Prabodhanm Weekly

Pages

Search

2019 ജൂണ്‍ 14

3105

1440 ശവ്വാല്‍ 10

ഇസ്‌ലാമിനെ അനുഭവിച്ചറിയുമ്പോള്‍

ശൈഖ് മുഹമ്മദ് കാരകുന്ന്

വിശുദ്ധ ഖുര്‍ആന് മികച്ച ഇംഗ്ലീഷ് പരിഭാഷയൊരുക്കിയ എഴുത്തുകാരനാണ് മുഹമ്മദ് മാര്‍മഡ്യൂക് പിക്താള്‍ (1875-1936). മധ്യപൂര്‍വദേശത്ത് ബ്രിട്ടീഷ് സര്‍ക്കാരിന്റ ജീവനക്കാരനായി ജോലിചെയ്യുകയായിരുന്നു പിക്താള്‍. അവിടെ വെച്ചുണ്ടായ ഒരനുഭവമാണ് അദ്ദേഹത്തെ സന്മാര്‍ഗത്തിലേക്ക് നയിച്ചത്.
ഒരു ദിവസം പിക്താള്‍ തന്റെ വീടിന്റെ മുകളില്‍ കാറ്റുകൊണ്ടിരിക്കുകയായിരുന്നു. തൊട്ടു മുന്നിലുള്ള വീട്ടിലേക്ക് ഒരു ഇടയ ബാലന്‍ കയറിവന്നു. വീട്ടുകാരനുമായി സംസാരിച്ചുകൊണ്ടിരിക്കെ അയാള്‍ ഇടയ ബാലനെ രൂക്ഷമായി ആക്ഷേപിച്ചു. പിന്നെ ശകാരിച്ചു. അവസാനം പ്രഹരിക്കുകയും ചെയ്തു. എന്നിട്ടും ആ ചെറുപ്പക്കാരന്‍ പ്രതികാരമൊന്നും ചെയ്തില്ല. കരുത്തനായ ആ യുവാവ് അനങ്ങാതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ പിക്താളിന് വല്ലാത്ത വിസ്മയം തോന്നി. അദ്ദേഹം താഴെയിറങ്ങി ആ ഇടയ ബാലനെ അടുത്തേക്ക് വിളിച്ചു. എന്താണ് സംഭവമെന്ന് അന്വേഷിച്ചു.

'ഞാന്‍ അദ്ദേഹത്തില്‍നിന്ന് അല്‍പം പണം കടം വാങ്ങിയിരുന്നു. നിശ്ചിത ദിവസം അത് തിരിച്ചു കൊടുക്കാന്‍ കഴിഞ്ഞില്ല. അതിനാലാണ് അദ്ദേഹം എന്നെ ആക്ഷേപിക്കുകയും അടിക്കുകയും ചെയ്തത്.' ഇടയ ബാലന്‍ അറിയിച്ചു.
'പണം തിരിച്ചുകൊടുത്താല്‍ തീരുന്നതല്ലേ പ്രശ്‌നം? താന്‍ അത് കൊടുക്കാന്‍ തയാറുമാണ്. അവധി തെറ്റിയെന്നല്ലേയുള്ളൂ. അതിന് താന്‍ അയാളുടെ അടി കൊള്ളണമോ? നിനക്ക് നല്ല കരുത്തില്ലേ? തിരിച്ചടിച്ചുകൂടായിരുന്നോ?'പിക്താള്‍ ചോദിച്ചു.
'വാക്ക് ലംഘിക്കാന്‍ പാടില്ലെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. കരാര്‍ തെറ്റിച്ചതിലൂടെ ഞാന്‍ ഒരു തെറ്റു ചെയ്തിരിക്കുന്നു. ഇനി എന്നേക്കാള്‍ പ്രായമുള്ള അദ്ദേഹത്തെ തിരിച്ചടിച്ചാല്‍ മറ്റൊരു തെറ്റു കൂടി ചെയ്തവനായിത്തീരും. അങ്ങനെ കുറ്റവാളിയായി എനിക്ക് എന്റെ ദൈവത്തെ കണ്ടുമുട്ടാനാവില്ല.' ഇടയ ബാലന്‍ പറഞ്ഞു.
ഈ മറുപടി പിക്താളിനെ കൂടുതല്‍ അത്ഭുതസ്തബ്ധനാക്കി. നിരവധി നൂറ്റാണ്ടുകള്‍ മുമ്പ് ജീവിച്ച പ്രവാചകന്‍ മുഹമ്മദിന്റെ വാക്കുകള്‍ ഈ ചെറുപ്പക്കാരനെ ഇത്രയേറെ സ്വാധീനിക്കുന്നതെങ്ങനെ? ഇത് പ്രവാചകനെപ്പറ്റി പഠിക്കാന്‍ പിക്താളിന് പ്രേരണയായി. ആ പഠനം പരിശുദ്ധ ഖുര്‍ആനിലേക്കുമെത്തി. ആ പഠനത്തിലൂടെ ഇസ്‌ലാം ആശ്ലേഷിച്ച അദ്ദേഹം ഖുര്‍ആന് മനോഹരമായ ഒരു ഇംഗ്ലീഷ് പരിഭാഷയും തയാറാക്കി.

