Prabodhanm Weekly

Pages

Search

2019 ജൂണ്‍ 14

3105

1440 ശവ്വാല്‍ 10

മുസ്‌ലിം സ്ത്രീകളുടെ രക്ഷകരായി അവതരിക്കുന്നവര്‍

പി.പി നാജിയ

2002-ല്‍ എഴുതിയ തന്റെ ഗവേഷണപ്രബന്ധം വികസിപ്പിച്ച് ലൈലാ അബൂലുഗ്ദ് രചിച്ച ‘Do Muslim Women Need Saving?'  (മുസ്‌ലിം സ്ത്രീക്ക് രക്ഷകരെ ആവശ്യമുണ്ടോ?) ഈയിടെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയുണ്ടായി. മുസ്‌ലിം സമൂഹങ്ങളിലെ സ്ത്രീകള്‍ മതപരതയിലൂന്നിയ പുരുഷാധിപത്യ സംസ്‌കാരത്തില്‍നിന്ന് രക്ഷിക്കപ്പെടേണ്ടവരാണെന്ന പാശ്ചാത്യ വ്യവഹാരത്തെയാണ് പുസ്തകം അഭിമുഖീകരിക്കുന്നത്. കൊളോണിയലിസത്തിന്റെ പുതിയ മുഖമായി പടിഞ്ഞാറിന്റെ മാനവികതാവാദത്തെ അടയാളപ്പെടുത്തുന്ന കൃതി മുസ്‌ലിം സ്ത്രീകളെ ഇസ്‌ലാമിക നാടുകളില്‍നിന്ന് രക്ഷിക്കേണ്ടതുണ്ടെന്ന നിലവിളികള്‍ ശക്തിപ്പെടുന്ന പോസ്റ്റ് 9/11 സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. അറബ് ലോകത്തെ, വിശേഷിച്ചും ഈജിപ്തിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ സ്ത്രീകളെ കേന്ദ്രീകരിച്ചാണ് ലുഗ്ദിന്റെ പഠനം. നരവംശശാസ്ത്രജ്ഞയെന്ന നിലയില്‍ ലുഗ്ദ് അഭിമുഖീകരിച്ച പല സ്ത്രീകളുടെയും ആഖ്യാനങ്ങള്‍ സംസ്‌കാരങ്ങളെക്കുറിച്ച പ്രബലമായ സാമൂഹികശാസ്ത്ര-നരവംശസാസ്ത്ര സാമാന്യവല്‍ക്കരണങ്ങളെ അസ്ഥിരപ്പെടുത്തുന്നു. വ്യത്യസ്തങ്ങളായ ജീവിതാനുഭവങ്ങളുടെ സങ്കീര്‍ണതകള്‍ കണക്കിലെടുക്കാത്ത ഇത്തരം ആഖ്യാനങ്ങള്‍ പടച്ചുവിടുന്ന ലളിത സമവാക്യങ്ങളെ, സാമാന്യവത്കരണങ്ങളെ ഒക്കെ ലുഗ്ദ് നിശിതമായി വിമര്‍ശിക്കുന്നുണ്ട്.
അറബ് ലോകത്തെ തന്റെ അനുഭവങ്ങളിലെ മുസ്‌ലിം സ്ത്രീ ജീവിതങ്ങള്‍, അവരെക്കുറിച്ച് നിലനില്‍ക്കുന്ന പാശ്ചാത്യപ്രതിനിധാനങ്ങളില്‍നിന്ന് ഏറെ അകലെയാണെന്ന് ലുഗ്ദ് സമര്‍ഥിക്കുന്നു. മുസ്‌ലിം നാടുകളിലെ സ്ത്രീകളുടെ ജീവിതസാഹചര്യങ്ങളെ നിര്‍ണയിക്കുന്നതില്‍ മതത്തേക്കാള്‍ പങ്ക് അവിടങ്ങളിലെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക