തെറ്റുതിരുത്തി തോറ്റുകൊണ്ടിരിക്കുന്ന സി.പി.എം
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേറ്റ പരാജയം വിലയിരുത്തുന്ന സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് പിന്നീട് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി അംഗീകരിച്ചപ്പോള്‍ അതിന്റെ രത്‌നച്ചുരുക്കം, ഇനിയുമൊരു തെറ്റുതിരുത്തല്‍ പ്രക്രിയ തുടങ്ങണം എന്നതാണ്. തിരുത്തേണ്ട ചില ദൗര്‍ബല്യങ്ങളുണ്ട് എന്നാണ് അവലോകന റിപ്പോര്‍ട്ടിനെക്കുറിച്ച വാര്‍ത്തക്ക് പാര്‍ട്ടി പത്രം നല്‍കിയ തലക്കെട്ടിന്റെ സാരം. ദേശീയ പദവിപോലും ചോദ്യചിഹ്നമായി മാറിയ രാഷ്ട്രീയ പ്രതിസന്ധിയാണ് തെരഞ്ഞെടുപ്പ് ഫലത്തോടെ സി.പി.എം അഭിമുഖീകരിച്ചത്. 2014-ലെ തെരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടി പ്ലീനത്തിലൂടെ രൂപം നല്‍കിയ അടവു നയം ഇപ്പോള്‍ ബംഗാളിന്റെ പതനം കാവി പുതച്ച് സമ്പൂര്‍ണമാക്കുകയേ ചെയ്തുള്ളൂ. സമൂലമായ പരിശോധന ആവശ്യപ്പെടുന്ന പതനമാണിത്. അതുകൊണ്ടാണ് കാരണം കണ്ടെത്തുന്നതിന് മാത്രമല്ല തിരുത്താന്‍ കൂടിയുള്ളതാവണം പരിശോധനകള്‍ എന്ന് കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
മറ്റെന്ത് ദൗര്‍ബല്യമുണ്ടായാലും പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള പ്ലാനിംഗില്‍ മാതൃകയുള്ള പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. കാരണം തോല്‍വിയുടെ ഭാരം താങ്ങാനാവാതെ ഉത്തരവാദിത്തം ഇട്ടേച്ച് ഓടുന്ന രാഹുല്‍ ഗാന്ധിമാരല്ല സി.പി.എമ്മിനെ നയിക്കുന്നത്. പ്രത്യശാസ്ത്രപരമായും ആശയപരമായും ഫാഷിസത്തോട് പൊരുതാന്‍ കെല്‍പുള്ള പാര്‍ട്ടിയെന്ന പ്രതീക്ഷയോടെ ജനം കമ്യൂണിസ്റ്റുകളെ കാണുന്നതും ഈ പ്രത്യേകത കൊണ്ടാണ്. തെറ്റുകള്‍ വൈകിയേ ഏറ്റു പറയാറുള്ളൂ എന്ന് സി.പി.എമ്മിനെക്കുറിച്ച് ആരോപിക്കാറുണ്ട്. എന്നിരുന്നാലും തിരുത്താനുള്ള ആര്‍ജവം ആ പാര്‍ട്ടിയുടെ ഗുണമായി എണ്ണപ്പെടുന്നു. എന്നാല്‍, തിരുത്തും തോറും തിരുത്തപ്പെടാത്ത അഹങ്കാരങ്ങളെ കൈയൊഴിയാനാവുന്നില്ല എന്ന യാഥാര്‍ഥ്യവും നിലനില്‍ക്കുന്നു. പതനം ഗൗരവമുള്ളതാണെന്ന് കേന്ദ്ര കമ്മിറ്റിയുടെ അവലോകന രേഖയില്‍ പറയുമ്പോഴും കേരളത്തിലെ തോല്‍വിയെ ബി.ജെ.പിവിരുദ്ധ തരംഗത്തിന്റെ സ്വാഭാവികതയായിട്ടേ ഭരണ നേതൃത്വം കാണുന്നുള്ളൂ. പാര്‍ട്ടി നേതൃത്വത്തിന് സംഘടനാ ദൗര്‍ബല്യം ഏറ്റു പറയാന്‍ തടസ്സങ്ങളൊന്നുമില്ല. ഭരണ നേതൃത്വത്തിന് അങ്ങനെ ഏറ്റുപറയാന്‍ ചില നിഴല്‍ ശത്രുക്കള്‍ ആവശ്യമാണ്. അങ്ങനെ പാര്‍ട്ടി നേതൃത്വത്തിന്റെയും ഭരണ നേതൃത്വത്തിന്റെയും ഭിന്ന സ്വരങ്ങള്‍ ഇഴുകിച്ചേര്‍ന്നാണ് കേന്ദ്ര കമ്മിറ്റിയുടെ അവലോകനത്തെ മോദി വിരുദ്ധതരംഗ ശ്രേണിയില്‍ ചാര്‍ത്തി സംസ്ഥാന കമ്മിറ്റി തടിയൂരാന്‍ ശ്രമിക്കുന്നത്.