ലോറന്‍ ബൂത്ത്

സമീപകാലത്ത് ഇസ്‌ലാം സ്വീകരിച്ചവരില്‍ ഏറെ ശ്രദ്ധേയയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറുടെ ഭാര്യാ സഹോദരി ലോറന്‍ ബൂത്ത്. അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകയായിരുന്നു അവര്‍. തന്റെ ജോലിയുടെ ഭാഗമായി ലണ്ടനിലെ മെയില്‍ ഓണ്‍ സണ്‍ഡേ പത്രത്തിന്റെ ലേഖികയായി അവര്‍ ഫലസ്ത്വീനിലേക്ക് പോയി. യാത്രക്കു മുമ്പ് അവരുടെ മനസ്സിലുണ്ടായിരുന്ന ധാരണ ഭീകരവാദികളുടെ നാടാണ് അതെന്നായിരുന്നു. അതിനാല്‍ ഫലസ്ത്വീനിലേക്ക് പുറപ്പെടുമ്പോള്‍ നല്ല ഭയമുായിരുന്നു. നിരപരാധികളെ ക്രൂരമായി കൊല്ലുക, ചാവേറുകളായി സ്വയം നശിക്കുകയും മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്യുക, റോഡുകളില്‍നിന്ന് ആളുകളെ പിടിച്ചുകൊണ്ടുപോയി വീട്ടില്‍ വെച്ച് കഴുത്തറുത്ത് കൊല്ലുക പോലുള്ള ക്രൂരകൃത്യങ്ങള്‍ ചെയ്യുന്ന കുറ്റവാളികളുടെ നാടായാണ് ലോറന്‍ ഫലസ്ത്വീനെ കിരുന്നത്.
അങ്ങനെ ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള പടിഞ്ഞാറേ കരയില്‍ അവര്‍ വിമാനമിറങ്ങി. എന്നാല്‍ അവര്‍ക്ക് യാത്രാസാമഗ്രികള്‍ വിട്ടുകിട്ടിയില്ല.
ലോറന്‍ ബൂത്ത് റാമല്ലയിലൂടെ നടക്കാന്‍ തുടങ്ങി. നല്ല തണുപ്പുള്ള കാലമായിരുന്നു അത്. പെട്ടെന്ന് മധ്യവയസ്‌കയായ ഒരു സ്ത്രീ അവരുടെ കൈക്ക് പിടിച്ചു. ആ സ്ത്രീ അവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അപ്പോള്‍ ലോറന്‍ ബൂത്ത് വിചാരിച്ചത് തന്നെ കൊല്ലാന്‍ കൊണ്ടുപോവുകയാണെന്നാണ്. അവര്‍ക്ക് അറബി അറിയുമായിരുന്നില്ല. ആ സ്ത്രീക്ക് ഇംഗ്ലീഷും അറിയില്ലായിരുന്നു. അതിനാല്‍ ആശയവിനിമയം സാധ്യമായില്ല. വീട്ടിലെത്തിയ ഉടനെ ആ സ്ത്രീ അവര്‍ക്ക് ചുടു കാപ്പിയും പലഹാരങ്ങളും നല്‍കി. അകത്തുപോയി മകളുടെ സ്വറ്റര്‍ എടുത്തുകൊണ്ടുവന്നു. അതു കൊണ്ട് അവര്‍ ലോറന്‍ ബൂത്തിനെ പുതപ്പിച്ചു. പിന്നീട് അവരെ കൊണ്ടുവന്ന അതേ സ്ഥലത്ത് തിരിച്ചുകൊണ്ടുപോയാക്കി. ഇതേക്കുറിച്ച് ലോറന്‍ ബൂത്ത് പറഞ്ഞത്, തന്റെ ആദ്യത്തെ ഫലസ്ത്വീനിയന്‍ ഇസ്‌ലാമിക അനുഭവം എന്നാണ്. ഫലസ്ത്വീനില്‍ കഴിച്ചുകൂട്ടിയ മൂന്നുവര്‍ഷം തനിക്കുണ്ടായ ഇത്തരം അനേകം അനുഭവങ്ങളാണ് അവരെ ഇസ്‌ലാമിനെ പഠിക്കാന്‍ പ്രേരിപ്പിച്ചത്. ആ പഠനമാണ് അവരെ 2010-ല്‍ ഇസ്‌ലാമിലെത്തിച്ചത്.

