടെ മേല്‍ പൊതുജനാഭിപ്രായം തേടിയെങ്കിലും വ്യത്യസ്ത കോണുകളില്‍നിന്നുള്ള സമ്മര്‍ദം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ പുതിയൊരു കമ്മിറ്റിയെ നിശ്ചയിക്കാന്‍ തീരുമാനിച്ചു. അതിനെത്തുടര്‍ന്നാണ് 2017 ഡിസംബര്‍ 27-ന് ഡോ. കെ. കസ്തൂരിരംഗന്‍ നേതൃത്വം നല്‍കുന്ന എട്ടംഗ സംഘത്തെ റിപ്പോര്‍ട്ട് തയാറാക്കാന്‍ നിയമിക്കുന്നത്. 2018 ഡിസംബര്‍ 15-ന് ഈ കമ്മിറ്റി സര്‍ക്കാരിനു മുന്നില്‍ കരടു രേഖ സമര്‍പ്പിച്ചു. ലോക്‌സഭാ ഇലക്ഷനെ തുടര്‍ന്ന് 2019 മെയ് 31-ന് എന്‍.ഡി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയ സമയത്താണ് ഈ റിപ്പോര്‍ട്ട് പൊതുസമൂഹത്തിനു മുന്നില്‍ നിര്‍ദേശങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത്. 485 പേജുള്ള ബൃഹത്തായ റിപ്പോര്‍ട്ടിനെക്കുറിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ജൂലൈ 31 വരെയാണ് സമയം അനുവദിച്ചിരുന്നത്. 
ഡോ. കെ. കസ്തൂരിരംഗന്‍ അടക്കമുള്ളവര്‍ കരടു നയം നിഷ്പക്ഷമാണെന്ന് അവകാശപ്പെടുമ്പോഴും സൂക്ഷ്മ വായനയില്‍ റിപ്പോര്‍ട്ട് രാഷ്ട്രീയപ്രേരിതവും ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് വായിച്ചെടുക്കാനാവും. കമ്മിറ്റി സമര്‍പ്പിച്ച രേഖ വിദ്യാഭ്യാസ വ്യവസ്ഥയെ കൂടുതല്‍ കേന്ദ്രീകൃതമാക്കുന്നതും വലതുപക്ഷ രാഷ്ട്രീയ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതുമാണ്. ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്യുന്ന ജനാധിപത്യം, മതേതരത്വം തുടങ്ങിയ മൂല്യങ്ങളെ അവഗണിക്കുക മാത്രമല്ല, ഫെഡറലിസം പോലെയുള്ള ഭരണഘടനാ സംവിധാനത്തെ തകര്‍ക്കുക കൂടി ചെയ്യുന്നതാണ് കരടു രേഖയിലെ പല നിര്‍ദേശങ്ങളും. രാഷ്ട്രീയ ശിക്ഷാ ആയോഗ് (RSA) എന്ന പേരില്‍ പ്രധാനമന്ത്രി അധ്യക്ഷനാകുന്ന ദേശീയ വിദ്യാഭ്യാസ കമീഷന്‍ രൂപീകരിച്ച് രാജ്യത്തെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ അനുബന്ധ സംവിധാനങ്ങളെയും ഒരു കുടക്കു കീഴില്‍ കൊണ്ടുവരാനുള്ള നിര്‍ദേശം ഇത് മുന്നോട്ടു വെക്കുന്നുണ്ട്. നിര്‍ദിഷ്ട കേന്ദ്രീകൃത ബോഡികളായ Rashtreeya Shiksha Ayog (RSA), National Testing Agency (NTA), National Research Foundation (NRF) മുതലായവ ഒരു കമാന്‍ഡിനു കീഴില്‍ കൊണ്ടുവരികയാണ് കരടു വിദ്യാഭ്യാസ രേഖ. ഇന്ത്യന്‍ യൂനിയന്റെ ഫെഡറല്‍ ഘടനക്ക് എതിരാണിത്. ഒരൊറ്റ കമാന്‍ഡിനു കീഴിലുള്ള അത്തരം കേന്ദ്രീകൃത സംഘടനകള്‍ അനിവാര്യമായും ഭരണകക്ഷികളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ഇരയാകും. ഭരണഘടനയുടെ 42- ാം ഭേദഗതി പ്രകാരം വിദ്യാഭ്യാസം സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകളുടെ തുല്യ ഉത്തരവാദിത്തത്തില്‍ വരുന്ന കണ്‍കറന്റ് ലിസ്റ്റില്‍ ആണെന്ന ഭരണഘടനാ മാനദണ്ഡമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്. പഠന-സിലബസ് രൂപീകരിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ എന്‍.സി.ഇ.ആര്‍.ടിയുടെ പാഠപുസ്തകങ്ങളും ഉള്ളടക്കവും പിന്‍പറ്റണമെന്ന നിര്‍ദേശം സിലബസുകളുടെ കേന്ദ്രീകരണത്തിനും അവയുടെ രാഷ്ട്രീയവത്കരണത്തിനും വഴിവെക്കുന്നതാണ്. 
