മാറുന്ന ലോകത്തെ ഇസ്‌ലാമിക ചിന്ത
ജമാഅത്തെ ഇസ്‌ലാമി എന്ന പ്രസ്ഥാനത്തിന്റെ ആശയപ്രചാരണം നിര്‍വഹിക്കുകയാണ് സയ്യിദ് സആദത്തുല്ലാ ഹുസൈനിയുടെ 'മാറുന്ന ലോകവും ഇസ്‌ലാമിക ചിന്തയും' എന്ന ഗ്രന്ഥം. പ്രസ്ഥാന പ്രവര്‍ത്തകരെ ആകര്‍ഷിക്കുന്നതിനും അവരെ ആശയപരമായി ആയുധമണിയിക്കുന്നതിനും വേണ്ടിയാണിത് രചിക്കപ്പെട്ടിട്ടുള്ളത്. ആശയബദ്ധവും പ്രൗഢവുമാണിത്. ശ്രദ്ധേയമായ പന്ത്രണ്ടു അധ്യായങ്ങളിലായി ഗ്രന്ഥം നിബന്ധിതമായിരിക്കുന്നു.
ഗ്രന്ഥാരംഭം തന്നെ സംസ്‌കാരം എന്ന ആശയത്തെ സൂക്ഷ്മമായി പ്രപഞ്ചനം ചെയ്തുകൊണ്ടുള്ളതാണ്. നല്ലതിനെയൊക്കെ സ്വാംശീകരിക്കാനും ഉള്‍ച്ചേര്‍ക്കാനും, ശാശ്വത മൂല്യങ്ങളെ ആധാരമായി നിലനിര്‍ത്തുന്നതോടൊപ്പം തന്നെ പുതിയ പരീക്ഷണങ്ങള്‍ നടത്താനും ഇസ്‌ലാമിക സംസ്‌കൃതി മടിച്ചുനില്‍ക്കുന്നില്ലെന്ന് ഗ്രന്ഥം സമര്‍ഥിക്കുന്നു.
ഉദ്ദേശം ഒന്നര സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഇസ്‌ലാം മദീനയില്‍ നേരിട്ടത് ഒരു ബഹുസ്വര സമൂഹത്തെയായിരുന്നു. വൈവിധ്യങ്ങളുടെ കൂട്ടായ്മക്കാണ് ബഹുസ്വരത എന്നു പറയുന്നത്. വൈവിധ്യം നിര്‍ണയിക്കുന്നതാവട്ടെ വര്‍ണവും വംശവും ഭാഷയും മതവുമൊക്കെയാണ്. സംസ്‌കാരത്തെ രൂപപ്പെടുത്തുന്ന സവിശേഷ ഘടകങ്ങളാണവ. ഇങ്ങനെ രൂപപ്പെടുന്ന സംസ്‌കാരം ബഹുസ്വരതയുടേതായിരിക്കും. സാംസ്‌കാരിക വൈജാത്യങ്ങളെക്കൊണ്ട് സംഘര്‍ഷങ്ങളുണ്ടായെന്നും വരാം. ബഹുദൈവ വിശ്വാസികളും വിഗ്രഹാരാധകരും സാബികളും ക്രൈസ്തവരും ഇസ്‌ലാം വിശ്വാസികളും നിറഞ്ഞ ബഹുവര്‍ണ സമൂഹം- മൊത്തം പതിനായിരത്തിലൊതുങ്ങുന്ന ജനസംഖ്യ. മുഹമ്മദുമായി വിശ്വാസദാര്‍ഢ്യം പുലര്‍ത്തുന്നവര്‍ കേവലം ആയിരത്തിയഞ്ഞൂറ്.
സമൂഹത്തിന്റെ മര്‍മവും അനുവര്‍ത്തിക്കേണ്ട ധര്‍മവുമറിയാവുന്ന പ്രവാചകന്‍ ഒരുനാള്‍ എല്ലാ വിശ്വാസികളെയും ഒരിടത്ത് വിളിച്ചുചേര്‍ത്തു. മുഹമ്മദ് ഒരു അപകടകാരിയാണെന്ന് കേട്ടറിഞ്ഞവരെല്ലാം കരുതിയിരുന്നു. അതിനാല്‍ ഉത്കണ്ഠയും ഉദ്വേഗവും സ്വാഭാവികം. നിശ്ശബ്ദതയണിഞ്ഞ സദസ്സിനെ നോക്കി പ്രവാചകന്‍ സംസാരിച്ചുതുടങ്ങി. വിശ്വാസ സ്വാതന്ത്ര്യം പ്രകാശിപ്പിച്ചുകൊണ്ടുള്ളതായിരുന്നു പ്രവാചക ഭാഷണം.
