Prabodhanm Weekly

Pages

Search

2019 ജൂലൈ 12

3109

1440 ദുല്‍ഖഅദ് 08

ദാറുല്‍ ഇഫ്താ വഴി യു.എ.ഇയിലേക്ക്

ഹൈദറലി ശാന്തപുരം

ഏഴരപ്പതിറ്റാ് ദൈര്‍ഘ്യമുള്ള ജീവിതത്തിന്റെ പകുതിയോളം പ്രവാസ ജീവിതമായിരുന്നു; അതായത് മുപ്പത്തിയേഴ് വര്‍ഷങ്ങള്‍.
1968-ല്‍ മദീനാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ ഉപരിപഠനത്തിന് ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍നിന്ന് സ്‌കോളര്‍ഷിപ്പോടു കൂടി മൂന്ന് പേര്‍ക്ക് അനുവദിക്കപ്പെട്ട സീറ്റില്‍ ടി.കെ ഇബ്‌റാഹീം (ശിവപുരം), വി.പി അഹ്മദ് കുട്ടി (എടയൂര്‍) എന്നിവരോടൊപ്പം ഞാനും തെരഞ്ഞെടുക്കപ്പെട്ടു. നാലു വര്‍ഷം നീണ്ടുനിന്ന ആ വൈജ്ഞാനിക പ്രവാസ വിശേഷങ്ങള്‍ വി.പി അഹ്മദ് കുട്ടി 'മദീനയിലെ ജ്ഞാന വസന്തം' എന്ന തലക്കെട്ടില്‍ 'പ്രബോധന'ത്തില്‍ എഴുതിയിട്ടുണ്ട്. അതിനോടുള്ള പ്രതികരണമായി 'മദീനയിലെ ജ്ഞാന വസന്തം: ഇത്ര കൂടി പറയാനുണ്ട്' എന്ന ശീര്‍ഷകത്തില്‍ ഞാനെഴുതിയ ലേഖനത്തില്‍ (പ്രബോധനം 2018 സെപ്റ്റംബര്‍ 21) മദീനാ ജീവിതകാലത്തെ സാമൂഹികവും പ്രാസ്ഥാനികവുമായ പ്രവര്‍ത്തനങ്ങളുടെ വിശേഷങ്ങളും വിശദീകരിക്കുകയുായി.

പ്രവാസത്തിന് വഴിയൊരുങ്ങുന്നു
1972-ല്‍ മദീനാ യൂനിവേഴ്‌സിറ്റിയിലെ പഠനം കഴിഞ്ഞെത്തിയ ഉടനെ പ്രസ്ഥാന നേതൃത്വം എന്നെ നിയമിച്ചത് പ്രബോധനം വാരികയുടെ പത്രാധിപ സമിതിയിലായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞ് ജമാഅത്ത് സംസ്ഥാന ഓഫീസില്‍ ഉര്‍ദു അറിയുന്ന ഓഫീസ് സെക്രട്ടറിയായി നിയമിതനായി.  ടി.കെ അബ്ദുല്ല സാഹിബായിരുന്നു അന്ന് അമീര്‍. കെ.എം അബ്ദുല്‍ അഹദ് തങ്ങള്‍ സെക്രട്ടറിയും. ഘടകങ്ങളുമായി ബന്ധപ്പെടുക, ബൈത്തുല്‍ മാല്‍ കണക്ക് സൂക്ഷിക്കുക, പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ തയാറാക്കി അതിന്റെ ഉര്‍ദു ഭാഷ്യം കേന്ദ്ര ഓഫീസിലേക്ക് അയക്കുക, അമീറിന് ലഭിക്കുന്ന കത്തുകള്‍ പരിശോധിച്ച് അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ച് മറുപടി എഴുതി അയക്കുക എന്നിവയായിരുന്നു ചുമതല. തലശ്ശേരി, കാഞ്ഞിരപ്പള്ളി, തിരൂര്‍ എന്നിവടങ്ങളിലായി സുപ്രധാന മേഖലാ സമ്മേളനങ്ങള്‍ നടന്നത് 1974 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ്. അതിലവതരിപ്പിക്കാനുള്ള റിപ്പോര്‍ട്ട് തയാറാക്കുകയുായി.
