Prabodhanm Weekly

Pages

Search

2019 ജൂണ്‍ 21

3106

1440 ശവ്വാല്‍ 17

ബൈത്തുസ്സകാത്ത് കേരള സ്വയം പര്യാപ്തതയിലേക്കുള്ള കുതിച്ചുചാട്ടം

വി.കെ അലി/കെ. നജാത്തുല്ല

ഇസ്‌ലാമിന്റെ പ്രധാനപ്പെട്ട ആരാധനാകര്‍മമായ സകാത്തിന്റെ പൊരുള്‍ എന്താണ്?

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍പെടുന്ന അതിപ്രധാനമായ ആരാധനാകര്‍മമാണ് സകാത്ത്. മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിന് തൊട്ടുടനെ തന്നെ സകാത്ത് നല്‍കുന്നതിനുള്ള പ്രോത്സാഹനങ്ങളും നിര്‍ദേശങ്ങളും ഖുര്‍ആനില്‍ കാണാവുന്നതാണ്. എന്നാല്‍ അതിന്റെ വ്യവസ്ഥാപിത രീതികളെ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കുന്നത് പ്രവാചകന്റെ മദീനാജീവിതത്തിലാണ്. സകാത്തിന്റെ ലക്ഷ്യം ഖുര്‍ആന്‍ ഇങ്ങനെ വ്യക്തമാക്കുന്നു: ''പ്രവാചകാ, താങ്കള്‍ അവരുടെ  സമ്പത്തില്‍നിന്ന് ധര്‍മം വസൂല്‍ ചെയ്ത് അവരെ ശുദ്ധീകരിക്കുകയും (നന്മയുടെ മാര്‍ഗത്തില്‍) വളര്‍ത്തുകയും ചെയ്യുക''(അത്തൗബ 103). മനസ്സിന്റെയും സമ്പത്തിന്റെയും വളര്‍ച്ചയും സംസ്‌കരണവുമാണ് സകാത്ത് ലക്ഷ്യമിടുന്നത്. സമ്പത്തിനോടുള്ള ആര്‍ത്തിയും ഭൗതികതയോടുള്ള ത്വരയുമില്ലാത്ത മനസ്സിനെ സൃഷ്ടിക്കുക, പാവപ്പെട്ടവരോടും നിരാംലബരോടും ആര്‍ദ്രതയും സ്‌നേഹവും വളര്‍ത്തുക എന്നിവയാണ് മനസ്സിന്റെ സംസ്‌കരണം കൊണ്ട് ഉദ്ദേശിക്കുന്നത്. പരസ്പര സഹകരണത്തിലൂടെയാണ് സാമ്പത്തിക വളര്‍ച്ച സാധ്യമാവുക. 

സ്വദഖയും സകാത്തും വ്യത്യാസപ്പെടുന്നതെങ്ങനെയാണ്?

സ്വദഖ എന്നത് ദാനധര്‍മത്തെയും സകാത്തിനെയും ഉദ്ദേശിച്ചുള്ള പൊതുപ്രയോഗമാണ്. സകാത്തിനെ ഉദ്ദേശിച്ച് സ്വദഖ എന്ന് ഖുര്‍ആനിലും ഹദീസിലും പ്രയോഗിച്ചതായി കാണാം. കേവല ദാനധര്‍മങ്ങള്‍ക്ക് മാത്രമായും സ്വദഖ എന്ന് ഉപയോഗിച്ചിട്ടുണ്ട്. രണ്ടിനെയും വേര്‍തിരിച്ച് പറയുമ്പോള്‍ സകാത്ത് നിര്‍ബന്ധമായ ദീനീബാധ്യതയും ഇസ്‌ലാമിന്റെ സ്തംഭങ്ങളില്‍പെട്ടതുമാണ്. കേവല പുണ്യകര്‍മം മാത്രമല്ല.  ശറഇല്‍ സകാത്തിന് നിര്‍ണിത അവകാശികളുണ്ട്, തോത് ഉണ്ട്, കൊടുക്കാന്‍ ബാധ്യതപ്പെട്ടവര്‍ ഉണ്ട്. സകാത്ത് നല്‍കാന്‍ ബാധ്യതപ്പെട്ടവര്‍ അതിന് സന്നദ്ധമല്ലെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടും. ഇതൊക്കെയും ഖുര്‍ആനും ഹദീസും ഖുലഫാഉര്‍റാശിദുകളുടെ ചര്യയും വഴി സ്ഥിരപ്പെട്ടതാണ്. ഇക്കാര്യങ്ങള്‍ സ്വദഖയെ സംബന്ധിച്ച് ബാധകമല്ല.

ഒരു രാജ്യത്തിന്റെ/സമൂഹത്തിന്റെ പുരോഗതിയും വികസനവും ത്വരിതപ്പെടുത്താന്‍ സകാത്ത് സംവിധാനം എങ്ങനെയണ് സഹായകമാകുന്നത്?

സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും വികസനം സാധ്യമാകുന്നതിനുള്ള മികച്ച ഉപാധിയാണ് സകാത്ത്. ഇസ്‌ലാം കല്‍പിക്കുന്നപോലെ ധനികര്‍ സകാത്ത് നല്‍കാന്‍ തയാറാവുകയും അതിന് വ്യവസ്ഥാപിത സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്താല്‍ നിഷ്പ്രയാസം ഇത് സാധ്യമാകും. ഉമറുബ്‌നുല്‍ അബ്ദുല്‍ അസീസി(റ)ന്റെ ഭരണകാലത്ത് സകാത്തിന് അവകാശികളില്ലാതെ വരികയും അതത് നാടുകളില്‍നിന്ന് സമാഹരിച്ച സകാത്ത് കേന്ദ്ര ബൈത്തുല്‍മാലിലേക്ക് അടക്കേണ്ടിവരികയും ചെയ്തത് അതിനാലാണ്. സകാത്തിന്റെ സംഭരണം പോലെ തന്നെ അതിന്റെ വിതരണവും കാര്യക്ഷമമാകണം. യാചകവൃന്ദത്തെ എന്നെന്നും യാചകരായി നിലനിര്‍ത്തുന്ന വിധത്തില്‍ തുഛമായ തുക നല്‍കുകയല്ല വേണ്ടത്. ഉമര്‍ (റ) പറഞ്ഞല്ലോ, 'നിങ്ങളവര്‍ക്ക് നല്‍കുകയാണെങ്കില്‍ അവരെ സമ്പന്നരാക്കുക' എന്ന്. സ്വയംപര്യാപ്തരാക്കാന്‍ ഉതകുംവിധം മൂന്നും നാലും ഒട്ടകങ്ങളെയാണ് അദ്ദേഹം നല്‍കിയിരുന്നത്. ഒരാള്‍ക്ക് സ്വര്‍ണക്കച്ചവടം മാത്രമേ അറിയൂ എങ്കില്‍ അദ്ദേഹത്തിന് ജ്വല്ലറി തുടങ്ങാനാവശ്യമായ തുക നല്‍കണം, ചീരക്കച്ചവടക്കാരനെങ്കില്‍ അതിനനുസരിച്ച് സകാത്തില്‍നിന്ന് വിഹിതം നീക്കിവെക്കണം എന്നൊക്കെ ഇമാം ശാഫിഈ(റ)  ഉദാഹരണസഹിതം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 2008-ല്‍ ഡോ. അലി ഖുര്‍റദാഗി നടത്തിയ പഠനത്തില്‍, ഗള്‍ഫ് മേഖലയിലെ കമ്പനികളില്‍നിന്നും ബാങ്കുകളില്‍നിന്നും മാത്രം സകാത്ത് ശേഖരിച്ചാല്‍ തന്നെ നാല് ട്രില്യന്‍ ഡോളര്‍ ഉണ്ടാകുമെന്നും മേഖലയിലെ ദാരിദ്ര്യവും പിന്നാക്കാവസ്ഥയും തുടച്ചുനീക്കാന്‍ അവ പര്യാപ്തമാണെന്നും ചൂിക്കാട്ടിയിരുന്നു. ഇതര മേഖലകളില്‍നിന്ന് ലഭിക്കേണ്ട സകാത്ത് ഇതിനു പുറമെയാണ്. ഇതില്‍നിന്നൊക്കെ  രാഷ്ട്ര, സമൂഹ പുനര്‍നിര്‍മാണത്തില്‍ സകാത്ത് വ്യവസ്ഥക്ക് കാര്യമായ പങ്കുവഹിക്കാനുന്നെ് മനസ്സിലാകും.

ഏതെല്ലാം വിഭാഗങ്ങളാണ് സകാത്ത് ലഭിക്കാന്‍ അര്‍ഹതയുള്ളത്? ഇവരുടെ എന്തെല്ലാം ആവശ്യങ്ങള്‍ക്കു വേണ്ടി സകാത്ത് വിനിയോഗിക്കാം? ഇതില്‍ കാലാനുസൃതമായ മാറ്റം സാധ്യമാണോ?

