Prabodhanm Weekly

Pages

Search

2019 ജൂണ്‍ 21

3106

1440 ശവ്വാല്‍ 17

മുസ്‌ലിം പെണ്ണും മുഖപടവും പൊതുബോധത്തെ പുനരാലോചിക്കുമ്പോള്‍

വി.എം റമീസുദ്ദീന്‍

പാശ്ചാത്യ വീക്ഷണത്തില്‍ പൗരസ്ത്യ ദേശങ്ങള്‍ ക്രൂരതയുടെയും കാടത്തത്തിന്റയും ഈറ്റില്ലമാണ്. കാമ-ഭോഗാസക്തികളെ ശമിപ്പിക്കാനുള്ള ഇടവുമാണ്. മധ്യകാലത്ത് പ്രചാരം നേടിയ നാടോടിക്കഥകളും റൊമാന്റിക് സാഹിത്യങ്ങളും പൗരസ്ത്യ നാടുകളിലെ കഥകളാലും കഥാപാത്രങ്ങളാലും സമ്പന്നമായിരുന്നു. പ്രസിദ്ധീകൃതമായ പുരുഷ സഞ്ചാര സാഹിത്യങ്ങള്‍ മുഴുവനും നര്‍ത്തകിമാരെയും വേശ്യാലയങ്ങളെയും തേടിയുള്ള യൂറോപ്യന്‍ പുരുഷ സഞ്ചാര കഥകളാണ്. പൗരസ്ത്യ ദേശത്തെ സ്ത്രൈണതയുടെ അടയാളമായി നോക്കിക്കണ്ടു കൊണ്ട് അവിടങ്ങള്‍ സന്ദര്‍ശിച്ചിരുന്ന പാശ്ചാത്യര്‍ക്ക് മുഖപടമണിഞ്ഞ സ്ത്രീ രൂപങ്ങള്‍ തീര്‍ച്ചയായും അസ്വസ്ഥത സൃഷ്ടിച്ചിട്ടുാവും. പൗരസ്ത്യ ദേശത്തെ സ്ത്രീ സൗന്ദര്യത്തില്‍ വിഷയാസക്തരായ യൂറോപ്യര്‍ തങ്ങളുടെ കാഴ്ചക്ക് തടസ്സം നില്‍ക്കുന്ന മൂടുപടത്തെക്കുറിച്ച്, ആ വസ്ത്രധാരണാ രീതിയെക്കുറിച്ച് മോശമായ പരികല്‍പനകള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. ഹാരെമുകളില്‍ കാമാസക്തയായി കിടക്കുന്ന നഗ്ന സ്ത്രീ ശരീരങ്ങളെ ചിത്രീകരിച്ച് മുഖപടത്തിനുള്ളിലെ സ്ത്രീ സൗന്ദര്യത്തെക്കുറിച്ച് സങ്കല്‍പനങ്ങള്‍ നെയ്തു. മുഖപടം ഭീകരതയുടെയും അടിച്ചമര്‍ത്തലിന്റെയും കാമാസക്തിയുടെയും പ്രതീകമായി അവര്‍ അവതരിപ്പിച്ചു. പാശ്ചാത്യലോകം ഉത്തമവും പാശ്ചാത്യേതര ലോകം അധമവുമാണെന്ന യൂറോകേന്ദ്രീകൃത വീക്ഷണമാണ 'മുസ്ലിം സ്ത്രീ പീഡനത്തിന്റെ ചിഹ്നമാണ് മുഖപട'മെന്ന വ്യവഹാരത്തിന്റെ ഉറവിടം എന്നാണ്  കാതറിന്‍ ബുള്ളക്ക് തന്റെ 'Rethinking Muslim Women and the Veil'  എന്ന പുസ്തകത്തില്‍ നിരീക്ഷിക്കുന്നത്. 2002 -ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് 'മുസ്ലിം പെണ്ണും മുഖപടവും: പൊതുബോധത്തെ പുനരാലോചിക്കുമ്പോള്‍'. കോഴിക്കോട് അദര്‍ ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആസ്ത്രേലിയന്‍ സ്വദേശിയായ കാതറിന്‍ ബുള്ളക്ക്, ടൊറണ്ടോ സര്‍വകലാശാലയില്‍ രാഷ്ട്രമീമാംസാ വകുപ്പില്‍ അധ്യാപികയാണ്. 1994 ല്‍ ഇസ്ലാം സ്വീകരിച്ച കാതറിന്‍ ഇസ്ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ച വിവിധ പഠന- ഗവേഷണങ്ങളില്‍ വ്യാപൃതയാണ്.
