നിരാശപ്പെടുന്നതെന്തിന്!
ജമാഅത്തെ ഇസ്ലാമി ഹിന്ദ് അധ്യക്ഷന് സയ്യിദ് സആദത്തുല്ല ഹുസൈനിയുടെ (2019 ജൂണ് 14) വചനങ്ങള് (മുഖവാക്ക്) ഏറെ ചിന്തനീയമാണ്. നരേന്ദ്ര മോദി വീണ്ടും ഭരണത്തിലെത്തിയ സാഹചര്യത്തില് ന്യൂനപക്ഷങ്ങള്ക്കിടയില് ഒരുതരം നിരാശാ ബോധം പൊതുവിലുണ്ട്. മുസ്ലിം സമുദായത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നവര് ഏറെയാണ്. എന്നാല് ചരിത്രത്തില് ഇതിലും വലിയ പ്രതിസന്ധികളിലൂടെ ഇസ്ലാമിക സമൂഹം കടന്നു പോയിട്ടുണ്ട്. മംഗോളിയന് അധിനിവേശക്കാലത്ത് മുസ്ലിംകള് അനുഭവിച്ചത് ലോകത്ത് ഇന്നുവരെ ഒരു ജനതയും അനുഭവിക്കാത്ത കൊടും പീഡനങ്ങളാണ്. 1206-ല് തുടങ്ങിയ ചെങ്കിസ് ഖാന്റെ പടയോട്ടം ബഗ്ദാദിലും സമര്ഖണ്ഡിലുമൊക്കെ ലക്ഷക്കണക്കിനു മുസ്ലിംകളെയാണ് കൊന്നൊടുക്കിയത്. സ്ത്രീകള് കൂട്ടമായി ബലാത്സംഗം ചെയ്യപ്പെട്ടു. ഗ്രന്ഥശാലകള് ചുട്ടു ചാമ്പലാക്കി. ഇസ്ലാമിക രീതിയില് മൃഗങ്ങളെ അറുക്കുന്നത് നിരോധിച്ചു. പകരം മംഗോളിയന് രീതിയില് അറുത്തത് തിന്നാന് മുസ്ലിംകളെ നിര്ബന്ധിച്ചു. ചേലാകര്മം നിരോധിച്ചു.
താര്ത്താരി സാമ്രാജ്യത്തിനെതിരെ പൊരുതാന് ആര്ക്കുമാകുമായിരുന്നില്ല. അവര്ക്കെതിരെ ആയുധം എടുക്കുന്നത് പോയിട്ട് എഴുന്നേറ്റു നില്ക്കാന് പോലും ആര്ക്കും സാധിക്കുമായിരുന്നില്ല. എല്ലാവിധ ആക്രമണങ്ങള്ക്കും വിധേയമായ മുസ്ലിംകള് രക്ഷക്കു വേണ്ടി അല്ലാഹുവിനോട് മനമുരുകി പ്രാര്ഥിച്ചു. അങ്ങനെ ആരുടെ കരങ്ങള് കൊണ്ടാണോ മുസ്ലിംകള് അക്രമത്തിനിരയായത് അവരുടെ അടുത്ത തലമുറതന്നെ മുസ്ലിംകളുടെ രക്ഷകരായി മാറുന്ന കാഴ്ചയാണ് ചരിത്രത്തില് നാം കണ്ടത്. മുസ്ലിംകള് എല്ലാറ്റിനെയും അതിജീവിച്ചു. ഉദാഹരണങ്ങള് ചരിത്രത്തില് ഇനിയുമുണ്ട്. അതിനാല് മുസ്ലിംകള് ഒരിക്കലും നിരാശക്ക് അടിമപ്പെടേണ്ടതില്ല. അല്ലാഹുവിന്റെ സഹായം പ്രതീക്ഷിച്ചുകൊണ്ട്, ഏതു പ്രതിസന്ധികളെയും തരണം ചെയ്യാന് കഴിവുള്ള ഉത്തമ വിശ്വാസികളായി മുന്നേറിയാല് തീര്ച്ചയായും സ്ഥിതിഗതികള് അവര്ക്ക് അനുകൂലമായി മാറുക തന്നെ ചെയ്യും.
അത് ഇഫ്രീത്ത് അല്ല
ഹദീസ് പഠനത്തില് (ലക്കം 3107) 'വിദൂരതയിലുള്ള ബല്കീസ് രാജ്ഞിയുടെ കൊട്ടാരത്തില്നിന്ന് കണ്ണിമ വെട്ടുന്ന ക്ഷണനേരം കൊണ്ട് ഇഫ്രീത്ത് ജിന്ന് സിംഹാസനം കൊണ്ടുവന്നപ്പോള്.....' എന്ന് എഴുതിയത് ശരിയല്ല. സിംഹാസനം കൊണ്ടുവന്നത് ഇഫ്രീത്ത് അല്ല. സൂറ അന്നംലിലെ 39,40 ആയത്തുകളില് ഇത് വ്യക്തമാണ്: ''ജിന്നുകളിലെ ഒരു മഹാ മല്ലന് (ഇഫ്രീത്ത്) പറഞ്ഞു: 'ഞാനത് അങ്ങയ്ക്ക് കൊണ്ടുവന്നുതരാം. അങ്ങ് ഇരുന്ന ഇരിപ്പില്നിന്ന് എഴുന്നേല്ക്കും മുമ്പെ. സംശയം വേണ്ട; ഞാനതിനു കഴിവുറ്റവനാണ്, വിശ്വസ്തനും'' (27:39). അപ്പോള് വേദവിജ്ഞാനം കൈമുതലായുണ്ടായിരുന്ന ഒരാള് പറഞ്ഞു: ''അങ്ങ് കണ്ണുചിമ്മി തുറക്കും മുമ്പായി ഞാനത് ഇവിടെ എത്തിക്കാം.'' അങ്ങനെ അത് തന്റെ അടുത്ത് കൊണ്ടുവന്ന് സ്ഥാപിച്ചതായി കണ്ടപ്പോള് അദ്ദേഹം പറഞ്ഞു: ''ഇത് എന്റെ നാഥന്റെ അനുഗ്രഹഫലമാണ്. എന്നെ പരീക്ഷിക്കാനാണിത്. ഞാന് നന്ദി കാണിക്കുമോ അതല്ല നന്ദികേട് കാണിക്കുമോയെന്ന് അറിയാന്. നന്ദി കാണിക്കുന്നവര് സ്വന്തം നന്മക്കുവേണ്ടിത്തന്നെയാണ് നന്ദി കാണിക്കുന്നത്. എന്നാല് ആരെങ്കിലും നന്ദികേടു കാണിക്കുന്നുവെങ്കില് സംശയംവേണ്ട; എന്റെ നാഥന് അന്യാശ്രയമില്ലാത്തവനാണ്, അത്യുല്കൃഷ്ടനും'' (27:40).
ഇതില്നിന്ന് മനസ്സിലാകുന്നത് വേദവിജ്ഞാനിയായ ഒരാളാണ് കണ്ണിമ വെട്ടുന്ന ക്ഷണനേരം കൊണ്ട് സിംഹാസനം കൊണ്ടുവന്നത് എന്നാണ്. ഇതിനെ സംബന്ധിച്ച് മൗലാനാ മൗദൂദി എഴുതുന്നു: 'ഇദ്ദേഹം ആരായിരുന്നുവെന്ന് ഖണ്ഡിതമായി അറിയപ്പെട്ടിട്ടില്ല. ഏതു തരത്തിലുള്ള പ്രത്യേക ജ്ഞാനമായിരുന്നു അയാള്ക്കുണ്ടായിരുന്നതെന്നും അറിഞ്ഞുകൂടാ. വേദം എന്നതുകൊണ്ടുദ്ദേശിച്ചിട്ടുള്ളത് ഏതു വേദമാണെന്നും പറയാവതല്ല. ഖുര്ആനിലോ സുന്നത്തിലോ ഈ വക കാര്യങ്ങള് സ്പഷ്ടമാക്കപ്പെട്ടിട്ടില്ല. ഖുര്ആന് വ്യാഖ്യാതാക്കളില് ചിലര് അതൊരു