യുവാന്‍ റിഡ്‌ലി

യുവാന്‍ റിഡ്‌ലി ബ്രിട്ടീഷ് പത്രപ്രവര്‍ത്തകയായിരുന്നു. ഇസ്‌ലാമിന്റെ സ്ത്രീവിരുദ്ധതയും പുരുഷമേധാവിത്വവും നേരില്‍ കണ്ട് പഠിക്കാനാണ് അവര്‍ 2001-ല്‍ അഫ്ഗാനിസ്താനിലേക്ക് പോയത്. പാസ്‌പോര്‍ട്ടോ വിസയോ ഉണ്ടായിരുന്നില്ല. പര്‍ദ ധരിച്ച് വേഷപ്രഛന്നയായാണ് യാത്രചെയ്തത്. ചാരപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കെ അവര്‍ താലിബാന്‍കാരുടെ പിടിയിലായി. 13 ദിവസം അഫ്ഗാനിസ്താനിലെ ജയിലില്‍ കഴിയേണ്ടിവന്നു. എന്നാല്‍ അവരെ പിടികൂടിയപ്പോഴും തടവുജീവിതകാലത്തും വളരെ മാന്യമായാണ് താലിബാന്‍കാര്‍ അവരോട് പെരുമാറിയത്. അതുകൊണ്ടുതന്നെ അവരുടെ സമീപനത്തില്‍ ആകൃഷ്ടയായ യുവാന്‍ റിഡ്‌ലി ഖുര്‍ആന്റെ ഇംഗ്ലീഷ് പരിഭാഷ വായിക്കാന്‍ സന്നദ്ധയായി. അത് വായിക്കാമെന്ന നിബന്ധനയോടെ താലിബാന്‍കാര്‍ അവരെ മോചിപ്പിക്കുകയും ചെയ്തു. നാട്ടിലെത്തിയ യുവാന്‍ റിഡ്‌ലി ഖുര്‍ആന്‍ തുറന്നപ്പോള്‍ ആദ്യമായി ശ്രദ്ധയില്‍പെട്ടത് നാലാം അധ്യായമായ അന്നിസാഅ് (സ്ത്രീകള്‍) ആണ്. 'പുരുഷ മേധാവിത്വത്തിന്റെ മതമായ' ഇസ്‌ലാമിന്റെ വേദഗ്രന്ഥത്തില്‍ സ്ത്രീയെക്കുറിച്ച് ഒരധ്യായമോ? എങ്കില്‍ പുരുഷന്മാരെ കുറിച്ച് എത്ര അധ്യായം ഉണ്ടാകുമെന്ന് അവര്‍ ആലോചിച്ചു. തുടര്‍ന്ന് 114 അധ്യായങ്ങള്‍ പരിശോധിച്ചു. എന്നാല്‍ പുരുഷനെ സംബന്ധിച്ച ഒരു അധ്യായവും കാണാന്‍ കഴിഞ്ഞില്ല. ഇതുണ്ടാക്കിയ വിസ്മയത്തോടെയാണ് അവര്‍ വായന ആരംഭിച്ചത്. പഠനം മുന്നോട്ടു പോയതോടെ അവര്‍ ഇസ്‌ലാമില്‍ ആകൃഷ്ടയായി. അങ്ങനെ സന്മാര്‍ഗം സ്വീകരിച്ച യുവാന്‍ റിഡ്‌ലി ഇന്ന് ലോകത്തിലെ ഏറ്റവും ശ്രദ്ധേയയായ ഇസ്‌ലാമിക പത്രപ്രവര്‍ത്തകയാണ്.

