ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് ഫലപ്രദമായ അധ്യയനരീതി വേണം
പുതിയ അധ്യയന വര്‍ഷത്തിന്റെ മുന്നോടിയായി ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ ലഘുലേഖകളും നോട്ടീസുകളും കാണാനിടയായി. സുന്ദരമായ വാചകങ്ങളും മുദ്രാവാക്യങ്ങളുമാണ് അവയിലുള്ളത്. പ്രഗത്ഭരമായ അധ്യാപകര്‍, സ്വസ്ഥമായ പഠനാന്തരീക്ഷം, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ സ്ഥാനം, സ്‌പോക്കണ്‍ ഇംഗ്ലീഷ്, മതപഠനം, അസൂയാഹര്‍മായ ധാര്‍മിക അച്ചടക്കം... അങ്ങനെ പോകുന്നു പരസ്യങ്ങള്‍. വിദ്യാലയങ്ങള്‍ തുറക്കുന്നതിനു മുമ്പുള്ള ഈ പരസ്യ പെരുമ്പറ തുടര്‍ പ്രവര്‍ത്തനങ്ങളില്ലാതെ അവസാനിക്കുകയും ചെയ്യും. കൊല്ലാരംഭത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്ന ഇത്തരം പരസ്യങ്ങള്‍ അഡ്മിഷന്‍ വര്‍ധിപ്പിക്കാനുള്ള ഉപാധി മാത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അവസ്ഥയാണിത്. അപവാദങ്ങളില്ലാതില്ല; പക്ഷേ വിരലിലെണ്ണാവുന്നവ മാത്രം.
വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മികവും മേന്മയും നിര്‍ണയിക്കുന്ന ഘടകങ്ങളെക്കുറിച്ച വ്യക്തമായ ബോധം സ്ഥാപന നടത്തിപ്പുകാര്‍ക്കുണ്ടാകണം. ഇവയില്‍ സുപ്രധാനം അധ്യയനം തന്നെയാണ്. ഫലപ്രദമായ അധ്യയനം, പാഠ്യപദ്ധതി, പ്രത്യുല്‍പന്നമതിത്വമുള്ള അധ്യാപകര്‍, അനുകൂലമായ സ്‌കൂള്‍ അന്തരീക്ഷം, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഇവയൊക്കെ അധ്യയനത്തിന്റെ നിലവാരം നിര്‍ണയിക്കുന്ന ഘടകങ്ങളാണ്. ഈ ഘടകങ്ങളുടെ ചേര്‍ച്ചയാണ് വിദ്യാഭ്യാസാന്തരീക്ഷം മെച്ചപ്പെടുത്തുന്നതും ഗുണനിലവാരം ഉറപ്പുവരുത്തുന്നതും. എന്നാല്‍, നമ്മുടെ വിദ്യാലയങ്ങള്‍ ഈ രംഗത്ത് അഭിലഷണീയമായ പ്രകടനം കാഴ്ചവെക്കുന്നില്ല എന്നതാണ് വസ്തുത. സര്‍ക്കാര്‍, എയിഡഡ്, അണ്‍ എയിഡഡ് വ്യത്യാസമില്ലാതെ എല്ലാ വിദ്യാലയങ്ങളും ഇവിടെ ലക്ഷ്യബോധത്തോടെ മുന്നേറേണ്ടിയിരിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യവുമായി പൊരുത്തപ്പെട്ടുപോകുന്ന ഒരു വിദ്യാഭ്യാസ കാഴ്ചപ്പാട് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കുണ്ടാകുന്നില്ലെങ്കില്‍ അവരുടെ ശ്രമങ്ങള്‍ ഫലപ്രാപ്തിയിലെത്താതെ മുരടിച്ചുപോകും. കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ മുന്നിലാണെന്നു തന്നെ പറയാം. അതേയവസരത്തില്‍ മത ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങള്‍ ഭൗതിക സാഹചര്യങ്ങള്‍ സജ്ജീകരിക്കുന്നതില്‍ ഏറെ പിന്നിലാണ്. ഏത് മേഖലയിലുള്ള വിദ്യാലയങ്ങളായാലും ഭൗതിക സാഹചര്യങ്ങളെ ക്ലാസ് അന്തരീക്ഷവുമായി കോര്‍ത്തിണക്കുന്നതില്‍ വേണ്ടത്ര മുന്നോട്ടുപോയിട്ടില്ലെന്നതും വസ്തുതയാണ്.
ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായാലും അധ്യയന നിലവാരത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ല. അടുത്ത കാലത്തായി കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അണ്‍ എയിഡഡ്, സി.ബി.എസ്.ഇ സ്‌കൂളുകളെ സംബന്ധിച്ചേടത്തോളം മെച്ചപ്പെട്ട അധ്യയനം സുപ്രധാന വിഷയമായി തന്നെ കാണണം. നൂറ് ശതമാനം വിജയം അല്ലെങ്കില്‍ ഫുള്‍ എ പ്ലസ്, എ ഗ്രേഡ് എന്നതില്‍ മാത്രം പരിമിതപ്പെട്ടുപോകുന്നതാകരുത് മെച്ചപ്പെട്ട അധ്യയന നിലവാരത്തിന്റെ ലക്ഷ്യം. എല്ലാ അര്‍ഥത്തിലും വിദ്യാഭ്യാസത്തിന്റെ വൈശിഷ്ട്യം നിലനിര്‍ത്തണമെങ്കില്‍ അധ്യാപക ശാക്തീകരണത്തിനാണ് പരമ പ്രാധാന്യം നല്‍കേണ്ടത്. ഈ രംഗത്ത് നമ്മുടെ വിദ്യാലയങ്ങള്‍ക്ക് മികവ് അവകാശപ്പെടാന്‍ കഴിയാതെ പോകുന്നു എന്നതാണ് ദയനീയ വസ്തുത. ട്യൂഷന്‍ സെന്ററുകളും മറ്റുമാണ് ഉയര്‍ന്ന വിജയത്തിലേക്ക് നമ്മുടെ സ്‌കൂള്‍ കുട്ടികളെ എത്തിക്കുന്നത് എന്നതാണ് പത്രങ്ങളില്‍ വന്ന ചില പഠനങ്ങള്‍ തെളിയിക്കുന്നത്. മുഴുവന്‍ സ്‌കൂളുകളെ സംബന്ധിച്ചും ഈ വാദം ശരിയല്ലെങ്കിലും നല്ലൊരു ശതമാനം സ്‌കൂളുകളുടെ നൂറു മേനി വിജയം ഇത്തരം ട്യൂഷന്‍ സെന്ററുകളെ ആശ്രയിച്ചാണ്. എന്നിട്ടും നൂറു ശതമാനത്തിന്റെയും ഫുള്‍ എ പ്ലസിന്റെയും ഫഌക്‌സുകള്‍ സ്ഥാപിക്കുന്നതിലാണ് പല സ്‌കൂളുകളും സായൂജ്യം കണ്ടെത്തുന്നത്.
പ്രപഞ്ചത്തിന് മുഴുവനും ചൂടും വെളിച്ചവും ഊര്‍ജവും നല്‍കുന്ന സൂര്യനെ പോലെയാണ് അധ്യാപകര്‍. ശിഷ്യന്റെ വൈജ്ഞാനിക ചക്രവാളം വികസിപ്പിക്കുന്നതും വളര്‍ത്തുന്നതും അധ്യാപകന്‍ തന്നെയാണ്. ഈ ഔന്നത്യത്തിലേക്കുയരാന്‍ അധ്യാപകര്‍ക്ക് കഴിയുന്നുണ്ടോ എന്നതാണ് പ്രശ്‌നം. അതിനുതകുന്ന തരത്തിലുള്ള ശാക്തീകരണ പ്രക്രിയ നടക്കുന്നുണ്ടോ എന്നും ചിന്തിക്കണം. വൈജ്ഞാനിക വളര്‍ച്ചയും ചിന്താപരമായ ഉണര്‍വും ഗവേഷണപരതയും ശാസ്ത്ര ചിന്തയും പ്രദാനം ചെയ്യാന്‍ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന് കഴിയുന്നില്ല എന്നത് കാലങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാനമാണ്. ഈ അവസ്ഥ മാറ്റിയെടുക്കാന്‍ പ്രഗത്ഭരായ അധ്യാപകരാണ് ആവശ്യമായിട്ടുള്ളത്.
