മഹാ തീര്‍ഥാടനം
[കഅ്ബയെ ലക്ഷ്യം വെച്ച് മണല്‍പരപ്പുകള്‍ താണ്ടി-2]
1933 മാര്‍ച്ച് 27
സൂര്യോദയത്തിനുശേഷം മൂന്നുമണിക്കൂര്‍ കഴിഞ്ഞ് ഞാന്‍ ഒരിക്കല്‍കൂടി ഹറമിലെത്തി. കൂടെ മുസ്തഫയുമുണ്ട്. നേരത്തെ മുറിയില്‍ നിന്നു പുറപ്പെടുമ്പോള്‍ തന്നെ അങ്കണം ചൂടായിരുന്നു. സ്‌റ്റോകിംഗ്‌സ് ധരിച്ച എന്റെ കാലിനു ചൂടനുഭവപ്പെട്ടു. കഅ്ബക്കുചുറ്റും വലിയ ജനക്കൂട്ടമുണ്ട്. ഇഹ്‌റാം വേഷത്തില്‍ ഇബ്‌നു സുഊദ് അകത്തുണ്ടെന്ന് ഞാന്‍ കേട്ടു. സംസംവെള്ളം കൊണ്ട് നിലം കഴുകുകയാണദ്ദേഹം. ശേഷം മക്കക്കാര്‍ ത്വാഇഫില്‍നിന്നുകൊണ്ടുവന്ന പനിനീര്‍പ്പൂക്കള്‍ വാറ്റിയുണ്ടാക്കിയ അത്തര്‍ നിലത്ത് കൂടയും. അറേബ്യയുടെ പോരാളിയായ രാജാവ് നിര്‍വഹിക്കുന്ന നിസ്തുലമായ ഈ ചടങ്ങിന്റെ നേര്‍ക്കാഴ്ച കിട്ടാന്‍ ഞാന്‍ മണ്ഡപത്തിന്റെ വെള്ളിപ്പടവുകളില്‍ കയറിനിന്നു. പക്ഷേ, കാലു പൊള്ളിയതിനാല്‍ ഞാനാ ഉദ്യമം മനമില്ലാമനസ്സോടെ ഉപേക്ഷിച്ചു. പ്രശസ്തമായ സംസം കിണര്‍ സന്ദര്‍ശിച്ചു. കിണറിനു മീതെ ഒരു മൂറിഷ് പന്തലുണ്ട്. മങ്ങിയ വെളിച്ചമുള്ള അതിന്റെ ഉള്‍ഭാഗം പകുതി ഭൂമിക്കടിയിലാണ്. കിണറിനു ചുറ്റും പാരപ്പറ്റും ഇരുമ്പുവേലിയുമുണ്ട്. രണ്ട് അറബികള്‍ ഇടവിട്ട് അടിയില്‍നിന്ന് വെള്ളം വലിച്ചു കയറ്റിക്കൊണ്ടിരുന്നു. കാത്തുനില്‍ക്കുന്ന പാത്രങ്ങളിലേക്ക് അവര്‍ വെള്ളം ഒഴിച്ചുകൊടുക്കുന്നു. ഓരോ തീര്‍ഥാടകനും സംസം കുടിക്കും. ഔഷധ വീര്യമുള്ളതിനാല്‍ എല്ലാ സ്വകാര്യവസതികളിലേക്കും സംസം ജലം കൊണ്ടുപോവുന്നുണ്ട്.
മാര്‍ച്ച് 28
ഇന്ന് ഉച്ചക്കുശേഷം എന്റെ ആതിഥേയന്റെയും മുസ്തഫയുടെയും അകമ്പടിയോടെ ഞാന്‍ മോട്ടോര്‍വാഹനത്തില്‍ മിനയും അറഫായും സന്ദര്‍ശിച്ചു തീര്‍ഥാടകര്‍ക്കുള്ള താമസ സൗകര്യങ്ങള്‍ നോക്കിക്കണ്ടു. മിനയില്‍ ഞാന്‍ മുന്നു രാത്രി കഴിച്ചു കൂട്ടേണ്ടിയിരിക്കുന്നു. മക്ക വിട്ട് വടക്കോട്ട് സഞ്ചരിച്ച ഞങ്ങള്‍ നഗരപ്രാന്തത്തില്‍ രാജാവ് പണികഴിപ്പിച്ച കൊട്ടാരം പിന്നിട്ടു. ചാര നിറത്തിലുള്ള ഒരു കൂറ്റന്‍ ഗ്രാനൈറ്റ് സൗധമാണത്. മധ്യത്തിലുള്ള വലിയ കമാനത്തോടു കൂടിയ പ്രവേശ കവാടത്തിലൂടെ നോക്കിയാല്‍ നിറയെ തൊട്ടാവാടിയും ഈത്തപ്പന മരങ്ങളും കാണാം.
