Prabodhanm Weekly

Pages

Search

2019 ജൂണ്‍ 14

3105

1440 ശവ്വാല്‍ 10

കാഴ്ചപ്പാടുകളെ മാറ്റിമറിക്കുന്ന അനുഭവ കുറിപ്പുകള്‍

അന്‍സാറുല്‍ ഇസ്‌ലാം

എല്ലാ കാലത്തും മനുഷ്യന്‍ യാത്രകള്‍ ഇഷ്ടപ്പെടുന്നു. ഇത്രമേല്‍ യാത്രകള്‍ ഇഷ്ടപ്പെടാന്‍ എന്താവും കാരണം? ഒരു പക്ഷേ സദാ ചലിച്ചുകൊണ്ടിരിക്കുക എന്ന മനുഷ്യപ്രകൃതി മൂലമാവാം. അല്ലെങ്കില്‍ കണ്ടതു തന്നെ വീണ്ടും വീണ്ടും കാണുന്നതിലെ, അനുഭവിച്ചതു തന്നെ വീണ്ടും വീണ്ടും അനുഭവിക്കുന്നതിലെ ആവര്‍ത്തന വിരസതയുടെ ചങ്ങലകള്‍ പൊട്ടിച്ചെറിയാനുള്ള ത്വര കൊണ്ടാവാം. നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടങ്ങളുടെ ഫലവും ആവാം.
ഭൂമി പരന്നത് എന്നു വിശ്വസിച്ചിരുന്ന കാലത്തു പോലും ജീവന്‍ പണയം വെച്ച് കടലിലൂടെ കപ്പലോടിച്ചു പോയവരുടെ കഥകള്‍ ചരിത്രത്തില്‍ ധാരാളമായി രേഖപ്പെടുത്തിയിട്ടു്. പലപ്പോഴും ചരിത്രം പോലും രൂപപ്പെടുന്നത് യാത്രികരിലൂടെയായിരിക്കും. യാത്ര കഴിഞ്ഞെത്തുന്ന സിന്ദ്ബാദിന്റെ വിവരണങ്ങള്‍ കേള്‍ക്കാന്‍ ദര്‍ബാറില്‍ തടിച്ചുകൂടാറുള്ള ജനങ്ങളെ അറബിക്കഥകളില്‍ വായിക്കാം. യാത്ര പോലെ തന്നെ യാത്രാ വിവരണങ്ങളും അത്രമേല്‍ പ്രിയങ്കരമാണ് മനുഷ്യന്. കാരണം അതവന്റെ മനസ്സിനെ യാത്രികന്റെ അനുഭവങ്ങളോടൊപ്പം സഞ്ചരിക്കാന്‍ വിടും. മുഹമ്മദ് അസദിന്റെ 'ദ റോഡ് ടു മക്ക' വായിക്കുമ്പോള്‍ നമ്മളും ഒട്ടകപ്പുറത്തേറി അറേബ്യന്‍ മരുഭൂമിയിലൂടെ സഞ്ചരിക്കുകയായിരിക്കും. യാത്രികന്റെ സംഘര്‍ഷങ്ങള്‍ നമ്മളും പങ്കുവെക്കും.
യാത്രികന്‍ തന്റെ അനുഭവങ്ങളെ അക്ഷരങ്ങളുടെ കരവിരുതാല്‍ തളച്ചിടുമ്പോഴാണ് യാത്രാ വിവരണം ഹൃദ്യമാവുന്നത്. യാത്രകളുടെ അനുഭവങ്ങള്‍ പറയുന്ന പുസ്തകങ്ങള്‍ മലയാളത്തിലും ധാരാളം ഉണ്ടായിട്ടുണ്ട്. അവയില്‍നിന്ന് പല നിലയില്‍ വ്യത്യസ്തമാണ് ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച വി. മുസഫര്‍ അഹമ്മദിന്റെ 'മരിച്ചവരുടെ നോട്ടുപുസ്തകം.' യാത്രകളും അവയുടെ അനുഭവങ്ങളും പ്രവാസവുമെല്ലാം കോറിയിട്ടതാണ് ഈ പുസ്തകം.
ജീവിതം ഹ്രസ്വമാണ്. ഇന്നേവരെ ഭൂമിയില്‍ പിറന്നുവീണിട്ടുള്ള ഓരോ മനുഷ്യശരീരത്തിലും അന്തിമ വിജയം നേടിയിട്ടുള്ളത് മരണമാണ്. പ്രപഞ്ചത്തില്‍ ജീവന്‍ അവശേഷിക്കുന്നേടത്തോളം കാലം ഈ പ്രതിഭാസം തുടരുക തന്നെ ചെയ്യും. ജനനത്തിനും മരണത്തിനും ഇടക്കുള്ള ഹ്രസ്വമായ സമയത്തിനിടക്ക് ജീവിതത്തില്‍ പലതും സംഭവിക്കുന്നു. അവ മനുഷ്യന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നു.