മുറാദ് ഹോഫ്മാന്‍

ഡോ. മുറാദ് വില്‍ഫ്രഡ് ഹോഫ്മാന്‍ പ്രശസ്ത ജര്‍മന്‍ നയതന്ത്രജ്ഞനാണ്. അള്‍ജീരിയന്‍ ജീവിതകാലത്തുണ്ടായ ഇസ്‌ലാം അനുഭവങ്ങളാണ് അദ്ദേഹത്തെ സത്യാന്വേഷണത്തിന് പ്രേരിപ്പിച്ചത്. അള്‍ജീരിയന്‍ വിമോചനസമരത്തിന്റെ അനന്തര ഫലങ്ങള്‍ നേരില്‍ കാണാനും അനുഭവിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. 1987 മുതല്‍ 1990 വരെ അള്‍ജീരിയയിലെ അംബാസഡറായിരുന്നു. 1990 മുതല്‍ 1994 വരെ മൊറോക്കോയിലെ അംബാസഡറും. അള്‍ജീരിയയിലായിരിക്കെ അവിടത്തുകാരുടെ യൂറോപ്പിനോടും യൂറോപ്പുകാരോടുമുള്ള വിരോധം വളരെ കടുത്തതായിരുന്നു. എന്നിട്ടും തന്നോടു കാണിച്ച ഉയര്‍ന്ന മാനവിക സമീപനമാണ് അദ്ദേഹത്തെ സ്വാധീനിച്ചത്. അള്‍ജീരിയയിലായിരിക്കെ ഭാര്യക്ക് രോഗമായി. സമയം അര്‍ധരാത്രിയായിരുന്നു. ആശുപത്രിയിലേക്ക് എടുക്കാന്‍ എന്തുചെയ്യണമെന്നറിയാതെ പ്രയാസപ്പെട്ടുകൊണ്ടിരിക്കെ ഒരു ചെറുപ്പക്കാരന്‍ സഹായത്തിനെത്തി. അദ്ദേഹം അവരെ ആശുപത്രിയിലെത്തിച്ചു. ഭാര്യയെ പരിശോധിച്ച ഡോക്ടര്‍ രക്തം വേണമെന്ന് ആവശ്യപ്പെട്ടു. വിദേശിയായ തനിക്ക് എങ്ങനെ രക്തം കിട്ടുമെന്ന് അറിയാതെ പ്രയാസപ്പെട്ടുനില്‍ക്കെ ആ ചെറുപ്പക്കാരന്‍തന്നെ സഹായത്തിനെത്തി. പ്രതിഫലം നല്‍കിയപ്പോള്‍ അദ്ദേഹം ഹോഫ്മാനോട് പറഞ്ഞത് 'ഇത് എന്റെ ഇസ്‌ലാമിക ബാധ്യതയാണ്' എന്നാണ്. ഇതുപോലുള്ള അനുഭവങ്ങളും അള്‍ജീരിയന്‍ ജനതയുടെ ധീരതയും മരണഭയമില്ലായ്മയും ഹോഫ്മാനെ ആകര്‍ഷിച്ച ഘടകങ്ങളാണ്. മറ്റു പലരില്‍നിന്നും വ്യത്യസ്തമായി ഇസ്‌ലാമിക കലയും മുറാദ് ഹോഫ്മാനെ സത്യപാതയിലേക്ക് നയിക്കുന്നതില്‍ അനല്‍പമായ പങ്കുവഹിച്ചു.
'ജേര്‍ണി ടു മക്ക', 'ഇസ്‌ലാം ദി ആള്‍ട്ടര്‍നേറ്റീവ്' തുടങ്ങി ശ്രദ്ധേയങ്ങളായ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് ഡോക്ടര്‍ മുറാദ് വില്‍ഫ്രഡ് ഹോഫ്മാന്‍. ഇപ്പോള്‍ തുര്‍ക്കിയിലെ ഇസ്തംബൂളില്‍ താമസിക്കുന്നു.

