കമ്യൂണിസ്റ്റ് ചൈനയിലെ ഇസ്‌ലാം അനുഭവങ്ങള്‍
ചൈനയില്‍നിന്നുള്ള ഇസ്‌ലാമിക പ്രബോധകനാണ് ശൈഖ് ഇബ്‌റാഹീം നൂറുദ്ദീന്‍ മാ. എഞ്ചിനീയറിംഗ് ബിരുദധാരിയായ അദ്ദേഹം ബെയ്ജിങ് ഫോറിന്‍ ലാംഗ്വേജസ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് അറബി ഭാഷയിലും ബിരുദം നേടിയിട്ടുണ്ട്. ഇറാനിലും പാകിസ്താനിലുമായി ഇസ്‌ലാമിക പഠനം നടത്തിയ ഇബ്‌റാഹീം മാ ഇപ്പോള്‍ കനേഡിയന്‍ പൗരത്വമുള്ള ഇസ്‌ലാമിക പ്രബോധകനാണ്. കുവൈത്ത്, യു.എ.ഇ, നോര്‍ത്ത് അമേരിക്ക തുടങ്ങി പല രാജ്യങ്ങളിലെയും ചൈനീസ് വംശജര്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിട്ടുള്ളത്. യു.എ.ഇയില്‍ വെച്ച് പരിചയപ്പെട്ട അദ്ദേഹം പ്രബോധനത്തിന് നല്‍കിയ അഭിമുഖത്തില്‍നിന്ന്.
കമ്യൂണിസ്റ്റ് ചൈനയില്‍നിന്നുള്ള എഞ്ചിനീയറിംഗ് ബിരുദധാരിയായ താങ്കള്‍ ഇസ്‌ലാമിക പ്രബോധകനായി മാറിയത് എങ്ങനെയാണ്?
മധ്യ ചൈനയിലെ, ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന ഹെനന്‍ പ്രവിശ്യയിലാണ് (Henan Provice) ഞാന്‍ ജനിച്ചത്. ടാങ് ഭരണകൂടത്തിന്റെ കാലത്തു തന്നെ മുസ്‌ലിംകള്‍ ജീവിക്കുന്ന മേഖലയാണിത്. പിന്നീട് സങ് ഭരണകാലത്ത് ഇവിടത്തെ മുസ്‌ലിം ജനസംഖ്യയില്‍ വളര്‍ച്ചയുമുണ്ടായി. ഇവിടത്തെ ഒരു പാരമ്പര്യ മുസ്‌ലിം കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. എന്റെ പേരിലുള്ള 'മാ' ഞങ്ങളുടെ കുടുംബ നാമമാണ്. എന്റെ ഉപ്പ നൂറുദ്ദീന്‍ പള്ളിയിലെ ഇമാമായിരുന്നു. വല്യുപ്പ ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ സാമാന്യം അറിവുള്ളയാളായിരുന്നുവെന്ന് ഉപ്പ പറഞ്ഞറിയാം.