ഇസ്‌ലാമിക ചിന്തയുടെ വിശേഷതകള്‍ എന്തൊക്കെയെന്ന് വിചാരമതികള്‍ വ്യവഹരിച്ചിട്ടുണ്ട്. ലോകതലത്തില്‍തന്നെ ഇസ്‌ലാം ഇന്നൊരു ചിന്താ പ്രസ്ഥാനമായി രൂപം പ്രാപിച്ചുകഴിഞ്ഞിട്ടുണ്ട്. അതിനാല്‍ ഒരു രാജ്യാന്തരീയ ദാര്‍ശനിക പ്രസ്ഥാനമെന്ന നിലക്ക് പുത്തന്‍ മാറ്റങ്ങളെ സമഗ്രമായി ശ്രദ്ധിക്കാന്‍ ഇസ്‌ലാം ബാധ്യസ്ഥമായിരിക്കുന്നു എന്ന് ഈ ഗ്രന്ഥം സൂചിപ്പിക്കുന്നു.
നമ്മെ -ഇന്ത്യക്കാരെ- താല്‍പര്യപൂര്‍വം ശ്രദ്ധിക്കാന്‍ പ്രേരിപ്പിക്കുന്ന സെക്യുലരിസം, നാഷ്‌നലിസം, ബഹുസ്വരത എന്നീ ശീര്‍ഷകങ്ങള്‍ അതീവ ശ്രദ്ധേയമായി തോന്നി. അനുക്ഷണവികസ്വരമാണ് ചിന്തകളുടെ ലോകമെന്ന് പരാമര്‍ശിച്ചുകൊണ്ട് കാലാനുസൃതമായ നൂതന വീക്ഷണ(ചലം ഢശശെീി)ത്തിന് രൂപം കൊടുക്കാന്‍ ഗ്രന്ഥകാരന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇസ്‌ലാമിക പ്രബോധനത്തെക്കുറിച്ചുള്ള പ്രപഞ്ചനം പ്രസക്തി ഏറെയുള്ളതായി തോന്നി. ഇതൊരു ശ്രദ്ധേയമായ വൈജ്ഞാനിക യജ്ഞമാണ്. അതിനാല്‍ ഇത് പഠനവും പര്യവേക്ഷണവും അനിവാര്യമാക്കുന്നു.
കാലം ചെന്ന പഴഞ്ചന്‍ ചിന്താഗതികളെയും അന്ധവും ഭ്രാന്തവുമായ ആധുനികതയെയും വിശകലനം ചെയ്ത് അവയുമായി വിട്ടുവീഴ്ചയില്ലാതെ വിയോജിക്കുകയാണ് ഗ്രന്ഥകാരന്‍. അതുവഴി ചിന്താപരതയില്‍ ഒരു മധ്യമ മാര്‍ഗം വെട്ടിത്തെളിച്ച് മുന്നോട്ടുപോകാന്‍ ഗ്രന്ഥകാരന്‍ ആഹ്വാനം ചെയ്യുന്നു. സംസ്‌കാരത്തെ സംബന്ധിച്ച് സത്യവേദ വിശ്വാസിയുടെ കാഴ്ചപ്പാട് എന്തെന്ന് വിശദീകരിക്കാന്‍ ഗ്രന്ഥത്തിനു കഴിഞ്ഞിട്ടുണ്ട്. ബഹുമത സമൂഹത്തിലെ മനുഷ്യന്‍ അവലംബിക്കേണ്ട-സ്വീകരിക്കുകയും നിരാകരിക്കുകയും ചെയ്യേണ്ട- നിലപാടുകള്‍ ഏതെന്ന് തെളിച്ചു പറയാനും ഗ്രന്ഥകാരന് സാധിച്ചിട്ടുണ്ട്.