ന്യൂനപക്ഷ ഏകീകരണമെന്ന നിഴല്‍ യുദ്ധം
കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ 'സ്വാധീനം' അളന്ന് വെക്കുന്ന ലേഖനം പാര്‍ട്ടി പത്രം പ്രസിദ്ധീകരിക്കുകയുണ്ടായി. കോണ്‍ഗ്രസ് തിരിച്ചു വരും എന്ന പ്രതീതി സൃഷ്ടിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തില്‍ സി.പി.എമ്മിനെതിരായ കടുത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് പി. രാജീവ് ('സത്യാനന്തര കാലത്തെ പ്രതീതി നിര്‍മാണം' ജൂണ്‍ 27 ദേശാഭിമാനി) ആരോപിക്കുന്നു. ദേശീയ തലത്തില്‍ ബംഗാളില്‍ രണ്ട് സീറ്റില്‍ മാത്രം മത്സരിച്ച് മറ്റെല്ലായിടത്തും ബി.ജെ.പി.ക്കെതിരായ ഐക്യനിര തീര്‍ത്ത വെല്‍ഫെയര്‍ പാര്‍ട്ടി ബംഗാളില്‍ കോണ്‍ഗ്രസിനെതിരെ ഒമ്പത് സീറ്റില്‍ മത്സരിച്ചു തുടങ്ങിയ അസത്യങ്ങളും ലേഖനത്തിലുണ്ട്.
ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ കോണ്‍ഗ്രസിനെതിരായ നിലപാടില്‍ എന്നും പ്രതീതി നിര്‍മാണം നിര്‍വഹിച്ചത് ആരാണ് എന്ന് ചരിത്രമറിയുന്നവര്‍ക്കറിയാം. ആര്‍.എസ്.എസിന്റെ ഓരം ചേര്‍ന്ന് ജനസംഘവും ജനതാ പാര്‍ട്ടിയും ബി.ജെ.പിയും ദേശീയ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുമ്പോള്‍ ബൂര്‍ഷ്വാ കോണ്‍ഗ്രസിനെതിരായ പ്രതീതി നിര്‍മിച്ചു കൊണ്ടിരിക്കുകയായിരുന്നല്ലോ അന്നത്തെ സി.പി.എം. അങ്ങനെ ഒരു സത്യാനന്തര ഭൂതകാലം സ്വന്തമാക്കിയവരാണിവര്‍. കോണ്‍ഗ്രസിനെതിരായ പ്രതീതി നിര്‍മാണമാണ് കാലക്രമേണ ഹിന്ദുത്വഫാഷിസ്റ്റ്‌വല്‍ക്കരണമായി പന്തലിച്ചതെന്ന തിരിച്ചറിവിന് വലിയ വിജ്ഞാനം വേണ്ടതില്ല. ഇപ്പോള്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും വോട്ട് ചോര്‍ന്നു എന്ന ഗൗരവപ്പെട്ട വിവരം കീഴ്ഘടകങ്ങളിലേക്ക് ആത്മപരിശോധനക്ക് നല്‍കിയിട്ടും, വെല്‍ഫെയര്‍ പാര്‍ട്ടിയാണ് പ്രതീതി നിര്‍മാണം നടത്തി സിപി.എമ്മിനെ തോല്‍പിച്ചു കളഞ്ഞത് എന്ന് സമര്‍ഥിക്കേണ്ടി വരുന്നത് കഷ്ടമാണ്. തോല്‍വിയുടെ കാരണം സംസ്ഥാന നേതൃത്വത്തിന്റെ ജാഗ്രതക്കുറവോ പ്രാദേശികമായ നയവൈകല്യമോ അല്ലെന്ന് വരുത്തിതീര്‍ക്കേണ്ടത് ഭരണ നേതൃത്വത്തിന്റെ ആവശ്യമാണ്. അതിന് വേണ്ടി കാല്‍പനികമായ ഒരു സ്വത്വത്തെ പാര്‍ട്ടിയുടെ മുന്നിലിട്ട് കൊടുക്കണം. പാര്‍ട്ടി നേതൃത്വത്തിന് മേല്‍ ഭരണനേതൃത്വം കെട്ടിവെക്കുന്ന ഈ സ്വത്വത്തോടായിരിക്കണം നിഴല്‍ യുദ്ധം. അതാണ് ലേഖനത്തിന്റെ ഉള്ളടക്കം.
