Prabodhanm Weekly

Pages

Search

2019 ജൂണ്‍ 21

3106

1440 ശവ്വാല്‍ 17

മോങ്ങം വനിതാ കോളേജിന്റെ പിറവിയും അറബ് ന്യൂസിലെ ജിദ്ദാ കാലവും

പ്രഫ. എം. മൊയ്തീന്‍ കുട്ടി/ബഷീര്‍ തൃപ്പനച്ചി

മുജാഹിദ്-ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന മോങ്ങത്തെ കൂട്ടായ്മയായിരുന്നു അന്‍വാറുല്‍ ഇസ്‌ലാം സംഘം. ഈ കൂട്ടായ്മയുടെ 1967-ല്‍ നടന്ന യോഗത്തിലാണ് വനിതകള്‍ക്ക് മാത്രമായി ഒരു അറബിക് കോളേജ് ആരംഭിക്കുന്നതിനെക്കുറിച്ച ആലോചന വന്നത്. അന്ന് അന്‍വാറുല്‍ ഇസ്‌ലാം സംഘത്തിന്റെ പ്രസിഡന്റ് ഞാനായിരുന്നു. ഫാറൂഖ് കോളേജ് അധ്യാപകനാണ് ഞാനന്ന്. പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള വിദ്യാഭ്യാസത്തെക്കുറിച്ച അബുസ്സ്വബാഹ് മൗലവിയുടെ സംസാരം പലതവണ കേട്ടിരുന്നു. അതില്‍നിന്നാണ് ഇത്തരമൊരാശയം വികസിച്ചുവന്നത്. അന്‍വാറുല്‍ ഇസ്‌ലാം സംഘത്തിന്റെ സെക്രട്ടറിയായിരുന്ന സി. മൂസ മാസ്റ്ററും ഞാനും ഈ ആശയത്തെക്കുറിച്ച് ആലോചിക്കാന്‍ പുളിക്കല്‍ മദീനത്തുല്‍ ഉലൂം ഭാരവാഹികളെ സമീപിച്ചു. സ്ഥാപന നടത്തിപ്പിലുള്ള പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്. പക്ഷേ, യുവാക്കളായ ഞങ്ങള്‍ മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. യൂനിവേഴ്‌സിറ്റി നിബന്ധന പ്രകാരം ഒരു കോളേജ് തുടങ്ങാന്‍ കാല്‍ ലക്ഷം രൂപ ഡെപ്പോസിറ്റ് വേണം. അല്ലെങ്കില്‍ ആ വിലയ്ക്കുള്ള ഭൂമി ഉണ്ടാവണം. എന്റെ ബന്ധുവും മുജാഹിദ് പ്രവര്‍ത്തകനുമായ മോങ്ങത്തെ ടി.പി അയമു ഹാജി അദ്ദേഹത്തിന്റെ മുഴുവന്‍ ഭൂമിയും ഇതിനായി അന്‍വാറുല്‍ ഇസ്‌ലാം സംഘത്തിന് വിട്ടുതന്നു. അദ്ദേഹത്തിന് മക്കളില്ലായിരുന്നു. അന്‍വാറിന്റെ കീഴില്‍ മോങ്ങത്ത് അന്ന് പ്രവര്‍ത്തിച്ചിരുന്ന മദ്‌റസയിലെ മുതിര്‍ന്ന പതിനൊന്ന് വിദ്യാര്‍ഥിനികളെ അഫ്ദലുല്‍ ഉലമ എന്‍ട്രന്‍സ് കോഴ്‌സിന് ചേര്‍ത്തു. 1967-ല്‍ തന്നെ അന്‍വാറുല്‍ ഇസ്‌ലാം വനിതാ അറബിക് കോളേജ് പ്രവര്‍ത്തനമാരംഭിച്ചു. എന്റെ ജ്യേഷ്ഠന്‍ മുഹമ്മദ് മുസ്‌ലിയാര്‍ ആയിരുന്നു  കോളേജിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. അദ്ദേഹവും അളിയന്‍ അലവി കുട്ടി മുസ്‌ലിയാരുമായിരുന്നു പ്രധാന അധ്യാപകര്‍. