Prabodhanm Weekly

Pages

Search

2019 ജൂലൈ 12

3109

1440 ദുല്‍ഖഅദ് 08

ഇസ്‌ലാം വൃത്തിയെക്കുറിച്ചുള്ള സൗന്ദര്യ പാഠങ്ങള്‍

എ.പി ശംസീര്‍

2018-ലെ ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ജപ്പാനും ബെല്‍ജിയവും തമ്മിലുള്ള മത്സരം ഏറെ വീറും വാശിയും നിറഞ്ഞതായിരുന്നു. ആ ലോകക്കപ്പിലെ ഏറ്റവും കരുത്തുറ്റ ടീമായി എണ്ണപ്പെട്ടിരുന്ന ബെല്‍ജിയത്തിനെതിരെ അവസാന നിമിഷം വരെ പൊരുതി 3-2 ന്റെ നേര്‍ത്ത വ്യത്യാസത്തിനാണ് ജപ്പാന്‍ പരാജയപ്പെട്ടത്. എന്നാല്‍ ഇതൊന്നും കൊണ്ടായിരുന്നില്ല ആ മത്സരം ചരിത്രത്തിലിടം പിടിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട ടീം പൊരുതിതോറ്റിട്ടും അതിന്റെ സങ്കടങ്ങളില്‍ അടയിരിക്കാതെ മത്സര ശേഷം ജപ്പാന്‍ ആരാധകരൊന്നടങ്കം സ്റ്റേഡിയത്തിന്റെ മുക്കു മൂലകളിലേക്കിറങ്ങിച്ചെന്ന് കാണികള്‍ ഉപേക്ഷിച്ചു പോയ പാഴ്‌വസ്തുക്കളും മാലിന്യങ്ങളും നീക്കം ചെയ്യുന്ന കാഴ്ച അന്ന് ലോകത്തിന്റെ ഹൃദയം കവര്‍ന്നു. സ്റ്റേഡിയത്തിന്റെ അകവും പുറവും ശുചീകരിച്ച് വൃത്തിയോടെയും വെടിപ്പോടെയും  സംഘാടകരെ തിരിച്ചേല്‍പിച്ചാണ് അവര്‍ അവിടം വിട്ടത്.
ജപ്പാന്‍കാരുടെ അത്തരമൊരു നടപടി അവരുടെ രാജ്യത്തിനും അവിടുത്തെ പൗരന്‍മാര്‍ക്കും നേടിക്കൊടുത്ത അന്തസ്സും അഭിമാനവും ചെറുതല്ല. പ്രത്യേകിച്ച് സ്വന്തം ടീമോ പാര്‍ട്ടിയോ പരാജയപ്പെടുമ്പോള്‍ പ്രകോപനങ്ങള്‍ സൃഷ്ടിച്ച് കണ്ണില്‍ കണ്ടതെല്ലാം തല്ലിത്തകര്‍ത്തും പൊതുമുതല്‍ നശിപ്പിച്ചും തെരുവുകള്‍ മലിനമാക്കി മാത്രം ശീലമുള്ളവര്‍ക്ക് ഇതൊരു പുതുമയുള്ള കാഴ്ചയാണ്. മത്സരത്തില്‍ അവര്‍ പരാജയപ്പെട്ടെങ്കിലും ഉദാത്തമായ വൃത്തിബോധം കൊണ്ടും പ്രായോഗികതലത്തില്‍ അത്തരമൊരു ബോധത്തെ സാക്ഷാത്കരിക്കുന്ന ത്യാഗസന്നദ്ധത കൊണ്ടും അവര്‍ ജനഹൃദയങ്ങളില്‍ വിജയിക്കുകയായിരുന്നു.
അടിസ്ഥാന ഭാവം കൊണ്ടും പകര്‍ന്നു നല്‍കപ്പെടുന്ന അധ്യാപനങ്ങളിലെ ഊന്നല്‍ കൊണ്ടുമെല്ലാം മുസ്‌ലിം സമുദായം കയറി നില്‍ക്കേണ്ട ഇടമാണത്. ഉത്തമ സമുദായത്തിന് കാലാന്തരേണ സംഭവിക്കുന്ന തിളക്കമുള്ള ഇത്തരം  മൂല്യങ്ങളെക്കുറിച്ച വിസ്മൃതികള്‍ മറ്റുള്ളവരിലൂടെ നമുക്ക് മുന്നില്‍ വെളിച്ചപ്പെടുമ്പോള്‍ അത് വീണ്ടെടുപ്പിനെക്കുറിച്ച പുനര്‍വിചാരങ്ങള്‍ക്ക് ശക്തി പകരുന്നുണ്ട്.