സമ്പത്ത് ഉണ്ടാക്കുക എന്നതല്ല, അവയുടെ നീതിപൂര്‍വകമായ വിതരണം ഉറപ്പുവരുത്തുക എന്നതാണ് പ്രധാനമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയാറുണ്ട്. അതുകൊണ്ടുകൂടിയാണ് സകാത്തിന് അര്‍ഹരായ വിഭാഗങ്ങളെ കൃത്യമായും വിശദമായും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ കാലികമായ മാറ്റങ്ങളെക്കൂടി ഉള്‍ക്കൊള്ളാവുന്ന വിധത്തിലുള്ള പ്രയോഗങ്ങളാണ് ഖുര്‍ആന്‍ നടത്തിയിട്ടുള്ളത്. ഉദാഹരണത്തിന് 'രിഖാബ്' എന്ന പ്രയോഗം. അടിമത്തമോചനത്തെ കുറിക്കുന്ന ആലങ്കാരിക പ്രയോഗമാണത്. പ്രവാചകന്റെ കാലത്ത് അടിമത്തം ഒരു വലിയ സാമൂഹിക പ്രശ്‌നമായിരുന്നു. അവരുടെ മോചനം സാമൂഹികമുന്നേറ്റത്തിന് അനിവാര്യവുമായിരുന്നു. സ്വാഭാവികമായും ഇസ്‌ലാം സകാത്തില്‍നിന്ന് അതിന് ഒരു വിഹിതം വകയിരുത്തി. വന്‍തോതില്‍ അത് അടിമമോചനത്തിന് സഹായകമാവുകയും ചെയ്തു. പിന്നീട് ഇമാം അഹ്മദുബ്‌നു ഹമ്പലിനെ പോലുള്ളവര്‍ ഇതിനെ കുറച്ചുകൂടി വികസിപ്പിച്ച്, ജയില്‍പുള്ളികളുടെ മോചനം രിഖാബിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി; അവര്‍ക്കാവശ്യമായ പിഴത്തുക, മറ്റ് ആവശ്യങ്ങള്‍ എന്നിവക്ക്. സയ്യിദ് റശീദ് രിദായെ പോലുള്ളവര്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക് കീഴിലുള്ള സമൂഹങ്ങളുടെ വിമോചനപ്പോരാട്ടങ്ങളെയും രിഖാബിന്റെ പരിധിയിലുള്‍പ്പെടുത്തി. അതും ഒരുതരത്തിലുള്ള അടിമത്തത്തില്‍നിന്നുള്ള മോചനമാണല്ലോ. പല ആധുനിക പണ്ഡിതരും ഇതിനോട് യോജിക്കുന്നുണ്ട്. വിദേശത്ത് പിഴ കൊടുക്കാനില്ലാത്തതിനാല്‍ ജയിലില്‍ കഴിയുന്നവര്‍ക്കൊക്കെ ഈ വിഹിതം ഉപയോഗിക്കാവുന്നതാണെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.
മറ്റൊരു പ്രയോഗമാണ് 'സബീലുല്ല.' പൗരാണിക പണ്ഡിതന്മാര്‍ യുദ്ധാവശ്യങ്ങള്‍ എന്ന വ്യാഖ്യാനം മാത്രമേ ഇതിന് നല്‍കിയിരുന്നുള്ളൂ. പില്‍ക്കാലത്ത് കൂടുതല്‍ വികസിതമായ വ്യാഖ്യാനം നല്‍കപ്പെട്ടു. ഇമാം റാസി(റ)യെ പോലുള്ളവര്‍ നന്മയുടെ മാര്‍ഗത്തിലുള്ള(വുജൂഹുല്‍ ഖൈര്‍) കാര്യങ്ങള്‍ക്കെല്ലാം ഇതുപയോഗിക്കാമെന്ന് പറഞ്ഞു. അനസുബ്‌നു മാലിക്, ഹസന്‍ ബസ്വരി, ഇമാം ഖഫ്ഫാല്‍, റശീദ് രിദാ, സയ്യിദ് ഖുത്വ്ബ് തുടങ്ങിയവര്‍  മയ്യിത്ത് സംസ്‌കരണം, ഡാം നിര്‍മാണം, ജലസേചനം, പള്ളികളുടെ പരിചരണം എന്നിവക്ക് ഉപയോഗപ്പെടുത്താം എന്ന അഭിപ്രായമുള്ളവരാണ്. പ്രബോധകരെ വാര്‍ത്തെടുക്കുന്ന സംവിധാനങ്ങള്‍, സംഘങ്ങള്‍ എന്നിവയും ഇതിന്റെ പരിധിയില്‍ വരുന്നു. അതായത്, പ്രാഥമികമായി പരിഗണിക്കേണ്ട വിഭാഗങ്ങളെ പ്രത്യേകമായി പറയുകയും കാലാനുസൃതമായി വരുന്ന പുതിയ ആവശ്യങ്ങള്‍ക്കുള്ള സാധ്യത തുറന്നിടുകയുമാണ് ഇതുമുഖേന ഇസ്‌ലാം ചെയ്തത്.
മൂന്നാമതൊരു പ്രയോഗമാണ് 'ഇബ്‌നുസ്സബീല്‍.' വഴിയില്‍ കുടുങ്ങിയവര്‍, യാത്രക്കാര്‍ എന്നൊക്കെയാണ് ഭാഷാര്‍ഥം. എന്നാല്‍ ഭവനരഹിതര്‍, തെരുവിന്റെ മക്കള്‍ എന്നിവരൊക്കെ ഇതില്‍പെടുമെന്ന് ഹമ്പലി മദ്ഹബില്‍ കാണാവുന്നതാണ്. അഭയാര്‍ഥികള്‍, കുടിയേറ്റക്കാര്‍ എന്നിവരെയും ആധുനിക പണ്ഡിതര്‍ ഈ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.    

