Prabodhanm Weekly

Pages

Search

2019 ജൂണ്‍ 21

3106

1440 ശവ്വാല്‍ 17

ചിന്താ സ്വാതന്ത്ര്യവും സാമ്പത്തിക അവകാശങ്ങളും

റാശിദ് ഗന്നൂശി

ബുദ്ധിയും ഇഛാശക്തിയും സ്വാതന്ത്ര്യവും നല്‍കി മനുഷ്യനെ ഭൂമിയില്‍ ദൈവപ്രതിനിധിയായി വാഴിച്ച ഒരു ദര്‍ശനത്തെ സംബന്ധിച്ചേടത്തോളം തീര്‍ത്തും സ്വാഭാവികമാണ് ഈ കഴിവുകളെയൊന്നും പൂട്ടിയിടാതിരിക്കുക എന്നത്. ഈ കഴിവുകളെയൊക്കെ ബന്ധനമുക്തമാക്കുകയും തുറന്നുവിടുകയും ചെയ്യുക എന്നതാണ് കരണീയമായിട്ടുള്ളത്. ചലിക്കാനും മുന്നേറാനുമുള്ള പ്രോത്സാഹനവും ആ ദര്‍ശനം നല്‍കിയിരിക്കും. വഴിതെറ്റാതിരിക്കാനുള്ള മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും മാത്രമാണ് നല്‍കുന്നുണ്ടാവുക. ചുരുക്കത്തില്‍ തന്റെ ഭാഗധേയം എന്തെന്ന് നിര്‍ണയിക്കാനും അതിന്റെ ഉത്തരവാദിത്തം സ്വയം ഏല്‍ക്കാനുമുള്ള സ്വാതന്ത്ര്യമാണ് ഇസ്‌ലാം മനുഷ്യന് നല്‍കുന്നത്. ചിന്താ സ്വാതന്ത്ര്യത്തിന്റെ പരിധി എത്രത്തോളമെന്നാല്‍, ചിന്തയും അന്വേഷണവും നിര്‍ബന്ധ ബാധ്യതയാണ് എന്ന തലത്തോളം അതെത്തി. വിശ്വാസകാര്യങ്ങളും അനുബന്ധമായി വരുന്ന കര്‍മങ്ങളും ഉള്‍പ്പെടെ ഒരാളുടെ ഭാഗധേയം നിര്‍ണയിക്കുന്ന മൗലിക കാര്യങ്ങള്‍ വരെ ചിന്തിച്ചുറപ്പിച്ച് ചെയ്യേണ്ടതാവുമ്പോള്‍ അങ്ങനെത്തന്നെയല്ലേ വരൂ. അതുകൊണ്ടാണ് ചിന്തക്കും ധൈഷണിക വ്യവഹാരങ്ങള്‍ക്കും ഇത്രയധികം പ്രാധാന്യവും പ്രോത്സാഹനവും ഇസ്‌ലാം നല്‍കുന്നത്. അബദ്ധധാരണകളുടെ പുറകെ പോകരുതെന്നും കാക്കകാരണവന്മാരുടെ സകല ശേഷിപ്പുകളും മുറുകെ പിടിക്കുന്ന ജനസാമാന്യത്തോടൊപ്പം ഒഴുക്കിനൊത്ത് നീന്തരുതെന്നും ചിന്തയെ മാരകമായി മന്ദീഭവിപ്പിക്കുന്ന ലഹരി പദാര്‍ഥങ്ങള്‍ വര്‍ജിക്കണമെന്നും സര്‍വാധിപത്യത്തിന്റെ അസംഖ്യം രൂപങ്ങളിലേക്ക് തെന്നിവീഴാതിരിക്കാന്‍ അതിയായ ജാഗ്രത പുലര്‍ത്തണമെന്നുമൊക്കെ ഇസ്‌ലാം നിരന്തരം ഉണര്‍ത്തുന്നതും അതുകൊണ്ടു തന്നെ.1