ഇമാത്തതുല്‍ അദാ അനിത്ത്വരീഖ് എന്നത് ഇസ്‌ലാമിലെ സുപ്രധാനമായ പല സാങ്കേതിക പദങ്ങളോടും ചേര്‍ത്ത് വെക്കേണ്ട ഒന്നാണ്. കേവലം 'വഴിയില്‍ നിന്ന് ഉപദ്രവം നീക്കുക' എന്ന ലളിത അര്‍ഥപ്രയോഗങ്ങള്‍ക്കപ്പുറം ആഴവും പരപ്പുമുള്ള ആശയപരിസരങ്ങളെ ആ പ്രയോഗം പ്രതിനിധാനം ചെയ്യുന്നുണ്ട്. ഇസ്‌ലാമിക നാഗരികതയില്‍ വൃത്തിയെക്കുറിച്ച സൗന്ദര്യ ഭാവനകളെ തൊട്ടുണര്‍ത്തിയത് ഈ സങ്കല്‍പമായിരുന്നു.
നാം ജീവിക്കുന്ന ചുറ്റുപാടുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നത്  ഈ ഭൂമിയില്‍ നിലനില്‍ക്കാനുള്ള നമ്മുടെ അര്‍ഹതയെക്കൂടി വിളംബരം ചെയ്യുന്നുണ്ട്. വഴിയില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ക്ഷതമേല്‍പിക്കുന്നതും നമ്മുടെ വായുമണ്ഡലത്തെ രോഗാതുരമാക്കുന്നതുമായ മാലിന്യങ്ങളെ (അദാ) നീക്കം ചെയ്യുക എന്നത് വിശ്വാസിയുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഈ ഭൂമിയെ എല്ലാ മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും ആരോഗ്യകരമായി വസിക്കാന്‍ യോഗ്യമാക്കുകയും വരും തലമുറക്ക് പരിക്കുകളില്ലാതെ അത് കൈമാറുകയും ചെയ്യുക എന്നത് ഒരു പൗരന്‍ എന്നതിനപ്പുറം വിശ്വാസി എന്ന നിലക്ക് നമ്മുടെ ബാധ്യതയാണ്.
പൗര ബോധത്തെക്കാള്‍ വിശ്വാസപരമായ ബോധ്യങ്ങളായിരിക്കണം ഇവിടെ വിശ്വാസിയെ മുന്നോട്ട് നയിക്കേണ്ടത്. പൗരന്‍ എപ്പോഴും ഭരണകൂടം രൂപപ്പെടുത്തിയെടുത്ത നിയമങ്ങളുടെ ഫ്രെയിമിനകത്തുനിന്നു കൊണ്ടാണ് കാര്യങ്ങളെ നോക്കിക്കാണുക. അവിടെ ദേശാതിര്‍ത്തികളോടും നിയമങ്ങളോടുള്ള സമീപനങ്ങളിലെ വൈവിധ്യങ്ങളുമുണ്ട്. എന്നാല്‍ വിശ്വാസിയുടെ മൂല്യ സങ്കല്‍പങ്ങളില്‍ അങ്ങനെയൊന്നില്ല. അയാള്‍ ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും തന്റെ ഉദാത്തമായ സംസ്‌കാരം പ്രതിഫലിപ്പിക്കും. സ്വഭാവത്തിലും പെരുമാറ്റത്തിലും മാത്രമല്ല വൃത്തിയിലും പാരിസ്ഥിതിക അവബോധത്തിലും അയാള്‍ മറ്റുള്ളവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായിരിക്കും. ആയിരിക്കണം. ഏതു രാജ്യത്തു ചെന്നാലും പാഴ്‌വസ്തുക്കള്‍ അയാള്‍ അലക്ഷ്യമായി വലിച്ചെറിയില്ല. പൊതുവഴികളില്‍ തുപ്പുകയില്ല. കാരണം ലാ ളററ വലാളിറാറ എന്ന പ്രവാചക വചനം വിശ്വാസിയുടെ പ്രഖ്യാപിത നയമാണ്. സ്വന്തത്തിനോ അപരര്‍ക്കോ ദ്രോഹം ചെയ്യുന്നവനല്ല വിശ്വാസി എന്നതാണതിന്റെ ആശയം. അസംഖ്യം പ്രവാചക വചനങ്ങളില്‍ വൃത്തിയെക്കുറിച്ചും പരിസര ശുചീകരണത്തെക്കുറിച്ചും ധാരാളം കൊച്ചു കൊച്ചു അധ്യാപനങ്ങള്‍ കാണാം. 