കോണ്‍ഗ്രസ്സിനോടുള്ള പ്രതീതി നിര്‍മാണം
മോദി ഭീതിയുടെ പാശ്ചാത്തലത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയോ പിന്നാക്ക ന്യൂനപക്ഷം ഒന്നടങ്കമോ, കേരളത്തിന്റെ മതനിരപേക്ഷ മനസ്സോ ആഗ്രഹിക്കാത്ത ഒന്നായിരുന്നു കോണ്‍ഗ്രസ് വിരുദ്ധ കാമ്പയിന്‍. സി.പി.എമ്മിന് അത് പ്രാദേശികമായ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. എന്നിട്ടും കോണ്‍ഗ്രസ് വിരുദ്ധ പ്രചാരണമല്ല ഇടത് മുന്നണി പോലും ആവിഷ്‌കരിച്ചത്. ഇടതു മുന്നണി സര്‍ക്കാറിന്റെ ചില ഗുണങ്ങള്‍, ശബരിമല പ്രശ്‌നത്തിലെ പാകപ്പിഴവുകള്‍ക്കു മുന്നില്‍ മൂടപ്പെട്ടപ്പോള്‍ സ്വാഭാവികമായും ബി.ജെ.പിവിരുദ്ധ ദേശീയ കാമ്പയിനിന്റെ സ്വരമുള്ള പ്രചാരണം ഇടതു മുന്നണിയും അവരറിയാതെ മുന്നിലിട്ടു. കേരളത്തിലെ സി.പി.എമ്മിനെ സംബന്ധിച്ചേടത്തോളം ഇതൊരു വലിയ വൈരുധ്യമായിരുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരുന്നതാണ് നല്ലതെന്ന പാര്‍ട്ടിയുടെ പൊതുനയവും ബി.ജെ.പി എന്ന വലിയ വിപത്ത് തടയേണ്ടതിനെക്കുറിച്ച കാമ്പയിനും കേരളത്തിന്റെ സാഹചര്യത്തില്‍ അവതരിപ്പിക്കുന്നതില്‍ സി.പി.എമ്മിനാണ് ശരിയായ നിലപാട് ഇല്ലാതെ പോയത്. തമിഴ്‌നാട്ടില്‍ പോലും കോണ്‍ഗ്രസ്സിനൊപ്പം ഒരേ മുന്നണിയില്‍ നില്‍ക്കേണ്ടി വന്ന സാഹചര്യം കൂടി നിലനിര്‍ത്തിയാണ് സി.പി.എം കേരളത്തിലെ തെരഞ്ഞെടുപ്പ് കാമ്പയിന്‍ അജണ്ട സൂക്ഷ്മമായി നിശ്ചയിച്ചത്. കേന്ദ്രത്തില്‍ 'ബി.ജെ.പിയെ നേരിടാന്‍ ഇടതുപക്ഷം' എന്ന് ചുമരെഴുതുകയും തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുകയും ചെയ്യുമ്പോള്‍ മലയാളിയുടെ രാഷ്ട്രീയ ബോധതലത്തില്‍ എന്താണ് പ്രതിഫലിക്കുക? ലളിതമായ ഈ ചോദ്യത്തെ പ്രയോഗിക രാഷ്ട്രീയമായി വ്യാഖ്യാനിക്കുക മാത്രമേ വെല്‍ഫെയര്‍ പാര്‍ട്ടി ചെയ്തിട്ടുള്ളൂ. അത് പ്രതീതി നിര്‍മാണമല്ല, ഇടതുപക്ഷം ഉയര്‍ത്തിവിട്ട യാഥാര്‍ഥ്യ ബോധം കൂടിയാണ്.
