വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍
ഒരു ഗുരുകുലം. ഗുരു തന്റെ ശിഷ്യന്മാരുമായി നീന്തല്‍കുളത്തിലേക്ക് പോയി. ഓരോരുത്തരായി ചാടി, കുളം മുഴുവന്‍ നീന്തി തിരിച്ചുകയറണം എന്നായിരുന്നു ഗുരുവിന്റെ നിര്‍ദേശം. കൂട്ടത്തില്‍, ആദ്യം ചാടാനുള്ള ഭയം കൊണ്ട് ഒരു ശിഷ്യന്‍ എല്ലാ തവണയും പിന്‍വാങ്ങി നിന്നു. ഇത് ഗുരുവിന്റെ ശ്രദ്ധയില്‍പെട്ടു. എന്നാല്‍ ഗുരു തന്റെ ശിഷ്യനോട് അതിന്റെ കാരണം ചോദിച്ചില്ല. അടുത്ത തവണ എല്ലാവരും ചാടാന്‍ നിന്നപ്പോള്‍ ഗുരു, പിന്‍വാങ്ങി നിന്നിരുന്ന ശിഷ്യനെ വെള്ളത്തിലേക്ക് തള്ളിയിട്ടു. ആദ്യം ശിഷ്യന്‍ ഒരുപാട് വെപ്രാളപ്പെട്ടെങ്കിലും, പിന്നെ അനായാസമായി കുളം മുഴുവന്‍ നീന്തിക്കയറി. അവന്റെ ഭയം ഇല്ലാതായി. ശേഷം, ഗുരു അവനെ ചേര്‍ത്തു പിടിച്ച് തന്റെ ശിഷ്യന്മാരെ അടുത്തു വിളിച്ച് ഇപ്രകാരം പറഞ്ഞു: ''നിങ്ങള്‍ക്ക് ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിടേണ്ടിവരും. നിങ്ങള്‍ ഉടനടി ചുമതലയേല്‍ക്കേണ്ടതോ അല്ലെങ്കില്‍ ചുമതലയേല്‍പ്പിക്കപ്പെടേണ്ടതോ ആയിരിക്കും അത്തരം സന്ദര്‍ഭങ്ങള്‍. അന്നേരം അതിനോട് വിമുഖതയോ അലംഭാവമോ കാണിച്ചാല്‍ പിന്നീട് അത് നിങ്ങള്‍ക്ക് വിനയായിത്തീരും. അത്തരം സന്ദര്‍ഭങ്ങളില്‍ സ്വയം മുന്നോട്ടു വരാനും അതേറ്റെടുക്കാനും നിങ്ങള്‍ക്ക് കഴിയണം. അതിനുള്ള ഒരു ചെറിയ പരിശീലനമാണ് ഇന്ന് ഞാന്‍ ഇവന് നല്‍കിയത്.''
നാം നേടുന്ന വിദ്യാഭ്യാസം, അത് നമുക്ക് എങ്ങനെയാണ് പ്രയോജനപ്പെടേണ്ടത്, അതിലൂടെ നാം എന്താണ് ലക്ഷ്യം വെക്കേണ്ടത്, ലക്ഷ്യത്തിലേക്ക് നാം എന്താണ് ആദ്യമായി ചെയ്യേണ്ടത് എന്നീ ചോദ്യങ്ങള്‍ക്കുള്ള ലളിതമായ ഉത്തരമാണ് ഈ കഥ. കേവലം അറിവ് നേടുക എന്നതിലുപരി വിദ്യ അഭ്യസിക്കുന്നതിലൂടെ അത് ഉപയോഗപ്പെടുത്താനുള്ള കഴിവും സ്വായത്തമാക്കണം. അറിവിനെയും അനുഭവത്തെയും സമന്വയിക്കലാണ് യഥാര്‍ഥ വിജ്ഞാനം. ഏതെങ്കിലുമൊന്നിന്റെ അഭാവം വിജ്ഞാനത്തെ നിരര്‍ഥകമാക്കും.