ഇസ്‌ലാമിക ചരിത്രത്തില്‍ സകാത്ത് സംഭരണത്തിനും ശേഖരണത്തിനും ഭരണകൂടങ്ങളാണ് നേതൃത്വം നല്‍കിയിരുന്നത്. നമ്മുടേതു പോലുള്ള സാഹചര്യത്തില്‍ ഇതെങ്ങനെ നിര്‍വഹിക്കാനാവും? 
 
ഇസ്‌ലാമിലെ സകാത്ത് വ്യവസ്ഥ പരിശോധിച്ചാല്‍ അല്ലാഹു മുസ്‌ലിം ഉമ്മത്തിനെ ഏല്‍പിച്ച ദൗത്യമാണത് എന്നു കാണാനാവും. സകാത്ത് വ്യവസ്ഥയിലെ ഉദ്യോഗസ്ഥര്‍ക്ക് വിഹിതം നിശ്ചയിച്ചതില്‍നിന്നു തന്നെ വ്യക്തിപരമായല്ല, സംഘടിതമായും വ്യവസ്ഥാപിതമായുമാണ് അത് നിര്‍വഹിക്കേണ്ടത് എന്ന് വ്യക്തമാണല്ലോ. ആദ്യകാലങ്ങളില്‍ ആ രീതിയായിരുന്നു സ്വീകരിക്കപ്പെട്ടിരുന്നതും. ഇസ്‌ലാമിക ഭരണകൂടമുണ്ടെങ്കില്‍ അതിന്റെയും ഇല്ലെങ്കില്‍ മുസ്‌ലിം സമൂഹത്തിന്റെയും ബാധ്യതയാണത്. ഒന്നാം ഖലീഫയുടെ കാലത്ത് സംഘടിത സകാത്തിന്റെ ഭാഗമാവാതെ വ്യക്തിപരമായി നല്‍കാം എന്ന നിലപാടെടുത്തവരെ കര്‍ശനമായി തന്നെയാണ് അബൂബക്ര്‍ (റ) കൈകാര്യം ചെയ്തത്. സമൂഹം സകാത്ത് വ്യവസ്ഥ ഏറ്റെടുത്ത് നിര്‍വഹിച്ചാല്‍ മാത്രമേ ഇസ്‌ലാം ഉദ്ദേശിക്കുന്ന ആവശ്യങ്ങള്‍ക്ക് അത് ഉപകരിക്കുകയുള്ളൂ. 'നാം ഭൂമിയില്‍ ആധിപത്യം നല്‍കുകയാണെങ്കില്‍ നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും നല്ലത് കല്‍പിക്കുകയും തിയ്യത് വിരോധിക്കുകയും ചെയ്യുന്നവരത്രെ അവര്‍' (അല്‍ഹജ്ജ്: 41) എന്ന ഖുര്‍ആനിക പ്രയോഗത്തില്‍നിന്ന്, ആധിപത്യം ഇല്ലാത്ത കാലത്ത് സംഘടിതമായ നമസ്‌കാരവും നമസ്‌കാരത്തിന് വേണ്ടി പള്ളിയടക്കമുള്ള സൗകര്യങ്ങളും നന്മ കല്‍പിക്കലും തിന്മ വിരോധിക്കലും വേണ്ടതില്ലെന്ന് ആരും പറയാറില്ലല്ലോ. അപ്രകാരം തന്നെയല്ലേ സംഘടിത സകാത്ത് വിതരണവും? ഭരണകൂടം ഇല്ല എന്നത് സംഘടിത സകാത്ത് നിരാകരിക്കുന്നതിന് കാരണമാകുന്നില്ല എന്ന് ചുരുക്കം. ഇന്ന് മുസ്‌ലിം സമുദായത്തിലെ ധാരാളം പണ്ഡിതന്മാരും പത്രപ്രസിദ്ധീകരണങ്ങളും സംഘടിത സകാത്തിന്റെ ആവശ്യകതയെ അംഗീകരിക്കുന്നു എന്നത് ശ്ലാഘനീയമാണ്. സംഘടിതമായി നിര്‍വഹിക്കുക എന്നതാണ് ശറഇന്റെ  ചൈതന്യത്തിന്  ചേരുന്നത്.

ഓരോരുത്തരും വ്യക്തിപരമായി സകാത്ത് നല്‍കിയാല്‍ മതി, സംഘടിത സകാത്തില്ല എന്ന ധാരണ പൊതുവില്‍ കേരളത്തില്‍ നിലനില്‍ക്കുന്നുണ്ടല്ലോ. നിര്‍ണയിക്കപ്പെട്ട അവകാശികള്‍ക്ക് സകാത്ത്ദായകന്‍ വ്യക്തിപരമായി നല്‍കുന്നതിന്റെ സാധുത എന്താണ്? അതോടെ ബാധ്യത തീരുമോ? വ്യക്തിപരമായി നിര്‍വഹിക്കുമ്പോള്‍ സാമൂഹികമായ മുന്‍ഗണനാക്രമം പാലിക്കാനാകുമോ?