'വൃത്തി വിശ്വാസത്തിന്റെ പകുതിയാണ്' എന്ന ഏറെ സുപരിചിതമായ പ്രവാചക വചനത്തിന്റെ പല തലങ്ങളില്‍ നിന്നു കൊണ്ടുള്ള വ്യാഖ്യാനങ്ങളുടെയും വിശദാംശങ്ങളുടെയും തുടര്‍ച്ചയാണ് ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റു വചനങ്ങള്‍.
'കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കരുത്, പൊതുവഴികള്‍ പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിച്ച് മലിനപ്പെടുത്തരുത്, വഴിയില്‍ നിന്ന് മൃഗത്തിന്റെ എല്ലുകളും മുള്ളുകളും മറ്റ് തടസ്സങ്ങളും നീക്കം ചെയ്യല്‍ വിശ്വാസത്തിന്റെ ഭാഗമാണ്' തുടങ്ങിയ പ്രവാചക വചനങ്ങളെല്ലാം കാലാതിവര്‍ത്തിയായ ഇസ്‌ലാമിന്റെ വിശ്വാസ സംസ്‌കാരത്തിലേക്കുള്ള സൂചകങ്ങള്‍ കൂടിയാണ്.

ഹമ്മാം; ഇസ്‌ലാമിക നാഗരികതയുടെ പ്രൗഢമായ അടയാളം
പ്രമുഖ എഴുത്തുകാരന്‍ അലി അസ്സൂലി ഖിറാആതുന്‍ ഫില്‍ ഫിക്‌രില്‍ മിഅമാരി വല്‍ ഇംറാനില്‍ അറബി വല്‍ ഇസ്‌ലാമി എന്ന കൃതിയില്‍  അറബ് ഇസ്‌ലാമിക നാഗരികതയിലെ വാസ്തു ശില്‍പ കലയെക്കുറിച്ചും കെട്ടിട നിര്‍മാണ രീതികളിലെ വൈവിധ്യത്തെക്കുറിച്ചും ചരിത്രത്തിന്റെ പിന്‍ബലത്തോടെ വിശദീകരിക്കുന്നുണ്ട്. ഇസ്‌ലാമിക ചരിത്രത്തിന്റെ പ്രാരംഭ കാലത്ത് പ്രത്യേകിച്ച് റോം കീഴക്കിയതിന് ശേഷം വലിയ പള്ളികള്‍ പണിയുന്ന അത്ര തന്നെ പ്രധാന്യത്തോടെ മുസ്‌ലിം ഭരണാധികാരികള്‍ വിശാലമായ സൗകര്യങ്ങളോടു കൂടിയ ധാരാളം ശുചി മുറികളുള്ള കെട്ടിടങ്ങള്‍ (ഹമ്മാമാത്ത്)  നിര്‍മിച്ചിരുന്നതായി അദ്ദേഹം രേഖപ്പെടുത്തുന്നു. അംറുബ്‌നുല്‍ ആസ് ഈജിപ്തിലെ ഗവര്‍ണറായിരിക്കെ ഫുസ്താത് നഗരത്തില്‍ ആദ്യമായി ഒരു ഹമ്മാം പണികഴിപ്പിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. കേവലം കുളിമുറികള്‍ എന്നതിനപ്പുറം വസ്ത്രങ്ങള്‍ കഴുകിയിടാനും പ്രാഥമികാവശ്യങ്ങള്‍ സൗകര്യപ്രദമായി നിര്‍വഹിക്കാനുമെല്ലാം ഈ സംവിധാനം ഉപയോഗിച്ചു പോന്നു. അബ്ബാസിയാ ഭരണാധികാരി മഅമൂന്റെ കാലത്ത് വലിയ നഗരങ്ങളിലും കൊച്ചു പട്ടണങ്ങളിലും ഗ്രാമങ്ങളിലുമെല്ലാമായി ആയിരക്കണക്കിന് ഹമ്മാമുകള്‍ നിര്‍മിക്കപ്പെട്ടതായി സാമൂഹിക ചരിത്രകാരന്‍ ഇബ്‌നു