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അന്ന് പൂര്‍ണമായും പ്രവര്‍ത്തനമാരംഭിച്ചിരുന്നില്ല. അതിനാല്‍ കേരള യൂനിവേഴ്‌സിറ്റിയിലായിരുന്നു ഞങ്ങള്‍ അപേക്ഷ നല്‍കിയിരുന്നത്. പരീക്ഷ ആയപ്പോഴേക്കും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പ്രവര്‍ത്തനസജ്ജമായി. അതോടെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് അപേക്ഷ സമര്‍പ്പിച്ചു. അന്ന് ചീഫ് എഞ്ചിനീയര്‍ ആയിരുന്ന ടി.പി കുട്ട്യമ്മു സാഹിബായിരുന്നു ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്. യൂനിവേഴ്‌സിറ്റി നിയോഗിച്ച ഫാറൂഖ് കോളേജ് പ്രിന്‍സിപ്പലും യൂനിവേഴ്‌സിറ്റി സിന്റിക്കേറ്റംഗവുമായിരുന്ന പ്രഫ. കെ.എ ജലീല്‍ വന്ന് കോളേജിനായി രജിസ്റ്റര്‍ ചെയ്ത ഭൂമി സന്ദര്‍ശിക്കുകയും ഞങ്ങളോട് അന്വേഷിച്ചറിയുകയും ചെയ്ത ശേഷം യൂനിവേഴ്‌സിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇന്ത്യയിലെവിടെയും അന്ന് യൂനിവേഴ്‌സിറ്റി അംഗീകൃത വനിതാ അറബിക് കോളേജ് ഉണ്ടായിരുന്നില്ല. അതിനാല്‍ പാലിക്കാന്‍ കഴിയാത്ത കര്‍ക്കശമായ വ്യവസ്ഥകളോടെ കോളേജിന് അനുവാദം നല്‍കാമെന്നായിരുന്നു അദ്ദേഹം നല്‍കിയ റിപ്പോര്‍ട്ടിലെ ഉള്ളടക്കം. അധ്യാപകര്‍ മുഴുവന്‍ വനിതകളാവണം, പ്രിന്‍സിപ്പല്‍ സ്ത്രീയായിരിക്കണം, ഹോസ്റ്റലും ചുറ്റുമതിലും സെക്യൂരിറ്റിയും നിര്‍ബന്ധമാണ്. ഇതായിരുന്നു മുഖ്യ നിബന്ധനകള്‍. അറബിക് കോളേജില്‍ പഠിപ്പിക്കാന്‍ പോയിട്ട് പഠിക്കാന്‍ തന്നെ വനിതകളില്ലാത്ത കാലത്താണ് അസാധ്യമായ നിബന്ധന അദ്ദേഹം എഴുതിച്ചേര്‍ത്തത്. ഞാനും പ്രഫ. കെ. മുഹമ്മദും സി. മൂസ മാസ്റ്ററും കൂടി ഈ റിപ്പോര്‍ട്ടുമായി ടി.പി കുട്ട്യമ്മു സാഹിബിനെ കണ്ടു. അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ച് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രഫ. മുഹമ്മദ് ഗനിയെ സന്ദര്‍ശിച്ചു. റിപ്പോര്‍ട്ടിലെ അപ്രയോഗിക നിബന്ധനകള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഒരു വര്‍ഷത്തിനുള്ളില്‍ പെര്‍മനെന്റ് ബില്‍ഡിംഗ് നിര്‍മിക്കുക, പരിചയസമ്പത്തും പ്രായവുമുള്ള മുതിര്‍ന്ന വ്യക്തിയെ പ്രിന്‍സിപ്പലായി നിയമിക്കുക എന്നീ നിബന്ധനകളോടെ അദ്ദേഹം കോളേജിന് അനുമതി നല്‍കി.