യഥാര്‍ത്ഥ വിജ്ഞാനം രണ്ട് കല്ലുകള്‍ പരസ്പരം കൂട്ടിയുരച്ചാലുണ്ടാകുന്ന തീ പോലെയാണ്. അറിവും അനുഭവവുമാണ് ആ രണ്ട് കല്ലുകള്‍. ഇങ്ങനെയുണ്ടാകുന്ന തീയിനെ ജ്വലിപ്പിച്ചുനിര്‍ത്തുന്നത് മനുഷ്യന്റെ ബുദ്ധിയും. അറിവും അനുഭവവുമാകുന്ന ഈ രണ്ടു കല്ലുകള്‍ കൂട്ടിയുരച്ച് തീയുണ്ടാക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നതാണ് വിദ്യാഭ്യാസം.
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍ കൃത്യമായി നിര്‍ണയിക്കപ്പെട്ട ഒന്നല്ല. കാലദേശങ്ങള്‍ക്കനുസൃതമായി അത് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. എന്നാല്‍ ഈ ലക്ഷ്യങ്ങളുടെയെല്ലാം സംഗ്രഹം, മനുഷ്യനെ പ്രബുദ്ധനാക്കുക എന്നതാകുന്നു. വിജ്ഞാനം നേടാനുള്ള മനുഷ്യന്റെ നിരന്തര തൃഷ്ണയെ സാക്ഷാത്കരിക്കാനുതകുന്നതാണ് അവന്റെ വിദ്യാഭ്യാസം. മനുഷ്യനെ പ്രബുദ്ധനാക്കുന്നതിലൂടെ വിദ്യാഭ്യാസം സാധ്യമാക്കുന്നത് ഒരു സമൂഹത്തിന്റെ തന്നെ അഭിവൃദ്ധിയും വളര്‍ച്ചയുമാണ്. പാഠശാലകള്‍ ഈ ലക്ഷ്യമാണ് സാക്ഷാത്കരിക്കേണ്ടത്.
ഇസ്ലാമിക ചരിത്രത്തിലെ നാഴികക്കല്ലാണ് ദാറുല്‍ അര്‍ഖം. പ്രഥമഘട്ടത്തില്‍ ഇസ്ലാം ആശ്ലേഷിച്ചവരുടെ അഭയസ്ഥാനമായിരുന്നു ആ വീട്. ഇസ്ലാമിക പ്രബോധനം ആരംഭിച്ച് നാല് വര്‍ഷം കഴിഞ്ഞാണ് നബി (സ) ദാറുല്‍ അര്‍ഖമിനെ പ്രബോധന കേന്ദ്രമാക്കുന്നത്. രഹസ്യമായി ഇസ്ലാം സ്വീകരിച്ച ചെറുപ്പക്കാരനായ അര്‍ഖ(റ)മിന്റെ സ്വഫാ താഴ്‌വാരത്തുള്ള വീടാണത്. എന്നാല്‍, അതൊരു അഭയ കേന്ദ്രം മാത്രമായിരുന്നില്ല, ഇസ്‌ലാമിലെ ആദ്യ പാഠശാല കൂടിയായിരുന്നു.
അല്ലാഹുവിന്റെ പ്രവാചകനായിരുന്നു ദാറുല്‍ അര്‍ഖമിലെ അധ്യാപകന്‍. മക്കയിലെ വര്‍ത്തക പ്രമാണിമാരും ഖുറൈശി പ്രമുഖന്മാരും മാത്രമായിരുന്നില്ല ദാറുല്‍ അഖമിലെ വിദ്യാര്‍ഥികള്‍, മക്കയിലെ സാമൂഹിക ശ്രേണിയുടെ താഴ്ഭാഗത്തുള്ള അടിമകളും ദരിദ്രരും അവിടത്തെ വിദ്യാര്‍ഥികളായുണ്ട്. വിജ്ഞാനം പകര്‍ന്നു നല്‍കുന്നതിലൂടെ വ്യക്തി സംസ്‌കരണവും ക്രമേണ സമുന്നതമായ സാമൂഹിക സംസ്‌കരണവും ദാറുല്‍ അര്‍ഖം സൃഷ്ടിച്ചെടുത്തു. ആത്യന്തികമായി മനുഷ്യ സംസ്‌കരണമാണ് ദാറുല്‍ അര്‍ഖമിലെ വിദ്യാഭ്യാസം ലക്ഷ്യമാക്കിയത്. അങ്ങേയറ്റം പ്രതികൂലമായ സാഹചര്യത്തിലും വിശ്വാസികളുടെ മനസ്സില്‍ സത്യവിശ്വാസത്തിന്റെ അടിത്തറ പാകിയ മികച്ച പാഠശാലയാണ് ദാറുല്‍ അര്‍ഖം. ആ പാഠശാലയില്‍നിന്ന് ജ്ഞാനം കരസ്ഥമാക്കിയവരിലൂടെയാണ് മഹത്തായ ഒരു സാമൂഹിക വിപ്ലവം ഉരുവം കൊണ്ടത്. ദാറുല്‍ അര്‍ഖമിലേക്ക് ആരും ക്ഷണിക്കപ്പെട്ടിരുന്നില്ല, അവിടത്തെ മഹാനായ അധ്യാപകനെ അങ്ങോട്ട് അന്വേഷിച്ച് ചെല്ലുകയായിരുന്നു സത്യാന്വേഷികള്‍. വിദ്യ അഭ്യസിക്കുന്നതിന്റെ ലക്ഷ്യങ്ങള്‍ എന്തായിരിക്കണം എന്നത് ദാറുല്‍ അര്‍ഖം കാണിച്ചുതരുന്നു. അന്ധകാരങ്ങളില്‍നിന്നും അന്ധവിശ്വാസങ്ങളില്‍നിന്നും മനുഷ്യനെ വെളിച്ചത്തിലേക്ക് വഴി കാണിക്കണം. പരിമിത സാഹചര്യങ്ങളിലായാലും യഥാര്‍ഥ വിജ്ഞാനം പകര്‍ന്നുനല്‍കണം. കൂടുതല്‍ കൂടുതല്‍ അറിവ് നേടിയെടുക്കാനുള്ള ആഭിമുഖ്യം വിദ്യാര്‍ഥികളില്‍ സൃഷ്ടിക്കണം. വ്യക്തിയെയും പിന്നെ സമൂഹത്തെയും സംസ്‌കരിച്ചെടുക്കാനും സാധിക്കണം. വിജ്ഞാനത്തിലൂടെ മനുഷ്യന് തന്റെ സ്രഷ്ടാവിനെ മനസ്സിലാക്കാന്‍ കഴിയണം. ഇവയെല്ലാമായിരുന്നു ദാറുല്‍ അര്‍ഖം എന്ന പാഠശാലയുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍.
ശിശുവിനെ മാന്യനാക്കാനല്ല, മനുഷ്യനാക്കാനാണ് വിദ്യാഭ്യാസം എന്ന് ഹെര്‍ബര്‍ട്ട് സ്‌പെന്‍സര്‍ പറയുന്നുണ്ട്. എന്നാല്‍ വിദ്യാഭ്യാസം മാന്യതയുടെ ഉപകരണമായി മാറി എന്നതാണ് ഇന്നത്തെ വിരോധാഭാസം. ജോലി നേടാനും പണം സമ്പാദിക്കാനും അതിലൂടെ പ്രശസ്തി നേടാനുമാണ് ഇന്നത്തെ വിദ്യാഭ്യാസം. ഒരു മനുഷ്യന്റെ പതിനഞ്ച് വര്‍ഷത്തോളം നീണ്ട വിദ്യാഭ്യാസം അവന്റെ ശിഷ്ട ജീവിതത്തിനുവേണ്ടി സമ്പാദിക്കാന്‍ മാത്രമാണ് അവനെ പ്രാപ്തനാക്കുന്നതെങ്കില്‍ അത് യഥാര്‍ഥ വിദ്യാഭ്യാസമല്ല. വിദ്യാഭ്യാസം തൊഴില്‍ നേടാനുള്ള ഒരു ഉപാധി മാത്രമായി മാറുന്നത് ഒട്ടും ഗുണകരമാവില്ല. വിദ്യാഭ്യാസം മനുഷ്യന്റെ സമ്പൂര്‍ണ സംസ്‌കരണമാണ് ലക്ഷ്യം വെക്കേണ്ടത്. സമ്പൂര്‍ണത ആത്മീയതയുടെയും ഭൗതികതയുടെയും സമന്വയത്തിലാണ്. ഭൗതികവ്യവഹാരങ്ങളിലുള്ള വിജ്ഞാനം മനുഷ്യനെ സാമ്പത്തിക സുസ്ഥിതി കൈവരിക്കാന്‍ മാത്രമേ പ്രാപ്തനാക്കൂ. എന്നാല്‍ മനുഷ്യന്റെ മാനസികവും സാമൂഹികവുമായ ഉന്നമനവും വളര്‍ച്ചയും സാധ്യമാവുന്നത് അവന്‍ നേടുന്ന ആത്മീയ വിദ്യാഭ്യാസത്തിലൂടെയാണ്. മനുഷ്യന്റെ മാനുഷ ഭാവം നിലനിര്‍ത്തുന്നത് അവന്റെ ധാര്‍മികതയാണ്. ആത്മീയതയുടെയും ഭൗതികതയുടെയും സമന്വയമാണ് യഥാര്‍ഥ വിദ്യാഭ്യാസം. ഏതെങ്കിലുമൊന്നിന്റെ അഭാവം വിദ്യാഭ്യാസത്തെ നിരര്‍ഥകമാക്കും.
