ഇസ്‌ലാമിക പ്രസ്ഥാനം ഈജിപ്ത്, തുര്‍ക്കി അനുഭവ പാഠങ്ങള്‍
ഈജിപ്തിലെയും അറബ് ലോകത്തെയും അവസ്ഥകള്‍ പൊതുവിലും ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പ്രായോഗിക പദ്ധതികളും അതിന്റെ വിജയപരാജയങ്ങളും സവിശേഷമായും വിശകലനം ചെയ്യാനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്. മറ്റ് വിശദാംശങ്ങള്‍ ഒഴിവാക്കി നമ്മുടെ പ്രായോഗിക പദ്ധതികളും നിലപാടുകളുമായി ബന്ധപ്പെട്ടതു മാത്രമേ ഈ വിശകലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. വിശകലനങ്ങളെ അടിത്തറയാക്കി ചില പ്രായോഗിക നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുകയും ചെയ്യുന്നുണ്ട്. ഈജിപ്തിലെ സ്ഥിതിഗതികളെ തുര്‍ക്കി അനുഭവങ്ങളുമായി താരതമ്യം ചെയ്ത് പഠിക്കാനാണ് ഈ ലേഖനത്തില്‍ കൂടുതലും ശ്രമിച്ചിരിക്കുന്നത്. എന്തുകൊണ്ടെന്നാല്‍ തുര്‍ക്കിയില്‍ ഇസ്‌ലാമിക ശക്തികള്‍ കുറച്ചധികം വര്‍ഷങ്ങളായി അധികാരത്തിലിരിക്കുന്നുവെന്നു മാത്രമല്ല, ഇസ്‌ലാമിക ലക്ഷ്യങ്ങള്‍ അടക്കം ആഴത്തിലുള്ളതും ഉറച്ചതുമായ ചില മാറ്റങ്ങള്‍ ആ രാജ്യത്ത് കൊണ്ടുവരുന്നതില്‍ അവര്‍ വിജയിക്കുന്നതായും കാണുന്നുണ്ട്.
ഓരോ രാജ്യത്തിന്റെയും സമൂഹത്തിന്റെയും അവസ്ഥകള്‍ വ്യത്യസ്തമാണ്. തുര്‍ക്കിയിലെ അനുഭവങ്ങള്‍ പൂര്‍ണമായും ഈജിപ്തിലോ ഇന്ത്യയിലോ പരീക്ഷിക്കാനാവില്ല. ഈ യാഥാര്‍ഥ്യബോധം ഉള്ളതോടൊപ്പം ഇന്നത്തെ ആഗോളവല്‍കൃത ലോകത്ത് പൊതുവായ പ്രശ്‌നങ്ങളുടെയും അവസ്ഥകളുടെയും പട്ടിക വളരെ നീണ്ടതാണ്. ഓരോ രാജ്യത്തിന്റെയും അനുഭവങ്ങളില്‍നിന്ന് മറ്റ് രാജ്യങ്ങള്‍ക്ക് പഠിക്കാനും പകര്‍ത്താനും ധാരാളമുണ്ട്. ഈ ലേഖനത്തില്‍ അത്തരം പൊതുവായതും നാം ഗൗരവത്തില്‍ ആലോചിക്കേണ്ടതുമായ ചില കാര്യങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്.
ലോക ശക്തികള്‍ക്ക് മധ്യപൗരസ്ത്യദേശത്ത് അഗാധമായ താല്‍പര്യങ്ങളുണ്ടെന്നും പ്രധാനമായും നാല് കാരണങ്ങളാണ് ആ താല്‍പര്യത്തിനു പിറകിലെന്നും ഇതിന് മുമ്പൊരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയതാണ്. അവിടത്തെ എണ്ണനിക്ഷേപം, ഇസ്രയേലിന്റെ നിലനില്‍പും സുരക്ഷയും, പ്രദേശത്തിന്റെ ഭൗമശാസ്ത്രപരമായ പ്രത്യേകത, ഇസ്‌ലാം എന്നിവയാണവ. ഈ നാല് കാരണങ്ങളും അമേരിക്കയുടെയും യൂറോപ്പിന്റെയും രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക താല്‍പര്യങ്ങളുമായി അഗാധമായി ബന്ധപ്പെട്ടിരിക്കുന്നു.
തുര്‍ക്കിയും ഈജിപ്തും ഇറാനുമാണ് ഈ മേഖലയിലെ മൂന്ന് വലിയ രാജ്യങ്ങള്‍. മധ്യപൗരസ്ത്യ മേഖലയുടെ വ്യത്യസ്തമായ മൂന്ന് അതിരുകളില്‍ അതായത് വടക്കു പടിഞ്ഞാറ്, തെക്കു പടിഞ്ഞാറ്, കിഴക്ക് അതിരുകളില്‍ സ്ഥിതിചെയ്യുന്ന ഈ രാജ്യങ്ങള്‍ ക്രമപ്രകാരം യൂറോപ്പ്, ആഫ്രിക്ക, ഇതര ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവയുമായി ഈ മേഖലയെ ബന്ധിപ്പിക്കുന്നു. ജനസംഖ്യ, ഭൂവിസ്തൃതി, വൈജ്ഞാനികവും ശാസ്ത്രീയവുമായ പുരോഗതി തുടങ്ങി മറ്റ് പല കാര്യങ്ങളിലും ഈ മൂന്ന് രാജ്യങ്ങള്‍ക്കും മേഖലയില്‍ സവിശേഷമായ സ്ഥാനമുണ്ട്. അതുകൊണ്ടുതന്നെ ലോകശക്തികള്‍ മധ്യപൗരസ്ത്യ മേഖലയില്‍ എത്തരത്തിലുള്ള നിയന്ത്രണമാണോ ആഗ്രഹിക്കുന്നത്, അതിന്റെ അടിസ്ഥാനത്തില്‍ ഈ മൂന്ന് രാജ്യങ്ങളുടെയും തന്ത്രപരമായ പ്രാധാന്യം വളരെ വലുതാണ്. മധ്യപൗരസ്ത്യ മേഖലയുമായി ബന്ധപ്പെട്ട വന്‍ശക്തികളുടെ താല്‍പര്യം ആവശ്യപ്പെടുന്നത് ഈ മൂന്ന് രാജ്യങ്ങളും ഇസ്രയേലിന്റെ സഖ്യകക്ഷിയാവുക എന്നതാണ്. അതുകൊണ്ടാണ് ഈ മൂന്ന് രാജ്യങ്ങളില്‍ ചുരുങ്ങിയത് രണ്ട് രാജ്യങ്ങള്‍ എപ്പോഴും ഇസ്രയേലിന്റെ സഖ്യകക്ഷിയായിരുന്നുവെന്ന് മേഖലയുടെ ചരിത്രം നമുക്ക് പറഞ്ഞുതരുന്നത്. ഇസ്രയേലിന്റെ രൂപീകരണശേഷം കുറച്ച് കാലം തുര്‍ക്കിയും ഇറാനും ഇസ്രയേലിന്റെ അങ്ങേയറ്റം കൂറുള്ള സഖ്യകക്ഷികളായിരുന്നു. ഇറാനില്‍ വിപ്ലവത്തിന്റെ അലയൊലികള്‍ ഉയരുകയും അതേ തുടര്‍ന്ന് ഇറാന്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും ശത്രുപക്ഷത്താവുകയും ചെയ്തതോടെ ക്യാമ്പ് ഡേവിഡ് കരാര്‍ വഴി ഈജിപ്തിനെ ഇസ്രയേലിന്റെ സഖ്യകക്ഷി മാത്രമല്ല കൂറുള്ള സേവകനുമാക്കി മാറ്റിയെടുക്കുകയും ചെയ്തു. എന്നാല്‍ ഈജിപ്തില്‍ മുഹമ്മദ് മുര്‍സി അധികാരത്തില്‍ വന്നതോടെ ഏഴ് ദശാബ്ദക്കാലത്തെ മേഖലയുടെ ചരിത്രത്തില്‍ ആദ്യമായി ഈ മൂന്ന് രാജ്യങ്ങളും ഇസ്രയേല്‍വിരുദ്ധ പക്ഷത്താകുന്ന അവസ്ഥ സംജാതമായി.