കൊട്ടാരത്തെ പിന്നിലാക്കി മുന്നോട്ടുപോയ ഉടനെ ഞങ്ങള്‍ നജ്ദില്‍ നിന്നുള്ള തീര്‍ഥാടകരുമായി എത്തിയ വലിയ ഒരൊട്ടകക്കൂട്ടത്തെ കണ്ടു. മഹാപരാക്രമികളായ ഇഖ്‌വാന്‍ യോദ്ധാക്കളായിരുന്നു അവര്‍. അവരുടെ സ്ത്രീകളെ വലിയ കൂടുകള്‍ പോലെയുള്ള കുട്ടകളിലാക്കി ഒട്ടകങ്ങളുടെ പൂഞ്ഞയുടെ ഇരുവശങ്ങളിലുമായി തൂക്കിയിട്ടിരുന്നു. ചെറുദ്വാരങ്ങളുള്ള പായകള്‍കൊണ്ട് അവരെ പൂര്‍ണമായും മറച്ചിരുന്നു. തീര്‍ഥാടന വേളയില്‍ ഞാന്‍ ധരിച്ചിരുന്ന മുഖപടം പോലെയായിരുന്നു അത്. മൂന്നോ നാലോ ആഴ്ചയായി അവര്‍ യാത്രയിലായിരുന്നതിനാല്‍ മരുഭൂമിയില്‍ അവര്‍ക്ക് കൂടുതല്‍ വായു ലഭിച്ചിട്ടുണ്ടാവും. ഞങ്ങള്‍ കിഴക്കോട്ട് തിരിഞ്ഞു, ആഴമേറിയ ഒരു മലയിടുക്കിലൂടെ യാത്ര തുടര്‍ന്നു. പരേതനായ ഹുസൈന്‍ രാജാവ് വെട്ടിത്തെളിയിച്ചതാണീ പാത. അദ്ദേഹത്തിന്റെ ഒരു സല്‍പ്രവൃത്തിയായിരുന്നു അത് എന്നാണ് മക്കക്കാര്‍ പറയുന്നത്. ഈ ഇടനാഴി ഉണ്ടാവുന്നതിന് മുമ്പ് അത് അങ്ങേയറ്റം ആപല്‍ക്കരമായ വഴിയായിരുന്നിരിക്കണം, പ്രത്യേകിച്ചും ഒട്ടകങ്ങള്‍ക്ക്. കുത്തനെയുള്ളതും വഴുവഴുക്കുള്ളതുമായ ഈ പാറക്കെട്ട് മുറിച്ചു കടക്കവെ എത്രയോ തീര്‍ഥാടകര്‍ മൃത്യു വരിച്ചിട്ടുണ്ട്.
അഗാധമായ ഈ മലയിടുക്കില്‍നിന്ന് പുറത്തുകടന്ന് ഞങ്ങള്‍ മിനയില്‍ എത്തി. അറഫാതില്‍നിന്നു മടങ്ങിയ ശേഷം ഹാജിമാര്‍ പിശാചിനെ കല്ലെറിയുന്ന ഒരു ചെറിയ മരുഭൂപട്ടണമാണിത്. അവിടെ ഞാന്‍ പില്‍ഗ്രിം ഹോട്ടല്‍ സന്ദര്‍ശിച്ചു. മലയടിവാരത്തിലെ തമ്പ് ആണ് കൂടുതല്‍ നല്ലത് എന്ന തീരുമാനത്തില്‍ ഞാന്‍ എത്തി. കാലാവസ്ഥ ചൂടുള്ളതാണെങ്കില്‍ കൂടി അതാണ് നല്ലത്. മുറികള്‍ക്ക് ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ എനിക്ക് സ്വന്തമായി ഒന്നും കിട്ടുകയുമില്ല.
മിന എന്ന നീണ്ട തെരുവിന്റെ പിറകിലെ മരുഭൂമിയില്‍ അല്‍ഖയിഫ് എന്ന പേരില്‍ ഒരു പള്ളിയുണ്ട്. വളരെ പഴക്കം ചെന്നതാണത്. കല്ലുകള്‍കൊണ്ടുള്ള കമാനങ്ങളും ഒരു കുംഭഗോപുരവുമുണ്ട് അതിന്. അതിനു താഴെ വെച്ചാണ് പ്രവാചകന്‍ തന്റെ അവസാന തീര്‍ഥാടന വേളയില്‍ നമസ്‌കരിച്ചത്. ബലിദിനങ്ങളില്‍ മാത്രമേ ഈ പള്ളി തുറക്കുകയുള്ളൂ. ഈ മുന്നു ദിനങ്ങളില്‍ രാവും പകലും പള്ളി ജനനിബിഡമായിരിക്കും. ഒരിക്കല്‍ കൂടി അതിന്റെ രണ്ടു മിനാരങ്ങളില്‍നിന്ന് ബാങ്കൊലി മുഴങ്ങുന്നു. ഹജ്ജ് അവസാനിക്കുകയും തമ്പുകള്‍ മടക്കപ്പെടുകയും പുരുഷാരം സ്ഥലംവിടുകയും ചെയ്യുമ്പോള്‍ പള്ളി അതിന്റെ ഏകാന്തതയില്‍ നിശ്ശബ്ദമാവുന്നു.
വെള്ളം വറ്റിയ നദീതടത്തിലൂടെ ഞങ്ങള്‍ വാഹനമോടിച്ചു. കുന്നുകള്‍ കൂടുതല്‍ ചെങ്കുത്തായി. വടക്കോട്ടും കിഴക്കോട്ടും പര്‍വതനിരകള്‍ നീണ്ടു കിടക്കുന്നു. അവയുടെ താഴെ ചരിവുകളില്‍ പച്ചയും ചാരവും നിറങ്ങളിലുള്ള മുള്‍ച്ചെടികളുണ്ട്. അവ ഞെരിച്ചമര്‍ത്തി പോവുമ്പോള്‍ അവയില്‍ പലതില്‍ നിന്നും സുഗന്ധം വമിക്കുന്നു. ശുഷ്‌കമായ ആ പച്ചപ്പില്‍ ബദവികള്‍ ബശം എന്നുവിളിക്കുന്ന ഒരു കുറ്റിച്ചെടിയുണ്ട്. ഇലകള്‍ ചതച്ചാല്‍ സുഗന്ധം വമിക്കുന്ന കുറ്റിച്ചെടിയാണത്. വേനല്‍ക്കാലത്ത് ചെടിയില്‍ ചെറിയ മുറിവുകളുണ്ടാക്കുന്നു. അവയിലൂടെ ഊറി വരുന്ന നേര്‍ത്ത പശ സഞ്ചികളില്‍ ശേഖരിക്കുന്നു. മുറിവുകളില്‍ പുരട്ടുന്നതിനുള്ള ലേപനമായി അതുപയോഗിക്കുന്നു. ഔഷധ ഗുണമുള്ളതാണത്. സുലൈമാന്‍ രാജാവാണ് ഈ ചെടി പ്രചാരത്തില്‍ വരുത്തിയത് എന്നാണ് ഐതിഹ്യം. അദ്ദേഹത്തിനിത് സമ്മാനിച്ചത് ഷേബയിലെ രാജ്ഞിയാണ്.
