Prabodhanm Weekly

Pages

Search

2019 ജൂലൈ 12

3109

1440 ദുല്‍ഖഅദ് 08

വെള്ളവംശീയതയുടെ കാലത്ത് അനിവാര്യമായ തിരിച്ചറിവുകള്‍

ശഹീന്‍ കെ. മൊയ്തുണ്ണി

''ക്യാമ്പിലെത്തുന്ന എല്ലാ മുസല്‍മാന്‍മാരും ഒരേ കഥ പങ്കുവെക്കുന്നവരാകും. അല്ലെങ്കില്‍ മിക്കവാറും അവര്‍ക്ക് ഒരു കഥയും പറയാനുണ്ടാകില്ല. അരുവികള്‍ കടലിലേക്ക് ഒഴുകുന്നതുപോലെ അവര്‍ ഒരേപോലെ ഉയരത്തില്‍നിന്ന് താഴേക്ക് ഒഴുകിയെത്തുന്നു. അവരുടെ അടിസ്ഥാനപരമായ കഴിവുകേടുകൊണ്ടോ നിര്‍ഭാഗ്യംകൊണ്ടോ മറ്റെന്തെങ്കിലും വിരസമായ സംഭവങ്ങള്‍ കൊണ്ടോ അവര്‍ ക്യാമ്പുകളിലേക്കെത്തിച്ചേരുന്നു. അതിനെ മറികടക്കാനാകുന്നതിനു മുമ്പേ അത് സംഭവിക്കുന്നു... ആര്‍ക്കും അവരെ ഈ അവസ്ഥയില്‍നിന്നും രക്ഷിക്കാനാവില്ല. അവര്‍ സ്വാഭാവികമായും ഇല്ലാതാകുന്നു. അവരുടെ ജീവിതം ഹ്രസ്വമാണ്. എന്നാല്‍ അവരുടെ എണ്ണം ചെറുതല്ല. ക്യാമ്പിന്റെ പിന്നാമ്പുറങ്ങളില്‍ അവര്‍ മുങ്ങി ഇല്ലാതാകുന്നു. അപരിചിതരായ ആള്‍ക്കൂട്ടങ്ങളാണവര്‍. മനുഷ്യരായി തന്നെ പരിഗണിക്കാനാകാതെ നിശ്ശബ്ദരായി ജോലിചെയ്ത് കടന്നുപോകുന്നവര്‍.... ഇല്ലെന്ന് പറയാവുന്ന തരത്തിലാണ് അവരുടെ അവസ്ഥ. അവരെ ജീവനുള്ളവരെന്നോ മരിച്ചവരെന്നോ വിളിക്കാനാവില്ല. മരണമെന്നതും അവര്‍ക്ക് പേടിയില്ലാത്തതാണ്. കാരണം അതെന്താണെന്നുപോലും അവര്‍ക്ക് മനസ്സിലാക്കാനാകില്ല.''
വര്‍ത്തമാനകാലത്ത് അഭയാര്‍ഥി ക്യാമ്പുകളിലും തടവറകളിലുമായി മുസ്‌ലിംകള്‍ക്കുാകുന്ന അനുഭവങ്ങളാണ് ഈ വാക്കുകളിലുള്ളതെന്ന് ധരിച്ചാല്‍ തെറ്റ് പറയാനാകില്ല. പ്രശസ്ത ഇറ്റാലിയന്‍ എഴുത്തുകാരന്‍ പ്രിമോ ലെവിയുടെ ആത്മകഥാ സ്പര്‍ശിയായ സര്‍വൈവല്‍ ഇന്‍ ഓഷ്‌വിറ്റ്‌സ് (Survival in Auschwitz) എന്ന പുസ്തകത്തില്‍നിന്നുള്ള വരികളാണിത്. താന്‍ അതിജീവിച്ച ഓഷ്‌വിറ്റ്‌സ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ നാസികളില്‍നിന്ന് ജൂതന്മാര്‍ നേരിട്ടിരുന്ന ദുരവസ്ഥയാണ് ലെവി ഈ വാക്കുകളിലൂടെ ചിത്രീകരിക്കുന്നത്. ഇവിടെ 'മുസല്‍മാന്മാര്‍' എന്ന വാക്കുപയോഗിച്ചതുകൊണ്ട് നാസികളുടെ തടവില്‍ മുസ്‌ലിംകളുണ്ടായിരുന്നെന്ന് ധരിക്കേണ്ടതില്ല. കാരണം, ജൂതന്മാര്‍ നാസികളുടെ തടവറകളില്‍ തങ്ങളുടെ അവസ്ഥ സൂചിപ്പിക്കാന്‍ നല്‍കിയ പേരായിരുന്നു മുസല്‍മാന്മാര്‍ എന്നത്. നാസി ക്യാമ്പുകളില്‍ എല്ലാ തരത്തിലും ദുര്‍ബലരായി തങ്ങളുടെ ചുറ്റുപാടുകളെ കുറിച്ച് തന്നെ ബോധമില്ലാതെ കഴിയുന്ന തടവുകാരെ സൂചിപ്പിക്കാനാണ് ഈ വാക്കുപയോഗിച്ചത്. ചുറ്റുമുള്ള എല്ലാ കാര്യങ്ങളില്‍നിന്നും അറുത്തു മാറ്റപ്പെട്ടവരെന്ന അര്‍ഥമാണിതിനുള്ളത്. 
