Prabodhanm Weekly

Pages

Search

2019 ജൂണ്‍ 21

3106

1440 ശവ്വാല്‍ 17

ഉയിഗൂര്‍ വൃഥാവിലാകുന്ന വിലാപങ്ങള്‍

വി.വി ശരീഫ്, സിംഗപ്പൂര്‍

ലോകത്തെ ഏറ്റവും വലിയ നിര്‍മാണകേന്ദ്രമാണ് ചൈന. അതുകൊണ്ടുതന്നെ ചൈനീസ് ഉല്‍പന്നങ്ങള്‍ മിക്ക രാജ്യങ്ങളിലും വളരെ വ്യാപകമായി ലഭ്യമാവുന്നു. വലിയ വിലക്കുറവില്‍ സാധനങ്ങള്‍ നിര്‍മിക്കുന്നതുകൊണ്ട് ലോകത്തിലെ എല്ലാ വലിയ ബ്രാന്‍ഡുകളുടെയും പ്രധാന നിര്‍മാണകേന്ദ്രമായും ചൈന മാറി. അമേരിക്കക്കാരുടെ തൊഴില്‍നഷ്ടത്തിന് ട്രംപ് പഴിചാരുന്നതും ചൈനയെത്തന്നെ. അതുകൊണ്ടാണ് ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക വലിയ ചുങ്കം ഈടാക്കുന്നത്. ഇതു കാരണം ചൈനയും അമേരിക്കയും ഇപ്പോള്‍ വലിയ വ്യാപാരയുദ്ധത്തിലാണ്.
ഉല്‍പാദനരംഗത്ത് വലിയ കുതിപ്പുകള്‍ നടത്തിയ ചൈന തന്നെയാണ് മനുഷ്യാവകാശ ലംഘനത്തിലും സ്വാതന്ത്ര്യനിഷേധത്തിലും മുമ്പില്‍ നില്‍ക്കുന്നത്. സമകാലികലോകത്ത് സ്വന്തം ജനങ്ങളെ എത്രത്തോളം അടിമകളും വിധേയരുമാക്കി നിര്‍ത്താം എന്നതിന് ഒന്നാന്തരം ഉദാഹരണങ്ങള്‍ നല്‍കുന്ന രണ്ടു രാജ്യങ്ങളും കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളാണ്;  ഉത്തര കൊറിയയും  ചൈനയും. ചൈനയില്‍ വ്യാപകമായ മനുഷ്യാവകാശലംഘനങ്ങള്‍ പുതുമയുള്ളതല്ലെങ്കിലും ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധം അവിടെ ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന കൊടിയ പീഡനങ്ങളെ ലോകശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഇടയാക്കി. മുസ്‌ലിം പ്രശ്‌നങ്ങളില്‍ നിഷേധാത്മകമായി മാത്രം പ്രതികരിക്കാറുള്ള സാക്ഷാല്‍ ട്രംപ് വരെ ഈ പീഡനങ്ങള്‍ക്കെതിരെ നിലപാടെടുക്കുന്നുണ്ട്.
ചൈനയിലെ വടക്കുപടിഞ്ഞാറായി കിടക്കുന്ന പ്രദേശമാണ് സിന്‍ജിയാങ്. മധ്യേഷ്യന്‍  മുസ്‌ലിം രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സിന്‍ജിയാങ് ഇറാനോളം വലുപ്പമുള്ള പ്രദേശമാണ്. ചൈനയില്‍ ഉള്‍പ്പെടുന്ന സ്വയംഭരണ പ്രദേശം. രണ്ടുകോടിയിലധികം വരുന്ന ജനസംഖ്യയില്‍ പകുതിയും തുര്‍ക്കി ഭാഷ സംസാരിക്കുന്ന ഉയിഗൂര്‍ മുസ്‌ലിംകളാണ്. ഹുയി ചൈനീസ് മുസ്‌ലിംകളും കുറച്ചു ഖസാഖ് മുസ്‌ലിംകളും കൂടി ചേര്‍ന്നാല്‍ അവിടത്തെ മുസ്‌ലിം ജനസംഖ്യ 65 ശതമാനമാണ്. നേരത്തേ ഇതിലും കുടുതലായിരുന്നെങ്കിലും ചൈനീസ് സര്‍ക്കാര്‍ ചൈനയിലെ മറ്റു പ്രദേശങ്ങളിലെ ആളുകളെ സിന്‍ജിയാങിലേക്ക് മാറ്റിപ്പാര്‍പ്പിച്ചുകൊണ്ട് മുസ്‌ലിംജനസംഖ്യ കുറച്ചുകൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു.
ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ മുമ്പും വാര്‍ത്താപ്രാധാന്യം നേടാറുണ്ടെങ്കിലും, കുറച്ചുനാളുകളായി ചൈനീസ് അധികാരികളില്‍നിന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങളുടെ തീവ്രത കൂടിവരികയാണ്. ഏതാണ്ട് പത്തുലക്ഷത്തിലധികം ഉയിഗൂര്‍ മുസ്‌ലിംകളെ (മുപ്പതുലക്ഷത്തോളം വരുമെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്ക്) നൂറുകണക്കിന് വലിയ തടവറകളില്‍ പാര്‍പ്പിച്ചുകൊണ്ട് മസ്തിഷ്‌കപ്രക്ഷാളനം നടത്താനുള്ള അതിക്രൂരമായ നടപടികളാണ് ഇപ്പോള്‍ ചൈനയില്‍ അരങ്ങേറുന്നത്. ഇത്തരത്തിലുള്ള കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ നിലവിലില്ല എന്ന് ചൈനീസ് അധികൃതര്‍ നേരത്തേ വാദിച്ചുവെങ്കിലും തെളിവുകള്‍ പുറത്തുവന്നു തുടങ്ങിയതോടെ തങ്ങളുടെ കള്ളങ്ങള്‍ക്കും ക്രൂരതകള്‍ക്കും പുതിയ പേരും രൂപവും നല്‍കി അവതരിപ്പിച്ചു തുടങ്ങി. 'പുനര്‍വിദ്യാഭ്യാസം', 'തൊഴില്‍ പരിശീലനം',  'ഡീറാഡിക്കലൈസേഷന്‍' തുടങ്ങിയ പേരുകള്‍ നല്‍കി ഉയിഗൂര്‍ വംശജരിലും മറ്റുവിഭാഗങ്ങളിലും പെട്ട മുസ്‌ലിംകളെ ഇസ്‌ലാമില്‍നിന്ന് അകറ്റി കമ്യൂണിസത്തിനും സ്റ്റേറ്റിനും പൂര്‍ണവിധേയത്വം ഉള്ളവരാക്കിമാറ്റാനുള്ള ശ്രമത്തിലാണ് അവിടത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍. ഇത്തരം ക്യാമ്പുകളില്‍ സഹകരിക്കാത്തവരെ വലിയ തോതില്‍ ശാരീരികപീഡനങ്ങള്‍ക്കും വിധേയമാക്കുന്നുന്നെും അവിടെനിന്ന് രക്ഷപ്പെട്ട് വിദേശങ്ങളില്‍ അഭയം തേടിയവര്‍ പറയുന്നു.