സാമ്പത്തിക സ്വാതന്ത്ര്യം
ഇസ്‌ലാമിക ദര്‍ശനത്തിന്റെ സ്വാധീനം സമൂഹത്തില്‍ വ്യാപകമായി പ്രകടമാവുന്ന മറ്റൊരു മേഖലയാണ് വ്യക്തിയുടെ അവകാശങ്ങള്‍. അന്താരാഷ്ട്ര ചാര്‍ട്ടറുകളും ദേശീയ ഭരണഘടനകളുമൊക്കെ ഈ അവകാശങ്ങള്‍ എടുത്തു പറഞ്ഞിട്ടുണ്ട്. ഉടമസ്ഥാവകാശം വ്യക്തിക്ക് തികച്ചും സ്വാഭാവികമായി വന്നുചേരുന്ന ഒന്നാണെന്നാണ് അവ ഉദ്‌ഘോഷിക്കുന്നത്. ഇസ്‌ലാമാകട്ടെ വ്യക്തിക്ക് സ്വകാര്യ ഉടമസ്ഥാവകാശം നല്‍കുന്നുണ്ടെങ്കിലും അത് ചില വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണ്. ആ അവകാശങ്ങള്‍ സ്വാഭാവികമായി വന്നുചേരുകയില്ല. കാരണം ഉടമാവകാശം മുഴുവന്‍ അല്ലാഹുവിനുള്ളതാണ്.2 ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട എല്ലാം -അത് നേടിയെടുക്കുക, അതില്‍ ക്രയവിക്രയം നടത്തുക, ഉടമസ്ഥത നഷ്ടമാവുക തുടങ്ങിയവ- ശരീഅത്തിന് അനുസൃതമായേ സ്ഥാപിതമാവുകയുള്ളൂ. യൂറോപ്യന്‍ രീതി അനുസരിച്ചുള്ള ജര്‍മന്‍ സ്വകാര്യ ഉടമസ്ഥ സമ്പ്രദായത്തെക്കുറിച്ച് കാള്‍ മാര്‍ക്‌സ് ഉപന്യസിക്കുന്നുണ്ടല്ലോ. അത്തരമുള്ള സ്വകാര്യ ഉടമസ്ഥതകളൊന്നും പത്തൊമ്പതാം നൂറ്റാണ്ടില്‍ കൊളോണിയല്‍ ശക്തികള്‍ കടന്നുവരുന്നതു വരെ മുസ്‌ലിം ലോകത്തിന് പരിചയമുണ്ടായിരുന്നില്ല. സര്‍വതന്ത്ര സ്വതന്ത്രമായ സ്വകാര്യ ഉടമസ്ഥാവകാശമായിരുന്നില്ല ഉണ്ടായിരുന്നത്. തോന്നുംപോലെ വില്‍ക്കാനോ അനന്തരം കൊടുക്കാനോ റോമന്‍ നിയമ വ്യവസ്ഥയില്‍ അനുവദിച്ചപോലെ സ്വത്ത് നശിപ്പിച്ചുകളയാന്‍ തന്നെയോ ഉള്ള സ്വാതന്ത്ര്യമൊന്നും വ്യക്തിക്ക് നല്‍കിയിരുന്നില്ല. മുസ്‌ലിം നാടുകളില്‍ നിലനിന്നിരുന്ന സ്വകാര്യ ഉടമാവകാശം ദൈവപ്രാതിനിധ്യ(ഇസ്തിഖ്‌ലാഫ്)ത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു. ഭൂമിയെ ക്ഷേമവും അഭിവൃദ്ധിയും കളിയാടുംവിധം മാറ്റിപ്പണിയുക (ഇഅ്മാര്‍) എന്നതാണ് അതിന്റെ അടിസ്ഥാനം. ഈ പ്രവൃത്തി മനുഷ്യന്റെ പരലോക വിജയത്തിനും നിദാനമാകണം.3
അപ്പോള്‍ സ്വകാര്യ ഉടമസ്ഥാവകാശം ദൈവപ്രാതിനിധ്യം ഏറ്റെടുക്കുക വഴി ഉണ്ടായിത്തീരുന്ന ഒന്നാണ്. അതായത് എല്ലാറ്റിന്റെയും യഥാര്‍ഥ ഉടമസ്ഥന്‍ അല്ലാഹു. ആ ഉടമസ്ഥതയുടെ പ്രാതിനിധ്യമോ കൈകാര്യകര്‍തൃത്വമോ ആണ് മനുഷ്യനുള്ളത്. യഥാര്‍ഥ ഉടമയുടെ അനുവാദമില്ലാത്ത വ്യവഹാരങ്ങളൊന്നും അപ്പോള്‍ സാധ്യമല്ലാതെ വരും. വ്യവഹാരം വളരെ മോശപ്പെട്ട രീതിയിലാണെങ്കില്‍ വ്യക്തിയുടെ ഉടമസ്ഥത തന്നെ നഷ്ടമായേക്കും. മനുഷ്യന്റെ പ്രത്യേകത എന്നു പറയുന്നത് ചിട്ടയോടെയുള്ള, ലക്ഷ്യം വെച്ചുള്ള പ്രവൃത്തിയാണ്. ആ പ്രവൃത്തിയുടെ ഫലം അവന് അനുഭവിക്കാന്‍ കഴിയണം. അത് അവന്റെ അവകാശമാണ്. ജീവിത വിഭവങ്ങള്‍ നിഷേധിക്കപ്പെടുന്ന ജനങ്ങള്‍ക്ക് നല്‍കേണ്ട ബാധ്യതകള്‍ മാത്രമേ ഒരാളുടെ ധനത്തില്‍ കുറവു വരുത്തുകയുള്ളൂ.4 ഇസ്‌ലാം നിര്‍ണയിക്കുന്ന അവകാശങ്ങളും ദീനീബാധ്യതകളുമൊക്കെ മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ് എന്ന അടിത്തറയില്‍ ഊന്നിക്കൊണ്ടുള്ളതായതിനാല്‍, സാമൂഹിക സാഹചര്യം പരിഗണിക്കുക തീര്‍ത്തും സ്വാഭാവികമാണ്. സാമൂഹിക ധര്‍മങ്ങള്‍ എന്ന നിലക്കാണ് സ്വകാര്യ അവകാശങ്ങളെയും കാണുക.5 അതില്‍ സമൂഹത്തിന്റെ പരിരക്ഷയും സുരക്ഷയും വളര്‍ച്ചയും പുരോഗതിയുമൊക്കെ വളരെ പ്രധാനമാണ്. ഈ പരിഗണനകള്‍ തകിടം മറിഞ്ഞാല്‍ സാമൂഹിക സന്തുലനത്തിലും വിള്ളല്‍ വീഴും. അതുകാരണം നശീകരണവും വഴിതടസ്സപ്പെടുത്തലുകളും ഉണ്ടായേക്കാം. വിദ്വേഷവും വെറുപ്പും ഇളക്കിവിടാനും കാരണമായേക്കാം. അപ്പോള്‍, സാമൂഹിക ദൗത്യങ്ങള്‍ സുഗമമായി നിര്‍വഹിക്കപ്പെടാനുതകുംവിധം ചില നിയന്ത്രണങ്ങള്‍ സമൂഹത്തിന് ഏര്‍പ്പെടുത്തേണ്ടിവരും.