ഹെനന്‍ യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍നിന്ന് 1983-ല്‍ ഞാന്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. ട്രെയ്‌നിന്റെ എഞ്ചിന്‍ നിര്‍മാണമായിരുന്നു എന്റെ ഫീല്‍ഡ്. പക്ഷേ, ഒരു ദിവസം പോലും ഞാന്‍ ആ രംഗത്ത് ജോലി ചെയ്തിട്ടില്ല. ആയിടക്കാണ് ഒരു ഇസ്‌ലാമിക പണ്ഡിതനെ കണ്ടുമുട്ടുന്നത്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഇസ്‌ലാമിനെ കുറിച്ച് പഠിക്കാന്‍ ഏതാനും മാസങ്ങള്‍ പള്ളിയില്‍ ചെലവഴിച്ചു. പിന്നീട് ബെയ്ജിങിലെ ഫോറിന്‍ ലാംഗേജസ് സ്റ്റഡീസ് യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് അറബി ഭാഷ പഠിച്ചു. അതാടൊപ്പം ഇസ്‌ലാമിക വിഷയങ്ങളിലുള്ള പുസ്തകങ്ങളും വായിക്കുന്നുണ്ടായിരുന്നു. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ചില പുസ്തകങ്ങളും വായിച്ചിട്ടുണ്ട്, ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങള്‍ പറയുന്നവയായിരുന്നു അതെന്നാണ് ഓര്‍മ. ചൈനയിലെ അഭ്യസ്ഥവിദ്യരും വായനാ തല്‍പരരുമായ മുസ്‌ലിംകള്‍ക്കിടയില്‍ മൗദൂദി അപരിചിതനല്ല. ഇസ്‌ലാമിന് 1300-ലേറെ വര്‍ഷത്തെ പാരമ്പര്യമുള്ള ചൈനയില്‍ ഉന്നത കോളേജുകള്‍ ഉള്‍പ്പെടെ നല്ല ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒന്നുമില്ല, പള്ളികള്‍ തന്നെയാണ് മദ്‌റസകള്‍ പോലെ ദീനീ പഠനത്തിന് പ്രയോജനപ്പെടുത്തിയിരുന്നത്.
ഫോറിന്‍ സ്റ്റഡീസ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് പഠിച്ചിറങ്ങിയ ശേഷം ഒരു ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നതിലായിരുന്നു എന്റെ ശ്രദ്ധ. അങ്ങനെയാണ് ബെയ്ജിങില്‍ അറബിക് ആന്റ് ഇസ്‌ലാമിക് സ്റ്റഡീസ് സ്‌കൂള്‍ തുടങ്ങുന്നത്, 1987-ലായിരുന്നു ഇത്. 87-ലെ റമദാന്‍ ഒന്നിനായിരുന്നു ഉദ്ഘാടനം. 48 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ഉദ്ഘാടനത്തിന് എത്തിയിരുന്നു. ബെയ്ജിങില്‍ പ്രവര്‍ത്തിക്കുന്ന, വിവിധ രാജ്യങ്ങളുടെ എംബസികളുമായി നല്ല ബന്ധമുണ്ടാക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും കോണ്‍സുലേറ്റുകളില്‍ കയറിയിറങ്ങും. ഇങ്ങനെയാണ് ഇത്രയേറെ പ്രതിനിധികള്‍ ഉദ്ഘാടനത്തിന് വരാന്‍ ഇടയായത്. അംബാസഡര്‍മാരും ഉദ്യോഗസ്ഥരുമൊക്കെ അതിഥികളിലുണ്ടായിരുന്നു.
കുട്ടിക്കാലത്ത് താങ്കള്‍ക്ക് ദീനീ വിദ്യാഭ്യാസമൊന്നും നേടാന്‍ അവസരമുണ്ടായിരുന്നില്ലേ?
മാവോ സേ തുങിന്റെ കാലത്താണ് ഞാന്‍ ജനിച്ച് വളര്‍ന്നത്. ഇസ്‌ലാം ഉള്‍പ്പെടെ എല്ലാ മതങ്ങളും വിലക്കപ്പെട്ട, മതസ്വാതന്ത്ര്യം തടയപ്പെട്ട നാളുകളായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. ക്രൈസ്തവ-ബുദ്ധ-ഇസ്‌ലാം മതങ്ങളെല്ലാം അടിച്ചമര്‍ത്തപ്പെട്ടു. മത സ്ഥാപനങ്ങള്‍ തകര്‍ത്തില്ല, പക്ഷേ അടച്ചുപൂട്ടി. മ്യൂസിയങ്ങളും മറ്റുമായി പരിവര്‍ത്തിക്കപ്പെട്ടു. ചില പള്ളികള്‍ പന്നി വളര്‍ത്തു കേന്ദ്രങ്ങള്‍ പോലുമാക്കിയിരുന്നുവത്രെ! മത വിദ്യാഭ്യാസത്തിന് അനുവാദമില്ലാത്തതിനാല്‍ അക്കാലത്ത് ഇസ്‌ലാമിക പാഠശാലകളൊന്നും പ്രവര്‍ത്തിച്ചിരുന്നില്ല. കുട്ടികളെയെല്ലാം കമ്യൂണിസം പഠിപ്പിച്ചു, മതവിശ്വാസവും ആചാരങ്ങളും തുടച്ചുനീക്കാനായിരുന്നു ശ്രമം. ഇത് ഇസ്‌ലാമിനോട് മാത്രമല്ല, എല്ലാ മതങ്ങളോടുമുള്ള നിലപാടായിരുന്നു.