സകാത്തിലൂടെ പരിഹരിക്കപ്പെടേണ്ട പല സാമൂഹികാവശ്യങ്ങളും വ്യക്തിപരമായി നല്‍കുന്നതിലൂടെ പരിഹൃതമാവുകയില്ല എന്നതു തന്നെയാണ് ആദ്യമായി മനസ്സിലാക്കേണ്ടത്. രണ്ടാമതായി, ഇസ്‌ലാം അനഭിലഷണീയമായി കരുതുന്ന പല പ്രവണതകളും വ്യക്തികള്‍ സ്വന്തമായി സകാത്ത് നല്‍കുന്നതിലൂടെ ഉണ്ടായിത്തീരും. യാചന, ധനികരോടുള്ള വിധേയത്വം, ധനികര്‍ക്കുണ്ടാവുന്ന അഹംഭാവം, സാമൂഹിക വിവേചനം, അപൂര്‍ണമായി സകാത്ത് നല്‍കല്‍ തുടങ്ങിയവ ഉദാഹരണം. എന്നാല്‍ വ്യക്തിപരമായ ചില പരിഗണനകളും ആവശ്യങ്ങളും സ്വാഭാവികമായും ഉണ്ടാകും. അതിന് പ്രവാചകന്‍ തന്നെ മൂന്നിലൊന്ന് വരെ വിഹിതം സകാത്ത് ദായകര്‍ക്ക് അനുവദിച്ചു കൊടുത്തതായും കാണാം.
വ്യക്തിപരമായി നല്‍കുന്നതിന് അനുകൂലമായ ഫത്‌വകള്‍ പണ്ഡിതന്മാര്‍ നല്‍കുന്ന സാഹചര്യം ഇന്നും  കേരളത്തിലടക്കമുണ്ട്. അവര്‍ സംഘടിത സകാത്ത് സംവിധാനത്തെ എതിര്‍ക്കുന്നു. അതിനു പിന്നില്‍ സമ്പന്നരുടെയും പണ്ഡിതന്മാരുടെയും സ്വാര്‍ഥതാല്‍പര്യങ്ങളാണ്.
സംഘടിത സംവിധാനമുള്ളിടത്ത് അതിനോട് സഹകരിക്കുകയാണ് വേണ്ടത്. അല്ലാതെ ബാധ്യത പൂര്‍ത്തീകരിക്കപ്പെടുകയില്ല. അതേസമയം, ഒരു നാട്ടില്‍ അത്തരം വിശ്വസനീയമായ ഒരു ഏജന്‍സിയും ഇല്ലാതിരിക്കുകയും സകാത്തിന്റെ അവകാശികളെ കണ്ടെത്തി വിതരണം ചെയ്യാനുള്ള അന്യൂനമായ സംവിധാനം തന്റെ കൈയിലുണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്വന്തമായി വിതരണം ചെയ്താല്‍ അത് ശരിയല്ല എന്നു പറയാന്‍ ന്യായമില്ല.

ബൈത്തുസ്സകാത്ത് കേരള സ്ഥാപിക്കാനുണ്ടായ സാഹചര്യമെന്തായിരുന്നു?

ജമാഅത്തെ ഇസ്‌ലാമിയുടെ മേല്‍നോട്ടത്തിലുള്ള സ്ഥാപനമാണ് ബൈത്തുസ്സകാത്ത് കേരള. തുടക്കം മുതല്‍ തന്നെ സംഘടിത സകാത്ത് സംവിധാനത്തിന് ജമാഅത്ത് വലിയ പരിഗണന നല്‍കിയിരുന്നു. ആദ്യകാലങ്ങളില്‍ ജമാഅത്ത് അതിന്റെ പ്രവര്‍ത്തകരില്‍നിന്നും അവരുടെ സകാത്ത് പിരിച്ചെടുത്തിരുന്നു. പിന്നീട് അല്‍പം മുന്നോട്ടു പോയി പ്രാദേശിക തലത്തില്‍ പൊതുമുസ്‌ലിം സമൂഹത്തിന് പങ്കാളിത്തമുള്ള പ്രാദേശിക സകാത്ത് കമ്മിറ്റികളും മറ്റും സ്ഥാപിക്കുകയുണ്ടായി. പ്രാദേശികമായ സംഭരണ-വിതരണ രീതിയായിരുന്നു ഇവയ്ക്കുണ്ടായിരുന്നത്. പിന്നീട് പല സകാത്ത്ദായകരും ജമാഅത്തിനെ നേരിട്ട് സകാത്ത് ഏല്‍പിക്കാന്‍ ആരംഭിക്കുകയും ഒരു പൊതു ഏജന്‍സിയെ സംബന്ധിച്ച ആവശ്യം ഉയര്‍ന്നുവരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് 2000-ല്‍ ബൈത്തുസ്സകാത്ത് കേരളക്ക് രൂപം നല്‍കുന്നത്. വളരെ ആഹ്ലാദകരമാണ് ഇതിനോടുള്ള സകാത്ത്ദായകരുടെ പ്രതികരണം.

