Prabodhanm Weekly

Pages

Search

2019 ജൂണ്‍ 14

3105

1440 ശവ്വാല്‍ 10

ഭരണനിര്‍വഹണം കാര്യക്ഷമമാക്കാന്‍

ഡോ. മുഹമ്മദ് അബ്ദുല്‍ഹഖ് അന്‍സാരി

(ഇമാം ഇബ്‌നുതൈമിയ്യ സമാനതകളില്ലാത്ത പരിഷ്‌കര്‍ത്താവ് - 10)

ഇസ്‌ലാമിക സമൂഹം ഒരു സംഘടിത സമൂഹമാണ്. ഭരണകൂടമാണ് അതിന്റെ കാര്യങ്ങള്‍ കൊണ്ട് നടത്തേണ്ടത്. ഭരണകൂടമില്ലെങ്കില്‍, അങ്ങനെയൊരു ഭരണം സ്ഥാപിക്കാന്‍ സമൂഹം ബാധ്യസ്ഥമാണ്. ഖവാരിജ് പോലുള്ള ചില ബിദഈ പ്രസ്ഥാനങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍, സമൂഹത്തിലെ ബാക്കി മുഴുവന്‍ ധാരകളും ഒരു ഭരണകൂടം (ഇമാമത്ത്) ഉണ്ടാക്കുന്നത് തങ്ങളുടെ ബാധ്യതയായി മനസ്സിലാക്കുന്നു. കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുക, സമൂഹത്തിന്റെ ക്ഷേമവും സന്തോഷവും ഉറപ്പ് വരുത്തുക, നിത്യേനയുള്ള സംഘടിത നമസ്‌കാരങ്ങളും ജുമുഅ-ഈദ് നമസ്‌കാരങ്ങളും നിലനിര്‍ത്തുക, ഹജ്ജ് യാത്രകള്‍ സംഘടിപ്പിക്കുക, സകാത്ത് സംഭരിച്ച് വിതരണം നടത്തുക, യഥാര്‍ഥ ഇസ്‌ലാമികാദര്‍ശം പ്രചരിപ്പിക്കുകയും അതിനെ ബഹുദൈവത്വ അനുഷ്ഠാനങ്ങളില്‍നിന്ന് സംരക്ഷിക്കുകയും ചെയ്യുക, സമൂഹത്തിന്റെ നൈതിക-സദാചാര മൂല്യങ്ങള്‍ സംരക്ഷിക്കുക, നന്മ കല്‍പിക്കുകയും തിന്മ തടയുകയും ചെയ്യുക, ശിക്ഷാവിധികള്‍ നടപ്പാക്കുക, എല്ലാ മേഖലകളിലും നീതിയും സമാധാനവും പുലരുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക, അകത്ത് നിന്നും പുറത്തുനിന്നുമുള്ള ഛിദ്രശക്തികളെ തടയുക. ഇതൊക്കെയാണ് ഭരണകൂടത്തിന്റെ ഉത്തരവാദിത്തങ്ങള്‍. എല്ലാ മേഖലകളിലും ദീന്‍ സ്ഥാപിക്കുക (ഇഖാമത്തുദ്ദീന്‍) എന്നര്‍ഥം.