ഖല്‍ദൂന്‍ തന്റെ മുഖദ്ദിമയില്‍ വിവരിക്കുന്നുണ്ട്. അറബ് ഇസ്‌ലാമിക ഭൂമിയിലൂടെ നടത്തിയ സഞ്ചാരത്തിനിടെ നേരിട്ട് കണ്ട ഇത്തരം ശുചി മുറികളെക്കുറിച്ച് ഇബ്‌നു ബത്വൂത്ത പരാമര്‍ശിക്കുന്നുണ്ട്. ശില്‍പചാതുരി കൊണ്ടും നിര്‍മാണ വൈദഗ്ധ്യം കൊണ്ടും സഞ്ചാരികളുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു അവ. ഇസ്‌ലാമിക നാഗരിക ചരിത്രത്തില്‍ വൃത്തിയുടെയുടെയും ശുചിത്വത്തിന്റെയും പാരിസ്ഥിതിക അവബോധത്തിന്റെയും സാംസ്‌കാരിക ഗോപുരങ്ങളായി ചരിത്രത്തില്‍ അവ ഇടം പിടിച്ചു. മുസ്‌ലിം സ്‌പെയിന്‍ വഴി പില്‍കാലത്ത് യൂറോപ്പിലേക്ക് ഈ സൗന്ദര്യ ബോധം കടന്നുചെന്നു. അതിന് പിന്നീട് പല തരം വികാസങ്ങളുമുണ്ടായി. ഇസ്‌ലാമിക നാഗരികത പകര്‍ന്നു നല്‍കിയ ഈ അവബോധത്തെ കൂടുതല്‍ തിളക്കത്തോടെ ഇതര നാഗരിതകള്‍ പ്രയോജനപ്പെടുത്തുന്നതാണ് പിന്നീട് നാം കണ്ടത്.

വൃത്തിയുടെയും സൗന്ദര്യത്തിന്റെയും മതം
ഉറക്കമുണരുന്നത് മുതല്‍ ഒരു വിശ്വാസിയുടെ ശുചിത്വത്തെക്കുറിച്ച സൂക്ഷ്മതാ ബോധവുമുണരുന്നു. ഉറങ്ങാന്‍ വിരിപ്പിലേക്കടുക്കുന്ന വിശ്വാസി ചില തയ്യാറെടുപ്പുകള്‍ നടത്താറുണ്ടല്ലോ. അംഗശുദ്ധി വരുത്തി ഖുര്‍ആനിലെ നിശ്ചിത അധ്യായങ്ങള്‍ പാരായണം ചെയ്ത് പ്രവാചകന്‍ പഠിപ്പിച്ച പ്രാര്‍ഥനകള്‍ ഉരുവിട്ട് ധ്യാനനിരതമായ മനേസ്സോടെ നിദ്രയെ പുണരുന്ന വിശ്വാസി എത്രമേല്‍ ജാഗ്രതയുള്ളവനാണെന്ന് നോക്കൂ. ഉറക്കമുണരുമ്പോഴും അവന്റെയുള്ളം പ്രാര്‍ഥനാനിര്‍ഭരമാണ്. നേര്‍ത്ത മൃത്യുവിന് ശേഷം ജീവിതം തിരികെ തന്ന അല്ലാഹുവിന് നന്ദി പറഞ്ഞു കൊണ്ടാണ് വിശ്വാസി അവന്റെ ഒരു ദിവസം ആരംഭിക്കുന്നത്. പ്രാര്‍ഥന കഴിഞ്ഞ് വിരിപ്പില്‍ നിന്നെഴുന്നേറ്റ ഉടനെ ശരീരം കൊണ്ട് എങ്ങനെ പെരുമാണമെന്ന ഒരു പ്രവാചക വചനം മാത്രം മതി ശുചിത്വത്തെക്കുറിച്ച ഇസ്‌ലാമിന്റെ സൗന്ദര്യ സങ്കല്‍പങ്ങളെ അടുത്തറിയാന്‍. ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഉള്‍പ്പടെയുള്ളവര്‍ ഉദ്ധരിച്ച അബൂഹുറൈറ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ആ പ്രവാചക വചനം ഇങ്ങനെയാണ്. ''ഉറക്കമുണര്‍ന്ന ഉടനെ നിങ്ങളുടെ ഇരു കൈകളും മൂന്ന് തവണ കഴുകി വൃത്തിയാക്കിയിട്ടല്ലാതെ പാത്രത്തില്‍ മുക്കരുത്. കാരണം രാത്രിയില്‍ നിങ്ങളുടെ കൈകള്‍ എവിടെയായിരുന്നുവെന്ന് നിങ്ങള്‍ക്കറിയില്ലല്ലോ?''