ഈ മൂന്ന് രാജ്യങ്ങളുടെയും ഈ സവിശേഷമായ പ്രാധാന്യത്തിന്റെ പശ്ചാത്തലത്തില്‍ മുഹമ്മദ് മുര്‍സിക്കും ഇഖ്‌വാനുല്‍ മുസ്‌ലിമൂനും എതിരെ ഇപ്പോള്‍ ഈജിപ്തില്‍ നടന്നുകൊണ്ടിരിക്കുന്നതിനെ ശരിയായി മനസ്സിലാക്കാന്‍ മറ്റ് രണ്ട് രാജ്യങ്ങളുടെ വര്‍ത്തമാനകാലം കൂടി അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. അപ്പോള്‍ നേരത്തേ തുര്‍ക്കിയിലും ഇറാനിലും നടന്നതിന്റെ ഏറക്കുറെ തനിയാവര്‍ത്തനം തന്നെയാണ് ഈജിപ്തിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകില്ല.
ഇറാനില്‍ 1979-ല്‍ വിപ്ലവം അരങ്ങേറുന്നതിനും വളരെ മുമ്പ്, അതായത് 1951-ല്‍ മുഹമ്മദ് മുസ്വദ്ദിഖ് രാജ്യത്ത് ആദ്യമായി നടന്ന ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റിരുന്നു. ബുദ്ധിജീവിയും ഗ്രന്ഥകാരനും കൂടിയായിരുന്ന പ്രധാനമന്ത്രി രണ്ടു വര്‍ഷത്തെ ചുരുങ്ങിയ കാലത്തിനിടയില്‍ ഭൂപരിഷ്‌കരണത്തിലൂടെയും സാമൂഹികക്ഷേമ നടപടികളിലൂടെയും രാജ്യത്തിന്റെ മുഖഛായ മാറ്റുന്നതിന് തുടക്കം കുറിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും ധീരമായ കാല്‍വെപ്പ് ഇറാനിലെ എണ്ണവ്യവസായം ദേശസാല്‍ക്കരിക്കാനുള്ള തീരുമാനമായിരുന്നു. ഈ വ്യവസായം ഒന്നാം ലോക യുദ്ധത്തിനു മുമ്പു തന്നെ ബ്രിട്ടീഷ് നിയന്ത്രണത്തില്‍ തുടര്‍ന്നുവരികയായിരുന്നു. ബ്രിട്ടീഷ് കമ്പനിയായിരുന്ന ആംഗ്ലോ-പേര്‍ഷ്യന്‍ ഓയില്‍ കോര്‍പ്പറേഷനാ(APOC)യിരുന്നു അതിന്റെ ഉടമാവകാശം. ഇറാനിയന്‍ ഓയില്‍ ദേശസാല്‍ക്കരിക്കാനുള്ള തീരുമാനം ഇറാന്റെ സാമ്പത്തിക പുരോഗതി ലക്ഷ്യംവെച്ചുള്ള ഒരു പ്രധാന നീക്കവും സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക താല്‍പര്യത്തിന് വലിയ ആഘാതവുമായിരുന്നു.
അതിന്റെ ഫലമെന്തായി എന്ന് ചോദിച്ചാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍തന്നെ അമേരിക്കയുടെ സി.ഐ.എയും ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ഇറാനിലെ ഉപരിവര്‍ഗത്തിന്റെ, അതായത് സൈന്യത്തിന്റെയും ജുഡീഷ്യറിയുടെയും സഹായത്തോടെ കലാപം സംഘടിപ്പിക്കുകയും ഇറാനിയന്‍ സായുധ സേനാ തലവന്‍ ജനറല്‍ ഫദ്‌ലുല്ലാ സാഹിദിയെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റ കൂറുള്ള സേവകനെന്ന നിലയില്‍ അധികാരത്തില്‍ വാഴിക്കുകയും ചെയ്തു. മുഹമ്മദ് മുസ്വദ്ദിഖ് ആദ്യത്തെ മൂന്ന് വര്‍ഷം ജയിലിലും പിന്നീട് പതിനൊന്ന് വര്‍ഷം വീട്ടുതടങ്കലിലുമായി. വീട്ടുതടങ്കലില്‍ കിടന്നു തന്നെ 1967-ല്‍ അദ്ദേഹം മരണപ്പെട്ടു. ആരെയും അറിയിക്കാതെ വീട്ടുവളപ്പില്‍ തന്നെ അദ്ദേഹം സംസ്‌കരിക്കപ്പെട്ടു.1
ഇപ്രകാരം തുര്‍ക്കിയില്‍ ഇസ്‌ലാമിനോട് ആഭിമുഖ്യം കാണിച്ചതിന്റെ പേരില്‍ പ്രധാനമന്ത്രിയായ അദ്‌നാന്‍ മുന്‍ദരിസിനെ അധികാരഭ്രഷ്ടനാക്കുകയും തൂക്കിക്കൊല്ലുകയും ചെയ്തിരുന്നു. നജ്മുദ്ദീന്‍ അര്‍ബകാന്‍ രണ്ടു തവണ ഉപപ്രധാനമന്ത്രിയായും ഒരു തവണ പ്രധാനമന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ അദ്ദേഹത്തിന് പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിക്കേണ്ടിവന്നു. ഇറാനെ പോലെ ഇവിടെയും പ്രധാനമന്ത്രി സ്ഥാനം കൈയേറ്റത് സൈനിക ജനറല്‍മാരോ അവരുടെ പിണിയാളുകളോ ആയിരുന്നു. ഈ മാറ്റത്തില്‍ അടിസ്ഥാനപരമായ പങ്കുവഹിച്ചത് ഇപ്പോള്‍ ഡീപ്പ് സ്റ്റേറ്റ് എന്ന് വ്യവഹരിക്കപ്പെടുന്ന സൈന്യം, തൊഴിലുടമകള്‍, ജുഡീഷ്യറി എന്നിവ ഉള്‍ക്കൊള്ളുന്ന രാജ്യത്തെ ഉപരിവര്‍ഗത്തെ പ്രതിനിധീകരിക്കുന്നവരാണ്. അവരായിരുന്നു രാജ്യത്തെ ഏറ്റവും വലിയ സ്വാധീന ശക്തി.2
പിന്നീട് എന്താണുണ്ടായത്? ഈ രണ്ട് രാജ്യങ്ങളിലും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ സാധാരണക്കാരെ സ്വാധീനിച്ചു. പൊതുജനം തെരഞ്ഞെടുത്ത ഭരണകൂടത്തെ ഭരിക്കാന്‍ അനുവദിച്ചില്ല. എന്നാല്‍ ഇസ്‌ലാമിക പ്രസ്ഥാനം ക്ഷമയോടെ അതിന്റെ പ്രവര്‍ത്തനം തുടര്‍ന്നു. എത്രത്തോളമെന്നാല്‍ നേരത്തേ ഡീപ്പ് സ്റ്റേറ്റിന്റെ ഭാഗമായിരുന്ന ഉപരിവര്‍ഗത്തെയും അവര്‍ സ്വാധീനിക്കാതിരുന്നില്ല. പിന്നീടുണ്ടായ മാറ്റത്തില്‍ ഇറാനില്‍ സംഭവിച്ചതുപോലെ ആ ഡീപ്പ് സ്റ്റേറ്റിന്റെ പിന്തുണയും അതിനുണ്ടായിരുന്നു. എന്നാല്‍ തുര്‍ക്കിയിലുണ്ടായത് പൊതുജനങ്ങളുടെ രാഷ്ട്രീയ നേതൃത്വം ഡീപ്പ് സ്റ്റേറ്റിനെ പൂര്‍ണമായി വരുതിയിലാക്കുന്ന മാറ്റമാണ്. ഇതേ പരിവര്‍ത്തന ഘട്ടത്തില്‍ തന്നെയാണ് ഇപ്പോള്‍ ഈജിപ്തുമുള്ളത്. ഇറാനില്‍ ഈ മാറ്റം 1951-ല്‍ മുസ്വദ്ദിഖ് തെരഞ്ഞെടുക്കപ്പെട്ടതു മുതല്‍ 1979-ലെ ഇസ്‌ലാമിക വിപ്ലവത്തോടെയാണ് പൂര്‍ത്തിയായത്. തുര്‍ക്കിയില്‍ അദ്‌നാന്‍ മുന്‍ദരിസിന്റെ തൂക്കിക്കൊല മുതല്‍ അര്‍ബകാന്റെ രാജിയിലൂടെ 2001-ല്‍ ഉര്‍ദുഗാന്റെ തെരഞ്ഞെടുപ്പില്‍ പൂര്‍ത്തിയായി. ഈജിപ്തില്‍ ഇപ്പോള്‍ ഈ മാറ്റം അതിന്റെ ആരംഭഘട്ടത്തിലാണ്. ഇറാനില്‍ അത് പൂര്‍ത്തിയാകാന്‍ 28 വര്‍ഷം എടുത്തതുപോലെയോ തുര്‍ക്കിയില്‍ 41 വര്‍ഷം എടുത്തതുപോലെയോ ഈജിപ്തിലും അത്രയും വര്‍ഷം എടുക്കണമെന്ന യാതൊരു നിര്‍ബന്ധവുമില്ല. സാഹചര്യം പറയുന്നത് അല്ലാഹു ഇഛിച്ചാല്‍ ഉദ്ദേശിച്ച മാറ്റം ഈജിപ്തില്‍ അതിലും വളരെ വേഗത്തില്‍തന്നെ നടക്കുമെന്നാണ്. ലോക ശക്തികളുടെയും ഇസ്‌ലാമിന്റെ ശത്രുക്കളുടെയും പരിശ്രമം ആ മാറ്റം ഒരിക്കലും പൂര്‍ത്തീകരിക്കപ്പെടാതിരിക്കാനാണ്. അതിനായി വളരെ വിശാലമായ ഒരു പ്രവര്‍ത്തന പദ്ധതി അവര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഗതകാല ചരിത്രത്തിന്റെയും നിലവിലുള്ള അവസ്ഥയുടെയും വെളിച്ചത്തില്‍ പ്രസ്തുത പ്രവര്‍ത്തന പദ്ധതി എളുപ്പത്തില്‍ നമുക്ക് മനസ്സിലാക്കാവുന്നതാണ്.
ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെട്ട ലോക ശക്തികളുടെ ഈ പ്രവര്‍ത്തന തന്ത്രത്തിലെ ചില വശങ്ങളെ കുറിച്ച് വിശകലനം ചെയ്ത് അതിനെ നേരിടുന്ന കാര്യത്തില്‍ ഇഖ്‌വാന്റെ ചില പോരായ്മകളെ കുറിച്ചും അതിനെ തുര്‍ക്കി എങ്ങനെ വിജയകരമായി നേരിട്ടു എന്നതിനെ കുറിച്ചുമാണ് ഇനി നമുക്ക് വിശകലനം ചെയ്യേണ്ടത്.
ഡീപ്പ് സ്റ്റേറ്റിനെ വരുതിയിലാക്കുക
ഈ പ്രവര്‍ത്തന തന്ത്രത്തിന്റെ പ്രഥമവും പ്രധാനവുമായ വശം ഉപരിവര്‍ഗത്തെ അഥാവാ ഡീപ്പ് സ്റ്റേറ്റിനെ വരുതിയിലാക്കുകയാണ്. ലോക ശക്തികള്‍ തങ്ങളുടെ താല്‍പര്യസംരക്ഷണാര്‍ഥം എല്ലാ പ്രധാന രാജ്യങ്ങളിലും തങ്ങളുടെ പിണിയാളുകളായ ഭരണാധികാരികളെ വാഴിച്ചിട്ടുണ്ടെങ്കിലും അവര്‍ അവിടെ ശാശ്വതമായി വാഴില്ല എന്ന് അവരെ വാഴിച്ചവര്‍ക്കു തന്നെ അറിയാമായിരുന്നു. അതിനാല്‍ അടിസ്ഥാനപരമായ അവരുടെ താല്‍പര്യം സംരക്ഷിക്കപ്പെടുന്നത് ഡീപ്പ് സ്റ്റേറ്റിലൂടെയാണ്. ഈ ഡീപ്പ് സ്റ്റേറ്റിന്റെ ഏറ്റവും പ്രധാന ഘടകം സായുധ സേനയാണ്. പിന്നീട് തൊഴിലുടമകള്‍, മാധ്യമങ്ങള്‍, ജുഡീഷ്യറി, ബുദ്ധിജീവികള്‍ എന്നിവരടങ്ങുന്ന ഉപരിവര്‍ഗവും അതിലെ പ്രധാന ഘടകങ്ങളാണ്. വളരെ ശ്രദ്ധയോടുകൂടിയാണ് അവരുടെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമുള്ള ഏര്‍പ്പാടുകള്‍ സംവിധാനിക്കപ്പെട്ടിരിക്കുന്നത്. സാധാരണക്കാരുമായി തങ്ങളുടെ ബന്ധം പൂര്‍ണമായി മുറിച്ചുകളയുന്ന തരത്തിലുള്ള സാമൂഹിക സംസ്‌കാരമാണ് അവരില്‍ വളര്‍ത്തുന്നത്. സാധാരണക്കാരുടെ വികാരങ്ങളും അഭിരുചികളും പ്രവണതകളും അവരെ തെല്ലും സ്വാധീനിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. അവരുടെ സാമ്പത്തികവും വര്‍ഗപരവുമായ താല്‍പര്യങ്ങളെ പ്രത്യേകിച്ചും ലോക ശക്തികളുടെ താല്‍പര്യങ്ങളുമായി ആഴത്തില്‍ ബന്ധപ്പെടുത്തുകയും ചെയ്യുന്നു.
ഈ ഡീപ്പ് സ്റ്റേറ്റിന്റെ സ്വഭാവവും പ്രവര്‍ത്തനവും മനസ്സിലാക്കാന്‍ ഈജിപ്ഷ്യന്‍ സൈന്യത്തെ മനസ്സിലാക്കിയാല്‍ മതി. എണ്ണത്തില്‍ ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെ സൈനിക ശക്തിയാണ് ഈജിപ്തിന്റേത്. അതായത് ഇസ്രയേല്‍ സേനയേക്കാള്‍ രണ്ടര ഇരട്ടി കൂടുതലാണ് ഈജിപ്ഷ്യന്‍ സേന. ചില യുദ്ധോപകരണങ്ങളുടെ അടിസ്ഥാനത്തിലും ലോകത്തിലെ തന്നെ സവിശേഷ സൈന്യമായി അവര്‍ കണക്കിലെടുക്കപ്പെടുന്നുണ്ട്.3 എന്നാല്‍ എണ്ണത്തിലും വിഭവത്തിലും ഇത്രമാത്രം ശക്തമായിട്ടും യുദ്ധക്കളത്തില്‍ ഇന്നേവരെ ഈജിപ്ഷ്യന്‍ സൈന്യം സാധാരണ നേട്ടം പോലും കൈവരിച്ചിട്ടില്ല. ഇസ്രയേലുമായുള്ള യുദ്ധത്തില്‍ എപ്പോഴും ലജ്ജാകരമായ പരാജയമാണ് അവര്‍ക്ക് നേരിടേണ്ടിവന്നത്. ഓരോ തവണയും വലിയ എണ്ണം സൈനികരെ കൊലക്കു കൊടുത്തോ തടവില്‍ വിട്ടുനല്‍കിയോ ആണ് ഈജിപ്ഷ്യന്‍ സൈന്യം തിരിച്ചെത്തിയത്. ഗസ്സയില്‍ എന്നന്നേക്കുമായി പരാജയപ്പെട്ടു. സീനായിലും പല തരത്തിലുള്ള പരാജയങ്ങള്‍ നേരിട്ടു. ഇപ്പോഴും ഇസ്രയേലിന്റെ അനുവാദം കൂടാതെ ഈജിപ്ഷ്യന്‍ സേനക്ക് സീനായില്‍ പ്രവേശിക്കാനോ ആയുധങ്ങള്‍ അയക്കാനോ കഴിയില്ല. എല്ലാറ്റിനുമുപരിയായി ഇസ്രയേലുമായി ക്യാമ്പ് ഡേവിഡ് പേലെയുള്ള ലജ്ജാകരവും ഭീരുത്വം നിറഞ്ഞതുമായ കരാറിന് ഈജിപ്ഷ്യന്‍ സൈന്യം നിര്‍ബന്ധിക്കപ്പെടുകയും ചെയ്തു.