വിശുദ്ധ അതിര്‍ത്തി അടയാളപ്പെടുത്തുന്ന രണ്ട് തൂണുകളുടെ സമീപം ഞങ്ങള്‍ കടന്നുപോയി. അനന്തമായി നീണ്ടുകിടക്കുന്ന മരുഭൂമികളും അറേബ്യയുടെ ഹൃദയത്തിലേക്കു നീണ്ടുകിടക്കുന്ന കുന്നുകളും ഞങ്ങള്‍ കണ്ടു. അവിടെനിന്നങ്ങോട്ട് കാറ് പോവുകയില്ല. ഞങ്ങള്‍ ഇടത്തോട്ടു തിരിഞ്ഞ് അറഫാ മലയുടെ താഴ്‌വാരത്തുകൂടെ വണ്ടിയെടുത്തു. നിരന്ന സ്ഥലങ്ങളില്‍ അനേകം പ്രാര്‍ഥനാ ഇടങ്ങളുളള, കുത്തനെയുള്ള ഒരു പാറക്കെട്ടാണത്. ഏറ്റവും മുകളില്‍ ഒരു ഗ്രാനൈറ്റ് സ്തംഭമുണ്ട്.
മലകളില്‍നിന്നുള്ള ജലം വലിയ ടാങ്കുകളില്‍ ഇവിടെ ശേഖരിച്ചു ആഴമുള്ള കനാല്‍വഴി മലയിടുക്കില്‍ എത്തിച്ച് അവിടെനിന്ന് മക്കത്തേക്ക് കൊണ്ടുപോവുന്നു. ഏകദേശം ഇരുപതു മൈല്‍ ദൂരമുണ്ട് മക്കത്തേക്ക്. ആയിരം വര്‍ഷം പഴക്കമുണ്ട് മഹത്തായ ഈ ജലനിര്‍ഗമ മാര്‍ഗത്തിന്. ഇന്നും നഗരത്തിനാവശ്യമായ ജലം ലഭ്യമാക്കുന്ന ഈ കനാല്‍ അക്കാലത്തെ തൊഴിലാളികളുടെ തൊഴില്‍ വൈദഗ്ധ്യം വിളിച്ചോതുന്നു. അതു നിര്‍മിക്കാന്‍ മുന്‍കൈയെടുത്ത രാജ്ഞിയുടെ സംരംഭക ശേഷിയേയും അതടയാളപ്പെടുത്തുന്നു.
ഞങ്ങള്‍ കാറില്‍നിന്നിറങ്ങി ആദ്യ നിരപ്പിലേക്ക് കയറി. ആദമിന്റെ പ്രാര്‍ഥനാ സ്ഥലം എന്നറിയപ്പെടുന്ന ചെറിയ തുറന്ന സ്ഥലം ഇവിടെയുണ്ട്. ഭൂമിയില്‍ മനുഷ്യന്‍ ദൈവത്തിനു ആദ്യമായി സാഷ്ടാംഗം ചെയ്തത് ഇവിടെയാണെന്ന് പറയപ്പെടുന്നു. ധാരാളം തീര്‍ഥാടകര്‍ ഇവിടെ വിശ്രമിക്കുന്നുണ്ട്. അതിന്റെ പിറകില്‍ ധാരാളമായി വലിയ പാറക്കല്ലുകളുണ്ട്. യമനില്‍നിന്നുള്ള സ്ത്രീ-പുരുഷന്മാരെക്കൊണ്ട് സജീവമാണ് കുന്ന്. തങ്ങളുടെ തെക്കന്‍ മരുഭൂമിയില്‍നിന്ന് അറ്റമില്ലാത്ത മണല്‍ക്കാട് താണ്ടി അനേകം മാസങ്ങള്‍ കൊണ്ടാണ് അവര്‍ ഇവിടെ എത്തിച്ചേര്‍ന്നത്. വൈക്കോല്‍ കൊണ്ടുണ്ടാക്കിയ വിചിത്രമായ കൂര്‍ത്ത തൊപ്പികള്‍ ധരിച്ച സ്ത്രീജനങ്ങള്‍ മന്ത്രവാദിനികളെപ്പോലെ തോന്നിച്ചു. പല സ്ത്രീകളും പരിഷ്‌കൃതരും സുന്ദരികളുമാണെന്ന് എനിക്കു തോന്നി. സ്വാതന്ത്ര്യത്തോടു കൂടിയാണ് അവരുടെ നടത്തം. മലവാസികള്‍ക്കിടയില്‍ ഇത് പതിവാണ്.
താഴോട്ടിറങ്ങിയ അവര്‍ കാറ് കണ്ട് പേടിച്ച് ധൃതിയില്‍ നടന്നകന്നു. ഇതിന് മുമ്പ് അവര്‍ മോട്ടോര്‍ വാഹനം കണ്ടിട്ടില്ല. അതൊരു നിരുപദ്രവകാരിയാണെന്ന് അവരെ ബോധ്യപ്പെടുത്താന്‍ വളരെ സമയമെടുത്തു.
