Prabodhanm Weekly

Pages

Search

2019 ജൂലൈ 12

3109

1440 ദുല്‍ഖഅദ് 08

ഫാറൂഖ് കോളേജ് അഖിലേന്ത്യാ അമീറിന്റെ പ്രഭാഷണവും കെ.പി കമാലുദ്ദീന്റെ വിജയവും

പി.സി ഫൈസല്‍ ബത്തേരി

ബഷീര്‍ തൃപ്പനച്ചി തയാറാക്കിയ പ്രഫ. എം. മൊയ്തീന്‍ കുട്ടി സാഹിബിന്റെ അനുഭവക്കുറിപ്പുകള്‍ വായിച്ചു. ഫാറൂഖ് കോളേജിലെ അദ്ദേഹത്തിന്റെ ആദ്യകാല വിദ്യാര്‍ഥികളിലൊരാളാണ് ഞാന്‍. കെ.പി കമാലുദ്ദീന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന എം.ഐ ഷാനവാസിനെ തോല്‍പ്പിക്കുന്ന കാലത്താണ് ഞങ്ങള്‍ അവിടെ പഠിക്കുന്നത്. കെ.എസ്.യുവിന്റെ സംസ്ഥാന നേതാവായിരുന്ന എം.ഐ ഷാനവാസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരത്തിനിറങ്ങിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി വ്യക്തിപ്രഭാവമുള്ള ശക്തനാകണമെന്ന തീരുമാനത്തില്‍ മറ്റു വിദ്യാര്‍ഥി സംഘടനകള്‍ എത്തിച്ചേര്‍ന്നു. അങ്ങനെയാണ് ഐ.എസ്.എല്ലിനൊപ്പം എം.എസ്.എഫും എസ്.എഫ്.ഐയും കെ.പി കമാലുദ്ദീന്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. ഐ.എസ്.എല്ലിന്റെ ചെയര്‍മാനായിരുന്നു അന്ന് കമാലുദ്ദീന്‍. എം.എ അറബിക് ഫൈനല്‍ വിദ്യാര്‍ഥിയായ അദ്ദേഹം പ്രഭാഷകനും ബുദ്ധിജീവിയും ഭാഷാ പണ്ഡിതനുമെന്ന നിലയില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രസിദ്ധനായിരുന്നു. മൂന്ന് സംഘടനകളും സംയുക്തമായാണ് കെ.പി കമാലുദ്ദീനു വേണ്ടി പ്രചാരണം നടത്തിയത്. എം.ഐ ഷാനവാസിനു വേണ്ടി അന്ന് എം.എം ഹസനൊക്കെ കാമ്പസില്‍ വന്ന് പ്രസംഗിച്ചിരുന്നു.
'ആറാം നൂറ്റാിലെ ദര്‍ശനത്തിന്റെ പ്രതിനിധിയാണോ ഫാറൂഖ് കോളേജിന്റെ ചെയര്‍മാനാകേണ്ടത്' എന്നൊക്കെയാണ് എം.എം ഹസന്‍ അന്ന് പ്രസംഗത്തില്‍ ചോദിച്ചത്. കെ.പി കമാലുദ്ദീന്‍ അന്ന് ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജില്‍ പാര്‍ട്ട് ടൈം അധ്യാപകന്‍ കൂടിയായിരുന്നു. അതടക്കം അന്ന് കെ.എസ്.യു പ്രചാരണായുധമാക്കിയിരുന്നു. പക്ഷേ റിസള്‍ട്ട് വന്നപ്പോള്‍ കെ.പി കമാലുദ്ദീന്‍ വിജയിച്ചു. കാമ്പസിനെ ഇളക്കിമറിച്ച് സംയുക്ത വിദ്യാര്‍ഥി സംഘടന ആഹ്ലാദ പ്രകടനം നടത്തി. ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ പ്രകടനമെത്തിയപ്പോള്‍ പി.ജി വിദ്യാര്‍ഥിനിയായ സ്‌നേഹലത ഹോസ്റ്റലില്‍നിന്ന് ഇറങ്ങിവന്ന് ചെയര്‍മാനെ ഹാരമണിയിച്ചു.  'മതമൗലികവാദ സംഘടന'യുടെ ചെയര്‍മാന് ഒരു ഹിന്ദുപെണ്‍കുട്ടി ഹാരമണിയിച്ച ചരിത്രമൊക്കെ നാല്‍പത് വര്‍ഷങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്.
ഇസ്‌ലാമിക വിദ്യാര്‍ഥി കൂട്ടായ്മയുടെ ഇടപെടലുകള്‍ക്കൊപ്പം മാനേജ്‌മെന്റും ഫാറൂഖ് കോളേജ് കാമ്പസില്‍ ഇസ്‌ലാമികാന്തരീക്ഷം രൂപപ്പെടുത്താന്‍ ശ്രദ്ധിച്ചിരുന്നു. പ്രമുഖ മുസ്‌ലിം നേതാക്കള്‍ കേരളത്തിലെത്തിയാല്‍ അക്കാലത്ത് ഫാറൂഖ് കോളേജും സന്ദര്‍ശിക്കാറുണ്ടായിരുന്നു. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീറായിരുന്ന മൗലാനാ മുഹമ്മദ് യൂസുഫ് കോളേജ് സന്ദര്‍ശിച്ച വേളയില്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും അഭിസംബോധന ചെയ്യാന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ സ്വീകരണ പരിപാടി സംഘടിപ്പിക്കുകയുായി. നല്ല ഒഴുക്കുള്ള ഇംഗ്ലീഷില്‍ മുഹമ്മദ് യൂസുഫ് സാഹിബ് നടത്തിയ പ്രഭാഷണം ഇപ്പോഴും ഓര്‍മയുണ്ട്. പ്രഫ. വി. മുഹമ്മദ് ആയിരുന്നു സ്വാഗതം പറഞ്ഞത്.  പ്രഫ. കെ.എ ജലീല്‍ സാഹിബായിരുന്നു അധ്യക്ഷന്‍. ഡോ. നജാത്തുല്ല സിദ്ദീഖി കോഴിക്കോട്ട് വന്നപ്പോഴും ഫാറൂഖ് കോളേജ് സന്ദര്‍ശിച്ചതും ഓര്‍മയിലുണ്ട്.
ഫാറൂഖ് കോളേജിന്റെ സില്‍വര്‍ ജൂബിലി സമ്മേളനത്തിലെ ടി.കെ അബ്ദുല്ല സാഹിബിന്റെ പ്രഭാഷണമാണ് മറ്റൊരോര്‍മ. ജൂബിലിയുടെ ഭാഗമായ മതസമ്മേളനത്തിലായിരുന്നു ടി.കെയുടെ സംസാരം. അന്ന് കേരള ജമാഅത്തിന്റെ അമീറായിരുന്നു ടി.കെ.  ക്രിസ്തുമതത്തെ പ്രതിനിധീകരിച്ച് കോഴിക്കോട് രൂപതാ ബിഷപ്പായിരുന്ന ഡോ. പത്രോസും ഹിന്ദു പ്രതിനിധിയായി ഒ. രാജഗോപാലുമാണ് പങ്കെടുത്തിരുന്നത്. സ്വാഗത പ്രഭാഷണം പ്രഫ. വി. മുഹമ്മദ് സാഹിബ് തന്നെ. ആ ബഹുസ്വര സദസ്സിന്റെ നിറഞ്ഞ കൈയടി അന്ന് ടി.കെക്ക് ലഭിക്കുകയും ചെയ്തു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (22-25)

ഹദീസ്‌

സമ്പദ്‌സമൃദ്ധിയും ശരീരസൗന്ദര്യവും
കെ.പി ബഷീര്‍ ഈരാറ്റുപേട്ട