വാഴക്കാട് ദാറുല്‍ ഉലൂമില്‍ അധ്യാപനം അവസാനിപ്പിച്ച് വിശ്രമ ജീവിതം നയിക്കുകയായിരുന്ന എം.ടി അബ്ദുര്‍റഹ്മാന്‍ മൗലവിയെ പ്രിന്‍സിപ്പലായി നിശ്ചയിച്ച് കോളേജ് ഔദ്യോഗികമായി പ്രവര്‍ത്തനം തുടങ്ങി. അദ്ദേഹത്തിന് വരാന്‍ സാധിക്കാത്തവിധം അസുഖമായപ്പോള്‍ പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ അധ്യാപകനായിരുന്ന കുഞ്ഞഹമ്മദ് മൗലവിയെ പ്രിന്‍സിപ്പലാക്കി. അദ്ദേഹത്തിന് അവിടെ ലഭിച്ചിരുന്ന എഴുന്നൂറ് രൂപ ശമ്പളം ഇവിടെയും നല്‍കേണ്ടതുണ്ടായിരുന്നു. ഒപ്പം അടിസ്ഥാനാവശ്യങ്ങള്‍ക്കും മറ്റു അധ്യാപകര്‍ക്കുള്ള ശമ്പളത്തിനും തുക കണ്ടെത്തുക എന്നതുമായിരുന്നു ആദ്യ മാസങ്ങളില്‍ അനുഭവിച്ച വലിയ പ്രതിസന്ധി. സമുദായസ്‌നേഹികളില്‍നിന്ന് സംഭാവന പിരിച്ചെടുത്താണ് ഇതിനുള്ള വക കണ്ടെത്തിയത്. ഇതിനിടയില്‍ കോളേജിന് സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കാന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയെ മുസ്‌ലിം ലീഗ് എം.എല്‍.എമാര്‍ക്കൊപ്പം പോയി കണ്ടു.
കോളേജ് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ വിപുലമായ വാര്‍ഷിക പരിപാടി മോങ്ങം അങ്ങാടിയില്‍ സംഘടിപ്പിക്കാനും കോളേജ് ബില്‍ഡിംഗ് നിര്‍മാണത്തിനാവശ്യമായ ഫണ്ട് അതുവഴി കണ്ടെത്താനും അന്‍വാറുല്‍ ഇസ്‌ലാം സംഘം തീരുമാനിച്ചു. സമുദായസ്‌നേഹികളും സമ്പന്നരുമായ ചാവക്കാട്ടെ ഖാജാ അബ്ദുല്‍ ഖാദര്‍ ഹാജിയെയും മണ്ണാര്‍ക്കാട്ടെ കല്ലടി മൊയ്തീന്‍ കുട്ടി സാഹിബിനെയും പരിപാടിയിലേക്ക് ക്ഷണിക്കാന്‍ തീരുമാനിച്ചു. ടി.പി കുട്ട്യമ്മു സാഹിബിനെ കൊണ്ട് ആദ്യം ഇവര്‍ക്ക് കത്തെഴുതിപ്പിച്ചു. സി.പി അബൂബക്കര്‍ മൗലവിയെയും ഫാറൂഖ് കോളേജ് അധ്യാപകനായിരുന്ന ഗുരുവായൂര്‍ സ്വദേശി പ്രഫ. വി. മുഹമ്മദ് സാഹിബിനെയും കൂട്ടിയാണ് ഖാജാ സാഹിബിനെ വീട്ടില്‍ പോയി ക്ഷണിച്ചത്. പരിപാടിയില്‍ പ്രഭാഷകനായി വിദ്യാഭ്യാസമന്ത്രി സി.എച്ച് മുഹമ്മദ് കോയയെയും ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹത്തിനു വരാന്‍ സാധിച്ചില്ല. കേരള സര്‍വീസ് കമീഷന്‍ അംഗവും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മര്‍ കോയ, ജമാഅത്തെ ഇസ്‌ലാമി അമീര്‍ കെ.സി അബ്ദുല്ല മൗലവി, മുജാഹിദ് നേതാവ് സി.പി അബൂബക്കര്‍ മൗലവി എന്നിവരായിരുന്നു മുഖ്യ പ്രഭാഷകര്‍. എടവണ്ണയിലെ മുജാഹിദ് നേതാവായിരുന്ന ഉമ്മര്‍ കുട്ടി ഹാജിയായിരുന്നു സ്വാഗത സംഘം ചെയര്‍മാന്‍. പരിപാടി കഴിഞ്ഞപ്പോള്‍ കല്ലടി മൊയ്തീന്‍ കുട്ടി സാഹിബ് അതത് സമയങ്ങളില്‍ ബില്‍ഡിംഗിനാവശ്യമായ മരങ്ങള്‍ ഓഫര്‍ ചെയ്തു. കോളേജിനകത്തെ പള്ളി നിര്‍മാണം ഖാജാ അബ്ദുല്‍ ഖാദര്‍ ഹാജിയും ഏറ്റു.
