Prabodhanm Weekly

Pages

Search

2019 ജൂലൈ 12

3109

1440 ദുല്‍ഖഅദ് 08

അമേരിക്കന്‍-സോമാലിയന്‍ വംശജരുടെ പ്രതിസന്ധികള്‍

എസ്. സൈഫുദ്ദീന്‍ കുഞ്ഞ്

സോമാലിയന്‍ വംശജര്‍ അമേരിക്കന്‍ സമൂഹത്തില്‍ രൂഢമൂലമായ ഇസ്‌ലാംഭീതിയെ നേരിടുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നവരാണ്. സോമാലിയന്‍ വംശജയായ  ഇല്‍ഹാന്‍ ഉമര്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് സോമാലി സമൂഹത്തിന്റെ രാഷ്ട്രീയ സാക്ഷരതയെയാണ് അടയാളപ്പെടുത്തുന്നത്. ഇല്‍ഹാന്‍ ഉമറിനു പുറമെ നിരവധി സോമാലി വംശജര്‍ സിറ്റി കൗണ്‍സിലുകളിലേക്കും സ്‌കൂള്‍ ബോര്‍ഡുകളിലേക്കുമൊക്കെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയില്‍ സോമാലി- അമേരിക്കന്‍ വംശജര്‍ ഏറ്റവും കൂടുതല്‍ അധിവസിക്കുന്നത് മിനസോട്ടയിലാണ്.ഒരു ലക്ഷത്തിധികം സോമാലിയന്‍ വംശജരാണ് നിലവില്‍ അമേരിക്കയിലുള്ളത്.
നിക്കോള്‍ ബ്രിയാന്‍ 2004-ല്‍ രചിച്ച  'സോമാലി-അമേരിക്കന്‍സ്'  സോമാലിയന്‍ വംശജരുടെ പലായന ചരിത്രം, സംസ്‌കാരം, അമേരിക്കന്‍ പൗരത്വം , അവരുടെ  അഭയാര്‍ഥിത്വം, സാമൂഹികമായും രാഷ്ട്രീയമായും അവര്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍, അവരുടെ സംഭാവനകള്‍ എന്നിവ വിശദമായി വിവരിക്കുന്ന കൃതിയാണ്. 1920-കളിലാണ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന സോമാലിയയില്‍നിന്ന് ആദ്യ അഭയാര്‍ഥി സംഘം അമേരിക്കയിലെത്തുന്നത്. ഉപരിപഠന സാധ്യതകള്‍ തേടി 1960-കളില്‍ പിന്നെയും പലായനമുായി.  1990-കളിലെ ആഭ്യന്തര സംഘര്‍ഷത്തെത്തുടര്‍ന്ന് അമേരിക്കയിലേക്ക് കൂട്ടത്തോടെയുള്ള അഭയാര്‍ഥി പ്രവാഹമുായി. ലോകത്ത് ഏറ്റവും കൂടുതല്‍ സോമാലിയന്‍ വംശജര്‍ വസിക്കുന്ന രാഷ്ട്രമാണ് അമേരിക്ക.
സോമാലിയന്‍ - അമേരിക്കന്‍ വംശജര്‍, അമേരിക്കയില്‍ ശക്തിയാര്‍ജിച്ചു വരുന്ന വെള്ള വംശീയവാദികളുടെ ഇസ്‌ലാംഭീതി, വംശീയത, കുടിയേറ്റ - അഭയാര്‍ഥിവിരുദ്ധത തുടങ്ങിയ പ്രവണതകളുടെ പ്രധാന ഇരകളാണ്. സോമാലിയന്‍ ആഭ്യന്തര സംഘര്‍ഷത്തില്‍ ഭാഗവാക്കായ ഏതാനും സോമാലിയന്‍ - അമേരിക്കന്‍ യുവാക്കളുടെ ചിത്രം ഉയര്‍ത്തിപ്പിടിച്ച്, അമേരിക്കന്‍ ഭരണകൂടം മുഴുവന്‍ സോമാലിയന്‍ വംശജരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ശ്രമിക്കുകയാണ്. ഇക്കാരണത്താല്‍ത്തന്നെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യാത്രാ നിരോധനത്തിന് വിധേയമായ രാഷ്ട്രങ്ങളിലൊന്നാണ് സോമാലിയ. സെന്റര്‍ ഫോര്‍ സെക്യുരിറ്റി പോളിസി, ആക്ട് ഫോര്‍ അമേരിക്ക തുടങ്ങിയ  