അടിയാറിന്റെ മനംമാറ്റം

1975-ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഡി.എം.കെ നേതാവായിരുന്ന അടിയാര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും ഡി.എം.കെയെ വളര്‍ത്തി ശക്തിപ്പെടുത്തിയ നേതാവാണ് അടിയാര്‍. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ 120 നോവലുകളും 13 നാടകങ്ങളും മറ്റു 13 പുസ്തകങ്ങളും എഴുതിയിരുന്നു അദ്ദേഹം. 1982-ല്‍ കലൈ മാമുനി അവാര്‍ഡ് ലഭിച്ചു. ദൈവ വിശ്വാസിയല്ലാതിരുന്ന അടിയാറിന്റെ ജയില്‍ കൂട്ടുകാരന്‍ സലീം എന്ന ചെറുപ്പക്കാരനായിരുന്നു. ആ യുവാവിന്റെ സ്വഭാവ മേന്മയും ജീവിത വിശുദ്ധിയും സേവനസന്നദ്ധതയും അടിയാറിനെ അതിയായി ആകര്‍ഷിച്ചു. സലീം പാരായണം ചെയ്തിരുന്നു ഖുര്‍ആന്‍ പരിഭാഷയിലും അടിയാറിന് താല്‍പര്യമുണ്ടായി. ഖുര്‍ആന്‍ പരിഭാഷയില്‍ ആകൃഷ്ടനായ അദ്ദേഹം 1987 -ല്‍ ഇസ്‌ലാം സ്വീകരിച്ചു. അബ്ദുല്ല എന്ന പേര് സ്വീകരിച്ച അടിയാര്‍ പിന്നീട് 1996 സെപ്റ്റംബര്‍ 19-ന് പരലോകം പ്രാപിക്കും മുമ്പെ ഇസ്‌ലാമിനെ സംബന്ധിച്ച് 12 പുസ്തകങ്ങള്‍ രചിക്കുകയുണ്ടായി.

