Prabodhanm Weekly

Pages

Search

2019 ജൂണ്‍ 21

3106

1440 ശവ്വാല്‍ 17

ഫിത്വ്‌റ മനുഷ്യന്റെ അനിവാര്യപ്രകൃതം

ഡോ. മുഹമ്മദ് അബ്ദുല്‍ഹഖ് അന്‍സാരി

(ഇമാം ഇബ്‌നുതൈമിയ്യ സമാനതകളില്ലാത്ത പരിഷ്‌കര്‍ത്താവ് - 11)

ഇസ്‌ലാമിന്റെ ശുദ്ധ പ്രകൃതത്തിലാണ് ഓരോ മനുഷ്യനും പിറന്നു വീഴുന്നത്. ഈ പ്രകൃതത്തെ കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ തെറ്റായ വിശ്വാസങ്ങള്‍ വികൃതമാക്കിയിട്ടില്ലെങ്കില്‍ ഇസ്‌ലാമെന്ന സത്യം കണ്ടെത്താനും പുല്‍കാനും ഓരോ മനുഷ്യന്നും കഴിയും. ശുദ്ധ പ്രകൃത(ഫിത്വ്‌റ)ത്തോടെയാണ് ഓരോ മനുഷ്യനും പിറക്കുന്നതെന്നും അവനെ ജൂതനോ ക്രിസ്ത്യാനിയോ മജൂസിയോ ആക്കുന്നത് മാതാപിതാക്കളാണെന്നും പ്രവാചകന്‍ പറഞ്ഞത്1 അതുകൊണ്ടാണ്. ദൈവം മനുഷ്യനെ പടച്ച ഒരു സവിശേഷ പ്രകൃതമുണ്ട്. അതിനെ ഇസ്‌ലാമിന്റെ പ്രകൃതം എന്നു വിളിക്കാം. 'ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലേ' എന്ന് അല്ലാഹു മനുഷ്യകുലത്തെ അഭിസംബോധന ചെയ്ത് ചോദിച്ചപ്പോള്‍, 'അതേ, നീ തന്നെ' എന്നവര്‍ മറുപടി പറഞ്ഞ സന്ദര്‍ഭത്തില്‍ (7:172) ഈ പ്രകൃതം അവര്‍ക്ക് നല്‍കിയിട്ടുണ്ട്. സമൂഹത്തില്‍ പ്രചാരത്തിലുള്ള പലവിധ വിശ്വാസാചാരങ്ങളാല്‍ കളങ്കിതമാവാത്ത ശുദ്ധ പ്രകൃതത്തെയാണ് 'ഫിത്വ്‌റ' എന്നു പറയുക. അത്തരം ശുദ്ധപ്രകൃതം കാത്തുസൂക്ഷിക്കുന്ന വ്യക്തി ഇസ്‌ലാമിനെ പുല്‍കാന്‍ സന്നദ്ധനായിരിക്കും. ഇസ്‌ലാം എന്നാല്‍ സ്രഷ്ടാവായ ദൈവത്തിന് വഴിപ്പെടുന്നതിന്റെ പേരാണ്. മറ്റാര്‍ക്കും വഴിപ്പെടാനും പാടില്ല. 'അല്ലാഹുവല്ലാതെ ദൈവമില്ല' എന്നൊരാള്‍ സത്യസാക്ഷ്യം ഉച്ചരിക്കുമ്പോള്‍ അതാണ് അര്‍ഥമാക്കുന്നത്.
ഈ പ്രകൃതത്തെ പ്രവാചകന്‍ വീണ്ടും ഇങ്ങനെ വിശദീകരിക്കുന്നുണ്ട്: ''ശുദ്ധ പ്രകൃതവുമായി, പൂര്‍ണതയോടെയാണ് മനുഷ്യന്‍ പിറക്കുന്നത്. ഏതെങ്കിലുമൊരു മൃഗത്തിന്റെ കുഞ്ഞ് പിറന്നു വീഴും പോലെതന്നെ. ആ മൃഗക്കുഞ്ഞിന് പൂര്‍ണാകാരം ഉണ്ടാകുമല്ലോ. ചെവികള്‍ക്കോ കണ്ണുകള്‍ക്കോ മറ്റു അവയവങ്ങള്‍ക്കോ ഒരു തകരാറും ഉണ്ടാവുകയില്ല.''2 പ്രവാചകന്‍ ഇവിടെ ഊന്നിപ്പറയുന്നതിതാണ്: ആരോഗ്യമുള്ള ഹൃദയം/മനസ്സ് ആരോഗ്യമുള്ള ശരീരം പോലെയാണ്. കുറവുകളും പോരായ്മകളും വികൃതമാക്കലുമൊക്കെ പിന്നീടുണ്ടാവുന്നതാണ്. സ്വഹീഹ് മുസ്‌ലിമില്‍ ഇയാദു ബ്‌നു ഹിമര്‍ ഉദ്ധരിച്ച ഖുദ്‌സിയായ ഒരു ഹദീസ് ഇങ്ങനെയാണ്: ''ഞാന്‍ എന്റെ ജനത്തെ സൃഷ്ടിച്ചിട്ടുള്ളത് എന്നോടു മാത്രം വിശ്വസ്തതയുള്ളവരായിട്ടാണ്. പിന്നെ പിശാചുക്കള്‍ വന്ന് അവരെ വഴിതെറ്റിച്ചു. ഞാന്‍ അനുവദിച്ചത് അവര്‍ ജനങ്ങള്‍ക്ക് വിലക്കി. എന്നില്‍ പങ്കാളികളെ ചേര്‍ക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തു. ഞാനൊരിക്കലും ഇതിന് അനുമതി നല്‍കിയിട്ടില്ല.''3
ഫിത്വ്‌റയും സത്യവുമായുള്ള ബന്ധം, കണ്ണിലെ പ്രകാശവും സൂര്യനും തമ്മിലുള്ള ബന്ധമാണ്. കണ്ണുള്ളവര്‍ക്കെല്ലാം സൂര്യനെ കാണാം; രണ്ടിനുമിടയില്‍ മറകളോ തടസ്സങ്ങളോ ഒന്നുമില്ലെങ്കില്‍. മറ്റു വിശ്വാസാചാരങ്ങളാണ് ഈ മറകള്‍. സത്യം കാണുന്നതില്‍ അവ മനുഷ്യരെ തടയുകയാണ്. രുചിമുകുളങ്ങള്‍ക്ക് തകരാറൊന്നുമില്ലാത്ത മനുഷ്യന്‍ സ്വാഭാവികമായും മധുരം ഇഷ്ടപ്പെടും; അവക്ക് തകരാറ് പറ്റുമ്പോഴാണ് മധുരം ഇഷ്ടമാകാതെ വരിക.
ഓരോ മനുഷ്യനും ശുദ്ധ പ്രകൃത(ഫിത്വ്‌റ)ത്തോടെ ജനിക്കുന്നു എന്നു പറയുമ്പോള്‍, ഇസ്‌ലാമിക വിശ്വാസങ്ങളുമായാണ് കുഞ്ഞ് പിറക്കുന്നത് എന്നര്‍ഥമില്ല. മാതാവിന്റെ ഗര്‍ഭപാത്രത്തില്‍നിന്ന് പുറത്തുവരുമ്പോള്‍ നമുക്കൊന്നും അറിയില്ല. പക്ഷേ, ജനിച്ചുവീഴുന്ന നിമിഷം നമ്മുടെ ഹൃദയം നിര്‍മലമാണ്.
ഒരു കളങ്കവും അതിലുണ്ടാവില്ല. ഇസ്‌ലാമെന്ന സത്യത്തെ കണ്ടെത്താനും സ്വീകരിക്കാനും അതിന് പ്രയാസമു
ണ്ടാവുകയില്ല. ആ നിര്‍മല ഹൃദയത്തെ മറ്റൊന്നും കളങ്കപ്പെടുത്താതിരുന്നാല്‍ ഇസ്‌ലാമിന്റെ പാതയിലായിരിക്കും അതിന്റെ ഉടമ എത്തിച്ചേരുക. ഇങ്ങനെ അറിയാനും യാതൊരു മറയോ തടസ്സങ്ങളോ ഇല്ലാതെ ഇസ്‌ലാമിലെത്തിച്ചേരാനും കഴിയുന്ന കളങ്കമേശാത്ത ഹൃദയതാളത്തെയാണ് നാം ഫിത്വ്‌റ എന്നു പറയുന്നത്. ആ ഫിത്വ്‌റയോടു കൂടിയാണ് ഓരോ മനുഷ്യനെയും ദൈവം സൃഷ്ടിച്ചിരിക്കുന്നത് (ഫതാവാ 4:245-7).

