അവര്‍ എന്തിന് കൂട്ടത്തോടെ രാജിവെച്ചു?
ജൂണ്‍ നാലിന് ശ്രീലങ്കന്‍ സര്‍ക്കാറിന്റെ ഭാഗമായിരുന്ന നാല് കാബിനറ്റ് മന്ത്രിമാര്‍, സ്വതന്ത്ര ചുമതലയുള്ള നാല് സഹമന്ത്രിമാര്‍, ഒരു സഹമന്ത്രി, രണ്ട് പ്രവിശ്യാ ഗവര്‍ണര്‍മാര്‍ എന്നിവര്‍ കൂട്ടത്തോടെ രാജിനല്‍കി. 2019 ഏപ്രില്‍ 21-ന് ഈസ്റ്റര്‍ ദിനത്തില്‍ ലോകത്തെ നടുക്കിയ ഭീകരാക്രമണത്തോടെ രാജ്യത്ത് തുടക്കമായ മുസ്‌ലിം വേട്ടക്ക് അറുതി ആവശ്യപ്പെട്ടായിരുന്നു രാജി.
മുസ്‌ലിം നാമം പേറുന്ന യുവാക്കള്‍ അംഗങ്ങളായ ഒരു ഭീകര സംഘടന മൂന്ന് ആഡംബര ഹോട്ടലുകളിലും മൂന്ന് ക്രിസ്ത്യന്‍ ചര്‍ച്ചുകളിലും നടത്തിയ ഭീകരാക്രമണ പരമ്പരയില്‍ 250-ഓളം പേര്‍ അരുംകൊല ചെയ്യപ്പെട്ടിരുന്നു. 500-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതുവരെയും ചിത്രത്തിലില്ലായിരുന്ന 'നാഷ്‌നല്‍ തൗഹീദ് ജമാഅത്ത്' എന്ന ഭീകര സംഘടനയായിരുന്നു ഇതിനു പിന്നിലെന്നും സഹ്‌റാന്‍ ഹാശിം എന്നയാള്‍ക്കായിരുന്നു നേതൃത്വമെന്നും പിന്നീട് തെളിഞ്ഞു. സഹ്‌റാന്‍ ഉള്‍പ്പെടെ ഏഴു ചാവേറുകളാണ് അന്ന് പൊട്ടിത്തെറിച്ചത്.
പിന്നാമ്പുറം
അടുത്ത് ബന്ധമുള്ള 12 മുസ്‌ലിം കുടുംബങ്ങള്‍ ശ്രീലങ്കയില്‍നിന്ന് സിറിയയിലെ ഐ.എസ് നിയന്ത്രിത മേഖലകളിലേക്ക് പലായനം ചെയ്തുവെന്നും അവരിലൊരാള്‍ അവിടെ കൊല്ലപ്പെട്ടുവെന്നും 2014-ല്‍ ശ്രീലങ്കന്‍ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തൊട്ടുടന്‍, രാജ്യത്തെ പ്രമുഖ മുസ്‌ലിം സംഘടനകള്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ഐ.എസ് ആശയധാരയോടും അത് പ്രോത്സാഹിപ്പിക്കുന്ന ഭീകരതയോടും തങ്ങള്‍ ഏറെ അകലെയാണെന്ന് അസന്ദിഗ്ധമായി അറിയിച്ചു. പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥരെ കണ്ട്, ഐ.എസ് എന്ന വിപത്ത് രാജ്യത്തെ മുസ്‌ലിം മനസ്സുകളില്‍ വേരുപടര്‍ത്തുന്നത് തടയാന്‍ ഏതു സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.