മുസ്‌ലിംവിരുദ്ധ നെറ്റ്‌വര്‍ക്കുകളും ക്രീപിംഗ് ശരീഅഃ, ജിഹാദ് വാച്ച്, റെഫുജീ റീസെറ്റില്‍മെന്റ് വാച്ച് എന്നീ പ്രസിദ്ധീകരണങ്ങളും പൊതുജനങ്ങള്‍ക്കിടയില്‍ സോമാലിയന്‍ - അമേരിക്കന്‍ ജനസമൂഹത്തെക്കുറിച്ച മുന്‍വിധികളും ഭയവും സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. ഫാക്ടറികള്‍, വ്യവസായിക സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സോമാലിയന്‍ - അമേരിക്കന്‍ വംശജര്‍ക്കെതിരെ ആക്രമണം അധികരിച്ചിരിക്കുന്നുവെന്നാണ് അന്താരാഷ്ട്രാ വനിതാ മീഡിയ ഫൗണ്ടേഷന്റെ റൗണ്ട് എര്‍ത്ത് മീഡിയ പ്രോഗ്രാം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ആക്രമണങ്ങള്‍ കാരണം ധാരാളം സോമാലിയന്‍ വിദ്യാര്‍ഥികള്‍  2015-ല്‍ ഹൈസ്‌കൂളുകളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. ഭവന നിര്‍മാണത്തിലുള്ള വിവേചനമാണ് ഇവര്‍ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. ഭരണഘടന അംഗീകരിക്കുന്ന ആരാധനാ സ്വാതന്ത്ര്യവും സോമാലിയന്‍ വംശജര്‍ക്ക് നിഷേധിക്കപ്പെടുന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. മിനസോട്ടയിലെ ഒരു ഇസ്ലാമിക് സെന്റര്‍ മസ്ജിദ് നിര്‍മാണത്തിന് അനുമതിക്ക് അപേക്ഷിച്ചെങ്കിലും ഇസ്‌ലാംവിരുദ്ധരുടെ പ്രതിഷേധം കാരണം പദ്ധതി പിന്‍വലിക്കേണ്ടി വന്നിരുന്നു.
മിനസോട്ടയിലെ ദി സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് സംഘടിപ്പിച്ച 'My neighbor is a Muslim'  എന്ന വര്‍ക് ഷോപ്പ്, പ്രദേശിക മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ അധികരിക്കുന്ന ഇസ് ലാംഭീതി തടയാനുള്ള പ്രതീക്ഷാനിര്‍ഭരമായ സംരംഭങ്ങളിലൊന്നാണ്. മിനസോട്ട ഭരണസമിതിയില്‍നിന്ന് മികച്ച സാമൂഹിക പ്രവര്‍ത്തനത്തിന് പുരസ്‌കാരം ലഭിച്ച അയാന്‍ ഉമറിനെ പോലുള്ള വനിതാ ആക്ടിവിസ്റ്റുകളാണ് പ്രാദേശിക ക്രിസ്തീയ സമൂഹവുമായി സഹകരിച്ച് സാമൂഹിക പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. 2017-ലെ സെന്‍സെസ് പ്രകാരം മിനസോട്ടയിലെ പകുതിയിലധികം സോമാലി ജനസമൂഹം ദാരിദ്ര രേഖക്ക് താഴെയാണ്. അവരുടെ തൊഴിലില്ലായ്മയുടെ നിരക്ക്  പതിനൊന്ന് ശതമാനമാണ്. അമേരിക്കന്‍ ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ സ്ഥാനം തങ്ങള്‍ക്കുള്ളതിനാല്‍ ഇത്തരം സാമൂഹിക പ്രശ്‌നങ്ങള്‍ നേരിടാന്‍ കഴിയുമെന്ന ആത്മവിശ്വാസം അവര്‍ക്കുണ്ട്‌. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (22-25)

ഹദീസ്‌

സമ്പദ്‌സമൃദ്ധിയും ശരീരസൗന്ദര്യവും
കെ.പി ബഷീര്‍ ഈരാറ്റുപേട്ട