സ്വര്‍ണവും എണ്ണയും
പാറയും മണലുമല്ലാതെ ഈ ഭൂമിയില്‍ ഒന്നുമില്ലേ? അതോ അതിന്റെ ഉഗ്രമായ കഠിനതകള്‍ക്കുള്ളില്‍ ധാതുസമ്പത്തുണ്ടോ? മുമ്പുകാലത്ത് ഓഫീറിലെ സ്വര്‍ണഖനികള്‍ ലോകമെമ്പാടും പ്രശസ്തമായിരുന്നു. അവരുടെ നിധി തീര്‍ന്നുപോയിട്ടില്ല. ഒരുപക്ഷേ, വിദേശ ചൂഷണത്തെക്കുറിച്ചുള്ള ഭീതിയും മറ്റു ഇസ്‌ലാമികരാജ്യങ്ങളില്‍ അന്യരാജ്യക്കാര്‍ നടത്തിയ കടന്നുകയറ്റവും ആയിരിക്കണം സ്വന്തം വിഭവശേഷി തിരിച്ചറിയുന്നതില്‍നിന്ന് ഈ ജനതയെ പിന്തിരിപ്പിക്കുന്നത്. അവരുടെ നാട് അവര്‍ സ്വതന്ത്രവും വിശുദ്ധ നഗരങ്ങള്‍ സുരക്ഷിതവുമാക്കി വച്ചിരിക്കുന്നു. നൂറ്റാണ്ടുകളായി തീര്‍ഥാടകരെ ആശ്രയിച്ചാണ് ഹിജാസിന്റെ ജീവിതം. പക്ഷേ, ഇപ്പോള്‍ ഓരോ വര്‍ഷവും തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഒരിക്കല്‍ രണ്ടുലക്ഷമോ അതിലധികമോ പേര്‍ തീര്‍ഥാടനത്തിന് എത്തിയിരുന്നു. പക്ഷേ, ലോക മാന്ദ്യം കാരണമായി തീര്‍ഥാടകരുടെ എണ്ണം ഒരു ലക്ഷമായി കുറഞ്ഞിരിക്കുന്നു. അറേബ്യ ഞെരുങ്ങുകയാണ്. ജിദ്ദയില്‍ വെച്ച് എണ്ണ പര്യവേക്ഷണത്തെക്കുറിച്ച് ഞാന്‍ കേട്ടു. അമേരിക്കക്കാരും ഇംഗ്ലീഷുകാരും അനുവാദത്തിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
ഏപ്രില്‍ 3
രാത്രി മുഴുവന്‍ ഒട്ടകപ്പുറത്ത് ചരക്കുകള്‍ കയറ്റുകയായിരുന്നു. മുരളലും അമറലും ഒഴിഞ്ഞ നേരമുണ്ടായിരുന്നില്ല. ഉറങ്ങുക എന്ന പ്രശ്‌നമേ ഇല്ല. സാര്‍വത്രികമായ ഒച്ചയും ബഹളവുംമൂലം ആകെ അസ്വസ്ഥ ഭരിതമായിരുന്നു.
ഞാന്‍ നേരത്തെ എഴുന്നേറ്റു, ഹജ്ജിനുമുമ്പുള്ള അവസാനത്തെ ത്വവാഫ് ചെയ്യുന്നതിനായി മുട്ടുകുത്തി നില്‍ക്കുന്ന ഒട്ടകങ്ങള്‍ക്കിടയിലൂടെ പോയി. ഇരുട്ടായിരുന്നു. പ്രഭാതത്തിനു ഇനിയും ഒരു മണിക്കൂറുണ്ട്. എന്റെ മുതവ്വിഫും ഞാനും ഹറമില്‍ പ്രവേശിച്ച് ദൈവഭവനത്തെ പ്രദക്ഷിണം ചെയ്യുന്ന ആള്‍ക്കൂട്ടത്തില്‍ ലയിച്ചു. പലരും ഒരുതരം ഉന്മാദാവസ്ഥയിലായിരുന്നു. അവര്‍ ഉച്ചത്തില്‍ പ്രാര്‍ഥിച്ചു കൊണ്ടിരുന്നു. ത്വവാഫ് പൂര്‍ത്തിയാക്കിയതിനു ശേഷം ഞാന്‍ ആ വിസ്മയരംഗം നിരീക്ഷിച്ച് ഒരു പടവിലിരുന്നു. ഹജറുല്‍ അസ്‌വദിനു കയറും വടികളുമായി രണ്ടു പട്ടാളക്കാര്‍ കാവല്‍ നില്‍ക്കുന്നു. ഭ്രാന്തമായ ആവേശത്തോടെ അതു ചുംബിക്കാന്‍ തിരക്കു കൂട്ടുകയാണ് തീര്‍ഥാടകര്‍. ഒരു യുദ്ധം തന്നെയാണ് നടക്കുന്നത്. പട്ടാളക്കാര്‍ ഇടത്തും വലത്തും പ്രഹരിച്ചുകൊണ്ട് ക്രമവും ചിട്ടയും ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഉടനെ ഒരു സുഹൃത്ത് എന്റൊപ്പം ചേര്‍ന്നു. ഞങ്ങളിരുവരും അറ്റമില്ലാത്ത ആ മല്‍പ്പിടുത്തം നോക്കിയിരുന്നു. ശില ചുംബിക്കാന്‍ എനിക്ക് ഉദ്ദേശ്യമില്ലെന്ന് ഞാന്‍ സുഹൃത്തിനോട് പറഞ്ഞു. അവളാകട്ടെ താന്‍ അതുദ്ദേശിക്കുന്നതായും പറഞ്ഞു. അതിനു ശ്രമിക്കരതെന്നു ഞാനവളോട് അപേക്ഷിച്ചു. അന്നേരം നീണ്ട ഒരു ചെറുപ്പക്കാരന്‍ വന്ന് അവളുടെ സഹോദരനാണെന്ന് പരിചയപ്പെടുത്തി. അവനും അവളെ നിരുത്സാഹപ്പെടുത്തി. അവള്‍ എന്റെ കൈപിടിച്ചു. ഞാന്‍ തട്ടിക്കളയാന്‍ ഇഷ്ടപ്പെടാത്തതിനാല്‍ ഞങ്ങള്‍ രണ്ടുപേരും മുന്നോട്ട് ഗമിച്ചു. അവളുടെ സഹോദരനും മുസ്തഫയും ഞങ്ങളുടെ സംരക്ഷകരായി ഉണ്ടായിരുന്നു. കല്ലുവെച്ച ദ്വാരത്തിനടുത്തേക്ക് അടുക്കുക സാധ്യമായിരുന്നില്ല. ശില ചുംബിക്കാന്‍ ഭ്രാന്തമായി തിടുക്കപ്പെടുന്ന ബദവികളുടെ തള്ളലില്‍ ഞങ്ങള്‍ വേര്‍പ്പെട്ടു. ഞാന്‍ പരിക്കു കൂടാതെ രക്ഷപ്പെട്ടു. അവളുടെ സഹോദരന്‍ തിരികെ കൊണ്ടുവന്നത് ചതഞ്ഞരഞ്ഞ ഒരു പെണ്ണിനെയാണ്. അപ്പോഴവന്‍ അറബിയില്‍ പറയുന്നുണ്ടായിരുന്നു. 'ഞാന്‍ നിന്നോട് അപ്പോഴേ പറഞ്ഞതാണ്...''