കമ്യൂണിസ്റ്റ് കാഴ്ചപ്പാടില്‍, ദൈവം മതത്തെയും മനുഷ്യനെയും സൃഷ്ടിച്ചതല്ല, മനുഷ്യന്‍ മതങ്ങളെയും ദൈവങ്ങളെയും പടച്ചതാണ്. മതം ഹെറോയിന്‍, അഥവാ മയക്കുമരുന്നാണ്. മതങ്ങളില്‍നിന്ന് മനുഷ്യനെ മോചിപ്പിക്കണം. ഈ കമ്യൂണിസ്റ്റ് കാഴ്ചപ്പാടാണ് പൊതുവില്‍ ചൈനീസ് ഭരണകൂടം പിന്തുടരുന്നത്. മതവിരുദ്ധത ഏറ്റവും ശക്തിപ്പെട്ടത് മാവോ സേതുങിന്റെ ഭരണകാലത്തായിരുന്നു. 1949-ല്‍ മാവോ സേതുങ് ചൈനയുടെ അധികാരത്തില്‍ പിടിമുറുക്കിത്തുടങ്ങിയതു മുതല്‍ 1976-ലെ അദ്ദേഹത്തിന്റെ അന്ത്യം വരെയുള്ള കാലം മതങ്ങളെ സംബന്ധിച്ച് അത്യധികം ഇരുള്‍ നിറഞ്ഞതും കഠിനതരവുമായിരുന്നു. അന്ന് അടച്ചു പൂട്ടപ്പെട്ട ആരാധനാലയങ്ങളും കൊല്ലപ്പെട്ടവരും നിരവധിയാണ്. ഈ ചരിത്രമെല്ലാം ധാരാളമായി പറയപ്പെട്ടതും എഴുതപ്പെട്ടതുമാണല്ലോ.
1976-ലാണ് മാവോയുടെ മരണം. മാവോയുടെ മുമ്പും ശേഷവും ചൈനയിലെ മതസ്വാതന്ത്ര്യത്തിന്റെ അവസ്ഥകള്‍ വ്യത്യസ്തമാണ്. അദ്ദേഹത്തിന്റെ കാലശേഷവും കരാള നാളുകള്‍ മാറിവരികയുണ്ടായി. പള്ളികള്‍ തുറക്കപ്പെട്ടു, അവിടെ ആരാധനകള്‍ നടന്നു തുടങ്ങുകയും മത വിദ്യാഭ്യാസം നല്‍കപ്പെടുകയും ചെയ്തു വന്നു. ഇതെല്ലാം കുറഞ്ഞ അളവില്‍ മാത്രമായിരുന്നു. 1980-കളോടെ മതസ്വാതന്ത്ര്യം തത്ത്വത്തില്‍ പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും ചൈനയുടെ ഔദ്യോഗിക 'മതം' കമ്യൂണിസം തന്നെയാണ്. അതിനു കീഴില്‍നിന്നു കൊണ്ടുള്ള മതസ്വാതന്ത്ര്യമാണ് അനുവദിക്കപ്പെടുന്നത്. പള്ളികളും ആരാധനകളും പാരമ്പര്യങ്ങളും ആചാരപരമായി നിലനിര്‍ത്താം. അതിനപ്പുറമുള്ള സാമൂഹിക ഇടങ്ങളൊന്നും ഒരു മതത്തിനുമില്ല.
