Prabodhanm Weekly

Pages

Search

2019 ജൂലൈ 12

3109

1440 ദുല്‍ഖഅദ് 08

പരിസ്ഥിതിക്ക് കാവലിരിക്കാതെ ഈ ഭൂമിയിലിനി ജീവിക്കാനാകില്ല

ആതിഫ് ഹനീഫ്

മഴ വഴി മാറിപ്പോയ ഒരു വര്‍ഷകാലത്താണ് കാലാവസ്ഥയുടെ പ്രശ്‌നങ്ങളും പരിസ്ഥിതി പരിപാലനത്തിന്റെ അനിവാര്യതയും നാം വിശകലന വിധേയമാക്കുന്നത്. ക്രമാതീതമായി കൂടിയ ചൂടും വരള്‍ച്ചയോളമെത്തിയ ജലക്ഷാമവും നേരിട്ട ഒരു വേനല്‍ക്കാലം പിന്നിട്ട് വര്‍ഷകാലത്തേക്ക് പ്രവേശിക്കുമ്പോള്‍ നിര്‍ത്താതെ പെയ്യുന്ന ഇടവപ്പാതിയും ഇരുട്ടടച്ച് പെയ്യുന്ന  കര്‍ക്കടകവും ചിലരെങ്കിലും പ്രതീക്ഷിക്കാതിരുന്നില്ല. കാരണം, കഴിഞ്ഞ വര്‍ഷം നാടിനെ മുക്കിയ പ്രളയാനുഭവം തന്നെ. പക്ഷേ, പ്രളയാനന്തരം പൊടുന്നനെ എത്തിയ അസ്വാഭാവികമായ വരള്‍ച്ചയുടെ നാളുകള്‍ മുന്നിലുള്ളതുകൊണ്ട് മറുത്ത് ആശങ്കിച്ചവരുമുണ്ട്. അത്തരം ആശങ്കകള്‍ ശരിവെക്കും വിധം മഴ മാറി നിന്നിരിക്കുന്നു, പല ഭാഗത്തും ചൂടും ജലദൗര്‍ലഭ്യതയും തുടരുന്നു. അണക്കെട്ടുകളില്‍ വെള്ളം തീര്‍ന്ന് വൈദ്യുതി ഉല്‍പാദനം നിലയ്ക്കുന്ന അവസ്ഥ സംജാതമാകുന്നു. ചെന്നൈ പോലുള്ള നഗരങ്ങള്‍ നേരിട്ട കടുത്ത ജലക്ഷാമം ഭീതിതമായ സാഹചര്യത്തെക്കുറിച്ചാണ് മുന്നറിയിപ്പ് തരുന്നത്. കാലാവസ്ഥാ നിരീക്ഷകരും ശാസ്ത്രജ്ഞരും വ്യത്യസ്തങ്ങളായ വിശദീകരണങ്ങള്‍ തരുന്നു, ജനം പലവിധത്തില്‍ പരിതപിക്കുന്നു. പ്രശ്‌നങ്ങള്‍ പരിഹാരമില്ലാതെ തുടരുക തന്നെയാണ്.

കാലാവസ്ഥാ വ്യതിയാനം
പരിചിതമായ കാലാവസ്ഥക്ക് അതിന്റെ ക്രമവും വ്യവസ്ഥയും നഷ്ടപ്പെട്ടിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം എന്ന് ശാസ്ത്രലോകം വിശേഷിപ്പിക്കുന്ന ഈ ദുരന്തം, ലോകത്തിന്റെ ഏതെങ്കിലും കോണിലോ, ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്തോ മാത്രമല്ല, കേരളത്തില്‍ നമോരോരുത്തരും അത് അനുഭവിക്കുകയാണിപ്പോള്‍. ഒരു ശാസ്ത്രീയ വിശകലനവും ആവശ്യമില്ലാത്ത വിധം സാധാരണക്കാര്‍ വരെ അത് തൊട്ടറിയുന്നുണ്ട്. 
കഴിഞ്ഞ 150-200 വര്‍ഷങ്ങളായി അതിവേഗത്തില്‍ കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നുണ്ട്. മഴ കുറയുക, കാലം തെറ്റി പെയ്യുക, ചൂട് കൂടുക, ജലസ്രോതസ്സുകള്‍ വറ്റുക, കടല്‍നിരപ്പ് ഉയരുക, ശക്തമായ മഴയും കടുത്ത വരള്‍ച്ചയും കൂടുതലുണ്ടാവുക, സമുദ്രജലത്തില്‍ അമ്ലത കൂടുക തുടങ്ങിയവ കാലാവസ്ഥാ വ്യതിയാനത്തിന്റെ എല്ലാവരും അനുഭവിക്കുന്ന പ്രത്യക്ഷ ലക്ഷണങ്ങളാണ്. ഭൗമതാപനം എന്ന് വിളിക്കുന്ന, ഭൂമിയുടെ ചൂട് ക്രമാതീതമായി വര്‍ധിക്കുന്നതു വഴിയാണ് ഇതെല്ലാം സംഭവിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന് പ്രകൃതിപരവും മനുഷ്യനിര്‍മിതവുമായ കാരണങ്ങളുണ്ട്. ഭൂഖണ്ഡങ്ങളുടെ തള്ളല്‍ / വലിവ്, അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍, ഭൂമിയുടെ ചരിവ്, സമുദ്ര ജലപ്രവാഹത്തിലുണ്ടാകുന്ന മാറ്റം തുടങ്ങിയവ പ്രകൃതിപരമായ കാരണങ്ങളാണ്. ഭൂഭാഗങ്ങളില്‍ ആകൃതി വ്യത്യാസം സംഭവിക്കുമ്പോള്‍ സമുദ്ര പ്രവാഹങ്ങളും കാറ്റിന്റെ ഗതിയും അതനുസരിച്ച് വ്യത്യാസപ്പെടുന്നു. അഗ്നിപര്‍വത സ്‌ഫോടനം വന്‍തോതില്‍ സള്‍ഫര്‍ ഡയോക്‌സൈഡ്, ബാഷ്പം, പൊടിപടലങ്ങള്‍, ചാരം തുടങ്ങിയവ അന്തരീക്ഷത്തില്‍ വ്യാപിക്കാന്‍ കാരണമാകുന്നു. ഭ്രമണപഥത്തില്‍ ലംബാവസ്ഥയില്‍നിന്ന് 23.50 ചരിഞ്ഞ ഭൂമിയുടെ ചരിവ് കൂടുന്നത് ഋതുഭേദങ്ങളുടെ തീക്ഷ്ണതക്കും കാരണമാകുന്നു. 
മനുഷ്യനിര്‍മിത കാരണങ്ങളാണ് രണ്ടാമത്തേത്. ഗ്രീന്‍ ഹൗസ് പ്രതിഭാസത്തിലുണ്ടാകുന്ന മാറ്റം എന്ന് ഇതിനെ ഒറ്റ വാചകത്തില്‍ പറയാം, ഭൂമിയിലെ ഊര്‍ജ സ്രോതസ്സ് സൂര്യനാണ്. 'സൂര്യനില്‍നിന്നും ഭൂമിയിലേക്ക് പ്രവഹിക്കുന്ന, ഭൂമിയെ തപിപ്പിക്കുന്ന രശ്മികള്‍ 30 ശതമാനം അന്തരീക്ഷത്തില്‍ തന്നെ ചിതറി ലയിക്കുന്നുണ്ട്. കുറെ ഊര്‍ജം സമുദ്രം ഉള്‍പ്പെടെയുള്ള ഭൂമിയുടെ പ്രതലത്തില്‍ തട്ടി പ്രതിഫലിക്കുന്നതിന്റെ ഫലമായി വീണ്ടും അന്തരീക്ഷത്തിലെത്തുന്നു. എന്നാല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, മീതേന്‍, നൈട്രൈഡ് ഓക്‌സൈഡ്, ബാഷ്പങ്ങള്‍ എന്നിവയുടെ സാന്നിധ്യം അന്തരീക്ഷത്തില്‍ ഒരു വിതാനം രൂപപ്പെടുത്തി, പ്രസ്തുത ഊര്‍ജത്തെ അന്തരീക്ഷത്തില്‍ തന്നെ തടഞ്ഞു നിറുത്തുന്നുണ്ട്. ഈ വാതകങ്ങളെ ഗ്രീന്‍ഹൗസ് വാതകങ്ങള്‍ എന്ന് പറയുന്നു. ഈ പ്രവര്‍ത്തനം ഭൂമിയിലെ താപനില നിലനിര്‍ത്തുന്നതിനാല്‍ ഇതിനെ ഗ്രീന്‍ഹൗസ് ഇഫക്റ്റ് എന്ന് പറയുന്നു.'