ജൂത മനഃശാസ്ത്രജ്ഞനായ ബ്രൂണോ ബറ്റല്‍ഹെമും ഇതേ അര്‍ഥത്തില്‍ മുസല്‍മാന്മാര്‍ എന്ന വാക്ക് ഉപയോഗിച്ചതു കാണാം. അദ്ദേഹം ഡാക്വ (Dachau) ക്യാമ്പിലായിരുന്നു തടവില്‍ കഴിഞ്ഞിരുന്നത്. ദ ഇന്‍ഫോര്‍മ്ഡ് ഹാര്‍ട്ട് (The Informed Heart) എന്ന പേരിലുള്ള തന്റെ അനുഭവ വിവരണത്തില്‍ അദ്ദേഹം മുസല്‍മാന്മാര്‍ എന്ന വാക്ക് ഉപയോഗിക്കുന്നത് നിലനില്‍പ്പിനായുള്ള അവസാന ശ്രമവും ഉപേക്ഷിച്ച് ചുറ്റുപാടിന് തന്റെ വിധി തീരുമാനിക്കാനുള്ള എല്ലാ അവകാശവും വിട്ടുകൊടുത്തവരെ സൂചിപ്പിക്കാനാണ്. ക്യാമ്പിന്റെ സ്വാധീനങ്ങള്‍ ഇല്ലാതാക്കാന്‍ പോരാടിയാല്‍ മാത്രമേ മുസല്‍മാന്‍ എന്ന അവസ്ഥയില്‍നിന്ന് രക്ഷപ്പെടാനാകൂ എന്നാണ് ബറ്റല്‍ഹെം പറയുന്നത്. അദ്ദേഹം എഴുതുന്നു: ''ഒരു തടവുകാരന്‍ നിലനില്‍ക്കാന്‍ പോരാടുകയോ, തന്റെ ചുറ്റുപാടിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയോ ആണെങ്കില്‍ അവനൊരിക്കലും മുസല്‍മാന്‍ ആവുകയില്ല.''
ഈ അര്‍ഥത്തിലുള്ള മുസല്‍മാന്‍സ് എന്ന പദപ്രയോഗം ഈ രണ്ട് പുസ്തകങ്ങളിലോ എഴുത്തുകളിലോ ഒതുങ്ങുന്നതല്ല. അക്കാലത്തെ അനുഭവവിവരണങ്ങളിലും സംഭവവിശകലനങ്ങളിലുമെല്ലാം ഇത് കാണാം. സമകാലിക തത്ത്വചിന്തകരായ ജോര്‍ജിയോ അകമ്പന്‍, ഗില്‍ അനിജാര്‍ (Gil Anidjar) എന്നിവര്‍ വരെ ഇത്തരമൊരവസ്ഥയെ സൈദ്ധാന്തികമായി സൂചിപ്പിക്കാനും ചിത്രീകരിക്കാനും ഇതേ വാക്ക് ഉപയോഗിക്കുന്നുണ്ട്. നാസികളും അവരുടെ ഇരകളും ഒരുപോലെ ഇരകളുടെ പതിതാവസ്ഥയെ സൂചിപ്പിക്കാന്‍ മുസല്‍മാന്‍ എന്ന് ഉപയോഗിച്ചതിലെ ഇസ്‌ലാമോഫോബിയ ചര്‍ച്ച ചെയ്യേണ്ടതാണ്. പക്ഷേ, അതല്ല ഇപ്പോഴിവിടെ ഉന്നയിക്കാന്‍ ശ്രമിക്കുന്നത്. ക്രൈസ്റ്റ്ചര്‍ച്ച് കൂട്ടക്കൊല തുടങ്ങിയവയുടെയും വെള്ളവംശീയതയുടെയും പശ്ചാത്തലത്തില്‍ മുസല്‍മാന്‍സ് എന്ന വാക്പ്രയോഗത്തില്‍ ഉള്ളടങ്ങിയ പ്രതിരോധരാഹിത്യവും കീഴടങ്ങല്‍ മനോഭാവവുമാണ് ഇവിടത്തെ ചര്‍ച്ചാ വിഷയം.
ക്രൈസ്റ്റ്ചര്‍ച്ച് കൂട്ടക്കൊലയുടെ തുടര്‍ച്ചയായി മുസ്‌ലിംകള്‍ ഉണ്ടാക്കിയെടുത്ത വ്യവഹാരങ്ങള്‍ വിശകലനമര്‍ഹിക്കുന്നവയായിരുന്നു. സംഭവശേഷം ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേര്‍ണിന്റെ നടപടികള്‍ വാനോളമുയര്‍ത്തപ്പെട്ടു. ഈ മുഖസ്തുതി അവര്‍ക്കായി പ്രാര്‍ഥനകളര്‍പ്പിക്കുന്നതിലും അവര്‍ ധരിച്ച ഹിജാബി
ന്റെ പേരില്‍ മേനി നടിക്കുന്നതിലും അവരുടെ രൂപങ്ങളെ ആലിംഗനം ചെയ്യുന്നതിലും മുസ്‌ലിംകളേക്കാള്‍ മുസ്‌ലിമാണവര്‍ എന്ന് വാഴ്ത്തുന്നതിലും വരെ എത്തി. ഇപ്പോള്‍ ജസീന്തയെ അല്ലെങ്കില്‍ അവര്‍ നയിക്കുന്ന സര്‍ക്കാറിനെ വെള്ളവംശീയതയുടെയും മേല്‍ക്കോയ്മയുടെയും പ്രതിനിധികളായി അവതരിപ്പിക്കുന്നത് അവര്‍ വ്യക്തിപരമായി പ്രകടിപ്പിച്ച നല്ല രീതികളെയും ഗുണങ്ങളെയും നിരാകരിക്കലല്ല (അവരെ ഡൊണാള്‍ഡ് ട്രംപിന്റെയും നരേന്ദ്ര മോദിയുടെയും ഗണത്തില്‍ എണ്ണുന്നില്ല). അവര്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ-സാമൂഹിക പരിസരത്തില്‍ അവരെ വിലയിരുത്താനുള്ള ശ്രമമാണിത്. അതുമല്ലെങ്കില്‍ പള്ളിയില്‍ കൂട്ടക്കൊല നടത്തിയ ആളെ ഒരു വ്യക്തിയായി കാണുകയും അയാളില്‍ അവിടെയുള്ള വ്യവസ്ഥ ഒരു സ്വാധീനവും ഉണ്ടാക്കിയിട്ടില്ലെന്ന് വാദിക്കുകയും ചെയ്യുന്നത് രാഷ്ട്രീയ അന്ധതയും മുസ്‌ലിം രാഷ്ട്രീയ കര്‍തൃത്വത്തെ ഇല്ലാതാക്കലുമാണ്. കാരണം ഈ കര്‍തൃത്വം നഷ്ടപ്പെടലും ഭാഷയില്ലാതാകലും നേരത്തേ പറഞ്ഞ മുസല്‍മാന്‍ എന്ന അവസ്ഥയിലേക്ക് നമ്മെ എത്തിക്കുന്നു. പ്രകടിപ്പിക്കാനാകാത്ത ദുര്‍ബലാവസ്ഥ, സ്വയം പ്രതിരോധിക്കാനാകാത്ത നിസ്സഹായാവസ്ഥ, ബറ്റല്‍ഹെം പറഞ്ഞതുപോലെ ചുറ്റുപാടിനും പരിസരങ്ങള്‍ക്കും തങ്ങളെ വിധിക്കാനുള്ള അവകാശം പതിച്ചുനല്‍കുന്ന പതിതാവസ്ഥ തുടങ്ങിയവ മനസ്സിലാക്കുമ്പോഴാണ് ന്യൂസിലാന്റ് പ്രശ്‌നത്തില്‍ വെള്ളമേല്‍ക്കോയ്മ (വൈറ്റ് സുപ്രീമസി) നമുക്കു മേല്‍ എന്താണ് ചെയ്തതെന്ന് തിരിച്ചറിയാനാവുക.