ഏപ്രില്‍ 5
തീര്‍ഥാടനത്തിനു വരുമ്പോള്‍, ആ മഹാഘോഷയാത്രയില്‍ ഞങ്ങള്‍ വളരെ പതുക്കെയാവുമെന്നറിയാമായിരുന്നതിനാല്‍ ഞാന്‍ ഒരു ഇംഗ്ലീഷ് പുസ്തകം കൊണ്ടുവന്നിരുന്നു. പ്രമുഖ സഞ്ചാരി ചാള്‍സ് എം. ഡോട്ടി(Doughty)എഴുതിയ പാസ്സിജസ് ഫ്രം അറേബ്യ ഡെസര്‍ട്ട ആയിരുന്നു അത്. ഒരിടത്ത് വണ്ടി നിന്നപ്പോള്‍ ഞാനാ പുസ്തകം തുറന്നു. മുഖാവരണത്തിനടിയിലൂടെ ഞാനതിന്റെ വായനയില്‍ മുഴുകി. അന്നേരം അടുത്ത കാറില്‍ നിന്ന് ഒരു ശബ്ദം എന്നോട് ചോദിച്ചു: ''അതൊരു അറബി പുസ്തകമാണോ?'' സുലൈമാന്‍ തിടുക്കപ്പെട്ട് അതേ അതൊരു അറബി പുസ്തകമാണെന്നു മറുപടി പറഞ്ഞു. എന്നോട് വേഗം പുസ്തകം മടക്കിവെക്കാന്‍ അവന്‍ പതുക്കെ ആവശ്യപ്പെടുകയും ചെയ്തു. ഞാനതിനു തയ്യാറായില്ല. ശബ്ദം വീണ്ടും ചോദിച്ചു: നമ്മളെല്ലാം പരിശുദ്ധമെന്നു കരുതുന്നതിനെപ്രതി നിങ്ങള്‍ക്കു സത്യം ചെയ്യാമോ അതൊരു അറബി പുസ്തകമാണെന്നും മുസ്‌ലിംകള്‍ക്കുള്ളതാണെന്നും?'' ഭയന്ന സുലൈമാന്‍ എന്തെങ്കിലും പറയുന്നതിന് മുമ്പ് ഞാന്‍ തിരിഞ്ഞു പുസ്തകം ജിജ്ഞാസുവായ ആ അന്വേഷകന് കൊടുത്തുകൊണ്ട് പറഞ്ഞു: ''ഇതൊരു ഇംഗ്ലീഷ് പുസ്തകമാണ്. ഞാനൊരു ഇംഗ്ലീഷ് മുസ്‌ലിമാണ്. രാജാവിന്റെ അനുമതിയോടു കൂടിയാണ് ഞാനിവിടെ ഹജ്ജിനു വന്നിരിക്കുന്നത്.'' ഏതാനും സെക്കന്റുനേരത്തെ അമ്പരപ്പടുകൂടിയ മൗനത്തിനുശേഷം അയാള്‍ പുസ്തകം തിരികെ നല്‍കിക്കൊണ്ട് പറഞ്ഞു: 'അല്‍ഹംദുലില്ലാഹ്...''