ഈ ബാധ്യത മതപരമാണോ അല്ലേ എന്നൊക്കെയുള്ള ചര്‍ച്ച വേറെ നടക്കുന്നുണ്ട്. ഈ ബാധ്യത മതപരം (ശര്‍ഈ) എന്നതിനോടൊപ്പം വളരെ യുക്തിസഹവുമാണെന്ന് മുഅ്തസിലകള്‍ വാദിക്കുന്നു. കേവലം മതബാധ്യതയാണ് എന്നതാണ്  അശ്അരി പക്ഷം. ഭരണകൂട സംസ്ഥാപനം ശര്‍ഈ ബാധ്യതയാണെന്നതോടൊപ്പം, യുക്തിപരമായി ചിന്തിച്ചാലും അതേ നിഗമനത്തിലാണെത്തുക എന്ന് ഇബ്‌നുതൈമിയ്യ സമര്‍ഥിക്കുന്നു. മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്. നീതിപൂര്‍വം ഭരിക്കപ്പെടുന്ന ഒരു വ്യവസ്ഥാപിത സമൂഹത്തില്‍ മാത്രമേ വ്യക്തി ആഹ്ലാദചിത്തനും സുരക്ഷിതനും ആയിത്തീരുകയുള്ളൂ. നീതിമാനായ ഭരണാധികാരിയെ കണ്ടെത്തി അദ്ദേഹത്തിന്റെ ആജ്ഞകളെനുസരിച്ച് ജീവിക്കാന്‍ പ്രവാചകന്‍ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. ശരീഅത്തിലെ പല ആജ്ഞാ നിര്‍ദേശങ്ങളും- സകാത്ത് സംഭരണവും വിതരണവും, ശിക്ഷാ വിധികള്‍ നടപ്പാക്കല്‍, നീതി സ്ഥാപിക്കല്‍ തുടങ്ങിയവ- പ്രയോഗവത്കരിക്കണമെങ്കില്‍ നല്ല കാര്യക്ഷമതയുള്ള ഭരണകൂടം ഉണ്ടാവണം. പൊതുജനം ഭരണാധികാരിയെ അനുസരിക്കണമെന്നും ഭരണാധികാരി ജനങ്ങളോടുള്ള ബാധ്യതകള്‍ നിറവേറ്റണമെന്നും ആവശ്യപ്പെടുന്നുണ്ട് ഖുര്‍ആനിലും ഹദീസിലും പലയിടങ്ങളിലും. ശര്‍ഈയായും യുക്തിപരമായും അതൊരു സമൂഹ ബാധ്യതയായി മാറുന്നത് അതുകൊണ്ടാണ്. അത് കേവലം ബാധ്യത മാത്രമല്ല, അല്ലാഹുവിന്റെ തൃപ്തി(രിദാ)യും അടുപ്പ(ഖുര്‍ബ്)വും നേടിത്തരുന്ന ഒരു പുണ്യകര്‍മവും കൂടിയാണ്. പല പ്രമുഖരും ചിന്തിക്കുന്നത് പോലെ, ഭരണകൂട നിര്‍മിതി എന്നത് ഒരു സെക്യുലര്‍ ആശയമൊന്നുമല്ല.