വനിതാ കോളേജിനാവശ്യമായ അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങള്‍ ഒരുങ്ങാന്‍ തുടങ്ങിയപ്പോള്‍ സ്ഥാപനം ഏറ്റെടുക്കാന്‍ പുളിക്കല്‍ മദീനത്തുല്‍ ഉലൂം നടത്തുന്ന കേരള ജംഇയ്യത്തുല്‍ ഉലമക്ക് താല്‍പര്യമുണ്ടായി. മദീനത്തുല്‍ ഉലൂം പ്രിന്‍സിപ്പലും കേരള ജംഇയ്യത്തുല്‍ ഉലമായുടെ സെക്രട്ടറിയുമായിരുന്ന കെ.എന്‍ ഇബ്‌റാഹീം മൗലവി ഭൂമി വിട്ടുനല്‍കിയ ടി.പി അയമു ഹാജിയുടെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹം അയമു ഹാജിയെ സ്വാധീനിച്ചു. ജമാഅത്തുകാരായ ഞാനും പ്രഫ. കെ. മുഹമ്മദ് മോങ്ങവുമൊക്കെ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നത് ഭാവിയില്‍ മുജാഹിദുകള്‍ക്ക് ദോഷം ചെയ്യുമെന്ന രീതിയില്‍ സംസാരിച്ചു. മോങ്ങത്തെ മറ്റു മുജാഹിദ് പ്രവര്‍ത്തകരോടും കെ.എന്‍ ഇബ്‌റാഹീം മൗലവി ഇത്തരത്തില്‍ സംസാരിക്കുകയും അവരെ സ്വാധീനിക്കുകയും ചെയ്തു. അങ്ങനെ വനിതാ കോളേജ് ജംഇയ്യത്തുല്‍ ഉലമായെ ഏല്‍പിക്കണമെന്ന ചര്‍ച്ച ഉയര്‍ന്നുവന്നു. ഈ സന്ദര്‍ഭത്തില്‍ ജമാഅത്തെ ഇസ്‌ലാമി അമീര്‍ കെ.സി അബ്ദുല്ല മൗലവിയെ വിവരങ്ങള്‍ അറിയിച്ചു. ജമാഅത്ത് പിന്തുണ നല്‍കുകയാണെങ്കില്‍ വനിതാ കോളേജ് അന്‍വാറുല്‍ ഇസ്‌ലാം സംഘം തന്നെ നടത്താമെന്നും അദ്ദേഹത്തെ അറിയിച്ചു. പക്ഷേ, കെ.സി അബ്ദുല്ല മൗലവി അത് വേണ്ടതില്ലെന്നും നടത്താന്‍ മുന്നോട്ടുവന്ന ജംഇയ്യത്തുല്‍ ഉലമാക്ക് വിട്ടുകൊടുക്കുകയാണ് വേണ്ടതെന്നും പറഞ്ഞു. ജമാഅത്തിനു കീഴിലുള്ള ശാന്തപുരം കോളേജ് തന്നെ നടത്താന്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളാണ് കെ.സി അതിന് കാരണമായി പറഞ്ഞത്. ശാന്തപുരത്തിന് പുറമെ മറ്റൊരു സ്ഥാപനം കൂടി ശ്രദ്ധിക്കാനുള്ള ശേഷി ജമാഅത്തിനില്ലെന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു. വനിതാ കോളേജില്‍ അധ്യാപകനായിരുന്ന ജ്യേഷ്ഠന്‍ മുഹമ്മദ് മുസ്‌ലിയാരും സമാന നിര്‍ദേശമാണ് നല്‍കിയത്. 'നീ പ്രതീക്ഷിച്ചതിലും അപ്പുറമുള്ള പ്രതിസന്ധികളാവും ഏറ്റെടുത്താല്‍ വന്നുചേരുക' എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഫാറൂഖ് കോളേജ് ജോലി രാജിവെച്ച് മുഴുസമയം വനിതാ കോളേജ് ശ്രദ്ധിച്ചാലോ എന്ന ആലോചനയും എനിക്കുണ്ടായി. അതറിഞ്ഞ ഫാറൂഖ് കോളേജിലെ സഹപ്രവര്‍ത്തകര്‍ അത് വലിയ അബദ്ധമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. അതോടെ ചില നിബന്ധനകളോടെ വനിതാ കോളേജ് ജംഇയ്യത്തുല്‍ ഉലമാക്ക് കൈമാറാമെന്ന് ഞാന്‍ അന്‍വാറുല്‍ ഇസ്‌ലാം സംഘം കമ്മിറ്റിയെ അറിയിച്ചു. 