ഇന്ത്യയിലെ വിദ്യാഭ്യാസ രംഗം അഭിമുഖീകരിക്കുന്നത് ലഭ്യത, തുല്യത, ഗുണനിലവാരം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളാണ്. എന്നാല്‍ ഇവയെ പരിഗണിക്കാതെ ഇന്ത്യയുടെ 'പുരാതന വിദ്യാഭ്യാസ പാരമ്പര്യ'ത്തിലേക്ക് മടങ്ങുക എന്നതാണ് റിപ്പോര്‍ട്ട് മുഖ്യ ലക്ഷ്യമാക്കിയിരിക്കുന്നത്. രേഖയിലുടനീളം ഇന്ത്യയുടെ വിദ്യാഭ്യാസ പാരമ്പര്യം ഉറപ്പുവരുത്തുന്നതിനായി പരാമര്‍ശിക്കപ്പെടുന്ന മാതൃക വൈദിക വിദ്യാഭ്യാസ പാരമ്പര്യത്തില്‍ നിന്നുള്ളതാണ്. സവര്‍ണ ജാതികള്‍ക്ക് മാത്രമേ അറിവു നേടാന്‍ അവകാശമുള്ളൂവെന്ന സങ്കല്‍പത്തിലധിഷ്ഠിതമായ ഒരു വിദ്യാഭ്യാസ പാരമ്പര്യമാണ് ദേശീയ നയമായി രൂപപ്പെടുന്നതെങ്കില്‍ രാജ്യത്തിന്റെ വൈവിധ്യത്തെയും ബഹുസ്വരതയെയും അതെത്രത്തോളം പരിക്കേല്‍പ്പിക്കുമെന്ന് ഊഹിക്കാനാകും. തത്ത്വശാസ്ത്രം മുതല്‍ വൈദ്യശാസ്ത്രം വരെയുള്ള വൈജ്ഞാനിക മേഖലകളെ പുരാതന ഇന്ത്യന്‍ അറിവുകളുമായി ബന്ധിപ്പിക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്. പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും ഭാവനകളെ ശാസ്ത്രമായി അവതരിപ്പിക്കുന്ന ഹിന്ദുത്വ ശക്തികളുടെ പ്രചാരണങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഇടംപിടിക്കാന്‍ ഇത് കാരണമാകും. രാഷ്ട്രത്തിന്റെ ഭാഷാ വൈവിധ്യങ്ങളെ പരിഗണിക്കാതെ സംസ്‌കൃതം, ഹിന്ദി ഭാഷകളെ മറ്റു ഭാഷാ സമൂഹങ്ങള്‍ക്കു മേല്‍ രേഖ അടിച്ചേല്‍പ്പിക്കുന്നതായും കാണാം. ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 29(1), 350 എ, 350 ബി എന്നിവ പ്രകാരം വിദ്യാര്‍ഥികള്‍ക്ക് മാതൃഭാഷയും ഇംഗ്ലീഷും, മതപരമോ സാംസ്‌കാരികമോ ആയ മൂന്നാം ഭാഷയും പഠിക്കാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കണം. അഞ്ചോ അതില്‍ കൂടുതലോ കുട്ടികള്‍ ആവശ്യപ്പെടുകയാണെങ്കില്‍ സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും മതപരമോ സാംസ്‌കാരികമോ ആയ പ്രാധാന്യമുള്ള ഭാഷകള്‍ പഠിപ്പിക്കുക എന്ന വ്യവസ്ഥ പാലിക്കേണ്ടതിനു പകരം സംസ്‌കൃതം പോലുള്ള ഭാഷകളുടെ പഠനം മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മേല്‍ അടിച്ചേല്‍പ്പിക്കുന്നത് അപകടകരമാണ്. 