ആഗോളതലത്തില്‍ ഭീകരവിരുദ്ധ യുദ്ധമെന്ന പേരില്‍ മുസ്‌ലിംകള്‍ക്കെതിരെ ആരംഭിച്ച പദ്ധതിയില്‍ ഒരു നിര്‍ബന്ധിതാവസ്ഥയുമില്ലാതെ സ്വയംതന്നെ ന്യൂസിലാന്റ് പങ്കാളികളാണ്. അന്വേഷണാത്മക പത്രപ്രവര്‍ത്തകനായ നിക്കി ഹാഗര്‍ തന്റെ 'Other People's Wars: New Zealand in Afghanistan, Iraq and the War on Terror' എന്ന പുസ്തകത്തിലടക്കം ചൂണ്ടിക്കാണിച്ച അഫ്ഗാനിലും മറ്റും സിവിലിയന്മാരെയും കുട്ടികളെയുമെല്ലാം ഇല്ലാതാക്കുന്ന ന്യൂസിലാന്റിന്റെ അതിരുകടന്ന യുദ്ധക്കുറ്റങ്ങള്‍ ഇവിടെ മറക്കപ്പെടുകയാണ്. ഇതിനു പുറമെ, അമേരിക്ക, യു.കെ, കാനഡ, ആസ്‌ത്രേലിയ എന്നിവര്‍ക്കൊപ്പം കുപ്രസിദ്ധമായ അഞ്ചു കണ്ണുകള്‍ (Five Eyes) എന്ന നിയമവിരുദ്ധമായ ചാരസംഘത്തിലും ന്യൂസിലാന്റ് അംഗമാണ്. ഒരു പ്രത്യേക സമുദായത്തെ മാത്രം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ഭീകരതക്കെതിരിലുള്ള ഇവരുടെ അന്ധമായ ചാരനിരീക്ഷണത്തെ വെള്ളമേല്‍ക്കോയ്മയുടെയും വംശീയതയുടെയും ക്രൂരനടപടിയായി കണ്ട് ലോകം മുഴുവന്‍ വിമര്‍ശിച്ചതാണ്. 
ഇനി ന്യൂസിലാന്റില്‍ ജസീന്തയുടെ പാര്‍ട്ടിയുടെ സഖ്യകക്ഷിയായ ന്യൂസിലാന്റ് ഫസ്റ്റ് (New Zealand First) എന്ന സംഘടന പരസ്യമായിത്തന്നെ കുടിയേറ്റവിരുദ്ധരാണ്. ന്യൂസിലാന്റ് ഫസ്റ്റിന്റെ നേതാവും നിലവില്‍ രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയുമായ വിന്‍സ്റ്റണ്‍ പീറ്റര്‍ ഇസ്‌ലാംവിരുദ്ധ പ്രചാരണങ്ങള്‍ക്കും വിദ്വേഷ പ്രഭാഷണങ്ങള്‍ക്കും പേരുകേട്ടയാളുമാണ്. അധീശാധികാരത്തിന്റെ നേതാക്കളായ ട്രംപുമായും മോദിയുമായും ജസീന്തയെ സമീകരിക്കാനാവില്ലെങ്കിലും അവരുടെ സര്‍ക്കാര്‍ എപ്പോഴും വംശീയതയിലേക്കും വെള്ളമേല്‍ക്കോയ്മയിലേക്കും വഴുതിപ്പോകാവുന്ന തരത്തിലാണ് നിലനില്‍ക്കുന്നത്. ഈയൊരു അവസ്ഥ തന്നെയാണ് ക്രൈസ്റ്റ്ചര്‍ച്ച് കൂട്ടക്കൊലയും സാധ്യമാക്കിയത്. ഈയൊരു അര്‍ഥത്തിലുള്ള വെള്ളമേല്‍ക്കോയ്മയെയും വംശീയതയെയും തിരിച്ചറിയാന്‍ നമ്മള്‍ വളരെ സമഗ്രമായ രീതിയിലുള്ള ഒരു ചിന്താ പദ്ധതി തന്നെ വികസിപ്പിക്കേണ്ടതുണ്ട്. ആ ചിന്താപദ്ധതിയിലൂടെ വൈറ്റ് സുപ്രീമസിയെയും വംശീയതയെയും കാണാനാണ് ശ്രമിക്കേണ്ടത്. 
വംശീയത സാമൂഹികാവസ്ഥയുടെയോ ഭരണകൂടത്തിന്റെയോ സ്വാധീനഫലമായി നിലനില്‍ക്കുന്ന ഒന്നല്ലെന്നും വ്യക്തിപരമായ സമീപനങ്ങളുടെ പ്രശ്‌നമാണെന്നുമുള്ള പാശ്ചാത്യന്‍ വാദത്തെ എഡ്വാര്‍ഡോ ബോണില്ലാ സില്‍വ തന്റെ 'Racism Without Racists: Colorblind Racism and the Persistence of Racial Inequality in the United States' എന്ന പുസ്തകത്തില്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്. അമേരിക്കന്‍ സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ടാണ് സില്‍വ ഇതിനെ വിശദീകരിക്കുന്നത്. വ്യക്തികളെന്ന നിലയില്‍ വംശീയതയുടെ പ്രയോഗത്തിലും വംശീയ നിലപാടുകള്‍ സ്വീകരിക്കുന്നതിലും അമേരിക്കയില്‍ വലിയ കുറവ് വന്നിട്ടുണ്ട്. എന്നാല്‍ അവിടെ വംശീയത കുറഞ്ഞെന്നല്ല അതിനര്‍ഥം. വംശീയതയുടെ പ്രയോഗങ്ങള്‍ സാമൂഹികാവസ്ഥയിലും ആധിപത്യ വ്യവസ്ഥയിലും സ്ഥായിയായി സ്ഥാനം പിടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അത് തിരിച്ചറിയാനും വേര്‍തിരിച്ചെടുക്കാനും വലിയ പ്രയാസമാണ്. പലപ്പോഴും ഇരകള്‍ക്ക് തന്നെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാകാത്ത തരത്തില്‍ അത് വ്യവസ്ഥയുടെ ഭാഗമായി അലിഞ്ഞുചേര്‍ന്നിരിക്കും. 