അത്യന്തം അപകടകാരിയായ നിപ്പ വൈറസ് ഈയിടെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നോട്ടുവെച്ച ജാഗ്രതാ നിര്‍ദേശങ്ങളില്‍ പരമപ്രധാനമായ ഒന്ന് എല്ലാവരും ഇരും കൈകളും സോപ്പുപയോഗിച്ച് വൃത്തിയാക്കി സൂക്ഷിക്കുക എന്നതായിരുന്നു. കൈകള്‍ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയമാകുന്നത് അവ നമ്മുടെ രോഗത്തെയും ആരോഗ്യത്തെയും നിര്‍ണയിക്കുന്ന പ്രധാന ഇടമെന്ന നിലക്കാണ്. ഒരു ദിവസം മുഴുവന്‍ ഒരാളുടെ കൈ കടന്നു പോകുന്ന വഴികളെത്രയാണ്. രോഗാണുക്കളെ ഇത്രയെളുപ്പം ശരീരത്തിലേക്ക് ആവാഹിക്കുന്ന മറ്റൊരു അവയവമില്ല. അതു കൊണ്ടാണ് പ്രവാചകന്‍ ഒരു വിശ്വാസിയുടെ ദിനചര്യകളില്‍ പ്രഥമസ്ഥാനം ഇരു കൈകളുടെയും ശുചീകരണത്തിന് നല്‍കിയത്. 
എന്റെ സമുദായത്തിന് പ്രയാസമാകുമായിരുന്നില്ലെങ്കില്‍ അഞ്ചു നേരവും അവരോട് ദന്ത ശുചീകരണം നടത്താന്‍ ഞാന്‍ ആവശ്യപ്പെടുമായിരുന്നുവെന്ന് തിരുദൂതര്‍ പഠിപ്പിക്കുമ്പോള്‍ അവിടെയും ശുചിത്വ ബോധത്തെക്കുറിച്ച ഇസ്‌ലാമിന്റെ വിഭാവനയാണ് ജ്വലിച്ചു നില്‍ക്കുന്നത്.