വനിതാ കോളേജ് കാമ്പസ് ഒരു ഘട്ടത്തിലും മോങ്ങത്തുനിന്ന് മാറ്റാന്‍ പാടില്ല, സ്ഥാപനത്തിന്റെ നടത്തിപ്പ് ഏതെങ്കിലും സന്ദര്‍ഭത്തില്‍ ജംഇയ്യത്തുല്‍ ഉലമാ ഒഴിവാക്കുകയാണെങ്കില്‍ അന്‍വാറുല്‍ ഇസ്‌ലാം സംഘത്തെ തന്നെ തിരിച്ചേല്‍പിക്കണം. ഈ നിബന്ധനകള്‍ അന്‍വാറുല്‍ ഇസ്‌ലാം കമ്മിറ്റി കൂടി അംഗീകരിച്ച ശേഷം ഞാന്‍ സംഘത്തിന്റെ പ്രസിഡന്റ് പദവി രാജിവെച്ചു. തുടര്‍ന്ന് ടി.പി അയമു ഹാജി പ്രസിഡന്റായി.  അദ്ദേഹവും മദീനത്തുല്‍ ഉലൂം കമ്മിറ്റിയുമാണ് പിന്നീട് കരാര്‍ ഒപ്പിട്ട് വനിതാ കോളേജ് കൈമാറുന്നത്. പിന്നീട് പല ഘട്ടങ്ങളിലായി വനിതാ കോളേജ് വളര്‍ന്നു വികസിച്ചു. പക്ഷേ, അതിന്റെ ഒരു പരിപാടിയിലും ഞാന്‍ ക്ഷണിക്കപ്പെട്ടിരുന്നില്ല. കഴിഞ്ഞ വര്‍ഷം, 2018-ല്‍ സ്ഥാപനം അമ്പതാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ ഒരു പരിപാടിയില്‍ എന്നെയും ക്ഷണിച്ച് സ്റ്റേജില്‍ ഇരിപ്പിടം നല്‍കി. സംസാരിക്കാനൊന്നും അവസരമുണ്ടായിരുന്നില്ല. അതുതന്നെ അവര്‍ക്കിടയിലെ സംഘടനാ പ്രശ്‌നങ്ങളുടെ ഭാഗമായി ഒരു വിഭാഗം എന്നെയും ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

കൊണ്ടോട്ടി മര്‍കസിന്റെ പിറവി
1980-ല്‍ കെ. ഉമര്‍ മൗലവി ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിച്ച് കൊണ്ടോട്ടിയില്‍ ഒരു പ്രഭാഷണം നടത്തി. പതിവു വിമര്‍ശനങ്ങള്‍ക്കൊപ്പം ഒരു പരിഹാസം കൂടി ഉണ്ടായിരുന്നു ഇത്തവണ. ഇത്രയും കാലം കൊണ്ടോട്ടിയില്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ പ്രവര്‍ത്തിച്ചിട്ട് അവര്‍ക്കൊരു പള്ളിയോ സ്ഥാപനമോ ഉണ്ടാക്കാന്‍ കഴിഞ്ഞോ എന്നായിരുന്നു പരിഹാസം. കൊണ്ടോട്ടി അബ്ദുര്‍റഹ്മാന്‍ സാഹിബ് ആ പരിഹാസം ഗൗരവമായെടുത്തു. വൈകാതെ കൊണ്ടോട്ടി ടൗണില്‍ ഇന്ന് മസ്ജിദുല്‍ ഇഹ്‌സാനും മറ്റു സ്ഥാപനങ്ങളും നിലനില്‍ക്കുന്ന ഭൂമി അദ്ദേഹം കച്ചവടമുറപ്പിച്ചു. കാശ് അവധി പറഞ്ഞായിരുന്നു കച്ചവടം നടന്നത്. പറഞ്ഞ സമയത്ത് കാശ് എങ്ങനെ കണ്ടെത്തും എന്ന് ആലോചിക്കാനായി അബ്ദുര്‍റഹ്മാന്‍ സാഹിബ് കൊണ്ടോട്ടിയിലേക്ക് വിളിപ്പിച്ചു. പല ദിവസങ്ങളായുള്ള ഞങ്ങളുടെ അന്വേഷണത്തില്‍ കുറ്റിയാടി വി. അബ്ദുല്ല മൗലവിയുടെ പക്കല്‍ ഏതോ സ്ഥാപന നിര്‍മാണത്തിനായി അല്‍പം കാശുള്ളതായി അറിഞ്ഞു. തല്‍ക്കാലം അമ്പതിനായിരം രൂപ അദ്ദേഹത്തില്‍നിന്ന് കടം വാങ്ങാന്‍ തീരുമാനിച്ചു. അബ്ദുര്‍റഹ്മാന്‍ സാഹിബും ഞാനും ടി.കെ അബ്ദുല്ല സാഹിബിനെയും കൂട്ടി ആ കാശ് ഏറ്റുവാങ്ങി. ഭൂമി രജിസ്റ്റര്‍ ചെയ്ത ശേഷം അവിടെ ഒരു ഷെഡ് നിര്‍മിച്ച് അറബിക് കോളേജ് ആരംഭിച്ചു. പിന്നീട് കടം വീട്ടാനും ബില്‍ഡിംഗിനാവശ്യമായ പണം കണ്ടെത്താനും ഗള്‍ഫില്‍ പോകാന്‍ തീരുമാനിച്ചു. മക്കരപ്പറമ്പിനടുത്ത പെരിങ്ങാട്ടിരിയിലെ അഹ്മദ് കുട്ടി മൗലവിയായിരുന്നു അന്ന് മര്‍കസ് അറബിക് കോളേജിന്റെ പ്രിന്‍സിപ്പല്‍. അദ്ദേഹവും ഞാനും പിരിവിനായി 1982-ല്‍ ഖത്തറിലേക്ക് പുറപ്പെട്ടു. അന്ന് ഖത്തറിലുണ്ടായിരുന്ന എം.വി മുഹമ്മദ് സലീം മൗലവി, ഒ. അബ്ദുല്ല, വി.കെ അലി, ഖാസിം മൗലവി മുതലായവര്‍ ഞങ്ങള്‍ക്ക് വേണ്ട സഹായ സഹകരണങ്ങളൊക്കെ ചെയ്തു തന്നു. ഗവണ്‍മെന്റ് അതിഥികളായി ഞങ്ങളെ പരിഗണിക്കാനുള്ള നടപടിക്രമങ്ങളും അവര്‍ പൂര്‍ത്തിയാക്കിയിരുന്നു. കേളോത്ത് അബ്ദുല്ല ഹാജിയായിരുന്നു ഞങ്ങളുടെ മുഖ്യ ആതിഥേയന്‍. ഖത്തറിലെ പണ്ഡിതന്മാര്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും അദ്ദേഹത്തിന് നല്ല സ്വാധീനമുണ്ടായിരുന്നു. ഖത്തര്‍ ചീഫ് ജസ്റ്റിസ് ശൈഖ് മഹ്മൂദ്, ജഡ്ജിയായിരുന്ന ശൈഖ് ഇബ്‌നു ഹജര്‍, ശൈഖ് യൂസുഫുല്‍ ഖറദാവി, ശൈഖ് അബ്ദുല്‍ മുഇസ്സ് അബ്ദുസ്സത്താര്‍ എന്നിവരുമായി പരിചയപ്പെടാനും അവരുടെ സഹകരണം സ്ഥാപനത്തിന് ഉറപ്പുവരുത്താനും സാധിച്ചു. ഇന്ന് മര്‍കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന കൊണ്ടോട്ടി എക്കാപ്പറമ്പിലെ ഭൂമി പിന്നീട് കൊണ്ടോട്ടി അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ വാങ്ങിയതാണ്. അതിലെ സ്ഥാപനങ്ങള്‍ ഉണ്ടാക്കാനും മുന്നില്‍ നിന്നത് അദ്ദേഹമാണ്. ഇക്കാലത്തെല്ലാം ജിദ്ദയിലെ അറബ് ന്യൂസിലായിരുന്നു ഞാനുണ്ടായിരുന്നത്.