'ഈ അനുഭവത്തെ ആദ്യമായി സാക്ഷ്യപ്പെടുത്തിയത് ജീന്‍-ബാപ്റ്റിസ്റ്റ് ഫൂറിയെ (Jean-Baptist Fourier) എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞനാണ്. ഒരു സാധാരണ കൃഷിക്കാരന്റെ ഗ്രീന്‍ഹൗസ് പോലെ തന്നെ, അതിനോട് സാദൃശ്യമുള്ള പ്രവര്‍ത്തനങ്ങള്‍ അന്തരീക്ഷത്തിലും നടക്കുന്നു എന്ന് ബോധ്യപ്പെടുത്തിയത് ഈ ശാസ്ത്രജ്ഞനാണ്. ഈ പ്രകൃതിദത്തമായ ഗ്രീന്‍ഹൗസ്- പുതപ്പ്, ഭൂമിയുടെ ആവിര്‍ഭാവം മുതല്‍ തന്നെ രൂപപ്പെട്ടിരുന്നു. എന്നാല്‍ കാലാകാലങ്ങളായി മനുഷ്യന്റെ പ്രകൃതിയിലുള്ള ഇടപെടലുകളുടെ ഫലമായി ഈ ആവരണത്തിന്റെ കട്ടികൂടുകയും നല്ല ഫലങ്ങള്‍ നല്‍കാനുള്ള അതിന്റെ ശേഷിയെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുണ്ട്. കല്‍ക്കരി, എണ്ണകള്‍, പ്രകൃതിവാതകങ്ങള്‍ ഇവയെ ഇന്ധനങ്ങളായി ഉപയോഗിക്കുമ്പോള്‍, അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വമിക്കുന്നു. കാടുകള്‍ വെട്ടിത്തെളിക്കുമ്പോള്‍, വൃക്ഷങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തില്‍ തിരിച്ചെത്തുന്നു. കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ വര്‍ധനവ്, ഭൂമിയുടെ ഉപയോഗ പദ്ധതിയിലുണ്ടാകുന്ന മാറ്റങ്ങള്‍, അതുപോലെയുള്ള ഇതര പ്രവര്‍ത്തനങ്ങള്‍ - ഇവയുടെ ഫലമായി, അന്തരീക്ഷത്തില്‍ മീതൈന്‍, നൈട്രസ് ഓക്‌സൈഡ് ഇവയുടെ വിതാനം ഉയരുന്നു. വ്യവസായിക മേഖലയാകട്ടെ ക്ലോറോഫ്‌ലൂറോ കാര്‍ബണ്‍സ് (CFCs) തുടങ്ങിയ പല പുതിയ രാസപദാര്‍ഥങ്ങളും തുറന്നുവിടുന്നുണ്ട്. വാഹന നിര്‍മാണ മേഖലയാകട്ടെ അന്തരീക്ഷത്തിലെ വര്‍ധിച്ച ഓസോണ്‍ (Ozone)  രൂപീകരണത്തിന് കാരണമാകുന്നു. ഇങ്ങനെ പല ഘടകങ്ങള്‍ ചേര്‍ന്ന് അന്തരീക്ഷത്തിലെ ഗ്രീന്‍ഹൗസ് സാന്നിധ്യം വര്‍ധിപ്പിക്കുകയും അന്തരീക്ഷ താപനത്തിലേക്കും കാലാവസ്ഥ വ്യതിയാനത്തിലേക്കും അത് ചെന്നെത്തുകയും ചെയ്യുന്നു.  