ദേശരാഷ്ട്രങ്ങള്‍ക്കപ്പുറത്ത് ആഗോളതലത്തില്‍ എല്ലാ ഭൂമിശാസ്ത്ര വിഭജനങ്ങള്‍ക്കും മീതെ നിലനില്‍ക്കുന്ന ഒരു അധികാര വ്യവസ്ഥയായാണ് വംശീയതയെ സാമൂഹിക ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ മനസ്സിലാക്കുന്നത്. എല്ലാ അധികാര ഘടനകളെയും ആധിപത്യ വ്യവസ്ഥകളെയും നിയന്ത്രിക്കുന്ന ഒരു വെള്ളമേല്‍ക്കോയ്മ നിലനില്‍ക്കുന്നുണ്ട്. അല്ലെങ്കില്‍ എന്തിനെയും ലോകത്തിന് വെള്ളമേല്‍ക്കോയ്മയുടെ പ്രിസത്തിലൂടെയല്ലാതെ കാണാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ പ്രത്യേകതകളെ മുന്‍നിര്‍ത്തി വംശീയതാവിമര്‍ശമുന്നയിക്കുന്ന ചിന്തകര്‍ അതിന്റെ മൂന്ന് പ്രധാന സ്വഭാവങ്ങളെ എടുത്തുപറയുന്നുണ്ട്:
ഒന്ന്, ആധുനികതക്കൊപ്പമാണ് വംശീയതയുടെ ആശയം ഉയര്‍ന്നുവന്നത്. ആധുനികതയെന്നത് ജന്മനാ വംശീയമാണെന്നാണ് ബാര്‍ണര്‍ ഹെസ്സെയെപോലുള്ള ചിന്തകര്‍ നിരീക്ഷിക്കുന്നത്. പാശ്ചാത്യ സാമ്രാജ്യത്വ വികസനം, ആഗോള മുതലാളിത്ത സാമ്പത്തികക്രമം, അടിമത്തം, അടിമ വ്യാപാരം, ദേശരാഷ്ട്ര നിര്‍മിതി, അറിവുല്‍പാദനം, വര്‍ഗീകരണങ്ങള്‍, പൗരത്വം, മാനുഷിക മൂല്യങ്ങള്‍ തുടങ്ങി ആധുനികത രൂപപ്പെടുത്തിയ ഭരണനിയന്ത്രണത്തിന്റെ എല്ലാ സങ്കേതങ്ങളിലും ഈ ജന്മസിദ്ധമായ വംശീയത കാണാനാകും. 
രണ്ട്, ആഗോളതലത്തില്‍ എല്ലാ ഭൂമിശാസ്ത്ര വിഭജനങ്ങളെയും രൂപപ്പെടുത്തുന്നതില്‍ വംശീയത പ്രധാന പങ്കു വഹിക്കുന്നുണ്ട്. അതായത് പാശ്ചാത്യ അധിനിവേശത്തിനും കോളനിവത്കരണത്തിനും വിധേയമാകാതിരുന്ന ഭൂപ്രദേശങ്ങളില്‍ പോലും കാര്യങ്ങള്‍ നിര്‍ണയിക്കുന്നതില്‍ വംശീയതക്ക് പ്രധാന പങ്കുണ്ടായിരുന്നു. വിവിധ വംശീയ ചിഹ്നങ്ങളും സമവാക്യങ്ങളും വൈവിധ്യമാര്‍ന്ന സാഹചര്യങ്ങളും പ്രാദേശിക സ്വഭാവങ്ങളും നിലനിന്നിരുന്ന മേഖലകളില്‍പോലും വെള്ള മേല്‍ക്കോയ്മയുടെ ശ്രേണീവ്യവസ്ഥ സ്ഥാപിക്കുന്നതില്‍ ആഗോള വംശീയ ഘടന സ്വാധീനം ചെലുത്തിയിരുന്നു. 
മൂന്ന്, വംശീയത മാറിക്കൊണ്ടിരിക്കുകയും പാരമ്പര്യരീതികള്‍ക്ക് തിരിച്ചറിയാനാകാത്ത രീതിയില്‍ പൊതുവായിത്തീരുകയും ചെയ്യുന്നു. ഡേവിഡ് തിയോ ഗോള്‍ഡ്‌ബെര്‍ഗ് തന്റെ The Racial State എന്ന പുസ്തകത്തില്‍ വംശീയതയുടെ ഈ സ്വഭാവം പ്രത്യേകം വിവരിക്കുന്നുണ്ട്. 