ലബോറട്ടറികളില്ലാത്ത ശാസ്ത്ര പഠനമാണ് മിക്ക സ്‌കൂളുകളിലും നടക്കുന്നത്. ശാസ്ത്ര ചിന്ത വളര്‍ത്താനുപകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ ശ്രമങ്ങളില്ല. അധ്യാപകരും അധികൃതരും ഈ സ്ഥിതിവിശേഷത്തിന് ഒരുപോലെ ഉത്തരവാദികളാണ്. ഹൈടെക് പദവിയിലേക്കുയര്‍ത്തപ്പെട്ട ഒരു വിദ്യാലയത്തില്‍ അധ്യാപക സംഗമത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴുണ്ടായ അനുഭവം ഓര്‍ത്തുപോവുകയാണ്. കമ്പ്യൂട്ടര്‍ ലാബിലാണ് സംഗമം. എത്തിച്ചേര്‍ന്നവരെല്ലാം ലാബിന്റെ വരാന്തയില്‍ കാത്തുനില്‍ക്കുകയാണ്. പൊടിപടലം നിറഞ്ഞ ലാബ് അടിച്ചുവാരാന്‍ ആരുമില്ല. ലക്ഷങ്ങള്‍ ചെലവഴിച്ച് ഉണ്ടാക്കിയ ലാബ് കേടുവന്നത് മൂലം മാസങ്ങളായി പ്രവര്‍ത്തനരഹിതമായി കിടക്കുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഖജനാവില്‍നിന്ന് വന്‍ തുക മുടക്കിയെങ്കിലും കുട്ടികള്‍ക്ക് ലാബിന്റെ പ്രയോജനം ലഭിക്കുന്നില്ല. ഇതുപോലെ പല പ്രോജക്ടുകളും ലക്ഷ്യം നേടിയെടുക്കാന്‍ കഴിയാതെ പൊടിപിടിച്ചും തുരുമ്പെടുത്തും നശിക്കുന്നുണ്ട്.
കുട്ടികളുടെ വൈജ്ഞാനിക വളര്‍ച്ചക്കുതകുന്ന ലൈബ്രറി സംവിധാനം വ്യവസ്ഥാപിതമായി നടക്കുന്ന സ്‌കൂളുകള്‍തന്നെ കുറവാണ്. സ്‌െപഷ്യല്‍ ഫീസ് ഫണ്ട് ഉപയോഗപ്പെടുത്തി ലൈബ്രറി പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടുന്നതില്‍ അധികൃതര്‍ എന്നും മുന്നില്‍ തന്നെയുണ്ടാകും. കുട്ടികള്‍ക്കത് എങ്ങനെ പ്രയോജനപ്രദമാക്കി മാറ്റാമെന്നതാണ് ആലോചിക്കേണ്ടത്. കുട്ടികളും ലൈബ്രറി പുസ്തകങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുമ്പോഴാണ് അവര്‍ക്ക് വൈജ്ഞാനിക വളര്‍ച്ച കൈവരിക്കാനാവുക. രചനാ നൈപുണി നേടുന്നതും അങ്ങനെത്തന്നെ. പുസ്തക വായനയുമായി കുട്ടികളെ കൂട്ടിയിണക്കാന്‍ കഴിഞ്ഞാല്‍ വൈജ്ഞാനിക രംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ഈ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ധാരാളം വിദ്യാലയങ്ങളുണ്ട്. ഉദാഹരണത്തിന് പെരിന്തല്‍മണ്ണക്കടുത്തുള്ള ഒരു സി.ബി.എസ്.