സകാത്ത് കാര്യക്ഷമമാക്കുന്നതിന് സ്വീകരിക്കുന്ന രീതികള്‍ എന്തെല്ലാമാണ്?

സകാത്ത്ദായകരെ വിളിച്ചുകൂട്ടി ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുക, പ്രഗത്ഭരെ പങ്കെടുപ്പിച്ച് സകാത്ത് കോണ്‍ഫറന്‍സുകളും സെമിനാറുകളും പ്രാദേശിക സംഗമങ്ങളും സംഘടിപ്പിക്കുക, പി.ആര്‍ കിറ്റുകളും സകാത്ത് കാല്‍ക്കുലേഷന്‍ മെറ്റീരിയലുകളും തയാറാക്കുക തുടങ്ങിയവ ഇതില്‍ പെടുന്നു. സകാത്ത് വിതരണ പരിപാടികള്‍ പൊതുജന പങ്കാളിത്തത്തോടെ നടത്തുന്നതും സകാത്ത്ദായകരെ വലിയ തോതില്‍ ആകര്‍ഷിക്കുന്നുണ്ട്. കൂടാതെ, ഓരോ വര്‍ഷവും ഓഡിറ്റ് റിപ്പോര്‍ട്ട് സകാത്ത്ദായകര്‍ക്ക് എത്തിക്കുകയും ചെയ്യുന്നു.

ബൈത്തുസ്സകാത്ത് കേരള സകാത്തിന്റെ അവകാശികളെ കണ്ടെത്തുന്നതിന് സ്വീകരിക്കുന്ന രീതികള്‍ എന്തെല്ലാമാണ്? ബൈത്തുസ്സകാത്തില്‍നിന്ന് സഹായം ലഭിച്ചവരുമായി തുടര്‍ബന്ധം നിലനിര്‍ത്താറുണ്ടോ?

കാര്യക്ഷമമായ ഓഫീസ് സംവിധാനം ബൈത്തുസ്സകാത്തിനുണ്ട്. ഇതിനകം സാമാന്യം പ്രസിദ്ധിയാര്‍ജിച്ച സ്ഥാപനമായതുകൊണ്ടു തന്നെ ധാരാളം അപേക്ഷകള്‍ വന്നുകൊണ്ടിരിക്കുന്നു. അപേക്ഷകള്‍ മുഴുവന്‍ പരിഗണിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഓണ്‍ലൈനായി മാത്രമാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. പണ്ഡിതരും സാമ്പത്തിക വിദഗ്ധരുമടങ്ങുന്ന ട്രസ്റ്റാണ് ഇതിന്റെ അപെക്‌സ് ബോഡി. ട്രസ്റ്റ് നിയോഗിച്ച എക്‌സിക്യൂട്ടീവ് കമ്മിറ്റി ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു.
ഇതിനു കീഴില്‍ ജില്ലാ, ഏരിയാ, പ്രാദേശിക തലങ്ങളില്‍ കോര്‍ഡിനേറ്റര്‍മാരും ഫീല്‍ഡ് ഓര്‍ഗനൈസര്‍മാരുമുണ്ട്. പ്രാദേശിക കോര്‍ഡിനേറ്ററാണ് ആവശ്യക്കാരനുവേണ്ടി അപേക്ഷ സമര്‍പ്പിക്കുക. ഏരിയാ, ജില്ലാ തല പരിശോധനക്കു ശേഷം എക്‌സിക്യൂട്ടീവ് കമ്മിറ്റി ആവശ്യമെങ്കില്‍ അപേക്ഷയിന്മേല്‍ പഠനം നടത്തിയാണ് അര്‍ഹരെ കണ്ടെത്തുന്നത്. ആവശ്യമെങ്കില്‍ സംസ്ഥാന ഓഫീസിലെ പ്രോജക്ട് കോര്‍ഡിനേറ്റര്‍മാരെ പഠനത്തിന് അയക്കുന്നു. ഒരു ഡയറക്ടര്‍ക്കു കീഴില്‍ ഹൗസിംഗ്, എംപ്ലോയ്‌മെന്റ്, സെല്‍ഫ് എംപ്ലോയ്‌മെന്റ്, സ്‌കോളര്‍ഷിപ്പ്, സീസണല്‍ പ്രോജക്ട് തുടങ്ങി ഓരോ വിഭാഗത്തിനും പ്രത്യേകം പ്രോജക്ട് കോര്‍ഡിനേറ്റര്‍മാരുണ്ട്. ഗുണഭോക്താവിന്റെ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കാണ് തുക നിക്ഷേപിക്കുക. 
ചിലപ്പോള്‍, ദായകര്‍ തന്നെയും അവകാശികളെ നിര്‍ദേശിക്കുകയും ചെയ്യാറുണ്ട്. സകാത്ത്തുക കൊണ്ടുള്ള സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്താനും മേല്‍നോട്ടം വഹിക്കാനും സാധിക്കുന്നുണ്ട്. പരിമിതമായ തോതിലാണെങ്കിലും സകാത്ത് വിഹിതം ലഭിച്ചവര്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് സകാത്ത്ദായകരായി മാറിയ അനുഭവവും ഉണ്ട്. സഹായം ലഭിച്ചവരുമായി തുടര്‍ബന്ധം  നിലനിര്‍ത്താനും ശ്രമിക്കാറുണ്ട്.