2016-ല്‍ ചെന്‍ജു ആന്‍ഖോ എന്ന തീവ്ര കമ്യൂണിസ്റ്റ് പക്ഷപാതി സിന്‍ജിയാങില്‍ ഭരണാധികാരിയായി നിശ്ചയിക്കപ്പെട്ടതോടെയാണ് അവിടങ്ങളില്‍ ഇത്തരത്തിലുള്ള ക്യാമ്പുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. നേരത്തേ തിബത്തില്‍ ദലൈലാമയെയും അനുയായികളെയും ഒതുക്കിയ ഇയാള്‍ ഈ മേഖലയെ ലോകത്തെ ഏറ്റവും വലിയ പോലീസ് സ്റ്റേറ്റാക്കി മാറ്റുകയാണുായത്. എല്ലായിടത്തും സി.സി. ടി.വി ക്യാമറകള്‍ സ്ഥാപിച്ചും ആയിരക്കണക്കിന് ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചും ഒരു തുറന്ന തടവറ തന്നെ. തുടര്‍ന്നാണ് മുസ്‌ലിംകളെ തീവ്രവാദനിര്‍മാര്‍ജനം പറഞ്ഞ് കൂട്ടത്തോടെ അറസ്റ്റ്‌ചെയ്തതും ക്യാമ്പുകളിലേക്ക് മാറ്റിയതും. ബി.ബി.സി, ഫ്രാന്‍സ് 24  ചാനലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ വേഷംമാറി ഈ ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ ശ്രമിച്ചിരുന്നു. ക്യാമ്പുകള്‍ക്കകത്തെത്താന്‍ കഴിഞ്ഞില്ലെങ്കിലും, ഇവയുടെ പുറത്തുനിന്നുള്ള ദൃശ്യങ്ങളും, അതിനടുത്തുള്ള പ്രദേശങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന വീടുകളും വ്യാപാരസ്ഥാപനങ്ങളും പട്ടണങ്ങളും ഗ്രാമങ്ങളും അവര്‍ ലോകത്തിനു കാണിച്ചുകൊടുത്തു. അവിടെ കണ്ട ചില ആളുകളോട് ഇവിടത്തുകാര്‍ എവിടെപോയി എന്ന് ചോദിക്കുമ്പോള്‍ 'വിദ്യാഭ്യാസ ക്യാമ്പിന്' പോയി എന്നായിരുന്നു മറുപടി!

മതങ്ങളുടെ ചീനവത്കരണം
കമ്യൂണിസ്റ്റ് രാജ്യമായ ചൈന ഭരണഘടനാപരമായി നിരീശ്വര രാജ്യമാണെങ്കിലും അഞ്ചു മതങ്ങളെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. ചൈനീസ് ബുദ്ധിസം, ഇസ്‌ലാം, ക്രിസ്തു മതം (കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍), താവോ മതം എന്നിവയാണവ. 2015-ലാണ് മതങ്ങളെ ചീനവത്കരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിക്ക് രൂപംനല്‍കിയത്. ഇതുപ്രകാരം സര്‍ക്കാര്‍ അംഗീകരിച്ച അഞ്ചു മതവിഭാഗങ്ങളും കമ്യൂണിസ്റ്റ് -സോഷ്യലിസ്റ്റ് ആശയങ്ങളുമായി സമരസപ്പെടുന്ന രീതിയില്‍ പ്രവര്‍ത്തനശൈലി മാറ്റണം. ഇങ്ങനെയൊരു മാറ്റം ഉണ്ടാക്കിയെടുക്കാന്‍ കാണിക്കുന്ന വെമ്പലുകളും നടപടികളും പലപ്പോഴും പരിഹാസ്യമാവാറുണ്ട്. അറബിപ്പേരുകള്‍ നീക്കംചെയ്യുക, പള്ളികള്‍ ചൈനീസ് വാസ്തു പാരമ്പര്യം മാത്രം പ്രകടമാകുന്ന രീതിയില്‍ നിര്‍മിക്കുക, പള്ളികളില്‍നിന്ന് അറബി എഴുത്തുകള്‍ നീക്കുക, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിസമയത്ത് നമസ്‌കരിക്കുന്നതും നോമ്പനുഷ്ഠിക്കുന്നതും മുസ്‌ലിംപുരുഷന്മാര്‍ താടിവളര്‍ത്തുന്നതും തടയുക, സ്ത്രീകളെ തലമറക്കാന്‍ സമ്മതിക്കാതിരിക്കുക എന്നിങ്ങനെ പോകുന്നു നിയന്ത്രണങ്ങള്‍. ഈ നീക്കങ്ങളുടെ ഭാഗമായി ധാരാളം പള്ളികളും ചര്‍ച്ചുകളും തകര്‍ക്കപ്പെട്ടിട്ടുമുണ്ട്.