എന്നിട്ടും ഇത്രയും ചെലവേറിയ വമ്പന്‍ സൈന്യത്തെ നിലനിര്‍ത്തുന്നതിന്റെ ലക്ഷ്യം എന്താണ്? അതിന്റെ ഉത്തരം വിദേശ ശത്രുക്കളുമായുള്ള യുദ്ധത്തേക്കാള്‍ അവരെ ഉപയോഗപ്പെടുത്തുന്നതും തയാറാക്കിയിരിക്കുന്നതും സ്വന്തം പൗരന്മാരെ വരുതിയില്‍ നിര്‍ത്താനാണ് എന്നതാണ്. അതിന്റെ യഥാര്‍ഥ ലക്ഷ്യം ഈജിപ്ഷ്യന്‍ അതിര്‍ത്തിയില്‍ രാജ്യത്തിന്റെ പ്രതിരോധമല്ല മറിച്ച്, അതിര്‍ത്തിക്കുള്ളില്‍ തങ്ങളുടെ യജമാനന്മാരുടെ താല്‍പര്യസംരക്ഷണമാണ്. അതില്‍ അവര്‍ വന്‍വിജയവുമാണ്. രാജ്യത്തെ ഭൂരിപക്ഷം തെരഞ്ഞെടുത്ത ഭരണകൂടത്തെ ഏതാനും മണിക്കൂറുകള്‍ക്കകം അവര്‍ക്ക് സ്ഥാനഭ്രഷ്ടമാക്കാന്‍ കഴിയുന്നു. ലക്ഷങ്ങളുടെ പ്രതിഷേധത്തെ നിര്‍ദയം അടിച്ചമര്‍ത്തുന്നു. അതു മാത്രമല്ല അവര്‍ ചെയ്യുന്നത്. സാമ്പത്തിക, വ്യാവസായിക, സാംസ്‌കാരിക മണ്ഡലങ്ങളിലും തങ്ങളുടെ യജമാനന്മാരുടെ താല്‍പര്യം പൂര്‍ണമായും ആ സൈന്യം സംരക്ഷിക്കുന്നുണ്ട്. ഈജിപ്ഷ്യന്‍ സൈന്യം കുടിവെള്ളം ഉല്‍പാദിപ്പിക്കുന്ന കമ്പനികളും പെട്രോള്‍ പമ്പുകളും നടത്തുന്നുണ്ട്. പ്രധാന നഗരങ്ങളിലെല്ലാം പ്രമുഖ കച്ചവട സ്ഥാപനങ്ങളും കണ്ണായ ഭൂമികളും റിയല്‍ എസ്റ്റേറ്റുമെല്ലാം സൈന്യത്തിന്റെ അധീനതയിലാണ്. സൂയസ് കമ്പനിയുടെ ചെയര്‍മാന്‍ എപ്പോഴും ഏതെങ്കിലുമൊരു സൈനികനായിരിക്കും. ഇപ്രകാരം രാജ്യത്തെ രാഷ്ട്രീയത്തിലും സാമ്പത്തിക മേഖലയിലും ജുഡീഷ്യറിയിലും മീഡിയയിലും അവര്‍ക്ക് സമ്പൂര്‍ണ നിയന്ത്രണങ്ങളുണ്ട്. അതിലൂടെയെല്ലാം ലോക ശക്തികളുടെ താല്‍പര്യസംരക്ഷണമാണ് സൈന്യത്തിന്റെ അടിസ്ഥാന ലക്ഷ്യം. ഇതിനെയാണ് ഡീപ്പ് സ്റ്റേറ്റ് എന്ന് വ്യവഹരിക്കുന്നത്.4
ഈജിപ്തില്‍ ഇസ്‌ലാമിക പ്രസ്ഥാനം അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഈ ഉപരിവര്‍ഗം മുഴുവനും അധിനിവേശ സംസ്‌കാരത്തിന്റെ വക്താക്കളായിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനത്തോട് മാത്രമല്ല, മതത്തോടും സംസ്‌കാരത്തോടും അവര്‍ അകലം പാലിച്ചിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനവും അവരെ ലിബറലുകളും പാശ്ചാത്യസംസ്‌കാരത്തിന്റെ ഇരകളും എന്ന നിലയില്‍ ഒരുപരിധിവരെ അവഗണിച്ചു. അവരുടെ മാര്‍ഗത്തില്‍ ഏറ്റവും കൂടുതല്‍ തടസ്സമായി വര്‍ത്തിച്ചതും അവരാണ്.
തുര്‍ക്കിയില്‍ അര്‍ബകാന്റെ ഏറ്റവും വലിയ സവിശേഷത, വളരെ ക്ഷമാപൂര്‍വം ഉപരിവര്‍ഗത്തെ തന്റെ ലക്ഷ്യമാക്കി എന്നതാണ്. ങഡടകഅഉ എന്ന സംഘടന വഴി വ്യവസായികളെയും കച്ചവടക്കാരെയും ആകര്‍ഷിച്ചു. വിവിധ തരത്തിലുള്ള പ്രഫഷനല്‍ സംഘങ്ങള്‍ക്ക് രൂപം നല്‍കി, സൈന്യത്തിലും കണ്ണ് വെച്ചു. പില്‍ക്കാലത്ത് ഉര്‍ദുഗാന്റെ മുമ്പില്‍ വഴി എളുപ്പമായത് അര്‍ബകാന്‍ ഇട്ട ഈ അടിത്തറയാണ്.
ഇഖ്‌വാന് ഇപ്പോഴും ഡീപ്പ് സ്റ്റേറ്റിനെ സ്വാധീനിക്കുന്ന പണി ബാക്കിയുണ്ട്. ഒരു ഭാഗത്ത് എന്‍ജിനീയര്‍മാരും ഡോക്ടര്‍മാരും മറ്റ് പ്രഫഷനല്‍ വിദഗ്ധരും അടങ്ങുന്ന ഗണ്യമായ ഒരു വിഭാഗം ഇന്ന് ഇഖ്‌വാന്റെ കൈവശമുണ്ട്. ഇഖ്‌വാന്റെ ഒട്ടേറെ നേതാക്കന്മാര്‍ അറിയപ്പെട്ട വിദേശ സര്‍വകലാശാലകളില്‍നിന്നും പഠിച്ച് പുറത്തിറങ്ങിയ വിദഗ്ധരുമാണ്. എന്നിട്ടും അവര്‍ക്ക് ഡീപ്പ് സ്റ്റേറ്റില്‍ ഒരിടവും കണ്ടെത്താന്‍ കഴിയുന്നില്ല എന്നത് പല രാഷ്ട്രീയ വിശകലന വിദഗ്ധരെയും അത്ഭുതപ്പെടുത്തിയ കാര്യമാണ്. അതിന് കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്, ഇഖ്‌വാന്റെ പ്രഫഷനലുകളായ വിദഗ്ധരും പരിശീലിക്കപ്പെട്ടിരിക്കുന്നത് ഒരു ആക്ടിവിസ്റ്റ് എന്ന നിലക്കോ ധര്‍മോപദേശകന്‍ എന്ന നിലക്കോ ആണ് എന്നതാണ്. സമൂഹത്തിലെ ഉപരിവര്‍ഗത്തെ ചെറിയ തോതിലേ അവര്‍ക്ക് സ്വാധീനിക്കാന്‍ കഴിയൂ.