1949-നു മുമ്പ് ചൈനയില്‍ ജനാധിപത്യമുണ്ടായിരുന്നു, മതസ്വാതന്ത്ര്യം ഉണ്ടായിരുന്നു. എല്ലാ മതങ്ങളും ആചരിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്തു വന്നു. അതിന് ഗൗരവപ്പെട്ട വിലക്കുകളൊന്നും ഉണ്ടായിരുന്നില്ല. എന്നല്ല, 1949-നു മുമ്പ് ചൈനയുടെ പ്രതിരോധ മന്ത്രി പദവിയില്‍ ഒരു മുസ്‌ലിമുണ്ടായിരുന്നു. റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രഥമ പ്രതിരോധ മന്ത്രി മുസ്‌ലിമായ ബൈതുങ് ഷി, (Bai Chonghi) കരുത്തുറ്റ വ്യക്തിത്വവും മികച്ച രാഷ്ട്രീയക്കാരനുമായിരുന്നു. 1946-'48 കാലത്താണ് അദ്ദേഹം മന്ത്രിയായിരുന്നത്. ചൈനീസ് ഇസ്‌ലാമിക് സാല്‍വേഷന്‍ ഫെഡറേഷന്‍, ചൈനീസ് മുസ്‌ലിം അസോസിയേഷന്‍ തുടങ്ങിയവയുടെ ചെയര്‍മാനായിരുന്ന അദ്ദേഹം, ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് തായ്‌വാനിലേക്ക് പോവുകയും 1966-ല്‍ അവിടെ വെച്ച് മരണപ്പെടുകയുമാണുണ്ടായത്. തായ്‌പെയ് ഗ്രാന്റ് മസ്ജിദിന്റെ നിര്‍മാണത്തില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിത്വമാണ് അദ്ദേഹം. മുസ്‌ലിംകളോട് വളരെ ഉദാരമായ സമീപനം സ്വീകരിക്കുന്ന തായ്‌വാന്‍ ഗവണ്‍മെന്റ് ബൈതുങ് ഷിക്ക് മരണാനന്തരവും നല്ല ആദരവ് നല്‍കുന്നുണ്ട്. തായ്‌പെയ് ഗ്രാന്റ് മസ്ജിദില്‍ എതാനും മാസങ്ങള്‍ ഇമാമായിരിക്കാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ഒരു സ്ഥാപനത്തിനകത്ത് ഒതുങ്ങിയിരുന്ന് ജോലി ചെയ്യാനാകാത്തതുകൊണ്ട് അത്തരം ഇടങ്ങള്‍ ഒഴിവാക്കുകയും മുഴുസമയ പ്രബോധകനായി പല രാജ്യങ്ങളിലും സഞ്ചരിക്കുകയുമാണ് എന്റെ രീതി.
ഒരു വശത്ത് ചൈന അടഞ്ഞ രാജ്യമാണ്; വിദേശ ഭാഷ, മതസ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം തുടങ്ങിയവയുടെ കാര്യത്തില്‍. മറുഭാഗത്ത് ചൈന ഏറ്റവും തുറന്ന രാജ്യങ്ങളിലൊന്നാണ്, ഉല്‍പാദനത്തിലും വ്യാപാരത്തിലും. ലോകവിപണി, അനേക രാജ്യങ്ങളിലെ ഗ്രാമങ്ങള്‍ പോലും ചൈന മാര്‍ക്കറ്റാക്കിയിരിക്കുന്നു. ഇതെങ്ങനെയാണ്?