നിലവില്‍ അംഗീകരിച്ച അഞ്ചു മതങ്ങളില്‍ ഇസ്‌ലാമും ക്രിസ്തു മതവും ഒഴികെ ബാക്കിയുള്ളവ ചൈനയില്‍ തന്നെ ഉത്ഭവിച്ചതിനാലും, കൃത്യമായ സാമൂഹികകാഴ്ചപ്പാടുകളൊന്നും ഇല്ലാത്തതിനാലും ഈ നിര്‍ബന്ധിത പരിവര്‍ത്തനത്തിനതിരെ, പ്രത്യേകിച്ച് താവോ -ബുദ്ധിസ്റ്റ് മതങ്ങളില്‍നിന്ന് കാര്യമായ എതിര്‍പ്പുകള്‍ ഉണ്ടാകുന്നില്ല. ഈ നീക്കത്തിന് കൂടുതല്‍ എതിര്‍പ്പുകളുണ്ടാവുന്നത് ഇസ്‌ലാം- ക്രിസ്തു മതങ്ങളില്‍നിന്നാണ്. മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുകൊണ്ട് ക്രിസ്ത്യന്‍ സുവിശേഷകര്‍ക്ക് വലിയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവരുന്നുണ്ട്. ഇസ്‌ലാമിന്റെ സ്വത്വം മുറുകെപ്പിടിച്ച് ഏതു പ്രതിസന്ധിയും മറികടക്കാനുള്ള മുസ്‌ലിംകളുടെ ചങ്കൂറ്റവും ആവേശവും അധികാരികളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്.

ഷി ജിന്‍പിങിന്റെ ഉരുക്കുമുഷ്ടി
2013-ല്‍ ഷി ജിന്‍പിങ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും രാഷ്ട്രത്തലവനുമായി അധികാരത്തില്‍ വന്നതോടെയാണ് മതങ്ങളുടെ നേര്‍ക്കുള്ള അതിക്രമങ്ങള്‍ കൂടിയത്. ചൈനയെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ മുദ്രാവാക്യം അദ്ദേഹം രൂപപ്പെടുത്തി. ശക്തനായ നേതാവിന്റെ കീഴില്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ശക്തമായ പുതിയ ചൈന എന്നതാണത്. ഈ ആശയങ്ങള്‍ക്ക് സ്‌കൂളുകള്‍, മീഡിയ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബില്‍ ബോര്‍ഡ് പരസ്യങ്ങള്‍, ബാനറുകള്‍ തുടങ്ങിയവയിലൂടെ വലിയ പ്രചാരണം നല്‍കി. ഈ പരസ്യങ്ങളിലെല്ലാം തന്റെ ഫോട്ടോയും ചേര്‍ത്തിട്ടുായിരുന്നു. ഈ കാമ്പയിന്‍ ഷി ജിന്‍പിങിനെ ചൈനയിലുടനീളം വലിയ താരമാക്കി മാറ്റിയെടുത്തു. അഴിമതിക്കുറ്റം ചാര്‍ത്തി എതിര്‍ശബ്ദങ്ങളെയെല്ലാം തുടച്ചുനീക്കി. ചെറിയ ഹോട്ടലുകളില്‍നിന്ന് സാധാരണക്കാരന്റെകൂടെ അംഗരക്ഷകരില്ലാതെ ഭക്ഷണം കഴിക്കുന്ന ഫോട്ടോകള്‍ ബോധപൂര്‍വം പ്രചരിപ്പിച്ചു. എല്ലാം തികഞ്ഞ ഒരേകാധിപതി ഉയിര്‍ത്തെഴുന്നേക്കുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്. തന്റെ അധികാരം അരക്കിട്ടുറപ്പിക്കാനുള്ള നടപടികളായിരുന്നു പിന്നീട് ചെയ്തത്. പ്രസിഡന്റുമാര്‍ മാറിമാറി വരുന്ന രീതി മാറ്റി തന്നെ ആജീവനാന്ത പ്രസിഡന്റ് പദവിയില്‍ നിലനിര്‍ത്താനുള്ള നിയമനിര്‍മാണവും നടത്തി; എല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെലവില്‍. തനിക്ക് ഓശാനപാടുന്ന വമ്പന്‍ ധനികരെല്ലാം ഒന്നാന്തരം കമ്യൂണിസ്റ്റുകാരായി മാറി! അങ്ങനെ തൊഴിലാളികളില്‍ അധിഷ്ഠിതമായ കമ്യൂണിസത്തെ മുതലാളികളില്‍ അധിഷ്ഠിതമായ കമ്യൂണിസമാക്കി പരിവര്‍ത്തിപ്പിച്ചു. അവിടത്തെ സാക്ഷാല്‍ തൊഴിലാളികളാവട്ടെ തുഛവേതനത്തിനു അടിമപ്പണിയെടുക്കുന്നവരും.

ലോകം പ്രതികരിക്കുന്നു
ടിയാനന്‍മെന്‍ സ്‌ക്വയറില്‍ പ്രകടനക്കാര്‍ക്കുനേരെ നടത്തിയ ക്രൂരമായ നരമേധത്തിന്റെ മുപ്പതാം വാര്‍ഷികത്തില്‍ ആ സംഭവത്തെ വീണ്ടും ലോകമാധ്യമങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുമ്പോള്‍തന്നെ സമകാലീന ചൈനയില്‍ നടന്നുകൊണ്ടിരിക്കുന്ന ഉയിഗൂര്‍ പീഡനങ്ങളുടെ കഥകളും അവര്‍ ലോകത്തിനു മുമ്പില്‍ എത്തിക്കുന്നു്. തങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണെങ്കിലും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ശക്തമായിത്തന്നെ ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയുടെ അനുസ്മരണച്ചടങ്ങില്‍വെച്ച് ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള ചൈനയുടെ ചെയ്തികളെ അപലപിക്കുകയുായി. ഈ വിഷയത്തില്‍ അമേരിക്ക കടുത്ത നിലപാടെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. വ്യാപാരയുദ്ധം പരിധിവിടുകയാണെങ്കില്‍ ഉയിഗൂര്‍ വിഷയം ഉയര്‍ത്തിക്കാട്ടി ചൈനക്കെതിരെ ചില ഉപരോധങ്ങളിലെക്ക് അമേരിക്ക നീങ്ങിയേക്കാം.
ജൂണ്‍ ആറിന് വാഷിങ്ടണില്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് സംഘടിപ്പിച്ച ഉയിഗൂര്‍ സമ്മേളനത്തില്‍ ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിംകള്‍ നേരിടുന്ന അടിച്ചമര്‍ത്തലുകള്‍ക്കും നീതിനിഷേധങ്ങള്‍ക്കുമെതിരെ ലോകം ഒന്നിക്കേണ്ടതും പ്രതികരിക്കേണ്ടതും അത്യാവശ്യമാണെന്ന് അമേരിക്കന്‍ അസിസ്റ്റന്റ് പ്രതിരോധ സെക്രട്ടറി റാണ്ടാള്‍ ശിവര്‍ അഭിപ്രായപ്പെട്ടിരുന്നു. ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ പാര്‍പ്പിക്കപ്പെട്ട പത്തു ലക്ഷത്തിലധികം വരുന്ന ഉയിഗൂര്‍ മുസ്‌ലിംകളെ ഉടന്‍ വിട്ടയക്കണമെന്നും അദ്ദേഹം ചൈനയോട് ആവശ്യപ്പെട്ടു.