20 വര്‍ഷം മുമ്പ് തദ്വിഷയകമായി ഗ്രന്ഥകര്‍ത്താവ് നടത്തിയ അഭിമുഖങ്ങളും ഗവേഷണങ്ങളും സമകാലിക സാമൂഹിക- അക്കാദമിക പരിസരത്ത് ഇപ്പോഴും വളരെ പ്രസക്തമായി നിലകൊള്ളുന്നു. മുസ്ലിം പെണ്ണിനെയും ഹിജാബിനെയും നിഖാബിനെയും കുറിച്ച പാശ്ചാത്യ- ലിബറല്‍ ആഖ്യാനങ്ങളും ആകുലതകളും പുതിയ തലങ്ങളിലേക്കും ഇസ്ലാമോഫോബിക്കായ വ്യവഹാരങ്ങളിലേക്കുമെല്ലാം വിവിധ വഴികളിലൂടെ വികസിക്കുന്നതായി കാണാം. ഫെമിനിസ്റ്റുകളടക്കം മത സങ്കുചിതത്വം വെച്ചുപുലര്‍ത്തുന്ന ഇടത്- ഉദാരവാദ കേന്ദ്രങ്ങള്‍ മുസ്ലിം സ്ത്രീയെ അവളുടെ വസ്ത്ര രീതിയുടെ അടിസ്ഥാനത്തില്‍ അടിച്ചമര്‍ത്തലിന്റെയും പുരുഷ മേല്‍ക്കോയ്മയുടെയും ഇരയായി മാത്രം നോക്കിക്കാണുന്നു. വിമോചനം എന്ന ആശയം മതനിയമങ്ങളെ, വിശ്വാസ സങ്കല്‍പ്പങ്ങളെ, സംസ്‌കാരത്തെ ഉപേക്ഷിക്കുന്നതിലൂടെ മാത്രം സാധിക്കുന്ന ഒന്നാണെന്ന വാദങ്ങള്‍ അവര്‍ നിരന്തരം ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്നു.
സാമൂഹികശാസ്ത്രപരവും നരവംശശാസ്ത്രപരവും രാഷ്ട്രീയവും മതകീയവുമായ മാനങ്ങളില്‍നിന്ന് കൊണ്ട് വസ്തുനിഷ്ഠമായും തെളിവുകളുടെയും സാമൂഹിക യാഥാര്‍ഥ്യങ്ങളുടെയും ശക്തമായ പിന്‍ബലത്തോടെയും മൂടുപടവും മുഖപടവും സംബന്ധിച്ച ചര്‍ച്ചകളെ ഗ്രന്ഥകര്‍ത്താവ് നീതിയുക്തം ആവിഷ്‌കരിച്ചിരിക്കുന്നു. പാശ്ചാത്യ ആഖ്യാനങ്ങളെ എണ്ണമിട്ട് നിരത്തിക്കൊണ്ട് മറുചോദ്യങ്ങളും ഉത്തരങ്ങളും വാദഗതികളും അവതരിപ്പിക്കുകയാണ് കാതറിന്‍ ബുളളക്ക്.
ആറ് അധ്യായങ്ങളിലായി ക്രോഡീകരിച്ചിരിക്കുന്ന പുസ്തകം തുടങ്ങുന്നത് കോളനിയുഗത്തില്‍ ഹിജാബിന്റെ സാന്നിധ്യത്തെക്കുറിച്ച ചരിത്രപരമായ അന്വേഷണത്തോടെയാണ്. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിലെ ഈജിപ്തിലെയും മറ്റ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെയും കോളനി ഭരണത്തിനു കീഴിലെ മുസ്ലിം സ്ത്രീകളുടെ ജീവിതത്തെയും ഹിജാബിന്റെ പാശ്ചാത്യ പരികല്‍പനകളെയും കുറിച്ച വിലയിരുത്തലുകള്‍ നടത്തുന്നു. പൗരസ്ത്യ സംസ്‌കാരത്തെ അപരിഷ്‌കൃതമായി കണ്ട പാശ്ചാത്യ- കൊളോണിയല്‍ പ്രവണതയുടെ മുനയൊടിക്കുന്ന നിരീക്ഷണങ്ങളും വാദഗതികളും ഗ്രന്ഥകര്‍ത്താവ് ഈ അധ്യായത്തില്‍ ഉയര്‍ത്തുന്നുണ്ട്.
ടൊറണ്ടോയില്‍ ഹിജാബ് ധരിക്കവെ കാതറിന്‍ അറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങളും സമാനരായ സ്ത്രീകളുമായും സ്ത്രീവാദികളുമായും നടത്തിയ അഭിമുഖങ്ങളുടെ വിവരണവുമാണ് തുടര്‍ന്നു വരുന്നത്. സ്വാതന്ത്ര്യത്തെക്കുറിച്ച കേവല അമേരിക്കന്‍ കാഴ്ചപ്പാടിനെയും ആ സമൂഹം സ്ത്രീ-പുരുഷ ബന്ധങ്ങളെ നോക്കിക്കാണുന്നതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. ഹിജാബിനോടുള്ള മുസ്ലിം കുടുംബങ്ങളുടെയും അമുസ്ലിംകളുടെയും കാഴ്ചപ്പാടുകളെ പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകളോട് ചേര്‍ത്ത് വിവരിക്കുന്നുമു്.