2017-ല്‍ കിഴക്കന്‍ പ്രവിശ്യക്കാരനായ സഹ്‌റാന്‍ ഹാശിം സമൂഹമാധ്യമങ്ങള്‍ വഴി തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചുതുടങ്ങിയതോടെ മുസ്‌ലിം സമുദായ നേതൃത്വം പ്രതിരോധ ഉദ്യോഗസ്ഥരെ കണ്ട് അടിയന്തര നടപടികള്‍ക്ക് സമ്മര്‍ദം ചെലുത്തി. അതുംപോരാഞ്ഞ്, അധികൃതരുടെ സത്വര ശ്രദ്ധ പതിയാന്‍ സഹ്‌റാന്‍ ഹാശിമിന്റെ നാട്ടില്‍ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചു. സുരക്ഷാ വിഭാഗത്തെ കൂടുതല്‍ ജാഗ്രത്താക്കുകയായിരുന്നു ലക്ഷ്യം. അതോടെ, ഒളിവില്‍ പോയ സഹ്‌റാന്‍ പക്ഷേ, സമൂഹമാധ്യമങ്ങളെ കൂട്ടുപിടിച്ച് വിഷം തുപ്പുന്നത് തുടര്‍ന്നു.
സര്‍ക്കാറിന്റെ വീഴ്ച
ശ്രീലങ്കന്‍ പൊലീസിലെ ഭീകരവിരുദ്ധ സ്‌ക്വാഡായ 'ഭീകരതാ അന്വേഷണ വിഭാഗം' (ടി.ഐ.ഡി) സഹ്‌റാനെയും സോഷ്യല്‍ മീഡിയയില്‍ അയാളുടെ ഇടപാടുകളും നിരന്തരം നിരീക്ഷിച്ചിരുന്നത് വ്യക്തമായിട്ടുണ്ട്. പക്ഷേ, അജ്ഞാതമായ കാരണങ്ങളാല്‍ സഹ്‌റാന്‍ ഉള്‍പ്പെട്ട ഭീകരരെ കുറിച്ച അന്വേഷണം നിര്‍ത്തിവെക്കാന്‍ 2018 ഏപ്രിലില്‍ പ്രതിരോധ വിഭാഗം ടി.ഐ.ഡിക്ക് നിര്‍ദേശം നല്‍കി. സഹ്‌റാന്‍ ഹാശിമിനെ അറസ്റ്റ് ചെയ്യാന്‍ വാറന്റ് സ്വന്തമാക്കിയിരുന്ന ടി.ഐ.ഡി മേധാവി നാലക ഡി സില്‍വ മാസങ്ങള്‍ കഴിഞ്ഞ് അറസ്റ്റിലാവുകയും ചെയ്തു. പ്രസിഡന്റിനെയും മുന്‍ പ്രതിരോധ സെക്രട്ടറി ഗോട്ടബയ രാജപക്‌സയെയും (അടുത്ത പ്രസിഡന്റാവാന്‍ കച്ചമുറുക്കി രംഗത്തുള്ളയാളാണ് ഗോട്ടബയ രാജപക്‌സ) വധിക്കാന്‍ പദ്ധതിയിട്ടെന്ന് ആരോപിച്ചായിരുന്നു നടപടി. അതിനിടെ, താന്‍കൂടി അംഗമായ ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നത് 2018 ഒക്‌ടോബര്‍ മുതല്‍ വിലക്കപ്പെട്ടിരുന്നുവെന്ന് ശ്രീലങ്കന്‍ പൊലീസ് മേധാവി ഈസ്റ്റര്‍ ദിന ഭീകരാക്രമണം അന്വേഷിക്കുന്ന പാര്‍ലമെന്ററി സെലക്റ്റ് കമ്മിറ്റി (പി.എസ്.സി)ക്ക് മുമ്പാകെ മൊഴി നല്‍കിയതും ചേര്‍ത്തുവായിക്കണം. സഹ്‌റാന്‍ ഹാശിമും കൂട്ടാളികളും ചേര്‍ന്ന് രാജ്യത്തെ ക്രിസ്ത്യന്‍ ചര്‍ച്ചുകളില്‍ അടുത്ത ദിവസം ഭീകരാക്രമണം നടത്തുമെന്ന് ദേശീയ രഹസ്യാന്വേഷണ വിഭാഗം 2019 ഏപ്രില്‍ നാലിന് രേഖാമൂലം അറിയിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ആക്രമണത്തിന്റെ അന്ന് പുലര്‍ച്ചെയും തലേന്നും എന്തോ നടക്കാന്‍ പോകുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. സുരക്ഷാ സംവിധാനത്തിലെ ഏകോപനം താറുമാറായിക്കിടക്കുന്നതിനാല്‍ നടപടികള്‍ സ്വീകരിക്കാനായില്ലെന്നും പാര്‍ലമെന്ററി സമിതി മുമ്പാകെ പൊലീസ് മേധാവി പറഞ്ഞു.