അമേരിക്കയുടെ മറ്റൊരു നയതന്ത്രജ്ഞന്‍ ബ്രൗണ്‍ബാക് മുസ്‌ലിം രാജ്യങ്ങളോടും മറ്റു പാശ്ചാത്യരാജ്യങ്ങളോടും ഉയിഗൂര്‍ വിഷയത്തില്‍ ശക്തമായി ഇടപെടാനും പ്രതികരിക്കാനും ആവശ്യപ്പെട്ടു. അമേരിക്കന്‍ പ്രതിനിധി സഭാ സ്പീക്കറായ നാന്‍സി പെലോസിയാണ് ഉയിഗൂര്‍ വിഷയത്തില്‍ ശക്തമായി ഇടപെടുന്ന മറ്റൊരു അമേരിക്കന്‍ നേതാവ്. അമേരിക്കന്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ശേഷം മൂന്നാംസ്ഥാനമാണ് പ്രതിനിധിസഭാ സ്പീക്കര്‍ക്കുള്ളത്. അവര്‍ പറയുന്നു: ''ഞങ്ങളുടെ മനസ്സും ഹൃദയവും ഉയിഗൂര്‍ ജനതക്കൊപ്പമാണ്. റമദാന്‍ മാസത്തെ നോമ്പ്‌പോലും എടുക്കാന്‍ അനുവദിക്കാത്ത ചൈനീസ് ക്രൂരതയെ ഞങ്ങള്‍ തുറന്നുകാട്ടുകതന്നെ ചെയ്യും.'' അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഉയിഗൂര്‍ വിഷയത്തില്‍ ഇടപെടുന്നതിന് വേണ്ട ബില്ല് തയാറായിവരികയാണ്. അത് യാഥാര്‍ഥ്യമായാല്‍ സിന്‍ജിയാങ് പ്രദേശത്തേക്ക് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധികളെ അയക്കാനും ശ്രമമുായേക്കും. ട്രംപ് ഭരണകൂടം ഈ വിഷയത്തില്‍ അനുകൂല നിലപാടെടുക്കുന്നതുകൊണ്ടുതന്നെ ഇത്തരത്തില്‍ ഒരു ബില്ല് അമേരിക്കന്‍ കോണ്‍ഗ്രസില്‍ പാസ്സാക്കാനും ഇടയുണ്ട്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജനാധിപത്യ- മതകാര്യ തലവന്‍ മൈക്കിള്‍ കോസക് ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന പീഡനത്തെ സ്റ്റാലിന്റെ റഷ്യയോടും ഹിറ്റ്‌ലറുടെ ജര്‍മനിയോടുമാണ് താരതമ്യപ്പെടുത്തിയത്.

മുസ്‌ലിം ലോകത്തിന്റെ നിസ്സംഗത
ലോക ഉയിഗൂര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഡോല്‍കുന്‍ ഈസ പറയുന്നു: ''മുസ്‌ലിം രാജ്യങ്ങള്‍ മിക്കതും ഉയിഗൂര്‍ വിഷയത്തില്‍ മൗനത്തിലാണ്. മുസ്‌ലിംകളാണ് എന്ന കാരണത്താല്‍ ഞങ്ങള്‍ ഈ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നത് തീര്‍ച്ചയായും അപമാനകരമാണ്.'' ടിയാനന്‍മെന്‍ കൂട്ടക്കൊലയുടെ മുപ്പതാം വാര്‍ഷികത്തില്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് സ്വീകരിക്കുന്ന ചടങ്ങിലാണ് അദ്ദേഹം തന്റെ വേദന പങ്കുവെച്ചത്. ജര്‍മനി ആസ്ഥാനമായി ചൈനയിലെ ഉയിഗൂറുക്കള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ലോക ഉയിഗൂര്‍ കോണ്‍ഗ്രസ്സ്.