'ഹിജാബിന്റെ നാനാര്‍ഥങ്ങള്‍' എന്ന തലക്കെട്ടിന് കീഴില്‍ വരുന്ന ചര്‍ച്ചകള്‍ പുസ്തകത്തിലെ സുപ്രധാനമായ ഭാഗമാണ്. മറയ്ക്കുന്നതിന്റെ വിവിധങ്ങളായ കാരണങ്ങളെ സര്‍വേ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ വിശകലനവിധേയമാക്കുന്നതോടൊപ്പം മനഃശാസ്ത്രപരം, രാഷ്ട്രീയപരം, വിപ്ലവാത്മകം, ജനസംഖ്യാപരം, ഗാര്‍ഹികം, പ്രായോഗികം എന്നിങ്ങനെ ആ കാരണങ്ങളെ വര്‍ഗീകരിക്കുന്നുണ്ട് ഗ്രന്ഥകര്‍ത്താവ്. 
മൂടുപടത്തെക്കുറിച്ച പാശ്ചാത്യ ആഖ്യാനങ്ങളില്‍ ആധികാരിക റഫറന്‍സ് ആയി വരാറുള്ള മൊറോക്കന്‍ ഫെമിനിസ്റ്റ് ഫാത്വിമ മെര്‍നീസിയുടെ വീക്ഷണങ്ങളെ വിമര്‍ശനവിധേയമാക്കുന്നു് കാതറിന്‍ ബുള്ളക്ക്. പുരുഷ സ്വേഛാധിപത്യത്തിന്റെ വിജയമായി ഹിജാബിനെ പരിഗണിക്കുന്ന മെര്‍നീസി, മൂടുപടമിടീക്കുന്നത് 'ഒറ്റപ്പെടുത്തലിന്റെ പ്രതീക രൂപം' ആയാണ് കാണുന്നത്. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ലിംഗനീതിയിലധിഷ്ഠിതമായ സമീപനങ്ങളില്‍നിന്ന് മെര്‍നീസിയുടെ കാഴ്ചപ്പാട് ഏറെ അകലെയാണെന്ന് കാതറിന്‍ ബുള്ളക്ക് സമര്‍ഥിക്കുന്നു. തികച്ചും വസ്തുതാവിരുദ്ധവും പൊള്ളയുമായ, ഇസ്ലാമിനു കീഴില്‍ സ്ത്രീ അടിച്ചമര്‍ത്തപ്പെട്ട, അശ്ലീലമായ ഒന്നാണെന്ന മെര്‍നീസിയുടെ വാദങ്ങള്‍ ഓരോന്നായി കാതറിന്‍ അനായാസം പൊളിച്ചടുക്കുന്നുണ്ട്.
ഹിജാബ്, ലൈംഗികത, ആണ്‍മേല്‍ക്കോയ്മ, സൗന്ദര്യ വ്യവസായം, മതാത്മകത എന്നിവയെക്കൂട്ടി ഹിജാബിന്റെയും അത് ധരിക്കുന്നയാളുടെയും വിശാലമായ ആശയതലങ്ങളെക്കുറിച്ച് ഉദ്ബോധിപ്പിക്കുകയാണ് അവസാന ഭാഗങ്ങളില്‍. സ്ത്രീയുടെ ആത്മാഭിമാനത്തിനും ശാരീരികാരോഗ്യത്തിനും മേല്‍ വിപദ്ഫലമുളവാക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഉപഭോഗ മുതലാളിത്ത സംസ്‌കാരത്തിലെ സൗന്ദര്യ മത്സരത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പിന്റെ ശാക്തീകരണായുധമായാണ് ഹിജാബ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഗ്രന്ഥകര്‍ത്താവ് മുന്നോട്ടുവെക്കുന്ന വാദം.
ഹിജാബിന്റെ വിശ്വാസപരവും വിപ്ലവപരവും രാഷ്ട്രീയവും സൗന്ദര്യാത്മകവുമായ മാനങ്ങളെ വിശാലാര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്നതിനു പകരം മതത്തിനെതിരെ ആക്രമണങ്ങള്‍ നടത്തുന്ന തല്‍പര കക്ഷികള്‍ക്കുള്ള കൃത്യമായ മറുപടിയാണ് 'മുസ്ലിം പെണ്ണും മുഖപടവും: പൊതുബോധത്തെ പുനരാലോചിക്കുമ്പോള്‍' എന്ന പുസ്തകം. മുന്നൂറോളം പേജ് വരുന്ന ഈ പുസ്തകത്തില്‍ ഗ്രന്ഥകര്‍ത്താവ് നിരവധി പണ്ഡിത വചനങ്ങളും വിഷയത്തെക്കുറിച്ച മറ്റ് ആഖ്യാതാക്കളുടെ പരാമര്‍ശങ്ങളും (Quotings) സന്ദര്‍ഭോചിതമായി ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യുന്നുണ്ട്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (7-11)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഭൗതിക ജീവിതത്തോടുള്ള വിശ്വാസിയുടെ നിലപാട്
കെ.സി ജലീല്‍ പുളിക്കല്‍