മുസ്‌ലിം സമൂഹത്തില്‍ അഭിപ്രായ ഏകോപനമുള്ള ഇസ്‌ലാമിക ഭരണകൂടം എന്ന ആശയത്തിന്റെ കേന്ദ്ര ബിന്ദു യഥാര്‍ഥ ഭരണാധികാരി ദൈവമാണ് എന്നതാണ്.ജനതതികളെ സൃഷ്ടിച്ച് പരിപാലിക്കുന്നത് അവനായതുകൊണ്ട് അവന് തന്നെയാണ് അവരെ ഭരിക്കാനുള്ള അവകാശം. അവന് മാത്രമാണ് പരമാധികാരം (Sovereignty); നിയമദാതാവും അവന്‍ തന്നെ. മനുഷ്യരായ ഭരണാധികാരികള്‍ അധികാര പ്രയോഗം നടത്തേണ്ടത് ദൈവം നിശ്ചയിച്ച പരിധികള്‍ക്കത്ത് നിന്നുകൊണ്ടാണ്. അവന്‍ നേരിട്ടോ പ്രവാചകന്‍ വഴിയോ നല്‍കിയ നിയമങ്ങളാണ് ഭരണനിര്‍വഹണത്തിന് ആധാരമാവേണ്ടത്. ഭരണാധികാരികള്‍ തങ്ങള്‍ ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ദൈവത്തിന് മുന്നില്‍ കണക്ക് പറയാന്‍ ബാധ്യസ്ഥരാണ്. മറ്റു വാക്കുകളില്‍ പരഞ്ഞാല്‍, അധികാരമെന്നാല്‍ വിശ്വസിച്ചേല്‍പിച്ച (അമാനത്ത്) ഒന്നാണ്. ട്രസ്റ്റീകള്‍ ആയാണ് ഭരണാധികാരികള്‍ വര്‍ത്തിക്കേണ്ടത്. ഭരണാധികാരത്തെ കുറിക്കാന്‍ ഖിലാഫ എന്ന വാക്കല്ല, അമാനഃ എന്ന വാക്കാണ് ഇബ്‌നുതൈമിയ്യ സാധാരണ പ്രയോഗിക്കാറ്. അദ്ദേഹം ചിന്തിക്കുന്നത്, ഭരണത്തിലെ ഏറ്റവും ഉയര്‍ന്ന അധികാര കേന്ദ്രമായ ഇമാമിനെ 'ദൈവ പ്രതിനിധി' (ഖലീഫ) എന്ന് വിളിക്കുമ്പോള്‍ യഥാര്‍ഥ അധികാരം ഇല്ലാതായിപ്പോയി എന്നൊരു ധ്വനി അതിലുണ്ടെന്നാണ്; അല്ലെങ്കിലത് വ്യക്തിപരമായി ഭരണാധികാരിയുടെ കഴിവില്ലായ്മയെ സൂചിപ്പിക്കുന്നുണ്ടെന്നാണ്. ഈ അനുമാനത്തിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഇതൊക്കെ ഭാഷാപരമായ ചില സൂക്ഷ്മ വ്യത്യാസങ്ങളാണ്. പ്രയോഗ തലത്തില്‍ നിങ്ങള്‍ ഭരണാധികാരിയെ അമീര്‍ എന്ന് വിളിച്ചാലും ഖലീഫ എന്ന് വിളിച്ചാലും അതൊരു വ്യത്യാസവും ഉണ്ടാക്കുന്നില്ല.
ഇസ്‌ലാമിക ഭരണസംവിധാനത്തിന്റെ തലവനായ ഇമാമിനെ/ ഖലീഫയെ തെരഞ്ഞെടുക്കേണ്ടത് മുസ്‌ലിം സമൂഹത്തിനകത്ത് നിന്നാണ്. അത് ഖുറൈശി ഗോത്രത്തില്‍നിന്നാവല്‍ നിര്‍ബന്ധമാണോ? പല മുസ്‌ലിം നിയമജ്ഞരും, ഭരണാധികാരി ഖുറൈശി ഗോത്രക്കാരനാവണം എന്ന് അഭിപ്രായപ്പെട്ടവരാണ്. ഖവാരിജ് വിഭാഗമാണ് ആദ്യമായി ഭിന്നാഭിപ്രായം പ്രകടിപ്പിച്ചത്. വേണ്ട യോഗ്യതകള്‍ ഒത്തുവരികയാണെങ്കില്‍ ഏതൊരു മുസ്‌ലിമിനും ഇമാമാവാന്‍ യോഗ്യതയുണ്ടെന്ന് അവര്‍ വാദിച്ചു. അഹ്‌ലുസ്സുന്ന വല്‍ ജമാഅയില്‍ പെട്ട ഖാദി അബൂബക്കര്‍ ബാഖില്ലാനി (മ. 404/1013)യും, ഓരോ വിശ്വാസിക്കും ഖലീഫയാകാന്‍ അര്‍ഹതയുണ്ടെന്ന് പറഞ്ഞതായി ഇബ്‌നു ഖല്‍ദൂന്‍ രേഖപ്പെടുത്തുന്നു.1 പക്ഷേ, ഇബ്‌നുതൈമിയ്യ ഭൂരിപക്ഷം പണ്ഡിതന്മാരോടൊപ്പം മറുപക്ഷത്താണ്. അതേസമയം, ഖുറൈശികളില്‍ യോഗ്യരില്ലെങ്കില്‍ ഖുറൈശികളല്ലാത്തവരെയും പരിഗണിക്കാമെന്ന അഭിപ്രായവും