ഇഖ്‌വാന്റെ ഈ പോരായ്മ ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിനും പാഠമാണ്. അതിന്റെ സ്വാധീനം ഇടത്തരം മധ്യവര്‍ഗത്തില്‍ പരിമിതമാണല്ലോ. അടിസ്ഥാന വര്‍ഗമായ കര്‍ഷകരിലും തൊഴിലാളികളിലും സ്വാധീനം കുറവാണ്. അതുപോലെ ബുദ്ധിജീവികളിലും ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരിലും നയരൂപീകരണം നടത്തുന്നവരിലും സ്വാധീനം തീരെ പരിമിതമാണ്. ഇത്തരം ഉയര്‍ന്ന വിഭാഗങ്ങളെ സ്വാധീനിക്കാന്‍ ആസൂത്രിതമായ പ്രവര്‍ത്തനം ആവശ്യമാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ അമുസ്‌ലിംകള്‍ക്കിടയിലും മുസ്‌ലിംകള്‍ക്കിടയിലും ആവശ്യമാണ്. നമ്മുടെ പരമ്പരാഗത മനോഘടനക്ക് അതിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ്. അതിനാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെ കുറിച്ചും അതിന്റെ താല്‍പര്യങ്ങളെ കുറിച്ചുമുള്ള ബോധം നമ്മുടെയും നമ്മുടെ കേഡറുകളുടെയും ഉള്ളില്‍ വളര്‍ന്നു വരികയും പ്രസ്തുത പ്രവര്‍ത്തനത്തിനുള്ള പരിശീലനം നല്‍കുകയും ചെയ്യേണ്ടതുണ്ട്.
ഇവിടെ പരാമര്‍ശിച്ച തുര്‍ക്കി അനുഭവങ്ങള്‍ക്ക് പുറമെ ഇക്കാര്യത്തില്‍ വളരെ നല്ല അനുഭവം, എന്റെ ചെറിയ അറിവില്‍, മലേഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്നതാണ്. അവിടെ 'അബിമി'(അംഗത്തന്‍ ബെലിയ ഇസ്‌ലാം മലേഷ്യ-അആകങ)നു കീഴില്‍ അറിയപ്പെട്ട കച്ചവടക്കാരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും വ്യവസായികളെയും മറ്റ് പ്രഫഷനലുകളെയും സംഘടിപ്പിക്കുകയും അവരെ ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെടുത്തുകയും ചെയ്തു വരുന്നുണ്ട്.
ഇസ്‌ലാംവാദികളെ പിളര്‍ക്കുക
ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തിനു ശേഷമുള്ള അവസ്ഥ പരിശോധിച്ചാല്‍ കാണാന്‍ കഴിയുന്നത് ഇസ്‌ലാം ഒരു ജീവിത വ്യവസ്ഥയായി ലോകത്തെ അതിജയിക്കുന്നത് സ്വപ്നം കാണുന്ന ഇസ്‌ലാമിസ്റ്റുകള്‍ എന്നു വ്യവഹരിക്കപ്പെടുന്ന വിഭാഗം ലോകതലത്തില്‍ തന്നെ ഇന്ന് മൂന്ന് വലിയ തമ്പുകളിലായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. ഒന്ന് ഇറാനും ഹിസ്ബുല്ലയും പ്രതിനിധീകരിക്കുന്ന ശീഈ ഇസ്‌ലാംവാദികളാണ്. മറ്റൊന്ന് മധ്യപൗരസ്ത്യദേശത്തെ പ്രമുഖ രാജ്യവും ലോകത്തുടനീളമുള്ള സലഫി പ്രസ്ഥാനങ്ങളും പ്രതിനിധീകരിക്കുന്ന സലഫി ഇസ്‌ലാംവാദികള്‍. ഇഖ്‌വാനും ജമാഅത്തും അടക്കം മൗദൂദി, ബന്ന, ഖുത്വ്ബ് ചിന്തകളാല്‍ സ്വാധീനിക്കപ്പെട്ട മറ്റുള്ളവര്‍ പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനമാണ് മൂന്നാമത്തെ ധാര (നാലാമതൊരു വിഭാഗം ഇസ്‌ലാംവാദികള്‍ കൂടിയുണ്ട്. അത് ലോകത്തുടനീളമുള്ള സായുധ ഗ്രൂപ്പുകള്‍ പ്രതിനിധാനം ചെയ്യുന്ന തീവ്ര ഇസ്‌ലാംവാദികളാണ്. എന്നാല്‍ അവരുടെ പ്രവര്‍ത്തന പദ്ധതികളോടും നയനിലപാടുകളോടും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അടിസ്ഥാനപരമായ പല വിയോജിപ്പുകളും നിലനില്‍ക്കുകയും അത് ഇസ്‌ലാമിനു തന്നെ അപകടമുണ്ടാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നതിനാല്‍ അവരെ മുകളില്‍ പറഞ്ഞ വ്യത്യസ്ത ചിന്താധാരകളുടെ ശ്രേണിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല). ലോക ശക്തികളുടെ ഇപ്പോഴത്തെ കൊണ്ടുപിടിച്ച ശ്രമം ഇസ്‌ലാംവാദികളെ ഈ മൂന്ന് തമ്പുകളില്‍ മാത്രമായി വിഭജിക്കാനല്ല, മറിച്ച് അവര്‍ക്കിടയില്‍ കൂടുതല്‍ പിളര്‍പ്പുകള്‍ ഉണ്ടാക്കാന്‍ കൂടിയാണ്.
ഇഖ്‌വാന്റെ ഇപ്പോഴത്തെ പരാജയത്തിന് ഒരു പ്രധാന കാരണം മറ്റ് രണ്ട് ധാരകളെ കൂടെ നിര്‍ത്തുന്നതില്‍ അവര്‍ക്കുണ്ടായ പരാജയമാണെന്ന എന്റെ നിരീക്ഷണം ചര്‍ച്ച ചെയ്യാവുന്നതാണ്. തുടക്കത്തില്‍ ഈജിപ്തില്‍ സലഫി സംഘടനയായ ഹിസ്ബുന്നൂറിന്റ പിന്തുണ ഇഖ്‌വാനുണ്ടായിരുന്നു എന്നത് മറക്കുന്നില്ല. എന്നാല്‍ പിന്നീട് പല കാരണങ്ങളാല്‍ രണ്ട് സംഘടനകളും പരസ്പരം അകലുകയാണുണ്ടായത്. ഈ അവസ്ഥയുടെ പ്രധാന ഉത്തരവാദി സംശയമില്ല, രാജവാഴ്ചയുടെ താല്‍പര്യങ്ങളും ഹിസ്ബുന്നൂറിലെ ഒരു വിഭാഗത്തിന്റെ തീവ്ര ചിന്താഗതിയും സങ്കുചിത മനോഭാവവും തന്നെയാണ്. എന്നാലും ചില രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയതുപോലെ ഹിസ്ബുന്നൂറിന്റെ അക്കാര്യത്തിലുള്ള പങ്ക് ശരിയായിരിക്കെത്തന്നെ, ഇഖ്‌വാന്റ മുമ്പില്‍ അവരുമായി നല്ല ബന്ധം പുനഃസ്ഥാപിക്കാനുള്ള എല്ലാ വഴികളും പൂര്‍ണമായും അടഞ്ഞിരുന്നില്ല എന്നാണ്.
