Prabodhanm Weekly

Pages

Search

2019 ജൂണ്‍ 21

3106

1440 ശവ്വാല്‍ 17

കോഴിക്കോട് വലിയങ്ങാടിയിലെ മുസ്‌ലിം സാഹിബും ബാഫഖി തങ്ങളും

വി.കെ കുട്ടു, ഉളിയില്‍

കോഴിക്കോട് വെള്ളിമാടുകുന്നില്‍നിന്ന് ഇറങ്ങിയിരുന്ന മെസേജ് പത്രത്തിന്റെ എഡിറ്റര്‍ വി.പി അബ്ദുല്ല സാഹിബിനോടൊപ്പം 1968-ല്‍ ദല്‍ഹി സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഞങ്ങള്‍ രണ്ടു പേരും പഴയ ദല്‍ഹിയിലെ റോഡിലൂടെ നടന്നുപോകുമ്പോള്‍ വഴിയില്‍ അയഞ്ഞ പൈജാമയും ഷര്‍ട്ടും ധരിച്ച ഒരാളെ കണ്ടപ്പോള്‍ അബ്ദുല്ല സാഹിബ് ആദരവോടെ സലാം ചൊല്ലി, അദ്ദേഹത്തെ ഓരത്തേക്ക് കൊണ്ടുപോയി സംസാരിക്കുന്നത് ശ്രദ്ധിച്ചു. കാഴ്ചയില്‍ ദല്‍ഹിയിലെ റിക്ഷാവാലയോ ചുമട്ടു തൊഴിലാളിയോ എന്ന് തോന്നിപ്പിക്കുന്ന ഒരാള്‍.
അദ്ദേഹം ജമാഅത്തെ ഇസ്‌ലാമിയുടെ ഉര്‍ദു ജിഹ്വയായ ദഅ്‌വത്തിന്റെ പത്രാധിപരായ മുഹമ്മദ് മുസ്‌ലിം സാഹിബാണ് എന്നറിഞ്ഞപ്പോള്‍ സന്തോഷവും ആദരവും കൊണ്ട് മനസ്സ് നിറഞ്ഞു (ഇപ്പോഴത്തെപ്പോലെ ജമാഅത്തു നേതാക്കളെ ഫോട്ടോകളില്‍ കൂടി കാണാന്‍ അന്ന് സാധിച്ചിരുന്നില്ലല്ലോ).
അദ്ദേഹത്തെക്കുറിച്ച് വായിച്ചറിഞ്ഞിരുന്നു.
1930-'40 കാലങ്ങളില്‍ മലബാറില്‍ മാരകമായ വസൂരി ദുരിതങ്ങള്‍ വിതച്ചുകൊണ്ടിരിക്കുകയായിരുന്നു. ശരീരം മുഴുവനും ചലം നിറഞ്ഞ കുമിളകള്‍ പൊന്തിയതിനാല്‍ പറ്റിപ്പിടിച്ചു വേദനിക്കുന്നത് കാരണം രോഗികളെ കിടത്താന്‍ സാധിച്ചിരുന്നില്ല. മരണവും കാത്ത് വാഴയിലകളിലായിരുന്നു അവരെ കിടത്തിയിരുന്നത്. മാരകരോഗം പകരുമെന്ന ഭയത്താല്‍ അടുത്ത ബന്ധുക്കള്‍പോലും അകന്നിരുന്ന കാലം. അക്കാലത്ത് കോഴിക്കോട് വലിയങ്ങാടിയിലെ പള്ളിയില്‍ ഒരു യുവാവ് രാത്രി ഉറങ്ങുന്നതും പകല്‍ ചില ദിവസങ്ങളില്‍ ചുമട്ടുജോലി ചെയ്യുന്നതും ചിലരുടെ ശ്രദ്ധയില്‍പെട്ടു. കൂടുതല്‍ അന്വേഷിച്ചപ്പോള്‍  ആ യുവാവ് വടക്കേ ഇന്ത്യക്കാരനാണെന്നും യാതൊരു പ്രതിഫലവും പറ്റാതെ വസൂരിരോഗികളെ ശുശ്രൂഷിക്കുകയാണെന്നും അറിഞ്ഞു. ചുമട്ടുജോലി ചെയ്യുന്നത് സ്വന്തം ഭക്ഷണാവശ്യത്തിന് മാത്രമുള്ളത് ലഭിക്കാനാണന്നും മനസ്സിലായി.
സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍ അക്കാലത്ത് കോഴിക്കോട് വലിയങ്ങാടിയിലെ അരി മൊത്ത വ്യാപാരിയായിരുന്നു. ബര്‍മയില്‍നിന്നും പായക്കപ്പലുകള്‍ വഴി അരി വരുത്തിയായിരുന്നു കച്ചവടം.
ഈ യുവ ചുമട്ടുതൊഴിലാളിയെക്കുറിച്ച വിവരം ബാഫഖി തങ്ങള്‍ അറിഞ്ഞപ്പോള്‍, ആ യുവാവിനെ വിളിച്ചുവരുത്തി അദ്ദേഹത്തിന് ഒരു തുക നല്‍കി. അത് സ്വീകരിക്കാതെ ആ യുവാവ് വിനയത്തോടെ പറഞ്ഞു:
''എന്റെ മഹാനായ ഉസ്താദ് പറഞ്ഞതനുസരിച്ചാണ് ഞാനീ അപരിചിതമായ സ്ഥലത്തെത്തിയത്. സേവനത്തിന് ഒരു പ്രതിഫലവും സ്വീകരിക്കരുതെന്നാണ് അദ്ദേഹത്തിന്റെ ഉപദേശം.''
ഈ യുവാവിന് ഏതെങ്കിലും വിധത്തില്‍ ഒരു തുക നല്‍കിയേ തീരൂ എന്ന ആഗ്രഹത്താല്‍ ബാഫഖി തങ്ങള്‍ ഒരു പണി ചെയ്തു. ആ ആഴ്ചയില്‍ അദ്ദേഹം അയച്ച ഒരു ചരക്കില്‍ ആ യുവാവിനെയും മനസ്സില്‍ പാര്‍ട്ണറാക്കി. അതില്‍ കിട്ടുന്ന ലാഭത്തിന്റെ ഒരോഹരി ആ യുവാവിനു നല്‍കാന്‍ തീരുമാനിച്ചു. ചരക്കു വിറ്റ് പണം വന്നപ്പോള്‍ യുവാവിനെ അടുത്തു വിളിച്ചിരുത്തി തങ്ങള്‍ പറഞ്ഞു: ''നീ ഇപ്പോള്‍ എന്നെ സഹായിച്ചിട്ടില്ലെങ്കില്‍ ഞാന്‍ അല്ലാഹുവിന്റെ അടുക്കല്‍ കുറ്റക്കാരനാകും. ഞാന്‍ നിന്നെ പാര്‍ട്ണറാക്കിക്കൊണ്ട് അയച്ച ചരക്കില്‍ നിനക്കിത്ര ലാഭവിഹിതമുണ്ട്. നീ അത് സ്വീകരിച്ചേ തീരൂ.'' മുഹമ്മദ് മുസ്‌ലിം സാഹിബിന് അത് സ്വീകരിക്കേണ്ടിവന്നു (മുസ്‌ലിം സാഹിബ് എഴുതിയ ഒരു ലേഖനത്തില്‍ ബാഫഖി തങ്ങളെക്കുറിച്ച ഈ വിവരണമുണ്ടായിരുന്നു).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (7-11)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഭൗതിക ജീവിതത്തോടുള്ള വിശ്വാസിയുടെ നിലപാട്
കെ.സി ജലീല്‍ പുളിക്കല്‍