പശുപ്പടയുടെ അരുംകൊലകള്‍
മാറിക്കൊണ്ടിരിക്കുന്ന ജനുസ്സില്‍പെട്ട ജീവിയാണ് ഫാഷിസം, ലക്ഷ്യങ്ങള്‍ മാറാത്ത ഉപകരണങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന ജീവിയാണത് എന്ന് എഴുതിയത് എം.എന്‍ വിജയനാണ്. സകല തിന്മകളും ചെയ്തുവെച്ചിട്ട് നെഞ്ചും വിരിച്ച് നിവര്‍ന്ന് നടന്നാല്‍ ആരും തങ്ങളെ സംശയിക്കില്ലെന്ന ബോധ്യമാണ് അവരുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
രാഷ്ട്രപിതാവിനെ കൊന്നിട്ടും തങ്ങളാണ് രാജ്യസ്‌നേഹികള്‍ എന്നും പറഞ്ഞാണ് അവര്‍ നെഞ്ചുംവിരിച്ച് ഉലാത്തുന്നത്. എത്രയെത്ര നിരപരാധികളെയാണവര്‍ കൂട്ടംകൂടി വടിയും വാളും കൊണ്ട് കൊലപ്പെടുത്തിക്കളഞ്ഞത്! എതിര്‍പ്പ് പ്രകടിപ്പിച്ച ചിന്തകന്മാരെയും എഴുത്തുകാരെയുമൊക്കെ അവര്‍ കൊന്നുതള്ളി.
തബ്‌രീസ് അന്‍സാരിയുടെ കൊലപാതകമാണ് ആ കൂട്ടത്തില്‍ ഇതെഴുതുമ്പോള്‍ ഏറ്റവും അവസാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പശുക്കടത്ത് ആരോപിച്ച് നിയമസംവിധാനം കൈയിലെടുക്കുന്ന കൗ മിലീഷ്യയുടെ കഥകളാണ് ലിഞ്ച് ഫയല്‍സ് എന്ന സിയാഉസ്സലാമിന്റെ പുസ്തകം പറയുന്നത്. നടുക്കത്തോടെയല്ലാതെ ഈ പുസ്തകത്തിലൂടെ സഞ്ചരിക്കാനാവില്ല.
അത്രമേല്‍ മലിനമായ നമ്മുടെ നാടിന്റെ സാമൂഹിക പരിസരത്തെ പറ്റിയാണ് പുസ്തകം വിവശമാകുന്നത്.
സാക്ഷരതയുടെ കുറവുകൊണ്ടാണ് അവിടങ്ങളിലൊക്കെ ഇങ്ങനെ ക്രൂരതകള്‍ അരങ്ങേറുന്നതെന്ന് നാം ധരിക്കാറുണ്ട്. എന്നാല്‍ തങ്ങളുടെ പാര്‍ട്ടിയില്‍ എഞ്ചിനീയര്‍മാരും അധ്യാപകരും വിദ്യാര്‍ഥികളും കര്‍ഷകരുമെല്ലാം ഉണ്ടെന്ന് ഭാരതീയ ഗോ രക്ഷാ ദള്‍ (ബി.ജി.ആര്‍.ഡി) സ്ഥാപക നേതാവ് പവന്‍ പണ്ഡിറ്റ് സിയാഉസ്സലാമിനോട് പറയുന്നുണ്ട്. പകല്‍ ജോലിക്ക് പോവുകയും രാത്രി പശുക്കടത്ത് തടയാന്‍ റോഡില്‍ നിലയുറപ്പിക്കുകയും ചെയ്യുമത്രെ. പോലീസിനെ സഹായിക്കുകയാണ് തങ്ങളെന്നാണ് പണ്ഡിറ്റിന്റെ പക്ഷം. സമാന്തരമായ ഭരണവും നിയമവും നടമാടുന്ന നാട് രൂപപ്പെടുന്നതിന്റെ കഥകളാണ് പുസ്തകത്തില്‍. മാംസാഹാരം ഭക്ഷിക്കുന്നവരിലാണ് വയലന്‍സ് ഉണ്ടാകുന്നത് എന്ന് വാദിക്കുന്നവരാണ് തല്ലിച്ചതച്ച്, മണിക്കൂറുകളോളം മര്‍ദിച്ച് കൊലപ്പെടുത്തുന്നത്!