സാമ്പത്തികമായും വൈജ്ഞാനികമായും ബൗദ്ധികമായും എത്ര ഉന്നത നിലവാരം പ്രാപിച്ചവരും ധാര്‍മികതയുടെയും ശരിയായ മാര്‍ഗദര്‍ശനത്തിന്റെയും അഭാവത്തില്‍ ഗുരുതരമാംവിധം അധഃപതിച്ചുപോകുന്നത് നാം കാണാറുണ്ട്. സാഹിത്യ-സാംസ്‌കാരിക രംഗങ്ങളില്‍ പ്രശസ്തരായവരും, ശാസ്ത്ര-സാങ്കേതിക മേഖലയിലെ പ്രതിഭാധനരില്‍ പലരും ധാര്‍മിക വിദ്യാഭ്യാസത്തിന്റെ അഭാവം മൂലം അത്യാര്‍ത്തി, സ്വാര്‍ഥത, വിഷയാസക്തി, മദ്യാസക്തി, അധമത്വം, വിദ്വേഷം, കോപം തുടങ്ങിയ ദൂഷ്യങ്ങള്‍ക്ക് അടിപ്പെടുന്നത് നാം കാണുന്നു. സ്വന്തം അഭീഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിതത്തെ രൂപപ്പെടുത്തിയപ്പോള്‍, ധാര്‍മികതയെയും ആത്മീയതയെയും മാറ്റിനിര്‍ത്തിയതിന്റെ ഫലമായി അവരില്‍ അസാന്മാര്‍ഗികതയും കുത്തഴിഞ്ഞ ജീവിതരീതികളും പ്രകടമാണ്. ഇവിടെയാണ് വിദ്യാഭ്യാസത്തെ ആത്മീയതയുമായി ബന്ധിപ്പിക്കേണ്ടതിന്റെ അനിവാര്യത ബോധ്യമാവുക.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന അവിസെന്ന എന്ന ഇബ്‌നുസീന, ഇസ്ലാമിക വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍നിന്നു കൊണ്ടാണ് വൈദ്യശാസ്ത്രത്തെയും ഗോളശാസ്ത്രത്തെയും സമീപിച്ചത്. അതേസമയം അദ്ദേഹം ഇസ്ലാമിക പണ്ഡിതന്‍ കൂടിയാണ്. ഇബ്‌നുസീന തന്റെ ഗവേഷണ മുറിയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായി രണ്ട് റക്അത്ത് നമസ്‌കരിച്ചിരുന്നതായി അദ്ദേഹത്തിന്റെ ജീവചരിത്രങ്ങളില്‍ കാണാം.
മനസ്സിനെ വിദ്യ അഭ്യസിപ്പിക്കാത്ത വിദ്യാഭ്യാസം നിരര്‍ഥകമാണ് എന്ന് അരിസ്റ്റോട്ടില്‍ പറയുന്നുണ്ട്. മനുഷ്യന്റെ സമ്പൂര്‍ണതയെ സാക്ഷാത്കരിക്കുന്നതും പ്രത്യക്ഷപ്പെടുത്തുന്നതും അവന്റെ വിദ്യാഭ്യാസമാണ് എന്ന് സ്വാമി വിവേകാനന്ദനും പറയുന്നു.
''അവനോട് ചോദിക്കുക: 'അറിവുള്ളവരും അറിവില്ലാത്തവരും തുല്യരാവുക സാധ്യമാണോ?' ബുദ്ധിയുള്ളവര്‍ മാത്രമേ ഉദ്‌ബോധനം സ്വീകരിക്കൂ'' (അസ്സുമര്‍: 9).
Comments