ജീവിതത്തിലാദ്യമായി പൊതുസമ്മേളനത്തില്‍ ഒരു ഉര്‍ദു പ്രസംഗത്തിന്റെ പരിഭാഷ നിര്‍വഹിച്ചത് തലശ്ശേരി മേഖലാ സമ്മേളനത്തിലാണ്. ജമാഅത്ത് അഖിലേന്ത്യാ സെക്രട്ടറി സയ്യിദ് ഹാമിദ് ഹുസൈന്‍ സാഹിബിന്റെ വികാരോജ്ജ്വലമായ ഉര്‍ദു പ്രസംഗം വിവര്‍ത്തനം ചെയ്ത് കഴിഞ്ഞപ്പോള്‍ ആ രംഗത്ത് ആത്മവിശ്വാസം വര്‍ധിച്ചു.
1974 നവംബര്‍ 8,9,10 തീയതികളില്‍ ദല്‍ഹിയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഐതിഹാസികമായ അഖിലേന്ത്യാ സമ്മേളനം നടന്നു. വിവിധ ലോക രാജ്യങ്ങളില്‍നിന്നായി അമ്പതില്‍ പരം പണ്ഡിതന്മാരും ഉന്നത ഇസ്‌ലാമിക വ്യക്തിത്വങ്ങളും പങ്കെടുത്ത പ്രസ്തുത സമ്മേളനം വിദേശ പ്രതിനിധികളുടെ ആധിക്യം പരിഗണിക്കുമ്പോള്‍ ഇന്ത്യയില്‍ നടന്ന സമ്മേളനങ്ങളില്‍ പ്രഥമ സ്ഥാനത്താണ്. ജമാഅത്ത് സമ്മേളനത്തോടനുബന്ധിച്ച് ഒരു അന്താരാഷ്ട്ര ഇസ്‌ലാമിക് കോണ്‍ഫറന്‍സും നടക്കുകയുണ്ടായി. ജോര്‍ദാന്‍ വഖ്ഫ് മന്ത്രി ഡോ. കാമില്‍ ശരീഫ്, കുവൈത്ത് മന്ത്രി യൂസുഫ് ഹാശിം രിഫാഈ, ഒമാന്‍ മുഫ്തി ശൈഖ് അഹ്മദ് ഖലീലി, മക്കയിലെ ഖാദി ശൈഖ് അബ്ദുല്ല ബസ്സാം, മലേഷ്യന്‍ യുവ നേതാവായിരുന്ന അന്‍വര്‍ ഇബ്‌റാഹീം, രിയാദിലെ കുല്ലിയത്തുല്ലുഗത്തില്‍ അറബിയ്യ പ്രിന്‍സിപ്പലായിരുന്ന ശൈഖ് അബ്ദുല്ല അല്‍ ഫന്‍തൂഖ് എന്നീ വിദേശ പ്രതിനിധികളുടെ പേരുകളാണ് ഓര്‍മയിലുള്ളത്. അതിഥികളുമായി ബന്ധപ്പെട്ട് അവരുടെ സാന്നിധ്യം മുന്‍കൂട്ടി ഉറപ്പിക്കുന്നതിനും അവര്‍ക്ക് വേണ്ട പരിചരണങ്ങള്‍ നല്‍കലുമായിരുന്നു. എം.കെ അബ്ദുര്‍റഹ്മാന്‍ തര്‍വായി സാഹിബിന്റെയും എന്റെയും ചുമതല. തദാവശ്യാര്‍ഥം അഖിലേന്ത്യാ അമീര്‍ മുഹമ്മദ് യൂസുഫ് സാഹിബിന്റെ നിര്‍ദേശ പ്രകാരം ജമാഅത്തിന്റെ ചിത്‌ലി ഖബറിലെ പഴയ കേന്ദ്ര ഓഫീസില്‍ ഒരു മാസക്കാലം താമസിച്ചിട്ടുണ്ട്. വിദേശ ഇസ്‌ലാമിക വ്യക്തിത്വങ്ങളുമായി പരിചയപ്പെടാന്‍ അവസരം ലഭിച്ചു എന്നതിനു പുറമെ ജമാഅത്തിന്റെ എല്ലാ ആദ്യകാല നേതാക്കളുമായും അടുത്തിടപഴകാന്‍ സാധിച്ചു എന്നത് അതിന്റെ ഗുണഫലമായിരുന്നു.
