എം.ഐ തങ്ങള്‍ അധികാരത്തോട് അകലം പുലര്‍ത്തിയ രാഷ്ട്രീയ നേതാവ്
കഴിഞ്ഞ ദിവസം അന്തരിച്ച എം.ഐ തങ്ങള്‍ എന്റെ അടുത്ത നാട്ടുകാരനാണ്. അതുകൊണ്ടുതന്നെ ചെറുപ്രായം തൊട്ടേ ഉറ്റ മിത്രവും. അദ്ദേഹത്തിന്റെ പിതാവ് എം. കുഞ്ഞിക്കോയ തങ്ങള്‍ കാരകുന്ന് പഴേടം മദ്‌റസയില്‍ എന്റെ അധ്യാപകനുമായിരുന്നു. എം.ഐ തങ്ങളെ അവസാനമായി കണ്ടത് മൂന്നാഴ്ച മുമ്പ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ്. അന്നു വളരെ ക്ഷീണിതനായിരുന്നു. എന്നിട്ടും പൂര്‍വകാല സ്മരണകള്‍ ഓര്‍ത്തെടുത്ത് തന്റെ കൂടെയുണ്ടായിരുന്നവരോട് പങ്കുവെക്കാന്‍ ആ അവസരം ഉപയോഗിച്ചു.
ഞങ്ങളിരുവരും ഒരേ കാലത്താണ് മലപ്പുറത്തുനിന്ന് പി.പി കമ്മുവിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന 'മാപ്പിള നാടി'ല്‍ ലേഖനങ്ങള്‍ എഴുതിയിരുന്നത്. അദ്ദേഹം തീവ്രമായ ഭാഷയില്‍ സാമുദായിക രാഷ്ട്രീയ ലേഖനങ്ങളാണ് എഴുതിക്കൊണ്ടിരുന്നത്. ഈ ലേഖകന്‍ ഇസ്‌ലാമിക ചരിത്ര ലേഖനങ്ങളും.
ഏറ്റവും കൂടുതല്‍ വേദി പങ്കിട്ടത് ശരീഅത്ത് വിവാദ കാലത്താണ്. പലപ്പോഴും പൊതു വേദികളില്‍ ആശയ സംഘട്ടനങ്ങളിലും ഏര്‍പ്പെടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അതൊന്നും ഉറ്റ സൗഹൃദത്തെ ഉലക്കാന്‍ കാരണമായില്ല. സംവാദങ്ങള്‍ അത്രമേല്‍ സൗഹൃദപരമായിരുന്നു.
ചെറുപ്രായത്തില്‍ നാടു വിട്ടുപോയ എം.ഐ തങ്ങള്‍ സ്വന്തം നിലയില്‍ ഇംഗ്ലീഷ്, ഹിന്ദി, ഉര്‍ദു ഭാഷകളില്‍ പ്രാവീണ്യം നേടി. പരന്ന വായനയിലൂടെ തന്റെ അറിവിന്റെ സാമ്രാജ്യം വികസിപ്പിച്ചെടുത്തു. ഇന്ത്യയിലെ മുസ്‌ലിം ഭരണാധികാരികളുടെ ചരിത്രത്തിലെന്ന പോലെ തന്നെ ബ്രിട്ടീഷ്‌വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രത്തിലും ആഴവും പരപ്പുമുള്ള അറിവ് നേടി.
റഹീം മേച്ചേരിയെപ്പോലെ മുസ്‌ലിം ലീഗിനു വേണ്ടി നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്ന തങ്ങള്‍ മേച്ചേരിയെപ്പോലെ തന്നെ അധികാരത്തില്‍നിന്ന് അകന്നുനില്‍ക്കാന്‍ ജാഗ്രത പുലര്‍ത്തി. ഒരേസമയം സര്‍ സയ്യിദ് അഹ്മദ് ഖാനോടും മുഹമ്മദലി ജിന്നയോടും അനുരാഗാത്മക ബന്ധം പുലര്‍ത്തിയ എം.ഐ തങ്ങള്‍ 'ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയം: ദൗത്യവും ദര്‍ശനവും', 'ആഗോളവല്‍ക്കരണത്തിന്റെ അനന്തരഫലങ്ങള്‍', 'വഹാബി പ്രസ്ഥാനത്തിന്റെ ചരിത്രം' എന്നീ കൃതികളുടെ കര്‍ത്താവാണ്. 'മാപ്പിള നാടി'ലൂടെ പത്രപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന തങ്ങള്‍ ചന്ദ്രികയുടെ പത്രാധിപരായും സേവനമനുഷ്ഠിച്ചു.
സ്റ്റേജുകളിലൂടെയും പേജുകളിലൂടെയും ജമാഅത്തെ ഇസ്‌ലാമിയെയും സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയെയും നിശിതമായി വിമര്‍ശിച്ചുപോന്ന എം.ഐ തങ്ങള്‍ സയ്യിദ് മൗദൂദി മരണപ്പെട്ടപ്പോള്‍ എഴുതിയ അനുസ്മരണം അവ്വിഷയകമായി മലയാളത്തില്‍ എഴുതപ്പെട്ട ഏറ്റവും മികച്ച ലേഖനമാണ്. അസമാനമെന്ന് വിശേഷിപ്പിക്കാവുന്ന ആ ലേഖനത്തില്‍ അദ്ദേഹം സയ്യിദ് മൗദൂദിയെ ഇമാം ഗസാലിക്കു ശേഷം ലോകം കണ്ട ഏറ്റവും വലിയ ഇസ്ലാമിക ചിന്തകനായാണ് പരിചയപ്പെടുത്തിയത്. പടിഞ്ഞാറ് ഉയര്‍ത്തിയ വെല്ലുവിളികളെ ധീരമായും വിജയകരമായും നേരിട്ട് പരാജയപ്പെടുത്തി ഇസ്‌ലാമിന്റെ സാധ്യതയും സാധുതയും തെളിയിച്ചുകാണിച്ച സയ്യിദ് മൗദൂദി ജമാലുദ്ദീന്‍ അഫ്ഗാനിക്കോ അല്ലാമാ ഇഖ്ബാലിനോ മുസ്‌ലിം ലോകം കണ്ട മറ്റു പ്രതിഭകള്‍ക്കോ സാധിക്കാത്തത് നേടിയെടുത്തതായി വ്യക്തമാക്കുന്നു. അബുല്‍ അഅ്‌ലാ മൗദൂദിയെ അര്‍ഹമാംവിധം പരിചയപ്പെടുത്തിയ പ്രസ്തുത ലേഖനം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി.
ലളിതവും ആകര്‍ഷകവുമായ ഭാഷയും ശൈലിയും വശമുണ്ടായിരുന്ന തങ്ങളുടെ വിയോഗത്തോടെ ലീഗിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്ക് സൈദ്ധാന്തികത പകര്‍ന്നു നല്‍കിയിരുന്ന കരുത്തുറ്റ തൂലികാകാരനെയാണ് നഷ്ടമായത്. ഒപ്പം വര്‍ഗീയ ഫാഷിസത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുപോന്ന പ്രഭാഷകനെയും എഴുത്തുകാരനെയും.
അല്ലാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം സംതൃപ്തവും വിജയകരവുമാക്കുമാറാകട്ടെ.
Comments