സി.പി.എമ്മിന്റെ ദേശീയ പദവി പോലും നിലനിര്‍ത്താനായത് തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഉള്‍പ്പെട്ട യു.പി.എ സഖ്യത്തിന്റെ ഉദാരതയില്‍ കിട്ടിയ രണ്ട് സീറ്റ് കൊണ്ടാണെന്ന വസ്തുത മറച്ചു വെച്ചാണ് കേരളത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടിന്റെ മുതുകത്ത് ചവിട്ടുന്നത്. 420 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിനെ വിസ്മരിച്ച് പാര്‍ലമെന്റില്‍ സ്വന്തം ശേഷി പ്രകടിപ്പിക്കാനാവാത്തവിധം 91 സീറ്റില്‍ മത്സരിച്ച സി.പി.എമ്മിനെ പിന്തുണക്കണമെന്ന് പറയുന്ന രാഷ്ട്രീയ ബോധം സി.പി.എമ്മിന്റെ പാര്‍ട്ടിതല മൗലികവാദം മാത്രമാണ്. അതും കേരളത്തിന്റെ മാത്രം താല്‍പര്യം. ഇത് മറ്റുള്ളവര്‍ ഏറ്റ് പിടിക്കണമെന്ന് പറയുന്നതിലെ യുക്തി മനസ്സിലാവുന്നില്ല. മത്സരിക്കാന്‍ നൂറ് സീറ്റ് തികക്കാനാവാത്ത ഒരു പാര്‍ട്ടി കേരളത്തില്‍ എല്ലാ സീറ്റിലും വിജയിച്ചാല്‍ പോലും പാര്‍ലമെന്റില്‍ നിര്‍ണായക ശക്തിയാവണമെങ്കില്‍ കോണ്‍ഗ്രസ് കരുത്തോടെ തിരിച്ചു വരണം. മറുഭാഗത്ത് കോണ്‍ഗ്രസിന് കേരളത്തിലെ സീറ്റുകള്‍ കൂടി ലഭിക്കുമ്പോഴുള്ള ദേശീയ ശാക്തീകരണം ജനാധിപത്യ വിശ്വാസത്തിന്റെ വലിയ പ്രതീക്ഷയാണ്. ഈ പ്രതീക്ഷയോടൊപ്പം നില്‍ക്കുന്ന സര്‍ഗാത്മക നിലപാട് ആര്‍ക്കും തിരിച്ചറിയാന്‍ കഴിയും. അതെങ്ങനെയാണ് 'പ്രതീതി നിര്‍മാണം' ആകുന്നത്? ജനവിധിയുടെ ബാലപഠത്തെ പരിഹസിക്കലാണത്.
വെല്‍ഫെയര്‍ പാര്‍ട്ടിയും ബംഗാളും
വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലാണ് ദേശീയ തലത്തില്‍ മത്സരിച്ചത്; ജംഗിപ്പൂര്‍, കുച്ച് ബിഹാര്‍. മത്സരം കേന്ദ്രീകരിച്ചത് ജംഗിപ്പൂരിലാണ്. കേരളത്തില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്നവര്‍ ബംഗാളില്‍ കോണ്‍ഗ്രസിനെതിരെ മത്സരിച്ചതിന്റെ വൈരുധ്യമാണ് സി.പി.എം മുഖപത്രം എടുത്തു പറയുന്നത്. 2014-ലെ തെരഞ്ഞെടുപ്പില്‍ ജംഗിപൂരില്‍ ബി.ജെ.പി നാലാം സ്ഥാനത്ത് മാത്രമായിരുന്നു. കോണ്‍ഗ്രസ്സും സി.