കല്‍ക്കരി, പെട്രോള്‍ തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ, ഭൂമിയില്‍നിന്ന് നാം കൂടുതല്‍ വൃക്ഷങ്ങള്‍ വെട്ടി മുറിക്കുന്നതിലൂടെ, പ്ലാസ്റ്റിക്ക് പോലെ, ജീര്‍ണിച്ച് നശിക്കാത്ത സാധനങ്ങള്‍ മാലിന്യങ്ങളായി പുറന്തള്ളുന്നതിലൂടെ, രാസവളങ്ങളുടെയും കീടനാശിനികളുടെയും വിവേചനരഹിതമായ ഉപയോഗത്തിലൂടെയുമൊക്കെ കാലാവസ്ഥാ വ്യതിയാനത്തിന് നാം ആക്കം കൂട്ടുന്നു.' അതായത്, പ്രകൃതിയിലെ മനുഷ്യന്റെ ഇടപെടലുകളാണ് ഒരു പരിധിവരെ ഈ ദുരന്തത്തിന് വഴിയൊരുക്കുന്നത്. ഖുര്‍ആന്‍ പറഞ്ഞതെത്ര സത്യം: ''മനുഷ്യ ചെയ്തികളുടെ ഫലമായി കരയിലും കടലിലും നാശം പ്രത്യക്ഷമായിരിക്കുന്നു. അവരുടെ കര്‍മഫലം അവര്‍ തന്നെ അനുഭവിക്കേണ്ടതിന്. അവര്‍ പുനരാലോചനക്ക് തയാറായെങ്കിലോ'' (അര്‍റൂം 41).

ആഗോള താപനം
ആഗോളതാപനത്തെ കുറിച്ച മുന്നറിയിപ്പ് വന്നു തുടങ്ങിയിട്ട് ഏറെ വര്‍ഷങ്ങളായി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി താപനിലയുടെ വര്‍ധനവിന്  വേഗം കൂടിയിട്ടുണ്ട്. ആഗോള താപനില 1956-2005 കാലത്ത് ഓരോ പത്തു വര്‍ഷവും 0.13 ഡിഗ്രി വര്‍ധിച്ചതായാണ് യു.എന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷങ്ങളിലേതിനേക്കാള്‍ ചൂടും ജലക്ഷാമവും കൂടും വരും വര്‍ഷങ്ങളില്‍. ഭൂമിയുടെ പല ഭാഗത്തും മനുഷ്യര്‍ക്ക് ജീവിക്കാന്‍ കഴിയാതെ വരും. മനുഷ്യര്‍ മാത്രമല്ല, മത്സ്യങ്ങളും മൃഗങ്ങളും ഉള്‍പ്പെടുന്ന ജീവജാലങ്ങള്‍ വരെ അതിജീവനം സാധിക്കാതെ പ്രതിസന്ധി നേരിടും. എന്തുകൊണ്ട് ആഗോള താപനം എന്ന് ശാസ്ത്രജ്ഞര്‍ കൃത്യമായി വിശദീകരിക്കുകയും എന്തൊക്കെ നടപടികള്‍ അടിയന്തര പ്രാധാന്യത്തോടെ കൈക്കൊള്ളണമെന്ന് ഉദ്‌ബോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ ഭൗമ ഉച്ചകോടി, ക്യോട്ടോ സമ്മേളനം, 2015-ലെ പാരീസ് ഉടമ്പടി തുടങ്ങിയവ ഈ രംഗത്തെ പ്രധാന ചുവടുവെപ്പുകളായിരുന്നു. പാരീസ് ഉടമ്പടി പാലിക്കുന്നതില്‍നിന്ന് ലോക രാജ്യങ്ങള്‍ പുറകോട്ട് പോകരുതെന്നാണ് 2019 ജൂണ്‍ അവസാനത്തില്‍ അബൂദബിയില്‍ ചേര്‍ന്ന യു.