Prabodhanm Weekly

Pages

Search

2019 ജൂണ്‍ 21

3106

1440 ശവ്വാല്‍ 17

ഉയിഗൂര്‍ പ്രശ്‌നത്തില്‍ എന്തുകൊണ്ട് മിണ്ടുന്നില്ല?

നിരീക്ഷണോപകരണങ്ങളുടെ നിര്‍മാണത്തില്‍ (Surveillance Industry) ബഹുദൂരം മുന്നിലാണ് ചൈന. ഇവയുടെ ആവശ്യക്കാര്‍ പൊതുജനങ്ങളല്ല, ഭരണകൂടം തന്നെയാണ്. ഭരണകൂടം ഇരുനൂറ് ദശലക്ഷം അത്യാധുനിക നിരീക്ഷണ കാമറകള്‍ രാജ്യത്തുടനീളം സ്ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവയിലധികവും മുമ്പ് കിഴക്കന്‍ തുര്‍ക്കിസ്താന്‍ എന്ന് അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ സിന്‍ജിയാങ് പ്രവിശ്യയിലായിരിക്കാനാണ് സാധ്യത. അവിടെ മൊത്തം 'ഭീകരവാദികള്‍' ആണല്ലോ. ഇവിടത്തെ തദ്ദേശീയരില്‍ തുര്‍ക്കി ഭാഷ സംസാരിക്കുന്ന ഉയിഗൂര്‍ മുസ്‌ലിംകളാണ് കൂടുതലും. ഭീകരവാദ ചാപ്പ കുത്തി കമ്യൂണിസ്റ്റ് ഭരണകൂടം അവരെ നിഷ്ഠുരമായി വേട്ടയാടുകയാണ്. അര ദശലക്ഷം മുതല്‍ മൂന്ന് ദശലക്ഷം വരെ ഉയിഗൂര്‍ വംശജര്‍, ഭരണകൂടത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അവിടെ 'പുനര്‍ വിദ്യാഭ്യാസ'ത്തിന് വിധേയരാവുകയാണ്. നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളെ അനുസ്മരിപ്പിക്കുന്ന 'സ്‌കൂളുകളി'ല്‍ ആണ് അവരെ പാര്‍പ്പിച്ചിരിക്കുന്നത്.
ഈ വാര്‍ത്തകളൊക്കെയും പുറത്തുവിട്ടിരിക്കുന്നത് പാശ്ചാത്യ മാധ്യമങ്ങളാണ്; പ്രത്യേകിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍. ഉയിഗൂര്‍ പ്രശ്‌നം വഷളാക്കിക്കൊണ്ടിരിക്കുന്ന ചൈനക്കെതിരെ ഉപരോധമേര്‍പ്പെടുത്തണമെന്ന് ചില അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. ചൈനക്കെതിരെ വ്യാപാര ഉപരോധം മുറുക്കിക്കൊണ്ടിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഉയിഗൂര്‍ കൈയില്‍ കിട്ടിയ നല്ലൊരു വടിയാണ്. ഏഴു മുസ്‌ലിം രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കന്‍ സന്ദര്‍ശനം വിലക്കിയ ട്രംപ് ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്നും തങ്ങളുടെ പ്രതിഛായ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നും ചൈന തിരിച്ചടിക്കുന്നു. പ്രശ്‌നത്തിന് അങ്ങനെയൊരു വശമുണ്ടെന്നത് ശരിയാണ്. ഉയിഗൂര്‍ പ്രവാസികള്‍ അമേരിക്ക കേന്ദ്രീകരിച്ചാണ് സിന്‍ജിയാങില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുന്നത് എന്നതും വസ്തുതയാണ്. പക്ഷേ, അതുകൊണ്ടൊന്നും ചൈന ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ നടത്തുന്ന വംശഹത്യാ നീക്കങ്ങളുടെ ഗൗരവം കുറച്ചുകാണാനാവില്ല.
അമേരിക്ക രാഷ്ട്രീയം കളിക്കുന്നു എന്ന് ബഹളം വെക്കുന്ന ചൈന അതിനേക്കാള്‍ വലിയ രാഷ്ട്രീയക്കളിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ വിഷയത്തില്‍ മുസ്‌ലിം രാഷ്ട്രങ്ങളെ പൂര്‍ണമായി നിശ്ശബ്ദമാക്കി നിര്‍ത്തിയിരിക്കുകയാണ്. ഒറ്റപ്പെട്ട ശബ്ദം പോലും എങ്ങും കേള്‍ക്കാനില്ല. തുര്‍ക്കി വംശജര്‍ക്കെതിരിലുള്ള നീക്കങ്ങളില്‍ തുര്‍ക്കി പ്രതികരിക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും പ്രസിഡന്റ് ഉര്‍ദുഗാന്‍ മിണ്ടുന്നില്ല. 2009-ല്‍ തുര്‍ക്കി പ്രധാനമന്ത്രിയായിരിക്കെ ഉര്‍ദുഗാന്‍ വംശീയ ഉന്മൂലനത്തിനെതിരെ പ്രതികരിച്ചിരുന്നു. പ്രതികരണം തുടര്‍ന്നാല്‍ തുര്‍ക്കിയുമായുള്ള സകല വ്യാപാരക്കരാറുകളും റദ്ദാക്കുമെന്നും ചൈനയില്‍നിന്ന് ടൂറിസ്റ്റുകളെ വരാന്‍ സമ്മതിക്കുകയില്ലെന്നും ഭീഷണിപ്പെടുത്തിയാണ് തുര്‍ക്കിയെ അടക്കിനിര്‍ത്തിയത്. ഇന്ന് മുമ്പത്തേക്കാള്‍ കൂടുതല്‍ തുര്‍ക്കികള്‍ക്ക് ചൈനയുടെ സഹായം ആവശ്യമായതിനാല്‍ ആ അര്‍ഥഗര്‍ഭമായ മൗനം തുടരുകയും ചെയ്യുന്നു.  മധ്യേഷ്യയിലും പശ്ചിമേഷ്യയിലും ദക്ഷിണേഷ്യയിലുമൊക്കെ ഏറ്റവും കൂടുതല്‍ പണമിറക്കുന്നത് ഇന്ന് ചൈനയാണ്. അതിനാല്‍ ചൈനയെ പ്രകോപിപ്പിക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. ചൈനയെ മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക് പേടിയാണ് എന്ന് മലേഷ്യന്‍ 'ഭാവി' പ്രധാനമന്ത്രി അന്‍വര്‍ ഇബ്‌റാഹീം പറഞ്ഞത് ഈ അര്‍ഥത്തിലാണ്. സമാന പ്രശ്‌നങ്ങള്‍ നേരിടുന്ന റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നത്തില്‍ എല്ലാവരും ഒച്ചവെക്കുന്നത്, എതിര്‍പക്ഷത്ത് മ്യാന്മര്‍ ആയതുകൊണ്ടും അവരെ പ്രകോപിപ്പിച്ചതുകൊണ്ട് കാര്യമായ സാമ്പത്തിക കോട്ടമൊന്നുമില്ല എന്നതുകൊണ്ടുമാണ്. ഇങ്ങനെ നിശ്ശബ്ദത വില കൊടുത്ത് വാങ്ങി ചൈന നടത്തുന്ന നീക്കങ്ങളെ തുറന്നുകാട്ടാന്‍ മാധ്യമങ്ങളെങ്കിലുമുണ്ട് എന്നത് ആശ്വാസം പകരുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (7-11)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഭൗതിക ജീവിതത്തോടുള്ള വിശ്വാസിയുടെ നിലപാട്
കെ.സി ജലീല്‍ പുളിക്കല്‍