സാമ്പത്തികമായി പരാധീനത അനുഭവിക്കുന്ന കാലമായിരുന്നതിനാല്‍ ഒരിക്കല്‍ കൂടി സുഊദി അറേബ്യയില്‍ പോയി മക്കയിലെ റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമിയുടെ കീഴില്‍ അന്തമാനിലേക്കൊരു നിയമനം സാധ്യമാകുന്നതിനെക്കുറിച്ച് ആലോചിക്കുന്ന സന്ദര്‍ഭം. അടുത്ത ഹജ്ജ് കാലത്ത് ഹജ്ജ് വിസയില്‍ മക്കയിലേക്ക് പോകാന്‍ തീരുമാനിക്കുകയും ചെയ്തു. കെ.സി അബ്ദുല്ല മൗലവിയടക്കമുള്ള പ്രുഖ വ്യക്തികളെയെല്ലാം വിവരം ധരിപ്പിച്ചിരുന്നു. അതിനിടയിലാണ് 1975 ജൂണ്‍ 25-ന് ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജൂലൈ 4-ന് ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കുകയും ചെയ്തത്. അതൊരു വെള്ളിയാഴ്ചയായിരുന്നു. അന്ന് ഉച്ചക്ക് ശേഷം ഏകദേശം മൂന്ന് മണിക്ക് ഒരു ജീപ്പില്‍ രണ്ടു പോലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ ഐ.എസ്.ടി ഓഫീസിന്റെ മധ്യഭാഗത്തുള്ള മുറ്റത്ത് വന്നിറങ്ങി. ഒരാള്‍ പോലീസ് വേഷത്തിലും മറ്റേ ആള്‍ സാധാരണ വേഷത്തിലുമായിരുന്നു. പോലീസ് വേഷത്തിലുള്ളത് ചേവായൂര്‍ സര്‍ക്ക്ള്‍ ഇന്‍സ്‌പെക്ടറും കൂടെയുള്ളത് സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടറുമാണെന്ന് പിന്നീടറഞ്ഞു. അവരുടെ കൂടെ മറ്റൊരു വാനില്‍ വേറെയും പോലീസുദ്യോഗസ്ഥരുായിരുന്നു. അന്ന് ജമാഅത്ത് ഹല്‍ഖാ ഓഫീസ് സ്ഥിതി ചെയ്തിരുന്നത് ഇന്ന് ഐ.എസ്.ടി കോമ്പൗില്‍ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തുായിരുന്ന, പൊളിച്ചുപോയ ചെറിയ കെട്ടിടത്തിലായിരുന്നു. ഇന്‍സ്‌പെക്ടര്‍മാര്‍ നേരെ വന്നത് ഞാനിരിക്കുന്ന റൂമിലേക്കാണ്. സമീപത്തെ റൂമില്‍ അമീര്‍ ടി.കെ അബ്ദുല്ല സാഹിബ് ഇരിക്കുന്നുണ്ട്. അബ്ദുല്‍ അഹദ് തങ്ങള്‍ നാട്ടില്‍ പോയിരിക്കുകയാണ്. പോലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ അകത്ത് കടന്ന് ജമാഅത്ത് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് പല ചോദ്യങ്ങളും ചോദിക്കുകയും റെക്കോര്‍ഡുകളും ഫയലുകളും പരിശോധിക്കുകയും ചെയ്തു. അതിനു ശേഷം പോലീസ് വേഷം ധരിച്ച ഓഫീസര്‍ പറഞ്ഞു: ''ഇനി ഇതൊന്നും ഇവിടെ നടത്താന്‍  പറ്റുകയില്ല. വാതില്‍ പൂട്ടി താക്കോല്‍ ഞങ്ങളുടെ കൈയില്‍ തരിക. നിങ്ങള്‍ വണ്ടിയില്‍ കയറുക.'' അക്കാലത്ത് കെ. അബ്ദുല്ല ഹസന്‍ പ്രബോധനം മാസികയുടെ പത്രാധിപരും വി.