ബഹുസ്വര സമൂഹമായതുകൊണ്ട് സത്യവേദ വിശ്വാസി തന്റെ വിശ്വാസ വീക്ഷണങ്ങളില്‍ ചേതമേതും വരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. തങ്ങള്‍ പരമമായി കരുതി സൂക്ഷിച്ചുപോരുന്ന ഹലാല്‍-ഹറാം പരിധികളില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മദീനയിലെ മഹാ ഭൂരിപക്ഷവുമായി ഏകയോഗ ക്ഷേമത്തോടെ പെരുമാറിയ ഇസ്‌ലാംവിശ്വാസിയുടെ പാരമ്പര്യം പൈതൃകമായി അവകാശപ്പെടാന്‍ കഴിയുന്ന മുസ്‌ലിമിന് അത് അനായാസം സാധിക്കുന്ന കാര്യമാണെന്നും ഗ്രന്ഥകാരന്‍ അനുസ്മരിക്കുന്നു. ഇസ്‌ലാമിന്റെ വരിഷ്ഠമായ മത സംസ്‌കൃതി പരിരക്ഷിക്കാന്‍ പോരുന്ന ഒട്ടേറെ നിര്‍ദേശങ്ങള്‍ ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നുണ്ട്.
മുസ്‌ലിമേതര വിഭാഗങ്ങളുമായി ഖലീഫ ഉമര്‍ ഉണ്ടാക്കിയ കരാറുകളിലെ വചനങ്ങളനുസ്മരിപ്പിച്ചുകൊണ്ട് ഗ്രന്ഥകാരന്‍ ഒരു ബഹുസ്വര സമൂഹത്തിലെ മുസല്‍മാന്റെ കടമകള്‍ ഘോഷിക്കുന്നുണ്ട്. ഏതു മതക്കാര്‍ക്കും തങ്ങളുടെ വിശ്വാസാചാരങ്ങള്‍ക്കൊത്ത് ജീവിക്കാനുള്ള സ്വാതന്ത്ര്യം നിശ്ചയമായും നല്‍കപ്പെട്ടിരിക്കുമെന്ന അഭിവീക്ഷണം എത്ര ഉദാത്തമാണ്!
'ഇസ്‌ലാമിന്റെ പ്രതിനിധാനം' എന്ന സവിശേഷാശയത്തെ വ്യതിരിക്തമായ പ്രാമുഖ്യത്തോടെ ഗ്രന്ഥകാരന്‍ പ്രപഞ്ചനം ചെയ്യുന്നുണ്ട്. ഇസ്‌ലാമിന്റെ പ്രതിനിധാനം പരിരക്ഷിച്ചുകൊണ്ടുതന്നെ ബഹുസ്വര സമൂഹത്തില്‍ സത്യവേദ വിശ്വാസി ജീവിക്കണമെന്നും ഉണര്‍ത്തുന്നു.
എന്നെ ആകര്‍ഷിച്ച മറ്റൊരു വിചാരസ്പന്ദമാണ് ഇസ്‌ലാമിക പ്രബോധനം എന്നത്. വാക്കാലും കര്‍മത്താലുമുള്ള ജീവിത സാക്ഷ്യമാണത്. മനോവാക്കര്‍മങ്ങളെ കൊണ്ട് സത്യവേദ വിശ്വാസികളായി ജീവിക്കണമെന്ന അലംഘ്യമായ ദൗത്യമാണ് ഗ്രന്ഥകാരനിവിടെ സൂചിപ്പിക്കുന്നത്. ഉദ്ദേശം ഒന്നര സഹസ്രാബ്ദങ്ങളുടെ കഥാപഥത്തില്‍ ഇസ്‌ലാമിന്റെ ആശയാദര്‍ശ പ്രചാരണ രംഗത്ത് ശ്രദ്ധേയമായ പല വ്യതിരിക്തതകളും കാണാന്‍ കഴിയും. ജീവിത ശൈലീ പ്രബോധനവും സാമൂഹിക ഇടപെടലുകളിലൂടെയുള്ള പ്രബോധനവും സുപ്രധാനങ്ങളാണ്. പ്രവാചകാനുയായികളുടെ ജീവിതശൈലിയും മുസ്‌ലിം ഭരണാധികാരികളുടെ നീതിബോധവും മുസ്‌ലിം കച്ചവടക്കാരുടെ വിശ്വസ്തതയും ഇസ്‌ലാമിന്റെ പ്രചാരണത്തിന് ഏറെ സഹായകമായിട്ടുണ്ട്. അവയെല്ലാം അനുസ്മരിച്ചുകൊണ്ട്, വാക്കാലുള്ള പ്രബോധനത്തേക്കാള്‍ ശക്തവും സമര്‍ഥവും പ്രയോജനകാരിയും ജീവിതശൈലീ പ്രബോധനമാണെന്ന് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു.