ഏതാനും മൈലുകള്‍ ഞങ്ങളെ മുസ്ദലിഫയില്‍ എത്തിച്ചു. അവിടെ നശിക്കാറായ ഒരു പള്ളിയുണ്ട്. പിന്നീട് തരിശായ കുന്നുകളിലൂടെ ഞങ്ങള്‍ വിശുദ്ധ നഗരത്തിന്റെ അതിര്‍ത്തി കാണിക്കുന്ന നീണ്ട സ്തംഭങ്ങളുടെ അടുത്തെത്തി. അതിനപ്പുറമാണ് വിശാലമായ അറഫ മൈതാനം. ഇപ്പോഴിവിടം മനുഷ്യരും തമ്പുകളും ഒട്ടകങ്ങളും നിറഞ്ഞിരിക്കുന്നു. കുറച്ചാളുകള്‍ വരുന്നുണ്ട്. 'ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്' എന്ന വളരെ നേരമായി കേട്ടുകൊിരിക്കുന്ന മന്ത്രം ഇപ്പോള്‍ ഉച്ചസ്ഥായിയില്‍ ആയിരിക്കുന്നു. ഒരു ലക്ഷത്തിലധികം സ്ത്രീകളും പുരുഷന്മാരുമുണ്ട്. അവരെല്ലാവരും തങ്ങളുടെ ജീവിതലക്ഷ്യം സാക്ഷാത്കരിച്ചുകൊണ്ടിരിക്കുകയാണ്. മഹാ തീര്‍ഥാടനം. അവരില്‍ പലരും ആയിരക്കണക്കിന് മൈലുകള്‍ താണ്ടിയാണ് അത് സാധ്യമാക്കിയിട്ടുള്ളത്. തങ്ങളുടെ ആയുഷ്‌കാല സമ്പാദ്യങ്ങള്‍ മുഴുവന്‍ ചെലവഴിച്ച്, അനേകം കഷ്ടനഷ്ടങ്ങള്‍ സഹിച്ച് എത്തിച്ചേര്‍ന്നവരാണധികവും. തീര്‍ച്ചയായും ലോകത്തിലെ ഒരു നഗരത്തിനും ഒരു മഹാ ജനസഞ്ചയം ലൈംഗിക ബന്ധങ്ങളെല്ലാം മാറ്റിവെച്ച് ഒരേസമയം ഒരു നിശ്ചിതകാലം മതത്തിന്റെ പേരില്‍ ഇങ്ങനെ ഒരുമിച്ചു കൂടുന്നതിന്റെ പേരില്‍ അഭിമാനം കൊള്ളാനാവുകയില്ല.
എന്റെ ആതിഥേയന്‍ എന്നെ അദ്ദേഹത്തിന്റെ തമ്പില്‍ കൂടാന്‍ ക്ഷണിച്ചു. നന്ദിപൂര്‍വം ഞാനതു സ്വീകരിച്ചു. അവിടെ സംഭവിച്ചതെല്ലാം നന്നായി കാണാന്‍ പറ്റുന്ന ഒരിടത്ത് എന്റെ കിടക്കയും പായയും വിരിച്ചു. ഞാന്‍ മുഖം മൂടി ഊരി. ചൂട് ഭയങ്കരമായിരുന്നു. മിനിറ്റുകളുടെ ഇടവേളയില്‍ ഞാന്‍ ചായകുടിക്കുകയോ ത്വാഇഫില്‍നിന്ന് എനിക്കുവേണ്ടി കൊണ്ടുവന്ന ഉറുമാന്‍ പഴം തിന്നുകയോ ചെയ്തുകൊണ്ടിരുന്നു. രാജാവിന്റെ മന്ത്രിമാരില്‍ ഒരാളായിരുന്ന എന്റെ ആതിഥേയന് ധാരാളം സന്ദര്‍ശകരുണ്ടായിരുന്നു. തികഞ്ഞ അറബി സമ്പ്രദായക്കാരായ അവര്‍ക്ക് ഞാനവിടെ ഇരിക്കുന്നതില്‍ അതിശയം തോന്നിയില്ല.
പരിചയപ്പെടലുകള്‍ക്ക് ശേഷം ഞങ്ങള്‍ സംഭാഷണത്തിലേക്ക് പ്രവേശിച്ചു. ബ്രിട്ടനിലെ ജീവിതത്തെയും വിനോദങ്ങളെയും കുറിച്ച് ഞാന്‍ അവരോട് പറഞ്ഞു. പരസ്പരം താല്‍പര്യമുള്ള വിഷയങ്ങളെ സംബന്ധിച്ചു കൂടുതല്‍ സംസാരിക്കാന്‍ മാത്രം അറബിയില്‍ എനിക്ക് ഒഴുക്കുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശ പ്രകടിപ്പിച്ചു. മധ്യാഹ്നത്തിന് തൊട്ടു മുമ്പായി ഞങ്ങള്‍ ഭക്ഷണം കഴിച്ചു. ഞാന്‍ എന്റെ പ്രത്യേക ഭക്ഷണം കൊണ്ടുവന്നിരുന്നു. വലിയ ഒരു തളികക്കു ചുറ്റുമായി അവര്‍ ഇരുന്നു. കത്തിയും മുള്ളും ഉപയോഗിച്ചിരുന്നില്ല. കൊണ്ടുവന്ന വെള്ളം കൊണ്ട് കൈ കഴുകി. ദ്വാരമുള്ള ബേസിനിലേക്കാണ് കൈ കഴുകിയത്. പിന്നീട് ഞങ്ങളത് തുടപ്പു ശീലകൊണ്ട് തുടച്ച് ഉണക്കി.
അതിനുശേഷം ഞാന്‍ പിന്നിലെ മണിയാകൃതിയിലുള്ള തമ്പിലേക്ക് അലസമായി നടന്നു. മുസ്തഫയുടെ ഉമ്മ ഗാഢനിദ്രയിലാണ്. പ്രായം കുറഞ്ഞ ഒരു സ്ത്രീ അവരെ ഖുര്‍ആന്‍ ഓതി കേള്‍പ്പിക്കുന്നു. എല്ലാവരും അത് സശ്രദ്ധം ശ്രവിക്കുന്നുണ്ട്. ഭക്തിപൂര്‍വമുള്ള ചില തേങ്ങലുകള്‍ കേള്‍ക്കാം. അല്‍പസമയം ഞാന്‍ അവരുടെ കൂടെ ഇരുന്നു. തുറന്ന തമ്പിലേതിനേക്കാള്‍ ഇവിടെ ചൂട് അധികമാണ്. അതിനാല്‍ ഞാന്‍ ഉടന്‍തന്നെ കൂടുതല്‍ തണുപ്പിലേക്ക് മടങ്ങി.