എന്‍ ക്ലൈമറ്റ് സമ്മിറ്റില്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് പറഞ്ഞത്. കണക്കുകൂട്ടിയതിനേക്കാള്‍ വേഗത്തിലാണ് ആഗോള താപനം വര്‍ധിക്കുന്നത്. ഭൗമ താപനിലയുടെ ഉയര്‍ച്ച രണ്ട് ഡിഗ്രി പരിധിക്കുള്ളില്‍ നിര്‍ത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
പക്ഷേ, ലോക രാഷ്ട്രങ്ങള്‍ മുതല്‍ സാധാരണക്കാരായ പൊതുജനം വരെ യാതൊരുവിധ പരിഹാര നിര്‍ദേശങ്ങളും പ്രാവര്‍ത്തികമാക്കിയിട്ടില്ല എന്നതാണ് ഇതു വരെയുള്ള അനുഭവം. മനുഷ്യന്റെ ജീവിത ശൈലിയോ സാങ്കേതിക മേഖലകളുടെ ദിനംപ്രതിയുള്ള വളര്‍ച്ചയോ ഇതിനനുഗുണമാകും വിധം ഇന്നും ക്രമീകരിക്കാന്‍ നമ്മള്‍ക്കായിട്ടില്ല. നമ്മുടെ അന്തരീക്ഷത്തില്‍ ഉണ്ടാവുന്ന വലിയ മാറ്റങ്ങളെ അഭിമുഖീകരിക്കാനോ ക്രിയാത്മകമായി  പ്രകൃതിയോട്  ഇടപെടാനോ നമുക്ക് കഴിയാതെ വരുന്നു. സമീപകാലത്ത് നമ്മള്‍ അനുഭവിച്ച പലതരം പ്രകൃതിക്ഷോഭങ്ങള്‍ ചെറിയൊരു ഞെട്ടലുാക്കി എന്നതിനപ്പുറം, നമ്മളെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ അത്തരം അസ്വഭാവിക പ്രതിഭാസങ്ങളൊന്നും നമ്മുടെ മനസ്സില്‍ സ്ഥായിയായി ഇടം പിടിച്ചിട്ടില്ല. കഴിഞ്ഞ പ്രളയ കാലത്തെ ഒരുമിച്ച് നിന്ന് നേരിട്ട മലയാളികള്‍ പ്രളയനാന്തര  ഘട്ടത്തില്‍ അതിനെ കുറിച്ച് മനസ്സിലാക്കാനോ ഇനി ഒരു ദുരന്തം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കാനോ കാര്യമായൊന്നും ചെയ്തിട്ടില്ല. ഇങ്ങനെ തുടരുകയാണെങ്കില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് പല വലിയ ദുരന്തങ്ങള്‍ക്കും നമ്മള്‍ ഇരകളായിത്തീരും.