വംശീയതയെയും വെള്ള മേല്‍ക്കോയ്മയെയും കുറിച്ചുള്ള ഇത്തരം ബോധങ്ങള്‍ ലോകത്തെയും സംഭവങ്ങളെയും കുറിച്ച് നാമുണ്ടാക്കുന്ന എല്ലാ ധാരണകളിലും വിവരണങ്ങളിലും ആന്തരികമായി പതിഞ്ഞുകിടപ്പുണ്ടെന്നാണ് മനസ്സിലാവുന്നത്. ഇത്തരം ശ്രേണീവ്യവസ്ഥകള്‍ വളരെ നിഷ്പക്ഷവും സാധാരണവുമായാണ് നമുക്ക് തന്നെ അനുഭവപ്പെടുക. അവ സിദ്ധാന്തങ്ങളായും വിവരണങ്ങളായും വായനകളായും നമ്മെ സ്വാധീനിച്ചുകൊണ്ടിരിക്കും. ഉദാഹരണത്തിന്, മാര്‍ക്‌സിസം കാര്യങ്ങളെ സാമ്പത്തികമായ മാനങ്ങളുപയോഗിച്ചാണ് വായിക്കുക. അഥവാ, ഉല്‍പാദനവും അതിലൂടെ വളര്‍ന്നുവരുന്ന വര്‍ഗബോധവുമെല്ലാമാണ് കാര്യങ്ങളെ നിര്‍ണയിക്കുന്നതെന്നാണ് അതിന്റെ സിദ്ധാന്തം. എന്നാല്‍ മാര്‍ക്‌സിസത്തോടുള്ള ശക്തമായ വിയോജിപ്പും വിമര്‍ശനങ്ങളും ഉണ്ടായിരിക്കെത്തന്നെ പല ഇസ്‌ലാമിസ്റ്റുകളും കാര്യങ്ങള്‍ വിലയിരുത്താന്‍ ഇതേ സാമ്പത്തിക-വര്‍ഗസിദ്ധാന്തം ഉപയോഗിക്കുന്നത് കാണാം. അങ്ങനെ ഇസ്‌ലാമിസ്റ്റുകള്‍ അമേരിക്കയുടെ മധ്യപൗരസ്ത്യ മേഖലയിലെ ഇടപെടലുകള്‍ക്ക് പ്രേരണ എണ്ണപ്പണമാണെന്നും ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസം സാമ്പത്തിക കുത്തകകളുടെ നടത്തിപ്പുകാരാണെന്നും മറ്റും വിലയിരുത്തുന്നു. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്നു. അതിനപ്പുറത്തുള്ള സാധ്യതകളെ കുറിച്ച് ആലോചിക്കേണ്ട പരിസരമുണ്ടായിട്ടുപോലും അവരതിന് സന്നദ്ധരാകുന്നുമില്ല. വെള്ള മേല്‍ക്കോയ്മയെ സൂക്ഷ്മമായി മനസ്സിലാക്കുന്നതിലും ഇതേ പരിമിതി അനുഭവിക്കുന്നുണ്ട്. 
മാര്‍ക്‌സിസം വെള്ള മേല്‍ക്കോയ്മയുടെ കേന്ദ്രം മനസ്സിലാക്കുന്നതില്‍ പരാജയമായതുകൊണ്ടുതന്നെ അമേരിക്കയില്‍ മാര്‍ക്‌സിസം വെള്ള വംശീയതയുടെ തന്നെ പ്രയോഗരൂപമാണെന്ന്, അമേരിക്കയിലെ വര്‍ഗം, ലിംഗം, വംശം എന്നിവയെ സൂക്ഷ്മമായി പഠിച്ച ചാള്‍സ് മില്‍സ് ‑'From Class to Race: Essays in White Marxism and Black Radicalism'  എന്ന പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ചാള്‍സ് മില്‍സ് 'ഠവല ഞമരശമഹ ഇീിൃേമര'േ എന്ന പുസ്തകത്തില്‍ ഇക്കാര്യം കൂടുതല്‍ വിശദീകരിക്കുന്നുമുണ്ട്. ഇവിടെ പാരമ്പര്യ സാമൂഹിക ധാരണകളെ നിര്‍ണയിക്കുന്നത് ഹോബ്‌സ്, ജോണ്‍ ലോക്കെ, റൂസോ, കാന്റ് എന്നിവരുടെ സാമൂഹിക-രാഷ്ട്രീയ-ധാര്‍മിക സിദ്ധാന്തങ്ങളാണ്. അവ വംശീയതയെ അഭിമുഖീകരിക്കുന്നില്ലെന്നാണ് മില്‍സ് ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം ചിന്തകര്‍ വെള്ളക്കാരും അല്ലാത്തവരുമായുള്ള ബന്ധങ്ങളെ നിര്‍ണയിക്കുന്ന സാമൂഹിക ധാരണയായി മാത്രമാണ് വംശീയതയെയും മറ്റും കണ്ടത്. അതിനാല്‍ തന്നെ അത് വെള്ളക്കാരെ അവരുടെ ആധിപത്യവും മേല്‍ക്കോയ്മയും നിലനിര്‍ത്താന്‍ സഹായിക്കുകയാണ് ചെയ്തത്. ഇത്തരം ചിന്തകര്‍ വെള്ളക്കാര്‍ എന്ന സവിശേഷാധികാരം (പ്രിവിലേജ്) ഉപയോഗിച്ചാണ് തങ്ങളുടെ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുന്നത്. അതിനാല്‍ അവരുണ്ടാക്കുന്ന ധാര്‍മിക ചിന്തകളിലും അത് സ്വാധീനമുളവാക്കും. അമേരിക്കയില്‍ എല്ലാ 'സാമൂഹിക ധാരണകളു'ടെയും കേന്ദ്രം വംശീയതയാണെന്നാണ് മില്‍സ് പറഞ്ഞുവെക്കുന്നത്. മാര്‍ക്‌സിസ്റ്റ് ചിന്തകളില്‍ ആധിപത്യം പുലര്‍ത്തുന്ന വംശമില്ലായ്മയും വിശ്വാസമില്ലായ്മയും ജാതിയില്ലായ്മയും യഥാര്‍ഥത്തില്‍ സാമൂഹിക ധാരണകളെ തന്നെ രൂപപ്പെടുത്തുന്ന മേല്‍ക്കോയ്മയെ തിരിച്ചറിയാത്തതിനാല്‍ വഴിതെറ്റുകയാണ്. അതും വംശീയതയുടെ ഭാഗമായി മാറുന്നു. നിയമം, രാഷ്ട്രീയം, സാമ്പത്തികം, ശാരീരികം, അതിഭൗതികം തുടങ്ങി എല്ലാ മേഖലകളും നിര്‍ണയിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നതിലൂടെ വെള്ള മേല്‍ക്കോയ്മ ഇവിടെ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥയായി വികസിച്ചിരിക്കുന്നു എന്നാണ് മൊത്തത്തില്‍ മില്‍സ് നിരീക്ഷിക്കുന്നത്. 