അദ്ദേഹത്തിനുണ്ട്. ഇമാമിന്റെ തെരഞ്ഞെടുപ്പ്, ഇലക്ട്രറല്‍ കോളേജി(അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദ്)ന്റെ രൂപവത്കരണം, തെരഞ്ഞെടുക്കപ്പെട്ട ഇമാം പൊതുജനസമ്മതം വാങ്ങല്‍ (ബൈഅത്ത്) തുടങ്ങിയ കാര്യങ്ങളില്‍ ഭൂരിപക്ഷ പണ്ഡിതാഭിപ്രായത്തോടൊപ്പമാണ് ഇബ്‌നുതൈമിയ്യയും ഉള്ളത്. എന്നാല്‍ ഇമാമത്തിന്റെ യോഗ്യതകള്‍ പറയുമ്പോള്‍, തന്റെ മുന്‍ഗാമികളായ മാവര്‍ദി(മ. 450/1058)യേക്കാളും, അബൂയഅ്‌ല(മ. 490/1097)യേക്കാളും പ്രായോഗികമായി ചിന്തിക്കുന്നുണ്ട് ഇബ്‌നുതൈമിയ്യ.
ഇമാമിന്/ഭരണാധികാരിക്ക് തെറ്റ് പറ്റാം; പാപങ്ങള്‍ തന്നെ ചെയ്‌തെന്നു വരാം. മറ്റു അഹ്‌ലുസ്സുന്ന പണ്ഡിതന്മാരെപ്പോലെ, ഇമാം തെറ്റുപറ്റാത്തവനും അപ്രമാദിത്യമുള്ളവനുമാണെന്ന ശീഈ വാദത്തെ ഇബ്‌നുതൈമിയ്യയും തള്ളിക്കളയുന്നുണ്ട്. അലി-ഫാത്വിമ (അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ) കുടുംബത്തിലേക്ക് ഇമാമത്തിനെ പരിമിതപ്പെടുത്താനുള്ള ശീഈ യത്‌നങ്ങളെയും അദ്ദേഹം ചോദ്യം ചെയ്യുന്നു. ഭരണാധികാരി ചില ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചില്ലെങ്കില്‍ അയാളെ പുറത്താക്കാമെന്ന ഭൂരിപക്ഷ പണ്ഡിതാഭിപ്രായത്തോടൊപ്പമാണ് ഇബ്‌നുതൈമിയ്യയും നിലകൊള്ളുന്നത്. അതേസമയം ഇമാം ചെയ്യുന്ന കാര്യങ്ങള്‍ തെറ്റല്ലെങ്കില്‍ അദ്ദേഹത്തെ അനുസരിക്കാനുള്ള ബാധ്യത സമൂഹത്തിനു ഉണ്ട് താനും. ദൈവധിക്കാരപരമായ നടപടികളില്‍ ഭരണാധികാരി ഏര്‍പ്പെടുമ്പോള്‍ മാത്രമാണ് പൊതുസമൂഹത്തിന് അയാളെ അനുസരിക്കാതിരിക്കാന്‍ അനുവാദമുള്ളത്.
മേല്‍ വിവരിച്ച പ്രകാരമുള്ള ഇമാമത്തോ ഖിലാഫത്തോ ആണ് ഇസ്‌ലാമിലെ യഥാര്‍ഥ ഭരണസംവിധാനം. ഇനിയൊരാള്‍ ഈ പ്രക്രിയകളിലൂടെയൊന്നും കടന്നുപോകാതെ അധികാരം പിടിച്ചെടുത്ത് അവിടെ ശരീഅത്ത് നടപ്പാക്കുന്നു എന്നു കരുതുക. എങ്കില്‍ താല്‍ക്കാലിക നീക്കുപോക്ക് എന്ന നിലയിലേ അതിനെ അംഗീകരിക്കാന്‍ പറ്റൂ. രാജഭരണ(മുല്‍ക്)വും ചില സന്ദര്‍ഭങ്ങളില്‍ നിയമസാധുതയുള്ള ഭരണ സംവിധാനമായി കണക്കാക്കപ്പെട്ടേക്കാം. പക്ഷേ അതൊരിക്കലും ഇസ്‌ലാമിന്റെ മാതൃകാ ഭരണ സംവിധാനമല്ല. രാജഭരണത്തെ മാറ്റാന്‍ ശ്രമിക്കുമ്പോള്‍ അത് കൂടുതല്‍ അപകടങ്ങളിലേക്ക് രാഷ്ട്രത്തെ തള്ളിവിടുമെങ്കിലാണ് അതിന് നിയമാനുസൃതത്വം കൈവരിക. നീക്ക് പോക്ക് സംവിധാനമാണെങ്കിലും, ഖിലാഫത്തിന് ബാധകമായതൊക്കെ രാജഭരണത്തിനും ബാധകമായിരിക്കും. അതുകൊണ്ട് രാജഭരണവും നേരത്തേപ്പറഞ്ഞ നിയമങ്ങള്‍ക്കും പരിധികള്‍ക്കും അകത്താണ് പ്രവര്‍ത്തിക്കേണ്ടത്. നിരൂപാധിക രാജഭരണം ഇസ്‌ലാമില്‍ അചിന്ത്യമാണ്.