അരക്ഷിതാവസ്ഥകള്‍ക്കാണ്. എന്നിട്ടും മുസ്‌ലിം സ്ത്രീകളെക്കുറിച്ചുള്ള പാശ്ചാത്യ ആഖ്യാനങ്ങളിലൊക്കെയും ഇസ്‌ലാം പ്രതിസ്ഥാനത്തു വരുന്നത് കാണാം. ഇസ്‌ലാമാണോ നിങ്ങളുടെ പ്രയാസങ്ങള്‍ക്കു കാരണം എന്ന ചോദ്യത്തിന്, 'ഒരിക്കലുമല്ല, ഭരണകൂടമാണ് കാരണം' എന്ന് മറുപടി നല്‍കുന്ന ഉള്‍നാടന്‍ ഈജിപ്തുകാരിയായ സൈനബ്, ഇസ്‌ലാം സ്ത്രീകളെ അടിച്ചമര്‍ത്തുന്നുവെന്ന പാശ്ചാത്യധാരണയെക്കുറിച്ചാണ് തന്റെ പുസ്തകം എന്ന് ലുഗ്ദ് പറയുമ്പോള്‍ ആകെ ആശ്ചര്യപ്പെടുന്നുണ്ട്. തൊഴിലില്ലായ്മയും പട്ടിണിയും ഭരണകൂടത്തിന്റെ അനാസ്ഥയുമെല്ലാം താറുമാറാക്കിയ തങ്ങളുടെ ജീവിതത്തില്‍് ഇസ്‌ലാമിനെ പഴി പറയാനെന്തിരിക്കുന്നുവെന്ന മറുചോദ്യവും സൈനബ് ചോദിക്കുന്നു.
മുസ്‌ലിം സ്ത്രീകള്‍ക്കു വേണ്ടിയുള്ള  ആഗോള ധാര്‍മികയുദ്ധങ്ങള്‍ എങ്ങനെയാണ് സാര്‍വലൗകികമായി ആധികാരികത നേടിയെടുക്കുന്നതെന്ന് ലുഗ്ദ് വിശദമായി അന്വേഷിക്കുന്നുണ്ട്. പാശ്ചാത്യ കൃതികളില്‍ വിചിത്രമായ സാംസ്‌കാരിക ജീവിതം നയിക്കുന്ന മുസ്‌ലിം സ്ത്രീ പ്രതിനിധാനങ്ങളെ കാണാം. മുന്‍ നൂറ്റാണ്ടില്‍നിന്ന് വ്യത്യസ്തമായി, ഇസ്‌ലാമില്‍നിന്ന് രക്ഷപ്പെട്ട് പടിഞ്ഞാറ് അഭയം തേടിയവരുടെ ആത്മകഥനങ്ങളുടെ പുതിയൊരു ധാര പൗരസ്ത്യവാദ കൃതികളില്‍ രൂപം കൊണ്ടിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടില്‍ ഈയിനത്തില്‍പെട്ട ഓര്‍മക്കുറിപ്പുകള്‍ ലോകമെമ്പാടും ബെസ്റ്റ് സെല്ലറുകളായി വിപണി കീഴടക്കി. അയാന്‍ ഹിര്‍സി അലി, ഇര്‍ഷാദ് മാഞ്ചി തുടങ്ങിയവരുടെ ഇസ്‌ലാം നിരാസം ഊഷ്മളമായി സ്വാഗതം ചെയ്യപ്പെട്ടതോടൊപ്പം പടിഞ്ഞാറിന്റെ കരുത്തുറ്റ സ്ഥാപനങ്ങള്‍ ഇവര്‍ക്ക് ഔദ്യോഗിക ജീവിതത്തിന് ആലംബമാവുകയും ചെയ്യുന്നുണ്ട്. ഈ വ്യക്തിപരമായ ഓര്‍മക്കുറിപ്പുകളിലെ  ഹിംസയുടെയും പീഡനങ്ങളുടെയും ലൈംഗികവത്കരിച്ച വിവരണങ്ങള്‍ പക്ഷേ എഴുത്തുകാരിയുടെ മാത്രം അനുഭവമായല്ല വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നത്. ഒറ്റപ്പെട്ട സാഹചര്യങ്ങളില്‍ നടക്കുന്ന ഇത്തരം ക്രൂരതകളെ  സാംസ്‌കാരത്തിന്റെ പൊതുസവിശേഷതയായി അടയാളപ്പെടുത്തുന്ന ഈ പള്‍പ്പ് നോണ്‍ ഫിക്ഷന്‍ ധാരയുടെ പൊള്ളത്തരം ലുഗ്ദിന്റെ പുസ്തകം വിശദമായി ചര്‍ച്ച ചെയ്യുന്നു. ഇത്തരം അനുഭവക്കുറിപ്പുകള്‍ നിര്‍മിക്കപ്പെടുന്ന രാഷ്ട്രീയ സാഹചര്യങ്ങളും അവ ലോകക്രമത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും പുസ്തകം വിശകലനം ചെയ്യുന്നുണ്ട്. 
സമൂഹങ്ങളെ അളക്കാനുള്ള സാര്‍വലൗകിക മാനദണ്ഡം ലിബറല്‍ മൂല്യങ്ങളോടുള്ള പ്രതിപത്തി ആവുമ്പോള്‍, ലിബറലിതര സമൂഹങ്ങളും സംസ്‌കാരങ്ങളും അപരിഷ്‌കൃതമായിത്തീരുന്നു. അവക്ക് 'രക്ഷകരെ'യും ആവശ്യമായിവരുന്നു. മുസ്‌ലിം സ്ത്രീകളെ അവരുടെ സംസ്‌കാരത്തില്‍നിന്ന്, മതത്തില്‍നിന്ന് രക്ഷിച്ചെടുക്കണമെന്ന വാദങ്ങള്‍ മുസ്‌ലിം ലോകത്ത് സായുധ ഇടപെടല്‍ നടത്തുന്നതിനുള്ള ന്യായമായി മാറുന്നതും കാണാം. അന്താരാഷ്ട്ര മനുഷ്യാവകാശം, സ്ത്രീ സ്വാതന്ത്ര്യം തുടങ്ങിയ സംജ്ഞകളുമായി ബന്ധപ്പെടുത്തി പടിഞ്ഞാറ് അതിനെ സ്വയം ധാര്‍മിക അധീശസ്ഥാനത്ത് സ്ഥാപിക്കുന്നതിലൂടെ പൗരസ്ത്യ ദേശങ്ങളിലെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നതിനുള്ള ന്യായമാക്കി മാറ്റുമെന്നതിന് അഫ്ഗാനിസ്താന്‍, ഇറാഖ് തുടങ്ങി നിരവധി അധിനിവേശങ്ങള്‍ സാക്ഷ്യമാണ്. സ്ത്രീകളുടെ ഇഛകളും മാനവികതയെക്കുറിച്ച സങ്കല്‍പങ്ങളുമെല്ലാം തീര്‍ത്തും വ്യത്യസ്തങ്ങളായ ചരിത്ര-ഭൗമരാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ രൂപം കൊള്ളുന്നവയാണ് എന്നിരിക്കെ സ്വാതന്ത്ര്യം, തെരഞ്ഞെടുപ്പ് തുടങ്ങിയ സൂചകങ്ങളുപയോഗിച്ച് ജീവിതങ്ങളുടെ സങ്കീര്‍ണതകളെ അളക്കാനാവില്ല. സ്ത്രീകളെ ഒരു ഏകതാന ഗണമായി അവതരിപ്പിക്കുന്ന അക്കാദമികപ്രവണതകളെ വിമര്‍ശിക്കുന്ന ഫെമിനിസ്റ്റ് ധാരകളിലും അടിച്ചമര്‍ത്തപ്പെട്ട മുസ്‌ലിം സ്ത്രീയെക്കുറിച്ച  സാമാന്യവത്കരണങ്ങള്‍ സുലഭമാണ്. ദേശീയ-അന്തര്‍ദേശീയ രാഷ്ട്രീയ വ്യവസ്ഥകളുമായി ബന്ധപ്പെട്ടു കിടക്കുന്ന സ്ത്രീ ജീവിതങ്ങളെക്കുറിച്ച മുഖ്യധാരാ അക്കാദമിക വിശകലനങ്ങള്‍ സംസ്‌കാരം, പാരമ്പര്യം, ആചാരം, മതം