മലക്കായിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട്; ചിലര് മനുഷ്യനായിരുന്നുവെന്നും. അയാളുടെ വ്യക്തിത്വം നിര്ണയിക്കുന്നതിലും അഭിപ്രായാന്തരങ്ങളുണ്ട്. ചില പണ്ഡിതന്മാര് അദ്ദേഹത്തെ ആസഫ് ബിന് ബര്ഖിയാഹ് (Asaf B-Berchiah) എന്നു വിളിച്ചിരിക്കുന്നു. ജൂതകഥകള് പ്രകാരം ഇയാള് വലിയ നേതാവ് (Prince of Men) ആയിരുന്നു. അത് ഹദ്റത്ത് ഖദിര് ആയിരുന്നുവെന്ന് പ്രസ്താവിച്ചവരും ഉണ്ട്. ഇനിയും ചിലര് വേറെ ചില പേരുകളാണ് അദ്ദേഹത്തിനു നല്കിയിട്ടുള്ളത്. അത് സുലൈമാന് (അ) തന്നെയായിരുന്നുവെന്നാണ് ഇമാം റാസി ഉറപ്പിച്ചുപറയുന്നത്. പക്ഷേ, അതിന് സ്വീകാര്യമായ അവലംബമൊന്നുമില്ല. കൂടാതെ റാസിയുടെ വീക്ഷണം ഖുര്ആനിന്റെ സന്ദര്ഭത്തോടും ശൈലിയോടും പൊരുത്തപ്പെടുന്നുമില്ല. ഇപ്രകാരം വേദത്തെ സംബന്ധിച്ചും വ്യാഖ്യാതാക്കള് ഭിന്നാഭിപ്രായങ്ങള് ഉന്നയിച്ചിട്ടുണ്ട്. അത് ലൗഹുല് മഹ്ഫൂളായിരുന്നുവെന്ന് ഒരു കൂട്ടര്. അല്ല ഏതോ വേദപുസ്തകമായിരുന്നുവെന്ന് വേറൊരു കൂട്ടര്. ഇതെല്ലാം കേവലം അനുമാനങ്ങളാണ്. ഇതേപ്രകാരം, വേദത്തില്നിന്ന് അദ്ദേഹത്തിന് ലഭിച്ച ജ്ഞാനത്തെ സംബന്ധിച്ചും വ്യത്യസ്തമായ അനുമാനങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. അതിനൊന്നും തെളിവുകളില്ല. നാമാകട്ടെ, ഖുര്ആനിന്റെ പദങ്ങളില്നിന്ന് വ്യക്തമാകുന്ന അര്ഥം മാത്രം അറിയുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഏതായാലും അയാള് ജിന്നായിരുന്നില്ല. ഒരു മനുഷ്യന്തന്നെ ആയിരുന്നിരിക്കുക വിദൂരവുമല്ല. അയാള്ക്ക് ഏതോ അസാധാരണ ജ്ഞാനമുണ്ടായിരുന്നു. അത് അല്ലാഹുവിന്റെ ഏതോ വേദത്തില്നിന്ന് ആര്ജിച്ചതായിരുന്നു. ജിന്ന് തന്റെ അസ്തിത്വബലംകൊണ്ട്, ഏതാനും മണിക്കൂറുകള്ക്കകം ആ സിംഹാസനം എത്തിച്ചുകൊടുക്കാമെന്ന് വാഗ്ദത്തം ചെയ്തിരുന്നുവല്ലോ. ഇദ്ദേഹം ജ്ഞാനബലത്താല് ഒറ്റനിമിഷംകൊണ്ട് അത് എടുത്തുകൊണ്ടുവന്നു.''