ഖിലാഫത്ത് വ്യവസ്ഥയുടെ ഭരണഘടന, അധികാരം വിവിധ വകുപ്പുകള്‍ക്ക് വീതിച്ചു നല്‍കല്‍, ഇതുപോലുള്ള മറ്റു വിശദാംശങ്ങളൊക്കെ, സച്ചരിതരായ ഖലീഫമാരുടെ  (ഖുലഫാഉറാശിദൂന്‍) മാതൃകയുടെ വെളിച്ചത്തില്‍ തീരുമാനിക്കാവുന്നതാണ്. ഏതു ഭരണ മാതൃകയുടെയും അടിസ്ഥാനമാവേണ്ടത്, എല്ലാ വിഭാഗം ജനങ്ങളുടെയും സുസ്ഥിതി ഉറപ്പുവരുത്തുക എന്നതായിരിക്കണം. ഒരിക്കലുമത് ഒരു വ്യക്തിയിലേക്കോ കുടുംബത്തിലേക്കോ ഗോത്രത്തിലേക്കോ വര്‍ഗത്തിലേക്കോ വംശത്തിലേക്കോ ചുരുങ്ങിപ്പോകരുത്.
ഇബ്‌നുതൈമിയ്യയുടെ ആശയലോകത്തിന്റെ ചില പ്രധാന വശങ്ങള്‍ മാത്രമാണ് നാമിത് വരെ പ്രതിപാദിച്ചത്. നാം വിശകലനം ചെയ്യാത്ത വേറെയും ധാരാളം ആശയങ്ങളുണ്ട്. 'ശൈഖുല്‍ ഇസ്‌ലാമി'ന്റെ കൃതികളിലൂടെ കടന്നുപോകുന്ന വായനക്കാരന് അവ കണ്ടെത്താനാവും. അവയും ഇതുപോലെ വളരെയേറെ താല്‍പര്യജനകവും നമ്മുടെ ചിന്തയെ ഉദ്ദീപിപ്പിക്കുന്നവയുമാണ്. കേവല ആശയരൂപീകരണം നടത്തുക മാത്രമായിരുന്നില്ല ഇബ്‌നുതൈമിയ്യ. ആ ആശയങ്ങള്‍ അദ്ദേഹം പ്രചരിപ്പിച്ചു, അവക്ക് വേണ്ടി പോരാടി, അതിന്റെ പേരില്‍ എതിരാളികള്‍ അഴിച്ചുവിട്ട മര്‍ദനപീഡനങ്ങള്‍ ക്ഷമയോടെ ഏറ്റുവാങ്ങി. അതിന്റെ പേരില്‍ പലതവണ അദ്ദേഹം തടവറയില്‍ അടക്കപ്പെട്ടു. തടവറയില്‍ വെച്ച് തന്നെയായിരുന്നു ആ ജീവന്‍ പൊലിഞ്ഞതും; ഒരു ധീര രക്തസാക്ഷിയെപ്പോലെ.
ഇബ്‌നുതൈമിയ്യ ജിഹാദ് നടത്തിയത് പേന കൊണ്ട് മാത്രമായിരുന്നില്ല; വാളു കൊണ്ടുമായിരുന്നു. അതിക്രമികളായ മംഗോളുകള്‍ക്കെതിരെ പൊരുതാന്‍ രാപ്പകല്‍ ഭേദമില്ലാതെ അദ്ദേഹം മുസ്‌ലിം സൈനിക വ്യൂഹങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. അവരോടൊപ്പം ചേര്‍ന്ന് അദ്ദേഹവും ഒരു സാദാ സൈനികനായി പടവെട്ടി. ഒടുവില്‍ മംഗോളുകള്‍ക്ക് പിന്‍വാങ്ങേണ്ടിവന്നു. ഈ ഭാഗം നാം പരാമര്‍ശിച്ചിട്ടില്ല. അതുപോലെത്തന്നെ, മുസ്‌ലിം സമൂഹത്തില്‍ വേരുപിടിച്ച ബഹുദൈവത്വപരമായ ആചാരങ്ങള്‍(ശിര്‍ക്ക്)ക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങളും നാം വിട്ടുകളഞ്ഞിരിക്കുകയാണ്; അവ സവിശേഷ പഠനം അര്‍ഹിക്കുന്നുണ്ടെങ്കിലും.

 

കുറിപ്പ്

1. ഇബ്‌നു ഖല്‍ദൂന്‍: മുഖദ്ദിമ (ദാറു ബഹ്‌സ്, മക്ക, 1978) പേജ് 194

(Ibn Taymiyya Expounds on Islam  എന്ന കൃതിക്ക് ഡോ. മുഹമ്മദ് അബ്ദുല്‍ ഹഖ് അന്‍സാരി എഴുതിയ ആമുഖ പഠനം ഇവിടെ അവസാനിച്ചു. ഇബ്‌നുതൈമിയ്യയുടെ കൃതികൡനിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ഭാഗങ്ങള്‍ അടുത്ത ലക്കങ്ങളില്‍ വായിക്കാം).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (4-6)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആര് ഭക്ഷിച്ചാലും കര്‍ഷകന് ഗുണമുണ്ട്
സാലിം അബ്ദുല്‍ മജീദ്‌