അധികം വൈകാതെ ഞങ്ങള്‍ മധ്യാഹ്നപ്രാര്‍ഥനക്കുവേണ്ടി അംഗശുദ്ധി വരുത്തി. വെള്ളം ലഭ്യമല്ലെങ്കില്‍ കൈ മണലില്‍ അടിച്ച് തടവിയാലും മതിയാവും.
മക്കയുടെ ദിശയിലേക്ക് കാര്‍പ്പറ്റ് വിരിച്ച് ഞാന്‍ നിശ്ചിത നലു റക്അത് നമസ്‌കരിച്ചു. എന്റെ നമസ്‌കാരം പൂര്‍ത്തിയായതിനുശേഷം എന്റെ ആതിഥേയന്‍ കൂട്ടത്തിലുള്ള പുരുഷന്മാരുടെ നമസ്‌കാരത്തിനു നേതൃത്വം നല്‍കി. അവരും നാലു റക്അതുകള്‍ പൂര്‍ത്തിയാക്കി. ശേഷം ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക് ചൊല്ലി. ഞങ്ങള്‍ അത് ആവര്‍ത്തിച്ചു ചൊല്ലിക്കൊണ്ടിരുന്നു. പിന്നീട് ഖുര്‍ആനില്‍ നിന്നുള്ള ഒരധ്യായം മനോഹരമായി പാരായണം ചെയ്തു.
ക്യാമ്പില്‍ ആവേശം അലയടിച്ചു. ഇബ്‌നു സഊദിന്റെ ഒട്ടകസംഘം, നീണ്ട ദിലൂല്‍സില്‍ കയറിയ പ്യൂരിട്ടന്‍ പട്ടാളം രാജാവിന് കടന്നുപോകാനുള്ള വഴി ഉണ്ടാക്കുകയാണ്. ജബലുര്‍റര്‍ഹ്മയിലേക്കാണ് അദ്ദേഹം പോകുന്നത്. അദ്ദേഹം കാറില്‍പോകുമ്പോള്‍ എനിക്ക് ചെറിയൊരു നോട്ടം കിട്ടി. ബലപ്രയോഗം കൊണ്ടും മാസ്മരിക വ്യക്തിത്വംകൊണ്ടും അറേബ്യയില്‍ അതുവരെ അജ്ഞാതമായിരുന്ന അധികാരം സ്വന്തമാക്കിയ ഭരണാധികാരിയാണ് അദ്ദേഹം. രാജകീയ അനന്തരാവകാശംകൊണ്ട് മാത്രം അധികാരമുറപ്പിക്കാന്‍ കഴിയുകയില്ല അറേബ്യയില്‍.
രാജാവിന്റെ പിന്നാലെ കുറേ ആകര്‍ഷകരൂപമുള്ള ആളുകളുണ്ട്. ഏതാനും വര്‍ഷം മുമ്പ് ഇസ്‌ലാം സ്വീകരിച്ച ഡച്ച് ബാങ്കര്‍ വാന്‍ ഡെര്‍പോള്‍ അതിലൊരാളാണ്. ജിദ്ദയിലെ ബ്രിട്ടീഷ് കാര്യാലയത്തില്‍ വെച്ച് ഞാനദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഇഹ്‌റാം വേഷത്തിലാണ് അദ്ദേഹം കടന്നുപോയത്. പൊള്ളുന്നവെയില്‍, തലയില്‍ ഒന്നും ഇട്ടിട്ടില്ല. ഗാംഭീര്യമുള്ള ഒട്ടകപ്പുറത്താണ് യാത്ര. ചുവപ്പ്, സ്വര്‍ണനിറങ്ങളിലുള്ള കടിഞ്ഞാണ്‍ സൂര്യപ്രകാശത്തില്‍ തിളങ്ങുന്നു. അതേപകിട്ടിലും പത്രാസിലും മൂന്നു സവാരിക്കാര്‍ കൂടി അദ്ദേഹത്തെ പിന്തുടരുന്നുണ്ട്. അല്‍ജീരിയയിലാണ് വാന്‍ ഡെര്‍ പോളിന്റെ ഇപ്പോഴത്തെ താമസം. എല്ലാ വര്‍ഷവും അദ്ദേഹം അവിടെനിന്ന് ഹജ്ജിന് വരുന്നു.
ജബലുര്‍റഹ്മയുടെ ഉച്ചിയില്‍ ഇമാം ആകാശത്തേക്ക് കൈയുയര്‍ത്തുന്നത് ഒരു നിഴല്‍ പോലെ ഞങ്ങള്‍ക്ക് കാണാം. മുമ്പൊക്കെ ഒട്ടകപ്പുറത്തിരുന്നായിരുന്നു ഇമാം പ്രഭാഷണം നിര്‍വഹിക്കാറ്. ഇപ്പോള്‍ നീണ്ട തൂണിനടുത്ത് നിന്നാണ് 'മലമുകളിലെ പ്രഭാഷണം' നടത്തുന്നത്. ഞങ്ങളുള്ള സ്ഥലത്തേക്ക് അദ്ദേഹത്തിന്റെ ശബ്ദം എത്തുകയില്ല. അതിനാല്‍ ഞങ്ങള്‍ അസ്വ്ര്‍ നമസ്‌കരിച്ചു. 'ലബ്ബൈക' ചൊല്ലല്‍ തുടര്‍ന്നു. സൂര്യന്‍ അസ്തമിച്ചു. രാജാവ് മടങ്ങി. തമ്പുകള്‍ അടച്ചുവച്ചു. എല്ലാം കെട്ടിപ്പെറുക്കി അവിശ്വസനീയമാം വിധം കുറഞ്ഞ സമയംകൊണ്ട് ഒട്ടകപ്പുറത്തോ കാറിലോ കയറ്റി. മഹാ തീര്‍ഥാടനം സമാപിച്ചു. അറഫാത് മൈതാനിയില്‍ ഇന്ന് സമ്മേളിച്ചവരെല്ലാം മരണം വരെ ഇനി 'ഹാജി' എന്ന പേരില്‍ അറിയപ്പെടും.