ഇതാണ് ചൈന, സാമ്പത്തിക മേഖലയിലെ വളര്‍ച്ചക്കാവശ്യമായ എല്ലാ സംവിധാനങ്ങളും സൗകര്യങ്ങളും നിയമവിധേയമായ സ്വാതന്ത്ര്യവും അവിടെ ധാരാളമുണ്ട്. ചൈനയിലെ ഏത് മതക്കാരനും ബിസിനസ് ചെയ്ത് വളരാം, പണമുണ്ടാക്കാം. ചൈനീസ് മുസ്‌ലിംകള്‍ക്കും അതിന് തടസ്സമൊന്നുമില്ല. ബിസിനസ് രംഗത്ത് ധാരാളം മുസ്‌ലിംകളെ കാണാം. പുറംരാജ്യങ്ങളില്‍നിന്ന് ബിസിനസിന് വരുന്ന ഏതു മതക്കാരനും നിയമവിധേയമായി ഇതില്‍ നല്ല സ്വാതന്ത്ര്യവും അവസരവുമുണ്ട്. ഇത് ചൈനയുടെ സാമ്പത്തിക വളര്‍ച്ചയുടെയും രാജ്യ പുരോഗതിയുടെയും വിഷയമാണ്. എന്നാല്‍, മതവും വിശ്വാസവും മറ്റൊരു കാര്യമാണ്. രണ്ടും അവര്‍ കൂട്ടിക്കുഴക്കുന്നില്ല. മതവിശ്വാസം പുലര്‍ത്തുന്നവര്‍ക്ക് ഭരണ- ഉദ്യോഗ മേഖലകളില്‍ ഉയര്‍ന്ന് പോകാനോ, അധികാരത്തില്‍ സ്വാധീനമുറപ്പിക്കാനോ സാധിക്കുകയില്ല, ഗവണ്‍മെന്റ് അത് അനുവദിക്കില്ല. മതമനുസരിച്ച് ജീവിക്കാന്‍ അനുവദിക്കുന്നതോടൊപ്പം തന്നെ, കമ്യൂണിസം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. അങ്ങനെ കമ്യൂണിസ്റ്റായാല്‍ ഔദ്യോഗിക രംഗത്ത് വളരാം, അധികാരത്തിലെത്താം. ഇല്ലെങ്കില്‍, ഒരു മതവിശ്വാസിയായിരിക്കെ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലാകാന്‍ പോലും ചൈനയില്‍ സാധിക്കുകയില്ല. ഇതിന്റെ മറ്റൊരു മുഖമാണ് ഉയിഗൂര്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്നത്.
വിദേശ യാത്രകളും പ്രബോധന പ്രവര്‍ത്തനങ്ങളും എങ്ങനെയാണ് വളര്‍ന്നത്?
ഇസ്‌ലാമിക വിഷയങ്ങളിലെ ഉന്നത പഠനം എന്റെ വലിയ ആഗ്രഹമായിരുന്നു. ഇറാനിലാണ് എനിക്ക് അതിന് ആദ്യ അവസരം ലഭിച്ചത്. സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ച ശേഷം ഇറാന്‍ എംബസിയിലെ അംബാസഡറും ഉദ്യോഗസ്ഥരും എന്നെ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. പലപ്പോഴും അവര്‍ സ്‌കൂളില്‍ വരും. ഇറാനില്‍ ഉപരിപഠനം നടത്താന്‍ അവരെന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. എനിക്ക് ഇമാം ഖുമൈനിയെ വലിയ മതിപ്പായിരുന്നു. ഗദ്ദാഫിയും ഖുമൈനിയും അന്ന് എന്റെ ആവേശമായിരുന്നു. ചെറുപ്പക്കാരനായിരുന്ന എന്നെ ഇറാനിലെ ഇസ്‌ലാമിക വിപ്ലവവും മറ്റും ഏറെ ആകര്‍ഷിച്ചിരുന്നു. ശക്തരായിരുന്നു അവര്‍, അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ എഴുന്നേറ്റു നിന്നവര്‍. ഖുമൈനി ഉയര്‍ത്തിയ മുദ്രാവാക്യം, 'ലാ ശര്‍ഖിയ്യ, വലാ ഗര്‍ബിയ്യ, ഇസ്‌ലാമിയ്യ, ഇസ്‌ലാമിയ്യ' (കിഴക്കും പടിഞ്ഞാറുമെന്ന വിവേചനമില്ല, ഇസ്‌ലാം, ഇസ്‌ലാം മാത്രം) എന്നെ വല്ലാതെ പ്രചോദിപ്പിച്ചിരുന്നു. അതിനപ്പുറം ഇറാനെയോ ശീഈസത്തെയോ കുറിച്ച് കൂടുതലൊന്നും അറിയുമായിരുന്നില്ല. അങ്ങനെ ഞാന്‍ ഇറാനിലെത്തി. മശ്ഹദിലെ യൂനിവേഴ്‌സിറ്റിയില്‍ പഠനമാരംഭിച്ചപ്പോഴാണ്, ശീഈസത്തെക്കുറിച്ച്, അതിന്റെ വിശ്വാസ ആചാരങ്ങളെക്കുറിച്ച് മനസ്സിലായത്. അതുമായി ഒത്തുപോകാന്‍ എനിക്ക് കഴിയുമായിരുന്നില്ല. ഞാന്‍ അധ്യാപകരുടെയും യൂനിവേഴ്‌സിറ്റി മേധാവിയുടെയും മുന്നില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി. അവരെന്നെ ഖുമ്മിലേക്ക് അയച്ചു. മികച്ച നിലവാരമുണ്ട് ഖും യൂനിവേഴ്‌സിറ്റിക്ക്. അവിടെയും ഞാന്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു, വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ടു. അവരുടെ മറുപടി എന്നെ തൃപ്തിപ്പെടുത്തിയില്ല. അവര്‍ എന്നോട് ശീഈ ധാരയില്‍ ചേരാന്‍ ആവശ്യപ്പെട്ടു. ചൈനയിലെ ശീഈ പ്രചാരകനായി എന്നെ നിയമിക്കാനായിരുന്നു അവരുടെ പദ്ധതി. ഞാനതിന് തയാറായില്ല.
മുസ്‌ലിംകളിലെ വിഭാഗീയതയില്‍ കക്ഷിചേരാന്‍ എനിക്ക് താല്‍പര്യമില്ല. സുന്നി- ശീഈ എന്ന സംഘര്‍ഷത്തില്‍ ഞാന്‍ സുന്നിയോ ശീഈയോ അല്ല. നിങ്ങള്‍ ഏത് മദ്ഹബ്കാരനായാലും എനിക്കത് പ്രശ്‌നമല്ല. ഞാന്‍ സുന്നിയാണ്, ഞാന്‍ ശീഈയാണ് എന്ന് അവകാശവാദമുന്നയിക്കുന്നതിലും അര്‍ഥമില്ല. നാം അങ്ങനെ വേര്‍തിരിച്ച് പറയരുത് എന്നാണ് എന്റെ അഭിപ്രായം. പ്രവാചകന്മാരുടെ പ്രബോധനം, ഭാഷയിലും ചില സമീപനങ്ങളിലും വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കെത്തന്നെ ഇസ്‌ലാമായിരുന്നു. ഇസ്‌ലാം എന്ന ഒരൊറ്റ തലക്കെട്ട്! മുഹമ്മദ് നബിക്കു ശേഷം പല ധാരകളും മുസ്‌ലിംകള്‍ക്കകത്ത് ഉണ്ടായി. അവയൊക്കെ പല പേരുകളില്‍ അറിയപ്പെടുന്നു. പക്ഷേ, ഇസ്‌ലാം എന്ന ഒരൊറ്റ പേരിലാണ് നാം ഏകീകരിക്കപ്പെടേണ്ടത്.
ഇറാനിലെ പഠനശേഷം മുന്നോട്ടുപോയത് എങ്ങനെയാണ്?