മ്യാന്മറിലെ റോഹിങ്ക്യാ വിഷയത്തില്‍ കണ്ട ഉണര്‍വൊന്നും ഉയിഗൂര്‍ വിഷയത്തില്‍ കാണാനില്ല. റോഹിങ്ക്യാ വിഷയത്തില്‍ ശക്തമായി പ്രതിഷേധിച്ചതിനു പുറമെ ശക്തമായ നടപടികളും മുസ്‌ലിം നാടുകളില്‍നിന്നുണ്ടായി. പ്രത്യേകിച്ച് തുര്‍ക്കി, മലേഷ്യ പോലുള്ള നാടുകളില്‍നിന്ന്. തുര്‍ക്കിയുടെ ശക്തമായ സ്വാധീനവും പ്രേരണയും സഹായവും കൊണ്ടാണ് ബംഗ്ലാദേശ് റോഹിങ്ക്യാ മുസ്‌ലിംകളോട് അനുഭാവപൂര്‍ണവും ക്രിയാത്മകവുമായ നിലപാടുകള്‍ സ്വീകരിച്ചത്. ഉയിഗൂര്‍ വിഷയത്തില്‍ കിഴക്കനേഷ്യയിലെ കരുത്തരായ ഇന്തോനേഷ്യയും മലേഷ്യയും കാര്യമായി അപലപിച്ചില്ലെങ്കിലും ഈ രാജ്യങ്ങളിലെ ജനങ്ങള്‍ ചൈനീസ് എംബസിക്കു മുന്നില്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. ഇക്കഴിഞ്ഞ ഒ.ഐ.സി. സമ്മേളനവും ഉയിഗൂര്‍ മുസ്‌ലിംകള്‍ നേരിടുന്ന പീഡനങ്ങളെ അപലപിക്കുകയോ പരാമര്‍ശിക്കുകയോ ഉണ്ടായില്ല. ഇറാനും ഈ വിഷയത്തില്‍ മൗനത്തിലാണ്. മുസ്‌ലിം രാജ്യങ്ങളുടെ ഈ നിലപാടിനെ തന്ത്രപരമായ മൗനം എന്നുവേണമെങ്കില്‍ വിശേഷിപ്പിക്കാം.  അമേരിക്കന്‍ ഉപരോധവും യുദ്ധഭീഷണികളും കൊണ്ട് പൊറുതിമുട്ടിയ ഇറാന് ചൈനയാണ് വലിയ ആശ്വാസം. ഈ സമയത്ത് ഉയിഗൂര്‍ വിഷയത്തില്‍ ചൈനയുമായി പിണങ്ങിയാല്‍ അത് ഇറാന്നാകും കൂടുതല്‍ ദോഷം ചെയ്യുക. മറ്റു മുസ്‌ലിം നാടുകളാകട്ടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും സാങ്കേതികവിദ്യകള്‍ക്കും ചെലവുകൂടിയ അമേരിക്കന്‍-യൂറോപ്യന്‍ സ്രോതസ്സിനു പകരമായി ചൈനയെ ആശ്രയിക്കുകയാണ്. ചുരുങ്ങിയ ചെലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഈ സേവനങ്ങള്‍ ചൈനയെ പിണക്കിയാല്‍ നിന്നുപോകുമെന്നും അവര്‍ ഭയക്കുന്നു. മുസ്‌ലിം രാജ്യങ്ങള്‍ ചെകുത്താനും കടലിനും നടുവില്‍ എന്ന അവസ്ഥയിലാണ്. എങ്ങനെ വിശേഷിപ്പിച്ചാലും ഈ മൗനം ന്യായീകരിക്കാന്‍ കഴിയില്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (7-11)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഭൗതിക ജീവിതത്തോടുള്ള വിശ്വാസിയുടെ നിലപാട്
കെ.സി ജലീല്‍ പുളിക്കല്‍