സിറിയയിലെ ശീഈ, സുന്നീ ഇസ്‌ലാംവാദികള്‍ തമ്മിലുള്ള ഭിന്നത കൂടുതല്‍ ആഴത്തിലുള്ളതാണ്. അവിടെ ഇറാനും ഹിസ്ബുല്ലയും സിറിയന്‍ ഏകാധിപതിയുടെ പിണിയാളുകളാവുകയാണ് ചെയ്തത്. അവരുടെ ഘോരമായ ആക്രമണത്തിന് സിറിയയിലെ ഇഖ്‌വാന്‍ ഇരയാവുകയും ചെയ്തു. മറുഭാഗത്ത് ഈജിപ്തിലെ മാറ്റത്തിന്റെ ബാക്കി പത്രങ്ങളുമുണ്ട്. ഈ യാഥാര്‍ഥ്യം എല്ലാം അംഗീകരിച്ചുകൊണ്ട് എന്റെ അഭിപ്രായം ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ ഇത്തരത്തിലുള്ള തമ്പുകളില്‍ ശിഥിലീകരിക്കാന്‍ അനുവദിച്ചുകൂടാ എന്നാണ്. ശീഈ, സുന്നീ പ്രസ്ഥാനങ്ങള്‍ തമ്മിലുള്ള ഡയലോഗ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭാവി അജണ്ടയില്‍ പ്രധാനമായും ഉണ്ടാകേണ്ടതുണ്ട്.
തുര്‍ക്കി ഈ രംഗത്തും സവിശേഷമായ വിജയം നേടിയതായി കാണുന്നുണ്ട്. തുര്‍ക്കിയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഒരു വലിയ സവിശേഷത യാതൊരു വിഭാഗീയ ചിന്താഗതിയിലും ശിഥിലീകരണ പ്രവണതകളിലും വീണുപോകാതെ ഇസ്‌ലാമിനോട് താല്‍പര്യമുള്ള എല്ലാവരെയും കൂടെനിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ്. മൗലാനാ ജലാലുദ്ദീന്‍ റൂമിയെ ഹൃദയത്തിലേറ്റുന്ന സൂഫി ദര്‍വേശുകള്‍ മുതല്‍ സലഫികള്‍ വരെയും അനാത്തോലിയയിലെ ഗ്രാമീണര്‍ മുതല്‍ ഇസ്തംബൂളില കോടീശ്വരന്മാരായ വ്യവസായികള്‍വരെയും ഇന്ന് ഉര്‍ദുഗാന്റെ പാര്‍ട്ടിയിലുണ്ട്. ഇറാന്‍ തീര്‍ച്ചയായും ഉര്‍ദുഗാനെ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ അപ്പോഴും അദ്ദേഹത്തെ ഒരു സുഹൃത്തായിട്ടാണ് ഇറാന്‍ കാണുന്നത്. ഉര്‍ദുഗാന്റെ നേതൃത്വത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഒരു ബില്യന്‍ ഡോളറില്‍നിന്ന് ഒരു ഘട്ടത്തില്‍ 30 ബില്യന്‍ ഡോളര്‍ വരെ ആയി വര്‍ധിച്ചത് സാക്ഷ്യപ്പെടുത്തുന്ന കാര്യം, ചില അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും ശീഈ-സുന്നീ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ഡയലോഗിലൂടെ സാഹോദര്യബന്ധം ശക്തിപ്പെടുത്താന്‍ കഴിയുമെന്നാണ്. അതുപോലെ തുര്‍ക്കി സലഫി ലോകവുമായി ബന്ധം ശക്തിപ്പെടുത്തുന്നതിലും വിജയിച്ചിട്ടുണ്ട്. രാഷ്ട്രീയ ശീഈസവും അതിന്റെ പ്രതികരണമായ സലഫിസവും ചരിത്രപരമായി പരസ്പരം പോരടിക്കുന്ന ശക്തികള്‍ തന്നെയാണ്; എന്നാല്‍ തുര്‍ക്കി രണ്ടിന്റെയും നിഷേധാത്മക സ്വാധീനത്തില്‍നിന്ന് മുക്തി നേടി ഇരുകൂട്ടര്‍ക്കുമിടയിലെ പാലമായി വര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത് എന്നു പറഞ്ഞത് തുര്‍ക്കി വിദേശകാര്യമന്ത്രിയായിരുന്ന ദാവൂദ് ഒഗ്‌ലൂവാണ്. ഈ പോളിസി തുര്‍ക്കിയില്‍ വന്‍ വിജയമാണ്. സിറിയന്‍ പ്രശ്‌നത്തില്‍ ബശ്ശാര്‍വിരുദ്ധ നിലപാട് കടുപ്പിച്ചിട്ടും ഉര്‍ദുഗാന്റെ സ്വീകാര്യത ഇറാനിലോ അറബ്‌ലോകത്തോ കുറയുകയുണ്ടായില്ല.
നമ്മുടെ രാജ്യത്തും ഇസ്‌ലാംവാദികള്‍ പല തരം തമ്പുകളില്‍ വിഭജിതരാണ്. കേവലം ശാഖാപരമായ അഭിപ്രായവ്യത്യാസത്തിന്റെയോ സംഘടനാപരമായ താന്‍പോരിമയുടെയോ പേരില്‍ നാം അവരുമായി അകലം നിലനിര്‍ത്തുകയാണെങ്കില്‍ നമ്മുടെ ലക്ഷ്യങ്ങള്‍ക്ക് അത് വലിയ അപകടം ചെയ്യുമെന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നുണ്ട്. കുറച്ചുകൂടി വിശാല വീക്ഷണവും ഉദാര ചിന്തയും പുലര്‍ത്താന്‍ നമുക്ക് കഴിഞ്ഞാല്‍ അവരെല്ലാവരെയും നമ്മോടൊപ്പം ചേര്‍ത്ത് നമ്മുടെ ശക്തിയില്‍ വലിയ വര്‍ധനവുണ്ടാക്കാന്‍ കഴിയും.
ഇസ്‌ലാംവാദികളെ പൊതു മുസ്‌ലിം സമൂഹത്തില്‍നിന്ന് അകറ്റുക
ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ലോകത്തുടനീളം വ്യവസ്ഥാപിതമായ കേഡര്‍ സ്വഭാവത്തോടുകൂടിയാണ് പ്രവര്‍ത്തിക്കുന്നത്. ഭദ്രമായ ഒരു പ്രത്യയശാസ്ത്രത്തിലും അവര്‍ വിശ്വസിക്കുന്നു. ഈ പ്രത്യയശാസ്ത്രാടിത്തറയില്‍ പ്രവര്‍ത്തകരുടെ ചിന്താപരവും കര്‍മപരവുമായ സ്വഭാവ രൂപീകരണത്തിന് പ്രസ്ഥാനം സവിശേഷമായ ശ്രദ്ധ പതിപ്പിക്കുകയും ചെയ്യുന്നു. അതാണ് ഈ പ്രസ്ഥാനങ്ങളുടെ രചനാത്മക സവിശേഷതയും അവയുടെ ശക്തിയും. എന്നാല്‍ ഈ സവിശേഷതകള്‍ തന്നെ പ്രവര്‍ത്തകരില്‍ വളര്‍ത്തുന്ന ഔന്നത്യബോധത്തെയും ആത്മവിശ്വാസത്തെയും അഭിമാനബോധത്തെയും ശത്രുക്കള്‍ സമൂഹത്തില്‍നിന്ന് അവരെ അകറ്റാന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
തങ്ങളുടെ ബോധവും സ്വഭാവവും താരതമ്യേന മികച്ചതാണെന്നും എന്നാല്‍ സമൂഹത്തിന് ബോധമോ പക്വതയോ കുറവാണെന്നും അവര്‍ക്ക് പരിശീലനം ആവശ്യമാണെന്നും പ്രവര്‍ത്തകര്‍ മനസ്സിലാക്കുന്നു. തങ്ങളെ പോലെ ഇസ്‌ലാമിക ലക്ഷ്യങ്ങളില്ലാത്തതാണ് സമൂഹത്തിന്റെ ബോധശൂന്യതക്ക് കാരണമെന്നും അവര്‍ കരുതുന്നു. ഇത്തരം കാരണങ്ങളാല്‍ പ്രസ്ഥാന പ്രവര്‍ത്തകര്‍ പൊതുവെ മനസ്സിലാക്കുന്നത്, അവലംബിക്കാന്‍ യോഗ്യര്‍ തങ്ങള്‍ മാത്രമാണെന്നാണ്. അതിനാല്‍ ഉത്തരവാദിത്തങ്ങള്‍ അവരെ ഏല്‍പിക്കണം, രാഷ്ട്രീയ നേതൃത്വവും അവര്‍ക്കായിരിക്കണം, ട്രസ്റ്റുകളും സ്ഥാപനങ്ങളും അവരുടെ കൈയിലായിരിക്കണം, ഒടുവില്‍ ഭരണകൂടത്തിന്റെ പ്രധാന ഉത്തരവാദിത്തങ്ങളും അവരെ ഏല്‍പിക്കണം. രാഷ്ട്രീയ നേതൃത്വം മാത്രമല്ല, തൊഴില്‍പരമായ യോഗ്യതയും നൈപുണിയും ആവശ്യമുള്ള ജോലികളും മുന്‍ഗണന പ്രകാരം അവരുടെ കരങ്ങളിലേക്ക് കൈമാറണം.