മുസ്‌ലിം സമൂഹത്തിന്റെ പ്രതികരണം
ഈസ്റ്റര്‍ ദിന കൂട്ടക്കൊലയുടെ വാര്‍ത്തയെത്തിയ ഉടന്‍ രാജ്യത്തെ മുസ്‌ലിം സമൂഹം ഒന്നടങ്കം സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുകയും ഇരകളുടെ കുടുംബങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഭീകരാക്രമണത്തെ തള്ളിപ്പറഞ്ഞും കൊല്ലപ്പെട്ടവരുടെ ഉറ്റവരോട് അനുശോചനമറിയിച്ചും മസ്ജിദുകളില്‍ ബാനറുകള്‍ ഉയര്‍ന്നു. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹം മുസ്‌ലിം ഖബ്
ര്‍സ്ഥാനുകളില്‍ അടക്കം ചെയ്യരുതെന്ന് പണ്ഡിത സംഘടനയായ ജംഇയ്യത്തുല്‍ ഉലമാ ആഹ്വാനം ചെയ്തു. ഇരകളുടെ കുടുംബങ്ങള്‍ക്ക് ആശ്വാസമെത്തിക്കാനും കേടുപാടുകള്‍ പറ്റിയ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ നന്നാക്കാനും മുസ്‌ലിം വ്യവസായ സ്ഥാപനങ്ങള്‍ കൈയഴഞ്ഞ് സഹായം നല്‍കി. ജംഇയ്യത്തുല്‍ ഉലമാ നേരിട്ട് നേതൃത്വം നല്‍കിയ ഫണ്ട് ശേഖരണത്തില്‍ പള്ളികളൊക്കെയും പങ്കാളികളായി.
ഇനിയൊരു ആക്രമണം രാജ്യത്ത് സംഭവിക്കാതിരിക്കാന്‍ ഇയാളുടെ കൂട്ടാളികളെ കുറിച്ച പരമാവധി വിവരങ്ങള്‍ മുസ്‌ലിം നേതൃത്വം രഹസ്യാന്വേഷണ വിഭാഗവുമായി പങ്കുവെച്ചു. അറസ്റ്റിന് സഹായം നല്‍കിയ പല മുസ്‌ലിംകള്‍ക്കും പോലീസ് പാരിതോഷികം നല്‍കി. ഈ സംഘടനയില്‍ അംഗത്വമെടുത്ത മക്കളെ പിതാക്കള്‍ നേരിട്ട് പോലീസിന് കൈമാറി. തീവ്രവാദ ഭീഷണി ഉന്മൂലനം ചെയ്യുന്നതില്‍ മുസ്‌ലിം സമുദായം പുലര്‍ത്തിയ ജാഗ്രതയെ പ്രധാനമന്ത്രിയും സൈനിക കമാന്‍ഡറും പ്രശംസിച്ചു.