പ്രവാചകന്മാര്‍ അഭിസംബോധന ചെയ്തത് ഫിത്വ്‌റയെ
മനുഷ്യന്റെ ഈ ശുദ്ധ പ്രകൃതത്തെയാണ് പ്രവാചകന്മാര്‍ അഭിസംബോധന ചെയ്തത്. അതിനോടാണ് അഭ്യര്‍ഥന നടത്തിയത്. കാരണം, ഫിത്വ്‌റക്ക് സത്യജ്ഞാനം സ്വതഃസിദ്ധമാണ്. നിങ്ങള്‍ നിങ്ങളുടെ സ്രഷ്ടാവിനെ അറിയാന്‍ ആദ്യം അവന്റെ അസ്തിത്വത്തെക്കുറിച്ച് പഠിക്കണം, പിന്നെ അതിന് ഉപോദ്ബലകമായ തെളിവുകളും വാദങ്ങളും മനസ്സിലാക്കണം എന്ന മട്ടിലായിരുന്നില്ല ഒരു പ്രവാചകനും തന്റെ ജനതയില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. കാരണം ഓരോ മനസ്സും നേരത്തേതന്നെ ദൈവത്തെ അറിയുന്നുണ്ട്, അംഗീകരിക്കുന്നുണ്ട്. ഫിത്വ്‌റയോടുകൂടിയല്ലാതെ ഒരു കുഞ്ഞും ജന്മമെടുക്കുന്നില്ല. പിന്നീട് ജീവിതത്തില്‍ സംഭവിക്കുന്ന പലതും അതിനു മേല്‍ മറവീഴ്ത്തുകയാണ് ചെയ്യുന്നത്. ഓരോ മനുഷ്യനെയും ഓര്‍മിപ്പിക്കേണ്ട കാര്യമേയുള്ളൂ, അപ്പോഴവന്‍/അവള്‍ തന്റെ ശുദ്ധ പ്രകൃതത്തില്‍ നിലീനമായ അക്കാര്യം ഓര്‍മിച്ചെടുക്കും.
അതുകൊണ്ടാണ് മോസസിനെ (ആരണിനെയും) ഫറോവയുടെ അടുത്തേക്ക് അയച്ചപ്പോള്‍ അല്ലാഹു ഇങ്ങനെ നിര്‍ദേശം കൊടുത്തത്; ''അയാളോട് സൗമ്യവാക്കുകള്‍ പറയുക. അയാള്‍ ഓര്‍ത്തെങ്കിലോ?'' (20:24). ഓരോ മനുഷ്യന്റെയും മൗലിക പ്രകൃതത്തില്‍ നിക്ഷിപ്തമായിട്ടുള്ള ദൈവത്തെക്കുറിച്ചും അവനോടുള്ള തന്റെ ആശ്രിതത്വത്തെക്കുറിച്ചുമുള്ള അറിവ് സ്വയം കണ്ടെത്തി ഓര്‍മിച്ചെങ്കിലോ എന്നര്‍ഥം. ഈ ഓര്‍മിച്ചെടുക്കല്‍ വിശ്വാസത്തിലേക്കു നയിച്ചേക്കാം; അല്ലെങ്കില്‍ ഈ ആന്തരിക അറിവ് മൂടിവെച്ചാലുള്ള 'ശിക്ഷയെക്കുറിച്ച ഭയം' (20:44) അയാളില്‍ ഉണ്ടായേക്കാം. ഈ ഭയവും വിശ്വാസത്തിലേക്ക് നയിക്കാനിടയുണ്ട്. അതുകൊണ്ടാണ് അല്ലാഹു പറഞ്ഞത്: ''താങ്കളുടെ രക്ഷിതാവിന്റെ പാതയിലേക്ക് ക്ഷണിക്കുക; യുക്തിജ്ഞത(ഹിക്മഃ)യോടെ, സദുപദേശ(മൗഇദഃ)ത്തോടെ'' (16:125).
സത്യം വിശദീകരിച്ചു കൊടുക്കുമ്പോള്‍, അത് അഭിസംബോധിതന്‍ തള്ളിക്കളയുന്നതിനു പകരം സ്വീകരിക്കാനുതകുന്ന വിധത്തില്‍ വിശദീകരിക്കുന്നതിനെയാണ് 'ഹിക്മ' എന്നു പറയുന്നത്. തന്റെ പൈശാചിക താല്‍പര്യങ്ങള്‍ക്കുവേണ്ടി അയാള്‍ ആ സത്യത്തെ നിരാകരിക്കുകയാണെങ്കില്‍ മാന്യമായ രീതിയില്‍ അയാളെ ഗുണദോഷിക്കണം ('മൗഇദ ഹസന') എന്നാണ് പിന്നെ പറയുന്നത്.
സത്യം അറിഞ്ഞുകഴിഞ്ഞാല്‍ മനുഷ്യമനസ്സ് അതിനെ സ്വീകരിക്കും. കാരണം സത്യത്തോടുള്ള സ്‌നേഹം മനുഷ്യപ്രകൃതത്തില്‍ നിലീനമാണ്. മനുഷ്യ ഫിത്വ്‌റക്ക് എപ്പോഴും സ്വീകാര്യമാവുക സത്യം തന്നെയായിരിക്കും; ഒരിക്കലും അസത്യമായിരിക്കില്ല. കാരണം ഫിത്വ്‌റയില്‍ അസത്യത്തിന് ഒരു പിടിപാടുമുണ്ടായിരിക്കില്ല. അതിനോടുള്ള വെറുപ്പ് ഫിത്വ്‌റ പ്രകടിപ്പിച്ചുകൊണ്ടിരിക്കും. സത്യം അറിഞ്ഞിട്ടും അത് സ്വീകരിക്കാത്തവരെയാണ് അവര്‍ക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നത്. ശിക്ഷ എന്നത് വേദനാജനകമായ അനുഭവമാണ്. നന്മ സ്വായത്തമാക്കാന്‍ പറ്റിയില്ലെങ്കിലും ശിക്ഷ ഒഴിവാക്കാന്‍ എല്ലാവരും ശ്രമിക്കും.
ചിലയാളുകള്‍ തങ്ങളുടെ തരംതാഴ്ന്ന ഇഛകളിലും ആഗ്രഹങ്ങളിലും അഭിരമിക്കുന്നവരാണ്. മുന്നറിയിപ്പ് നല്‍കപ്പെട്ട ശിക്ഷയെക്കുറിച്ച് അത് വ്യാജമാണെന്ന് അവര്‍ പറയും. അല്ലെങ്കില്‍ അക്കാര്യം തന്നെ മറന്നുകളയാന്‍ ശ്രമിക്കും. എങ്കിലേ മനസ്സാക്ഷിക്കുത്തില്ലാതെ അവര്‍ക്ക് തങ്ങളുടെ പ്രവൃത്തികളില്‍ മുഴുകാനാകൂ. കാരണം, ഈ ശിക്ഷ തിരിച്ചറിയുകയും ഓര്‍ക്കുകയും ചെയ്താല്‍ അവര്‍ക്ക് തങ്ങളുടെ നീചവൃത്തികളില്‍ മുഴുകാന്‍ കഴിയാതെ വരും. ഒരു തിന്മ ചെയ്യുന്നതിനു മുമ്പ് ഒരാള്‍ ഒന്നുകില്‍ അജ്ഞനായിരിക്കും, അല്ലെങ്കില്‍ മറവിക്കാരനായിരിക്കും. അതുകൊണ്ടാണ് ദൈവകല്‍പ്പനകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പാപികളെല്ലാം അജ്ഞാനികളായിപ്പോകുന്നത് (ഫതാവാ 16:338-9).

