പഹ്‌ലുഖാന് മരണശേഷവും രക്ഷയില്ല
പ്രതിപ്പട്ടികയിലുള്ളത് കൊല്ലപ്പെട്ടയാളുടെയും അയാളുടെ കൂടെയുണ്ടായിരുന്ന ഗുരുതരമായി പരിക്കേറ്റവരുടെയും പേരുകളാണെങ്കില്‍, കൊലയാളികളുടെയും അവരുടെ കൂട്ടാളികളുടെയും പേരുകള്‍ എവിടെ എഴുതിച്ചേര്‍ക്കും? ചോദ്യം വളരെ സങ്കീര്‍ണമാണെന്ന് തോന്നും ഒറ്റ നോട്ടത്തില്‍. പക്ഷേ നമ്മുടെ നാട്ടില്‍ അതിനുള്ള ഉത്തരം വളരെ ലളിതമാണ്. കൊലയാളികളെയും കൂട്ടാളികളെയും നേരത്തേ തന്നെ ക്ലീന്‍ ചീറ്റ് നല്‍കി വിട്ടയച്ചുകഴിഞ്ഞല്ലോ. അതുകൊണ്ട് അവരുടെ പേരുകള്‍ കുറ്റപത്രത്തില്‍ എവിടെ എഴുതിച്ചേര്‍ക്കുമെന്ന പ്രശ്‌നം തന്നെ ഉദിക്കുന്നില്ല! രാജസ്ഥാനില്‍ പഹ്‌ലു ഖാന്‍ വധക്കേസില്‍ സംഭവിച്ചത് അതാണ്. നിമയപരമായ എല്ലാ വ്യവസ്ഥകളും പാലിച്ചുകൊണ്ട് പശുക്കളെ രേഖാമൂലം വാങ്ങിയ പഹ്‌ലു ഖാനെ ഗോരക്ഷാ ഗുണ്ടകള്‍ വഴിയില്‍ വെച്ച് പിടികൂടി അടിച്ചുകൊല്ലുകയായിരുന്നു. അദ്ദേഹത്തിന്റെ മക്കളായ ഇര്‍ശാദിനും ആരിഫിനും ഗുരുതരമായ പരിക്കേറ്റു. ഇപ്പോഴിതാ പ്രതിപ്പട്ടികയിലുള്ളത് അന്യായമായി കൊല്ലപ്പെടുകയും തല്ലിയരക്കപ്പെടുകയും ചെയ്ത ആളുകള്‍ മാത്രം. കൊലയാളികളാകാട്ടെ എഫ്.ഐ.ആറില്‍ പോലും പേര് വരാതെ രക്ഷപ്പെടുകയും ചെയ്തിരിക്കുന്നു. പഹ്‌ലു ഖാനെ പ്രതിചേര്‍ത്തുകൊണ്ടുള്ള കുറ്റപത്രം പുറത്ത് വന്നപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ ഇര്‍ശാദ് വളരെ ദുഃഖത്തോടെയും നിരാശയോടെയും പറഞ്ഞു: ''ഭരണകൂടത്തിന് ഞങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ സാധ്യമല്ലെങ്കില്‍ ഉപദ്രവിക്കാതിരിക്കുകയെങ്കിലും ചെയ്തുകൂടേ? മര്‍ദനമേറ്റ് ഉപ്പയോടൊപ്പം അന്ന് മരിച്ചിരുന്നെങ്കില്‍ ഈ അപമാനം സഹിക്കേണ്ടിവരില്ലായിരുന്നു.''
ഗോ മിലീഷ്യകളുടെ ആക്രമണമുണ്ടാകുമ്പോഴൊക്കെ നാം വിരല്‍ ചൂണ്ടാറുള്ളത് കേന്ദ്ര-സംസ്ഥാന ബി.ജെ.പി സര്‍ക്കാറുകള്‍ക്കെതിരെയാണ്. പഹ്‌ലു ഖാന്‍ കൊല്ലപ്പെടുമ്പോഴും രാജസ്ഥാനില്‍ ബി.ജെ.പി ഭരണമായിരുന്നു. പക്ഷേ സംസ്ഥാനം കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ് അത്യന്തം വിചിത്രവും നമ്മുടെ നീതിബോധത്തെ പരിഹസിക്കുന്നതുമായ ഈ കുറ്റപത്രം പുറത്ത് വരുന്നത്. സ്വാഭാവികമായും വിഷയം ചര്‍ച്ചയായപ്പോള്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ട് പാപഭാരം മുഴുവന്‍ മുന്‍ ബി.ജെ.പി സര്‍ക്കാറിന്റെ തലയില്‍ കെട്ടിവെച്ച് കൈകഴുകി. എഫ്.ഐ.ആറും കുറ്റപത്രവുമൊക്കെ അവരാണ് തയാറാക്കിയതെന്നും തങ്ങളത് പുറത്ത് വിടുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നുമാണ് ന്യായം. യഥാര്‍ഥത്തില്‍ രണ്ടാമതൊരു എഫ്.ഐ.ആര്‍ ഈ കേസില്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റും തയാറാക്കിയിട്ടുണ്ട്. അത് തയാറാക്കുമ്പോള്‍ ഇത്തരം അനൗചിത്യങ്ങളൊക്കെ ഒഴിവാക്കാമായിരുന്നില്ലേ.
അശ്രദ്ധയാല്‍ അങ്ങനെ സംഭവിച്ചുപോയി എന്നൊന്നും പറയാന്‍ കഴിയില്ല. ഇപ്പുറത്ത് മധ്യപ്രദേശില്‍ അധികാരം കിട്ടിയപ്പോഴും ഗോരക്ഷക ഗുണ്ടായിസത്തിന്റെ കാര്യത്തില്‍ ബി.ജെ.പി ഗവണ്‍മെന്റിന്റെ അതേ നിലപാടായിരുന്നു കമല്‍നാഥ് നയിക്കുന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റിനും. പൊതു തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് 'ഹിന്ദു' ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ നാഥിന് കാര്യമായി പറയാനുണ്ടായിരുന്നത്, താന്‍ 'ഗോസംരക്ഷണ'ത്തിന് നല്‍കിയ സംഭാവനകളെക്കുറിച്ചായിരുന്നു! ഉള്ള നിയമങ്ങളൊക്കെ കര്‍ശനമാക്കുകയാണ് അദ്ദേഹം ചെയ്തത്. ഗോഹത്യ ആരോപണങ്ങള്‍ കള്ളമാണെങ്കിലും (ഉണ്ടായേടത്തോളം അങ്ങനെയാണ്), ആരെ വേണമെങ്കിലും ഇതിന്റെ പേരില്‍ പിടിച്ച് അകത്തിടാം. കോണ്‍ഗ്രസ്-ബി.ജെ.പി ഗവണ്‍മെന്റുകള്‍ എവിടെ വേര്‍പിരിയുന്നു എന്ന് കാണാന്‍ കഴിയാത്തവിധം ഈ വിഷയത്തില്‍ ഇരു പാര്‍ട്ടികളുടെയും നിലപാടുകള്‍ ചേര്‍ന്നു നില്‍ക്കുന്നു എന്നാണ് ആരോപണം.
Comments