പരിസ്ഥിതി ദിനങ്ങളില്‍ കാട്ടിക്കൂട്ടാറുള്ള പ്രഹസന പരിപാടികളില്‍നിന്ന് മാറി, നമ്മുടെ ചുറ്റുപാടിലും കാലാവസ്ഥയിലും സംഭവിക്കുന്ന മാറ്റങ്ങളെ ഗൗരവപൂര്‍വം മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ അന്തരീക്ഷത്തില്‍ വന്ന മാറ്റങ്ങളെ അവയുടെ വ്യത്യസ്ത കാരണങ്ങളെ മുന്‍നിര്‍ത്തി വിശകലനം ചെയ്യണം. പ്രകൃതിയുടെ സന്തുലിതത്വത്തെ നിലനിര്‍ത്താനുള്ള ആത്മാര്‍ഥമായ ശ്രമങ്ങളും ഉണ്ടാവണം. ജലസ്രോതസുകളും ജലാശയങ്ങളും സംരക്ഷിക്കുക, വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുക, കാട് കാക്കുക തുടങ്ങിയവ  എല്ലാവരും മുന്‍കൈയെടുത്ത് നിര്‍വഹിക്കേണ്ട അടിസ്ഥാന ബാധ്യതകളാണ്. ഭൂമിയുടെ പച്ചപ്പിന് കാവലിരിക്കാതെ, അതിന്റെ വിസ്തൃതി കൂട്ടാതെ ഈ ചൂടില്‍നിന്ന് നമുക്ക് രക്ഷപ്പെടാനാകില്ല. മരങ്ങള്‍ നട്ടുവളര്‍ത്തുന്നത് ഒരു ശീലമാക്കി മാറ്റുകയാണ് പ്രായോഗിക പരിഹാരം. ജലസംഭരണികളായ കുന്നും മലകളും ഇടിച്ചു നിരത്താതിരിക്കുകയും ജലസ്രോതസ്സുകള്‍ സംരക്ഷിക്കുകയും മഴവെള്ളം പരമാവധി ഭൂമിയില്‍ താഴ്ന്നിറങ്ങാന്‍ സംവിധാനമുണ്ടാക്കുകയും വേണം. പരിസ്ഥിതിയെ യഥാവിധി പരിപാലിക്കുകയെന്നത്, മനുഷ്യന്‍ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ശ്വാസോഛ്വാസം ചെയ്യുകയും ചെയ്യുന്ന പോലുള്ള അനിവാര്യത തന്നെയാണ്.
പരിസ്ഥിതിയെ കുറിച്ച ഗൗരവമായ ആലോചനകള്‍ക്ക് പിന്‍ബലമായി കരുത്തുറ്റ ഒരു പ്രത്യയശാസ്ത്രം ഉണ്ടാവുകയെന്നതും വളരെ അനിവാര്യമാണ്. ഈ പ്രത്യയശാസ്ത്ര പരിസരത്തു നിന്ന് കൊണ്ടാണ് പ്രകൃതിയോട് ഇടപെടുന്ന ജീവിത രീതി, വികസന പ്രവര്‍ത്തനങ്ങള്‍, വിഭവ വിനിയോഗം തുടങ്ങിയവ രൂപപ്പെടുത്തേണ്ടതും നിര്‍ണയിക്കേണ്ടതും. പ്രത്യേകിച്ചൊരു ആദര്‍ശത്തിന്റെയും പിന്‍ബലമില്ലാതെ, മേധാവിത്തം പുലര്‍ത്തുന്ന മുതലാളിത്ത സമീപനങ്ങളെ അറിഞ്ഞോ അറിയാതെയോ കടമെടുത്ത് മുന്നോട്ടു പോവുകയാണ് പൊതുവെ പരിസ്ഥിതിവാദികള്‍ വരെ. ഇസ്‌ലാമിന്റെ പരിസ്ഥിതി പാഠങ്ങള്‍ ഈ രംഗത്ത് ഏറ്റവും മികച്ച തത്ത്വങ്ങളാണ് മുന്നോട്ട് വെക്കുന്നത്. മനുഷ്യ ജീവിതത്തെ നിര്‍വചിക്കുന്നിടത്ത് ഒരേസമയം ആത്മീയതയിലും ഭൗതികതയിലും ഊന്നിയ സന്തുലിതത്വ കാഴ്പ്പാടാണ് ഇസ്‌ലാമിന്റേത്. ജീവിതത്തിന്റെ സര്‍വ തലങ്ങളിലും സന്തുലിതത്വം കാത്തുസൂക്ഷിക്കാനാണ് അതിന്റെ ആഹ്വാനം. ഈ സന്തുലിതത്വം പരിസ്ഥിതിയുമായുള്ള മനുഷ്യന്റെ വ്യവഹാരങ്ങളിലും പുലര്‍ന്നു കാണണം. 