അറബ് ന്യൂസും കെ.ഐ.ജി രൂപീകരണവും
1985-ലാണ് ഞാന്‍ അറബ് ന്യൂസില്‍ ട്രാന്‍സ്‌ലേറ്ററായി ജോലി ഏറ്റെടുക്കുന്നത്. അറബിയില്‍നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും ലേഖനങ്ങളും കുറിപ്പുകളും തര്‍ജമ ചെയ്യുകയായിരുന്നു ചുമതല. ഇക്കാലത്താണ് മലയാളികള്‍ക്കായി ഖുര്‍ആന്‍ ക്ലാസ്സുകള്‍ ജിദ്ദയുടെ പല ഭാഗങ്ങളിലും ആരംഭിച്ചത്. മേലാറ്റൂരിലെ നാണി ഹാജിയുടെ റൂമിലായിരുന്നു തുടക്കം. ഖുര്‍ആന്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കാനുള്ള വേദിയായാണ് കെ.ഐ.ജി രൂപീകരിക്കുന്നത്. വി.കെ ജലീല്‍ സാഹിബായിരുന്നു ഈ ആലോചനകള്‍ക്ക് നേതൃത്വം നല്‍കിയത്. അദ്ദേഹം തന്നെയായിരുന്നു ദീര്‍ഘകാലം കെ.ഐ.ജിയുടെ നേതൃത്വത്തിലുണ്ടായിരുന്നത്. അദ്ദേഹം ലീവിനോ മറ്റോ നാട്ടില്‍ പോയ സന്ദര്‍ഭത്തില്‍ ആ ഉത്തരവാദിത്തം കുറച്ചുകാലം എന്റെ ചുമലിലും വന്നിരുന്നു. തിരൂരിലെ ബാവ മാസ്റ്റര്‍, പെരുമ്പാവൂരിലെ സുബൈര്‍ സാഹിബ് എന്നിവരൊക്കെ കെ.ഐ.ജിക്കു കീഴില്‍ ഖുര്‍ആന്‍ ക്ലാസ്സിന് നേതൃത്വം നല്‍കിയവരാണ്. ജമാല്‍ മലപ്പുറവും പിന്നീട് കെ.ഐ.ജിയുടെ നേതൃത്വത്തില്‍ എത്തി. ജിദ്ദയിലുണ്ടായിരുന്ന 13 വര്‍ഷവും സ്ഥിരമായി ഞാന്‍ ഖുര്‍ആന്‍ ക്ലാസ് നടത്തിയിരുന്നു. ഒട്ടേറെ പുതിയ പ്രവര്‍ത്തകരെ അതുവഴി ഉണ്ടാക്കാന്‍ കഴിഞ്ഞു. 1998-ല്‍ അറുപതാമത്തെ വയസ്സില്‍ ഗള്‍ഫ് പ്രവാസം മതിയാക്കി നാട്ടില്‍ സ്ഥിരതാമസമാക്കി.

ഫലാഹിയ്യയും വിദ്യാനഗറും
നാട്ടില്‍ സ്ഥിരതാമസമാക്കിയ ശേഷം 1999-ല്‍ മലപ്പുറം ടൗണില്‍ ഒരു ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ നടത്താന്‍ മലപ്പുറത്തെ ജമാഅത്ത് പ്രവര്‍ത്തകര്‍ എന്നെ ക്ഷണിച്ചു. ഉന്നത ഭൗതിക വിദ്യാഭ്യാസം ലഭിച്ച ഉദ്യോഗസ്ഥരായിരുന്നു ആ ക്ലാസ്സിലെ അധികമാളുകളും. ഡോക്ടര്‍മാര്‍, അഡ്വക്കറ്റുമാര്‍, കോളേജ് ലക്ച്വറര്‍മാര്‍, അധ്യാപകര്‍ എന്നിവരൊക്കെ അതിലുണ്ടായിരുന്നു. അന്ന് തുടങ്ങിയ ആ ഖുര്‍ആന്‍ ക്ലാസ് ഇരുപതു വര്‍ഷം പിന്നിട്ട് ഇന്നും തുടരുന്നു. 2017-ല്‍ 18 വര്‍ഷമെടുത്ത് ഈ ക്ലാസ്സുകളിലൂടെ ഖുര്‍ആന്‍ മുഴുവന്‍ ഒരു തവണ പഠിപ്പിച്ചു തീര്‍ത്തു. അതിനു ശേഷം തുടക്കം മുതല്‍ വീണ്ടും ആരംഭിക്കുകയായിരുന്നു.