ശൗചാലയത്തില്‍ കയറുമ്പോഴുള്ള പ്രാര്‍ഥനയിലും പ്രാഥമിക കൃത്യം നിര്‍വഹിച്ച് പുറത്തിറങ്ങുമ്പോഴുള്ള പ്രാര്‍ഥനയിലും ഉള്‍ചേര്‍ന്നിട്ടുള്ള ആശയപരമായ വചനസൗന്ദര്യം മാത്രമല്ല ഇസ്‌ലാം. വിശ്വാസി ഉപയോഗിച്ച ടൊയ്‌ലറ്റ് മറ്റൊരാള്‍ക്ക് ഉപയോഗ യോഗ്യമാകും വിധം ശുചീകരിച്ച് തിരിച്ചേല്‍പിക്കുക എന്ന സംസ്‌കാരവും കൂടിയാണ് ഇസ്‌ലാം. വിശ്വാസി അപരര്‍ക്ക് യാതൊരു വിധേനയും ദ്രോഹം ചെയ്യുന്നവനോ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നവനോ അല്ല എന്ന ആശയത്തെ ദ്യോതിപ്പിക്കുന്ന പ്രവാചക വചനങ്ങള്‍ മതി ഈ ആശയത്തിന് പിന്‍ബലമേകാന്‍. വൃത്തിയെക്കുറിച്ച പാഠങ്ങളും പ്രാര്‍ഥനകളും പോലെ എളുപ്പമല്ല പ്രായോഗിക തലത്തിലെ ശുചിത്വ സാക്ഷാത്കാരം. ജാഗ്രതയും ഏകാഗ്രതയും ആവശ്യമായ ഒന്നാണത്. നമസ്‌കാരത്തിനു മുന്നോടിയായി അംഗശുദ്ധി വരുത്തുമ്പോള്‍ കാല്‍ മടമ്പുകള്‍ മുഴുവനായി കഴുകാത്തവന് നാശം എന്ന പ്രവാചക വചനം അര്‍ഥമാക്കുന്നതെന്താണ്? വുളു അത്രമേല്‍ ഏകാഗ്രത ആവശ്യമായ ധ്യാനാത്മക പ്രക്രിയ കൂടിയാണ്. അവയവങ്ങള്‍ മാത്രമല്ല അവിടെ നനയുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നത്. ആത്മാവു കൂടിയാണ്. ജല കണങ്ങളാല്‍ സ്ഫുടം ചെയ്‌തെടുത്ത ആത്മാവും ശരീരവുമായി നാഥന്റെ മുന്നില്‍ നില്‍ക്കുന്നു വിശ്വാസി.
വിശ്വാസിയുടെ വൃത്തിബോധത്തെയും സൗന്ദര്യ സങ്കല്‍പങ്ങളെയും കാലാനുസൃതമായി നവീകരിക്കേണ്ടതുണ്ട്. ഇസ്‌ലാം എല്ലാറ്റിലുമെന്ന പോലെ ശുചിത്വത്തെക്കുറിച്ചും മൗലികമായ അധ്യാപനങ്ങളാണ് മുന്നോട്ട് വെക്കുന്നത്. മൗലിക ദര്‍ശനത്തിലൂന്നി കാലാനുസൃതമായ നവീകരണങ്ങളെ സ്വാംശീകരിക്കാന്‍ വിശ്വാസിക്കു കഴിയേണ്ടതുണ്ട്.
പ്രശസ്ത അറബ് സാഹിത്യകാരന്‍ അഹ്മദ് അമീന്റെ ആത്മകഥയായ ഹയാതീ (എന്റെ ജീവിതം) എന്ന പുസ്തകത്തില്‍ പുതിയതെന്തിനോടും പിന്തിരിപ്പന്‍ സമീപനം സ്വീകരിക്കുന്ന മുസ്‌ലിം സമുദായത്തിന്റെ ചില നിലപാടുകളെ വിമര്‍ശനാത്മകമായി പരിഹസിക്കുന്നുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ന്റുപ്പാപ്പാക്കൊരാനണ്ടാര്‍ന്നു' എന്ന നോവലിലും ഇത്തരം ആക്ഷേപഹാസ്യങ്ങള്‍ കാണാം. രണ്ടു പേരും വൃത്തി വിശ്വാസത്തിന്റെ പകുതിയാണ് എന്ന് പഠിപ്പിച്ച ഇസ്‌ലാമിനകത്തെ മുസ്‌ലിം നിലപാടുകളെയാണ് പ്രശ്‌നവത്കരിക്കുന്നത്. അഹ്മദ് അമീന്‍ എഴുതുന്നു:
''ഒരാള്‍ ഹൗളില്‍ നിന്ന് ഇരു കൈകളിലും വെള്ളം കോരിയെടുത്ത് മുഖം മുഴുവനും കഴുകുന്നു, ആ വെള്ളം തിരികെ ഹൗളിലേക്ക് തന്നെ  പതിക്കുന്നു. എല്ലാ രോഗങ്ങളുടെയും കേദാരമാണാ ഹൗള്. ചെങ്കണ്ണും മറ്റ് അസുഖങ്ങളുമെല്ലാമുള്ള ഒരു രോഗിയും ഇതേ ഹൗളില്‍ മുഖം കഴുകുന്നു. മുഖത്തെ മാലിന്യങ്ങളും ചേറുകളും ആ വെള്ളത്തില്‍ കലരുന്നു. മതപരമായ വിശ്വാസം കൊണ്ട് ഇത്തരം അപകടങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു. ഈജിപ്തില്‍ പൈപ്പുകളും ടാപ്പുകളും വന്നപ്പോള്‍ ഇത്തരം ഹൗളുകള്‍ ആവശ്യമില്ലാതായെങ്കിലും ചിലരുടെ പഴയതിനോടുള്ള അടിമത്വ മനോഭാവവും പുതിയത് സ്വീകരിക്കാനുള്ള വിമുഖതയും രോഗാതുരമായ അത്തരം ഹൗളുകള്‍ നിലനിര്‍ത്താന്‍ കാരണമായി'' (ഹയാത്തീ./ അഹ്മദ് അമീന്‍ /പേജ്: 70: 71)
വൈക്കം മുഹമ്മദ് ബഷീറിന്റെ നിസാര്‍ അഹ്മദ് എന്ന കഥാപാത്രം മുസ്‌ലിംകള്‍ക്ക് കാലാന്തരേണ കൈമോശം വന്ന പലതരം മൂല്യങ്ങളില്‍ അമൂല്യമായ ശുചിത്വ ബോധത്തെക്കുറിച്ച ആകുലതകളാണ് പങ്കുവെക്കുന്നത്. 
നിങ്ങള്‍ ഒരു  നഗരത്തില്‍ ചെന്നുപെട്ടാല്‍ മുസ്‌ലിം പള്ളി തിരയുകയാണെങ്കില്‍ എവിടെയാണോ മൂത്രത്തിന്റെ രൂക്ഷഗന്ധമുള്ളത് അവിടെ ഒരു പളളിയുണ്ടെന്ന് ഉറപ്പിക്കുക എന്ന് ഒരിക്കല്‍ ബഷീര്‍ പറഞ്ഞത് നമ്മുടെ വൃത്തിബോധത്തിനു വന്ന അപചയത്തെ സൂചിപ്പിക്കാനാണ്.
ഇത്തരം സ്വയം വിമര്‍ശനങ്ങളെ അവയുടെ ചരിത്രപരമായ അവസ്ഥകളും കൂടി മുന്നില്‍ വെച്ച് കൊണ്ട് മുസ്‌ലിം സമൂഹം സര്‍വാത്മനാ സ്വാഗതം ചെയ്തിട്ടുണ്ട്. അത്തരം പൊസിറ്റീവായ സമീപനങ്ങള്‍ ശുചിത്വത്തെക്കുറിച്ച് ഏറെ ജാഗ്രതയുള്ളവരുടെ ഒരു സംഘമായി വിശ്വാസികളെ  പരിവര്‍ത്തിപ്പിച്ചിട്ടുമുണ്ട്.
'ശരീരവും ആത്മാവും ഉള്ളും പുറവും ശുദ്ധിയാക്കിയവരെ അല്ലാഹു ഏറെ സ്‌നേഹിക്കുന്നു' എന്ന ഖുര്‍ആന്‍ വചനത്തില്‍ ഉള്ളടങ്ങിയ ശുചിത്വത്തെക്കുറിച്ച സന്തുലിതമായ പരികല്‍പന തന്നെയാണ് വിശ്വാസികളുടെ ഊര്‍ജ്ജം. ശുചിത്വത്തെക്കുറിച്ച ജാഗ്രത കൊണ്ടും രചനാത്മകമായ പാരിസ്ഥിതിക അവബോധം കൊണ്ടും നാഗരികതകളെ പ്രശോഭിതമാക്കിയ ഇസ്‌ലാമിക ദര്‍ശനത്തെയാണ് കാലം തേടുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (22-25)

ഹദീസ്‌

സമ്പദ്‌സമൃദ്ധിയും ശരീരസൗന്ദര്യവും
കെ.പി ബഷീര്‍ ഈരാറ്റുപേട്ട