നാസര് കാരക്കാട്
ആദര്ശധീരരായ നേതാക്കള്
ഹാജി സാഹിബിന്റെ പ്രഭാഷണത്തെക്കുറിച്ച മൊയ്തീന് കുട്ടി സാറിന്റെ ഹൃദയസ്പര്ശിയായ വിവരണം വായിച്ച് മനസ്സ് തുടിച്ചു. വിപ്ലവകരമായ ആദര്ശധീരതയാണ് വി.പി മുഹമ്മദലി സാഹിബെന്ന വീരഗാഥ കാഴ്ച വെച്ചത്. ചങ്ങാതിമാരോടൊപ്പം നടന്നു തീര്ഥാടനത്തിനു പോയതും പലരും വഴിയില് യാത്ര പറഞ്ഞതും മറക്കാനാകാത്ത ഓര്മയാണ്. ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല നേതാക്കള് നിശ്ചയദാര്ഢ്യമുള്ളവരും യുക്തിജ്ഞരായ ആദര്ശശാലികളുമാണ്. അവരുടെ പ്രോജ്ജ്വലമായ കര്മസരണിയാണ് പ്രവര്ത്തകര്ക്ക് ആവേശവും പ്രചോദനവും. മര്ഹൂം ഇസ്സുദ്ദീന് മൗലവിയുടെ ഒറ്റ പ്രസംഗത്തിലൂടെയാണ് തിരവട്ടൂര് ഓത്തുപള്ളി മദ്റസയായി രൂപാന്തരപ്പെട്ടതെന്ന് എന്നോട് ഒരു സുന്നീ നേതാവ് പറഞ്ഞിട്ടുണ്ട്. കാല്നടയായി സഞ്ചരിച്ചും വിശപ്പും ദാഹവും സഹിച്ചും പ്രതിയോഗികളോട് പുഞ്ചിരിച്ചും പ്രസ്ഥാനത്തെ നട്ടുവളര്ത്തിയ കര്മഭടന്മാരുടെ ജാഗ്രത ഇന്നുള്ള പ്രവര്ത്തകര്ക്ക് പ്രചോദനമാണ്. എന്നാല് വായനാശീലം പിറകോട്ടടിച്ചത് ഇന്നത്തെ ശാപമാണ്. വരികള്ക്കിടയില് വായിച്ച് വൈജ്ഞാനിക മേഖലകള് കീഴൊതുക്കാന് ശ്രദ്ധയുണ്ടാകണമെന്ന് ഉണര്ത്തട്ടെ.
ശ്രീ തിരുവട്ടൂര്
കുടുംബബന്ധങ്ങള് ശിഥിലീകരിക്കപ്പെടുന്നു
'കുടുംബബന്ധങ്ങള് ശിഥിലീകരിക്കപ്പെടുന്നോ?' എന്ന റഹ്മാന് മധുരക്കുഴിയുടെ കത്ത് വായിച്ചു. കുടുംബങ്ങളും ബന്ധങ്ങളും ശിഥലീകരിക്കപ്പെടുന്നുെന്ന് സംശയലേശമന്യേ പറയാന് സാധിക്കും.
പ്രശ്നം പകര്ച്ചവ്യാധി പിടിപെട്ടതുപോലെ ഗുരുതരവും സങ്കീര്ണവും തന്നെ. എത്രയും പെട്ടെന്ന് പ്രതിവിധി കണ്ടെത്തി നടപ്പിലാക്കേണ്ടതുണ്ട്. പ്രശ്നം സങ്കീര്ണമായതിനാല് ആ മാര്ഗങ്ങളിലേക്ക് എടുത്ത് ചാടാന് മടിച്ച് ഉറക്കം നടിക്കുന്നവരും ഇല്ലാതില്ല. അതുപക്ഷേ ആത്മഹത്യാപരമാണ്. രണ്ട് വാചകങ്ങളില് പറയുന്ന പരിഹാരം അര്ഥഗര്ഭമാണ്; 'തകരുന്ന കുടുംബങ്ങളെ ശൈഥില്യത്തില്നിന്ന് കരകയറ്റാന് കുറുക്കുവഴിയേതുമില്ല. ബന്ധങ്ങള് സുദൃഢമാക്കാന് മൂല്യങ്ങളിലധിഷ്ഠിതമായ ജീവിതശൈലി സ്വായത്തമാക്കുക മാത്രമേ രക്ഷാമാര്ഗമുള്ളൂ.'
ഇംഗ്ലീഷിലെ ഒരു ചൊല്ല് സാന്ദര്ഭികമായി ഓര്ക്കുന്നു: 'If you are not part of the solution, you Part of the problem' -അതായത് പ്രശ്നങ്ങള്ക്ക് പരിഹാരമായിക്കൊണ്ടല്ലാതെയാണ് ഒരുത്തന് ജീവിക്കുന്നതെങ്കില്, അയാള് തന്നെയാണ് പ്രശ്നക്കാരന്. ഒരു നബിവചനത്തിന്റെ ആശയം ഇങ്ങനെ: 'ഒരാള് ഒരു തിന്മ കണ്ടാല് കൈകൊണ്ട് തടയണം. സാധ്യമല്ലായെങ്കില് അതിനെതിരെ ഉറക്കെ മാനിഷാദ പറയണം. അതിനും പ്രയാസമെങ്കില് പ്രസ്തുത തിന്മയെ വെറുത്ത് മാറിനില്ക്കണം.'