വ്യതിരിക്തതയാണ് ഇന്ത്യയുടെ വ്യക്തിത്വമെന്ന് സൂചിപ്പിക്കാന്‍ ഗ്രന്ഥകാരന്‍ മറക്കുന്നില്ല. ആ വ്യതിരിക്തത കൊണ്ടാണ് ഇന്ത്യയുടെ വ്യക്തിത്വം സര്‍വാതിശായിയായി മാറുന്നത്. അതുകൊണ്ടാണ് പ്രലോഭനങ്ങളേറെയുണ്ടായിട്ടും ഇന്ത്യ അമേരിക്കയുടെ ഉപഗ്രഹമായി മാറാത്തതെന്നും സമര്‍ഥിക്കുന്നു. അതിനു വിനഷ്ടമേതും സംഭവിക്കാതിരിക്കാന്‍ പ്രബുദ്ധതയാര്‍ന്ന പ്രസ്ഥാന പ്രവര്‍ത്തകര്‍ ജാഗ്രത സൂക്ഷിക്കണമെന്ന് ഉദ്‌ബോധിപ്പിക്കുന്നു.
19-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ചിന്തകനായ ജോര്‍ജ് ജേക്കബ് ഹോളിയോക്കാണ് ഒരു സാങ്കേതിക സംജ്ഞയെന്ന നിലക്ക് സെക്യുലര്‍ എന്ന പദം ആദ്യമായി ഉപയോഗിച്ചത്. അന്നത് ദൈവം, പരലോകം, മരണാനന്തര ജീവിതം തുടങ്ങിയവയുടെ നിഷേധമായിരുന്നു. പരീക്ഷണങ്ങളാലും മനുഷ്യബുദ്ധിയാലും സ്ഥാപിച്ചെടുക്കാവുന്ന കാര്യങ്ങള്‍ മാത്രമേ ജീവിതവ്യവഹാരങ്ങള്‍ക്ക് ആധാരമാക്കാന്‍ പാടുള്ളൂ എന്ന് സെക്യുലരിസം വാദിച്ചു. അങ്ങനെയാണ് ആദ്യകാലത്ത് സെക്യുലരിസത്തിന് ദൈവവിരുദ്ധവും മതവിരുദ്ധവുമായ ഒരാശയതലം രൂപപ്പെട്ടത്. ഈ തത്ത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന സമൂഹമാണ് സെക്യുലര്‍ എന്ന് വിളിക്കപ്പെട്ടത്.
200 വര്‍ഷം കഴിഞ്ഞ ഇന്ന് സെക്യുലര്‍ എന്നത് മതവിരുദ്ധതയുടേതല്ല. ഇന്ത്യയിലുള്ളത് ഒരു സെക്യുലര്‍ ഭരണസംവിധാനമാണ്. ഇവിടെ മതവിവേചനത്തിന്റെ പേരില്‍ ഒരു പൗരനും പീഡിപ്പിക്കപ്പെടരുത്. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ഓരോ പൗരന്നും താനിഷ്ടപ്പെടുന്ന വിശ്വാസം സ്വീകരിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും സ്വാതന്ത്ര്യമുണ്ട്. ഇന്ത്യയിലെ പ്രബുദ്ധ പൗരസഞ്ചയം ഫാഷിസ്റ്റ് സര്‍വാധിപത്യത്തെ ആമൂലാഗ്രം പിഴുതെറിയാന്‍ പ്രതിജ്ഞാബദ്ധമാണ്. ആ അര്‍ഥത്തിലുള്ള ജനാധിപത്യ സെക്യുലര്‍ ഇന്ത്യ നിലനിന്നുകാണാനാണ് ജമാഅത്ത് ആഗ്രഹിക്കുന്നത്.
Comments