സകാത്ത് വിതരണം ചെയ്യുന്നതില്‍ മതപരമായ പരിഗണനകളുണ്ടോ?

സകാത്ത് ഇസ്‌ലാമിലെ ഒരു ആരാധനാകര്‍മമാണ്. ധനികരായ മുസ്‌ലിംകളില്‍നിന്ന് ശേഖരിച്ച് സമുദായത്തിലെ പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നതാണ് സകാത്തിന്റെ മൗലിക സ്വഭാവം. മുസ്‌ലിംകളുടെ സാമൂഹിക വളര്‍ച്ചക്കുള്ള ഉപാധിയാണ് സകാത്ത്. അതിനാല്‍ ഒരു നിലക്കും ഇതര മതസ്ഥര്‍ ഇതിനര്‍ഹരല്ല എന്ന് അഭിപ്രായമുള്ള പണ്ഡിതന്മാരുണ്ട്. എന്നാല്‍ പ്രഗത്ഭരായ ചില പണ്ഡിതന്മാര്‍ ഫുഖറാഅ്, മസാകീന്‍ എന്നീ വിഭാഗങ്ങളില്‍ മതപരിഗണനകളില്ല എന്ന് അഭിപ്രായമുള്ളവരാണ്. മാനുഷിക പരിഗണനകളുണ്ടായിരിക്കണം എന്നാണവരുടെ അഭിപ്രായം. ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ), അഹ്‌ലുകിത്താബില്‍പെട്ടവര്‍ക്ക് സകാത്ത് വിഹിതം നല്‍കിയതായും കാണാവുന്നതാണ്. ഇന്ത്യ പോലുള്ള ബഹുസ്വര സമൂഹത്തില്‍, മുസ്‌ലിംകള്‍ക്കിടയില്‍ കഴിയുന്ന ദരിദ്രരായ ഇതരമതസ്ഥരെ പൂര്‍ണമായി അവഗണിക്കുന്നത് ശരിയായ രീതിയല്ല. വിശേഷിച്ചും അവരുടെ ഹൃദയം ഇസ്‌ലാമിനോടടുപ്പിക്കുക, ഇസ്‌ലാമിക സാഹോദര്യത്തിന്റെ ശീതളഛായ അവര്‍ക്കും അനുഭവിക്കാനാവുക എന്നിവ ഇസ്‌ലാമും താല്‍പര്യപ്പെടുന്ന കാര്യങ്ങളാകുമ്പോള്‍. 'മുഅല്ലഫതുല്‍ ഖുലൂബ്' എന്ന പ്രയോഗത്തിനും സമാനമായ അര്‍ഥങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. ഏതായിരുന്നാലും ഇതര മതസ്ഥരെ മാനുഷികപരിഗണന നല്‍കാതെ അവഗണിക്കുന്നത് ഇസ്‌ലാമിക ശരീഅത്തിന്റെ സ്പിരിറ്റിന് നിരക്കുന്നതല്ല.

കേരളത്തില്‍ മുസ്‌ലിംകളില്‍ ധാരാളം സാമൂഹിക സംരംഭങ്ങള്‍ നടക്കുന്നുണ്ടല്ലോ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പള്ളികള്‍, ആശുപത്രികള്‍, ആശുപത്രികളോട് ചേര്‍ന്നുള്ള ഹോസ്റ്റലുകളും മറ്റ് താമസ സൗകര്യങ്ങളും, മാധ്യമ സ്ഥാപനങ്ങള്‍, തൊഴില്‍ കോച്ചിംഗ് സെന്ററുകള്‍, ഗ്രാമങ്ങള്‍ ദത്തെടുക്കല്‍, കുടിവെള്ള പദ്ധതി, സംരംഭകത്വ പരിശീലനം എന്നിങ്ങനെ നിരവധിയുണ്ട്. ഇത്തരം ആവശ്യങ്ങള്‍ക്ക് സകാത്ത് നല്‍കാമോ? 