എ കബീര്‍ പ്രബോധനം വാരിക എഡിറ്റര്‍ ഇന്‍ ചാര്‍ജും ടി. അബ്ദുല്‍ കരീം പ്രബോധനം പ്രസ് മാനേജറുമായിരുന്നു. ഞാന്‍ ചോദിച്ചു: ''ആരെല്ലാമാണ് വണ്ടിയില്‍ കയറേണ്ടത്?'' 'നിങ്ങളും അമീറും പത്രാധിപരും പ്രസ് മാനേജറും' എന്നായിരുന്നു മറുപടി. വിവരം അമീറിനെയും മറ്റുള്ളവരെയും അറിയിച്ചു. അങ്ങനെ ഞാന്‍ വണ്ടിയില്‍ കയറി. ചേവായൂര്‍ പോലീസ് സ്‌റ്റേഷനു മുന്നിലാണ് വണ്ടി നിര്‍ത്തിയത്. അല്‍പം കഴിഞ്ഞ് വി.എ കബീറിനെയും ഓഫീസ് ബോയ് യൂസുഫിനെയും മറ്റൊരു വണ്ടിയില്‍ കൊണ്ടുവന്ന് ഞങ്ങളുടെ വണ്ടിയില്‍ കയറ്റി. പിന്നീട് ഞങ്ങളെയെല്ലാം കോഴിക്കോട് എസ്.പി ഓഫീസിലെ കണ്‍ട്രോള്‍ റൂമില്‍ കൊണ്ടുപോയി ഇറക്കി. താമസിയാതെ കോഴിക്കോട് ജില്ലയിലെ പല പ്രസ്ഥാന നേതാക്കളെയും പ്രവര്‍ത്തകരെയും കൊണ്ടുവന്ന് ഞങ്ങളുടെ കൂടെ ആക്കി. ഞങ്ങളെ അറസ്റ്റ് ചെയ്ത് കൊണ്ടുവന്നു എന്നതൊഴിച്ചാല്‍ മറ്റൊരു നടപടിയുമുണ്ടായില്ല. പ്രാഥമികാവശ്യങ്ങളുടെ നിര്‍വഹണം, ഭക്ഷണം, താമസം എല്ലാം മൂന്ന് ദിവസം കണ്‍ട്രോള്‍ റൂമിനുള്ളില്‍ തന്നെയായിരുന്നു. നാലാം ദിവസം (തിങ്കളാഴ്ച) വൈകുന്നേരം എന്നെയും ടി. അബ്ദുല്‍ കരീം, വി.എ കബീര്‍, യൂസുഫ് എന്നിവരെയും ഓരോരുത്തരെയായി വിളിപ്പിച്ച് വീട്ടില്‍ പോകാന്‍ പറഞ്ഞു. ഞാന്‍ പോകാനൊരുങ്ങിയപ്പോള്‍ കെ.സി അബ്ദുല്ല മൗലവി പറഞ്ഞു: ''ഇനി നീ ഇവിടെ നില്‍ക്കേണ്ട. ഉദ്ദേശിച്ചതുപോലെ മക്കയിലേക്ക് പോയിക്കൊള്ളുക.''
മറ്റുള്ളവര്‍ക്കെതിരെ എഫ്.ഐ.ആര്‍ തയാറാക്കി അവരെ കോഴിക്കോട് പുതിയറ ജയിലിലേക്കയച്ചു. കേരള ശൂറായിലോ ജില്ലാ സമിതിയിലോ അംഗങ്ങളായവരെ മാത്രമാണ് പിടിച്ചുവെക്കാന്‍ നിര്‍ദേശമുണ്ടായതെന്ന് പിന്നീടറിഞ്ഞു. ഞാനടക്കം വിട്ടയക്കപ്പെട്ടവര്‍ അത് രണ്ടിലും അംഗങ്ങളായിരുന്നില്ല (അടിയന്തരാവസ്ഥയിലെ സംഭവങ്ങള്‍ 2000 ജൂലൈ 15-ന് പ്രബോധനം പ്രസിദ്ധീകരിച്ച 'ഞാനും രാമനും ജമാഅത്തിന്റെ എതിര്‍സാക്ഷികള്‍' എന്ന ലേഖനത്തില്‍ വിശദീകരിച്ചിട്ടുണ്ട്).
ഹജ്ജ് യാത്ര ആരംഭിക്കാന്‍ മാസങ്ങള്‍ ബാക്കിയുണ്ടായിരുന്നു. യാത്ര ആരംഭിച്ച ശേഷം ഞാന്‍ ബോംബെയില്‍ പോയി വിസയും ടിക്കറ്റും സമ്പാദിച്ച് 1975 നവംബര്‍ 16-ന് മക്കയിലെത്തി. റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമി ആസ്ഥാനത്ത് പോയി അന്വേഷിച്ചപ്പോഴാണ് പുതുതായി നിയമനങ്ങള്‍ നിര്‍ത്തിവെച്ച വിവരമറിയുന്നത്.