പി.എമ്മും മാറി മാറി ജയിച്ചുവന്ന ഈ മണ്ഡലത്തില്‍ ബി.ജെ.പി.ക്ക് ജയസാധ്യത നിലവിലുണ്ടെങ്കില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുമായിരുന്നില്ല. കുച്ച്ബിഹാര്‍ മണ്ഡലമാവട്ടെ തുടര്‍ച്ചയായി ഫോര്‍വേര്‍ഡ് ബ്ലാക്ക് ജയിച്ചു വരുന്ന ഇടമാണ്. കോണ്‍ഗ്രസ് നാലാം സ്ഥാനത്ത് മാത്രം നില്‍ക്കുന്ന മണ്ഡലമാണത്. ഇത്തവണ അവിടെ തൃണമൂല്‍ മുന്നേറുമെന്ന് നേരത്തേ തന്നെ മനസ്സിലാക്കി സി.പി.എം വോട്ടുകള്‍ വ്യാപകമായി ബി.ജെ.പിക്ക് ചോര്‍ന്നു. അതുകൊണ്ടാണ് ചരിത്രത്തിലാദ്യമായി അവിടെ ബി.ജെ.പി ജയിച്ചു കയറിയത്. സി.പി.എമ്മിന്റെ എം.എല്‍.എ പോലും ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയായി മാറിയ അസാധാരണമായ അടിയൊഴുക്കാണ് പാര്‍ട്ടിക്ക് ബംഗാളില്‍ ഇത്തവണ ഉണ്ടായത്. തൃണമൂല്‍ കോണ്‍ഗ്രസ് എന്ന മുഖ്യ ഫാഷിസ്റ്റിനെ തുരത്തണമെന്ന പൊതുനിലപാട് സ്വീകരിച്ച്, ബി.ജെ.പിയോട് മൃദുസമീപനം സ്വീകരിച്ച ബംഗാള്‍ സി.പി.എം 18 ബി.ജെ.പി അംഗങ്ങളെ പാര്‍ലമെന്റിലെത്തിക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. തൃണമൂലിനും ബി.ജെ.പിക്കും മധ്യേ കോണ്‍ഗ്രസുമായി യോജിച്ച് മുന്നോട്ട് പോകാനുള്ള സി.പി.എമ്മിനുള്ളിലെ ആവശ്യം മുന്നില്‍ വെച്ച് അവസാന മണിക്കൂര്‍ വരെയും സഖ്യത്തിന് വേണ്ടി ശ്രമം നടത്തിയിട്ടു് വെല്‍ഫെയര്‍ പാര്‍ട്ടി. മമത ബാനര്‍ജിക്ക് തിരിച്ചടി ഉണ്ടായെങ്കിലും സംസ്ഥാന ഭരണം കൊണ്ട് തന്നെ തൃണമൂല്‍ കോണ്‍ഗ്രസ് 22 സീറ്റില്‍ പിടിച്ചു നിന്നു. കേരളത്തില്‍ അധികാരത്തിലിരുന്ന് സംഘ് പരിവാര്‍ വെച്ച ശബരിമല കെണിയില്‍ വീണു പോയ സി.പി.എം അതിന്റെ പേരില്‍ മാത്രം പാര്‍ട്ടി അനുഭാവികളായ ക്ഷേത്ര വിശ്വാസികളില്‍നിന്ന് അകന്നു പോയതിന്റെ കഥ പാര്‍ട്ടി ഘടകങ്ങള്‍ക്ക് മാത്രമറിയുന്ന രഹസ്യമാണ്. ശബരിമല നയം വരുത്തിയ വിന കാരണം പാര്‍ട്ടി അനുഭാവി കോട്ടയില്‍ തീര്‍ത്ത വിള്ളല്‍ മറച്ചു വെക്കാനാണ് ന്യൂനപക്ഷ ഏകീകരണത്തെ നിഴല്‍ ശത്രുവായി സി.പി.എം മുന്നിലിട്ടിരിക്കുന്നത്.