സ്വകാര്യ ഉടമസ്ഥതയുമായി ബന്ധപ്പെട്ട സാമൂഹിക ദൗത്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ലഭ്യമായ വിഭവങ്ങളുടെ ഒരു വിഹിതം സമൂഹത്തിലെ ഓരോ വ്യക്തിയിലേക്കും എത്തിക്കുക എന്നതാണ് അതിലൊന്ന്. ഉടമസ്ഥത നല്‍കിയേ ഇത് സാധ്യമാവൂ. രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും കൂടിയാലോചനാ(ശൂറാ) സംസ്‌കാരത്തിനും സാമൂഹിക ഉള്ളടക്കം നല്‍കുക ഉടമസ്ഥതയുടെ ഈ ജനകീയവല്‍ക്കരണമാണ്. നേരെമറിച്ച്, സമ്പത്ത് ഒരു നിശ്ചിത വിഭാഗത്തിന്റെ കൈകളില്‍ മാത്രം കറങ്ങുകയാണെങ്കില്‍, അല്ലെങ്കിലത് രാഷ്ട്രത്തിന്റെ കൈപ്പിടിയില്‍ അമരുകയാണെങ്കില്‍ അതാണ് അതിക്രമങ്ങള്‍ക്ക് ഹേതുവായിത്തീരുക. ഉടമസ്ഥതയുള്ളവര്‍ ഉടമസ്ഥതയില്ലാത്തവരുടെ മേല്‍ അധീശത്വം സ്ഥാപിക്കാനും അത് ഇടയാക്കും. ഏറ്റവും ചുരുങ്ങിയത്, അടിസ്ഥാനാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഓരോ പൗരനെയും പ്രാപ്തനാക്കുന്ന വിധത്തില്‍ സമ്പത്തിലുള്ള ഈ ഉടമസ്ഥതാ പങ്കാളിത്തം വിപുലമാകണം. കൂടിയാലോചനയിലൂടെയുള്ള രാഷ്ട്രീയ പങ്കാളിത്തത്തിന് ഏറ്റവും മികച്ച ഗ്യാരന്റി നല്‍കും ഈ രീതി. ഇവിടെയാണ് ഇസ്‌ലാമിക മാതൃകയും പാശ്ചാത്യ നാടുകളില്‍ നടപ്പുള്ള മാതൃകകളും വേര്‍പിരിയുന്നത്. സ്വകാര്യ ഉടമസ്ഥത റദ്ദാക്കി സമ്പത്തെല്ലാം സ്റ്റേറ്റിന്റെ കൈയില്‍ ഏല്‍പ്പിക്കുന്ന സോഷ്യലിസ്റ്റ് മാതൃകയും ഒരുപിടിയാളുകളുടെ കൈകളില്‍ സമ്പത്തിനെ കേന്ദ്രീകരിച്ചു നിര്‍ത്തുന്ന മുതലാളിത്ത മാതൃകയും തമ്മില്‍ ഇക്കാര്യത്തില്‍ വ്യത്യാസമില്ല. ഇസ്‌ലാമിക മാതൃകയാവട്ടെ കഴിയുന്നത്ര ആളുകളില്‍ സമ്പത്ത് എത്തിക്കാനും അങ്ങനെ അവരെ അതിന്റെ ഉടമാവകാശികളാക്കാനുമാണ് ശ്രമിക്കുന്നത്. സമ്പത്തില്‍ പങ്കാളിത്തമുണ്ടെങ്കിലേ അധികാരത്തിലും പോളിസി രൂപവല്‍ക്കരണത്തിലും പങ്കാളിത്തമുണ്ടാവുകയുള്ളൂ. നന്മ പ്രചരിപ്പിക്കുക, തിന്മ തടയുക എന്ന അടിസ്ഥാനത്തില്‍ ഊന്നിക്കൊണ്ട്, സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ശക്തമായ ഒരു പിന്‍ബലമായും ആ സാമ്പത്തിക പങ്കാളിത്തം രൂപപ്പെടുന്നതായും കാണാം. അതുകൊണ്ടുതന്നെയാണ് ഇസ്‌ലാം ധൂര്‍ത്തിനെയും ആഡംബരത്തെയും പാഴ്‌ചെലവുകളെയും സമ്പത്ത് കൂമ്പാരമാക്കുന്നതിനെയും അതിശക്തമായ ഭാഷയില്‍ അധിക്ഷേപിച്ചിട്ടുള്ളത്. അതിക്രമത്തിനും സത്യനിഷേധത്തിനും അത് കാരണമാകുമെന്നും ഖുര്‍ആന്‍ പറഞ്ഞുവെക്കുന്നു: ''ഖാറൂന്‍ മൂസായുടെ ജനതയില്‍ പെട്ടവനായിരുന്നു. അവന്‍ അവര്‍ക്കെതിരെ അതിക്രമം കാണിച്ചു. നാം അവന് ധാരാളം ഖജനാവുകള്‍ നല്‍കി. കരുത്തരായ ഒരു കൂട്ടം മല്ലന്മാര്‍ പോലും അവയുടെ താക്കോല്‍കൂട്ടം ചുമക്കാന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു'' (അല്‍ ഖസ്വസ്വ്: 76). ''സംശയമില്ല, മനുഷ്യന്‍ അതിക്രമിയായിരിക്കുന്നു; തനിക്ക് താന്‍ പോന്നവനായി കണ്ടതിനാല്‍'' (അല്‍ അലഖ്: 6-7). ധനവിതരണത്തിന്റെ അടിസ്ഥാനം, സമ്പത്ത് ഒരിടത്ത് കുന്നുകൂടലാവാതിരിക്കലാണെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്തു: ''സമ്പത്ത് നിങ്ങളിലെ ധനികര്‍ക്കിടയില്‍ മാത്രം ചുറ്റിക്കറങ്ങാതിരിക്കാന്‍'' (അല്‍ ഹശ്ര്‍: 7). അടിസ്ഥാന സാമ്പത്തിക വിഭവങ്ങളില്‍ ജനസാമാന്യത്തിന് പങ്കാളിത്തം അനുവദിക്കുന്നില്ലെങ്കില്‍ ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന സമത്വം, സാഹോദര്യം, നീതി, കൂടിയാലോചന, നന്മയുടെ പ്രചാരണവും തിന്മയുടെ നിരാകരണവും പോലുള്ള സമുന്നത മൂല്യങ്ങള്‍ക്കൊന്നും നിലനില്‍പ്പുാവില്ല. അര്‍ഥം നഷ്ടപ്പെട്ട കുറേ അടയാളങ്ങളും രൂപങ്ങളും മാത്രമായിരിക്കും പിന്നെ അവശേഷിക്കുക.
സ്വകാര്യ ഉടമസ്ഥത എന്നത് ഒരു മനുഷ്യന് താന്‍ അധ്വാനിച്ചത് ലഭിക്കാനുള്ള വഴിയാണ്. അവന്റെ ആഗ്രഹങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടുകയാണ്. ഇതവനെ വലിയ തോതില്‍ പ്രചോദിപ്പിക്കും. ചില ഭാവനാ ദര്‍ശനങ്ങള്‍ വ്യക്തിയുടെ ഈ സഹജവാസനയെ ഇല്ലായ്മ ചെയ്യാന്‍ നോക്കിയെങ്കിലും അവ അമ്പേ പരാജയപ്പെട്ടു. സ്വകാര്യ ഉടമസ്ഥത എന്നത് വ്യക്തിയുടെ ചടുലതയെയും കര്‍മവീര്യത്തെയും ആദരിക്കലും അംഗീകരിക്കലുമാണ്. പക്ഷേ, അത് സമൂഹത്തിന്റെ അവകാശവുമായി ഇടയുമ്പോള്‍ ചിത്രം മാറും. ദൈവപ്രാതിനിധ്യവുമായി ബന്ധപ്പെടുത്തിയാണ് സ്വകാര്യ ഉടമസ്ഥത അംഗീകരിക്കപ്പെടുകയെന്ന് നാം നേരത്തേ പറഞ്ഞു. ആ ഒരു സാമൂഹിക പരിപ്രേക്ഷ്യത്തില്‍ വ്യക്തി-സമൂഹ താല്‍പര്യങ്ങള്‍ ഇടയുമ്പോള്‍ സമൂഹത്തിനു തന്നെയാണ് മുന്‍ഗണന ലഭിക്കുക. വ്യക്തിയുടെ 'ഇസ്തിഖ്‌ലാഫി'നേക്കാള്‍ വലുതായിരിക്കും സമൂഹത്തിന്റെ 'ഇസ്തിഖ്‌ലാഫ്' എന്നര്‍ഥം. അതുകൊണ്ടാണ് ഖുര്‍ആന്‍ പറഞ്ഞത്:
''അല്ലാഹു നിങ്ങളുടെ നിലനില്‍പ്പിന് ആധാരമായി നിശ്ചയിച്ച സമ്പത്ത് കാര്യവിചാരമില്ലാത്തവര്‍ക്ക് നിങ്ങള്‍ കൈവിട്ടുകൊടുക്കരുത്. എന്നാല്‍ അതില്‍നിന്ന് അവര്‍ക്ക് നിങ്ങള്‍ ഉണ്ണാനും ഉടുക്കാനും കൊടുക്കുക. അവരോട് നല്ല വാക്കു പറയുകയും ചെയ്യുക'' (അന്നിസാഅ് 5).