അക്കാലത്ത് പ്രസ്ഥാനമേല്‍പിച്ച ഒരു ദൗത്യത്തിന്റെ നിര്‍വഹണാര്‍ഥം ടി.കെ ഇബ്‌റാഹീം മക്കയിലെത്തിയിരുന്നു. എന്നെപ്പോലെത്തന്നെ അദ്ദേഹത്തെയും ജമാഅത്ത് നിരോധം പ്രശ്‌നത്തിലാക്കിയിരുന്നു. ഞങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് തീരുമാനിച്ചു, ശൈഖ് ഇബ്‌നു ബാസിനെ കണ്ട് ഞങ്ങളുടെ ദുരവസ്ഥ അദ്ദേഹത്തിന്റെ മുന്നില്‍ വെക്കാമെന്ന്. അദ്ദേഹത്തിന്റെ വിശാല മനസ്‌കതയും പരോപകാര തല്‍പരതയും മദീനാ ജീവിതകാലത്ത് ഞങ്ങള്‍ അനുഭവിച്ചറിഞ്ഞതാണ്. ആദ്യം മദീനാ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറായും പിന്നീട് ചാന്‍സലറായും പ്രവര്‍ത്തിച്ച അദ്ദേഹം മുഫ്തി ശൈഖ് മുഹമ്മദുബ്‌നു ഇബ്‌റാഹീമിന്റെ വിയോഗശേഷമാണ് ദാറുല്‍ ഇഫ്തായുടെ ചെയര്‍മാനായി നിയമിക്കപ്പെട്ടത്. 1970-ല്‍ പി. മുഹമ്മദ് അബുല്‍ ജലാല്‍ മൗലവിയുടെ സുഊദീ സന്ദര്‍ശനവേളയില്‍ ശൈഖ് അബ്ദുല്‍ അസീസ് ബ്‌നു ബാസ് കഴിവിന്റെ പരമാവധി സഹായം ചെയ്തിരുന്നു. ശാന്തപുരം ഇസ്‌ലാമിയാ കോളേജിനെ ശൈഖ് ഇബ്‌നു ബാസിന് പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹം സന്തോഷപൂര്‍വം അബുല്‍ ജലാല്‍ മൗലവിയെ സ്വീകരിച്ചു. അദ്ദേഹത്തിന്റെ ദൗത്യപൂര്‍ത്തീകരണത്തില്‍ സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് മദീന, മക്ക, ജിദ്ദ, രിയാദ് എന്നിവടങ്ങളിലെ ഉദാരമതികളായ പ്രമുഖ വ്യക്തികള്‍ക്ക് പ്രത്യേകം പ്രത്യേകം കത്തുകള്‍ എഴുതിക്കൊടുത്തു. മൗലവിയുടെ ദൗത്യം വിജയിക്കുന്നതില്‍ നിസ്സീമമായ പങ്കാണിത് വഹിച്ചത്.
ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ മുഹമ്മദ് യൂസുഫ് സാഹിബുമായി അഗാധമായ സ്‌നേഹബന്ധമാണ് ശൈഖ് ഇബ്‌നു ബാസിനുണ്ടായിരുന്നത്. യൂനിവേഴ്‌സിറ്റിയുടെ ഒരൊഴിവു കാലത്ത് നാട്ടില്‍ വന്ന് തിരിച്ചുപോകുമ്പോള്‍ മുഹമ്മദ് യൂസുഫ് സാഹിബ് ശൈഖ് ഇബ്‌നു ബാസിന് നല്‍കാന്‍ സുഗന്ധദ്രവ്യം തന്നയച്ചതും ഞാനത് ശൈഖിന് നല്‍കിയതും ഓര്‍ക്കുന്നു.