പൊതുവിദ്യാഭ്യാസത്തിന്റെ ആവശ്യകത ഊന്നിപ്പറയുമ്പോഴും അതിന് കടകവിരുദ്ധമായ പ്രായോഗിക നിര്‍ദേശങ്ങളാണ് കരടു രേഖയിലുള്ളത്. സിലബസ്-പാഠപുസ്തകം-മൂല്യനിര്‍ണയം തുടങ്ങിയവക്കുള്ള സ്വകാര്യ കരാറുകള്‍, ഉന്നത വിദ്യാഭ്യാസ രംഗത്തെ കമ്പോളവത്കരണം തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ ലഭ്യതയെ ഇത്തരം നിര്‍ദേശങ്ങള്‍ സാരമായി ബാധിക്കും. പരീക്ഷകളുടെ മൂല്യനിര്‍ണയം NTA  എന്ന ഏജന്‍സിയെ ഏല്‍പിക്കുക വഴി രാജ്യത്തെ പരീക്ഷാ സംവിധാനങ്ങള്‍ കേന്ദ്രീകൃതമാക്കുന്നതോടൊപ്പം, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മൂല്യനിര്‍ണയം നടത്താനുള്ള സാധ്യതകള്‍ തുറന്നുകൊടുക്കുകയുമാണ് ചെയ്യുന്നത്. പ്രാദേശികമായ അവസ്ഥകള്‍ പരിഗണിച്ച് ഓരോ സംസ്ഥാനത്തിനും തങ്ങളുടേതായ മൂല്യനിര്‍ണയ സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള അവകാശമാണ് ഇതുവഴി നിഷേധിക്കപ്പെടുന്നത്. 
ഉന്നത വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാനപരമായ ഘടനാ മാറ്റങ്ങള്‍ കരടു രേഖ നിര്‍ദേശിക്കുന്നുണ്ട്. നിലവിലുള്ള വിദ്യാഭ്യാസ രീതി കാര്യക്ഷമമായി നടപ്പിലാകാന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രീകരണമെന്ന ആശയമാണ് കമ്മിറ്റി മുന്നോട്ടു വെക്കുന്നത്. ഇതിനായി നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഗവേഷണ സര്‍വകലാശാലകള്‍, അധ്യാപക സര്‍വകലാശാലകള്‍, കോളേജുകള്‍ എന്നിങ്ങനെ മൂന്നായി തരംതിരിക്കണമെന്ന് രേഖ നിര്‍ദേശിക്കുന്നുണ്ട്. രാജ്യത്തെ മുഴുവന്‍ സര്‍വകലാശാലകളെയും ഇത്തരത്തില്‍ വര്‍ഗീകരിക്കുന്നത് സൂക്ഷ്മമായ പഠനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷമാകണം. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല എന്ന പേരില്‍ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനും പ്രാദേശികമായ അസന്തുലിതത്വം സൃഷ്ടിക്കുന്നതിനും ഇത്തരം കേന്ദ്രീകരണം കാരണമാകരുത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗവേഷണങ്ങളുടെ ഗുണനിലവാരം അളക്കുന്നതിനും അവക്ക് ഫണ്ട് അനുവദിക്കുന്നതിനും National Research Foundation(NRF) എന്ന സംവിധാനം ഉണ്ടാവണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്. രാജ്യതാല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ രൂപീകരിക്കുന്ന ഈ സംവിധാനം വിമര്‍ശനാത്മക പഠനങ്ങള്‍ക്ക് തടസ്സമായേക്കും. ദേശീയത, ദേശ സുരക്ഷ, പാരമ്പര്യം തുടങ്ങിയ പരികല്‍പനകളുയര്‍ത്തി സ്വതന്ത്ര ഗവേഷണങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന സാഹചര്യവും ഇതുമൂലം സൃഷ്ടിക്കപ്പെട്ടേക്കാം. 