സമകാലിക മുസ്‌ലിം ചിന്തകരില്‍ ഏറക്കുറെ എല്ലാവരും തന്നെ സ്വകാര്യ ഉടമസ്ഥത ഒരു സാമൂഹിക ധര്‍മമാണെന്ന് നിരീക്ഷിച്ചിട്ടുണ്ട്. വ്യക്തിക്ക് തീര്‍ച്ചയായും പ്രയോജനങ്ങള്‍ ലഭിക്കണം. പക്ഷേ അത് കൈകാര്യം ചെയ്യപ്പെടുന്നത് സമൂഹതാല്‍പര്യങ്ങള്‍ക്ക് അനുഗുണമായിട്ടാവണമെന്നു മാത്രം. ഇസ്‌ലാമിക സമൂഹത്തെ പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിക ഭരണകൂടം സാമൂഹിക, സാമ്പത്തിക നിലപാടുകള്‍ രൂപവത്കരിക്കുമ്പോള്‍, സ്വകാര്യ ഉടമസ്ഥതയുള്ള വ്യക്തികള്‍ അവ അംഗീകരിക്കാന്‍ ബാധ്യസ്ഥരാവുന്നത് അതുകൊണ്ടാണ്. ഗവണ്‍മെന്റ് നയങ്ങള്‍ ചിലപ്പോള്‍ സ്വകാര്യ ഉടമസ്ഥതക്ക് പരിധികള്‍ വെക്കുന്നതാവാം; ചില മേഖലകളുടെ ദേശസാല്‍ക്കരണവുമാകാം ചിലപ്പോഴവയുടെ ലക്ഷ്യം. ഭരണാധികാരിയെയും ഭരണീയരെയും ഒരുപോലെ നയിക്കുന്ന ഇസ്‌ലാമിക ഭരണഘടനക്കകത്തു നിന്നുകൊണ്ടു തന്നെയാവും ഇത്തരം നടപടികള്‍.
ഉടമസ്ഥതയുടെ വിവിധ രൂപങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ നമുക്ക് കണ്ടെത്താനാവും. അവയുടെ വിശദാംശങ്ങള്‍ നല്‍കാനുള്ള സന്ദര്‍ഭമല്ല ഇത്. വ്യക്തിയുടെ അധ്വാനഫലങ്ങള്‍ അവന് ഉടമസ്ഥതയോടെ ലഭ്യമാക്കുന്നതോടൊപ്പം തന്നെ, ശരീഅത്ത് പരിധിയില്‍ നിന്നുകൊണ്ട് സാമൂഹിക താല്‍പര്യങ്ങളും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തണം. എങ്കിലേ സാമൂഹിക സന്തുലനം നിലനിര്‍ത്താനാവൂ. അല്ലാത്തപക്ഷം പണത്തിന്റെ ബലത്തില്‍ ചില വിഭാഗങ്ങള്‍ മറ്റുള്ള വിഭാഗങ്ങളുടെ മേല്‍ ആധിപത്യം ചെലുത്തും. സമ്പത്തിന്റെ ഏറ്റക്കുറച്ചില്‍ പടച്ചുവിടുന്ന സമ്പന്ന അധികാരി വര്‍ഗങ്ങളോടും ജാഹിലീ വംശ പക്ഷപാതിത്വങ്ങളോടും വംശീയ ശുദ്ധിവാദങ്ങളോടും യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ട് ഇസ്‌ലാം.6

 

കുറിപ്പുകള്‍
1.    മൊറോക്കന്‍ പണ്ഡിതന്‍ മഹ്ദി അല്‍ മന്‍ജിറ പറയുന്നു: ''അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന് ഇസ്‌ലാം പരിധികളൊന്നും വെച്ചിട്ടില്ല. പരിധിവെച്ചിട്ടുണ്ടെങ്കില്‍ അത് വ്യക്തമാക്കിത്തരാന്‍ പണ്ഡിതന്മാരെ ഞാന്‍ വെല്ലുവിളിക്കുന്നു. മറ്റൊരു മനുഷ്യന്റെ അവകാശത്തില്‍ സ്പര്‍ശിക്കാത്തിടത്തോളം അഭിപ്രായസ്വാതന്ത്ര്യം ഭദ്രമായി സംരക്ഷിക്കപ്പെടുക തന്നെ ചെയ്യും.''