കത്തോലിക്കാ സഭയുടെ പ്രതികരണം
ആക്രമണത്തിനു ശേഷമുള്ള അതീവ ദുഃഖകരമായ സാഹചര്യം വിവേകത്തോടും ക്ഷമയോടും നേരിടാന്‍ ക്രിസ്ത്യന്‍ സമൂഹത്തിന് ഉത്തരവാദിത്തത്തോടെ നേതൃത്വം നല്‍കിയ കത്തോലിക്കാ സഭയും ഏറെ പ്രശംസിക്കപ്പെട്ടു. മതങ്ങള്‍ക്കിടയില്‍ പകയും വെറുപ്പും സൃഷ്ടിക്കുന്ന പ്രതികരണങ്ങളൊന്നും ആ സമൂഹത്തില്‍നിന്ന് ഉണ്ടായതേയില്ല; രാഷ്ട്രീയ താല്‍പര്യങ്ങളോടെ ചിലര്‍ അതിന് ശ്രമം നടത്തിയെങ്കിലും.
പീഡനങ്ങള്‍ക്കു മധ്യേ മുസ്‌ലിം സമുദായം
ഭൂരിപക്ഷമുള്ള ബുദ്ധവിശ്വാസികളായ സിംഹളര്‍ക്കിടയില്‍ ഇസ്‌ലാംഭീതി വളര്‍ത്താന്‍ അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ വഴി കൊണ്ടുപിടിച്ച ശ്രമങ്ങള്‍ വര്‍ഷങ്ങളായി തുടരുന്നുണ്ട്. സിംഹളര്‍ രാജ്യത്ത് 70 ശതമാനവും മുസ്‌ലിംകള്‍ 10 ശതമാനവുമാണ് (അവശേഷിച്ചവര്‍ തമിഴ് ഹിന്ദുക്കളും ക്രിസ്ത്യാനികളും). ബുദ്ധസന്യാസികള്‍ നേതൃത്വം നല്‍കുന്ന നിരവധി തീവ്രവാദ സംഘടനകള്‍ നടത്തുന്ന പ്രചാരണങ്ങള്‍ വര്‍ഗീയ വിഷം ചീറ്റുന്നതും മുസ്‌ലിം വിരുദ്ധ കലാപമായി രൂപം പ്രാപിക്കുന്നതും അടുത്തിടെ കണ്ടുവരുന്നു.
ഇതോടൊപ്പം, 2019-ഉം 2020-ഉം ശ്രീലങ്കക്ക് തെരഞ്ഞെടുപ്പ് വര്‍ഷങ്ങളാണ്. പ്രസിഡന്റ്, പാര്‍ലമെന്ററി തെരഞ്ഞെടുപ്പുകളിലേക്ക് മാസങ്ങളുടെ അകലമേയുള്ളൂ. മതവിദ്വേഷമുണര്‍ത്തി സിംഹളരുടെ വോട്ട്ബാങ്കിനെ പ്രീണിപ്പിക്കുകയും അതുവഴി തെരഞ്ഞെടുപ്പു വിജയം ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ഇന്ത്യയില്‍ ബി.ജെ.പിയുടെ തകര്‍പ്പന്‍ വിജയം ഈ ധാരണകള്‍ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ്, മുസ്‌ലിം സമുദായത്തെ മൊത്തത്തില്‍ ഭീകരരായി മുദ്രകുത്താനുള്ള ആയുധമായി ഈസ്റ്റര്‍ ദിന ഭീകരാക്രമണത്തെ ഇസ്‌ലാംഭീതി ആവേശിച്ച ചില മാധ്യമങ്ങള്‍ ഉപകരണമാക്കുന്നത്. പഴി മൊത്തത്തില്‍ സമുദായത്തിനു ചാര്‍ത്തുകയായിരുന്നു അവരുടെ രീതി. പോലീസ്, സേനാ വിഭാഗങ്ങളില്‍ മഹാഭൂരിപക്ഷവും അന്വേഷണത്തെ ശരിയായ ദിശയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ ചില ഉദ്യോഗസ്ഥരും ഇതേ മാതൃകയില്‍ സമുദായത്തെ വെറുതെ പീഡിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തി. ഭീകരവിരുദ്ധ കോടതിയിലെത്തിയ കേസുകളില്‍ ചിലത് ഇസ്‌ലാമിക വിഷയങ്ങളുള്ള സി.ഡികളും കളിത്തോക്കുകളും വാളിന്റെ മാതൃകയിലുള്ള ആഭരണങ്ങളും കൈവശം വെച്ചതിനായിരുന്നു. ഈ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തവരെ ജാമ്യത്തില്‍ വിടാന്‍ മജിസ്‌ട്രേറ്റിനു പോലും അധികാരമില്ല.