സമുദായത്തെ അകറ്റികൊണ്ടിരിക്കുന്ന മുസ്‌ലിം നേതാക്കള്‍
കേരളത്തില്‍ ജനസംഖ്യയുടെ 26 ശതമാനം വരുന്ന മുസ്‌ലിംകളിലും, 22 ശതമാനം വരുന്ന ക്രിസ്ത്യാനികളിലും പാര്‍ട്ടിക്ക് ഇനിയും ദുര്‍ബലമായ സ്വാധീനമാണ് എന്ന് കല്‍കത്ത പ്ലീനം ചൂണ്ടികാട്ടിയിരുന്നതാണ്. ന്യൂനപക്ഷപ്രശ്‌നങ്ങളെക്കുറിച്ച് എന്ന ഒരു രേഖ മുന്നില്‍ വെച്ച് സംസ്ഥാനത്ത് പാര്‍ട്ടി ചില പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയത് ഇതനുസരിച്ചാണ്. പക്ഷെ, പാര്‍ട്ടിയിലെ മുസ്‌ലിം നേതാക്കളെ മുന്നില്‍ നിര്‍ത്തിയുള്ള പരിപാടികളില്‍ പലതും മുസ്‌ലിം ജനവിഭാഗത്തെ പാര്‍ട്ടിയില്‍നിന്ന് കൂടുതല്‍ അകറ്റാനിടയാക്കുന്ന വാശിയാണ് ഉല്‍പാദിപ്പിച്ചത്. പാര്‍ട്ടിയില്‍ താന്‍ മതനിരപേക്ഷ വാദിയാണെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി മുസ്‌ലിം സഖാക്കള്‍ (ഉത്തരവാദപ്പെട്ട മന്ത്രിയും എം.എല്‍.എയും ഉള്‍പ്പെടെ) പ്രാദേശികമായും മുകള്‍ തട്ടിലും പാര്‍ട്ടി കാര്‍ക്കശ്യമാണ് പുറത്തെടുത്തത്. വിശ്വാസികളുമായി ഊഷ്മളമായ ബന്ധം ഇവര്‍ക്ക് പുലര്‍ത്താനായില്ല. മന്ത്രി കെ.ടി ജലീലിനെ പോലുള്ളവര്‍ പോലും സമുദായത്തിന്റെ പൊതു പ്ലാറ്റ് ഫോമില്‍ നിന്ന് അകലുകയേ ചെയ്തുള്ളൂ. മന്ത്രിയായാലും ജനപ്രതിനിധിയായാലും എല്ലാ ജനങ്ങളുടെയും പ്രതിനിധിയാണ് തങ്ങളെന്ന ബോധം മുസ്‌ലിം സമുദായത്തിന്റെ കാര്യം വരുമ്പോള്‍ ചില മുസ്‌ലിം ജനപ്രതിനിധികള്‍ക്ക് ഉണ്ടാവുന്നില്ല. മുസ്‌ലിംകളെ പാര്‍ട്ടി ആകര്‍ഷിക്കേണ്ടത് അവരുടെ മതബോധത്തിലധിഷ്ഠിതമായ രാഷ്ട്രീയ / സാംസ്‌കാരിക അസ്തിത്വങ്ങളെ അംഗീകരിച്ചു കൊണ്ടാവണം. ജാഥ നടത്തുേമ്പാള്‍ മുസ്‌ലിം സഖാക്കള്‍ റോഡരികില്‍ മുസല്ല വിരിച്ച് നമസ്‌കരിച്ചാല്‍ മാത്രം പോര. സമുദായത്തിന്റെ മഹല്ല് സംവിധാനത്തിലും മറ്റു സംവിധാനങ്ങളിലും അവരുടെ അസ്തിത്വം കാത്ത് സൂക്ഷിക്കാനുള്ള രാഷ്ട്രീയ സംയമനം പാര്‍ട്ടിയില്‍ നിന്നുണ്ടാവണം.
ശബരിമല വിഷയത്തില്‍ പാര്‍ട്ടി കുടുംബങ്ങളിലെ ആചാരവിധേയത്വത്തെ ഭയപ്പെടുന്ന പാര്‍ട്ടിക്ക് മുസ്‌ലിംകളിലെ വിശ്വാസ മൗലികതയെ ആത്മാര്‍ഥമായി ഉള്‍കൊള്ളാനാവണം. പാര്‍ട്ടിയുടെ പേരില്‍ 'മുസ്‌ലിം' ചേര്‍ക്കാതെ ജന്മമെടുത്തിട്ടും ഇന്ത്യന്‍ നാഷ്‌നല്‍ ലീഗിനോട് കേരള കോണ്‍ഗ്രസുകളോട് പ്രകടിപ്പിച്ച താല്‍പര്യത്തിന്റെ ഒരംശം പോലും കാണിക്കാത്ത അനുഭവം സ്വന്തം മുന്നണിയില്‍ തന്നെയുണ്ട്. എന്നിരുന്നാലും സി.പി.എമ്മിന് മുസ്‌ലിം സമുദായം പിന്തുണ പതിച്ചു നല്‍കുന്ന ഒരു കാലം വരാതിരിക്കില്ല എന്നൊന്നും കരുതേണ്ടതില്ല. സൈദ്ധാന്തിക വരട്ടു വാദം സി.പി.എം കൈയൊഴിയേണ്ടി വരുന്ന കാലമെപ്പോഴാണോ അന്നു മാത്രമേ ആ പ്രതീക്ഷ പുലര്‍ത്താന്‍ അവര്‍ക്ക് ന്യായമുള്ളൂ.
Comments