എന്റെ മദീനാ പഠനകാലത്ത്, അന്തമാന്‍ ദ്വീപിന്റെ സവിശേഷതകളും അവിടത്തെ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയും വിവരിച്ചുകൊണ്ട് ശൈഖ് ഇബ്‌നു ബാസിന് ഒരു കത്തെഴുതിയതിന്റെ അടിസ്ഥാനത്തില്‍ അന്തമാന്‍കാര്‍ക്ക് ഓരോ വര്‍ഷവും മദീനാ യൂനിവേഴ്‌സിറ്റിയിലെ പഠനത്തിന് ഓരോ സ്‌കോളര്‍ഷിപ്പ് അനുവദിക്കുകയുണ്ടായി. എം. അബ്ദുല്‍ ഗഫൂര്‍, എന്‍. ഹംസ, എ. സുബൈര്‍ എന്നിവര്‍ അങ്ങനെയാണ് മദീനാ യൂനിവേഴ്‌സിറ്റിയിലെത്തിയത്. അന്തമാനില്‍ നിന്നുള്ള എന്‍. മൂസയും അവിടെ വിദ്യാര്‍ഥിയായിരുന്നു. മദീനാ യൂനിവേഴ്‌സിറ്റിയിലെ അധ്യാപകന്മാരില്‍ വലിയൊരു വിഭാഗം ഈജിപ്ത്, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയവരായിരുന്നു. അവരെയെല്ലാം സ്വീകരിച്ച് ഉന്നത സ്ഥാനങ്ങളില്‍ നിയോഗിക്കുന്നതില്‍ ശൈഖ് ഇബ്‌നു ബാസ് സവിശേഷ താല്‍പര്യം കാണിച്ചിരുന്നു. 
സുഊദി അറേബ്യയിലെ ഗ്രാന്റ് മുഫ്തിയായിരുന്ന ശൈഖ് മുഹമ്മദ്ബ്‌നു ഇബ്‌റാഹീമിന്റെ കാലശേഷം ശൈഖ് ഇബ്‌നു ബാസ് ദാറുല്‍ ഇഫ്തായുടെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. ദാറുല്‍ ഇഫ്താ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഡിപ്പാര്‍ട്ട്‌മെന്റിന്റെ പൂര്‍ണ നാമം 'അര്‍രിആസത്തുല്‍ ആമ്മ ലി ഇദാറാത്തില്‍ ബുഹൂസില്‍ ഇല്‍മിയ്യ വല്‍ ഇഫ്താഇ വദ്ദഅ്‌വത്തി വല്‍ ഇര്‍ശാദ്' (General Directorate for scientific Research Ifta, Dawa & Guidance) എന്നാണ്. വര്‍ഷങ്ങള്‍ക്കു ശേഷം അതിലെ ദഅ്‌വയും ഇര്‍ശാദും ഒപ്പം ഇസ്‌ലാമിക കാര്യങ്ങളും വഖ്ഫും കൂടിച്ചേര്‍ത്ത് 'വിസാറത്തുശ്ശുഊനില്‍ ഇസ്‌ലാമിയ്യ വല്‍ ഔഖാഫി വദ്ദഅ്‌വത്തി വല്‍ ഇര്‍ശാദ്' (Ministry for Islamic Affairs, Awaqaf, Dawa & Guidance) എന്ന പേരില്‍ മന്ത്രാലയം നിലവില്‍ വന്നു. ഇപ്പോള്‍ ഈ മന്ത്രാലയത്തിനു കീഴിലാണ് പ്രബോധന വകുപ്പ്.
ശൈഖ് ഇബ്‌നു ബാസ് ദാറുല്‍ ഇഫ്തായുടെ ചുമതലയേറ്റ ശേഷം അദ്ദേഹത്തിന്റെ ആസ്ഥാനം രിയാദിലായിരുന്നുവെങ്കിലും ഹജ്ജ് കാലത്ത് ഏതാനും മാസങ്ങള്‍ മക്കയിലായിരിക്കും അദ്ദേഹത്തിന്റെ താല്‍ക്കാലിക ഓഫീസ്.