വ്യക്തിത്വ വികാസത്തില്‍ യാത്ര, പ്രവാസം തുടങ്ങിയവ വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല. എല്ലാ കാലത്തും മനുഷ്യന്റെ വ്യക്തിത്വ രൂപീകരണത്തില്‍ യാത്രക്ക് ഒഴിച്ചുകൂടാനാവാത്ത പങ്കാണ് അവകാശപ്പെടാനുള്ളത്. യാത്ര മനുഷ്യന് നിരന്തരം ജീവിത പാഠങ്ങള്‍ പകര്‍ന്നുനല്‍കിക്കൊണ്ടിരിക്കുന്നു. 'മനുഷ്യന്‍ ഇത്ര കഷ്ടപ്പെട്ട് ജീവിക്കുന്നത് മരിക്കാനാണ്' എന്ന സത്യം ലേഖകന് പകര്‍ന്നു നല്‍കുന്നത് യാത്രക്കിടെ പരിചയപ്പെട്ട വിജയരാഘവന്‍ നമ്പ്യാരാണ്. ആന്തമാനിലേക്ക് നടത്തിയ മറ്റൊരു യാത്ര അദ്ദേഹത്തെ കൊണ്ട് പ്രകൃതിയെക്കുറിച്ച് ആഴത്തില്‍ ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്.
യാത്രകള്‍ അങ്ങനെയാണ്. അത് നമ്മെ കണ്ണു തുറപ്പിക്കും, നാം കണ്ടിട്ടില്ലാത്തത് കാട്ടിത്തരും. 'സുഊദി സിനിമാ ഡയറീസ്' എന്ന ലേഖനത്തില്‍ ലേഖകന്‍ പ്രവാസിയുടെ ചിത്രം വരച്ചിടുന്നതു വായിക്കാം. ഇവിടെ പ്രതിപാദ്യ വിഷയം പ്രവാസത്തിന്റെ പ്രതീക്ഷകളും പൂവണിയാതെ പോവുന്ന സ്വപ്‌നങ്ങളുമാണെങ്കില്‍ മറ്റൊരു ലേഖനത്തിലേക്കെത്തുമ്പോള്‍, അത് പ്രവാസത്തെ പറ്റിയുള്ള ഗൃഹാതുര ഓര്‍മകളായി പരിണമിക്കുന്നു.
'മരിച്ചവരുടെ നോട്ടുപുസ്തകം' യാത്രാവിവരണത്തിന്റെ ചട്ടക്കൂടില്‍ ഒതുങ്ങുന്ന ഒന്നല്ല. എന്നാല്‍ മിക്കവാറും ലേഖനങ്ങളില്‍ യാത്രയുണ്ട്. യാത്ര എന്ന രൂപകമില്ലാതെ ഒരു കലയും സാഹിത്യവും സൃഷ്ടിക്കാനായിട്ടില്ല എന്നു പറഞ്ഞുവെക്കുന്നു ലേഖകന്‍.
'ഓര്‍ക്കുന്നു: ആയുസ്സില്‍ ഒരുപാടു കാലം ഞാനീ ഭൂലോകത്തില്‍ ചുറ്റിക്കറങ്ങിയിട്ടുണ്ട്. അലഞ്ഞു നടന്നിട്ടുണ്ട്. തനിച്ച്. തനിച്ച്.' വൈക്കം മുഹമ്മദ് ബഷീറിന്റെ വാക്കുകള്‍. പിന്നീട് ബഷീറിനെ ബഷീറാക്കുന്നത് ഈ യാത്രകളാണെന്നു കാണാം. യാത്ര അങ്ങനെയാണ്. അത് അനുഭവങ്ങളുടെ ലോകത്തേക്ക് മനുഷ്യനെ പിടിച്ചുയര്‍ത്തുന്നു.
മുസഫര്‍ അഹമ്മദിനെ വായിക്കുമ്പോള്‍ വായനക്കാരും എഴുത്തുകാരനോടൊപ്പം അവര്‍ പോലുമറിയാതെ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നു. ലേഖകന്‍ കണ്ട കാഴ്ചകള്‍ വാങ്മയ ചിത്രങ്ങളായി വായനക്കാരും കാണുന്നു. ജീവിത കാഴ്ചപ്പാടുകളെ സംബന്ധിച്ച ഗൗരവപ്പെട്ട പുനര്‍ വിചിന്തനങ്ങളിലേക്ക് പുസ്തകം വായനക്കാരെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (4-6)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആര് ഭക്ഷിച്ചാലും കര്‍ഷകന് ഗുണമുണ്ട്
സാലിം അബ്ദുല്‍ മജീദ്‌