അല്ലാഹുവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിലെ നിര്‍ണായക ഘടകങ്ങളിലൊന്ന്  പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധമാണ്. ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ പ്രകൃതി പ്രതിഭാസങ്ങളെ മുന്നില്‍ വെച്ച് ദൈവാസ്തിത്വത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്. ''തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപ്പകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്'' (3:190). പ്രകൃതി  പ്രതിഭാസങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അവയിലൂടെ ദൈവത്തെ കണ്ടെത്താനുള്ള ആഹ്വാനം നല്‍കുകയാണ് ഇത്തരം സൂക്തങ്ങള്‍. ഖുര്‍ആന്‍ പ്രകൃതിയോടുള്ള നമ്മുടെ നിലപാടിനെയും കൃത്യമായി നിര്‍ണയിക്കുന്നുണ്ട്. ഖുര്‍ആന്‍ പറയുന്നു: ''നിങ്ങള്‍ക്കവന്‍ ഭൂമിയില്‍ വാസസ്ഥലം ഒരുക്കിത്തന്ന സന്ദര്‍ഭം ഓര്‍ക്കുക. അതിലെ സമതലങ്ങളില്‍ നിങ്ങള്‍ സൗധങ്ങളുണ്ടാക്കുന്നു. മലകള്‍ വെട്ടിയെടുത്ത് വീടുകളുണ്ടാക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിങ്ങള്‍ ഓര്‍ക്കണം. നിങ്ങള്‍ നാശകാരികളായി ഭൂമിയില്‍ കുഴപ്പം സൃഷ്ടിക്കരുത്'' (7:74). പ്രകൃതിയോട് നാം സ്വീകരിക്കേണ്ട സമീപനത്തെ ആത്മീയതയുമായി ബന്ധപ്പെടുത്തിയാണ് ഇസ്‌ലാം അവതരിപ്പിക്കുന്നത്. പ്രകൃതിയില്‍ നാശം  ഉണ്ടാക്കരുത് എന്ന മുന്നറിയിപ്പും ഖുര്‍ആന്‍ നല്‍കുന്നുണ്ട്. നമ്മുടെ ജീവിതം ഇത്തരം ധാര്‍മിക അനുശാസനകള്‍ പാലിക്കാതെ അരാജകമാണെങ്കില്‍ നമ്മുടെ സമീപനങ്ങളിലും അത് നിഴലിക്കും. മറിച്ച്, ആത്മീയത സ്ഫുരിക്കുന്ന, ദൈവഭയമുള്ള ഒരു ജീവിത രീതിയാണ് നമ്മുടേതെങ്കില്‍ പ്രകൃതിയോടുള്ള  സമീപനത്തിലും ആ ആത്മീയതയും ധ്യാനാത്മകതയും പ്രകടമാവും.  പ്രകൃതിയെ പരിപാലിക്കുക എന്നതാണ് മനുഷ്യന്  ഖുര്‍ആന്‍ നല്‍കുന്ന മികച്ച പരിസ്ഥിതിപാഠങ്ങളിലൊന്ന്. പ്രകൃതിയുടെ സംരക്ഷണ ചുമതല ഏല്‍പ്പിക്കപ്പെട്ട പ്രതിനിധിയാണ് മനുഷ്യനെന്നും ഖുര്‍ആന്‍ പറയുന്നുണ്ട്. പ്രാതിനിധ്യ ചുമതല തിരിച്ചറിഞ്ഞ്, പ്രകൃതിയെ യഥാവിധം പരിപാലിച്ചാല്‍ തീരുന്നതാണ് കാലാവസ്ഥ വ്യതിയാനത്തിലെ കുറേയേറെ പ്രശ്‌നങ്ങള്‍. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (22-25)

ഹദീസ്‌

സമ്പദ്‌സമൃദ്ധിയും ശരീരസൗന്ദര്യവും
കെ.പി ബഷീര്‍ ഈരാറ്റുപേട്ട