ഇസ്‌ലാമിക രാഷ്ട്രം നിലവിലുണ്ടാവുകയും അതിനു കീഴില്‍ സമ്പൂര്‍ണമായ സകാത്ത് വ്യവസ്ഥ നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ ഇത്തരം ആവശ്യങ്ങളൊക്കെ പരിഗണിക്കുകയാണ് വേണ്ടത്. അല്ലാത്ത സാഹചര്യത്തില്‍ ദരിദ്രര്‍, അഗതികള്‍ തുടങ്ങിയ ഖുര്‍ആന്‍ പറഞ്ഞ അടിസ്ഥാന വിഭാഗങ്ങളെ പരിഗണിക്കാതെ വന്‍പദ്ധതികള്‍ക്കു വേണ്ടി സകാത്ത് നീക്കിവെക്കരുത്. നിര്‍ബന്ധമായും മുന്‍ഗണനാക്രമം പാലിക്കണം. നിലവിലുള്ള സാഹചര്യത്തില്‍ വീട് നിര്‍മാണവും അറ്റകുറ്റപ്പണികളും- 40, സ്വയംതൊഴില്‍ സഹായം- 20, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്- 15, ചികിത്സാ സഹായം- 10, കടാശ്വാസം- 5, റേഷന്‍, പെന്‍ഷന്‍, കുടിവെള്ളം- 10 എന്ന ശതമാനത്തിലാണ് ബൈത്തുസ്സകാത്ത് ഫണ്ട് വിനിയോഗിച്ചുകൊണ്ടിരിക്കുന്നത്.
ഇവിടെ പരാമര്‍ശിക്കേ ഒരു കാര്യമുണ്ട്. ബൈത്തുസ്സകാത്ത് കേരള അതിന്റെ സകാത്ത് വിഹിതം ജമാഅത്തിനോട് അനുഭാവമുള്ള മാധ്യമസ്ഥാപനങ്ങള്‍ക്ക് നല്‍കുന്നു എന്ന ദുഷ്പ്രചാരണം ഈയിടെ നടക്കുകയുണ്ടായി. ഒന്നാമതായി മനസ്സിലാക്കേണ്ട കാര്യം, ഇത്തരം സ്ഥാപനങ്ങള്‍ കമ്പനികളോ ട്രസ്റ്റുകളോ ആണ് നടത്തുന്നത്. സകാത്തുമായി അതിന് യാതൊരു ബന്ധവുമില്ല. സകാത്ത് സംഭരണ-വിതരണത്തില്‍ ബൈത്തുസ്സകാത്തും ഇസ്‌ലാമിക പ്രസ്ഥാനവും ആര്‍ജിക്കുന്ന വിശ്വാസ്യതയിലും പൊതു സമൂഹത്തില്‍ അതിന്റെ മാധ്യമ സ്ഥാപനങ്ങളുടെ സ്വീകാര്യതയിലും അസൂയാലുക്കളായവരുടെ ബോധപൂര്‍വമായ ദുഷ്പ്രചാരണമാണത്. യഥാര്‍ഥത്തില്‍ ഇസ്‌ലാമിന്റെ സകാത്ത് വ്യവസ്ഥ ആര്‍ജിച്ചുവരുന്ന സ്വീകാര്യതയെയാണ് അവര്‍ അപകടപ്പെടുത്തുന്നത്. ഓരോ വര്‍ഷവും കൃത്യമായി ഓഡിറ്റിംഗ് നടത്തി വരവു ചെലവ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്ന ബൈത്തുസ്സകാത്ത് തീര്‍ത്തും സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നത്.

പുതിയ പദ്ധതികള്‍ എന്തൊക്കെയാണ്?

കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ ഒരു ഇന്റര്‍നാഷ്‌നല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുകയുണ്ടായി. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സകാത്ത് ഏജന്‍സികളുടെ പ്രതിനിധികളും സാമ്പത്തിക വിദഗ്ധരും പങ്കെടുത്ത ശ്രദ്ധേയമായ പരിപാടിയായിരുന്നു അത്. സകാത്ത് സംവിധാനം കാര്യക്ഷമമാക്കുന്നതിനു വേണ്ടിയുള്ള പ്രചാരണ-ബോധവല്‍ക്കരണ പരിപാടികള്‍, സകാത്ത് ദായക വിഭാഗങ്ങളുടെ ഒത്തുചേരല്‍ എന്നിവ അതില്‍ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ദേശീയതലത്തില്‍ മികച്ച ഒരു ഏജന്‍സിയെ സംബന്ധിച്ച സാധ്യതാ പഠനം നടക്കുന്നു. കൂടുതല്‍ സാങ്കേതിക മികവോടെ സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആശ്രയിക്കാവുന്ന സകാത്ത് ഹൗസും ഭാവി പദ്ധതികളില്‍പെടുന്നു. ഇസ്‌ലാമിക സാമ്പത്തികശാസ്ത്രമൊക്കെ വലിയ ശ്രദ്ധ നേടിയെടുത്ത ഈ കാലത്ത് സകാത്ത് വ്യവസ്ഥക്കും വലിയ കുതിച്ചുചാട്ടം സാധ്യമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (7-11)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഭൗതിക ജീവിതത്തോടുള്ള വിശ്വാസിയുടെ നിലപാട്
കെ.സി ജലീല്‍ പുളിക്കല്‍