ഈ നിലപാട് കൈക്കൊള്ളാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് പ്രവര്‍ത്തകര്‍ മനസ്സിലാക്കുന്നത്. കാരണം നമ്മുടെ ആളുകള്‍ ശിക്ഷണം ലഭിച്ചവരാണ്, അവലംബിക്കാന്‍ പറ്റുന്നവരും കുടുതല്‍ നല്ല സേവനങ്ങള്‍ വിശ്വസ്തതയോടെയും ഉത്തരവാദിത്തബോധത്തോടെയും ചെയ്യാന്‍ കഴിയുന്നവരും നമ്മുടെ ആളുകളാണ്. ഇതാണ് അവരുടെ ന്യായം. എന്നാല്‍ ഈ നിലപാടിന്റെ ഒരപകടം പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ തൊഴില്‍പരമായ യോഗ്യതയും നൈപുണിയും കാര്യമായി കണക്കിലെടുക്കപ്പെടുകയില്ല എന്നതാണ്. തല്‍ഫലമായി പ്രവര്‍ത്തനഫലം മോശമാകും. ഈ നിലപാടിന്റെ മറ്റൊരു പ്രധാന അപകടം, പൊതുജനം അതിനെ വിഭാഗീയമായ പക്ഷപാതിത്വത്തെ പോലെ സംഘടനാ പക്ഷപാതിത്വമായി കരുതുകയും ഈ പ്രസ്ഥാനം പൊതുജനത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും അതിന്റെ മെമ്പര്‍മാരെ മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂവെന്ന് അവര്‍ മനസ്സിലാക്കുകയും ചെയ്യും എന്നുള്ളതാണ്.
ഈ വിഷയത്തിലും തുര്‍ക്കിയുടെ അനുഭവം വ്യത്യസ്തമാണ്. അര്‍ബകാന്റെ പാര്‍ട്ടി നേരത്തേ തന്നെ ജനകീയ പാര്‍ട്ടിയായിരുന്നു. ഉര്‍ദുഗാന്‍ അതിന് കൂടുതല്‍ വിശാലത നല്‍കുകയും മുഴുവന്‍ സമൂഹത്തെയും ഉള്‍ക്കൊള്ളിക്കുകയും ചെയ്തു. തൊഴില്‍പരവും ബുദ്ധിപരവുമായ യോഗ്യതക്കും കഴിവിനും പ്രസ്ഥാന ബന്ധത്തേക്കാള്‍ മുന്‍ഗണന നല്‍കി. അഹ്മദ് ദാവൂദ് ഒഗ്‌ലുവിനെയും മുഹമ്മദ് ഗോര്‍മൂസിനെയും പോലുള്ള ബുദ്ധിജീവികള്‍ക്കും ബുഖൈറിനെയും ബോസ്ദാഗിനെയും പോലുള്ള മതപണ്ഡിതന്മാര്‍ക്കും നിഹായത്ത് അര്‍ഗൂണിനെയും ഉമര്‍ ജിഹാദിനെയും പോലുള്ള വ്യവസായികള്‍ക്കും പാര്‍ട്ടിയിലും ഭരണത്തിലും ഉന്നത പദവികള്‍ നല്‍കി. ഉര്‍ദുഗാന്റെ തുര്‍ക്കിയിലെ ആദ്യത്തെ പത്തു വര്‍ഷം തുര്‍ക്കി കൈവരിച്ച, എക്കണോമിക്ക് മിറാക്കിള്‍ എന്ന് നിരീക്ഷകര്‍ വിശേഷിപ്പിച്ച സാമ്പത്തിക പുരോഗതിക്ക് ചുക്കാന്‍ പിടിക്കാന്‍ പ്രസ്ഥാനവുമായി നേരത്തേ യാതൊരു ബന്ധവുമില്ലാത്ത 33 വയസ്സ് പ്രായമായ അലി ബാബാ ജാന്‍ എന്ന യുവാവിനെയാണ് ഉര്‍ദുഗാന്‍ ചുമതലപ്പെടുത്തിയത്. ഉര്‍ദുഗാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ മികവാണ് ധനമന്ത്രി എന്ന നിലയില്‍ അദ്ദേഹം പുലര്‍ത്തിയത്. പിന്നീട് അദ്ദേഹം ഉപപ്രധാനമന്ത്രിയുമായി. തുര്‍ക്കി രാഷ്ട്രീയത്തിലെ ഏറ്റവും സങ്കീര്‍ണമായ പ്രശ്‌നമായിരുന്നു യൂറോപ്പുമായുള്ള ചര്‍ച്ച. അതിന് ഉര്‍ദുഗാന്‍ ചുമതലപ്പെടുത്തിയതും പ്രസ്ഥാനവുമായി നേരത്തേ ബന്ധമില്ലാത്ത 39 വയസ്സായ മറ്റൊരു യുവാവിനെയാണ്. ഇത്തരം ഉദാരമായ നയത്തിലൂടെ ഉര്‍ദുഗാന്റെ പാര്‍ട്ടി തുര്‍ക്കി സമൂഹത്തെ മൊത്തം പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയായി ഉയരുകയും ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെയോ ആശയധാരയുടെയോ സംഘടനയുടെയോ വൃത്തങ്ങളില്‍ ബന്ധിതമാകാതെ മുഴുവന്‍ സമൂഹവുമായും ബന്ധം സ്ഥാപിക്കുകയും ചെയ്തു.
ഇത് ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിനും പാഠമാണ്. സമുദായത്തിന്റെ പൊതുവേദികള്‍ രൂപീകരിക്കുന്നതില്‍ നമ്മുടെ മുന്‍ഗാമികളായ നേതാക്കള്‍ പ്രദര്‍ശിപ്പിച്ച ഉദാര വീക്ഷണവും ഔന്നത്യവും ഇന്ന് അധിക സ്ഥലങ്ങളിലും നഷ്ടപ്പെട്ടിരിക്കുന്നു. പ്രസ്ഥാനം എന്നതിന് പകരം ഒരു സംഘടന മാത്രമായി നാം ചുരുങ്ങിയിട്ടുണ്ടോ എന്ന് നാം ആലോചിക്കണം. പരസ്പരം ഏറ്റുമുട്ടുന്ന സമൂഹത്തിലെ ഒരു വിഭാഗം മാത്രമായി നമ്മളും ചുരുങ്ങിയാല്‍ മുഴുവന്‍ സമൂഹത്തിന്റെയും വിശ്വാസം നേടിയെടുക്കുക നമുക്ക് വളരെ പ്രയാസകരമായിരിക്കും.