ഉന്നത വിദ്യാഭ്യാസ മേഖല കാര്യക്ഷമമാക്കാന്‍ വിവിധ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച രേഖ ഈ മേഖലയിലെ തുല്യത ഉറപ്പു വരുത്തുന്ന സംവരണം പോലുള്ള വിഷയങ്ങളെ അവഗണിക്കുകയാണ് ചെയ്തിട്ടുള്ളത്. ജസ്റ്റിസ് രംഗനാഥ് മിശ്ര കമീഷന്‍ പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 10 ശതമാനം മുസ്‌ലിംകള്‍ക്കും 5 ശതമാനം മറ്റു ന്യൂനപക്ഷങ്ങള്‍ക്കും ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സംവരണം നല്‍കാനും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി, ഐ.ഐ.എം, കേന്ദ്ര സര്‍വകലാശാലകള്‍, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയിലേക്കും സംവരണം വ്യാപിപ്പിക്കാനും പുതിയ വിദ്യാഭ്യാസ നയത്തിന് കഴിയേണ്ടതുണ്ട്. വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന വിവേചനങ്ങളെ നേരിടാനുള്ള പദ്ധതികളൊന്നും കരടുരേഖ പരാമര്‍ശിക്കുന്നില്ല. മതത്തിന്റെയും ജാതിയുടെയും ലിംഗത്തിന്റെയും പേരില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കെതിരെ നിലനില്‍ക്കുന്ന സ്ഥാപനവല്‍കൃത വിവേചനങ്ങളും അതിക്രമങ്ങളും തടയുന്നതിന് നിയമനിര്‍മാണം നടത്തണമെന്ന ആവശ്യവും റിപ്പോര്‍ട്ട് അവഗണിക്കുന്നു. രോഹിത് വെമുലയുടെ സ്ഥാപനവത്കൃത കൊലപാതകവും നജീബ് അഹ്മദിന്റെ തിരോധാനവുമെല്ലാം ഇത്തരം നിയമനിര്‍മാണത്തിന്റെ അനിവാര്യതയിലേക്കാണ് വിരല്‍ ചൂണ്ടിയത്. ന്യൂനപക്ഷങ്ങള്‍ക്കും പട്ടികജാതി / പട്ടികവര്‍ഗക്കാര്‍ക്കുമെതിരായ അതിക്രമങ്ങള്‍ മനഃപൂര്‍വമുള്ള ക്രിമിനല്‍ കുറ്റങ്ങളായി കണക്കാക്കുന്ന പ്രായോഗിക നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെട്ടതാകണം പുതിയ വിദ്യാഭ്യാസ നയം. വ്യത്യസ്ത ജാതി-മത-ഭാഷാ സംസ്‌കാരങ്ങളെ ഉള്‍ക്കൊള്ളുന്ന, പൊതുവിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്ന, തുല്യതയും ലഭ്യതയും ഗുണമേന്മയും ഒരേപോലെ പരിഗണിക്കുന്ന, വികേന്ദ്രീകൃതമായ ഒരു വിദ്യാഭ്യാസ നയരേഖയിലേക്ക് വികസിപ്പിക്കാന്‍ സമര്‍പ്പിക്കപ്പെട്ട കരടുരേഖയില്‍ അടിമുടി മാറ്റം വരുത്തേണ്ടതുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (5-6)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജിനു ശേഷം പുതിയൊരു ജീവിതം
സുബൈര്‍ കുന്ദമംഗലം