വെള്ള മേല്‍ക്കോയ്മയുടെ ധാരണ നമുക്കിടയിലും സ്വാധീനം നേടുന്നതോടെ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അതേ മേല്‍ക്കോയ്മയുടെ വ്യവഹാരങ്ങളില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുക. ഭീകരതക്കെതിരായ യുദ്ധവും വെള്ളവംശീയതയും അഭേദ്യബന്ധമുള്ളതാണെന്നും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും യൂറോപ്യന്‍ സ്വത്വരൂപീകരണത്തിന്റെ അപരരായി സ്ഥാപിച്ചാണ് അത് വികസിക്കുന്നതെന്നും വ്യക്തമാക്കുന്ന ധാരാളം പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ മുസ്‌ലിം/ഇസ്‌ലാമിക ചിന്തകര്‍ ഈ ബന്ധം തുറന്നുകാട്ടുന്നതില്‍ പിന്നിലാണ്. 
അടുത്തകാലത്ത് ബ്രിട്ടനിലെ ആള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് (എ.പി.പി.ജി) ഇസ്‌ലാമോഫോബിയയെ മനസ്സിലാക്കാനുള്ള ഒരു നിര്‍വചനം രൂപപ്പെടുത്തുകയുണ്ടായി. മുസ്‌ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്റെയും (എം.സി.ബി) മുസ്‌ലിം അക്കാദമിസ്റ്റുകളുടെയും സഹകരണത്തോടെ പൂര്‍ത്തിയായ ഈ പഠനം ഇസ്‌ലാമോഫോബിയയെ ഇങ്ങനെയാണ് നിര്‍വചിക്കുന്നത്: മുസ്‌ലിംകളുടെ സ്വത്വം പ്രകാശിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും എതിരെ നിലനില്‍ക്കുന്ന വംശീയതയാണ് ഇസ്‌ലാമോഫോബിയ. വംശീയത എന്ന വാക്ക് ഇവിടെ ഉപയോഗിക്കുന്നതിനോട് ചില മുസ്‌ലിം പണ്ഡിതര്‍ വിയോജിച്ചിട്ടുണ്ട്. ഇവിടെ രസകരമായൊരു കാര്യം വംശീയതയെന്ന വാക്ക് ഇവിടെ ഉപയോഗിക്കുന്നതിനെതിരെ രംഗത്തുവന്ന മറ്റൊരു വിഭാഗം സയണിസ്റ്റുകളും തീവ്രവലതുപക്ഷ വിഭാഗങ്ങളുമായിരുന്നു എന്നതാണ്. മുസ്‌ലിം എന്നത് ഒരു വംശമല്ലെന്നും അതിനാല്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന വിവേചനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും വംശീയതയെന്ന വാക്ക് ഉപയോഗിക്കരുതെന്നുമാണ് അവരും പറയുന്നത്. ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരായ അക്രമങ്ങളെ സമീപിക്കുമ്പോള്‍ ഇടതുപക്ഷത്തിന്റെയും നിലപാട് ഇതിന് സമാനമാണ്. ഇത്തരം എല്ലാ നില
പാടുകളുമുണ്ടാകുന്നത് വംശീയതയെ കുറിച്ചുള്ള അടിസ്ഥാന ബോധ്യത്തിന്റെ പരിമിതിയാലും ഒരു ആധിപത്യ ആശയമെന്നതിനപ്പുറം ഭാഷാ പദമായി മാത്രം വംശമെന്നതിനെ മനസ്സിലാക്കുന്നതിനാലുമാണ്. ഈ സംശയങ്ങള്‍ക്ക് ഇസ്‌ലാമോഫോബിയയെ ഇപ്രകാരം നിര്‍വചിക്കുന്നവരില്‍ പ്രമുഖ ചിന്തകന്‍ സല്‍മാന്‍ സയ്യിദ് തന്റെ ‑'Defining Islamophobia'എന്ന എഴുത്തില്‍ മറുപടി പറയുന്നുണ്ട്. ''മുസ്‌ലിംകള്‍ ഒരു വംശമല്ല. പക്ഷേ അവര്‍ വംശീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ഹിജാബ് ധരിക്കുന്ന സ്ത്രീ. അവള്‍ വിവിധ തരത്തില്‍ വംശീയമായ ഹിംസകള്‍ക്ക് പാത്രമാകുന്നു. ആ സ്ത്രീ എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നതിനപ്പുറത്ത് നോട്ടം കൊണ്ടും വാക്കുകള്‍ കൊണ്ടും ശാരീരികമായും അവള്‍ ആക്രമിക്കപ്പെടുന്നു. ഇതിന് കാരണം വംശം എന്നത് ജീവശാസ്ത്രപരം മാത്രമായൊരു കാര്യമായല്ല ഇവിടെ പ്രവര്‍ത്തിക്കുന്നത്, സംസ്‌കാരികവും സാമൂഹികവുമായ സ്വാധീനങ്ങളും ചേര്‍ന്നാണ് ഇത് പ്രവര്‍ത്തിക്കുന്നത് എന്നതിനാലാണ്. അക്രമണോത്സുകമായ ഒരു ശ്രേണീവ്യവസ്ഥയില്‍ സംസ്‌കാരം, ചരിത്രം, പ്രദേശം എന്നിവയെല്ലാം ഒരാളുടെ ശരീരത്തോടും അസ്തിത്വത്തോടും ചേര്‍ക്കപ്പെടും. ഇതോടെ മുസ്‌ലിംകള്‍ ശാസ്ത്രീയമായി ഒരു പ്രത്യേക വംശമല്ലെങ്കിലും പ്രായോഗികമായി ഒരു പ്രത്യേക വംശമായാണ് അവര്‍ കൈകാര്യം ചെയ്യപ്പെടുന്നത്. മുസ്‌ലിംകള്‍ വ്യത്യസ്ത വംശീയ വിഭാഗങ്ങളില്‍നിന്നുള്ളവരാണെങ്കിലും അവരുടെ പേര്, സാംസ്‌കാരിക അസ്തിത്വം, സ്വഭാവചര്യകള്‍, ആചാരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രത്യേക വംശീയ വിഭാഗമായി കണക്കാക്കിയാണ് അവര്‍ക്കെതിരായ വിഭാഗീയത പ്രവര്‍ത്തിക്കുന്നത്.'' 