മന്‍ജിറയുടെ 'അത്തഗ്‌യീറു ഖാഇമുന്‍ ലാ മഹാല, വസമനുഹു ബാഹിളുന്‍', അല്‍ ഖുദ്‌സ്, ലക്കം: 1135
2.    അല്ലാലുല്‍ ഫാസി - മഖാസ്വിദുശ്ശരീഅ അല്‍ ഇസ്‌ലാമിയ്യ വ മകാരിമുഹാ, പേ: 258
3.    മുനീര്‍ ശഫീഖ് - അത്തയ്‌സീറുദ്ദാത്തീ ഫിത്തജ്‌രിബത്തിത്താരീഖിയ്യ ലില്‍ മുജ്തമആത്തില്‍ അറബിയ്യ അല്‍ ഇസ്‌ലാമിയ്യ. അല്‍ ഹിവാര്‍ മാഗസിന്‍ (വസന്ത പതിപ്പ് 1986), പേ: 83
4.    അല്ലാലുല്‍ ഫാസി - അതേ ഗ്രന്ഥം പേ: 258-9
5.    മുസ്ത്വഫ കമാല്‍ വസ്വ്ഫി - അല്‍ മില്‍കിയ്യത്തു ഫില്‍ ഇസ്‌ലാം, പേ: 73
6.    യൂറോപ്യന്‍ ചരിത്രത്തിന് പരിചയമുള്ള ഫ്യൂഡലിസം മുസ്‌ലിം ചരിത്രത്തിന് അജ്ഞാതമായിരുന്നുവെന്ന് സാമൂഹിക-ചരിത്രപഠനങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജനകീയ സ്വഭാവത്തിലുള്ള ഉടമസ്ഥതയുടെ പല രൂപങ്ങളാണ് ഇസ്‌ലാമിക ചരിത്രത്തില്‍ നിലനിന്നിരുന്നത്. അത് കേവലം വ്യക്തിയുടെ ഉടമസ്ഥതയോ രാഷ്ട്രത്തിന്റെ ഉടമസ്ഥതയോ ആയിരുന്നില്ല. ആ ജനകീയ ഉടമസ്ഥതയായിരുന്നു സമൂഹത്തിന്റെ ശക്തി. ഉദാഹരണത്തിന്, 1840 വരെ ഉസ്മാനിയാ സാമ്രാജ്യത്തിലുണ്ടായിരുന്ന ഉടമസ്ഥതയുടെ 75 ശതമാനവും വഖ്ഫ് ഉടമസ്ഥതയായിരുന്നു. തുനീഷ്യയില്‍ വഖ്ഫ് സ്വത്തുക്കള്‍ ('അഹ്ബാസ്' എന്നും പറയും) മൊത്തം ഉടമസ്ഥതയുടെ നാലില്‍ മൂന്ന് ഭാഗം വരുമായിരുന്നു. ഇതുവെച്ച് ഗവേഷകനായ മുനീര്‍ ശഫീഖ് അഭിപ്രായപ്പെടുന്നത്, മുസ്‌ലിം സമൂഹം ശക്തിപ്പെടണമെങ്കില്‍ അധികാര കേന്ദ്രങ്ങളെ മുഴുവന്‍ ഭരണകൂടത്തിന് ഏല്‍പ്പിച്ചുകൊടുക്കന്ന രീതി നിര്‍ത്തണമെന്നാണ്. ഇസ്‌ലാമിക ചരിത്രത്തില്‍ നിലനിന്നിരുന്ന ഇതുപോലുള്ള മറ്റു ഉടമസ്ഥതാ മാതൃകകളെയും നാം കണ്ടെടുക്കണം. വിവിധ സ്ഥാപനങ്ങള്‍, തൊഴിലാളി ഗില്‍ഡുകള്‍, നഗരസഭകള്‍, കുടുംബസഭകള്‍, പ്രാദേശിക ജനകീയ കൂട്ടായ്മകള്‍ എന്നിവക്ക് ഉണ്ടായിരുന്ന ഉടമസ്ഥതകള്‍ ഉദാഹരണം (മുനീര്‍ ശഫീഖിന്റെ അത്തയ്‌സീറുദ്ദാത്തി നോക്കുക. പേ: 88).