യുക്തിചിന്ത വേണം, പക്ഷേ അത് മാത്രം പോരാ
പല ദൈവശാസ്ത്രജ്ഞരും തങ്ങളുടെ ആശയങ്ങളെ പൂര്‍ണമായും യുക്തിചിന്തയെ അടിസ്ഥാനപ്പെടുത്തി വ്യാഖ്യാനിക്കുന്നവരാണ്. അതേ യുക്തിയെ അവര്‍ വിശ്വാസത്തിനും ഖുര്‍ആനിനുമൊക്കെ ബാധകമാക്കുകയും ചെയ്യും. യുക്തിയുടെ പൊതുതത്ത്വങ്ങള്‍ വെച്ച് ആര്‍ജിച്ചെടുക്കാവുന്നതാണ് അറിവ്. അതിന് വിശ്വാസമോ ഖുര്‍ആനോ ഒന്നും ആവശ്യമില്ല. ഇതാണ് അവരുടെ കാഴ്ചപ്പാട്. ഒരുവശത്ത്, മിക്ക സ്വൂഫികളും യുക്തിയെ അപഹസിക്കുന്നവരും യുക്തിചിന്തയെ തന്നെ വലിയൊരു അപരാധമായി കാണുന്നവരുമാണ്. സമുന്നതമായ ആധ്യാത്മിക തലങ്ങളിലും പടവുകളിലും എത്തിച്ചേരാന്‍ യുക്തിയെ നിഷേധിക്കുകയേ വഴിയുള്ളൂ എന്നതാണ് അവരുടെ നിലപാട്. യുക്തിയെ തള്ളുന്നതും പരമാനന്ദത്തിലേക്കും ഹര്‍ഷോന്മാദത്തിലേക്കും എത്തിക്കുന്നതുമായ ആശയങ്ങളാണ് അവര്‍ ചര്‍ച്ച ചെയ്യുക. അവര്‍ അവകാശപ്പെടുക, സത്യങ്ങളിലും അനുഭവങ്ങളിലും മാത്രമേ തങ്ങള്‍ക്ക് വിശ്വാസമുള്ളൂ എന്നാണ്. യുക്തിയെ പൂര്‍ണമായി അടിച്ചമര്‍ത്തിയെങ്കില്‍ മാത്രമേ ഈ അനുഭവങ്ങളിലേക്കെത്തിച്ചേരാനാവൂ. യുക്തി പൂര്‍ണമായി നിരാകരിക്കുന്ന കാര്യങ്ങളിലും സ്വൂഫികള്‍ക്ക് വിശ്വാസം കൂടും.
ഈ രണ്ടു നിലപാടുകളും തെറ്റാണ്. ഏത് അറിവിന്റെയും മുന്നുപാധിയാണ് യുക്തി എന്നത്. നന്മയുടെയും നല്ല ജീവിതത്തിന്റെയും മുന്നുപാധിയും അതുതന്നെ. അതിനെ പ്രയോജനപ്പെടുത്തിയാണ് നാം അറിവും സദ്ഗുണങ്ങളും ആര്‍ജിക്കുന്നത്. അതേസമയം യുക്തി എല്ലാം തികഞ്ഞതോ സ്വയംപര്യാപ്തമോ അല്ല. നമ്മുടെ ആത്മാവ് ആര്‍ജിച്ചെടുക്കുന്ന ഒരു ശേഷി മാത്രമാണത്; കണ്ണിന് കാഴ്ചശക്തിയുള്ളത് പോലെ. വിശ്വാസത്തിന്റെയും ഖുര്‍ആനിന്റെയും വെളിച്ചം കിട്ടിയാലേ അത് യഥാവിധം പ്രവര്‍ത്തനക്ഷമമാവൂ; തീയില്‍നിന്നോ സൂര്യനില്‍നിന്നോ മറ്റോ വെളിച്ചം കിട്ടുമ്പോഴാണല്ലോ നമ്മുടെ കണ്ണുകള്‍ക്ക് കാണാനാവുന്നത്.