ഇറാനിലെ പഠനകാലത്തോടെ ചൈനീസ് ഗവണ്‍മെന്റ് എന്നെ നിരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു. ഇറാനില്‍നിന്ന് ഞാന്‍ ചൈനയില്‍ തിരിച്ചെത്തിയാല്‍ പിന്നീട് വിദേശയാത്ര തടയപ്പെടും എന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ ഇറാനില്‍നിന്ന് പാകിസ്താനിലേക്ക് പോകാന്‍ തീരുമാനിച്ചു. ബെയ്ജിങിലായിരിക്കെ മുസ്‌ലിം ഡിപ്ലോമാറ്റുകളുമായി ഉണ്ടാക്കിയെടുത്ത നല്ല ബന്ധം എനിക്ക് പ്രയോജനപ്പെട്ടു. പാകിസ്താന്‍ എംബസിയിയിലെ പലര്‍ക്കും ഞാന്‍ സുപരിചിതനായിരുന്നു. ഇറാനില്‍നിന്ന് പാകിസ്താനില്‍ പോവുക എളുപ്പമായിരുന്നു. പെഷവാര്‍, കറാച്ചി, ഇസ്‌ലാമാബാദ് തുടങ്ങിയ സ്ഥലങ്ങളൊക്കെ സന്ദര്‍ശിച്ചു. ഇസ്‌ലാമാബാദിലെ ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി മേധാവിയായിരുന്ന ഡോ. ഹസന്‍ ഹാമിദ് ഹുസൈനുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. 1986-ല്‍ ബെയ്ജിങില്‍ റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമി നടത്തിയ ദഅ്‌വാ കോണ്‍ഫറന്‍സില്‍ വെച്ചാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. ഡോ. ഹാമിദ് ഹുസൈന്‍ അതിലെ പ്രഭാഷകനായിരുന്നു. അദ്ദേഹം എനിക്ക് യൂനിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ അവസരമൊരുക്കിത്തന്നു. 1987 മുതല്‍ 91 വരെ, നാലു വര്‍ഷം അവിടെ പഠിച്ച് ബി.എ ഉസ്വൂലുദ്ദീന്‍ പൂര്‍ത്തിയാക്കി.
കുവൈത്ത് കേന്ദ്രീകരിച്ചും മറ്റുമുള്ള പ്രബോധന പ്രവര്‍ത്തനങ്ങള്‍?
പാകിസ്താനില്‍നിന്ന് ഞാന്‍ പോയത് കുവൈത്തിലേക്കാണ്. പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം കൊടുക്കുന്ന കുവൈത്ത് ഇസ്‌ലാമിക് സെന്ററുമായി ബന്ധപ്പെട്ടു. അവിടെ ഞാന്‍ പ്രബോധകനായി നിയമിക്കപ്പെട്ടു. പന്ത്രണ്ടു വര്‍ഷങ്ങള്‍ അവിടെ ദീനീ പ്രബോധന രംഗത്ത് പ്രവര്‍ത്തിച്ചു. വ്യത്യസ്ത രാജ്യക്കാര്‍ക്കിടയില്‍ പ്രബോധനം നടത്താന്‍ അതതു രാജ്യക്കാരെത്തന്നെ നിയമിക്കുന്നുണ്ട് കുവൈത്തിലും മറ്റും. പിന്നീട് ഷാര്‍ജയില്‍ വന്നു, അവിടെയും ഇതേ രംഗത്ത് കുറച്ചു കാലം പ്രവര്‍ത്തിച്ചു. കലിമ ഇസ്‌ലാമിക് സെന്റര്‍ എന്ന സംവിധാനത്തിനു കീഴിലാണ് ഇപ്പോള്‍ എന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ദഅ്‌വത്തിനും പുതു മുസ്‌ലിംകളുടെ ദീനീ വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള സംവിധാനമാണത്. ചൈനക്കാര്‍ക്കിടയിലാണ് പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. അറബ് മുസ്‌ലിം നാടുകളിലും ലാറ്റിനമേരിക്കയിലുമൊക്കെ ധാരാളം ചൈനക്കാരുണ്ട്. ഇവര്‍ക്കിടയിലെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഏറെ ഫലപ്രദമാണ്. പല രാജ്യങ്ങളിലെ ചൈനീസ് മുസ്‌ലിംകള്‍ അംഗങ്ങളായിട്ടുള്ള ഓര്‍ഗനൈസേഷനുകള്‍ക്കും നേതൃത്വം നല്‍കുന്നുണ്ട്. ഉദാരമതികളുടെ പിന്തുണയോടെ പല ഇസ്‌ലാമിക് സെന്ററുകളും വിദ്യാലയങ്ങളും സ്ഥാപിക്കാനും സാധിച്ചു. ഔദ്യോഗികമായി പ്രവര്‍ത്തിക്കാവുന്ന കുവൈത്ത്, ഷാര്‍ജ ഗവണ്‍മെന്റുകളുടെ മിനിസ്ട്രി ഓഫ് ഔഖാഫിന്റെയും മറ്റും ദഅ്‌വ സര്‍ട്ടിഫിക്കറ്റുകള്‍ എനിക്കുണ്ട്.