മലപ്പുറം കേന്ദ്രീകരിച്ച് ഖുര്‍ആന്‍ ക്ലാസ് നടത്തവെയാണ് 2000-ല്‍ മലപ്പുറം ഫലാഹിയ്യ അറബിക് കോളേജിന്റെ പ്രിന്‍സിപ്പലായി ചുമതലയേല്‍ക്കണമെന്ന് മലപ്പുറം അബു സാഹിബ്, ബാപ്പു മൗലവി, ഇന്നത്തെ കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് എന്നിവര്‍ ആവശ്യപ്പെടുന്നത്. അഫ്ദലുല്‍ ഉലമാ കോഴ്‌സായിരുന്നു മുഖ്യമായും ഫലാഹിയ്യയില്‍ ഉണ്ടായിരുന്നത്. പെണ്‍കുട്ടികള്‍ക്കായി ഹോം സയന്‍സ് കോഴ്‌സ് പിന്നീട് ആരംഭിച്ചതാണ്. അവിടെ പ്രിന്‍സിപ്പലായിരിക്കുമ്പോഴാണ് മലപ്പുറം കേന്ദ്രീകരിച്ച് വ്യത്യസ്ത ഭൗതിക കോഴ്‌സുകള്‍ നല്‍കുന്ന വിദ്യാഭ്യാസ സമുച്ചയം ഉണ്ടാകണമെന്ന ആലോചന ഫലാഹിയ്യ അസോസിയേഷനില്‍ ഉയര്‍ന്നുവരുന്നത്. അങ്ങനെയാണ് ഇപ്പോള്‍ മലപ്പുറം സ്പിന്നിംഗ് മില്ലിനു സമീപം വിദ്യാനഗര്‍ സ്‌കൂള്‍ സ്ഥിതിചെയ്യുന്ന 18 ഏക്കര്‍ സ്ഥലം രണ്ട് ഘട്ടങ്ങളിലായി വാങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ വാങ്ങിയ ഭൂമി ഫലാഹിയ്യ അസോസിയേഷന്റെ പേരിലായിരുന്നു. പിന്നീട് 2002-ല്‍ മലബാര്‍ എജുക്കേഷണല്‍ ആന്റ് ചാരിറ്റബ്ള്‍ ട്രസ്റ്റ് രൂപീകരിച്ച് അതിന്റെ പേരിലാണ് ബാക്കി ഭൂമി രജിസ്റ്റര്‍ ചെയ്തത്. തുടക്കം മുതലേ ഈ ട്രസ്റ്റിന്റെ ചെയര്‍മാനായിരുന്നു. മലപ്പുറത്തെ മുസ്ത്വഫ നടുത്തൊടിയും ഇഖ്ബാല്‍ കൊന്നോലയുമാണ് ഈ 18 ഏക്കര്‍ ഭൂമി വാങ്ങാന്‍ മുഖ്യമായും സഹായിച്ചത്. ഇന്റര്‍നാഷ്‌നല്‍ നിലവാരത്തിലുള്ള ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കൊപ്പം ആ ഏരിയയില്‍ ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കാനുള്ള പ്ലാനുകളും ഞങ്ങളുടെ ആലോചനകളില്‍ ഉണ്ടായിരുന്നു. സി.ബി.എസ്.ഇ സിലബസില്‍ കെ.ജി സെക്ഷന്‍ മുതല്‍ പത്താം ക്ലാസ് വരെയുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് ആദ്യം അവിടെ ആരംഭിച്ചത്. നാല് ബാച്ചുകള്‍ നല്ല റിസള്‍ട്ടോടെ വിദ്യാനഗര്‍ പബ്ലിക് സ്‌കൂളില്‍നിന്ന് പത്താം ക്ലാസ് പൂര്‍ത്തിയാക്കി. പിന്നീട് ഭൂമിയും സ്ഥാപനവും ട്രസ്റ്റും ജമാഅത്തെ ഇസ്‌ലാമിയെ ഏല്‍പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.  2018-ല്‍ ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു. ശൈഖ് മുഹമ്മദ് കാരകുന്നാണ് ഇപ്പോള്‍ ട്രസ്റ്റ് ചെയര്‍മാന്‍. പുതിയ പല പ്രോജക്ടുകളുമായി  ട്രസ്റ്റ് മുന്നോട്ടുപോയിക്കൊിരിക്കുന്നു. 


(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (7-11)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഭൗതിക ജീവിതത്തോടുള്ള വിശ്വാസിയുടെ നിലപാട്
കെ.സി ജലീല്‍ പുളിക്കല്‍