യുക്തിയെ തനിച്ചു വിട്ടാല്‍, അതിന് സ്വയം അറിയാന്‍ ശേഷിയില്ലാത്ത പലതും അതിന് അറിയാതെ പോകും. മറുവശത്ത്, യുക്തിചിന്തയെ പൂര്‍ണമായി അടിച്ചമര്‍ത്തിക്കഴിഞ്ഞാല്‍ ഒരാള്‍ക്ക് ലഭിക്കുന്ന ആശയങ്ങളും അയാളുടെ ചെയ്തികളുമൊക്കെ ഒരു മൃഗത്തില്‍ സംഭവിക്കുന്നതില്‍നിന്ന് ഏറെയൊന്നും വ്യത്യസ്തമായിരിക്കില്ല. ഒരാള്‍ക്ക് പ്രേമം, ഉന്മാദം പോലുള്ള അനുഭവങ്ങളുണ്ടാകാം. മൃഗങ്ങളുടെ അനുഭവങ്ങളില്‍നിന്ന് അവ ഏറെയൊന്നും അകലെയായിരിക്കില്ല. അതിനാല്‍ യുക്തിയെ പൂര്‍ണമായി  നിരാകരിച്ചുകൊണ്ട് ഒരാള്‍ എത്തിച്ചേരുന്ന നിലകളൊക്കെ അപാകതകള്‍ നിറഞ്ഞതാണ്. യുക്തിയെ നിരാകരിച്ചുകൊണ്ട് നേടിയെടുക്കുന്ന ആശയങ്ങളും അതുപോലെത്തന്നെ.
യുക്തിക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത അറിവുകളുമായാണ് പ്രവാചകന്മാര്‍ വന്നത്. എന്നാലത് യുക്തി അസാധ്യം എന്ന് വിലയിരുത്തുന്നവയുമല്ല. യുക്തിയെ അമിതമായി കൂട്ടുപിടിക്കുന്നവര്‍ കേവല യുക്തിയെ കേന്ദ്രീകരിച്ച് അനിവാര്യം, സാധ്യം, അസാധ്യം എന്നിങ്ങനെ വിഭജനങ്ങള്‍ നടത്തും. തങ്ങള്‍ പറയുന്നത് മാത്രമാണ് ശരി എന്ന മൂഢധാരണയിലുമായിരിക്കുമവര്‍. അബദ്ധമായിരിക്കും അവരുടെ സങ്കല്‍പനങ്ങള്‍. പ്രവാചകന്മാര്‍ പഠിപ്പിച്ചതിനെ വരെ അവര്‍ ചോദ്യം ചെയ്തുകളയും. യുക്തിയെ നിരാകരിക്കുന്നവരും അബദ്ധധാരണകളില്‍ പെട്ടുഴലുകയായിരിക്കും. പൈശാചിക അനുഷ്ഠാനങ്ങളിലും മറ്റും അര്‍മാദിക്കുന്നവരുമായിരിക്കും. നന്മതിന്മകള്‍ വേര്‍തിരിക്കാനുള്ള വിവേചനബുദ്ധി പോലും അവര്‍ക്ക് നഷ്ടമായിട്ടുണ്ടാവും. ദൈവദത്തമായ വിവേചന ബുദ്ധിയാണല്ലോ മനുഷ്യനെ മറ്റു ജീവികളില്‍നിന്ന് ഉയര്‍ത്തിനിര്‍ത്തുന്നത്. അഹ്‌ലുല്‍ ഹദീസില്‍പെട്ട ചിലയാളുകളും ഇതില്‍ ഏതെങ്കിലുമൊരു വിഭാഗത്തിന്റെ ഓരം ചേര്‍ന്നു പോകുന്നതായി കാണാറുണ്ട്. അത്തരക്കാര്‍ ചിലപ്പോള്‍ യുക്തിക്ക് അതിന് നല്‍കേണ്ട ഇടം കൊടുക്കുകയില്ല; മറ്റു ചിലപ്പോള്‍ പ്രവാചകചര്യക്കെതിരെ പോലും അവര്‍ യുക്തി പ്രയോഗിച്ചുകളയും (ഫതാവാ 3:338-9).
 