ഈ വിഷയത്തില്‍ Islam and Black American എന്ന പുസ്തകത്തില്‍ ഷര്‍മന്‍ ജാക്‌സണ്‍ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന, 'കൊലയേക്കാള്‍ ഗൗരവപ്പെട്ട കുഴപ്പം (ഫിത്‌ന)' എന്ന സങ്കല്‍പത്തോടാണ് ധാര്‍മികമായി വെള്ളവംശീയതയെ ജാക്‌സണ്‍ ചേര്‍ത്തുവെക്കുന്നത്. അഥവാ ഇസ്‌ലാം അടിസ്ഥാനപരമായിതന്നെ മേല്‍ക്കോയ്മകള്‍ക്ക് എതിരാണ്. ഇവിടെ വെള്ളമേല്‍ക്കോയ്മ ഫിത്‌നയുടെയും സ്രഷ്ടാവില്‍ പങ്കുചേര്‍ക്കലിന്റെയും പ്രയോഗമായാണ് വരുന്നത്. ഇവിടെ രണ്ടാം സ്രഷ്ടാവായി ചമയല്‍ (കാര്യങ്ങള്‍ തീരുമാനിക്കാനുള്ള യഥാര്‍ഥ അവകാശം അല്ലാഹുവിനാണ്. അതില്‍ പങ്കുചേര്‍ക്കുന്നു എന്നതിനാലാണ് ജാക്‌സണ്‍ വംശീയതയെ രണ്ടാം സ്രഷ്ടാവ് എന്ന് വിളിക്കുന്നത്) എന്ന പ്രക്രിയയാണ് വംശീയവല്‍ക്കരണത്തിന് അല്ലെങ്കില്‍ ആളുകളെ വിഭജിക്കുന്ന അവസ്ഥക്ക് കാരണമാകുന്നത്. ആന്തരികമായ ആധിപത്യ സ്വഭാവമുള്ളതും സാധാരണ സംഭവമായി ധരിപ്പിക്കുന്ന ചൂഷണ മനഃസ്ഥിതിയുള്ളതുമായ വംശീയതയെന്ന ആഗോള പ്രതിഭാസത്തെ ജാക്‌സണ്‍ ശിര്‍ക്കിനോടാണ് താരതമ്യം ചെയ്യുന്നത്. 
ജാക്‌സന്റെ ചിന്തകളെ കുറച്ചുകൂടി വികസിപ്പിച്ച് സഈദ് മുസ്ത്വഫാ അലി Why Bother with White Supremacists (Racists) എന്ന ലേഖനത്തില്‍ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. വെള്ള മേല്‍ക്കോയ്മയെ ത്വാഗൂത്തിന്റെ വകഭേദമായും മനസ്സിലാക്കാമെന്നാണ് മുസ്ത്വഫാ അലി സൂചിപ്പിക്കുന്നത്. മനുഷ്യന്റെ ജന്മസിദ്ധമായ കര്‍തൃത്വങ്ങളെ സര്‍വാധികാരിയുടെയും ഉടമയുടെയും സ്ഥാനം കൈയടക്കി നിഷേധിക്കുകയാണ് വംശീയത ചെയ്യുന്നത്. അത് ദൈവികത (ഉലൂഹിയ്യത്ത്), സൃഷ്ടികളുടെ സംരക്ഷണം (റുബൂബിയ്യത്ത്) എന്നീ കാര്യങ്ങളില്‍ പങ്കാളിത്തമവകാശപ്പെടുന്ന ത്വാഗൂത്തിന് സമമാണ്. 
മേല്‍പറഞ്ഞ ചിന്തകളും ചര്‍ച്ചകളും ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന കൂട്ടക്കൊലയുമായി ചേര്‍ത്തു വായിക്കുമ്പോള്‍ ഈ സംഭവത്തോടുള്ള മുസ്‌ലിം പ്രതികരണങ്ങള്‍ വെള്ളമേല്‍ക്കോയ്മയെ ശരിയായ രീതിയില്‍ മനസ്സിലാക്കുന്നതിലുള്ള പരാജയമാണെന്നു കാണാം. ഒരു സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥയായി അല്ലെങ്കില്‍ ശിര്‍ക്കിന്റെയും ത്വാഗൂത്തിന്റെയും പ്രയോഗമായി ഇതിനെ മനസ്സിലാക്കാന്‍ സാധിക്കാത്തതാണ് പ്രശ്‌നം. വെടിവെപ്പിന് ശേഷമുണ്ടായ സാഹചര്യങ്ങള്‍ നന്നായി കൈകാര്യം ചെയ്തതിന് ന്യൂസിലാന്റിനെയും അതിന്റെ പ്രധാനമന്ത്രിയെയും അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുകയെന്നതിനപ്പുറത്തേക്ക് അവരെയും അവരും രാഷ്ട്രവും അതുവരെ ഉയര്‍ത്തിപ്പിടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത വെള്ളവംശീയതയും മേല്‍ക്കോയ്മയും നിറഞ്ഞ നിലപാടുകളെയെല്ലാം മറന്ന് ഇസ്‌ലാമിനേക്കാള്‍ വലിയ ഇസ്‌ലാമായി സ്ഥാപിക്കാനാണ് മുസ്‌ലികളില്‍ വലിയൊരു വിഭാഗം ശ്രമിച്ചത്. ഇത്തരം നിലപാടുകളുണ്ടാകുന്നത് ഒരു ആശയമെന്ന നിലയില്‍ വംശീയതയെ മനസ്സിലാക്കുന്നതിലുള്ള പിഴവാണ്. 
ഈ പിഴവിനെ നമുക്ക് ജാക്വസ് ലക്കാന്‍ 'നിരീക്ഷണം' (The Gaze‑) എന്ന സംവര്‍ഗം കൊണ്ട് സൂചിപ്പിച്ച അവസ്ഥയായി മനസ്സിലാക്കാവുന്നതാണ്. ആരോ ഒരാള്‍ നിരീക്ഷിക്കുന്നുണ്ടെന്ന മുന്‍ധാരണയോടെ അതിനനുസരിച്ച് ശരീരത്തെയും ചിന്തയെയുമെല്ലാം രൂപപ്പെടുത്തുന്ന അവസ്ഥയെയാണ് ലക്കാന്‍ 'നിരീക്ഷണം' എന്ന മാനസികാവസ്ഥയായി സൂചിപ്പിക്കുന്നത്. നാസി ക്യാമ്പിലെ 'മുസല്‍മാന്‍സ്' എന്ന പ്രയോഗത്തിലൂടെ സൂചിപ്പിക്കപ്പെട്ട അതേ വിഭാഗത്തിന്റെ അവസ്ഥയിലാണ് ഇന്ന് മുസ്‌ലിംകളെന്ന് ഇവിടെ മനസ്സിലാക്കാനാകും. 