ചേര്‍ത്തു നിര്‍ത്തുന്നവര്‍

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവര്‍ണര്‍ ജനറലും 'സ്വതന്ത്ര' പാര്‍ട്ടിയുടെ സ്ഥാപക നേതാവും അഖിലേന്ത്യാ അധ്യക്ഷനുമായിരുന്ന രാജഗോപാലാചാരി മുസ്ലിം സമൂഹത്തോട് ഏറെ ചേര്‍ന്ന് നില്‍ക്കുകയും അവരെ ചേര്‍ത്തു നിര്‍ത്തുകയും ചെയ്യാന്‍ കാരണം ഒരു മുസ്‌ലിം ശിപായിയില്‍നിന്ന് അദ്ദേഹത്തിനുണ്ടായ അനുഭവമാണ്. രാജാജി കട്ടക്കില്‍ ഗവര്‍ണറുടെ വീട്ടില്‍ താമസിക്കവെ അവിടെ ഉണ്ടായിരുന്ന മുസ്‌ലിം ശിപായിയുടെ ജീവിതരീതി അദ്ദേഹത്തെ ഹഠാദാകര്‍ഷിച്ചു. തികഞ്ഞ മതനിഷ്ഠ പുലര്‍ത്തിയ ആ ശിപായിയെ അടുത്തറിഞ്ഞ രാജാജി അക്കാരണത്താല്‍ മാത്രം 'സ്വരാജ്യ' എന്ന ഇംഗ്ലീഷ് പത്രത്തില്‍, മുസ്‌ലിംകള്‍ ചെറുപ്രായത്തില്‍ കുട്ടികള്‍ക്ക് മതവിദ്യാഭ്യാസം നല്‍കുന്നതിനെ ഏറെ പ്രശംസിച്ച് ലേഖനമെഴുതി.
പ്രശസ്ത നിയമജ്ഞനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.ആര്‍ ദാസിനെ അഗാധമായി സ്വാധീനിക്കാന്‍ അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ സാമ്പത്തിക ഇടപാടുകളിലെ വിശുദ്ധി കാരണമായതായി തമിഴ്‌നാട്ടിലെ പ്രമുഖ ഇസ്‌ലാമിക പ്രവര്‍ത്തകനായിരുന്ന എം.എ ജമീല്‍ അഹ്മദ് തന്റെ പ്രബോധനാനുഭവങ്ങളില്‍ വിവരിക്കുന്നു.
അദ്ദേഹം തന്നെ, ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീറായിരുന്നു സിറാജുല്‍ ഹസന്‍ സാഹിബിന്റെ ഒരു അനുഭവം രേഖപ്പെടുത്തുന്നു്:
'ഒരിക്കല്‍ സിറാജ് സാഹിബ് ടൈംസ് ഓഫ് ഇന്ത്യയുടെ പത്രാധിപരും ആര്‍.എസ്.എസ് ചിന്തകനുമായ ഗിരിലാല്‍ ജെയിനിനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു. ജൂണ്‍ മാസം ആയതിനാല്‍ കഠിനമായ ചൂടുണ്ടായിരുന്നു. ഗിരിലാലിന്റെ പേരക്കുട്ടിയോട് സിറാജുല്‍ ഹസന്‍ സാഹിബ് അല്‍പം വെള്ളം ആവശ്യപ്പെട്ടു.
അത് കൊണ്ടുവന്നു കൊടുത്ത കുട്ടിയോട് വെള്ളം കുടിച്ച ഉടനെ ദൈവത്തെ സ്തുതിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'എന്നും ഇങ്ങനെ പ്രസന്നവതിയായിരിക്കാന്‍ മോളെ ദൈവം അനുഗ്രഹിക്കട്ടെ.'
പിന്നീട് സിറാജുല്‍ ഹസന്‍ സാഹിബും ഗിരിലാലും സംഭാഷണത്തിലേര്‍പ്പെട്ടു. അല്‍പം കഴിഞ്ഞപ്പോള്‍ ആ ബാലികയുടെ അമ്മ ഒരു വലിയ തളികയില്‍ മധുര പലഹാരങ്ങളും പാലും കൊണ്ടുവന്നു. അത് സിറാജ് സാഹിബിന്റെ മുമ്പില്‍ വച്ച് അവര്‍ പറഞ്ഞു: 'ഇത് താങ്കള്‍ക്ക് തരണമെന്ന് എന്റെ മകള്‍ക്ക് വലിയ നിര്‍ബന്ധം. അവള്‍ പറയുകയാണ്, അപ്പൂപ്പനെ കാണാന്‍ എന്നും പലരും വരാറുണ്ട്. എന്നാല്‍ ഇന്നേവരെ അവരിലാരും എന്നെ ആശീര്‍വദിച്ചിട്ടില്ല. ഇന്ന് ഒരു മഹാന്‍ വന്നിരിക്കുന്നു. നീ എന്നും പ്രസന്നവതിയായിരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെയെന്ന് അദ്ദേഹം എനിക്കുവേണ്ടി പ്രാര്‍ഥിച്ചു.'
ഇതു കേട്ട സിറാജ് സാഹിബ് പറഞ്ഞു: 'ഒരാള്‍ ഉപകാരം ചെയ്താല്‍ അയാളെ അഭിനന്ദിക്കുക; അയാള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക; ഇത് മുഹമ്മദ് നബിയുടെ അധ്യാപനമാണ്.'
ഇത്തരം ചെറിയ അനുഭവങ്ങള്‍ പോലും മനുഷ്യരെ വളരെയേറെ സ്വാധീനിച്ചേക്കാം.
അതുകൊണ്ടുതന്നെ സഹോദര സമുദായങ്ങളുമായി പരമാവധി അടുക്കാനും അങ്ങനെ അവര്‍ക്ക് ഇസ്‌ലാമിനെ അനുഭവിച്ചറിയാനും അവസരമൊരുക്കാന്‍ ഏവരും ബാധ്യസ്ഥരാണ്. മികച്ച ഇസ്ലാമിക പ്രബോധനം എന്നതുപോലെത്തന്നെ സാമുദായിക ധ്രുവീകരണവും വര്‍ഗീയവല്‍ക്കരണവും തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗവും ഇതുതന്നെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (4-6)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആര് ഭക്ഷിച്ചാലും കര്‍ഷകന് ഗുണമുണ്ട്
സാലിം അബ്ദുല്‍ മജീദ്‌