യഥാസമയം ഞങ്ങള്‍ മുസ്ദലിഫയില്‍ എത്തി. അവിടെ ഏതാനും മണിക്കൂറുകള്‍ കാത്തുനിന്നു. ഞങ്ങളുടെ കാറുകള്‍ കുറച്ച് ഉയരത്തില്‍ നര്‍ത്തി. നമസ്‌കാരത്തിനുശേഷം നക്ഷത്രങ്ങളുടെ ചുവട്ടില്‍ വിരിപ്പുകള്‍ വിരിച്ച് ഉറങ്ങി. പാതിരാവില്‍ വീണ്ടും റോഡില്‍ എത്തി. ഞങ്ങളുടെ കൈകളില്‍ ഏഴു കല്ലുകള്‍ വീതം ഉണ്ടായിരുന്നു. മിനയിലെ ചെകുത്താനെ എറിയാന്‍ വേണ്ടി മരുഭൂമിയില്‍നിന്ന് ശേഖരിച്ചവയായിരുന്നു അവ. കൊച്ചു പട്ടണത്തില്‍ എത്തിയ ഞങ്ങള്‍ കാറുപേക്ഷിച്ച് കാല്‍നടയായി എറിയാനുള്ള സ്ഥലത്തേക്ക് പോയി. മുസ്തഫയുടെ ഉമ്മ അപ്പോഴും കാറിന്റെ പിന്നില്‍ ഉറങ്ങുകയായിരുന്നു. എത്ര കുലുക്കിയിട്ടും അവര്‍ ഉണര്‍ന്നില്ല. അതിനാല്‍, അവരെ കാറിന്റെ സീറ്റില്‍ കിടക്കാന്‍ വിട്ടു ഞങ്ങള്‍ നടന്നു. അവര്‍ തന്റെ തീര്‍ഥാടനം മുഴുവന്‍ ഉറങ്ങിത്തീര്‍ക്കുകയായിരുന്നു. ഒരിക്കല്‍ പോലും അവര്‍ ത്വവാഫ് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. പ്രായമുള്ള സ്ത്രീയായിരുന്നു അവര്‍. തനിക്ക് വേണ്ടി ഹജ്ജ് ചെയ്യാന്‍ അവര്‍ മകനെ ചുമതലപ്പെടുത്തിയിരുന്നു. ജിദ്ദയില്‍നിന്നാണ് അബൂബക്ര്‍ അവരെ കൊണ്ടുവന്നത്. ര് ആണ്‍മക്കളോടൊപ്പം ഹജ്ജ് ചെയ്യുകയായിരുന്ന അവര്‍, താന്‍ നിര്‍വഹിക്കേണ്ട ചടങ്ങുകള്‍ മക്കള്‍ക്ക് വിഭജിച്ചു നല്‍കി.
കല്ലെറിയുന്ന സ്ഥലത്തേക്ക് കഷ്ടിച്ച് ഒരു മൈല്‍ ഉണ്ടായിരുന്നു. പക്ഷേ, രാത്രി ആള്‍ക്കൂട്ടത്തിലൂടെയുള്ള നടത്തം മന്ദഗതിയിലാണ്. തീരെ നടന്നു ശീലമില്ലാത്ത അന്തപുരസത്രീകള്‍ വിശേഷിച്ചും.
ഞങ്ങള്‍ തിരിച്ചെത്തിയിട്ടും മുസ്തഫയുടെ ഉമ്മ എണീറ്റില്ല. അതിനാല്‍, ഞങ്ങള്‍ അവരെ മിനയിലെ ഒരു ചെറിയ വീട്ടില്‍ കിടത്തി കാറില്‍ മക്കയിലേക്ക് തിരിച്ചു. പുലര്‍ച്ചയോടെ മക്കയില്‍ എത്തിയ ഞങ്ങള്‍ കഅ്ബ ത്വവാഫ് ചെയ്തശേഷം രണ്ടു റക്അത്ത് പ്രഭാത പ്രാര്‍ഥന നടത്തി. ശേഷം രണ്ടു നാള്‍ മുമ്പ് ഞങ്ങള്‍ പൂട്ടിപ്പോയ വീട്ടിലേക്ക് തിരിച്ചു. ഒരു നൂറ്റാണ്ട് കഴിഞ്ഞതുപോലെതോന്നി എനിക്ക്. ഞാന്‍ ക്ഷീണത്തോടെ പടവുകള്‍ കയറുമ്പോള്‍ പകല്‍ വെളിച്ചം ഒഴുകി വരുന്നുണ്ടായിരുന്നു. എന്റെ പിന്നാലെ എന്റെ സ്യൂട്ട്‌കെയ്‌സുമായി സുലൈമാനും ഉണ്ട്. മുസ്തഫയെ പള്ളിയില്‍ വെച്ച് കാണാതായിരുന്നു. മുറിയില്‍ പ്രവേശിച്ച ഉടന്‍ ഞാന്‍ ധൃതിയില്‍ ഇഹ്‌റാം വസ്ത്രങ്ങള്‍ മാറ്റി കിടന്നു. ഞാന്‍ ഉറങ്ങുമ്പോള്‍ സൂര്യന്‍ ജ്വലിക്കുന്നുണ്ടായിരുന്നു.
(ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍, ഐ.പി.എച്ച് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തില്‍നിന്ന്).
വിവ: എ.കെ അബ്ദുല്‍ മജീദ്
Comments