സര്‍ക്കാറിന്റെ അനാസ്ഥ
മുസ്‌ലിം സമുദായ നേതൃത്വവും രാഷ്ട്രീയ പ്രതിനിധികളും രാജ്യത്തെ ഉന്നത നേതൃത്വത്തെ കണ്ട് വിഷയത്തില്‍ ഇടപെടാനാവശ്യപ്പെട്ടിട്ടും നടപടികള്‍ ഉണ്ടായിട്ടില്ല.
മേയ് 13-ന് സിംഹള ബുദ്ധ സമുദായക്കാരായ അക്രമികള്‍ കര്‍ഫ്യൂ നിലനില്‍ക്കെ നടത്തിയ ആക്രമണങ്ങളില്‍ നിരവധി മുസ്‌ലിം വ്യാപാര സ്ഥാപനങ്ങളും വീടുകളും പള്ളികളും അഗ്നിക്കിരയായി. സായുധ സേന നോക്കിനില്‍ക്കെയായിരുന്നു ഭീകരമായ കൊള്ളിവെപ്പ്. രണ്ടു ദിവസമെടുത്താണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. നേരത്തേ അറസ്റ്റ് ചെയ്യപ്പെട്ട മുസ്‌ലിംകള്‍ ആഴ്ചകളായി ജയിലുകളില്‍ നരകിക്കുമ്പോള്‍ ഈ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കുമേല്‍ ചുമത്തപ്പെട്ടത് നിസ്സാരമായ ആരോപണങ്ങള്‍. കൊലപാതകം വരെ നടത്തിയിട്ടും ഇവരില്‍ പലരും ദിവസങ്ങള്‍ കഴിഞ്ഞ് പുറത്തിറങ്ങുകയും ചെയ്തു.
തെറ്റായ ആരോപണങ്ങള്‍ ചുമത്തി മുതിര്‍ന്ന മുസ്‌ലിം നേതാക്കള്‍ വരെ അറസ്റ്റ് ചെയ്യപ്പെട്ടു. വംശീയ പ്രക്ഷാളനമെന്ന ലക്ഷ്യത്തോടെ ഒരു മുസ്‌ലിം ഡോക്ടര്‍ 8,000 സിംഹള വനിതകള്‍ക്ക് വന്ധ്യംകരണ കുത്തിവെപ്പ് നല്‍കിയെന്നുവരെ ഈ സമയത്ത് ഒരു മാധ്യമം വ്യാജ വാര്‍ത്ത നല്‍കി. ഇതോടെ ഡോക്ടര്‍ അറസ്റ്റിലാവുകയും വ്യാജ പ്രചാരണങ്ങള്‍ക്ക് കൊഴുപ്പുകൂടുകയും ചെയ്തു. ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ മറ്റു നിരവധി പേര്‍ക്കൊപ്പം ജോലിചെയ്യുന്ന ഒരു ഡോക്ടര്‍ക്ക് അങ്ങനെ ചെയ്യാനാവില്ലെന്ന് സ്വകാര്യമായി സമ്മതിക്കുന്ന ഡോക്ടര്‍മാരുടെ സംഘടനയും അദ്ദേഹത്തെ പിന്തുണച്ചില്ല.
ഭീകരരെ പിന്തുണക്കുന്നുവെന്ന് ആരോപിച്ച് വ്യവസായ, വ്യാപാര വകുപ്പ് മന്ത്രി റിശാദ് ബദീഉദ്ദീനെതിരെ പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നതും ആയിടക്കാണ്. അതിന് തെളിവുകളൊന്നും അവര്‍ക്കില്ലായിരുന്നു, പോലീസ് കേസുകളുമുണ്ടായില്ല.