ഹജ്ജ് കഴിഞ്ഞ് ഞാനും ടി.കെ ഇബ്‌റാഹീം സാഹിബും ഞങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഓരോ കത്ത്  തയാറാക്കി ശൈഖ് ഇബ്‌നു ബാസിന്റെ ഓഫീസില്‍ ചെന്നു. സാധാരണപോലെ ജനനിബിഡമായിരുന്നു അദ്ദേഹത്തിന്റെ ഓഫീസ്. ബാല്യകാലത്ത് കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ട അദ്ദേഹം എല്ലാ ദിവസവും തന്റെ ഓഫീസില്‍ ആദ്യാവസാനം കര്‍മനിരതനായി ഉണ്ടാവും. ഒരു വിശാലമായ ഹാളിലായിരിക്കും അദ്ദേഹം ഇരിക്കുക. വലതുഭാഗത്തും ഇടതുഭാഗത്തും ഓരോ സെക്രട്ടറിമാര്‍. സന്ദര്‍ശകര്‍ സലാം പറഞ്ഞ് ആവശ്യങ്ങളെഴുതിയ എഴുത്തുകള്‍ ശൈഖിന്റെ കൈയിലോ സെക്രട്ടറിമാരുടെ കൈയിലോ കൊടുക്കും. സെക്രട്ടറി തനിക്ക് കിട്ടിയ എഴുത്ത് ശൈഖിന് വായിച്ചു കേള്‍പിക്കും. അതിന്റെ മറുപടിയോ നടപടിയോ ഉടനെ പറഞ്ഞുകൊടുക്കും. സെക്രട്ടറി അതെഴുതുമ്പോഴേക്ക് മറ്റേ സെക്രട്ടറിയോട് തന്റെ കൈവശമുള്ള എഴുത്ത് വായിക്കാന്‍ പറയും. അതിന്റെ ഉള്ളടക്കം കേട്ട ശേഷം ആദ്യത്തെ സെക്രട്ടറിക്ക് പറഞ്ഞുകൊടുത്തതുപോലുള്ള നടപടികളെഴുതാന്‍ കല്‍പിക്കുന്നു. വിശ്രമമില്ലാതെ മണിക്കൂറുകള്‍ ഇതേപടി തുടരും. സെക്രട്ടറിമാര്‍ക്ക് ക്ഷീണം തോന്നിയാലും ശൈഖിന് ക്ഷീണം തോന്നുകയില്ല. അതിനിടയില്‍ പുതുതായി ശൈഖുമായി സംസാരിക്കാന്‍ വരുന്നവര്‍ക്ക് അവസരം നല്‍കുകയും ചെയ്യും.
ഞങ്ങള്‍ തയാറാക്കിയ എഴുത്തുകള്‍ സെക്രട്ടറി ശൈഖ് ഇബ്‌നു ബാസിന് വായിച്ചു കേള്‍പിച്ചു. ഞങ്ങളോട് ഒന്നും പറയാതെ അതില്‍ തീരുമാനമാക്കി നോട്ടെഴുതാന്‍ കല്‍പിച്ചു. സൗകര്യമനുസരിച്ച് ഞങ്ങള്‍ക്ക് നിയമനം നല്‍കണമെന്ന് നിര്‍ദേശിച്ചായിരുന്നു ദാറുല്‍ ഇഫ്തായുടെ വൈസ് ചെയര്‍മാന്‍ ശൈഖ് ഇബ്‌റാഹീമുബ്‌നു സാലിഹ് ആലുശ്ശൈഖിനുള്ള കുറിപ്പ്. അതിന്റെ കൂടെ രിയാദിലേക്കുള്ള യാത്രയില്‍ പ്രയാസമുണ്ടാകാതിരിക്കാന്‍ അദ്ദേഹം ചെക്കുപോസ്റ്റുകളിലെ ഉദ്യോഗസ്ഥന്മാര്‍ക്ക് മറ്റൊരു കത്തും എഴുതി കൈയില്‍ തന്നു. ഈ എഴുത്തുമായി വരുന്ന രണ്ടു പേരും മദീനാ യൂനിവേഴ്‌സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കിയ നല്ലവരായ വ്യക്തികളാണെന്നും ഔദ്യോഗിക ആവശ്യത്തിന് രിയാദിലേക്ക് പോകുന്ന ഇവര്‍ക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാന്‍ സൗകര്യം ചെയ്തുകൊടുക്കണമെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം. ഹജ്ജ് വിസയിലുള്ള