പശുക്കടത്തിന്റെ പേരില്‍ മുസ്‌ലിംകളെയും ദലിതുകളെയുമാണ് കൊലപ്പെടുത്തുന്നതെന്നും പുസ്തകം തെളിവ് നിരത്തുന്നു. പെഹ്‌ലു ഖാനെ കൊലപ്പെടുത്തുകയും ഹിന്ദു ഡ്രൈവറെ വെറുതെ വിടുകയുമാണല്ലോ ചെയ്തത്.
സാമുദായിക കലാപങ്ങളില്‍നിന്ന് ആള്‍ക്കൂട്ടക്കൊലകളിലേക്ക് പ്രവര്‍ത്തന ശൈലി വ്യത്യാസപ്പെടുത്തിയിരിക്കുന്നു ഫാഷിസ്റ്റുകള്‍. കലാപങ്ങളില്‍ രണ്ടു ഭാഗത്തും നാശനഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ആള്‍ക്കൂട്ടക്കൊലകളിലാകട്ടെ ആ സാധ്യതയില്ല. മാത്രമല്ല ഭീതിപ്പെടുത്തുക എന്ന ലക്ഷ്യം സാധിച്ചെടുക്കുകയും ചെയ്യുന്നു. മുഹമ്മദ് അഖ്‌ലാഖിന്റെ കൊലക്കു ശേഷം അവരുടെ കുടുംബം ഒന്നടങ്കം സംസ്ഥാനം തന്നെ മാറി താമസിക്കുകയാണല്ലോ ചെയ്തത്. കൂടെ ചിരിക്കുകയും ആഘോഷങ്ങളില്‍ പങ്കുകൂടുകയും വീട്ടില്‍ വന്ന് ഭക്ഷണം കഴിക്കുകയും വരെ ചെയ്ത അയല്‍ക്കാര്‍ ഒരു ദിവസം രാത്രിവന്ന് തല്ലിയുണര്‍ത്തുന്ന നാട്ടില്‍ എങ്ങനെ അവര്‍ക്ക് സമാധാനത്തോടെ അന്തിയുറങ്ങാനാവും?
അഖ്‌ലാഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രവീണ്‍ സിസോദിയ ജയിലില്‍ ഡെങ്കിപ്പനി മൂലം മരണപ്പെട്ടപ്പോള്‍ ഒരു പട്ടാളക്കാരനെ അയക്കുന്ന പോലെ ദേശീയ പതാക പുതപ്പിച്ചായിരുന്നുവത്രെ അന്ത്യയാത്ര നല്‍കിയത്! ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ജോലി ചെയ്യുന്ന മകനുള്ള മുഹമ്മദ് അഖ്‌ലാഖിനാകട്ടെ കണ്ണും കാതും തകര്‍ന്നും തലയോട്ടി ചതഞ്ഞും ആള്‍ക്കൂട്ടത്തിന്റെ ആക്ഷേപങ്ങള്‍ കേട്ടും ഈ ലോകം വിടാനായിരുന്നു വിധി.
പെഹ്‌ലു ഖാന്‍ വധത്തില്‍ പങ്കുള്ള വിപിന്‍ യാദവിനെ പുതിയ കാലത്തെ ഭഗത് സിംഗ് എന്നാണ് കൗ മിലീഷ്യ സ്തുതിക്കുന്നത്.
പശു എന്നു മുതലാണ് ഒരു 'രാഷ്ട്രീയ മൃഗ'മായി രൂപപ്പെടാന്‍ തുടങ്ങിയതെന്ന് പുസ്തകം ചര്‍ച്ചക്ക് വെക്കുന്നുണ്ട്.
ഒരു ശ്മശാനത്തിലൂടെ പാതിരാനേരത്ത് ഭയന്നുവിറച്ചുള്ള യാത്ര ആലോചിച്ചുനോക്കിയിട്ടുണ്ടോ? ഈ പുസ്തകം ശ്മശാനത്തിലൂടെയുള്ള യാത്രയുടെ ഭീതി ജനിപ്പിക്കും. ആള്‍ക്കൂട്ടങ്ങള്‍ കൊന്നുതള്ളിയ മനുഷ്യരെ മാത്രം അടക്കം ചെയ്ത, ആരും വന്നു നോക്കാനില്ലാത്തവരുടേതാണ് ആ ശ്മശാനം. ആ ശ്മശാനത്തിന് ദിനംപ്രതി വലുപ്പം കൂടിക്കൊണ്ടിരിക്കുകയാണ്, അവിടെ പാര്‍ക്കാന്‍ വരുന്നവരുടെ സംഖ്യ ഏറിവരികയും.
പ്രസാധകര്‍- SAGE വില- 450 രൂപ
Comments