വിഷയം കത്തിനില്‍ക്കുന്നതിനിടെ, കോടതിയലക്ഷ്യത്തിന് ആറു മാസമായി ജയിലില്‍ കഴിയുന്ന, കടുത്ത മുസ്‌ലിം വിരുദ്ധത വമിക്കുന്ന ബുദ്ധ സിംഹള സംഘടനാ നേതാവ് ബോഡു ബാലസേനക്ക് പ്രസിഡന്റ് മാപ്പുനല്‍കി. ഇയാള്‍ പുറത്തെത്തിയതോടെ മുസ്‌ലിം വിരുദ്ധ പ്രചാരണത്തിനും മൂര്‍ച്ച കൂടി.
മന്ത്രി റിശാദ് ബദീഉദ്ദീന്റെയും രണ്ട് പ്രവിശ്യാ ഗവര്‍ണര്‍മാരുടെയും രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റ് അംഗമായ ഒരു ബുദ്ധ സന്യാസി അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിക്കുന്നതും ആയിടക്കാണ്. ജൂണ്‍ 12 ഉച്ചക്കകം രാജിവെക്കണമെന്നായിരുന്നു അന്ത്യശാസനം. വോട്ടുപേടിച്ചവര്‍ മൗനത്തിന്റെ വാത്മീകങ്ങളിലൊളിച്ചതിനാല്‍ ഒരു രാഷ്ട്രീയ ശക്തിയും ഇടപെട്ടതേയില്ല. ബുദ്ധമത നേതൃത്വം പോലും മൗനം ദീക്ഷിച്ചു.
അരക്ഷിതരായ മുസ്‌ലിം സമുദായത്തിന് ആശ്വാസമേകാന്‍ അവരുടെ സര്‍ക്കാറും കൂടെയില്ലായിരുന്നു. മുസ്‌ലിംവിരുദ്ധ നീക്കങ്ങള്‍ക്കു പിന്നില്‍ പ്രതിപക്ഷവും മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സയുമാണെന്ന് ആരോപണമുണ്ടായിരുന്നു. രാജപക്‌സയുടെ സഹോദരന്‍ അടുത്ത തവണ പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
വിഷയം കൈവിട്ടുപോയതോടെ, അടിയന്തര നടപടി ആവശ്യപ്പെട്ട് മുസ്‌ലിംകള്‍ രാഷ്ട്രീയ നേതൃത്വത്തിനു മേല്‍ സമ്മര്‍ദം ശക്തമാക്കി.
ഒന്നിച്ച് പുറത്തേക്ക്
അതോടെ, സര്‍ക്കാര്‍ നടപടിക്ക് ശക്തമായ നീക്കമെന്ന നിലക്ക് മുസ്‌ലിം മന്ത്രിമാര്‍ കൂട്ടമായി രാജിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. സര്‍ക്കാറിനു മേല്‍ ഉണ്ടാക്കാവുന്ന സമ്മര്‍ദം കാര്യങ്ങളില്‍ അയവു വരുത്തുമെന്നായിരുന്നു പ്രതീക്ഷ.
പ്രതീക്ഷിച്ച പോലെ ചെറുതായെങ്കിലും ഇത് അഗ്നി കെടുത്തുന്നതില്‍ സഹായകമായെന്നു വേണം കരുതാന്‍. കാര്യങ്ങള്‍ കുറച്ചെങ്കിലും പരിഹരിക്കപ്പെട്ടുവരുന്നതിന്റെ ലക്ഷണങ്ങള്‍ ശ്രീലങ്കയുടെ ആകാശത്ത് കാണാറായിട്ടുണ്ട്.
വിവര്‍ത്തനം: മന്‍സൂര്‍ മാവൂര്‍
Comments