ഇ സീനിയര്‍ സെക്കന്ററി സ്‌കൂളില്‍ ആഴ്ചയില്‍ ഒരു പിരീഡ് ലൈബ്രറി വര്‍ക്കിനായി മാറ്റിവെച്ചിരിക്കുന്നു. എല്ലാ കുട്ടികളും നിര്‍ബന്ധമായും ലൈബ്രറിയില്‍നിന്ന് പുസ്തകമെടുത്ത് വായിച്ചിരിക്കണം. തൊട്ടടുത്ത ആഴ്ച പുസ്തകാവലോകന കുറിപ്പോടെ തിരിച്ചേല്‍പിക്കണം. സ്‌കൂളില്‍ 15 കൊല്ലം മുമ്പ് ആരംഭിച്ച ഈ രീതി കുട്ടികളുടെ ഭാഷാ പ്രയോഗത്തിലും അവതരണ ശൈലിയിലും അത്ഭുതകരമായ മികവുണ്ടാക്കി. ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കുട്ടികളെ കൊണ്ട് വായിപ്പിക്കുന്നതിലും ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിലും എണ്ണത്തില്‍ കുറവാണെങ്കിലും ഇത്തരം സ്‌കൂളുകള്‍ ശ്ലാഘനീയമായ പങ്കാണ് വഹിക്കുന്നത്.
പാഠഭാഗങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ കഴിയാതെ പോകുന്നു എന്നത് ഇന്നും ക്ലാസ് മുറികളുടെ ദുര്യോഗമാണ്. പാഠത്തിനപ്പുറത്തേക്ക് പലപ്പോഴും അധ്യാപകന്റെ ചിന്ത പോകുന്നില്ല. നോട്ട് പറഞ്ഞുകൊടുത്തുകൊണ്ട് ക്ലാസ് അവസാനിപ്പിക്കുന്നു. ഈ നോട്ടുകള്‍തന്നെ പലപ്പോഴും ഗൈഡുകളെ ആശ്രയിച്ചായിരിക്കും. ചില അണ്‍ എയിഡഡ് സ്‌കൂളുകളില്‍ നേരത്തേ എഴുതിക്കൊടുക്കുന്ന ചോദ്യോത്തരങ്ങളില്‍നിന്നുള്ള ഭാഗങ്ങളില്‍നിന്നു മാത്രമായി പരീക്ഷാ ചോദ്യപേപ്പറുകള്‍ പരിമിതപ്പെടുകയും ചെയ്യുന്നു. കുട്ടികളുടെ ചിന്താപരമായ വളര്‍ച്ചക്ക് യാതൊരു സ്ഥാനവും നല്‍കാത്ത ഇത്തരം ക്ലാസുകള്‍ വളരുന്ന തലമുറയെ മുരടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതുമൂലം പാഠഭാഗങ്ങളില്‍നിന്ന് ഉള്‍ക്കൊള്ളേണ്ടതൊന്നും കുട്ടികള്‍ക്ക് ലഭിക്കാതെ പോകുന്നു. നല്ലൊരു ശതമാനം കുട്ടികള്‍ക്കും എഴുതാനും വായിക്കാനും കഴിയുന്നില്ല എന്ന പഠന റിപ്പോര്‍ട്ടുകള്‍ ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍.
അധ്യാപക നിയമനത്തിലും കൂടുതല്‍ കാര്യക്ഷമത ഉണ്ടാകേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപക നിയമനം പി.എസ്.സി മുഖേനയാണ്. അവരെ ശാക്തീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഇന്‍സര്‍വീസ് കോഴ്‌സുകളുമുണ്ട്. എന്നാല്‍, പല അണ്‍ എയിഡഡ് സ്‌കൂളുകളും ഇന്ന് ഒരു പതനത്തിന്റെ വക്കിലാണ്. ക്വാളിഫിക്കേഷനോടൊപ്പം ക്വാളിറ്റി കൂടി പരിഗണിച്ചുകൊണ്ട് അധ്യാപക നിയമനം നടത്താന്‍ മാനേജ്‌മെന്റുകള്‍ തയാറായാല്‍ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കപ്പെടുകയുള്ളൂ.
Comments