2005-ലാണ് ഞാന്‍ കാനഡയില്‍ പോകുന്നത്. 2010 -ല്‍ എനിക്ക് കനേഡിയന്‍ പൗരത്വം ലഭിച്ചു. ഇപ്പോള്‍ കുടുംബസമേതം കാനഡയിലാണ് താമസം. ഏഴു വര്‍ഷം അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ബ്ലാക്ക്‌ലിസ്റ്റില്‍ എന്നെ ഉള്‍പ്പെടുത്തിയിരുന്നു. പ്രബോധന പ്രവര്‍ത്തനങ്ങളെ പ്രതിയുള്ള സംശയങ്ങളായിരുന്നു കാരണം. പിന്നെ ഞാനൊരു ചൈനക്കാരനുമാണല്ലോ. കുവൈത്തില്‍നിന്ന് ചിക്കാഗോയിലേക്ക് പോകുമ്പോഴായിരുന്നു അവര്‍ എന്നെ തടഞ്ഞത്. 'ചൈനീസ് മുസ്‌ലിം, കുവൈത്തില്‍നിന്ന് വരുന്നു, ചിക്കാഗോയിലേക്ക്!' ഇതായിരുന്നു അവരുടെ സംശയം. അവരെന്നെ ബ്ലാക്ക്‌ലിസ്റ്റില്‍പെടുത്തി. ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ബ്ലാക്ക്‌ലിസ്റ്റില്‍നിന്ന് പേരു നീക്കി, സോറി പറഞ്ഞു.
എന്തുകൊണ്ടാണിത്?
'എന്തുകൊണ്ട്' എന്ന ചോദ്യം അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോസ്ഥരുടെ മുമ്പിലില്ല. അതാണവരുടെ നയം. ആ ഏഴു വര്‍ഷ കാലയളവിലും അമേരിക്കയിലേക്ക് ഞാന്‍ യാത്ര ചെയ്തിട്ടുണ്ട്. പക്ഷേ, അതിസൂക്ഷ്മമായ പരിശോധനകളുണ്ടായിരുന്നു. എന്റെ ബോര്‍ഡിംഗ് പാസില്‍ പ്രത്യേകം രേഖപ്പെടുത്തും, ഏറെ സമയമെടുത്ത് നിരവധി പരിശോധനകള്‍ നടത്തും. ശരീരം, ലഗേജ്, രേഖകള്‍ എല്ലാം നന്നായി പരിശോധിക്കും. എന്നിട്ടേ കടത്തിവിടൂ.
താങ്കളുടെ കുടുംബം?
എന്റെ ഭാര്യ നൂര്‍ ഇസ്‌ലാം സ്വീകരിച്ച ചൈനക്കാരിയാണ്. കുവൈത്ത് ഓയില്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്നു, ഇപ്പോള്‍ കാനഡയിലാണ്. എനിക്ക് മൂന്ന് കുട്ടികളുണ്ട്; അമീന, ഹദിയ, ഹിദായ. അമീന ബിരുദാനന്തര ബിരുദം നേടി, ഇപ്പോള്‍ ജോലി ചെയ്യുന്നു. മറ്റു രണ്ടു പേരും വിദ്യാര്‍ഥിനികളാണ്.
Comments