ഇസ്‌ലാംവാദികളുടെ പ്രതിഛായ തകര്‍ക്കുക
സെപ്റ്റംബര്‍ 11-ലെ സംഭവത്തിനു ശേഷം തീവ്രവാദികളെ നേരിടാനുള്ള അമേരിക്കയുടെ കര്‍മപദ്ധതിയിലേക്ക് വെളിച്ചം വീശി ഫരീദ് സകരിയ്യ ന്യൂസ് വീക്കില്‍ എഴുതിയ ഒരു ലേഖനത്തില്‍ അദ്ദേഹം ഉപദേശിക്കുന്നത് അമേരിക്കയുടെ കര്‍മപദ്ധതിയുടെ പ്രധാന ഭാഗം സാംസ്‌കാരിക കര്‍മപദ്ധതിയായിരിക്കണമെന്നാണ്. ശീതസമരകാലത്ത് കമ്യൂണിസത്തിനെതിരെ പ്രയോഗിച്ചതുപോലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രചാരണത്തെയാണ് അദ്ദേഹം സാസ്‌കാരിക കര്‍മപദ്ധതി എന്നതുകൊണ്ട് ഉദ്ദേശിച്ചത്.5
ഇസ്‌ലാമിസ്റ്റുകളെ അപകീര്‍ത്തിപ്പെടുത്തുകയും അവരുടെ പ്രതിഛായ തകര്‍ക്കുകയും ചെയ്യുക എന്നത് ലോകശക്തികളുടെ പ്രധാന ദൗത്യമാണെന്ന് സമകാലിക സംഭവവികാസങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ ദൗത്യത്തിന് പല വശങ്ങളുണ്ട്:
എ) ഇസ്‌ലാമിസ്റ്റുകളും തീവ്രവാദികളാണെന്നും ഭീകരവാദ പ്രവര്‍ത്തനങ്ങളെ അവര്‍ തിരശ്ശീലക്കു പിറകിലിരുന്ന് പിന്തുണക്കുന്നുണ്ടെന്നുമുള്ള പ്രചാരണം.
ബി) അവര്‍ തങ്ങളുടെ സംഘടനാ പ്രവര്‍ത്തകരെ മാത്രമേ പിന്തുണക്കുകയുള്ളൂ, പൊതുജനത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് യാതൊരു താല്‍പര്യവുമില്ല.
സി) അവര്‍ നല്ല ധര്‍മോപദേശകരും വിമര്‍ശകരും മാത്രമാണ്. ഭരണം കൈയാളാനുള്ള യാതൊരു കഴിവും അവര്‍ക്കില്ല. രാജ്യം അവരുടെ കൈയില്‍ പുരോഗമിക്കുകയില്ല.
ഡി) സ്ത്രീകളുടെയും അമുസ്‌ലിംകളുടെയും കാര്യത്തില്‍ അവരുടെ കാഴ്ചപ്പാട് വളരെ യാഥാസ്ഥിതികമാണ്. അതിനാല്‍ അവരുടെ ഭരണത്തില്‍ ഈ രണ്ടു കൂട്ടരുടെയും സുരക്ഷ അപകടത്തിലായിരിക്കും.
ഇ) രാജ്യത്തേക്കാളും അവിടത്തെ ജനതയേക്കാളും അവര്‍ക്ക് താല്‍പര്യം ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളിലാണ്. അവര്‍ രാജ്യത്തോട് കൂറുള്ളവരോ രാജ്യത്തിന്റെ സുരക്ഷയില്‍ ജാഗ്രതയുള്ളവരോ അല്ല.
എഫ്) ലോക വന്‍ശക്തിയുടെ അവരോടുള്ള നിലപാട് വളരെ ശത്രുതാപരമാണ്. തല്‍ഫലമായി അവരുടെ അധികാരപ്രവേശം രാജ്യത്തെ വന്‍ശക്തികളുടെ ആക്രമണലക്ഷ്യമാക്കി മാറ്റും.
ജി) ഈ പ്രചാരണങ്ങളെല്ലാം പരാജയപ്പെട്ടാല്‍ ഇസ്‌ലാമിക പ്രസ്ഥാന നേതാക്കളുടെ മേല്‍ അഴിമതി, സ്വജനപക്ഷപാതിത്വം, പിടിച്ചുപറി തുടങ്ങിയ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് സമൂഹത്തില്‍ അവരുടെ പ്രതിഛായ തകര്‍ക്കുക.
ഈജിപ്ത്, തുനീഷ്യ മുതല്‍ ബംഗ്ലാദേശ് വരെ എല്ലായിടത്തും ഇത്തരം പ്രചാരണങ്ങളും ആരോപണങ്ങളും അരങ്ങുതകര്‍ക്കുന്നുണ്ട്. ഇതില്‍ ചിലത് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. മറ്റു ചിലത് കേവലം പ്രചാരണം മാത്രമാണ്. ചില കാര്യങ്ങള്‍ നമ്മുടെ തന്നെ ചില അബദ്ധങ്ങളുടെയും തെറ്റായ സമീപനങ്ങളുടെയും മനോഭാവത്തിന്റെയും അതിഭാവുകത്വം കലര്‍ന്ന വ്യാഖ്യാനങ്ങളാണ്. ചിലത് നമ്മുടെ നിലപാട് ശരിയായി മനസ്സിലാക്കാത്തതിന്റെ ഫലവും.
ഈ പ്രശ്‌നത്തിനുള്ള അടിസ്ഥാന പരിഹാരം ഗവേഷണ സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ മുതല്‍ ഫേസ് ബുക്കിലും ട്വിറ്ററിലുമെല്ലാം ഈ പ്രചാരണത്തെ സംഘടിതമായി നേരിടുകയും സത്യം പുറത്തുകൊണ്ടുവരികയുമാണ്. അതോടൊപ്പം ഇത്തരം ആരോപണങ്ങള്‍ക്ക് സാധ്യതയുള്ള നിലപാടുകളില്‍നിന്ന് വിട്ടുനില്‍ക്കുകയും തങ്ങളുടെ വാദങ്ങളെയും നിലപാടുകളെയും യുക്തിഭദ്രമായി അവതരിപ്പിക്കുകയും തീവ്ര ചിന്താഗതികളെ നിരുത്സാഹപ്പെടുത്തുകയും മാറ്റത്തിനുള്ള പ്രവര്‍ത്തനങ്ങളില്‍ ക്രമപ്രവൃദ്ധത ദീക്ഷിക്കുകയും ജീവിക്കുന്ന രാജ്യത്തിന്റെയും സമൂഹത്തിന്റെയും വൈകാരികതകളോട് സാധ്യമാകുന്നത്ര ചേര്‍ന്നുനില്‍ക്കുകയും അനാവശ്യമായ വൈകാരിക പ്രകടനങ്ങളെ സൂക്ഷിക്കുകയും ചെയ്താല്‍ ഇത്തരത്തിലുള്ള പ്രോപ്പഗണ്ട സ്വയം തന്നെ ഫലശൂന്യമായി മാറിക്കൊള്ളും.
വിവ: കെ.ടി ഹുസൈന്‍
കുറിപ്പുകള്‍
1. Farhad Diba, Mossadeg, A Political Biography, Routledge Kegan and Paul, London, 1986
2. https.//www.britanica.com/biography /Adnan Menderes, retrieved on 30-12-2017
3. Credit Suisse, The End of Globalisation or More Multipolar World, Credit Suisse Research Institute, September 2015
4. Holger Albrecht, Aurel Croissant, Fred Lawson, Armies and Insurgencies in the Arab Spring, University of Pennsylvania Press, Philadelphia, 2016, pages 185-202
5. Fareed Zakaria, Politics of Rage, Newsweek 14-10-2001
Comments