ഞങ്ങള്‍ക്ക് നിയമപരമായി രിയാദില്‍ പോകാന്‍ അനുവാദമുണ്ടായിരുന്നില്ല. ഞങ്ങള്‍ വിഷമമില്ലാതെ രിയാദിലെത്തി. ദാറുല്‍ ഇഫ്തായിലെ നിര്‍ദിഷ്ട വ്യക്തിക്ക് കത്തുകള്‍ കൈമാറി. അദ്ദേഹം ദഅ്‌വാ വിഭാഗത്തോട് അന്വേഷിച്ച ശേഷം കനഡയിലേക്കും ദുബൈയിലേക്കും ഓരോ പ്രബോധകരെ ആവശ്യമുണ്ടെന്ന് അറിയിച്ചു. ഇംഗ്ലീഷ് ഭാഷയില്‍ കൂടുതല്‍ പ്രാവീണ്യം നേടാനുള്ള അവസരമെന്ന നിലയില്‍ ഇബ്‌റാഹീം സാഹിബ് കനഡ തെരഞ്ഞെടുത്തപ്പോള്‍ കേരളത്തോട് ഏറ്റവും അടുത്ത പ്രദേശമെന്ന നിലയില്‍ ഞാന്‍ ദുബൈ ആണ് തെരഞ്ഞെടുത്തത്. അന്ന് ദാറുല്‍ ഇഫ്താഇലെ പ്രബോധന വിഭാഗം രായി വിഭജിക്കപ്പെട്ടിരുന്നു. 'അദ്ദഅ്‌വ ഫില്‍ ഖാരിജ്' (പുറം നാടുകളിലെ പ്രബോധനം), 'അദ്ദഅ്‌വ ഫിദ്ദാഖിലി വദുവലില്‍ ഖലീജില്‍ അറബി' (സുഊദി അറേബ്യക്കകത്തും അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങളിലുമുള്ള പ്രബോധനം) എന്നിങ്ങനെയായിരുന്നു വിഭജനം. ആദ്യത്തേതിന്റെ ഡയറക്ടര്‍ ശൈഖ് മുഹമ്മദ്ബ്‌നു ഖുഊദും രാമത്തേതിന്റെ ഡയറക്ടര്‍ ശൈഖ് അബ്
ദുല്ലാഹ് ഫന്‍തൂഖുമായിരുന്നു. 1974-ല്‍ ദല്‍ഹിയില്‍ ചേര്‍ന്ന ജമാഅത്തിന്റെ അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുത്തിരുന്ന അദ്ദേഹത്തിന് എന്നെ അടുത്ത പരിചയമുണ്ടായിരുന്നു. അദ്ദേഹത്തിനു കീഴില്‍ ജോലി ചെയ്യുന്നതില്‍ എന്നെപ്പോലെ അദ്ദേഹവും സന്തോഷവും താല്‍പര്യവും പ്രകടിപ്പിച്ചു. നിയമനവുമായി ബന്ധപ്പെട്ട എന്റെ ഫയല്‍ അദ്ദേഹത്തിന്റെ കൈയിലും, ഇബ്‌റാഹീം സാഹിബിന്റെ ഫയല്‍ ശൈഖ് ഇബ്‌നു ഖുഊദിന്റെ കൈയിലുമായി. നിയമന വ്യവസ്ഥകള്‍, ശമ്പളം, അലവന്‍സ്, ലീവ്, ടിക്കറ്റ് തുടങ്ങിയ കാര്യങ്ങളെഴുതിയ എഗ്രിമന്റ് ഒപ്പിടാന്‍ ആഴ്ചകളെടുത്തു. എന്നെ യു.എ.ഇയില്‍ പ്രബോധകനായി നിശ്ചയിച്ച വിവരമടങ്ങിയ, ശൈഖ് ഇബ്‌നു ബാസ് ഒപ്പിട്ട ഐഡന്റിറ്റി കാര്‍ഡ് എനിക്ക് കിട്ടി. എന്റെ വിസക്ക് യു.എ.ഇ എംബസിയുമായി ബന്ധപ്പെടാന്‍ സുഊദി വിദേശകാര്യ മന്ത്രാലയത്തിനും ദുബൈയിലേക്ക് ടിക്കറ്റ് നല്‍കാന്‍ സുഊദി എയര്‍ ലൈന്‍സിനും കത്തുകള്‍ നല്‍കി. 1976 ഫെബ്രുവരിയിലാണ് ദുബൈയിലേക്ക് യാത്ര തിരിച്ചത്.

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (22-25)

ഹദീസ്‌

സമ്പദ്‌സമൃദ്ധിയും ശരീരസൗന്ദര്യവും
കെ.പി ബഷീര്‍ ഈരാറ്റുപേട്ട