വലേറിയയും ഐലന്‍ കുര്‍ദിയും ശ്വാസംമുട്ടിയത്..
വീട്ടുമുറ്റത്തെ മതിലിനരിക് മുതല്‍,
വാര്‍ഡ്, പഞ്ചായത്ത്,
രാജ്യാതിര്‍ത്തി വരെ
നീണ്ടു പോകുന്ന ചില വരകളുണ്ട്.
ചിലരെ ഇപ്പുറവും ചിലരെ അപ്പുറവും
കൂട്ടിയിടുന്ന വരകള്‍.
ചിലരെ പൂര്‍വ്വികരും
ചിലരെ വരത്തരുമാക്കുന്ന വരകള്‍.
ചിലരെ പൗരനും
ചിലരെ അഭയാര്‍ത്ഥിയുമാക്കുന്ന
ചില നശിച്ച വരകള്‍..
ആ കട്ടി കുറഞ്ഞ വരക്ക് മുകളിലാണ്
അവര്‍ കെട്ടിപ്പിണഞ്ഞു തപ്പിത്തടയുന്നത്..!
കാറ്റിനും, കോളിനും
പൂക്കള്‍ക്കും പുഴകള്‍ക്കും ആ വരകളില്ല.
കാടിനുമില്ല, കാട്ടാറുകള്‍ക്കുമില്ല,
പുല്‍ച്ചാടിക്കും പറവകള്‍ക്കുമില്ല.
ആ വരകള്‍ മാഞ്ഞുപോയ
ഇടങ്ങള്‍ക്ക് വേണ്ടിയാണ്
കമഴ്ന്ന് കിടന്ന് ഐലന്‍ കുര്‍ദിയും,
വലേറിയയും ശ്വാസം മുട്ടിയത്.
ആ വരകള്‍ക്ക് മേലെ നിന്ന്
ഇത് ഞങ്ങളുടേത്,
ഞങ്ങളുടേത് മാത്രമെന്നവര്‍
വീണ്ടും വീണ്ടും ആണയിടുമ്പോള്‍,
കാലം അവര്‍ക്കുമേല്‍
ഒരു വര വരയ്ക്കും,
ഇത്തിരി കട്ടികൂടിയ ഒരു വര..!
Comments