കുറിപ്പുകള്‍
1.    അല്‍ബാനി - സ്വഹീഹുല്‍ ജാമിഅ് അസ്സഗീര്‍ (ബൈറൂത്ത് 1988). ത്വബറാനിയുടെ റിപ്പോര്‍ട്ട്. തിര്‍മിദിയുടെ റിപ്പോര്‍ട്ടില്‍ 'ഫിത്വ്‌റ' എന്ന വാക്കിനു പകരം 'മില്ലത്ത്' എന്നാണുള്ളത്. ചില്ലറ മാറ്റങ്ങളോടെ ഇത് ബുഖാരിയിലും (ജനാഇസ്: 80, ഖദ്ര്‍: 3) മുസ്‌ലിമിലും (ഖദ്ര്‍: 22,23,24,25) അഹ്മദിന്റെ മുസ്‌നദിലും (11:315,316; 111:435, IV:24) വന്നിരിക്കുന്നു.
2.    അല്‍ ബുഖാരി, സ്വഹീഹ്, ജനാഇസ്: 80,93; മുസ്‌ലിം, സ്വഹീഹ്, ഖദ്ര്‍: 23; അബൂദാവൂദ്: സുനന്‍, സുന്നത്ത്: 17, മാലിക്: അല്‍മുവത്വ, ജനാഇസ്: 53
3.    മുസ്‌ലിം, സ്വഹീഹ്, ജന്നത്ത്: 63; മുസ്‌നദ് IV: 162.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (7-11)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഭൗതിക ജീവിതത്തോടുള്ള വിശ്വാസിയുടെ നിലപാട്
കെ.സി ജലീല്‍ പുളിക്കല്‍