വൈജ്ഞാനിക, ഗവേഷണ, ആരോഗ്യ, മാധ്യമ സ്ഥാപനങ്ങളെയും യൂത്ത് ക്ലബുകളെയും ഈ ഗണത്തിലേക്കു ചേര്‍ക്കാം. ഇതൊക്കെയും പൗരസമൂഹത്തെ ശക്തിപ്പെടുത്തുകയും ഭരണകൂട അതിര് വിടലുകളെ ഫലപ്രദമായി പ്രതിരോധിക്കുകയുമാണ് ചെയ്യുന്നത്. സെക്യുലര്‍ പരീക്ഷണങ്ങളുടെ കാലത്ത് സംഭവിച്ചതുപോലെ സമൂഹത്തിന്റെ ഭാഗധേയത്തെ ഭരണകൂടവുമായി കൂട്ടിക്കെട്ടാതിരിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഏറ്റവും മോശപ്പെട്ട ഭരണകൂടങ്ങള്‍ നിലനിന്ന കാലത്തു പോലും മുസ്‌ലിം സമൂഹത്തിന് അതിന്റെ വൈജ്ഞാനികവും ആരോഗ്യപരവും ജീവസന്ധാരണപരവുമായ ദൗത്യങ്ങള്‍ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാനായത്. പക്ഷേ ഇന്ന് ഭരണകൂടങ്ങള്‍ എല്ലാം കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ്. ശക്തിയുടെ ഉറവിടങ്ങളെ ഭരണകൂടങ്ങള്‍ അധീനപ്പെടുത്തിവെച്ചിരിക്കുന്നു. ഭരണകൂടം ശക്തമാണോ ജീര്‍ണമാണോ എന്നതിനെ ആശ്രയിച്ചായിരിക്കുന്നു വ്യക്തിയുടെയും ഇസ്‌ലാമിക സമൂഹത്തിന്റെയും ഭാഗധേയവും.
യൂറോപ്യന്‍ മാതൃകയില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണെങ്കിലും ഒരുതരം സമീന്ദാരീ സമ്പ്രദായം മുസ്‌ലിം ചരിത്രത്തിലും നിലനിന്നിരുന്നു. പക്ഷേ അവിടെയും ഭൂമിയുടെ യഥാര്‍ഥ ഉടമസ്ഥത (റഖബതുല്‍ അര്‍ള്) അല്ലാഹുവിനാണെന്ന് രേഖപ്പെടുത്തിയിരുന്നു. ജനങ്ങള്‍ക്കതില്‍നിന്ന് പ്രയോജനമെടുക്കാമെന്നു മാത്രം. ഇത്തരം ഭൂമികളുടെ മേല്‍നോട്ടം ഭരണകൂടത്തിന് ആവുമ്പോഴും അവയുടെ പ്രായോജകരായ ജനത്തിന്റെ പ്രതിനിധി എന്ന നിലയിലാണ് ഭരണകൂടം ഇടപെട്ടിരുന്നത്. ഇനി ഭൂമി വഖ്ഫ് ചെയ്തതാണെങ്കിലോ, ഭരണകൂടത്തിന് മേല്‍നോട്ട അധികാരം (റഖബ) ഉണ്ടാവില്ലെന്നു മാത്രമല്ല, അതില്‍നിന്ന് വരുമാനമെടുക്കാനും അവകാശമുണ്ടാവില്ല. വഖ്ഫ് ചെയ്തവന്‍ വെച്ച ഉപാധികള്‍ അനുസരിച്ചാണ് അതില്‍ കൈകാര്യം നടക്കുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (7-11)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഭൗതിക ജീവിതത്തോടുള്ള വിശ്വാസിയുടെ നിലപാട്
കെ.സി ജലീല്‍ പുളിക്കല്‍