ഈ അവസ്ഥയെ പ്രശസ്തമായ ഈസോപ്പ് കഥയില്‍ ചിത്രീകരിക്കുന്ന ഒരാളുടെയും കുട്ടിയുടെയും കഴുതയുടെയും(The Man, the Boy and the Donkey‑) അവസ്ഥയോട് താരതമ്യം ചെയ്യാവുന്നതാണ്. ആ കഥ ഇങ്ങനെയാണ്: ഒരിക്കല്‍ പ്രായമായ ഒരാളും മകനും കഴുതയുമായി കവലയിലേക്ക് പുറപ്പെട്ടു. മൂന്നു പേരും നടന്നാണ് പോകുന്നത്. അപ്പോള്‍ കുറച്ചാളുകള്‍ പറഞ്ഞു: 'ഇവരെന്ത് പൊട്ടന്മാരാണ്, കഴുതയെ സവാരിക്കുപയോഗിക്കാതെ നടന്നുപോകുന്നു.'
അതു കേട്ട പിതാവ് മകനെ കഴുതപ്പുറത്ത് കയറ്റി യാത്ര തുടര്‍ന്നു. കുറച്ചു മുന്നോട്ടു പോയപ്പോള്‍ മറ്റൊരു ആള്‍ക്കൂട്ടത്തെ കണ്ടു. അവരിലൊരാള്‍ ഉറക്കെ പറഞ്ഞു: 'എന്തൊരു ക്രൂരനായ മകനാണത്. തന്റെ വയസ്സായ പിതാവിനെ നടന്നു ക്ഷീണിക്കാന്‍ വിട്ട് കഴുതപ്പുറത്ത് സവാരി ചെയ്യുന്നു.'
ഇതു കേട്ട പിതാവ് മകനെ കഴുതപ്പുറത്തുനിന്ന് ഇറക്കി. പിതാവ് കഴുതപ്പുറത്തും മകന്‍ കാല്‍നടയായും അവര്‍ യാത്ര തുടര്‍ന്നു. വഴിയില്‍ രണ്ട് സ്ത്രീകള്‍ അവരെ കണ്ടുമുട്ടി. പിതാവിനോടവര്‍ പറഞ്ഞു: 'നിങ്ങള്‍ക്ക് നാണമില്ലേ, ചെറിയ കുട്ടിയെ ഒഴിവാക്കി കഴുതയുടെ പുറത്ത് സവാരി ചെയ്യാന്‍?' 
ഉടനെ പിതാവ് മകനെയും കഴുതപ്പുറത്ത് കയറ്റി രണ്ടാളും ഒന്നിച്ച് കഴുതപ്പുറത്ത് സവാരി തുടങ്ങി. അവരൊരു ചെറിയ അങ്ങാടിയിലെത്തി. അവിടെ കൂടിനിന്നവര്‍ കഴുതയോടുള്ള അനുകമ്പ പ്രകടിപ്പിച്ചു: രണ്ട് വലിയ മനുഷ്യര്‍ ഒരു കഴുതപ്പുറത്തോ?! നിങ്ങള്‍ക്ക് നാണമില്ലേ? 
ഉടനെ രണ്ടു പേരും നിലത്തിറങ്ങി. ഒരു മരത്തടി മുറിച്ച് അതില്‍ കഴുതയുടെ രണ്ട് കാലുകളും ബന്ധിച്ചു. എന്നിട്ട് പിതാവും മകനും കഴുതയെ ചുമന്ന് നടക്കാനാരംഭിച്ചു. അപ്പോഴേക്കും അവര്‍ കവലയുടെ അടുത്തെത്തിയിരുന്നു. അവിടെ ഒരു പാലമുണ്ട്. അത് കടക്കുമ്പോള്‍ കഴുതയുടെ കാലിലെ കെട്ട് അഴിഞ്ഞു. മകനെ കഴുത തൊഴിച്ചു. രണ്ടാളുടെയും പിടിയില്‍നിന്ന് കഴുത പുഴയില്‍ വീണു. പിന്‍ കാലുകള്‍ അപ്പോഴും കെട്ടിയ നിലയിലായതിനാല്‍ കഴുത മുങ്ങിമരിച്ചു. 
ഈ കഥയില്‍ അവസാനം എല്ലാവരുടെയും വാക്കുകള്‍ കേട്ട് സ്വയം തീരുമാനമെടുക്കുന്നതില്‍ പിഴവ് വരുത്തിയ വൃദ്ധന്നും മകന്നും തങ്ങളുടെ കഴുതയെ തന്നെ നഷ്ടമാവുകയാണുണ്ടായത്. ഇതേ അവസ്ഥയാണ് ഇപ്പോള്‍ മുസ്‌ലിംകള്‍ക്കുണ്ടായിക്കൊണ്ടിരിക്കുന്നത്. തങ്ങളെ മനസ്സിലാക്കാന്‍ തങ്ങളുടേതായ മാനദണ്ഡങ്ങളും അറിവും ഇല്ലാതിരിക്കുന്ന അവസ്ഥ. ലോകത്തെ മനസ്സിലാക്കാന്‍ തങ്ങളുടെ സ്വന്തം വ്യവഹാരങ്ങളും വിവരണങ്ങളും ഉള്ളവര്‍ക്ക് മാത്രമേ ലോകത്തെ മാറ്റാനും സാധിക്കൂ. വെള്ളമേല്‍ക്കോയ്മയെ മറികടക്കാന്‍ അതാണ് മുസ്‌ലിംകള്‍ നേടിയെടുക്കേണ്ടത്.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (22-25)

ഹദീസ്‌

സമ്പദ്‌സമൃദ്ധിയും ശരീരസൗന്ദര്യവും
കെ.പി ബഷീര്‍ ഈരാറ്റുപേട്ട