എന്നിവയില്‍ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്നു. അഫ്ഗാനിസ്താനെക്കുറിച്ച ചര്‍ച്ചകളില്‍ ആ മേഖലയിലെ മര്‍ദക ഭരണകൂടങ്ങളുടെ ചരിത്രത്തെയും അവയില്‍ അമേരിക്കക്കുണ്ടായിരുന്ന സ്വാധീനത്തെയും കുറിച്ചുള്ള പരാമര്‍ശങ്ങളേക്കാള്‍ അവിടത്തെ മതവിശ്വാസത്തിനാണ് അടിയന്തര പ്രാധാന്യം ലഭിക്കുന്നത്. പലപ്പോഴും പാരമ്പര്യം എന്ന പേരില്‍ പ്രത്യക്ഷപ്പെടുന്നത് യുദ്ധത്തോടും വിവിധ രാഷ്ട്രീയ- സാമ്പത്തിക അനിശ്ചിതത്വങ്ങളോടുമുള്ള പ്രതികരണങ്ങളാണുതാനും. 
പുസ്തകത്തിന്റെ രണ്ടാം പകുതി മുസ്‌ലിം സമൂഹങ്ങളിലെ ദുരഭിമാനക്കൊല, സ്ത്രീ വിമോചനം എന്നിവയോട് പടിഞ്ഞാറ് കാണിക്കുന്ന അമിതാവേശത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ അനാവരണം ചെയ്യുന്നു. സ്വന്തം സമൂഹങ്ങളിലെ പുരുഷാധിപത്യവും അതുമായി ബന്ധപ്പെട്ട അതിക്രമങ്ങളും കണ്ടില്ലെന്നു നടിക്കുകയും അതിക്രമങ്ങളെ തങ്ങള്‍ക്കന്യമായ, വിദൂരമായ സംസ്‌കാരങ്ങളില്‍ സ്ഥാപിക്കുകയും ചെയ്യുന്നത് നരവംശശാസ്ത്ര പഠനത്തിന്റെയും സാഹിത്യസൃഷ്ടികളുടെയുമൊക്കെ സാധ്യതകള്‍ ഉപയോഗിച്ചാണ്. ഇതേ ഉപകരണങ്ങളെ പ്രയോജനപ്പെടുത്തിയാണ് മുസ്‌ലിം സ്ത്രീകള്‍ക്കു വേണ്ടിയുള്ള അവകാശപ്പോരാട്ടങ്ങളില്‍ തങ്ങളുടെ ധാര്‍മിക അധീശത്വം ഉറപ്പിക്കുന്ന പൊതു സാമാന്യബോധം പടിഞ്ഞാറ് രൂപപ്പെടുത്തുന്നതും. 
വ്യത്യസ്ത ജീവിതങ്ങളുടെ സങ്കീര്‍ണതകളും അതിശയിപ്പിക്കുന്ന സമ്പന്നതയും മനസ്സിലാക്കാന്‍, അവരുടെ ജീവിതത്തില്‍ ഇടപെടാതെ നിരീക്ഷകയുടെ സ്ഥാനത്ത് നിലകൊള്ളുകയായിരുന്നു താനെന്ന് ലുഗ്ദ് പറയുന്നുണ്ട്. അക്കാദമിക മണ്ഡലത്തിനു പുറത്തുള്ള സാധാരണക്കാരോട് സംവദിക്കാനുതകുന്ന ലളിതമായ ഭാഷയാണ് പുസ്തകത്തിന്റേത്. പത്രപ്രവര്‍ത്തകനായ ആര്‍.കെ ബിജുരാജ് മൊഴിമാറ്റം ചെയ്ത പുസ്തകം ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (4-6)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആര് ഭക്ഷിച്ചാലും കര്‍ഷകന് ഗുണമുണ്ട്
സാലിം അബ്ദുല്‍ മജീദ്‌