പ്രശ്നങ്ങളുടെ മര്മം തൊട്ടറിഞ്ഞ് ചെയ്യാന് പറ്റുന്നേടത്തോളം ആത്മാര്ഥമായി, അല്ലാഹുവിന്റെ അടിയാറുകള്ക്കിടയിലെ പ്രശ്നങ്ങള് തീര്ക്കാന് മുന്നിട്ടിറങ്ങുക. പള്ളിയില് ഭജനമിരിക്കുന്നതിനേക്കാള് പുണ്യമുള്ള കാര്യം. ഇതെഴുതുമ്പോള് ഓര്ത്തുപോകുന്ന തിക്താനുഭവങ്ങളു്. തങ്ങളുമായി അടുത്ത ബന്ധമുള്ള സുഹൃത്തുക്കളിലും കുടുംബങ്ങളിലുമുണ്ടായ പ്രശ്നങ്ങളില് കാര്യമായൊന്നും ചെയ്യാന് മെനക്കെടാതെ മാറിനിന്നത് പ്രശ്നങ്ങള് കൂടുതല് വഷളാവാന് ഇടയാവുകയുായി. വലിയ പ്രയാസങ്ങള് സഹിച്ചും സമയം ചെലവഴിച്ചും കുടുംബ പ്രശ്നങ്ങള് പരിഹരിക്കാന് മുന്നിട്ടിറങ്ങിയേ തീരൂ. പ്രാദേശികമായി പരമാവധിയാളുകളെ പങ്കെടുപ്പിച്ച് ഐക്യവേദി രൂപീകരിച്ചാല് മഹല്ലടിസ്ഥാനത്തില് ഇത്തരം കാര്യങ്ങള് ചെയ്യാന് സാധിക്കും.
സി. ഇബ്റാഹീം കുട്ടി, കൊണ്ടോട്ടി
അറിവിന്റെ ഇസ്ലാം
'ജ്ഞാനാന്വേഷണത്തില് ദൃശ്യപ്പെടുന്ന ഇസ്ലാം' (2019 ജൂണ് 28) ചിന്താപരവും യുക്തിപരവുമായ സമീപനത്തിലൂടെ, കാര്യകാരണ ബന്ധങ്ങളിലൂടെ ഇസ്ലാമിനെ അവതരിപ്പിക്കുന്ന ലേഖനമാണ്. ഖുര്ആന് സൂക്തങ്ങളിലെ അന്തസ്സത്ത പ്രമുഖ പണ്ഡിതന്മാരെയും ശാസ്ത്രജ്ഞന്മാരെയും ഉദ്ധരിച്ചുകൊണ്ട് സമര്ഥിക്കുന്നു. പഠനാര്ഹമായ ഉള്ളടക്കം നമ്മെ ഇരുത്തിച്ചിന്തിപ്പിക്കുന്നു. പ്രപഞ്ച രഹസ്യങ്ങളിലേക്ക് മനുഷ്യന് എത്തിച്ചേരാനുള്ള വാതിലാണ് ഖുര്ആന് പഠനം. അറിവിന്റെ പ്രാധാന്യത്തെപ്പറ്റി ഖുര്ആന് ആവര്ത്തിച്ചാവര്ത്തിച്ച് പ്രതിപാദിക്കുന്നുണ്ട്.
പി.വി മുഹമ്മദ് ഈസ്റ്റ് മലയമ്മ
ടൊറണ്ടോയിലെ ജനസംഖ്യ
വി.പി അഹ്മദ് കുട്ടി എഴുതിയ 'കാനഡയിലെ പെരുന്നാള് ആഘോഷങ്ങള്' (2109 മെയ് 31) എന്ന ലേഖനത്തില് 'ലോകത്തില് ഏറ്റവും കൂടുതല് സംസ്കാര വൈവിധ്യമുള്ള നഗരങ്ങളില് ഒന്നാണ് 27 കോടിയോളം ജനങ്ങള് താമസിക്കുന്ന ടൊറണ്ടോ' എന്ന് എഴുതിയത് ശരിയാണോ? ടൊറണ്ടോയില് 27 കോടി ജനങ്ങള് വസിക്കുന്നു എന്നത് അതിശയോക്തിയായി തോന്നുന്നു.
* * * * *
27 കോടി എന്നെഴുതിയത് തെറ്റാണ്. 29 ലക്ഷമാണ് ടൊറാേണ്ടോ ജനസംഖ്യ.
- പത്രാധിപര്
പി. ഷറഫുദ്ദീന്
Comments